Homeചർച്ചാവിഷയം

ജെന്‍ഡര്‍ വിമര്‍ശത്തിന്‍റെ സൈബോര്‍ഗ് വഴികളും കലാചരിത്രവും

വാങ്കേച്ചി മുട്ടുവിന്‍റെ ഒരു കൃതി. ബ്രൂക്ലിനില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന കെനിയന്‍ വംശജയായ ഒരു അന്തര്‍ദേശീയ അംഗീകാരമുള്ള കലാകാരിയാണ് വാംഗേച്ചി മുതു. മനുഷ്യന്‍, മൃഗം, വസ്തു, യന്ത്രഭാഗങ്ങള്‍ എന്നിവയുടെ കൊളാഷ് ചെയ്ത സ്ത്രീ രൂപങ്ങള്‍ അവര്‍ സൃഷ്ടിക്കുന്നു. പാശ്ചാത്യ സംസ്കാരത്തിലെ സ്ത്രീ വ്യക്തിത്വത്തെക്കുറിച്ചുള്ള മുതുവിന്‍റെ സ്ത്രീ ശരീരത്തിന്‍റെ നിര്‍മ്മിതികള്‍ ഒരു ട്രാന്‍സ് കള്‍ച്ചറല്‍ വിമര്‍ശനം നല്‍കുന്നു.

ലിംഗവിവേചിത സമൂഹങ്ങള്‍ ഈ ലോകത്തെ ജീവിതാനുഭവങ്ങളില്‍ നൂറ്റാണ്ടുകളായി ഉണ്ടാക്കിവച്ച പിളര്‍പ്പുണ്ട്. അത് ആണെന്നും പെണ്ണെന്നുമുള്ളത് മാത്രമല്ല. പ്രകൃതിയെന്നും സംസ്ക്കാരമെന്നും, ഞാനെന്നും നീയെന്നും, മനുഷ്യനെന്നും യന്ത്രമെന്നും, സ്വകാര്യ ഇടമെന്നും പൊതുവിടമെന്നും, മനസ്സെന്നും ശരീരമെന്നും, ഇരുട്ടെന്നും വെളിച്ചമെന്നും, അകമെന്നും പുറമെന്നും തുടങ്ങി നമ്മുടെ ലോകബോധത്തെ നിയന്ത്രിക്കുകയും നിര്‍ണ്ണയിക്കുകയും ചെയ്യുന്ന പിളര്‍പ്പുകള്‍ അനവധിയാണ്. അതിനോടു പ്രതികരിച്ചുകൊണ്ടു മാത്രമല്ല, ഒരു ബദല്‍ ലോകബോധം തന്നെ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടുകൂടിയാണ് ലോകത്തെ പല സമൂഹങ്ങളില്‍ പല കാലത്തായി സ്ത്രീവാദസൗന്ദര്യശാസ്ത്രം എന്ന ഒരു സംവാദപരിസരം രൂപപ്പെട്ടിട്ടുള്ളത്. അടിസ്ഥാനപരമായി മനുഷ്യനെന്ന് പറഞ്ഞാല്‍ ‘ആണ്‍’ എന്നു തന്നെ മനസ്സിലാക്കപ്പെടുന്ന ഒരു (ഹ്യൂമനിസ്റ്റ്) ലോകത്ത് പെണ്ണായിരിക്കുക എന്നാല്‍ എന്താണ് എന്നാണ് സ്ത്രീവാദചിന്ത മുന്നോട്ടുവയ്ക്കുന്ന മര്‍മ്മപ്രധാനമായ പ്രശ്നം. അതുകൊണ്ടുതന്നെ ആണ്‍ മേധാവിത്തപരമായി ഉണ്ടായിവന്നിട്ടുള്ള മാനവികതാവാദത്തെയും അതിന്‍റെ ഭാഗമായ വലിയൊരു വൈജ്ഞാനികതയേയും സ്ത്രീവാദം പല കാലങ്ങളില്‍ വിമര്‍ശവിധേയമാക്കിയിട്ടുണ്ട്. അതിനാല്‍ സ്ത്രീവാദം അടിസ്ഥാനപരമായി ഒരു മാനവികതാവാദവിമര്‍ശത്തില്‍നിന്നും ഉരുവം കൊള്ളുന്നു, അല്ലെങ്കില്‍ അങ്ങനെയൊന്നിന് രൂപം കൊടുക്കുന്നു എന്നു പറയാം. ആണുങ്ങള്‍ ഉണ്ടാക്കിവച്ച ഈ ചരിത്രത്തില്‍ തങ്ങള്‍ അദൃശ്യരാണ്. അതിനാല്‍ ചരിത്രത്തെ അഴിച്ചു പണിയുക. അത് ഈ വിമര്‍ശമാനവികതയുടെ ഭാഗമാണ്. കാണപ്പെടാതെ പോയവരെ ഒക്കെയും