Homeചർച്ചാവിഷയം

ല്ലാത്തിന്‍റെയും സാമാന്യ നാമങ്ങളോട് എനിക്ക് കലഹമായിരുന്നു, എല്ലായ്പ്പോഴും. ഇതളുകള്‍ക്കു കീഴില്‍ ചൈനാപ്പാത്രങ്ങളിലെ ചിത്രങ്ങളുള്ള പൂക്കളെ എന്തുവിളിച്ചാലെന്താണ്… ഞങ്ങളുടെ പിന്‍മുറ്റത്ത് താമസിക്കുന്ന ഇഷ്ടികച്ചുവപ്പുള്ള തവളയുടെ പേര് ഏതോ മരിച്ചുപോയ ശാസ്ത്രജ്ഞന്‍ എന്തിട്ടാലും എന്താണ്… ഏത് റോഡിന് ഏത് പ്രധാനമന്ത്രിയുടെ പേരായാലെന്താണ്?
എന്തുതരം അനുഭവമാണ് ഓരോന്നും ഉണ്ടാക്കുന്നത് എന്നതു മാത്രമാണ് എനിക്ക് പ്രധാനപ്പെട്ടതായി തോന്നിയത്. വെള്ള ലില്ലിപ്പൂക്കള്‍ തരുന്ന അനുഭൂതി, അതിനെതിരെ വിളറിയ നിശാശലഭങ്ങള്‍ തരുന്നത്, അതിനെതിരെ സന്ധ്യാസമയത്ത് മൂങ്ങകള്‍ തരുന്നത്… അങ്ങിനെയങ്ങിനെ…
പേരുകള്‍ നഷ്ടപ്പെടുമ്പോളില്ലാതാവുന്നത് എന്താണ്? എനിക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല. ശബ്ദങ്ങള്‍ ഞാനോര്‍ത്തുവയ്ക്കുന്നു, തൊടലിന്‍റെ വിശദാംശങ്ങള്‍ ഓര്‍ത്തു വയ്ക്കുന്നു. പിന്നെ, താളങ്ങള്‍… ശ്വാസങ്ങളുടെ ചൂട്, പ്രതീക്ഷകളുടെ ശ്രുതി, സംഭാഷണങ്ങളുടെ നൃത്തരൂപങ്ങള്‍…
പേരുകള്‍ മറന്നുപോകുമ്പോള്‍ ഓരോന്നും ലോകത്തു നിന്നു തന്നെ അപ്രത്യക്ഷമാകുമെന്ന് ഞാന്‍ വായിച്ചിട്ടുണ്ട്. എന്തുകൊണ്ടവരങ്ങനെ പറഞ്ഞു എന്ന് മനസിലാവുന്നു. പക്ഷേ, അത് നമ്മള്‍ക്ക് അമിത പ്രാധാന്യം കൊടുക്കുന്ന പോലെയല്ലേ… നമ്മളുടെ കാഴ്ചയിലൂടെ അപഭംഗം സംഭവിച്ച ഒരു വിശ്വത്തിന് മാത്രമേ നിലനില്‍പ്പുള്ളൂ എന്ന് കരുതുന്ന പോലെ?
പിന്നെ, പേരിടുന്നതുകൊണ്ട് എന്താണുദ്ദ്യേശിക്കുന്നത്? ആരാണ് പേരിടുന്നവര്‍, ഒരു വാക്കിന് ഒരു ആത്മാവ് സംഭാവന ചെയ്യാന്‍ ആര്‍ക്കാണധികാരം? ആ അധികാരം അവര്‍ക്കുണ്ടായതെങ്ങനെ? പിടിച്ചുവാങ്ങിയ ഒന്നാണോ അത്? ഓരോ വാക്കിനും അര്‍ദ്ധം ഉറപ്പിക്കാന്‍ എന്തൊക്കെയാണവര്‍ മായ്ചു കളഞ്ഞത്?


