മാനസിയുമായി മായ എസ്. നടത്തുന്ന അഭിമുഖസംഭാഷണം
സ്ത്രീകളുടെ ദുരവസ്ഥകളും അതിജീവനശ്രമങ്ങളും മലയാളത്തില്‍ ശക്തമായ ഭാഷയില്‍ എഴുതിയ ആദ്യകാല എഴുത്തുകാരികളില്‍ ഒരാളാണ് മാനസി. 1992 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച മഞ്ഞിലെ പക്ഷി എന്ന കഥാസമാഹാരം അടക്കം പല സാഹിത്യ കൃതികള്‍ രചിച്ചു . 2019 ല്‍ അവസാനമില്ലാത്ത യാത്രകള്‍ എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖന സമാഹാരത്തില്‍, ജീവിക്കുന്ന ഉദാഹരണങ്ങളായി ശക്തകളായ സ്ത്രീകളുടെ അതിജീവന പ്രവര്‍ത്തനങ്ങള്‍ മഹാരാഷ്ട്ര കേന്ദ്രമായുള്ള ഇന്ത്യന്‍ വ്യക്തിത്വങ്ങളിലൂടെ എടുത്തു കാണിക്കുന്നു. 1970 നു മുമ്പായിത്തന്നെ കഥയെഴുത്തിനു തുടക്കം കുറിച്ച മനസിയുമായുള്ള ഈ അഭിമുഖസംഭാഷണത്തിലൂടെ, കുടുംബത്തിലും സമൂഹത്തിലും സ്ത്രീകളുടെ ജീവിത പ്രതിബന്ധങ്ങള്‍ എങ്ങനെ എഴുത്തിലൂടെ ചിത്ത്രീകരിക്കുന്നു, എഴുത്തിലും ജീവിതത്തിലും സ്ത്രീയനുഭവിക്കുന്നതെന്ത്, തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.
മായ :- മാനസി എന്നത് ഒരു എഴുത്തുകാരിക്കുണ്ടാകാവുന്ന നല്ലൊരു പേരായി തോന്നിയിട്ടുണ്ട്… ഇത് തൂലിക നാമമായി തിരഞ്ഞെടുക്കാന്‍ ഇടയായതെങ്ങനെയാണ്?
മാനസി :- ഇത് ഞാന്‍ തിരഞ്ഞെടുത്ത ഒരു പേരല്ല വാസ്തവത്തില്‍. എന്റെ വീട്ടില്‍ എല്ലാവരും വിളിക്കുന്ന പേരാണ് മാനസി.
മായ :- പേരിനു യാതൊരു പ്രാധാന്യവുമില്ല എന്ന തത്വചിന്തകള്‍ തോന്നുമ്പോഴും പലപ്പോഴും പേര് ഇഷ്ട്ടപ്പെട്ടതാകുക, അത് തിരഞ്ഞെടുക്കാന്‍ കഴിയുക എന്നതൊക്കെ പ്രധാനമാണ് എന്നും തോന്നാറുണ്ട് ചിലപ്പോള്‍. എഴുത്തുകാരി എന്ന നിലക്ക് എപ്പോഴാണ് മാനസി എന്ന് പേര് മതി എന്ന് തോന്നിയത്?
മാനസി :- എഴുതുമ്പോള്‍ മാനസി എന്ന പേര് മതി എന്നത് അങ്ങനെ ബോധപൂര്‍വം ചെയ്ത ഒന്നായിരുന്നില്ല. എന്നെ ഞാന്‍ മാനസി എന്ന പേരില്ത്തന്നെയേ ആദ്യം മുതലേ കണ്ടിരുന്നുള്ളൂ. ചെറുപ്പം മുതലേ വീട്ടിലും നാട്ടിലും ഉള്ള വിളിപ്പേരാണത്. അങ്ങനെ, എഴുതുമ്പോള്‍ ഞാന്‍ മാനസി എന്ന പേരുവെച്ചു. സ്കൂളില്‍ ചേര്‍ത്ത പേര് രുക്മിണി എന്നായിരുന്നു. പിന്നെ എന്റെ പാസ്പോര്‍ട്ടിലൊക്കെ മാനസി എന്ന പേരാണ് കൊടുത്തത്. മഹാരാഷ്ട്രയില്‍ കല്യാണം കഴിഞ്ഞ സ്ത്രീകളുടെ പേര് ഭര്‍ത്താവിന്റെ വീട്ടുകാര്‍ മാറ്റുന്ന രീതിയുണ്ടായിരുന്നതിനാല്‍ എന്റെ പേര് അങ്ങനെ മാറിയതാണെന്നു കരുതിക്കാണും അവിടത്തെ ആളുകള്‍. ജനിച്ച വീടുമായി പിന്നെ യാതൊരു ബന്ധവുമില്ല എന്ന മട്ടുപോകണമല്ലോ സ്ത്രീകള്‍ കല്യാണം കഴിഞ്ഞാല്‍. അതുസൂചിപ്പിക്കുന്ന തരം പല ചടങ്ങുകളില്‍ ഒന്നാണ് അവിടെ സ്ത്രീയുടെ പേര് മാറ്റലും.
മായ :- വിവാഹശേഷം സ്ത്രീ അടിമുടി മാറി ഭര്‍ത്താവിനും ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കും മാത്രം സ്വന്തമായ ഒരു വസ്തു ആയി മാറുന്നത് ഇന്ത്യയിലെല്ലായിടത്തും ഉള്ളതാണെന്നതിനു ഇങ്ങനെ പല ഉദാഹരണങ്ങള്‍ ഉണ്ട് അല്ലെ… പല നാടുകളില്‍ പല രീതിയില്‍ പലതരം ചടങ്ങുകളില്‍ അത് സാധ്യമാക്കുന്നു എന്നത് മാത്രമേയുള്ളു വ്യത്യാസം എന്ന് തോന്നുന്നു. ഇങ്ങനെയുള്ള പാട്രിയാര്‍ക്കല്‍ സമൂഹത്തില്‍ എഴുതുക എന്നതൊക്കെ സ്ത്രീകള്‍ക്ക് പൊതുവെ അപ്രാപ്യമായ മേഖലകളാണല്ലോ. എന്നാണു കഥകള്‍ എഴുതാന്‍ തോന്നിത്തുടങ്ങിയത്, ആദ്യത്തെ കഥാസമാഹാരം ‘ഇടിവാളിന്റെ തേങ്ങല്‍’ അല്ലെ? ഭയങ്കരമായി മനസ്സുകളെ ഉലക്കുന്ന പേരായിത്തോന്നിയിട്ടുണ്ട് ഈ കഥയുടേത്. അത്രക്കും സ്ത്രീമനസ്സിന്റെ വേദനയുടെയും ആത്മസംഘര്‍ഷത്തിന്റെയും ചിത്രീകരണവും ബോധപൂര്‍വം ചെയ്തതാണോ. വാള് എന്ന വാക്കു പിന്നെ പല കഥകളിലും കാണുന്നുണ്ട്. മടവാള്, രാജകുമാരിയുടെ വാള് എന്നിങ്ങനെയൊക്കെ… സ്ത്രീകളുടെ മൂര്‍ച്ചയേറിയ മനസ്സിനെ ചിത്രീകരിക്കാന്‍ തോന്നിയതെങ്ങനെയാണ് എന്ന് പറയാമോ?
