Homeകവിത

എന്‍റെ രണ്ടു വയസ്സുകാരിയോട്…

നന്ദ എന്‍.ആര്‍.

 

 

 

 

 

 

 

 

ലേരിയാ ….
എന്‍റെ ശരീരത്തില്‍ നിന്നും
വിട്ടുപോകാത്തവണ്ണം
നീയെന്നോട് ഒട്ടിയിരിക്കുക.
നിന്‍റെ പിതാവിന്‍റെ
മുഷിഞ്ഞ ഓട്ടത്തുണിയിലൂടെ
ഊര്‍ന്നുപോകാമെങ്കിലും
കുഞ്ഞേ,
എന്‍റെ നെഞ്ചിനോട് ചേര്‍ന്നിരിക്കുക.
റയോ ഗ്രാന്‍റയിലൂടെ നിന്നെ ഞാന്‍
ആന കളിപ്പിക്കുകയാണ്.

നിന്‍റെ ഇളംശരീരത്തെയും
വെറുതെ വിടാത്ത
നശിച്ച ജന്തുക്കളെ പിന്നിലാക്കി
ഈ നദി നിന്നെ
മുന്നിലേക്കു കുതിപ്പിക്കുന്നത്
നീ കാണുന്നുണ്ടോ?
അവറ്റകള്‍ക്കു നേരെ
നീ കൊഞ്ഞനം കുത്തുന്നത്
എന്നെ ഇക്കിളിപ്പെടുത്തുന്നുണ്ട്!
എനിക്കും സന്തോഷമുണ്ട് കുഞ്ഞേ.

എങ്കിലും,
തളര്‍ന്നു പോകുന്ന
അച്ഛന്‍റെ കൈകളെ നോക്കി
നീ ദൈവത്തോടു പ്രാര്‍ഥിക്കുക.
വേഗത്തില്‍ തുഴഞ്ഞെത്താനുള്ള
കാലുകള്‍ക്കായി
വേണമെങ്കില്‍
ഒന്നു കരഞ്ഞേക്കൂ.
അനുഗ്രഹമായി, ഒഴുകുന്ന
ഈ മഴക്കും
കൊഴുത്ത കാറ്റിനും
നന്ദി പറയൂ.

ഇരുട്ട്
നിന്‍റെ അമ്മയുടെ
മുലപ്പാലായി
കുഞ്ഞിവയറിലേക്ക്
അരിച്ചിറങ്ങിയോ!
കൊടുങ്കാറ്റിന്‍റെ ഉമ്മകള്‍
നിനക്കു കിട്ടിയെന്നാണോ!
പെരുമഴ നിനക്ക്
താരാട്ടുപാടുന്നുവെന്നോ!

എങ്കിലും വലേരിയാ,
അച്ഛന്‍റെ കഴുത്തിനു മുകളില്‍
നിന്‍റെ കുഞ്ഞിക്കൈകള്‍
വരിഞ്ഞുമുറുക്കുക.
അച്ഛന്‍റെ ബനിയന്‍റെ
‘അതിര്‍ത്തി ‘ ക്കുള്ളില്‍
നീ ഒതുങ്ങി നില്‍ക്കില്ലേ!
കണ്ണടച്ചിരിക്കൂ.
തുഴഞ്ഞെത്താന്‍ പോകുന്ന
നമുക്ക് വിലാസമുള്ള
ലോകത്തെ മാത്രം
സ്വപ്നം കാണുക.
ഞാന്‍ നിനക്ക് പണി തീരാത്ത
ഒരു മതിലിന്‍റെ
കഥ പറഞ്ഞു തരാം.
ഉണരുമ്പോള്‍ മകളേ
ആ മതിലിനു
മുകളില്‍ നിനക്ക്
പൂക്കള്‍ വിരിയിക്കാമോ?

 

 

 

 

 

നന്ദ എന്‍.ആര്‍.
എന്‍ .എസ്.എസ് കോളേജ്, ഒറ്റപ്പാലം

COMMENTS

COMMENT WITH EMAIL: 0