കൗമാരപ്രായത്തിലുള്ള ഏതൊരു സാധാരണ പെണ്‍കുട്ടിയെയും പോലെ എന്റെ ഇരുപതുകളിലും സിനിമയും നാടകവും എല്ലാം പഠിക്കണമെന്നും അഭിനയിക്കണമെന്നും ഉള്ള ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഈ ആഗ്രഹം അവതരിപ്പിക്കാനുള്ള സാഹചര്യം വീട്ടിലുണ്ടായിരുന്നില്ല. അതിനാല്‍ പഠനത്തില്‍ ശ്രദ്ധിക്കുകയും ഡിഗ്രി പൂര്‍ത്തിയാക്കുകയും ചെയ്തു. പിന്നീട് വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷം ഗള്‍ഫിലേക്ക് പോകുന്നു. അവിടെ നിന്നും തിരിച്ചെത്തിയതിനുശേഷമാണ് അഭിനയത്തിലേക്ക് കടക്കുന്നത്. ജീവിതത്തിന്റെ നിര്‍ണായകഘട്ടത്തിലാണ് സിനിമയില്‍ എത്തുന്നത്. അതിനു മുന്‍പ് തന്നെ സിനിമ ചെയ്യണമെന്നും സ്വന്തമായി തിരക്കഥ ചെയ്യണമെന്നും ആഗ്രഹം ഉണ്ടായിരുന്നു. ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയ സമയത്ത് രണ്ടുമൂന്നു സിനിമകളില്‍ സഹ സംവിധായകയായി ജോലി ചെയ്തിരുന്നു. നാല്പതുവയസ്സിനു മുകളില്‍ ഉണ്ടായിരുന്ന സമയത്താണ് ഞാന്‍ സഹസംവിധായകയായി ജോലി ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ആ ജോലി വളരെ ബുദ്ധിമുട്ടായിരുന്നു. കാരണം ആരോഗ്യത്തെ ബാധിക്കുന്നു. ഊണും ഉറക്കവുമില്ലാതെ നിരന്തരം ഓടിക്കൊണ്ടിരിക്കണം. അതേസമയം വരുമാനം ഒട്ടും തന്നെ ഇല്ല. അങ്ങനെ ഇത് എനിക്ക് പറ്റിയതല്ല എന്ന് വിചാരിച്ചു കൊണ്ടാണ് അപ്പോള്‍ പിന്‍വാങ്ങിയത്.
2016 ലാണ് ഒരു സിനിമ സംഭവിക്കുന്നത്. തിയേറ്റര്‍ ആര്‍ട്ടിസ്റ്റും സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സുര്‍ജിത് ഗോപിനാഥന് സുഹൃത്ത് വഴിയാണ് അതിലേക്ക് എത്തുന്നത്. ചെമ്പന്‍ വിനോദ് ഒരു സിനിമ ചെയ്യുന്നുണ്ട്. അതില്‍ പുതുമുഖങ്ങളെയാണ് നോക്കുന്നത്. ഏകദേശം എന്റെ നിറവും ഭാവുമൊക്കെയുള്ള തൃശൂര്‍-അങ്കമാലി ഭാഷയില്‍ സംസാരിക്കാന്‍ സാധിക്കുന്ന ആളെയാണ് നോക്കുന്നത് പറ്റുമെങ്കില്‍ അയക്കൂ എന്ന് സുഹൃത്ത് പറഞ്ഞതിനെ തുടര്‍ന്നാണ് ഞാന്‍ ഫോട്ടോസ് അയക്കുന്നത്. പിന്നീട് പത്തു മാസത്തിനുശേഷമാണ് സിനിമയുടെ ഓഡിഷനു വേണ്ടി വിളിക്കുന്നത്. എന്റെ മനസ്സില്‍ നിന്ന് ഇക്കാര്യം വിട്ടു പോയിരുന്നു. അപ്പോള്‍ ചെമ്പന്‍ വിനോദ് വിളിച്ചുപറഞ്ഞു: ‘ചേച്ചി ഞാനല്ല സംവിധാനം ചെയ്യുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ്. എന്തായാലും വന്നേപറ്റൂ. ഓഡിഷനുള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്’ എന്ന്. അങ്ങനെയാണ് ഞാന്‍ ഓഡിഷനില്‍ എത്തുന്നത്.
പിന്നീട് ‘അങ്കമാലി ഡയറീസ്’ എന്ന സിനിമ സംഭവിക്കുന്നു. സിനിമ വലിയ ഹിറ്റാകുന്നു. അതിനുശേഷം ഇക്കാലയളവില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ നിരവധി സിനിമകളില്‍ ചെയ്തു. എനിക്ക് തോന്നുന്നത് സമാന്തര സിനിമക്കാരില്‍ ചില സുഹൃത്തുക്കളുടേത് അല്ലാതെ വേറെ ചെയ്തിട്ടില്ല. അധികവും കൊമേഴ്സ്യല്‍ സിനിമകളാണ്. അതില്‍ തന്നെ പുതുമുഖ സംവിധായകരുടെ സിനിമകളാണ് കൂടുതലും ചെയ്തിട്ടുള്ളത്.
അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തിരുന്ന സമയത്ത് തന്നെ സിനിമ മേഖലകളില്‍ സ്ത്രീകളുടെ സ്പേസ് എങ്ങനെ എന്നുള്ള ചെറിയ ധാരണ കിട്ടിയിരുന്നു. പൊതുവേ സ്ത്രീ വിരുദ്ധം എന്നല്ല ,സ്ത്രീകളുടെ സാന്നിധ്യം ഇല്ലെന്ന് തന്നെ പറയാം.ഉണ്ടെങ്കില്‍ അല്ലേ വിരുദ്ധമാണോ അനുകൂലമാണോ എന്ന് പറയാന്‍ സാധിക്കൂ. അത്രയും കുറവാണ് സ്ത്രീ സാന്നിധ്യം. അഭിനേത്രികള്‍ മാത്രമേ ഉള്ളൂ. അഭിനയിക്കാന്‍ വരുന്ന നായികയും അമ്മയും. അതിനപ്പുറം സ്ത്രീ സാന്നിധ്യം ഒന്നും അധികം കാണാന്‍ സാധിച്ചിരുന്നില്ല. കഥക്ക് ആവശ്യമുള്ള പശ്ചാത്തലത്തില്‍ കുറെ ആണും പെണ്ണും വേണമെന്ന് ഉണ്ടെങ്കില്‍ അതിനായി കുറച്ചു ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടാകും എന്നല്ലാതെ പൊതുവില്‍ സിനിമയുടെ ഭാഗമാകുക എന്ന് പറയുമ്പോള്‍ ഇതിന്റെ അകത്തും പുറത്തും ഇടപെടലിനു ശേഷിയുള്ള മനുഷ്യരായി സ്ത്രീകളെ കണ്ടിട്ടില്ല. അത് ഇന്നും വളരെ കുറവ് തന്നെയാണ്.
സ്വതന്ത്ര സിനിമകളുടെ ഭാഗമായി ജോലി ചെയ്യുമ്പോഴുള്ള സന്തോഷം എന്താണെന്ന് വെച്ചാല്‍ അതില്‍ കൂടുതലും നമ്മളുടെ ചിന്തയോടും താല്പര്യത്തോടും ലോകവീക്ഷണത്തോടും എല്ലാം ബന്ധപ്പെടുന്ന മനുഷ്യര്‍ ആയിരിക്കും. അതുകൊണ്ടുതന്നെ നമുക്ക് ഇന്ററാക്ട് ചെയ്യാനും കാര്യങ്ങള്‍ മനസ്സിലാക്കാനുമുള്ള ഇടം കിട്ടും. പക്ഷേ ഒരു കൊമേഴ്സ്യല്‍ ആംഗിളില്‍ ജോലി ചെയ്യുന്ന ആളുകള്‍, എല്ലാവരെയും അല്ല ഞാന്‍ ഉദ്ദേശിക്കുന്നത്,എങ്കിലും പൊതുവില്‍ സ്ത്രീകളുടെ സാന്നിധ്യം എന്നുള്ളത് കേവലതയിലാണ് കാണുന്നത്. അത് വളരെ ഓപ്ഷണല്‍ ആയാണ് കാണുന്നത്. അതുകൊണ്ടുതന്നെ ഒരു നടി എന്നുള്ള രീതിയില്‍ ആണെങ്കിലും അല്ലെങ്കില്‍ അതിന്റെ ഭാഗമാകുന്ന ഒരു വ്യക്തി എന്ന രീതിയിലാണെങ്കിലും ഇതിന്റെ ഡീറ്റെയിലിങ്ങ് ഒന്നും നമ്മളോട് പറയേണ്ടതില്ല എന്ന് മനോഭാവം പൊതുവില്‍ ഉണ്ട്. പക്ഷേ എക്സപ്ഷന്‍സ് ഉണ്ട്. എന്നാല്‍ പോലും എനിക്കത് വളരെ കുറവായാണ് തോന്നിയത്. പ്രത്യേകിച്ചും അമ്മ വേഷങ്ങള്‍ അഭിനയിക്കുന്നവരോട്. അതുപോലെയുള്ള എയ്ജ് ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നവരോട് ഒന്നും അധികം ഡീറ്റൈലിങ്ങ് ഉണ്ടാകാറില്ല.