രാജ്യത്തിന്‍റെ പരമാധികാരത്തിന്‍റെ ഓര്‍മ്മപ്പെടുത്തലും ഉറപ്പിക്കലുമായി മറ്റൊരു റിപ്പബ്ലിക്ക് ദിനം കൂടി നാം ആചരിച്ചു. എന്നാല്‍ പതിവിനു വിപരീതമായി ഇത്തവണ ചില പൊളിച്ചുനീക്കലുകള്‍ നടന്നു. തമിഴ്നാടില്‍ നിന്നുള്ള ഫ്ളോട്ടുകള്‍ക്ക് അനുവാദം നിഷേധിക്കപ്പെട്ടു. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളില്‍ ഉറച്ചുനിന്ന വനിതകളായ റാണി വേലു നാച്ചിയാര്‍, കുയിലി എന്നിവരെയും സുബ്രഹ്മണ്യഭാരതി, തന്തൈപെരിയോര്‍ തുടങ്ങിയ മഹനീയ വ്യക്തിത്വങ്ങളെയും രാജ്യത്തിനായുള്ള സംസ്ഥാനത്തിന്‍റെ വിവിധ സംഭാവനകളെയും പ്രദര്‍ശിപ്പിക്കുന്നതിനാണ് അനുമതി ലഭിക്കാതെ പോയത്. ഗംഗാസമതല ഹിന്ദി പ്രദേശമാണ് ഇന്ത്യ എന്ന് ചുരുക്കി കേന്ദ്രീകരിക്കുന്ന യുക്തി ഇവിടെ പ്രകടമായി. ഗാന്ധിജിയുടെ ആത്മീയബലം നമ്മുടെ ഹൃദയങ്ങളിലേക്കും പകരുന്ന ‘എബൈഡ് വിത് മി’ എന്ന ഗാനം ബീറ്റിങ്ങ് റിട്രീറ്റ് ല്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ തന്നെ ഹിന്ദുമഹാസഭ സംഘടിപ്പിച്ച ഗോഡ്സേ സ്മൃതി ആചരണം കൂടി ഇതോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. അഖണ്ഡവും ഏകവുമായ രാഷ്ട്രസങ്കല്പങ്ങള്‍ ഏകശിലാ ഹിന്ദുത്വത്തിന്‍റെ രൂപത്തിലേക്ക് പുനര്‍നിര്‍മ്മിച്ചെടുക്കുന്ന ഈ ഉദ്യമങ്ങള്‍ രാജ്യത്തിന്‍റെ ജനാധിപത്യ സങ്കല്പനങ്ങള്‍ക്ക് തികഞ്ഞ വെല്ലുവിളിയാണ്.
ബുള്ളിബായ് ആപ് വഴി മുസ്ലീം സ്ത്രീകളുടെ ഫോട്ടോകളിലെ ശരീരഭാഗങ്ങള്‍ മോര്‍ഫ് ചെയ്ത് ലേലത്തില്‍ നിര്‍ത്തി അക്രമിക്കാനുള്ള ശ്രമങ്ങള്‍ നടന്നു. കുറ്റവാളികള്‍ അറസ്റ്റിലായി എന്നതില്‍ ആശ്വാസമുണ്ടെങ്കിലും ന്യൂനപക്ഷവേട്ടയുടെ പുതുരൂപങ്ങള്‍ ഇങ്ങനെ ഉയര്‍ന്നു വരുന്നതില്‍ ആശങ്കയുണ്ട്.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് എതിരെയുള്ള ലൈംഗിക ആരോപണ കേസ്സില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ച പ്രതിയെ നിരപരാധിയായി പ്രഖ്യാപിച്ച വിധി അത്യന്തം നിരാശാജനകമാണ്.പോലീസ് ഹാജരാക്കിയ 39 സാക്ഷികളുടെ മൊഴിയും നൂറുകണക്കിന് രേഖകളും പരിശോധിച്ചാണ് ‘നെല്ലും പതിരും കൂടിക്കുഴഞ്ഞ’ ഈ കേസ്സിലെ വിധി എഴുതിയത് എന്നാണ് കോടതി നിരീക്ഷിച്ചത്. ഫ്രാങ്കോ മുളക്കല്‍ എന്ന നീചനായ കുറ്റവാളിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞെങ്കിലും നീതിയുടെ പാതയില്‍ നടത്തുന്നതില്‍ ഈ നാട്ടിലെ നിയമവ്യവസ്ഥ പരാജയപ്പെട്ടു. അപ്പീലുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് നീതിക്കായി പൊരുതുന്ന ധീരരായ കന്യാസ്ത്രീകള്‍ക്ക് ശക്തമായ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു.
