മാതൃദായക്രമത്തില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തില്‍ ജനിച്ചു വളര്‍ന്നതിനാല്‍ എന്‍റെ സിരകളില്‍ അനാവശ്യമായ അരക്ഷിതത്വമോ ഭയമോ ഉണ്ടായിട്ടില്ല. ഇവയൊക്കെ പുരുഷ കേന്ദ്രിത സമൂഹത്തില്‍ ജനിക്കുന്ന ഒരു സ്ത്രീ അംഗം അനുഭവിക്കുന്ന പൊതുവായ ആശങ്കകളാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അമ്മയുടെ കുലമായ ‘മഹരി’യോട് ശക്തമായ അടുപ്പം തോന്നുന്നതിനൊപ്പം ആത്മവിശ്വാസവും എന്നില്‍ വളരുന്നു. കാരണം, കുട്ടിക്കാലം വളരെ ആനന്ദകരമാണ്; നിങ്ങള്‍ ഒരു പെണ്‍കുട്ടിയായതിനാല്‍ ഒരിക്കലും ഉദാസീനമായ അനുഭവങ്ങള്‍ ഉണ്ടാവുകയില്ല. സ്വന്തം വീടിന്‍റെ സുഖവും സുരക്ഷിതത്വവും ഉപേക്ഷിക്കേണ്ടിവരുമെന്നോ അല്ലെങ്കില്‍ വിവാഹ ജീവിതം നിങ്ങള്‍ക്ക് അനുകൂലമല്ലെങ്കില്‍ വീട് നല്‍കുന്ന സുരക്ഷിതത്വം നഷ്ടമാകുമെന്ന് ഭയപ്പെടാതെ ഒരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുന്നത് അതിശയകരമാണ്. പരമ്പരാഗത ഭവനത്തിന്‍റെയും മറ്റു സ്ഥാവര സ്വത്തുക്കളുടെയും പിന്തുടര്‍ച്ചാവകാശം (എന്‍റെ കാര്യത്തില്‍ ഇളയ മകള്‍ ആയതിനാല്‍) എന്നില്‍ അഭിമാനവും സുരക്ഷിതത്വബോധവും പകരുന്നു, അത് നിര്‍ണായകമായ സമയങ്ങളില്‍ ഉത്തരവാദിത്വത്തോടെ സ്വതന്ത്രമായി തീരുമാനമെടുക്കുന്ന നിര്‍ഭയയായ ഒരു സ്ത്രീയെ പുറത്തുകൊണ്ടുവരാനും സഹായിക്കുന്നു. പ്രത്യേകിച്ച് ഗാരോ മാതൃദായക സമൂഹത്തില്‍ ജനിച്ച ഒരു സ്ത്രീയെ സംബന്ധിച്ച് ഇത് വളരെ സ്വാഭാവികവും ചില അപവാദങ്ങളുണ്ടെങ്കിലും പുരുഷന്മാരും അതിനെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു.
പക്ഷേ, മാതൃദായക്രമാധിഷ്ഠിതമായ ഗാരോ സമൂഹത്തിന്‍റെ സമ്പ്രദായങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ പഠനം കാണിക്കുന്നത്, ഈ സമൂഹം പോലും രാഷ്ട്രീയ നേതൃത്വം, ധാര്‍മ്മിക അധികാരം, സാമൂഹിക പദവി, സ്വത്തധികാരം എന്നിവയില്‍ പുരുഷ മേധാവിത്വത്തില്‍ നിന്ന് പൂര്‍ണ്ണമായും മുക്തമല്ല എന്നാണ്. അമ്മാവന്മാരും സഹോദരന്മാരും അടങ്ങുന്ന ക്രാസ് അധികാരം പ്രയോഗിക്കുന്നുണ്ട്.