അമ്മ എന്ന കഥാപാത്രത്തിന് ഒരു പാറ്റേണ്‍ ഉണ്ട് അവര്‍ക്ക്.വളരെ ഫിക്സേഷനാണ് അത്.അതിനും അപ്പുറത്ത് ഒരമ്മയൊക്കെ എന്തിനാണ് ആലോചിക്കുന്നത് എന്നുള്ള മട്ടാണെന്ന് തോന്നും.
പൊതുവേ സിനിമകളുടെ ഭാഗമാകുമ്പോള്‍ നമ്മളോട് തിരക്കഥ പറയുക എന്നതില്ല. ഇന്ന ദിവസങ്ങളില്‍ ഒഴിവ് ആണോ? ഇത്ര ദിവസം വര്‍ക്കുണ്ട്; നായകന്റെ അമ്മ, നായികയുടെ അമ്മ,ഉപനായകന്റെ അമ്മ, ഉപനായികയുടെ അമ്മ- ഈ രീതിയില്‍ ആയിരിക്കും നമ്മളോട് കഥാപാത്രത്തെക്കുറിച്ച് പറയുക. അല്ലാതെ മുഴുവനായി കഥ പറയുക,തിരക്കഥ വായിക്കുക എന്നത് ഇക്കാലയളവില്‍ അപൂര്‍വ്വം സംഭവിച്ച കാര്യമാണ്. ഞാന്‍ അഭിനയിച്ച സിനിമകളില്‍ എനിക്ക് സ്ക്രിപ്റ്റ് വായിക്കാന്‍ തന്നത് നാലോ അഞ്ചോ പേരാണ്.ബാക്കിയെല്ലാം സന്ദര്‍ഭം പറഞ്ഞുതരികയാണ് ഉണ്ടായത്. അതും അവിടെ ചെല്ലുമ്പോള്‍ നമ്മള് ചെന്ന് ചോദിക്കേണ്ടതായും വരും. സീന്‍ കൊണ്ടുവന്ന് തരും ഇന്നതാണ് സന്ദര്‍ഭം എന്ന് പറയും. നമുക്ക് എന്തെങ്കിലും കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടെങ്കില്‍ ചോദിക്കാം.അതല്ലാതെ ഒരു ആര്‍ട്ട് ഫോം അല്ലേ…ഇത് രൂപപ്പെടുമ്പോള്‍ അതിനകത്ത് ഇന്‍വോള്‍വ്മെന്റ് എങ്ങനെയാണ്, പ്രൊഡക്ടിവിറ്റി എങ്ങനെയാണ് എടുക്കേണ്ടത്, ആ അര്‍ത്ഥത്തിലുള്ള; ഒരു വര്‍ക്ഷോപ്പ് പോലെ അവിടെ തന്നെ സംഭവിക്കാവുന്ന, ആര്‍ട്ടിസ്റ്റുകള്‍ എല്ലാം ഒന്നിച്ചിരുന്ന് കഥാപാത്രങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് ആ സന്ദര്‍ഭം ഒന്ന് പരസ്പരം പറഞ്ഞു ഉറപ്പിച്ച്, ആ രീതിയില്‍ സിനിമ നിര്‍മ്മിക്കുന്ന പ്രവണതയൊക്കെ വളരെ കുറവായിട്ടാണ് പൊതുവേ നമ്മുടെ സിനിമ ലോകത്ത് കാണുന്നത്. അതിനപ്പുറം നമ്മള് ഒരേ സിനിമയില്‍ അല്ലെങ്കില്‍ ഒരേ ഇടത്തില്‍ വര്‍ക്ക് ചെയ്യുന്നവരെന്ന രീതിയില്‍, അന്നേരം എങ്കിലും ഉണ്ടാവേണ്ട ഒരു പരസ്പര ആശയ വിനിമയത്തിനുള്ള ഇടം, അതുപോലും വലിയ പ്രശ്നമാണ്. കാരണം അത്രമാത്രം ഹയറാര്‍ക്കി ആയിട്ടാണ് മനുഷ്യര്‍ ഒക്കെ അവിടെ നിലനില്‍ക്കുന്നത്. ഇതിന് അപവാദങ്ങള്‍ ഉണ്ട്. ഇതെല്ലാം എല്ലാ സിനിമയും സിനിമക്കാരും അല്ല. സുഹൃത് ബന്ധങ്ങളോടുകൂടി രസകരമായി മുന്നേറുന്ന സിനിമകളും സംഭവിക്കാറുണ്ട്. അത് എടുത്ത് പറഞ്ഞില്ലെങ്കില്‍ അതും ഒരു പ്രശ്നമായിരിക്കും.