മാനസി :- ‘ഇടിവാളിന്റെ തേങ്ങല്‍’ ആദ്യത്തെ കഥാസമാഹാരമാണ്; ‘മുഖം മൂടി’ എന്നതാണ് ആദ്യമായി എഴുതിയ കഥ (1966 ല്‍ മലയാളരാജ്യം എന്ന മാസികയില്‍ വന്നത്). അതിലെ സ്ത്രീ ദാരിദ്ര്യത്തിന്റെ നടുവില്‍ വിഷമിക്കുന്ന കഥയാണത്. എങ്ങിനെയാണ് ആ കഥാതന്തു കിട്ടിയത് എന്നറിയില്ല. പക്ഷെ, പിന്നീടാണ് അനുഭവങ്ങളുടെകൂടി വെളിച്ചത്തില്‍ക്കൂടി സ്ത്രീയുടെ അസ്വാതന്ത്ര്യത്തിന്റെയും മറ്റു ദാമ്പത്യപ്രശ്നങ്ങളുടേയുമൊക്കെ കഥകള്‍ എഴുതുന്നത്. കോളേജില്‍ ചേര്‍ന്ന സമയത്തു തന്നെ എഴുതാന്‍ തുടങ്ങിയിരുന്നു.. ആദ്യ കഥ എഴുതിയപ്പോള്‍ത്തന്നെ അമ്മ പറഞ്ഞത്, ‘മേലാല്‍ കഥ എഴുതരുത്’ എന്നാണ്. എന്റെ വീട്ടില്‍ ധാരാളം പുസ്തകങ്ങളും വായനക്കുള്ള പ്രോത്സാഹനവും ഉണ്ടായിരുന്നു. വായനക്കായി വളരെ പ്രോത്സാഹിപ്പിച്ചിരുന്ന അമ്മ, അങ്ങനെ എഴുതരുത് എന്ന് പറഞ്ഞു വിലക്കിയത് വലിയ വിഷമം തോന്നിച്ചു. അത് വാശി കൂട്ടുകയും ചെയ്തു. എഴുതും എന്ന് അപ്പോഴേ തീരുമാനിച്ചു.
മായ :- അക്കാലത്തെ നിയന്ത്രണങ്ങള്‍ അത്ര കടുത്തതായിരുന്നു അല്ലെ. അതേ അവസ്ഥ തന്നെ പിന്നെയും ഞങ്ങളുടെയൊക്കെ കാലത്തും തുടര്‍ന്നുവന്നു എന്നാണു എനിക്ക് തോന്നുന്നത്. പിന്നെ ചില വീടുകളുടെയും വ്യക്തികളുടെയും വ്യത്യസ്തതകള്‍ കാരണം മാറ്റങ്ങള്‍ ചെറുതായി ഉണ്ടായിരിക്കാം പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അവസ്ഥയ്ക്ക് എന്ന് മാത്രമേ പറയാനാകൂ… എന്റെ വീട്ടിലൊക്കെ നോവലും കഥയുമൊന്നും വായിക്കരുത്, സ്വഭാവം ചീത്തയാകും എന്ന് വരെ നിയന്ത്രിച്ചിരുന്നു അച്ഛന്. അച്ഛനും അമ്മയും അത്യാവശ്യം വിദ്യാഭ്യാസമുള്ളവരും ഗവെര്മെണ്ടു ഉദ്യോഗത്തില്‍ ഉള്ളവരും ആയിരുന്നെങ്കിലും വീട്ടില്‍ മതപുസ്തകങ്ങളോ പത്രങ്ങളോ പഠനപുസ്തകങ്ങളോ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏറ്റവും പുതിയ തലമുറയില്‍ ഇത്തരം വിലക്കുകള്‍ കുറവാണ് എന്ന് തോന്നുന്നു. കുടുംബം പുലര്‍ത്താനുള്ള നല്ല സ്ത്രീയാകാന്‍ വേണ്ടിയാണല്ലോ ഈ നിയന്ത്രണങ്ങളെല്ലാം. വിവാഹം, കുടുംബം എന്നതിനെക്കുറിച്ചൊക്കെ എന്ത് തോന്നുന്നു, ഒരു സ്ത്രീ എന്ന നിലയ്ക്കും സ്ത്രീയായ എഴുത്തുകാരി എന്ന നിലയ്ക്കും?