ഒരു നഗരത്തെ ഞാനും നിങ്ങളും ഒരേ പേരില്‍ ഓര്‍ക്കുന്നുണ്ടാവാം, എങ്കിലും നമ്മള്‍ക്കത് വ്യത്യസ്ഥമായ ലോകങ്ങളല്ലേ? ഒരേ കടപ്പുറം എന്‍റെയും നിങ്ങളുടെയും കാഴ്ചയില്‍ വേറെവേറെയല്ലേ? തന്നെ ഉപദ്രവിക്കുന്ന ഭര്‍ത്താവിന്‍റെ കൂടെ അവിടെത്തിച്ചേര്‍ന്ന ഒരു സ്ത്രീയ്ക്ക് അത് മറ്റൊന്നല്ലേ… ഒരു പോലീസുകാരന്? എന്‍റെ രാത്രിത്തെരുവുകള്‍ നിങ്ങളുടേതല്ലല്ലോ…ڔ
ചലനാത്മകമായ ഉണ്‍മകള്‍ക്ക് ഒരൊറ്റ പേരെന്നത് വിഡ്ഢിത്തമല്ലേ… ചതുപ്പില്‍ വെറുതേ നില്‍ക്കുന്ന ഒരു കൊറ്റി ഉളവാക്കുന്ന വികാരവും അത് സന്ധ്യാകാശത്തിനെതിരെ പറക്കുമ്പോളുണ്ടാക്കുന്നതും വ്യത്യസ്ഥമല്ലേ? ഈ രസതന്ത്രത്തെ ഒറ്റ വാക്കുകൊണ്ട് എങ്ങനെ പിടിക്കാനാകും?
പക്ഷേ, ചിലപ്പോളെനിക്ക് അവര്‍ പേരുകള്‍ കൊണ്ട് എന്താണുദ്ദ്യേശിക്കുന്നത് എന്ന് മനസിലാകാറുണ്ട്. തിരികെവരാന്‍ വിളിക്കാനായി ഒരു പേരില്ലെങ്കില്‍ അപ്രത്യക്ഷമാകാനെളുപ്പമാണ്.
*****
ക്യുവര്‍ പ്രൈഡില്‍ ഞങ്ങള്‍ നൃത്തം ചെയ്ത് ആനന്ദത്താല്‍ തളര്‍ന്ന് രണ്ടു നാള്‍ കഴിഞ്ഞാണ് റെയില്‍വെ ചരക്കുകെട്ടിടത്തിനടുത്ത് ഗൗരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞങ്ങള്‍ ക്യുവറുകള്‍ക്ക് രണ്ടും സുപരിചിതമാണ്… നൃത്തവും മരണവും. ആലുവയില്‍ ഒരു കെട്ടിടത്തൊഴിലാളിയായിരുന്നു ട്രാന്‍സ് സ്ത്രീയായ ഗൗരി. ഒരു ആസ്ബസ്ററ്റോസ് ഷീറ്റുകൊണ്ട് മൂടിയിട്ടതായിരുന്നു. കഴുത്തു ഞെരിക്കപ്പെട്ടിട്ടുണ്ടായിരുന്നു. തമിഴ്നാട്ടില്‍ ജനിച്ചവള്‍…
2014 ല്‍ ഒരു ട്രാന്‍സ് സ്ത്രീ പാര്‍ലമെന്‍റിലേക്ക് മല്‍സരിച്ച തമിഴ്നാട്. 2016 ല്‍ രാജ്യത്തെ ആദ്യത്തെ ട്രാന്‍സ് പോലീസ് ഓഫീസറെ നിയമിച്ച തമിഴ്നാട്. 2014 ല്‍ ആദ്യത്തെ ട്രാന്‍സ് വാര്‍ത്താ അവതാരകയെ ജോലിക്കെടുത്ത നാട്. 2014 ല്‍ ഏഷ്യയിലെ ആദ്യത്തെ ജെന്‍ഡര്‍ ക്യുവര്‍ പ്രൈഡ് നടന്ന നാട്. 2009 ല്‍ ഇന്ത്യയിലെ ആദ്യത്തെ പ്രൈഡ് നടന്ന നാട്. ഗൗരി ജനിച്ച നാട്.
ഞങ്ങള്‍ക്കവളെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. ഗൗരി ജനിച്ച കുടുംബത്തെക്കുറിച്ച് ആര്‍ക്കുമറിയുമായിരുന്നില്ല. ഒരാളുടെ കൈയ്യിലും അവളുടെ ഒരു ഫോട്ടോ പോലുമുണ്ടായിരുന്നില്ല.