ഉള്‍ക്കൊള്ളിച്ച്, അദൃശ്യമാകുന്നതിനെയൊക്കെ പുറത്തുകാണിച്ച്, നിരന്തരം പുതിയൊരു ചരിത്രം നിര്‍മ്മിക്കേണ്ടതിന്‍റെ ആവശ്യം ഏതു ഫെമിനിസ്റ്റ് വൈജ്ഞാനികമേഖലയിലും ഉണ്ട് എന്നത് ചരിത്രത്തെക്കുറിച്ച് സ്ത്രീവാദം ഈ ലോകത്ത് ഇന്ന് നിര്‍മ്മിച്ചുവച്ചിട്ടുള്ള ജാഗ്രതയാണ്. ഇത് മറ്റൊരു പുറത്ത് ആണധികാര വൈജ്ഞാനികതയെ ബാധിച്ചിട്ടുണ്ട്. തങ്ങള്‍ ഉണ്ടാക്കിവച്ച കേവലമായ (മാനവിക / പുരോഗമന / പൗരോഹിത്യ / ശാസ്ത്രീയ / ദേശീയവാദ) ആദര്‍ശങ്ങളുടെ മരണാനന്തര ശുശ്രൂഷകളില്‍ അഭിരമിച്ച് സ്വയം സംരക്ഷിക്കുകയും, കൂടുതല്‍ അന്തകശേഷിയുള്ള ഭരണകൂടങ്ങളും ഭീകരതകളും സൃഷ്ടിക്കുകയുമാണ് അത് ചെയ്യുന്നത്. അതുകൊണ്ടുതന്നെ, പെണ്‍-മനുഷ്യവംശം എന്ന നിലയില്‍ തങ്ങള്‍ സമരം ചെയ്ത് ഉണ്ടാക്കിവച്ചതും ഒട്ടൊക്കെ അഭിമാനിക്കുന്നതുമായ വിപുലപ്പെട്ട ഈ വ്യവസ്ഥയില്‍ത്തന്നെ, വലിയ പരിമിതികള്‍ ഉണ്ടെന്നത് കണ്ടെത്താന്‍ ഇന്നോളവും സ്ത്രീവാദജാഗ്രതകള്‍ തന്നെയാണ് ഏറ്റവും ഫലപ്രദമായി ഉള്ളത്. അത്തരത്തില്‍, പലതരം സ്ത്രീവാദ ധൈഷണിക മുഹൂര്‍ത്തങ്ങള്‍ ചൂണ്ടിക്കാട്ടാവുന്നതാണ്. അതില്‍ ഒന്നിനെക്കുറിച്ചാണ് ഈ കുറിപ്പ്. ജെന്‍ഡര്‍ വിമര്‍ശത്തിന്‍റെ ‘സൈബോര്‍ഗ്’ വഴികളും കലയുടെ ചരിത്രവും സ്ത്രീവാദപരമായി കൂട്ടുപിണയുന്ന ഒരു മുഹൂര്‍ത്തത്തെയാണ് ഇവിടെ സൂചിപ്പിക്കുന്നത്.

സാങ്കേതികവികാസത്തിന്‍റെ രേഖീയചരിത്രവും ഹ്യൂമനിസ്റ്റ് കലയും
മനുഷ്യന്‍റെ സാമൂഹ്യചരിത്രത്തില്‍ പണിയായുധങ്ങളുടെ വിവിധ പരിണാമഘട്ടങ്ങളുണ്ട്. കൂട്ടുലോഹങ്ങളുടെ വാര്‍പ്പ് വിദ്യകളും, കുഭാരവിദ്യയും, നെയ്ത്തും ചുമര്‍ചിത്രങ്ങളില്‍ ഉപയോഗിക്കാനുള്ള വര്‍ണ്ണങ്ങളുടെ കണ്ടുപിടുത്തവും കൊട്ടാരങ്ങളുടെയും യുദ്ധസ്മാരകങ്ങളുടെയും കവാടങ്ങളുടെയും മാത്രമല്ല, വീടുകളുടെയും വീട്ടുപകരണങ്ങളുടെയും ചന്തകളുടെയും രൂപകല്പ്പനകളും നിര്‍മ്മാണവും ശില്‍പ്പവിദ്യകളുമുണ്ട്. ജീവിതരൂപങ്ങളുമായി അത്രമേല്‍ ബന്ധിക്കപ്പെടുന്ന വിധത്തില്‍ സാമ്രാജ്യങ്ങളും നാട്ടുജീവിതങ്ങളും ഇവയിലെല്ലാം തങ്ങളുടെ ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. പക്ഷേ ഈ സാമൂഹിക ചരിത്രത്തില്‍നിന്നും വ്യത്യസ്തമായി, യൂറോപ്യന്‍ ചരിത്രത്തിലെ ഒരു സവിശേഷ ഘട്ടത്തില്‍ കല എറിയകൂറും ഒരു സാങ്കേതികനേട്ടത്തിന്‍റെ കാര്യമായി മാറി. അത് ശാസ്ത്രവും മുതലാളിത്തവും കൈകോര്‍ത്ത് രൂപപ്പെടുത്തിയ പാശ്ചാത്യ നവോത്ഥാനത്തിന്‍റെ കലാബോധത്തിലാണ് സംഭവിച്ചത്. അതിലാണ് സങ്കേതം ഒരു മത്സരാധിഷ്ഠിതമായ രേഖീയവികാസ ചരിത്രമുള്ള കാര്യമായിത്തീര്‍ന്നത്. അതിശീഘ്രം പുത്തന്‍ ആക്കപ്പെടുന്ന സാങ്കേതികവികാസം എന്നത് അതോടെ ഏത് കലയുടെയും ആധുനികതയേയും സമകാലികതയേയും മുഴുവനോടെ നിര്‍ണ്ണയിക്കുന്ന കാര്യമാക്കി. അത് ഭൂതകാലത്തെ അപ്രസക്തമാക്കുന്ന വര്‍ത്തമാന മുഹൂര്‍ത്തം എന്ന ആശയമാണ്. ഭൂമിയില്‍ മനുഷ്യജീവിതത്തിന്‍റെ അതിജീവനസാദ്ധ്യത കൂട്ടുകയും ജീവിതം പൊതുവില്‍ സൗകര്യപ്രദമാക്കുകയും ചെയ്യാനുള്ളതെല്ലാം ഈ മത്സരാധിഷ്ഠിതമായ കണ്ടുപിടുത്തങ്ങളിലുണ്ടായിരുന്നു. എന്നു മാത്രമല്ല, രാജവാഴ്ചയെയും മതഭരണകൂടങ്ങളെയും നിഷേധിച്ചുകൊണ്ട് സമത്വം സ്വാതന്ത്ര്യം സാഹോദര്യം തുടങ്ങിയ ആശയങ്ങള്‍ ഉരുവം കൊള്ളുന്നതും ഇതേ സാങ്കേതികവികാസത്തിന്‍റെ രേഖീയചരിത്രത്തില്‍ ആയിരുന്നു. ഇതെല്ലാം കൂടി സവിശേഷമായൊരു മാനവികതാവാദ പരിസരം സൃഷ്ടിച്ചു.

ഡോണ ഹാരാവേ

ഇന്ത്യയില്‍ ജീവിച്ചുകൊണ്ടു ഈ കലയെപ്പറ്റി സംസാരിക്കുമ്പോള്‍, അഞ്ഞൂറു വര്‍ഷത്തെ ഈ മത്സരാധിഷ്ഠിത രേഖീയവികാസത്തില്‍ പുലരുന്ന മാനവികതാവാദത്തിന്‍റെ ഉള്ളില്‍ വളര്‍ന്ന ‘ശാസ്ത്രം’ എന്ന ആശയത്തെ സ്വാംശീകരിക്കാന്‍ ഇപ്പോഴും നിരന്തരം കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ കൊളോണിയല്‍ ചരിത്രം എഴുന്നേറ്റു നില്‍ക്കും. പാശ്ചാത്യ മാനവികതാവാദത്തിന്‍റെ ഉള്ളില്‍ ‘കല അനുകരണമാണ്’. ചുറ്റുമുള്ള ലോകത്തിന്‍റെ കൃത്യം കണ്‍ കാഴ്ചപ്പകര്‍പ്പ് നിര്‍മ്മിക്കുക എന്നതാണ് അതിന്‍റെ സുപ്രധാന ലക്ഷ്യം. അതിനായി പതിമൂന്നാം നൂറ്റാണ്ട് മുതലുള്ള യൂറോപ്യന്‍ ചരിത്രം നമുക്ക് കാണിച്ചു തരുന്നത്, അവര്‍ മത്സരിച്ച് കണ്ടെത്തിക്കൊണ്ടിരുന്ന ‘ചിത്രീകരണ തന്ത്രങ്ങള്‍’ ആണ്. സാമൂഹിക ചരിത്രത്തില്‍നിന്നും വ്യത്യസ്തമായി സവിശേഷമായ സാങ്കേതികതയില്‍ അത്യന്തം ഊന്നിയ യൂറോപ്യന്‍ കലാചരിത്രത്തിന്‍റെ ഉരുവം കൊള്ളലും ഇക്കാലത്ത് തന്നെയാണ്. മുതലാളിത്തവും ശാസ്ത്രസാങ്കേതികതയുടെ വികാസവും ചേര്‍ന്ന് നിര്‍മ്മിച്ച ആ മാനവീകതാവാദിയായ കലാചരിത്രം അടിസ്ഥാനപരമായി പുരുഷാധിപത്യപരം ആയിരുന്നു. അത് പ്രകൃതിയെ സാമ്പത്തിക കൈമാറ്റവസ്തുവും രമണീയദൃശ്യവുമാക്കി മാറ്റി. ഗ്രേറ്റ് മാസ്റ്റേഴ്സിനെ രൂപപ്പെടുത്തിയ മഹത്തായ കണ്ടുപിടുത്തങ്ങളുടെ യൂറോപ്യന്‍ കലാചരിത്രത്തില്‍ സമീപകാലം വരെ സ്ത്രീകള്‍ രേഖപ്പെട്ടിട്ടില്ലായിരുന്നു. ഇതേ മുതലാളിത്തവും ശാസ്ത്രസാങ്കേതികതയുടെ വികാസവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന കലയുടെ വംശാവലികള്‍ തന്നെയാണ് ഇന്ന് ആര്‍ട്ട് ഗാലറികളും മ്യൂസിയങ്ങളും ഒക്കെ നിര്‍മ്മിക്കുന്ന കലയുടെ സമകാലിക ലോകം. പക്ഷേ ഈ കലാചരിത്രത്തില്‍ ഇനിയൊരു അദൃശ്യവല്‍ക്കരണം സാധ്യമല്ലാത്ത വിധം സ്ത്രീവാദപരമായ ചില തിരുത്തലുകള്‍ ഉയര്‍ത്തപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. മനുഷ്യവംശത്തിന്‍റെ നിര്‍മ്മാണങ്ങളുടെ സാമൂഹ്യചരിത്രത്തില്‍നിന്നും ഭിന്നമായി, സവിശേഷവും ഉദാത്തവുമായ വിദഗ്ധമേഖല എന്ന നിലയ്ക്ക് നിലക്കുന്ന പുരുഷാധിപത്യപരമായ കലാചരിത്രത്തെ 1960കള്‍ മുതലേ സ്ത്രീവാദ വിമര്‍ശങ്ങള്‍ തകര്‍ക്കുന്നുണ്ട്. മാത്രമല്ല, അവ കലാചരിത്രപരമായ ആര്‍ജ്ജിതധാരണകളെ സാമൂഹ്യചരിത്രത്തില്‍ നിന്ന് ഭിന്നമല്ലാതെ അതുമായി ഇഴചേര്‍ത്തു മുന്നോട്ടെടുക്കുന്നു. കലയും ശാസ്ത്രവും തമ്മിലുള്ള ബന്ധത്തെ മറ്റൊരു രീതിയില്‍ കാണാന്‍ അത് സഹായിച്ചേക്കും.
ശാസ്ത്രസാങ്കേതികജ്ഞാനത്താല്‍ രൂപപ്പെട്ട കലാചരിത്രം, ഏറിയകൂറും സ്ത്രീകളെ അദൃശ്യമാക്കിയെന്ന് പറഞ്ഞല്ലോ. ആ സ്ത്രീവാദ വിമര്‍ശബോധത്താല്‍ നോക്കുമ്പോള്‍ വെളിപ്പെടുന്ന കലാചരിത്രത്തില്‍ സ്ത്രീകള്‍ക്ക് സാങ്കേതിക വിദ്യയുമായുള്ള ഇതുവരെയുള്ള ബന്ധമെന്താണ്? കയ്യെത്തിപ്പിടിക്കാന്‍ പറ്റാത്ത അറിവിന്‍റെ അദ്ഭുതലോകം? ഉടമസ്ഥാവകാശം / കര്‍ത്തൃത്വം ഇല്ലാത്ത അറിവ്? ഒരു ആണ്‍ലോകത്തിന്‍റെ പുരോഗമനങ്ങള്‍ക്ക് സാക്ഷി? അല്ലെങ്കില്‍ അതിന്‍റെ ഉപഭോഗി? ഇതെല്ലാം വലിയോരളവോളം കാണാം. പക്ഷേ സ്ത്രീപക്ഷ നോട്ടം ഊന്നല്‍ കൊടുക്കുന്നത് കലയുടെ ശാസ്ത്ര-സാങ്കേതിക ചരിത്രത്തില്‍ സ്ത്രീകളുടെ കര്‍ത്തൃത്വം എങ്ങനെയൊക്കെ അദൃശ്യമാണെന്നതിനല്ല. മറിച്ച് എങ്ങനെയൊക്കെ അവ രൂപപ്പെട്ടിരുന്നുവെന്നതിനാണ്. സമകാലിക ലോകത്ത് കലാചരിത്രം എത്തിനില്ക്കുന്ന ‘സൈബോര്‍ഗ്’ വഴികളില്‍, ഏറെക്കാലം അദൃശ്യമായിട്ടും, വിമര്‍ശധാരകളായിട്ടും തുടര്‍ന്നുകൊണ്ടിരുന്ന സ്ത്രീകളുടെ അവബോധവും സ്ത്രീവാദ സൗന്ദര്യശാസ്ത്രവും ഉണ്ട്. അത് യഥാര്‍ത്ഥത്തില്‍ എങ്ങനെ പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് നോക്കേണ്ടത്. സമൂലം മാറുന്ന ചിന്താജീവിതത്തിന്‍റെ ഭാഗമായി ഉണ്ടാകുന്നതാണ് സ്ത്രീവാദ വിമര്‍ശങ്ങള്‍.