മാനസി :- എനിക്ക് വിവാഹം കഴിക്കണമെന്നില്ലായിരുന്നു. അന്ന് മാധവിക്കുട്ടിയുടെയും മറ്റുമൊക്കെ കഥകള്‍ വായിച്ചു ദാമ്പത്യത്തിലെയും കുടുംബത്തിലേയുമൊക്കെ പ്രശ്നങ്ങളെക്കുറിച്ചു ചിന്തിച്ചിരുന്നു. പെണ്ണായതുകൊണ്ടു മാത്രം പല പ്രതിബന്ധങ്ങള്‍ ഞാനും നേരിട്ടു. ഒരു ഫ്യൂഡല്‍ തറവാടായതിനാല്‍ പതിനെട്ടു വയസ്സാകുമ്പോത്തന്നെ കല്യാണം കഴിക്കണമെന്നുള്ളതായിരുന്നു ചട്ടം. അതിനു മുന്‍പേ തന്നെ എഴുത്തു പാടില്ല എന്ന വിലക്ക് വന്നതിനാല്‍ സര്‍ഗാത്മകതയ്ക്കു വന്ന പ്രതിബന്ധം. അതിനു മുന്‍പേ തന്നെ പഠനത്തിനു വന്ന പ്രതിബന്ധം. അങ്ങനെ പല കാര്യത്തിലും വീട്ടുകാരെ എതിര്‍ക്കേണ്ടി വന്നു. ആത്മഹത്യചെയ്താലൊ എന്ന് വരെ തോന്നി. സ്കൂള്‍ കഴിഞ്ഞപ്പോള്‍ തിരുവില്വാമലയില്‍ അടുത്തൊന്നും കോളേജില്ലാത്തതിനാല്‍ പഠിക്കണ്ട എന്നായിരുന്നു അമ്മ പറഞ്ഞത്. ചെറിയമ്മ കൊല്ലത്തുള്ള അവരുടെ വീട്ടില്‍ കൊണ്ടുപോയി നിര്‍ത്താം എന്ന് പറഞ്ഞാണ് അവിടെ എസ് എന്‍ കോളേജില്‍ ചേര്‍ന്നത്. പിന്നീട് മെഡിക്കലിനും എഞ്ചിനീറിങ്ങിനും കിട്ടിയപ്പോള്‍ പെണ്ണായതുകൊണ്ടു ഡോക്റ്ററായാല്‍ ദാമ്പത്യത്തെ ബാധിക്കും എന്ന് പറഞ്ഞു. സമയബന്ധിതമല്ലാതെ ജോലി ചെയ്യേണ്ടി വരുമല്ലോ ഡോക്ടര്‍മാര്‍ക്ക്. അങ്ങനെയാണ് ത്രിശൂരില്‍ എഞ്ചിനീറിങ്ങിനു പോയത്. വിവാഹം കഴിക്കണമെന്നൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഭാര്യയായി ബോംബെയിലേക്ക് പോയപ്പോള്‍ ദാമ്പത്യത്തിലുള്ള പ്രശ്നങ്ങള്‍ കഥയ്ക്ക് പാത്രമായി. ഭാര്യ, വീട് വിട്ടു ജോലിക്കൊന്നും പോകണ്ട, വീട്ടിലെ പണികള്‍ ചെയ്യണം, സ്ത്രീകള്‍ ജോലി ചെയ്തു പണം സമ്പാദിക്കണ്ട, സ്ത്രീ ജോലിചെയ്തു സമ്പാദിക്കുന്നത് അവനവന്റെ കഴിവുകേടാണ് ന്നൊക്കെ ആണുങ്ങള് ചിന്തിച്ചിരുന്ന കാലമാണത് എന്ന് പറയാം. ഒരാളുടെ വരുമാനത്തില്‍ കുടുംബം കഴിയുന്നതിനാല്‍ ജോലിക്കാരിയെയൊന്നും വെച്ചിരുന്നില്ല. കുറേ വര്‍ഷങ്ങളോളം ഞാനങ്ങനെ വീട്ടമ്മ മാത്രമായി ജീവിച്ചു. എങ്കിലും ഇടക്കൊക്കെ കഥയെഴുതി. രാത്രി മാത്രമാണ് എഴുതാനുള്ള ശാന്തതയും സമയവും ഉണ്ടായിരുന്നത്. എഴുതാന്‍ തോന്നിയാല്‍പിന്നെ ഒന്നിനും എന്നെ തടയാന്‍ കഴിയില്ല. അതൊരു തോന്നലാണ്. അത് ഒരു പരകായപ്രവേശം പോലെയാണ്. ഞാനല്ലാത്ത മറ്റാരോ ആയിട്ട് എഴുതുന്ന പോലെ തോന്നും. അതിനാല്‍ ബോധപൂര്‍വം സ്ത്രീപ്രശ്നങ്ങള്‍ എഴുതണം എന്ന് കരുതി എഴുതിയതാണ് എന്ന് പറയാന്‍ വയ്യ. എന്റെ തന്നെ ജീവിതത്തിലെ ചവര്‍പ്പുകളും കഥാതന്തുക്കള്ക്കു കാരണമായി എന്ന് പറയാം. കൂടാതെ ബോംബയിലെ ജീവിതാനുഭവങ്ങളും.
മായ :- അതെ, കുറെ കഥകളില്‍ ബോംബയിലെ കഥാപാത്രങ്ങള്‍ വരുന്നതായികണ്ടപ്പോള് ചുറ്റുമുള്ള ജീവിതങ്ങളും മനുഷ്യരും മനസിയെ ബാധിക്കുന്നതായിരുന്നെന്നു മനസിലാക്കാം. അങ്ങിനെ നിരീക്ഷണങ്ങള്‍ നടത്താന്‍ അവസരം കിട്ടുമായിരുന്നുവോ വീട്ടമ്മയായി ജീവിക്കുമ്പോള്‍. ജോലിക്കല്ലെങ്കിലും മറ്റെന്തെങ്കിലും കാര്യങ്ങള്‍ക്കു പുറത്തു പോകാറുണ്ടായിരുന്നോ. ഭാഷയും അവിടത്തെ സംസ്ക്കാരവും ഒക്കെ വേഗം പഠിച്ചെടുത്തുവോ? കേരളത്തിലെ ഗ്രാമീണ തലത്തില്‍ നിന്ന് വളരെ ചെറുപ്പത്തില്‍ വിവാഹിതയായി ബോംബെയിലേക്ക് പോകുന്നത് അസ്വസ്ഥതയുളവാക്കിയോ. പഠനം തുടരാന്‍ ആലോചിച്ചിരുന്നുവോ?
മാനസി :- കല്യാണം കഴിഞ്ഞു നാലാം ദിവസംതന്നെ ബോംബെയിലേക്ക് പോയി. അന്ന് വളരെ നിരാശയിലുള്ള സമയം തന്നെയായിരുന്നു. പഠനം നിര്ത്താലാക്കിയതിനും കല്യാണം കഴിച്ചയച്ചതിനും ഒക്കെ കാരണം എഴുത്തായിരുന്നു. എഴുത്തു തുടരുകയാണെങ്കില്‍ ബാലാമണിയമ്മയെ പോലെ എഴുതണം, മാധവിക്കുട്ടിയെപ്പോലെ എഴുതരുത് എന്ന് അമ്മ പറഞ്ഞു. എഴുത്തു ദാമ്പത്യത്തിനു വിഘാതമാകും എന്നും. എഴുത്തു മാത്രമല്ല പഠനവും ദാമ്പത്യത്തിനു വിഘാതമാകാതെ മാത്രമേ പാടുള്ളൂ എന്നതായിരുന്നു അമ്മയുടെ നിലപാട്. ഡോക്ടറാകാന്‍ ആഗ്രഹിച്ച എനിക്ക് എന്ജിനീയറിങ്ങിനു പോകേണ്ടിവന്നതു അതുകൊണ്ടാണ്. ഡോക്ടറായാല്‍ രാത്രിയും ഏതു സമയത്തും ജോലി വേണ്ടിവരും, അത് ദാമ്പത്യത്തിനെ ബാധിക്കും എന്നാണ് പറഞ്ഞത്. പിന്നെ ഒരു ശാസ്ത്രജ്ഞയാകാന്‍ ആഗ്രഹിച്ചു എങ്കിലും അതും നടന്നില്ല. ബോംബേയില്‍ സാധാരണ കുടുംബജീവിതം നയിച്ചു കുട്ടികള്‍ വലുതാകും വരെ ജീവിച്ചു. കുട്ടികളുടെ കൂടെയാണ് മറാത്തി ഭാഷ പഠിച്ചതും. പിന്നീടും കുറെ കഴിഞ്ഞാണ്, കുട്ടികളൊക്കെ വലുതായിട്ടാണ്, ഒരു ജോലിക്കു പോകാനും സമൂഹവുമായി ഇടപഴകാന്‍ പുറത്തുപോകാനുമൊക്കെ സാധിച്ചത്.