നടിയെ ആക്രമിച്ച കേസിന്‍റെ സംഭവവികാസങ്ങള്‍ ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്. പല വിധത്തില്‍ കേസ്സ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതകള്‍ ഇനിയും തള്ളിക്കളയാനാവുന്നില്ല. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിടാതെ സംസ്ഥാനസര്‍ക്കാറും ഒത്തുകളിക്കുകയാണോ? എത്ര ദീര്‍ഘ സമരാന്ധകാരം സഹിച്ചു വേണം സ്ത്രീനീതിയുടെ വെള്ളിരേഖകള്‍ കാണാന്‍ അവസരമുണ്ടാകാന്‍ എന്നതില്‍ അസ്വസ്ഥപ്പെടുന്നു. എന്നിരുന്നാലും സിനിമാരംഗം സ്ത്രീ സൗഹൃദപരമാക്കാന്‍ ഡബ്ല്യൂ.സി.സി. അംഗങ്ങള്‍ നടത്തുന്ന നിരന്തരസമരങ്ങള്‍ക്ക് പൂര്‍ണ്ണപിന്തുണയും അര്‍പ്പിക്കുന്നു.
ശരീരശാസ്ത്ര വിജ്ഞാനോല്‍പ്പാദനവും ആരോഗ്യപരിപാലനവും കാലങ്ങളായി പുരുഷകേന്ദ്രിതമായാണ് തുടര്‍ന്നു പോന്നിട്ടുള്ളത്. സ്ത്രീകളും പല ലിംഗലൈംഗികസ്വത്വ വ്യക്തികളും ഈ അധീശത്വ പ്രമാണങ്ങളാല്‍ ഒഴിച്ചു നിര്‍ത്തലുകള്‍ക്കും കീഴ്പ്പെടുത്തലുകള്‍ക്കും വിധേയമായിട്ടുണ്ട്. ചരിത്രത്തിലെ സ്ത്രീ സൗഖ്യദായിനികളെ വീണ്ടെടുക്കുന്നതും സ്ത്രീകളുടെ ആരോഗ്യവിജ്ഞാനങ്ങളെ അടയാളപ്പെടുത്തുന്നതും സ്ത്രീ/ട്രാന്‍സ് ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ആണധികാര പൊതുബോധങ്ങളെ മാറ്റിത്തീര്‍ക്കുന്നതും തികഞ്ഞ സ്ത്രീവാദദൗത്യങ്ങളാണ്. ഈ ലക്ഷ്യം നിര്‍വ്വഹിക്കപ്പെടും എന്ന പ്രതീക്ഷയേത്തോടെ മാളവിക ബിന്നി അതിഥിപത്രാധിപയായി ‘ചികിത്സ’ എന്ന വിഷയം കൈകാര്യം ചെയ്യുന്ന ഫെബ്രുവരി ലക്കം സംഘടിത വായനയ്ക്കായി സമര്‍പ്പിക്കട്ടെ.
Newer Post
നമ്മുടെ മക്കള്‍ സ്വാതന്ത്ര്യം ശ്വസിക്കട്ടെ
COMMENTS