മിക്ക മഹരികളിലും അല്ലെങ്കില്‍ വംശങ്ങളിലും, ഒരു സ്ത്രീ ആരെ വിവാഹം കഴിക്കണമെന്നും അല്ലെങ്കില്‍ ഒരു വിധവയെ ആരു പുനര്‍വിവാഹം ചെയ്യണമെന്നും അവര്‍ തീരുമാനിക്കുന്നു. വിവാഹാലോചനകള്‍ അംഗീകരിക്കുവാനും നിരാകരിക്കുവാനും ആണ്‍കുട്ടിക്ക് അധികാരമുണ്ട്. തങ്ങള്‍ക്ക് അനുകൂലമല്ലാത്ത വിവാഹബന്ധം വേര്‍പെടുത്തുവാനുമുള്ള അവകാശം അവര്‍ക്കുണ്ട്. മൂത്ത സഹോദരിക്ക് മേല്‍ കൈ ഉയര്‍ത്താന്‍ ഒരു ഇളയ സഹോദരനെ പ്രാപ്തമാക്കുന്ന പരിധിവരെ പുരുഷാധിപത്യ സമ്പ്രദായം സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നു. കുടുംബ കാര്യങ്ങളിലും തര്‍ക്കങ്ങളിലും, ഇനി അത് സ്ത്രീ അംഗത്തെ സംബന്ധിച്ച് അനുകൂലമായ ഫലം നല്‍കാത്തതായാലും അന്തിമ തീരുമാനം ക്രാസിന്‍റേതാണ്.
പൂര്‍വികരുടെ സ്വത്തുക്കളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ക്രാസിന് പ്രധാനപ്പെട്ട അഭിപ്രായമുണ്ട്. വാസ്തവമെന്തെന്നാല്‍ പൂര്‍വ്വികസ്വത്ത് ഇളയ മകളുടെ ജന്മാവകാശമാണ്. പക്ഷെ ഇത്തരം അനാവശ്യമായ ഇടപെടലുകള്‍ ഈ അനന്തരാവകാശത്തെ നിയന്ത്രിക്കുന്നു. എന്നിരുന്നാലും, മാതൃദായക്രമത്തെ പ്രാധാന്യത്തോടെ കാണുന്ന ക്രാസിന്‍റെ വിവേകത്തെ അംഗീകരിക്കേണ്ടതുണ്ട്. അവര്‍ യുക്തിയും അനുകമ്പയും ഉള്ളവരായി പ്രവര്‍ത്തിക്കുകയാണെങ്കില്‍, കുടുംബ കാര്യങ്ങളില്‍ അവരുടെ ഇടപെടല്‍ നന്മ മാത്രമേ നല്‍കുകയുള്ളു. ഭര്‍ത്താവ് മരണപ്പെടുകയോ അല്ലെങ്കില്‍ ഏതെങ്കിലും കുടുംബാംഗങ്ങള്‍ക്ക് ഗുരുതരമായ രോഗങ്ങള്‍ ബാധിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ വിധവയെയും അവളുടെ മക്കളെയും നോക്കാനും വിവേകപൂര്‍ണ്ണമായ തീരുമാനങ്ങള്‍ എടുക്കാനുമുള്ള ഉത്തരവാദിത്തം അവര്‍ക്കുണ്ട്. ഇങ്ങനെ സ്വന്തം വംശത്തിലെ സ്ത്രീകളെ സംരക്ഷിക്കുക, പിന്തുണയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാവുന്ന തരത്തിലുള്ള ശ്രേഷ്ഠമായ ഉദ്ദേശ്യത്തോടെയാണ് ക്രാസിന് സമുദായത്തില്‍ അധികാരം കൊടുത്തിരിക്കുന്നത്. ഗാരോ സമുദായത്തിലെ പുരുഷന്മാര്‍ അവരുടെ മാതൃ മഹരികളില്‍ മാത്രമല്ല, ഭാര്യയുടെ മഹരിയിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു, അവിടെ അവരെ ഗച്ചി എന്ന് വിളിക്കുന്നു. പുരുഷന്‍ ഒരു ഭാര്യയെ സ്വന്തമാക്കുക വഴി അവളുടെ മുഴുവന്‍ കുടുംബത്തെയും സ്വീകരിക്കുകയും ആ കുടുംബത്തിലെ മകനെപ്പോലെ അവന്‍ എല്ലാ ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കുന്നതിന് പ്രതിജ്ഞാബദ്ധനാകുകയും ചെയ്യുന്നു. അയാള്‍ക്ക് ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളുമായി ബന്ധപ്പെട്ട എല്ലാ കുടുംബ കാര്യങ്ങളിലും തീരുമാനമെടുക്കുന്നതില്‍ മുന്‍ഗണന നല്‍കുകയും ചെയ്യുന്നു. അതിനാല്‍, ഒരു മാതൃ സമൂഹത്തില്‍, രണ്ട് ലിംഗത്തില്‍പെട്ട വ്യക്തികള്‍ തമ്മിലുള്ള സന്തുലിതാവസ്ഥയുടെയും ഐക്യത്തിന്‍റെയും ഒരു ചരട് സൂക്ഷിക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കാം. ഇതുകൊണ്ട് തന്നെ വികാരങ്ങളുടെയും താല്പര്യങ്ങളുടെയും അടിച്ചമര്‍ത്തലുകള്‍ ഇല്ലാതെ സമുദായാംഗങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാനുള്ള അവസരം ലഭിക്കുന്നു. എല്ലാ സാമൂഹിക പ്രവര്‍ത്തനങ്ങളുടെയും നടത്തിപ്പില്‍ പുരുഷന്മാര്‍ ആധിപത്യം തുടരുമ്പോളാണ് സ്ത്രീകള്‍ക്ക് തങ്ങളുടെ സ്വത്തുക്കളുടെ മേലുള്ള ഉടമസ്ഥാവകാശം നഷ്ടപ്പെടുന്നത്. സ്ത്രീകളും പുരുഷന്മാരും തമ്മില്‍ അസമത്വം നിലനില്‍ക്കാത്ത അനുയോജ്യമായ സാമൂഹിക ക്രമീകരണമായി ഇതിനെ കാണാം. പുരുഷകേന്ദ്രിത സമൂഹത്തില്‍ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ ഉണ്ടാകുന്ന അഹങ്കാര മനോഭാവം ഗാരോ സാമൂഹിക ജീവിതത്തില്‍ ഇല്ല.