മായ :- ‘മഞ്ഞിലെ പക്ഷി’ എന്ന കഥാസമാഹാരത്തിനു സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയതിനു ശേഷമാണ് അഡ്വെര്‍ടൈസിങ് കമ്പനിയില്‍ ജോലി കിട്ടിയത് എന്നൊക്കെ എഴുതിയത് കണ്ടിട്ടുണ്ട്. എങ്ങനെയായിരുന്നു പിന്നെ സാമൂഹ്യ സംഘടനകളില്‍ പ്രവര്‍ത്തിക്കാനും ഒക്കെ ഇടയായത്. ‘അവസാനമില്ലാത്ത യാത്രകള്‍’ എന്ന ലേഖനസമാഹാരം കഥയുടെ ഒഴുക്ക് പോലെയുള്ള ഭാഷയില്‍ തന്നെ, ജീവിതത്തില്‍ കഷ്ട്ടപ്പെട്ടു അതിജീവിച്ച സാമൂഹ്യമനഃസ്ഥിതിയുള്ള യഥാര്‍ത്ഥ വ്യക്തികളെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ടല്ലോ. അവരെയൊക്കെ നേരില്‍ ചെന്ന് കാണാനും അതൊക്കെ എഴുതാനിടയായതുമൊക്കെ എങ്ങനെയായിരുന്നു.
മാനസി :- അതെ. 1992 ലെ അവാര്‍ഡ് കിട്ടിയ ശേഷമാണ് ജോലിക്കുള്ള ആ ഓഫര്‍ വന്നത്. അതെനിക്ക് വലിയ ആശ്വാസമായി. അതൊരു ക്രിയേറ്റീവ് ജോലിയുമാണ്. ആ കമ്പനിയില്‍ അഡ്വെര്‍ടൈസിങ് വിഭാഗത്തില്‍ പതിനാലു വര്‍ഷം ജോലി നോക്കി. അപ്പോള്‍ നല്ല വരുമാനവുമുണ്ടായി. വരുമാനം നന്നായിത്തുടങ്ങിയപ്പോള് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമൊക്കെ ജോലിക്കു പോകുന്നതില്‍ വിരോധം മാറിവന്നു. ഒരു ജോലിയുടെയും, സ്വന്തം ശമ്പളത്തില്‍ ജീവിക്കുന്നതിന്റെയും മാന്യത ഞാന്‍ തിരിച്ചറിഞ്ഞനുഭവിച്ചു. അതിനു മുന്‍പേതന്നെ കുറച്ചൊക്കെ പുറത്തുപോകുകയും ബോംബയിലെ നാടക ഗ്രൂപ്പ്, ഫിലിം സൊസൈറ്റി, ആര്‍ട്ടിസ്റ്റുകളുടെ ഗ്രൂപ്പ് എന്നിവയിലൊക്കെ പലരെയും പരിചയപ്പെടുകയും ചെയ്തിരുന്നു. അതിനു കാരണം ഒരു ആര്‍ടിസ്റ്റ് ആയിരുന്ന എന്റെ ഏട്ടന് ഞങ്ങളുടെ വീട്ടില്‍ ബോംബെയില്‍ താമസിക്കാന്‍ തുടങ്ങിയതായിരുന്നു. അവിവാഹിതനായ ഏട്ടന് പന്ത്രണ്ടു വര്‍ഷത്തോളം വീട്ടില്‍ ഉണ്ടായിരുന്ന കാലം ഞാന്‍ വലിയ മാറ്റത്തിലൂടെ കടന്നു പോയി. ബോംബയിലെ സമൂഹവുമായി കൂടുതല്‍ ഇടപെടുവാന്‍ സാധിച്ചു. അക്കാലത്തൊക്കെയാണ് ചില സാമൂഹ്യ സംഘടനകളിലൊക്കെ പ്രവര്‍ത്തിക്കാനും തുടങ്ങിയത്. ചേരിയിലെ കുട്ടികള്‍ക്ക് പ്രത്യേക ക്ലാസുകള്‍, സഹായങ്ങള്‍ ഒക്കെ കൊടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നു. ‘ആശ ഫോര്‍ എഡ്യൂക്കേഷന്‍’ എന്ന സന്നദ്ധ സംഘടനയായിരുന്നു ചേരിയിലെ കുട്ടികളെ പഠിപ്പിക്കാന്‍ പോകുന്ന വര്‍ക്കിലേക്കു വിളിച്ചത്. ഇങ്ങനെ ചില പ്രവര്‍ത്തനങ്ങളുടെ ഇടയില്‍ത്തന്നെയാണ് ജീവിതത്തില്‍ അതിജീവിച്ചു വന്ന സിന്ധുതായി, രമബായ്, താരാബായ് പോലെയുള്ള ശക്തകളായ സ്ത്രീകളെയും ബാബ ആംതെ തുടങ്ങിയ സേവന സന്നദ്ധരായി ജീവിതം ഉഴിഞ്ഞു വെച്ച ചില പുരുഷന്മാരെയും കുറിച്ച് കൂടുതലറിയാനായി പോയതും എഴുതുവാന്‍ തോന്നിയതും.