ആകെ ഉണ്ടായിരുന്നത് ആ പേര് മാത്രം.ڔഅവളുടെ മരണാനന്തര ചടങ്ങുകള്‍ക്കുണ്ടായിരുന്നത് ചുരുക്കം ആളുകള്‍. ചുവപ്പും വെളുപ്പുമായി ഇത്തിരി പൂക്കള്‍… അവളെ പരിചയമുണ്ടായിരുന്ന, അല്ലെങ്കില്‍ കേട്ടറിഞ്ഞു വന്ന ക്യുവര്‍, ട്രാന്‍സ് ആളുകള്‍. ശരീരത്തെ ഏറ്റുവാങ്ങി അവര്‍ മുനിസിപ്പാലിറ്റി ശ്മശാനത്തിലേക്ക് പോയി. ഒരു ചുവന്ന സാരിയില്‍ അവളെ ചുറ്റി. വിട പറഞ്ഞു. മുനിസിപ്പാലിറ്റി ജീവനക്കാര്‍ അവളെ സിമന്‍റുകട്ടകളാല്‍ അതിരുവച്ച തണുത്ത മണ്‍ചതുരത്തിലേക്ക് ഇറക്കിവച്ചു. എന്‍റെ ഒരു സുഹൃത്തും അവിടെയുണ്ടായിരുന്നു… ആ പൂക്കളെപ്പോലെ അയാളുടെ ശബ്ദവും മുറിഞ്ഞും ചുളുങ്ങിയും…
ആകെ ഉണ്ടായിരുന്നത് ആ പേര് മാത്രം. എങ്ങിനെയാണ് ഒരു പേരിനെ വിലപിക്കുന്നത്?ڔ
ഒരാഴ്ചയ്ക്കുള്ളില്‍ പ്രതിയെ പിടിച്ചുവെന്ന് പോലീസ്. 21 വയസ്സുകാരനാണെന്ന്. അഭിലാഷ് കുമാര്‍ എന്നാണത്രെ പേര്. അയാള്‍ കള്ളു കുടിച്ചിട്ടുണ്ടായിരുന്നത്രെ. ഗൗരി അയാളെ ‘പ്രകോപിപ്പിച്ചു’ കാണണം എന്നാണവര്‍ പറഞ്ഞത്.ڔ
ശരിയാണ്, ഞങ്ങളുടെ ശരീരങ്ങള്‍, ഞങ്ങള്‍ ഉണ്ട് എന്നതു തന്നെ പ്രകോപനപരവും സദാചാര ലംഘനവുമല്ലേ…
കേസ് അവസാനിച്ചു എന്നായിരുന്നു വാര്‍ത്തയില്‍.ڔചിലപ്പോള്‍ ലോകത്തെ എല്ലാ വിഷാദവും ക്യുവറാണെന്നു തോന്നും. എന്തെന്നാല്‍ വിഷാദം, ക്യുവറെന്ന പോലെ, കളങ്ങളില്‍ ഒതുക്കാന്‍ പറ്റുന്ന ഒന്നല്ല.
വിഷാദത്തെ ഘട്ടങ്ങളായി തിരിക്കാം, ഒന്നില്‍ നിന്നൊന്നിലേക്ക് എളുപ്പത്തില്‍ കടക്കുന്നതിനെക്കുറിച്ച് പുസ്തകങ്ങള്‍ വായിക്കാം. എന്നാല്‍ വിഷാദത്തിന്‍റെ വായ്ക്കകത്തേക്ക് എത്തിനോക്കിയവര്‍ക്കറിയാം, രക്ഷപെടാന്‍ ഒറ്റ വഴിയേ ഉള്ളൂ… എടുത്തുചാടുക. ആ കിഴുക്കാന്‍തൂക്കില്‍ നിന്ന് മലക്കം മറിയുക… ശ്വാസം പിടിച്ച് ആ ജലത്തിന്‍റെ തൊലിയെ ഭേദിക്കുക…