പക്ഷെ, ശരിയായ വിദ്യാഭ്യാസത്തിന്‍റെ അഭാവം മൂലം സ്ത്രീകള്‍ നിശബ്ദമായി പുരുഷന്മാരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് കീഴടങ്ങുകയും അവര്‍ എടുക്കുന്ന തീരുമാനങ്ങള്‍ എത്ര യുക്തിരഹിതമാണെങ്കിലും അംഗീകരിക്കുകയും ചെയ്യുന്നു. എല്ലാ വീട്ടുജോലികളും ഒരു പെണ്‍കുട്ടിയുടെ മാത്രം ചുമതലയാണെന്ന് വിശ്വസിപ്പിച്ചുകൊണ്ടാണ് സമുദായം അവളെ വളര്‍ത്തുന്നത്, അവര്‍ക്കുവേണ്ടി അമ്മാവന്മാരും സഹോദരന്മാരും എടുക്കുന്ന തീരുമാനങ്ങളെ ഒരിക്കലും ചോദ്യം ചെയ്യാതിരിക്കാനും പരിശീലിപ്പിക്കുന്നു. ഗാരോ സമൂഹത്തിന്‍റെ ആചാരപരമായ നിയമസംവിധാനം, സമുദായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നവര്‍- അതേതെങ്കിലും പ്രത്യേക വ്യക്തിയോ അല്ലെങ്കില്‍ ഏതെങ്കിലും സ്ഥാപനമോ ആയിക്കൊള്ളട്ടെ- അവരുടെ താത്പര്യങ്ങള്‍ക്കനുസൃതമായി രൂപകല്പന ചെയ്തു വികസിപ്പിച്ചതും നടപ്പിലാക്കുന്നതുമാണ്. അവയില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രതികൂലമായ നിരവധി ആചാരങ്ങള്‍ ഉണ്ട്. അത്തരത്തില്‍ ലിംഗപരമായ അടിച്ചമര്‍ത്തലിന്‍റെ പ്രതീകങ്ങളായ ചില ആചാരങ്ങള്‍ സൂചിപ്പിക്കാം. ഓണ്രിക ആചാരപ്രകാരം, ഒരു വിഭാര്യന് തന്‍റെ ഭാര്യയുടെ അതേ വംശത്തില്‍ നിന്നുള്ള ഒരു രണ്ടാമത്തെ ഭാര്യയെ ആവശ്യപ്പെടാം. ഈ ആചാരത്തിലൂടെ പുരുഷന്‍ ആദ്യ ഭാര്യയുടെ കുടുംബത്തില്‍ തന്നെ തുടര്‍ന്നുകൊണ്ട് കുട്ടികളുടെയും വീട്ടുകാര്യങ്ങളുടെയും ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുകയും ചെയ്യുന്നു. ഉദ്ദേശ്യം എത്രതന്നെ നല്ലതാണെങ്കിലും, പുരുഷന്‍മാര്‍ അവരുടെ താത്പര്യങ്ങള്‍ക്കനുസൃതമായി ഈ ആചാരത്തെ പ്രയോജനപ്പെടുത്തുന്നു.