ഇത്തരത്തിലുള്ള ഒരു സാഹചര്യം മാറണമെങ്കില്‍, എനിക്ക് തോന്നിയിട്ടുള്ളത് ഇത് കേരള സമൂഹത്തിന്റെ രീതി തന്നെയാണ്. അതില്‍ തന്നെ കുറെ കൂടിയും ലൗഡ് ആയിട്ടുള്ള സ്പേസ് എന്ന രീതിയില്‍ ആളുകള്‍ സിനിമയില്‍ എത്തുമ്പോള്‍ ആ റിജിഡിറ്റി തുടരുന്നുണ്ട്. അത് ഒരു സമൂഹത്തിന്റെ തന്നെ ആത്മബന്ധങ്ങളിലെ ഫ്ലെക്സിബിലിറ്റി ഇല്ലായ്മയെയും സുതാര്യമില്ലായ്മയെയും ഗിവ് ആന്‍ഡ് ടേക്ക് റെസ്പെക്ട്- ഈ വക കാര്യങ്ങളുടെ പരിശീലനം ഇല്ലാത്തതിന്റെയും ഒക്കെ ഭാഗമായി തന്നെയാണ് സംഭവിക്കുന്നത്. മലയാളം ഇന്‍ഡസ്ട്രിയില്‍ കുറെ കൂടി കൂടുതലാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കാരണം മറ്റ് ഇന്ഡസ്ട്രികളില് നിന്ന് വരുന്നവരോട് ചോദിക്കുമ്പോള്‍ അവര്‍ തന്നെ പലപ്പോഴും പറഞ്ഞിട്ടുള്ളത് നമ്മുടെ ചലച്ചിത്ര മേഖല ഭയങ്കരമായി 10-15 വര്‍ഷം പുറകിലാണെന്നുള്ളതാണ്. അത് ഈ പ്രശ്നം കൊണ്ടാണ്. പരസ്പരം ഇടപഴകുന്നതിലും മനുഷ്യരെ പരിഗണിക്കുന്നതിലും ഇടപെടുന്നതിലും നമ്മുടെ വല്ലാത്തൊരു പരിമിതിയുണ്ട്. സ്ത്രീകളുടെ സാന്നിധ്യം ഉണ്ടാകുന്ന ഒരിടത്ത് എന്തിനാണ് മനുഷ്യന്മാര് ഇത്രയും സ്ട്രെസ്സ്ടാകുന്നതെന്ന് എനിക്ക് മനസ്സിലാകുന്നതേയില്ല.