മായ :- ജോലിയുള്ള സ്ത്രീകളെക്കാള്‍, ഒരുപക്ഷെ വീട്ടമ്മയായിരിക്കുമ്പോള് എഴുതുവാനൊക്കെ കൂടുതല്‍ സമയം കണ്ടെത്താം എന്ന് തോന്നിയിട്ടുണ്ടോ. മാധവിക്കുട്ടിയൊക്കെ അങ്ങനെ ദാമ്പത്യത്തില്‍ നിന്ന്കൊണ്ട്, എഴുതിയ ആളാണല്ലോ. പലപ്പോഴും ജോലിയും വീട്ടുജോലിയും കൂടി സ്ത്രീകള്‍ക്ക് ഇരട്ടി ജോലിയുണ്ടാകുന്ന അവസ്ഥയുണ്ടല്ലോ. ഇതിനെ എങ്ങനെ കാണുന്നു.
മാനസി :- ഒരിക്കലും വീട്ടമ്മ മാത്രമായതുകൊണ്ടു എഴുതാന്‍ കൂടുതല്‍ കഴിയണമെന്നില്ല. വീട്ടമ്മയെന്നത് ഒരു മുഴുവന്‍ സമയ സേവനമാണല്ലോ. കൂടാതെ സ്വന്തം കാലില്‍ നില്ക്കുന്നില്ല എന്നതിന്റെ സ്വാതന്ത്ര്യമില്ലായ്മയും. ഒരു പേപ്പറോ പേനയോ വാങ്ങണമെങ്കില്‍പ്പോലും ഭര്‍ത്താവിനോട് ചോദിക്കണ്ടേ.. സ്വന്തമായ വരുമാനമില്ലെങ്കില്‍ സ്വന്തമായ തീരുമാനവുമില്ലല്ലോ. എന്റെ വീട്ടുജോലികള്‍ക്കു ഒരു വിലയും എനിക്ക് വരുമാനവും ഇല്ലല്ലോ എന്ന വിഷമം ഉണ്ടായിരുന്നു… സമ്പാദിക്കുന്ന സ്ത്രീകളിലും സമൂഹം ചെലുത്തുന്ന നിയന്ത്രണങ്ങളും ഉണ്ടെന്നു പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഞാന്‍ ചിന്തിച്ചിരുന്നു.., ദാമ്പത്യത്തില്‍ പുരുഷന് അധികാരിയും സ്ത്രീ അയാളെ ഭയന്നു കഴിയുന്ന ആളുമാകുന്നു. പ്രശ്നങ്ങള്‍ ഉണ്ടാക്കേണ്ട എന്ന് കരുതി വീട്ടമ്മയുടേതെന്ന ജോലിയും കൃത്യമായി നിറവേറ്റിക്കൊണ്ടാണ് ഞാന്‍ ജോലിക്കു പുറത്തുപോകാന്‍ തുടങ്ങിയപ്പോഴും ജീവിച്ചിരുന്നത്. വഴക്കുകള്‍ ഒഴിവാക്കാനും സമാധാനം കിട്ടാനും ശ്രദ്ധിച്ചുകൊണ്ടാണ് സ്ത്രീകള്‍ കുടുംബ ജീവിതം നയിക്കേണ്ടി വരുന്നത്.
മായ :- ആത്മാംശം കലര്‍ന്ന ആ വിഷയങ്ങളൊക്കെ പല കഥകളിലും ഇതിവൃത്തമായി കൊണ്ട് വന്നിട്ടുമുണ്ടല്ലോ. അപ്പോള്‍ തീര്‍ച്ചയായും ഫെമിനിസ്റ് ചിന്ത തന്നെയായിരുന്നു ഉള്ളില്‍ അല്ലെ. ഫെമിനിസം എന്നൊന്നും പറയാതെ തന്നെ സ്ത്രീപക്ഷമെഴുതിയ മാനസിയുടെ കഥകള്‍ ഞങ്ങള്‍ക്കൊക്കെ ഊര്‍ജം പകര്‍ന്നിട്ടുണ്ട്. ഇങ്ങനെയൊക്കെത്തന്നേയാണ് മിക്ക ദാമ്പത്യങ്ങളും അന്നും ഇന്നും എന്ന് തോന്നുന്നു. സമൂഹത്തില്‍ കുറച്ചൊക്കെ മാറ്റങ്ങള്‍ വന്നുവെങ്കിലും വഴക്കുകള്‍ അല്ലെങ്കില്‍ അഭിപ്രായവ്യത്യാസങ്ങളോ ചേരായ്കകളോ ദാമ്പത്യത്തിന്റെ ഒഴിയാബാധയാകുമെന്നു കാണാം. ഇങ്ങനെയാകുമ്പോള്‍ ബന്ധം വേണ്ടെന്നു വയ്ക്കുക എന്ന പോംവഴി ചിന്തിച്ചിട്ടുണ്ടോ.
മാനസി :- ഇല്ല എന്ന് പറയാനാവില്ല. അക്കാലത്തൊന്നും അങ്ങനെയുള്ള പതിവില്ല. ഭര്‍ത്താവിനെ വേണ്ടെന്നു വെച്ച് സ്ത്രീ എവിടേക്കു പോകും എന്ന പ്രശ്നം അന്ന് ഉണ്ട്. സ്വന്തം വീട്ടില്‍ അംഗീകാരം കിട്ടില്ല. പിന്നെ ജോലിയോ വരുമാനമോ ഇല്ലാത്ത സ്ത്രീ എങ്ങനെ എവിടെ ജീവിക്കും. സ്വന്തം വീട്ടിലും നാട്ടിലും കടുത്ത അനുഭവമാകും ഭര്‍ത്താവിനെ വിട്ടു പോകുന്ന സ്ത്രീക്ക്. വറചട്ടിയില്‍ നിന്നും ചെന്ന് വീഴുക അടുപ്പിലേക്കാണെങ്കില് ഭേദം വറചട്ടിയില്‍ കിടക്കുകയാണല്ലോ എന്ന് തോന്നുന്ന അവസ്ഥ. ആത്മാംശം കലര്‍ന്ന കഥകളിലൂടെ, സ്ത്രീകളുടെ അവസ്ഥ നമ്മുടെ സമൂഹത്തില്‍ എന്തുകൊണ്ടിങ്ങനെയാകുന്നു എന്ന ആശയം ഉന്നയിക്കാനായി ശ്രമിക്കുകയാണ് ഞാന്‍. ഈത്തരം അവസ്ഥകള്‍ എത്രമാത്രം സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുന്നു എന്ന് ചോദിക്കാനുള്ളതാണ് കഥയിലെ ഭൗതിക വിവരണം. ഇയ്യിടെയായി പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് വിവാഹമോചനത്തിന്റെ സാധ്യതകള്‍ ഉണ്ട് എന്ന് കാണുന്നു. സമൂഹം കുറേശ്ശേ അതിലൊക്കെ പുരോഗമിച്ചിരിക്കുന്നു. എങ്കിലും കുട്ടികള്‍ എന്ത് ചെയ്യും എന്നതും സ്വന്തം സാമ്പത്തികമില്ലാത്തതും സ്ത്രീകളെ വിവാഹമോചനത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നു.