സമുദായം ഇളയ സഹോദരിമാരെ രണ്ടാം ഭാര്യയായി വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഞാന്‍ അംഗമായ സ്ത്രീ സംഘടനയില്‍ വന്ന ഒരു കേസ്, ഈ പ്രത്യേക ആചാരം ഗാരോ സമൂഹത്തിലെ സ്ത്രീകളെ എങ്ങനെ ബാധിക്കുന്നു എന്ന വസ്തുത എടുത്തുകാണിക്കുന്നു. ഇരയായ പെണ്‍കുട്ടിയുടെ അമ്മയുടെ മരണശേഷം, അവളുടെ രണ്ടാനച്ഛന്‍ അവളുമായി പുനര്‍വിവാഹം നടത്താന്‍ ആവശ്യപ്പെടുമ്പോള്‍ അവള്‍ക്ക് ഏകദേശം പന്ത്രണ്ട് വയസ്സായിരുന്നു. അന്നുമുതല്‍ പെണ്‍കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിനും അക്രമത്തിനും ഇരയായി. പക്ഷേ, ഭാഗ്യവശാല്‍, അവളുടെ രണ്ടാനച്ഛന്‍റെ മക്കള്‍ അവളെ രക്ഷിക്കുകയും അവരുടെ പിതാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പ്രായം കൂടുതലുള്ള ഒരു സ്ത്രീയെ വിവാഹം കഴിക്കുന്ന ഒരുവന് പ്രായം കുറഞ്ഞ ഒരു ഭാര്യയെക്കൂടി ആവശ്യപ്പെടാന്‍ കഴിയുന്ന ദോച്ചപ (Dokchapa) ആചാരമാണ് ലിംഗപരമായ അടിച്ചമര്‍ത്തലിന് മറ്റൊരു തെളിവ്. ഇത്തരം ആചാരങ്ങള്‍ സ്ത്രീകള്‍ക്കെതിരായ ഏറ്റവും മോശമായ അടിച്ചമര്‍ത്തലുകളുടെയും വിവേചനത്തിന്‍റെയും പ്രതീകങ്ങളാണ്. ജെന്‍ഡറിനെ അടിസ്ഥാനമാക്കിയുള്ള അതിക്രമങ്ങളുടെ ചരിത്രപരമായ ഒരു സ്വഭാവം പരിശോധിച്ചാല്‍ വെളിപ്പെടുന്ന വസ്തുതയെന്തെന്നാല്‍ അതൊരിക്കലും സ്വാഭാവികമായി സംഭവിക്കുന്നതല്ല എന്നതാണ്. വെറുതെ നിര്‍ഭാഗ്യകരമെന്ന് പറയേണ്ട കുറ്റകരമായ പ്രവൃത്തി മാത്രമല്ലത്. പിതൃദായ ക്രമത്തില്‍ കാലങ്ങള്‍ കൊണ്ട് വ്യവസ്ഥാപിതമായ മട്ടില്‍ രൂഢമൂലമായി, ഊട്ടിയുറപ്പിക്കപ്പെട്ടതാണ് ഇത്തരം അതിക്രമങ്ങള്‍ എന്ന് കാണാം.
കുടുംബം, വംശ കൂടാതെ സാമൂഹിക-പൗര-നിയമ സ്ഥാപനങ്ങള്‍ രഹസ്യമായും അല്ലാതെയും ഇതിന് ഒത്താശ ചെയ്യുന്നുണ്ട്. അതിനൊപ്പം തന്നെ, ഇത്തരം അതിക്രമങ്ങള്‍ ഉണ്ടാക്കുന്ന അപകീര്‍ത്തിയും, ഭയവും: അവയില്‍ അന്തര്‍ലീനമായ ലൈംഗികചുവയും (സെക്സിസം) സ്ത്രീവിരുദ്ധതയും നിയന്ത്രണസ്വഭാവമുള്ള സ്ത്രീ പുരുഷ നീതിയെ ഉരുവപ്പെടുത്തുകയും ഉയര്‍ത്തിപ്പിക്കുകയും ചെയ്യുക വഴി ഏകശിലാത്മകമായ അസമത്വങ്ങള്‍ സൃഷ്ടിക്കുന്നതിന് അതിന്‍റേതായ പങ്ക് വഹിക്കുന്നു.