ക്യുവറെന്നത് ജലത്തെപ്പോലെയുമാണ്, ഒഴിച്ചുവയ്ക്കപ്പെട്ട ശരീരത്തിന്‍റെ ആകൃതിയെടുക്കാന്‍ പാകത്തില്‍, അതിരില്ലാത്തത്.
***
ഒരിക്കല്‍, ഒരു സുഹൃത്തുമായി ഒരുപാടു കാലം വിട്ടു നില്‍ക്കേണ്ടി വരുമെന്ന് വന്നു. ഒരുമിച്ചിരുന്ന്, പരസ്പരം ഓര്‍മ്മയുള്ള കാര്യങ്ങളെക്കുറിച്ച് കത്തുകളെഴുതാന്‍ തീരുമാനിച്ചു. മാസങ്ങളോളം, വര്‍ഷങ്ങളോളം ഞങ്ങളെഴുതി… അതില്‍നിന്ന് ഒരു കാര്യം വ്യക്തമായി, ഓരോരുത്തരും പരസ്പരം ഓര്‍ത്തുവച്ചിരുന്ന കാര്യങ്ങള്‍ അവരവരെക്കുറിച്ച് മറന്ന കാര്യങ്ങളായിരുന്നു. ഞാന്‍ മറ്റൊരാളോടെങ്ങിനെയായിരുന്നു, അങ്ങിനെ പുനര്‍നിര്‍മിക്കപ്പെടുന്നത് കണ്ടു… പരിഭ്രമിപ്പിക്കുന്ന, അതിശയിപ്പിക്കുന്ന, ആസക്തി ഉള്ള ഒരനുഭവം. ഞങ്ങള്‍ വിശദാംശങ്ങളുടെ ഓര്‍മകള്‍ പങ്കുവച്ചു – അവന് സ്വന്തമാക്കാന്‍ ആഗ്രഹമുണ്ടായിരുന്ന ഒരു ഇളം നീല ഷോര്‍ട്സ് അവള്‍ക്കുണ്ടായിരുന്നു, അവന്‍റെ ലിപ്സ്റ്റിക് വായയുടെ അതിരുകള്‍ക്കപ്പുറത്തേക്ക് തുളുമ്പി നില്‍ക്കുമായിരുന്നു, കഴിഞ്ഞ രാത്രിയില്‍ സംഭവിച്ച അപകടം നിന്‍റെ കൈകളില്‍ വേദനയുടെ ചുവര്‍ചിത്രങ്ങള്‍ വരച്ചു തീര്‍ത്തിരുന്നു, ഇടതുവശത്ത്, മുകളിലെ അണപ്പല്ല് നിറച്ചത് അഴിഞ്ഞുവരുന്നുണ്ടായിരുന്നു, നിന്‍റെ ഇടതുകണ്ണ് വേദനയില്‍ ചൂളുമ്പോള്‍ അമര്‍ത്തിയടയ്ക്കുന്നുണ്ടായിരുന്നു. ഫോട്ടോയെക്കാള്‍ വ്യക്തമായ ചിത്രങ്ങളായിരുന്നു നമ്മള്‍ വരച്ചുകൊണ്ടിരുന്നത്.