മായ:- എഴുത്തിനെക്കുറിച്ചു ഭര്‍ത്താവും മക്കളും അഭിപ്രായപ്പെടാറുണ്ടോ? ബോംബയില്‍ ജീവിച്ചതിനാല്‍ കേരളത്തിലെ വായനക്കാരുടെ അഭിപ്രായങ്ങള്‍ അറിയാറുണ്ടോ. നാട്ടിലും ബോംബെയിലും വായനക്കാരെയൊക്കെ തിരിച്ചറിയാറുണ്ടോ. നാട്ടിലല്ല ജീവിതം എന്നത് സാഹിത്യരചനയുടെ പ്രതികരണങ്ങള്‍ സ്ത്രീകള്ക്കുണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ. ചിലപ്പോള്‍ നാട്ടില്‍ ജീവിച്ചു പോകേണ്ടുന്ന സ്ത്രീകള്‍ പലവിധ മോശം പ്രതികരണങ്ങള്‍ ഉണ്ടായേക്കുമെന്ന് വിചാരിച്ചു എഴുത്തിനു ചില നിയന്ത്രണങ്ങള്‍ ശ്രദ്ധിച്ച് ചെയ്യേണ്ടതായി വരുന്ന പോലെ തോന്നിയിട്ടുണ്ട്. പതിനഞ്ചു കൊല്ലം മുന്‍പ് ഞാന്‍ ആദ്യമായി നോവല്‍ എഴുതിയപ്പോള്‍, സ്ത്രീയുടെ പ്രണയ ബന്ധങ്ങളെക്കുറിച്ചും ലൈംഗിക ബന്ധങ്ങളെക്കുറിച്ചുമൊക്കെ ഇത്ര പറഞ്ഞാല്‍ മതി തല്ക്കാലം എന്ന് കരുതി ഒരിടത്തു നിര്‍ത്തുകയാണ് ചെയ്തത്. എന്നെപ്പോലെ വ്യവസ്ഥാപിത കുടുംബജീവിതം ജീവിക്കാത്ത സ്ത്രീക്കും, കുടുംബജീവിതം ജീവിക്കുന്ന സ്ത്രീയ്ക്കും, എഴുതുമ്പോള്‍ ഇത്തരം ആകാംക്ഷകള്‍ വ്യത്യസ്തമെങ്കിലും ഉണ്ടാകുമെന്നു തോന്നുന്നു… വായിക്കുന്നവര്‍ എഴുത്തുകാരിയോട് എങ്ങനെ ഇടപെടും, പ്രതികരിക്കുമെന്നൊക്കെ നോക്കേണ്ടതുണ്ടായിരുന്നുവോ..
മാനസി :- ഭര്‍ത്താവു ഞാന്‍ എഴുതിയതൊന്നും വായിക്കാറില്ല. മക്കള്‍ക്കും അത്ര ഗ്രാഹ്യമില്ല സാഹിത്യത്തെക്കുറിച്ച്. മലയാളം ചിലപ്പോള്‍ വായിക്കുമെങ്കിലും എഴുതുവാനും അഭിപ്രായപ്പെടാനും അവര്‍ക്കാവില്ല. മൂത്തമകന്, എഴുത്തുകാരി എന്ന നിലയ്ക്ക് എന്നെ കുറച്ചൊക്കെ മനസ്സിലാക്കുന്നുണ്ട് എന്ന് തോന്നിയിട്ടുണ്ട്. എനിക്ക് അക്കാദമി അവാര്‍ഡ് കിട്ടിയപ്പോള്‍ അത് സ്വീകരിക്കുവാന്‍ വരുമ്പോളാണ് ആദ്യമായി ഞാനൊരു സദസ്സിനെ അഭിമുഖീകരിക്കുന്നത്. അന്ന് എന്താണ് മറുപടിപ്രസംഗം ചെയ്യുക എന്ന് വലിയ ആശങ്കയുണ്ടായിരുന്നപ്പോള്, ഐ ഐ ടി യില്‍ പഠിക്കുകയായിരുന്ന മകന് ലൈബ്രറിയില്‍ നിന്ന് പല നോബല്‍ അവാര്‍ഡ് ജേതാക്കളുടെയും മറുപടിപ്രസംഗങ്ങളുടെ ഫോട്ടോകോപ്പികളെടുത്തു അയച്ചു തരുകയുണ്ടായി. പിന്നീട് ബോംബയില്‍ അപൂര്‍വം ചില പൊതു പ്രോഗ്രാമുകളിലൊക്കെ സംസാരിക്കാന്‍ പോകാറുണ്ട്. പല വായനക്കാരായ സുഹൃത്തുക്കള്‍ ഉണ്ട് ബോംബെയിലും. അവിടത്തെ മലയാളി സമാജവുമായൊന്നും അത്ര ഇടപെടാറില്ലെങ്കിലും ചില ഓണപ്പരിപാടിക്കൊക്കെ സംസാരിക്കാന്‍ വിളിച്ചിട്ടുണ്ട്. അതില്‍ത്തന്നെ അധികം സ്ത്രീകള്‍ വന്നു കാണാറില്ല എന്നതാണ് അദ്ഭുതം. അവര്‍ വരാത്തതു അവരുടെ കുഴപ്പമല്ല. സാമൂഹ്യ സാംസ്ക്കാരിക സാമ്പത്തിക സ്ഥിതി അതാണല്ലോ. വീട്ടമ്മമാര്‍ തന്നെയാണ് അവര്‍ കൂടുതലും. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും ലോകത്തൊക്കെയും പാട്രിയാര്‍ക്കിയുടെ വേര് എത്ര ആഴത്തില്‍ ഉണ്ട് എന്നതനുസരിച്ചു അത് വ്യത്യാസപ്പെടും എന്നെ ഉള്ളൂ. ഞാനൊരു മാട്രിയാര്‍ക്കല്‍ കുടുംബത്തില്‍ ജനിച്ചയാളായിട്ടും ഇതാണല്ലോ അവസ്ഥ. അപ്പോള്‍ ആശയപരമായ പ്രശനം അത്ര കഠിനമായിരുന്നു. എന്റെ ഭര്‍ത്താവ് പല അവസരത്തിലും പറഞ്ഞ കാര്യങ്ങള്‍ എനിക്ക് ഒരു ജോലി ചെയ്തു സമ്പാദ്യം ഉണ്ടാക്കിയെ പറ്റൂ എന്ന് തോന്നിച്ചു. അനുവാദം