ഗാരോ മാതൃദായ ക്രമത്തില്‍ കുടുംബം, കുലം, വംശം, എന്നിവയിലെ മുതിര്‍ന്ന അംഗം എന്ന നിലയ്ക്ക് സ്ത്രീകള്‍ക്ക് പൊതുവേ നല്കി വരുന്ന സ്ഥാനമാനങ്ങള്‍, ഭൂവുടമസ്ഥാധികാരം എന്നിവയെല്ലാം ഇന്നവിടത്തെ പിതൃദായക്രമം കവര്‍ന്നെടുക്കാനുള്ള ശ്രമത്തിലാണ്. അതിനാല്‍, ഈ ഘട്ടത്തില്‍ ഗാരോ സമൂഹത്തെ പറ്റി മനസ്സിലാക്കിയിരിക്കേണ്ട ഒരു പ്രധാന വസ്തുതയെന്തെന്നാല്‍ ഭൂമി സംബന്ധമായ ഉടമസ്ഥാവകാശങ്ങളെല്ലാം അവിടത്തെ സമുദായ കൂട്ടായ്മയിലാണ് നിക്ഷിപ്തമായിക്കുന്നത്; വ്യക്തികളിലല്ല. നേരത്തേ തന്നെ സൂചിപ്പിച്ചിരുന്നത് പോലെ, വംശത്തില്‍ പുരുഷനാണ്/ഭര്‍ത്താവാണ് ഭൂമി സംബന്ധമായ രേഖകളില്‍ ഔദ്യോഗികമായി ഒപ്പിടുന്നതും, ആര്‍ക്ക് എന്തെല്ലാം വീതം വെച്ച് നല്കണമെന്നുമൊക്കെ തീരുമാനിക്കുന്നത്. ഭാര്യയുടെ പൂര്‍വിക സ്വത്തുമായി ബന്ധപ്പെട്ട്, അവ വില്പന ചെയ്യുന്നതു പോലുള്ള നിര്‍ണ്ണായക കാര്യങ്ങളില്‍ ഭര്‍ത്താവ് , ക്രാസിന്‍റെ ഉപദേശം സ്വീകരിക്കണമെന്നതാണ് നാട്ടുനടപ്പ്. എന്നാല്‍, ഭൂരിഭാഗം പേരും ഏകപക്ഷീയമായി കാര്യങ്ങള്‍ ചെയ്യുന്നവരാണ്. ചട്ടങ്ങളേയോ നാട്ടുനടപ്പിനേയോ അവര്‍ മുഖവിലക്കെടുക്കാറില്ല.
1920 കളില്‍ ബ്രിട്ടീഷുകാര്‍ തയ്യാറാക്കിയതും പിന്നീട് സ്വാതന്ത്ര്യത്തിനു ശേഷം ഗാരോ ഹില്‍സ് സ്വയം ഭരണാധികാര ജില്ലാ സമിതി സൂക്ഷിക്കുന്നതുമായ രജിസ്ട്രറില്‍, ഭാര്യയുടെ പേരാണ് ആദ്യം എഴുതിക്കാണുന്നത്; ശേഷമാണ് ഭര്‍ത്താവിന്‍റെ പേര് കുറിക്കുന്നത്. പക്ഷേ, അദ്ഭുതപ്പെടുന്ന ഒരു കാര്യം, ഈയടുത്ത കാലത്തെ രജിസ്ട്രറുകളില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ഭര്‍ത്താവിന്‍റെ പേരാണാദ്യം. പുതിയ കാലത്തെ രജിസ്ട്രേഷന്‍ ഫോമുകളില്‍ ഭര്‍ത്താവിന്‍റെ പേരിനുള്ള കോളമാണ് ആദ്യം കാണുന്നത്. അതിനാല്‍, ഇന്നിപ്പോള്‍ ആദ്യം ചേയ്യേണ്ട കാര്യം, സ്ത്രീയെ അവളുടെ പരമ്പരാഗതമായ അവകാശങ്ങളെ കുറിച്ച്, അതിന്‍റെ പ്രായോഗികമായ സാധ്യതകളെ കുറിച്ച്, പ്രയോജനങ്ങളെ കുറിച്ച്, അവയിലൂടെ കരഗതമാകുന്ന വ്യാപ്തമാര്‍ന്ന സ്ഥാനമാനങ്ങളെ കുറിച്ചെല്ലാം കാര്യമായി തന്നെ ബോധവതികളാക്കുക എന്നതാണ്.