1985 ലെ സൈബോര്‍ഗ് മാനിഫെസ്റ്റോ
പ്രകൃതി നിയമങ്ങളെയും മനുഷ്യന്‍റെ ഇതുവരെയുള്ള ഇടപാടുകളെയും അകവും പുറവുമെന്ന് വിഭജിക്കാതെ, സംവാദത്തിലാക്കാന്‍ കഴിയുമോ എന്നുള്ള ചോദ്യം ചിന്തയുടെ മറ്റൊരു ഉദ്ഭവത്തില്‍ നിന്നും, ഒരു സ്ത്രീപക്ഷക്കാഴ്ചയില്‍ നിന്നും, വരുന്നതാണ്. 1985ല്‍ സോഷ്യലിസ്റ്റ് റിവ്യൂവില്‍ ഡോണാ ഹാരവേ എഴുതിയ ‘സൈബോര്‍ഗ് മാനിഫെസ്റ്റോ’ ആ വഴിക്കുള്ള ആദ്യ ശ്രമങ്ങളില്‍ പ്രധാനമാണ്. പ്രകൃതിയേയും യന്ത്രങ്ങളെയും തനിക്ക് പ്രയോജനപ്പെടുന്ന ഉപകരണങ്ങളായിട്ടും വിഭവങ്ങളായിട്ടും രൂപാന്തരപ്പെടുത്തി കീഴ്പ്പെടുത്തുന്ന മനുഷ്യന്‍റെ രീതി ഇന്നും പ്രബലമാണ്. അതില്‍ മുന്‍കാലങ്ങളില്‍ രൂപപ്പെട്ട വൈരുധ്യാധിഷ്ഠിതമായ ഭാവനയുടെ ചരിത്രവും തുടരുന്നുണ്ട്. മനുഷ്യന്‍ പ്രകൃതി കൂടി ആണെന്ന ധാരണയേ കൂടാതെ, തന്‍റെ മഹിമ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു വ്യാജസ്ഥാനം നിര്‍മ്മിച്ചുകൊണ്ട് പ്രകൃതിയില്‍നിന്നും അകന്നുനിന്നു പുറത്തേക്ക് നോക്കിക്കാണുകയും നേര്‍പ്പകര്‍പ്പ് എടുക്കുകയും ചെയ്യുന്ന ഒരുതരം ഭാവാത്മകബന്ധം മനുഷ്യന്‍ (കൃത്യമായി പറഞ്ഞാല്‍ മനുഷ്യരിലെ പുരുഷാധിപത്യം) പ്രകൃതിയുമായി ഉണ്ടാക്കിയെടുത്തിരുന്നു. അവയില്‍ പലതും കലാസൃഷ്ടിപരം കൂടിയാണ്. പക്ഷേ സൈബോര്‍ഗ് എന്ന വാക്ക്, പ്രകൃതിയും മനുഷ്യനും യന്ത്രവും തമ്മിലുള്ള ബന്ധങ്ങളുടെ വളരെ കാലികമായ ഒരു പുനര്‍വിന്യാസത്തെ സൂചിപ്പിക്കുന്ന വാക്കാണ്. ഈ പുനര്‍വിന്യാസത്തില്‍ സ്ത്രീവാദം ഇന്ന് അതിശക്തമായ ഒരു അന്തര്‍ധാരയാണ്.