ഇല്ലെങ്കിലും ജോലി കണ്ടെത്തണം എന്ന് തോന്നി. അവസാനം ഞാന്‍ ജോലിക്കു പോകും എന്ന് പറഞ്ഞു പോകുക തന്നെയാണ് ചെയ്തത്. പോകട്ടെ എന്ന് ചോദിക്കുന്ന രീതി ഞാന്‍ മാറ്റി. എന്തിനൊക്കെയോ ഉള്ള പേടികള്‍ ഉണ്ടായിരുന്നു. അതൊക്കെ വളരെക്കഴിഞ്ഞാണ് മാറിത്തുടങ്ങിയത്. നാട്ടിലല്ല എന്നത് കൊണ്ട് ഗുണവും ദോഷവും ഉണ്ടാകാം. എഴുത്തില്‍ നിയന്ത്രണം സ്ത്രീക്ക് എപ്പോഴും എവിടെയും ബോധത്തില്‍ ഉള്ള ഒരു പ്രശ്നമാണ് എന്ന് തോന്നുന്നു… പക്ഷെ എനിക്ക് പലപ്പോഴും എഴുതാന്‍ തോന്നിയാല്‍പ്പിന്നെ നിയന്ത്രിക്കാന്‍ പറ്റാത്ത ഒരു പരകായ പ്രവേശം എന്നപോലെ എഴുതുകയാണ് എന്ന് പറഞ്ഞല്ലോ… അതുകൊണ്ടു തന്നെ, ഒന്ന് എഴുതിത്തരു എന്ന് പറയുമ്പോള്‍ എഴുതുവാന്‍ പറ്റിയ രീതിയല്ല എന്റേത്.
മായ:- എഴുത്തിന്റെ രീതിയേക്കുറിച്ചു കൂടുതല്‍ സംസാരിക്കണമെന്നുണ്ടായിരുന്നു.. എഴുത്തിന്റെ ധര്‍മം അഥവാ രീതി എന്നതിനെക്കുറിച്ച് എന്ത് കരുതുന്നു. എഴുത്തിനെക്കുറിച്ചു പല അഭിപ്രായങ്ങള്‍ എഴുത്തുകാര്‍ക്കിടയിലും നിരൂപകര്‍ക്കിടയിലും ഉണ്ടാകാറുണ്ട്. എഴുത്തില്‍ അതിന്റെ ഇതിവൃത്തത്തിനാണ് പ്രധാനം എന്നോ ഭാഷാപ്രയോഗത്തിന്റെ ഭംഗിയും ഘടനശൈലികളും ആണ് പ്രധാനം എന്നോ, എന്താണ് അഭിപ്രായം? എഴുത്ത് ആളുകളെ ആസ്വദിപ്പിക്കാന്‍ മാത്രമല്ല അതിനു ചില സാമൂഹ്യധര്മങ്ങളും ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അത്തരത്തില്‍ത്തന്നെയാണ് ഞാന്‍ മധ്യവേനലവധിക്ക് എന്ന ആദ്യനോവല്‍ എഴുതിയത്. അതിനു ഈക്കാര്യത്തിലുള്ള വിമര്‍ശനങ്ങളും കിട്ടി. എനിക്ക് തോന്നാറുള്ളത് ഭാഷാശൈലിയും ഘടനഭംഗിയും എന്നതിലുപരി ഉള്ളടക്കത്തിനാണ് പ്രധാനം എന്നാണ്. സാഹിത്യത്തെ സാമൂഹ്യപ്രവര്‍ത്തനമായി കാണുന്നതുകൊണ്ടാകാം അങ്ങനെ തോന്നുന്നത്. സ്ത്രീപക്ഷ എഴുത്ത് എന്നതരത്തില്‍ ബോധപൂര്‍വം ചെയ്യുമ്പോള്‍ അങ്ങനെയാകും എന്ന് തോന്നുന്നു. എഴുതുന്നതു എന്തിനാണ് എന്നും അതിന്റെ സാമൂഹ്യധര്‍മവും ആലോചിച്ചിരുന്നുവോ?
മാനസി :- എഴുത്ത് എങ്ങനെ വരുന്നു അതിന്റെ പിന്നിലെ ചോദനയെന്ത് എന്ന് കൃത്യമായി പറയാന്‍ പറ്റില്ല… നേരത്തെ പറഞ്ഞ പോലെ എഴുതിത്തുടങ്ങുമ്പോള്‍ ഞാന്‍ മറ്റൊരാളാണ് എന്ന് തോന്നും. പക്ഷെ എന്റെ മനസ്സിലൂടെ കടന്നു പോകുന്ന കാര്യമാണ് എഴുതിത്തുടങ്ങുന്നത്. അതില്‍ സ്ത്രീകളുടെ പ്രശ്നങ്ങളും മറ്റു ദയനീയമായ മനുഷ്യാവസ്ഥകളും ജീവിതപ്രശ്നനങ്ങളും എഴുതുകവഴി തീര്‍ച്ചയായും മായ പറഞ്ഞ പോലെ ആ പ്രശ്നങ്ങളോടുള്ള പ്രതികരണമോ ആകാംക്ഷയോ ഒക്കെയാണ് എഴുതപ്പെടുന്നത്. ഇങ്ങനെയുള്ള പ്രശ്നങ്ങള്‍, അവസ്ഥകള്‍, പ്രതികരണങ്ങള്‍, ഒക്കെ കഥകളിലൂടെ പങ്കു വെക്കുകയാണല്ലോ ചെയ്യുന്നത്. ഭാഷാഭംഗിയും ഘടനയും പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. ഉള്ളടക്കം പ്രധാനമാണ് എന്നത് പോലെത്തന്നെ സാഹിത്യത്തില്‍ ഭാഷാസൗക്യമാര്യവും വേണം. ഞാന്‍ എഴുതുമ്പോള്‍ അത് ശ്രദ്ധിക്കാറുണ്ട്. പുതിയതും കൂടുതല്‍ ചേരുന്നതുമായ പദങ്ങളും വാചകങ്ങളും എഴുതുവാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. പല പ്രത്യേക ഭാഷപ്രയോഗങ്ങള്‍ ഞാനുപയോഗിക്കാറുണ്ട്. അതിനു ശ്രദ്ധ കൊടുക്കാറുണ്ട് എഴുത്തില്‍.