ഉദാത്തമായ ലക്ഷ്യങ്ങളുള്ളതും അതിനനുസരിച്ച് വെല്ലുവിളികള്‍ നിറഞ്ഞതുമായ ദൗത്യമാണിത്. അതേസമയം, പ്രധാന വിഷയങ്ങളില്‍ തീരുമാനമെടുക്കുന്ന പ്രക്രിയയില്‍ നിന്നും സ്ത്രീകളെ പങ്കെടുപ്പിക്കാത്ത പ്രവൃത്തി തികച്ചും ഗൗരവതരമയ പക്ഷപാതിത്വമാണ്. ഇന്നാട്ടിലെ ആദിവാസി ജന വിഭാഗങ്ങളുടെ സ്വതസിദ്ധമായ പ്രത്യേകാവകാശങ്ങളെ പരിഗണിക്കാന്‍ ഭരണഘടന അനുശാസിക്കുന്ന ഗാരോ ഹില്‍സ് സ്വയംഭരണ ജില്ല സമിതി ആരാണ് യതാര്‍ത്ഥ ഗാരോ എന്ന് ഏകപക്ഷീയമായും ധിക്കാരത്തോടെയുമാണ് നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്നത്. മാതൃദായക്രമത്തിന് കടകവിരുദ്ധമായ പ്രവൃത്തിയാണ് സമിതി നടത്തുന്നത്. അചിക്ക് സമുദായത്തില്‍ മിശ്രവിവാഹിതര്‍ക്ക് ജനിക്കുന്ന കുഞ്ഞിനെ നോക്കി വളര്‍ത്തുന്നത് ആ സമുദായാംഗങ്ങള്‍ തന്നെയാണ്. കുട്ടികള്‍ അവരുടെ ഭാഷ സംസാരിക്കുന്നു. അമ്മയുടെ പാരമ്പര്യമാണവര്‍ക്ക് ലഭിക്കുന്നത് (മാതൃദായകം). അതുവഴി ആ കുഞ്ഞുങ്ങള്‍ ആ സമുദായത്തിന്‍റെ ഭാഗമായി വളരുന്നു. അതിനോട് ചേര്‍ന്ന് ജീവിക്കുന്നു. സ്വസമുദായാംഗമെന്ന നിലയില്‍ സ്വീകരിക്കപ്പെടുന്നു. സമുദായത്തിലെ എല്ലാ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുകയും ചെയ്യുന്നു. ഇത്തരം കുടുംബങ്ങള്‍ ഇന്നുമുണ്ടെന്നത് ഏവര്‍ക്കും കാണാവുന്ന കാര്യമാണ്.ഈ കുട്ടികള്‍ വളരുന്ന മുറയ്ക്ക് അവരവരുടേതായ നിലയില്‍ സമുദായത്തിലെ ക്രിയാത്മകാംഗമായി മാറുന്നു.അവര്‍ സമുദായത്തിന്‍റെ ഉന്നമനത്തിനും ക്ഷേമത്തിനും ഭാഗഭാക്കാവുന്നു. ആ നിലയില്‍, കാലങ്ങളായി സമൂഹം കൈമാറി കൈമാറി വരുന്ന പാരമ്പര്യങ്ങള്‍ക്ക് ഇവരും ജന്മാവകാശികളാണ്. അങ്ങനെ തന്നെയാണ് ഇന്നാട്ടിലെ സര്‍ക്കാര്‍ സംവിധാനങ്ങളും വിദ്യഭ്യാസ സ്ഥാപനങ്ങളും, മറ്റ് സാമുഹ്യ സംഘടനകളും, സാമുദായിക നേതാക്കളും, ഗ്രാമമുഖ്യന്മാരും ഇവരെ ഉള്‍ക്കൊള്ളുന്നതും സ്വീകരിക്കുന്നതും. അമ്മയുടെ പേര് ചേര്‍ത്താണ് അവരെ സ്ക്കൂളില്‍ പ്രവേശിപ്പിക്കുന്നത്. അവരവിടെ മിടുക്കന്മാരായി പഠിച്ച് വളരുന്നു, നല്ല ജോലി സമ്പാദിക്കുന്നു.