ഇതിന് പരിഹാരം എന്ന് പറയുന്നത് സിനിമ മേഖലയില്‍ മാത്രമായി സംഭവിക്കില്ല. സമൂഹത്തിന്റെ അഴിച്ചുപണി ഉണ്ടാവണം. പോരാത്തതിന് സ്ത്രീകളുടെ ഇടയില്‍ സ്ത്രീകളുടെ സിനിമ, സ്ത്രീകളുടെ കഥ പറയുന്നവ ഉണ്ടാവണം. നമുക്ക് മൂലധനത്തില്‍ എന്തെങ്കിലും അവകാശം ഉണ്ടാകണം. അഭിപ്രായം പറയുന്നതില്‍ അധികാരമുണ്ടാകണം. അങ്ങനെ പവര്‍ പൊസിഷനില്‍ ഉള്ള ആരും ഇന്ന് മലയാള സിനിമ മേഖലയിലെ സ്ത്രീകളിലില്ല. അങ്ങനെ കുറെ സ്ട്രക്ച്ചറല്‍ ആയുള്ള മാറ്റങ്ങള്‍ ഉണ്ടാകാതെ ഈ പ്രശ്നത്തെ നമുക്ക് നേരിടാന്‍ സാധിക്കില്ല.
ഭാഗ്യം എന്താണെന്നാല്‍, പുതുതലമുറയിലെ അധികം പേരും ഈ സ്ട്രക്ച്ചറലായുള്ള പ്രശ്നത്തെ മനസ്സിലാക്കിയവരും അതിന് മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. അതില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. അതേസമയം തന്നെ മൂലധനം വെച്ചുള്ള കളികളും സിനിമ എന്നത് വ്യവസായം ആണെന്നും അതുകൊണ്ട് ആ ഉല്‍പ്പന്നത്തെ മാര്‍ക്കറ്റ് ചെയ്യാനും ഇന്‍വെസ്റ്റ് ചെയ്യാനുമുള്ള മൂലധനം ഉള്ളവര്‍ക്ക് മാത്രമേ നിലനില്ക്കാന് ആകൂ എന്നുള്ളതെല്ലാം ചെറിയ സാഹചര്യങ്ങളില്‍ നിന്ന് വരുന്ന, അതേസമയം ഇതിന്റെ ഒരു മൂല്യബോധത്തിന് വ്യത്യസ്തമായ ഭാവങ്ങള്‍ കൊണ്ടു നടക്കുന്നവര്‍ക്ക് ഭയങ്കര തിരിച്ചടിയാകുന്നുണ്ട്.അതാണ് ഒരു ഗതികേട് എന്ന് എനിക്ക് തോന്നുന്നു.
ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ അധികവും കാര്യങ്ങള്‍ ചെയ്യുമ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നിയിട്ടുള്ള കഥാപാത്രങ്ങള്‍ ഇതുവരെ ചെയ്തിട്ടില്ല. ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ കണ്ടു പരിചയിച്ചിട്ടുള്ള അമ്മ റോളുകളാണ്. അതാണെങ്കില്‍ കുറച്ചുകൂടി എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കുന്നു. കാരണം അത് റിലേറ്റ് ചെയ്യാന്‍ സാധിക്കുന്നുണ്ട്. അതല്ലാതെ ഒരു സ്ത്രീയുടെ ആന്തരിക ലോകത്തെയോ ബാഹ്യലോകത്തെയോ വേറൊരു രീതിയില്‍ പ്രതിഫലിപ്പിക്കുന്ന ഒരു കഥാപാത്രം ഇതുവരെ കിട്ടിയിട്ടില്ല. അങ്ങനെയൊരു തിരക്കഥ കൂടി ഉണ്ടാകുന്നില്ല എന്നുള്ളതാണ്. സ്ത്രീകളുടെ കഥാപാത്രത്തെ രൂപപ്പെടുത്തുമ്പോള്‍ മുപ്പതുവയസ്സു കഴിഞ്ഞ് ഒരു സ്ത്രീക്ക് വേറൊരു ലോകവും ജീവിതവും ഇല്ലാത്തതുപോലെയാണ്. അതല്ലാതെ അവരുടെ തനതായ ജീവിതവും അസ്തിത്വവും പ്രശ്നങ്ങളും ഉണ്ടെന്ന രീതിയില്‍ മലയാള സിനിമയില്‍ സ്ത്രീ കഥാപാത്രത്തെ കാണാനായി സാധിക്കുന്നില്ല.കംപയര്‍ ചെയ്യുകയാണെങ്കില്‍,മറ്റു സിനിമകളും സീരീസുകളും കാണുമ്പോള്‍ അവിടെയൊക്കെ കുറെ കൂടി മുന്‍പോട്ടു പോയിട്ടുണ്ട്. അത്രക്കൊന്നും പറയാന്‍ ധൈര്യമുള്ള ഒരു തിരക്കഥ മലയാളത്തില്‍ ഉണ്ടാവുന്നില്ല.ഇത് ഒരു പോരായ്മയാണ്.