മനുഷ്യനെയും മൃഗത്തെയും യന്ത്രത്തെയും പരസ്പരം ഭിന്നമെന്നു വിവേചിക്കുന്നവിധത്തില്‍ നിലവിലിരിക്കുന്ന എല്ലാ മനുഷ്യകേന്ദ്രീത വിചാര പദ്ധതികളെയും അപ്രസക്തമാക്കുന്ന ഒന്നായിരുന്നു ഹാരാവേ അവതരിപ്പിച്ച സൈബോര്‍ഗ് മാനിഫെസ്റ്റോ). 1985 ല്‍ അതൊരു സ്വപ്നമായിരുന്നു. മനുഷ്യനും പ്രകൃതിയും യന്ത്രവും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ അപരിഹാര്യമായിരിക്കെ, അവ ഒരിക്കലും വൈരുദ്ധ്യങ്ങളുടെ സമഗ്രതയിലേക്ക് കടക്കയില്ല എന്നുറപ്പായ ഘട്ടത്തില്‍ ഒരു സ്ത്രീ ചിന്തക അവതരിപ്പിച്ച സ്വപ്നമാണ് സൈബോര്‍ഗ് മാനിഫെസ്റ്റോ. പൊരുത്തമില്ലാത്ത സംഗതികളെ കൂട്ടിപ്പിടിക്കുന്നതിലെ സമ്മര്‍ദ്ദം അതിലുണ്ടായിരുന്നു. അത് ആ സ്വപനത്തെ ഒരു വ്യാജോക്തിയായി അന്ന് അനുഭവപ്പെടുത്തുമെന്ന് ഹാരവേ തന്നെ ആ മാനിഫെസ്റ്റോയുടെ തുടക്കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. കാരണം അതിലെ സൈദ്ധാന്തികവും പ്രായോഗികവുമായ സമരം, പുരുഷാധിപത്യപരമായ ഹ്യൂമനിസ്റ്റ് വ്യാജസ്ഥാനങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതുപോലെയുള്ള ‘മേല്‍ക്കോയ്മയിലൂടെയുള്ള അതിജീവന’ത്തിന് എതിരാണ്. സമീകരണത്തിലൂടെയുള്ള സഹജീവനത്തിനും അത് എതിരാണ്. പിതൃമേധാവിത്തത്തിന്‍റെയും കൊളോണിയലിസത്തിന്‍റെയും ശാസ്ത്രവാദത്തിന്‍റെയും ഖേദരഹിതമായ രീതികള്‍ക്ക് എതിരാണത്. തന്‍റെ നിലപാട് ജൈവമാണെന്നോ നൈസര്‍ഗ്ഗികമാണെന്നോ ഉള്ള മനുഷ്യന്‍റെ ഏത് അവകാശവാദത്തെയും ‘സൈബോര്‍ഗ് മാനിഫെസ്റ്റോ’ തള്ളിക്കളഞ്ഞു. പ്രകൃതിയും മനുഷ്യനും യന്ത്രങ്ങളും എല്ലാംതന്നെ പരസ്പരം ആഘാതം സൃഷ്ടിച്ചുകൊണ്ട് കയറിക്കിടക്കുന്ന ബന്ധത്തിലായിരിക്കെ, ‘ജൈവം’ എങ്ങനെ സാധ്യമാകും !
ഇരുപതാം നൂറ്റാണ്ടൊടുവിലെ ശാസ്ത്രവും സാങ്കേതിക വിദ്യയും സോഷ്യലിസ്റ്റ് ഫെമിനിസവും ചേര്‍ന്ന ഒരു പുതിയ ചിന്താപദ്ധതിയായിരുന്നു അത്. പുരുഷാധിപത്യ സമൂഹങ്ങളുടെ മനുഷ്യകേന്ദ്രീതത്വത്തെ ഏറ്റവും ഫലപ്രദമായി ചോദ്യം ചെയ്യാന്‍ ശ്രമിച്ച ഒരു സ്ത്രീവാദപ്രവര്‍ത്തനത്തിന്‍റെ ഭാഗമായാണ് സൈബോര്‍ഗുകളെപ്പറ്റിയുള്ള ഭാവനകള്‍ ഉടലെടുത്തത് എന്നത് പ്രധാനമാണ്. ഹാരാവേയെപ്പോലെ റാഡിക്കല്‍ ആയ സോഷ്യലിസ്റ്റ് / മാര്‍ക്സിസ്റ്റ് ഫെമിനിസ്റ്റുകള്‍ അവരുടെ (അഥവാ, നമ്മുടെ) മനുഷ്യവംശപ്രധാനം മാത്രമായ സ്വന്തം വിജ്ഞാനശാസ്ത്രശാഖയെത്തന്നെ അട്ടിമറിച്ചുകൊണ്ടാണ് ഇതിന് മുതിരുന്നത്. സാധ്യമാകുന്ന സഹജീവനം എന്താണെന്ന് തിരിച്ചറിയാന്‍ സ്വന്തം വ്യവസ്ഥയെത്തന്നെ ആട്ടിമറിക്കണം. ഇത് ആദ്യപടിയാണ്. പാശ്ചാത്യ രാഷ്ട്രീയസമൂഹത്തിന്‍റെ എല്ലാ വിജ്ഞാന-ശാസ്ത്ര-വ്യവഹാരങ്ങളും ഒരു സഹജീവനത്തിന് സാദ്ധ്യത കണ്ടെത്തുന്ന കാര്യത്തില്‍ പരാജയമാണെന്നത് കാണാനിരിക്കുന്നതെയുള്ളൂ എന്ന് അന്ന് ഹാരാവേ എഴുതുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടൊടുവില്‍, ആധുനികവൈദ്യശാസ്ത്രം, ഉല്‍പ്പാദനരീതികള്‍, യുദ്ധങ്ങള്‍ എന്നുവേണ്ട ശാസത്രനോവല്‍ വരെ സൈബോര്‍ഗുകളുടെ ഒരു ലോകമാണ്. സാമൂഹികവും ശാരീരികവുമായ സൈബോര്‍ഗിയന്‍ യാഥാര്‍ത്ഥ്യങ്ങള്‍, കോഡുകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലോകത്തിന്‍റേതാണ്. യാഥാര്‍ത്ഥ്യങ്ങളെ ഭാവനാത്മകമായ സമ്പത്തുകളായി കണ്ട് ക്രോഡീകരിച്ചുകൊണ്ട് ലോകത്തിന് ഫലപ്രദമായ വിധം ജീവലോകവും മനുഷ്യനും യന്ത്രങ്ങളും തമ്മിലിണക്കുന്ന ചിലതരം കൊളുത്തുകളെ  തിരിച്ചറിയാനുള്ള പരിശ്രമമായിരുന്നു സൈബോര്‍ഗ് മാനിഫെസ്റ്റോ.