അമ്മയുടെ പേരും സമുദായത്തിന്‍റെ പേരുമാണ് ഇവര്‍ക്ക് വ്യക്തിത്വം / മേല്‍വിലാസം നല്കുന്നത്. അതേ സമയം, നിലനില്ക്കുന്ന സംവിധാനങ്ങളും രീതികളും ഇതായിരുന്നിട്ട് കൂടി പുതുതായി പ്രാബല്യത്തില്‍ വന്ന ഗാരോ പരമ്പരാഗത നിയമ ബില്‍ ഇതില്‍ മാറ്റം വരുത്താനാണ് ശ്രമിക്കുന്നത്. അതിന്‍റെ ഫലമായി പരമ്പരാഗതമായി കൈമാറ്റം ചെയ്യപ്പെട്ട് വന്നിരുന്ന ജന്മാവകാശങ്ങളും, സ്ത്രീകള്‍ക്കുണ്ടായിരുന്ന പ്രത്യേകാവകാശങ്ങളും ഏതാണ്ടെല്ലാം തന്നെ നിഷേധിക്കപ്പെടുകയാണ്.ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗാരോ ജനതയുടെ പരമ്പരാഗതമായ അവകാശങ്ങളെ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ ഗാരോ ഹില്‍സ് സ്വയംഭരണ ജില്ലാ സമിതി ഒരു കമ്മിറ്റി രൂപീകരിക്കയുണ്ടായി.
ആ പ്രദേശത്തെ ഭൂമി ശാസ്ത്രപരമായ എല്ലാ വശങ്ങളേയും കണക്കിലെടുത്തായിരുന്നു പഠനം നടത്തിയത്. തികച്ചും നിഷ്പക്ഷമായി, സത്യസന്ധമായതും ഉറച്ചതും നീതിയുക്തവുമായ ഒരു പഠനമായിരുന്നു അത്. അതിലെ പരമ്പരാഗതമായ നിയമങ്ങളെ ഏകീകരിച്ചു കൊണ്ട് പറയുന്നതിപ്രകാരമാണ്: 1) രക്ഷിതാക്കള്‍ രണ്ടു പേരും ഗാരോ ആയിട്ടുള്ള കുട്ടികള്‍ 2) രക്ഷിതാക്കളില്‍ ഒരാള്‍ – മാതാവോ പിതാവോ – മാത്രം ഗരോ ആയിട്ടുള്ള കുട്ടികള്‍ – അവര്‍ ഗാരോ തന്നെയാണെന്നാണ് നിര്‍വ്വചിക്കുന്നത്. അതിനുള്ള ഒരു മാനദണ്ഡം എന്നത് – കുട്ടികളെ ഗാരോ എന്ന നിലയില്‍ നോക്കി വളര്‍ത്തുക, ഗാരോ ഭാഷ സംസാരിക്കുക, സമുദായത്തിന്‍റെ പരമ്പരാഗതമായ ആചാരങ്ങളെ പറ്റി അറിവുണ്ടാവുക എന്നതെല്ലാമാണ്. ചുരുക്കി പറഞ്ഞാല്‍, സമുദായത്തിലേക്ക് അവരെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുക എന്നതാണ് അതുദ്ദേശിക്കുന്നത്. മേല്പറഞ്ഞ യഥാര്‍ത്ഥ കരട് രേഖയിലെ മിശ്രദമ്പതികളുടെ കുട്ടികളെ സംബന്ധിക്കുന്ന ഭാഗങ്ങള്‍ 2018 മാര്‍ച്ച് മാസത്തില്‍ പാസാക്കിയ ഗാരോ പരമ്പരാഗത നിയമബില്ലും തുടര്‍ന്ന് 2019 ഡിസംബര്‍ മാസത്തിലെ അനുബന്ധ രേഖയിലും ഒഴിവാക്കപ്പെടുകയാണുണ്ടായത്. അതിനര്‍ത്ഥം, ദമ്പതിമാരില്‍ ഒരാള്‍ – അമ്മയോ അച്ഛനോ – ഗാരോ അല്ല എങ്കില്‍ കുട്ടിയെ ഗാരോ ആയി പരിഗണിക്കില്ല എന്നാണ്.