മായ :- കഥകളില്‍ കൂടുതലും സ്നേഹവും വെറുപ്പും കൂടിക്കലര്‍ന്ന മനസ്സുകളുള്ള സ്ത്രീകളാണല്ലോ ഉള്ളത്. കാമുകന്റെ കൂടെ ശയിക്കുകയും അതോടൊപ്പമയാളെ വെറുപ്പോ അമര്‍ഷമോ കൂടിയ മനസ്സാല്‍ നോക്കുകയും ചെയ്യന്നു. ഇടിവാളിന്റെ തേങ്ങല്‍ എന്നകഥയിലെ ശാരി, കറ തീരാത്ത പകയുടെയും, വെറുപ്പിന്റെയും ദേഷ്യത്തിന്റെയും കൂടെത്തന്നെ പുരുഷന് കീഴടങ്ങുന്നതിന്റെയും ചിത്രങ്ങള്‍ തരുന്നു. വിവാഹമെന്നത് ഒരു അനിവാര്യ മേഖലയാണ് എല്ലാ സ്ത്രീ കഥാപാത്രങ്ങള്ക്കുമെന്നു കാണുന്നു. അതേക്കുറിച്ച് എന്താണ് ഇപ്പോള്‍ തോന്നുന്നത്. വെറുപ്പ് അറപ്പു തുടങ്ങിയമനോനിലകള് കാണിക്കുന്ന കുറെ പദങ്ങള്‍- കറ, പൊറ്റ എന്നിങ്ങനെ കഥകളില്‍ ഉള്ളത് എന്തുകൊണ്ടാണ്. സ്നേഹത്തിനാല്‍ ചെയ്യുന്ന കാര്യങ്ങളുടെ പേരില്‍ പിന്നീട് മനസില്‍ വെറുപ്പുണ്ടാകാതിരിക്കുകയല്ലേവേണ്ടത്.
മാനസി :- വേണ്ടത് അങ്ങനെയാണെങ്കിലും മനുഷ്യ മനസ്സ് ഇങ്ങനെയാണ്.. അന്ന് അതൊക്കെ അതേപടി എഴുതുകയാണ്. മനസ്സിനെ മാറ്റിയെടുക്കുന്ന രീതിയെക്കുറിച്ചൊന്നും അന്ന് ചിന്തിച്ചിരുന്നില്ല. തീര്‍ച്ചയായും മനുഷ്യബന്ധങ്ങളെ അങ്ങനെ നോക്കിക്കാണാം. വിവാഹിതകളായ സ്ത്രീകളെക്കുറിച്ച്തന്നെയാണ് അന്ന് കൂടുതലും എഴുതുവാനുണ്ടായിരുന്നത്. ഭര്‍ത്താവ് എന്ന ബിംബത്തെക്കുറിച്ചുള്ള അവലോകനം ആണ് ആ കഥകളില്‍ കൂടുതലുമെന്നത് ശരിയാണ്. അന്നത്തെ കാലത്ത് വിവാഹം കുടുംബം എന്നതൊക്കെ ഒഴിവാക്കാനാവാത്ത യാഥാര്‍ഥ്യങ്ങളായിരുന്നു. എനിക്ക് കല്യാണം കഴിക്കണമെന്നില്ലായിരുന്നു എങ്കിലും പതിനെട്ടു വയസ്സില്‍ത്തന്നെ അതിനു വിധേയമാകേണ്ടി വന്നു. നല്ലപോലെ പഠിക്കുന്ന ആളായിരുന്നിട്ടും ആ സാഹചര്യവശാല്‍ പഠനവും മുഴുമിപ്പിച്ചില്ല. ഇക്കാര്യത്തില്‍ എനിക്ക് വ്യക്തിപരമായി അഭിപ്രായവ്യത്യാസവും അസ്വസ്ഥതയുമുണ്ടായിരുന്നു. അതും എഴുത്തില്‍ പ്രതിഫലിച്ചിരിക്കും. എനിക്ക് കേള്‍ക്കേണ്ടിവന്ന നിയന്ത്രണങ്ങളുടെ ശബ്ദങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധതയുടെ അനുരണനങ്ങളായി തോന്നാറുണ്ട്.
മായ :- പെണ്ണെഴുത്ത് എന്നതിനെക്കുറിച്ച് എന്ത് പറയുന്നു? നമ്മുടെ പാട്രിയാര്‍ക്കല്‍ സമൂഹത്തില്‍ ഏതു മേഖലയും പോലെ എഴുതുകയും പ്രസിദ്ധീകരിക്കുകയുമൊക്കെ പുരുഷന്മാരുടെ കുത്തകയിലുള്ള മേഖലയായതിനാല്‍ പെണ്ണെഴുത്ത് എന്നൊക്കെയുള്ളതു വേണം എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. പലരും അങ്ങനെ ഒന്ന് വേണ്ടതില്ല എന്നും അഭിപ്രായപ്പെടുന്നുണ്ടല്ലോ. സ്ത്രീപക്ഷ സാഹിത്യം എന്നൊന്ന് ഉണ്ടാകുന്നത് ആവശ്യമാണ് എന്ന് തോന്നുന്നുണ്ടോ?
മാനസി :- ആ വാക്ക് കൊണ്ടുവന്നത് സച്ചിദാനന്ദന് സാറാജോസെഫിന്റെ ‘പാപത്തറ’യ്ക്കു എഴുതിയ ആമുഖത്തിലാണല്ലോ. അത്തരം വാക്കുകളും എഴുത്തുകളും ആവശ്യമാണ് എന്ന് തന്നെ തോന്നുന്നു. പക്ഷെ, സ്ത്രീകള്‍ എഴുതി എന്നത് കൊണ്ട് പെണ്ണെഴുത്താകുന്നില്ല. സ്ത്രീകളാകട്ടെ പുരുഷന്മാരാകട്ടെ സ്ത്രീപ്രശ്നങ്ങളെ എങ്ങനെ കാണുന്നു എന്നതിനനുസരിച്ചാകും പെണ്ണെഴുത്ത് എന്ന് വിളിക്കാന്‍ പറ്റുക.

മായ എസ്.
അദ്ധ്യാപിക, ഫിലോസഫി വിഭാഗം,
ശ്രീ കേരള വര്‍മ്മ കോളേജ്, തൃശ്ശൂര്‍
COMMENTS