*****
രാത്രികളില്‍ ഗൗരി എന്നെ ഉറക്കാതിരുത്തി, എനിക്കിഷ്ടമില്ലാതെയല്ല… എപ്പൊഴോ എവിടെ വച്ചോ കണ്ടിട്ടുണ്ടെന്ന് ഞാന്‍ വിഭാവനം ചെയ്തു. ഞാന്‍ കയറിപ്പോയിരുന്ന ഒരു തെരുവില്‍ അവളിറങ്ങി വന്നിട്ടുണ്ടാവാം. അസമയത്ത് വെട്ടിയ ഒരിടിമിന്നലിനെ ഞാന്‍ വെറുത്തപ്പോള്‍ അവളാഘോഷിച്ചിട്ടുണ്ടാവാം. ചിലപ്പോള്‍ ആ പ്രൈഡില്‍ നമ്മള്‍ രണ്ടുപേരും കൈകളും ശരീരവുമുരുമ്മി നൃത്തം ചെയ്തിട്ടുണ്ടാവാം. എന്‍റെ ഓര്‍മ്മകളുടെ ഒരു താളില്‍ അവളുടെ മുഖമുണ്ടാവാം, ഞാന്‍ തിരഞ്ഞാല്‍ കിട്ടുന്ന വിധം. എനിക്കത് കാണണം, ഞാന്‍ തിരഞ്ഞുകൊണ്ടേ ഇരിക്കുന്നു…
പിന്നെ ആര് അവളെ കൊലപ്പെടുത്തി, എങ്ങനെ, എന്തിന്, എപ്പോള്‍ തുടങ്ങിയ കാര്യങ്ങള്‍… ഇതൊന്നും ഒരിക്കലുമറിയാന്‍ നമ്മള്‍ക്ക് കഴിഞ്ഞില്ലെങ്കിലോ… അത്തരത്തിലെ ഒരഭാവത്തോട് എങ്ങിനെയാണൊരാള്‍ പൊരുത്തപ്പെടുക? ഓഗസ്റ്റ് 15 ന് എന്തുണ്ടായി എന്ന് അവളുടെ വീട്ടുകാര്‍ അറിയുന്നുണ്ടാകുമോ? ആരാണവളെ കൊലപ്പെടുത്തിയത് എന്ന് നമ്മള്‍ക്കറിയാമോ? അന്ന് രാത്രി അയാള്‍ തിരിച്ചുപോയി വാര്‍ത്ത ശ്രദ്ധിച്ചിട്ടുണ്ടാവുമോ? അവള്‍ക്കേറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ഏതായിരുന്നു? അയാള്‍ക്ക് അവളെ അറിയുമായിരുന്നോ? അവള്‍ കുഞ്ഞുന്നാളില്‍ പോയ സ്കൂളിന്‍റെ പേരെന്താണ്? ഒരു കുഞ്ഞായിരിക്കുമ്പോള്‍ അയാളെങ്ങനെയായിരുന്നു? ഒരു കുഞ്ഞായിരിക്കുമ്പോള്‍ അവളെങ്ങനെയായിരുന്നു? അവളുടെ ആദ്യത്തെ ഓര്‍മ്മയെന്തായിരുന്നു? അവള്‍ തന്നെയാണോ അവളുടെ പേര് തിരഞ്ഞെടുത്തത്?
അതെ, അങ്ങിനെയാണ് ഞാന്‍ വിശ്വസിക്കാനിഷ്ടപ്പെടുന്നത്. ഗൗരി എന്ന പേര് തിരഞ്ഞെടുത്തത് അവളാണ്; അത് അവളുടെ തീരുമാനം ആയിരുന്നു.

 

 

 

 

 

ചിത്തിര വിജയകുമാര്‍
വിവര്‍ത്തനം – ഗാര്‍ഗി

 

 

COMMENTS

COMMENT WITH EMAIL: 0