നിനക്കെഴുതിയ
ആദ്യത്തെ കത്തില്‍
അക്ഷരത്തെറ്റുകളുണ്ടായിരുന്നു
വേണമെങ്കിലത്
കണ്ടില്ലെന്ന് നടിക്കാം
എങ്കിലും അതിലെ
അലങ്കാര വാക്യങ്ങള്‍
എന്ത് ബോറായിരുന്നു..
ജീവനാണെന്നും
പ്രാണനാണെന്നും
ഒന്നു വീതം മൂന്നു നേരമെന്ന പോലെ
ആവര്‍ത്തിച്ച്
പറ്റിക്കുകയായിരുന്നില്ലേ ഞാന്‍..
ഇനിയെങ്കിലും സത്യം പറയട്ടെ
നീ എനിക്ക് ‘ജല’മാണ്
മധുരം കുറഞ്ഞെന്നോ
ഉപ്പ് കൂടിയെന്നോ
പരാതി പറയാന്‍
കഴിയാത്ത വിധം
എരിവിന്‍റെയും
ചവര്‍പ്പിന്‍റെയും
ഏറ്റക്കുറച്ചിലെകളെക്കുറിച്ച്
പരിഭവം
പറയാനാവാത്ത വിധം
കലര്‍പ്പുകളില്ലാത്ത
ജലമാണ്
നീ എനിക്ക്
എന്‍റെ ജലമേ
എന്ന് നീട്ടിവിളിക്കുമ്പോള്‍
പ്രണയത്തിന്‍റെതായ തീവ്രതയോ
ഉള്ളിലൊരു കുളിരോ
തോന്നിയില്ലെങ്കിലും
നോക്കു കുഞ്ഞേ…
പ്രാണനിലേക്ക്
നീ ഒഴിച്ച
ഒരു തുള്ളിയില്‍
നിന്നല്ലേ
ആയുസ്സിന്‍റെ പകുതിയിലേറെയും
നമ്മള്‍ ജീവിക്കാന്‍ പോവുന്നത്.
(ഗവ. ഗവേഷക മലയാളവിഭാഗം
ബ്രണ്ണന്‍ കോളേജ്,ധര്‍മടം)
COMMENTS