അന്ന് മുതല്‍ ഇന്നോളം പിന്നിട്ട മൂന്നു ദശകങ്ങളില്‍ സര്‍ഗ്ഗാത്മകതയുടെ സാമൂഹ്യചരിത്രത്തില്‍ സൈബോര്‍ഗിന്‍റെ വഴികള്‍ വളരെയേറെ ശക്തി പ്രാപിച്ചിട്ടുണ്ട്. ഹാരാവേ മുന്നോട്ടു വച്ചത് ഒരു ആദര്‍ശ മാതൃകയല്ല. ജീവലോകവും മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള കൊളുത്തുകള്‍ ഇന്ന് അതിന്‍റെ ലോകം നിര്‍ണ്ണയിക്കുന്നത് എപ്പോഴും ലോകത്തിന് ഫലപ്രദമായ വിധത്തില്‍ ആണെന്ന് പറയാനാകില്ല. ഭരണകൂടങ്ങളും വിപണിയും അവയുടെ സുരക്ഷക്കും നിലനില്‍പ്പിനും വേണ്ടിയാണ് കൂടുതലും സൈബോര്‍ഗ് വഴികള്‍ രൂപപ്പെടുത്തുന്നത്. സൈബോര്‍ഗിയന്‍ ആലോചനകള്‍ ഇന്ന് കലയിലും വ്യാപകമായി ഉയര്‍ത്തപ്പെടുന്നുണ്ട്, വരേണ്യമായ സാങ്കേതികതയുള്ള, വന്‍ മൂലധന മുതല്‍മുടക്കുള്ള ശാസ്ത്രപക്ഷത്തുനിന്നുള്ള ഒരു അന്വേഷണം എന്നോണം.
പക്ഷേ, സാമാന്യമായി പറഞ്ഞാല്‍, ഡിജിറ്റല്‍ കാലഘട്ടത്തിന്‍റെ ഉപകരണങ്ങള്‍ക്ക് നമുക്കിടയിലുള്ള സാംസ്ക്കാരികമായ വലിയ വ്യാപകത്വത്തിന്‍റെ ഭാഗവുമായി ഉണ്ടായിട്ടുള്ള ഒന്നാണ് സൈബോര്‍ഗിന്‍റെ ലോകം. പക്ഷേ ഈ ഡിജിറ്റല്‍ ലോകം ശക്തിപ്പെടും മുന്‍പേ തന്നെ നമുക്കിടയില്‍ സ്ത്രീവാദം ഒക്കെ ശക്തിപ്പെട്ടിട്ടുണ്ട് എന്നതാണ് പ്രധാനം. കേരളത്തിന്‍റെ സവിശേഷ സാക്ഷര-സാഹചര്യം തന്നെ നോക്കാം. സ്ത്രീ ശാക്തീകരണ പ്രസ്ഥാനങ്ങള്‍ ഭരണകൂട തലം മുതല്‍ താഴേത്തട്ടില്‍ വരെ വ്യാപകമായിരിക്കുന്നു. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്ഥമായി ഡിജിറ്റല്‍ ലോകത്തിന്‍റെ നിര്‍മ്മിതിയിലും അതിന്‍റെ വൈജ്ഞാനികതയിലും ലോകമൊട്ടാകെ വ്യാപകമായി സ്ത്രീകളുടെ ബൗദ്ധിക അദ്ധ്വാനം ഇടപെട്ടിട്ടുണ്ട്. പക്ഷേ ഡിജിറ്റല്‍ ലോകത്ത് സ്ത്രീകള്‍ കൂടുതല്‍ പങ്കാളികളാകുന്നത് വിവേചനരഹിതമായ ഒരു ലോകം ഇവിടെ ഉണ്ടായിക്കഴിഞ്ഞിട്ടുള്ളതുകൊണ്ടല്ല. ഈ സാങ്കേതികലോകമപ്പാടെ ഒരു ‘കെണി’യാണ് എന്ന് ഏതുനേരവും സ്ത്രീകളെ ഉദ്ബോധിപ്പിക്കുന്ന പൊതുബോധം അതിന്‍റെ വഴികള്‍ അതിശക്തമായി തുടരുന്നുമുണ്ട്. എന്നിട്ടും ഡിജിറ്റല്‍ ലോകത്തുനിന്നും പെണ്ണുങ്ങളെ മുന്‍പത്തെ പൊതു മണ്ഡലങ്ങളില്‍നിന്നെന്ന പോലെ പെട്ടെന്ന് അദൃശ്യമാക്കാനാകുന്നില്ല.