ഇതിന് പരിഹാരം സ്ത്രീകളുടെ ഇന്‍വോള്‍മെന്റ് ആണ്. നമ്മള് തിരക്കഥകള്‍ ഉണ്ടാക്കുക .നമ്മള് തന്നെ നിര്‍മ്മാതാക്കളെ കണ്ടെത്തുക. അതിനര്‍ത്ഥം സ്ത്രീകള്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ എന്നുള്ള ശാഠ്യമല്ല. മറിച്ച് കുറെ കൂടി ഒരു ഫീമെയില്‍ കാഴ്ച്ചപ്പാടില്‍ നിന്ന് കാര്യങ്ങളെ എക്സിക്യൂട്ട് ചെയ്യാനുള്ള കഴിവുണ്ടാവണം. അതിനായി ധനസമാഹാരണം കൂടി കണ്ടെത്തി നമുക്ക് സിനിമകളെ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കണം. അതുപോലെ എനിക്ക് തോന്നുന്നത് നടന്മാര് നിര്‍മ്മാതാക്കളായി വരുന്നതു പോലെ, സാമ്പത്തികമായി സുരക്ഷിതരായിട്ടുള്ള നടിമാര്‍ നിര്‍മ്മാതാക്കളായി വരണം.അതുപോലെ മുന്‍പ് പറഞ്ഞപോലുള്ള തിരക്കഥകള്‍ക്ക് മുന്‍ഗണന കൊടുക്കുന്ന വിധം ചെറിയ പ്രൊഡക്ഷന്‍ ഹൗസുകള്‍ ഉണ്ടായിവരുന്നതും കുറച്ചൊക്കെ പരിഹാരമാകും.
പൊതുവേ ഹിന്ദി സീരിസ് ഒക്കെ എടുത്തു നോക്കുമ്പോള്‍ സ്ക്രിപ്റ്റിലടക്കം അതിനകത്ത് ഒരുപാട് മുമ്പോട്ട് പോകുന്നത് സ്ത്രീകളാണ്. അതുപോലെ കോ-പ്രൊഡ്യൂസേഴ്സ് ആയും കോ- റൈറ്റേഴ്സ് ആയും ഒരുപാട് സ്ത്രീകള്‍ അവിടെ വരുന്നുണ്ട്. പക്ഷേ സൗത്ത് ഇന്‍ഡസ്ട്രിയില്‍ വരുമ്പോള്‍ നിര്‍ഭാഗ്യവശാല്‍ സ്ത്രീകളുടെ സാന്നിധ്യം കുറയുന്നു. നിര്‍മ്മാണത്തിലോ കണ്ടെന്റ് ഉണ്ടാക്കുന്നതിലോ സ്ത്രീ സാന്നിധ്യം ഉണ്ടാകുന്നില്ല എന്നുള്ളതാണ് വലിയ ഒരു പ്രശ്നം. ഇപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ നോക്കുകയാണെങ്കില്‍ പുരുഷന്മാര് കോ-റൈറ്റേഴ്സ് ആയും കോ-ഡയറക്ടേഴ്സ് ആയും കോ- പ്രൊഡ്യൂസേഴ്സ് ആയും വരുന്നുണ്ട്. പക്ഷേ ഇത് എന്തുകൊണ്ട് സ്ത്രീകളുടെ ഇടത്തില്‍ സംഭവിക്കുന്നില്ല. സ്ത്രീകള്‍ തന്നെ ഇതിനെക്കുറിച്ച് ചിന്തിക്കണം എന്തുകൊണ്ടാണ് നമ്മള്‍ക്ക് ഒരു തിരക്കഥ ഉണ്ടാക്കാന്‍ കഴിയാത്തത്? എന്തുകൊണ്ടാണ് നമുക്ക് കളക്റ്റീവായി എന്തെങ്കിലും ചെയ്യാന്‍ സാധിക്കാത്തത്? അപ്പോള്‍ അതിനുള്ള വഴികള്‍ നമുക്ക് തന്നെ കണ്ടെത്താന്‍ സാധിക്കും.
COMMENTS