എന്താണ് ഇന്ന് ഡിജിറ്റല്‍ ഭാഷാലോകത്ത് സ്ത്രീകളുടെ വര്‍ദ്ധിതവും നിരന്തരവുമായ ഈ ഇടപാടിനു കാരണം? മനുഷ്യസമൂഹങ്ങള്‍ പരസ്പരം ചെലുത്തുന്ന സാമ്പ്രദായിക ക്രമങ്ങളുടെ നിയന്ത്രണം അസാധ്യമാക്കുന്ന ഒരു അസ്ഥിരത, ഒരര്‍ത്ഥത്തില്‍ ഡിജിറ്റല്‍ ലോകത്ത് ഉള്ളതുകൊണ്ടാകാം. ഡിജിറ്റല്‍ ഭാഷയുടെ അടിസ്ഥാനപരമായ ക്രമാതീതത്വമാണ് അത് സാധ്യമാക്കുന്നത്. മനുഷ്യന്‍ യന്ത്രത്തിലൂടെയും മറ്റു ജീവലോകത്തിലൂടെയും തന്‍റെ തന്നെ സാധ്യതകളില്‍ വീണ്ടും പുതിയ മട്ടുകളില്‍ ചെന്നു മുട്ടുന്നു. സൈബോര്‍ഗിന്‍റേത് ആ പ്രക്രിയയാണ്. ചരിത്രം മുന്നില്‍ വച്ച ഓരോരോ ഇരുട്ടടവുകളിലും സര്‍ഗ്ഗാത്മകരായ സ്ത്രീകള്‍ ഇങ്ങനെ നിരന്തരം പരസ്പരം അനുഭവങ്ങളുടെ ‘കൊളുത്തില്‍’പെടുന്ന അസ്ഥിരലോകത്തെ ഉള്ളാലെ ആഗ്രഹിച്ചിരുന്നു എന്നുവേണം കാണാന്‍. പുരുഷാധിപത്യ കേന്ദ്രീതമായ ആദര്‍ശസമൂഹസൃഷ്ടികളുടെ നിഷ്ഫലതയെ വെളിപ്പെടുത്തിക്കൊണ്ട് ഉണ്ടായിവന്ന ‘സൈബോര്‍ഗ് മാനിഫെസ്റ്റോ’ ഫലത്തില്‍ മനുഷ്യനും പ്രകൃതിയും യന്ത്രങ്ങളും തമ്മിലുള്ള അനിവാര്യവും അസ്ഥിരവുമായ ബന്ധങ്ങളുടെ കാലത്തെക്കുറിച്ചുകൂടിയുള്ള സൂചനയാണ് പകര്‍ന്നത്.

കവിത ബാലകൃഷ്ണൻ
കലാകാരിയും,  ഗവ.കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സിൽ കലാചരിത്ര വകുപ്പു മേധാവിയുമാണ്. ‘അങ്കവാലുള്ള പക്ഷി’ (Rainbow Books, 2004), ‘ഞാന്‍ ഹാജരുണ്ട്’ (DC,2007), ‘കവിതയുടെ കവിതകള്‍’ (താമര ബുക്സ്, 2017) എന്നീ കവിതാ സമാഹാരങ്ങള്‍.  2007ലെ മികച്ച പുസ്തകത്തിനുള്ള കേരള ലളിത കലാ അക്കാദമി അവാര്ഡ് നേടിയ  ‘കേരളത്തിലെ ചിത്രകലയുടെ വര്‍ത്തമാനം’ ( Rainbow Books, 2007) , 2021ലെ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള കേരള സാഹിതൃ അക്കാദമി ജി എൻ പിള്ള എൻഡോവ്മെന്റ് അവാർഡ് നേടിയ ‘വായനാമനുഷൃൻ്റെ കലാചരിത്രം എന്ന പുസ്തകവും’ കൂടാതെ ആധുനിക കേരളത്തിലെ ചിത്രകല (സ്റ്റേറ്റ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 2007), ഇന്ത്യന്‍ ചിത്രകാരന്‍ (എം.എഫ്.ഹുസ്സൈനെ കുറിച്ചുള്ള അക്കാദമിക് ലേഖനങ്ങളുടെ സമാഹാരം, മാതൃഭൂമി ബുക്സ്, 2013), ‘കലയുടെ നവലോകം’ (ഡി സി ബുക്സ്) എന്നീ കലാസംബന്ധമായ കൃതികളും കവിതയുടേതായിട്ടുണ്ട്.

COMMENTS

COMMENT WITH EMAIL: 0