ഗാരോ ഭാഷ സംസാരിക്കുക, രക്ഷിതാവിന്‍റെ സമുദായത്തിന്‍റെയോ അതിന്‍റെ ഉപവിഭാഗത്തിന്‍റെയോ പരമ്പര്യങ്ങള്‍ ഉണ്ടായിരിക്കുക, അതിന്‍റെ പേരോ മറ്റ് ചിഹ്നങ്ങളോ പേരിനൊപ്പം ചേര്‍ക്കുക എന്നിവയെ ആ നിയമം ഒട്ടും പരിഗണിച്ചിട്ടു കൂടി ഇല്ല. ഇത് ആത്യന്തികമായി ഈ കുട്ടികളുടെ / ജനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണ്. ജന്മനാ മാതൃ പാരമ്പര്യത്തെ ഉള്‍ക്കൊള്ളുന്ന മാതൃദായ ക്രമത്തെ സംബന്ധിച്ചിടത്തോളം, രക്തശുദ്ധിയെ സംരക്ഷിക്കുന്ന വിധത്തിലുള്ള കാര്‍ക്കശ്യ സ്വഭാവമുള്ള ഈ നിയമ പ്രഖ്യാപനം ഗാരോ സമൂഹത്തെ അടിമുടി ആശങ്കയിലാഴ്ത്തിക്കളഞ്ഞു. ആബാലവൃദ്ധം ജനങ്ങളും നിയമപരമായ വെല്ലുവിളി നേരിടുകയാണ്. സ്ത്രീകള്‍ക്കിടയില്‍ പ്രത്യേകിച്ച് ഇത് ഭയവും ഉത്കണ്ഠയും വര്‍ദ്ധിപ്പിക്കുകയും ചെയ്തു.അക്ഷരാര്‍ത്ഥത്തില്‍, തന്‍റെ മക്കള്‍ക്ക് തന്‍റെ പേര് നല്കാനുള്ള അമ്മയുടെ പരമ്പരാഗതമായ അവകാശത്തെ ഈ നിയമം തീര്‍ത്തും ഹനിച്ചു കളഞ്ഞു. ഗാരോ സമൂഹത്തിന്‍റെ അടിത്തറയെ തകര്‍ത്തുകൊണ്ട് പരമ്പരാഗതമായി നിലിനില്ക്കുന്ന പൂര്‍വ്വികരുടെ സംസ്ക്കാരത്തെ ഇല്ലാതാക്കാനാണ് ഈ നിയമത്തിലൂടെ ശ്രമിച്ചത്.
രക്ഷിതാക്കളില്‍ ഒരാള്‍ ഗാരോ വിഭാഗത്തിലല്ല എങ്കില്‍ കുട്ടി ഗാരോ വിഭാഗത്തില്‍ പെടില്ല എന്നത് ഭരണഘടനാവിരുദ്ധമാണ്.ഏകപക്ഷീയമാണ് ആ നയം.സത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന മുഴുവന്‍ ഗാരോ സമൂഹത്തിന്‍റെയും എന്നെന്നേക്കുമായുള്ള ജീവിതവിധി ജനവിരുദ്ധരായ ഗാരോ ഹില്‍സ് സ്വയംഭരണ ജില്ല സമിതയാണ് നിര്‍ണ്ണയിക്കുക എന്നത് അത്രമേല്‍ ആശങ്കയും ഭീതിയും ജനിപ്പിക്കുന്നു. സ്ത്രീകള്‍ക്ക് മാത്രമായി നിശ്ചയിക്കപ്പെട്ടിരുന്ന അധികാരങ്ങളെയും അവകാശങ്ങളേയും കവര്‍ന്നെടുത്തു കൊണ്ട് കുടുംബവൃത്തം മുതല്‍ രാഷ്ട്രീയ മേഖലയില്‍ വരെ ഏകപക്ഷീയവും അധികാര സ്വഭാവത്തോടു കൂടിയും തീരുമാനങ്ങളെടുക്കാന്‍ പുരുഷന്‍മാര്‍ക്ക് ഭരണഘടന സ്ഥാപനങ്ങള്‍ നല്കുന്ന അധികാരം അപകടകരമായ സൂചനയാണ് നല്കുന്നത്.
സ്ത്രീ ശബ്ദത്തിന് വില കല്‍പിക്കാത്ത, അവരുടെ ധാര്‍മ്മിക ബോധങ്ങളെ പരിഗണിക്കാത്ത ഒരു സമൂഹം ഒരിക്കലും ഒരു മാതൃകാ സമൂഹം അല്ല. എന്തു തന്നെയാണെങ്കിലും, ഗാരോ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് അത്രയും ഉന്നതമായ സ്ഥാനമാനങ്ങളാണുള്ളത്. ഭൂരിഭാഗം സ്ത്രീകളും സമൂഹത്തില്‍ ഉയര്‍ന്നവരും സര്‍ക്കാര്‍ ജോലി നേടിയവരുമാണ്. പൊതുവേ സ്ത്രീയെ പുരുഷതുല്യമായി കണ്ട് പരിഗണിക്കുകയും ചെയ്യുന്നു. കുടുംബം, കുലം, വംശം, സമൂഹം എന്നിങ്ങനെ പ്രധാന വേദികളില്‍ തീരുമാനങ്ങളെടുക്കുന്ന ഘട്ടത്തില്‍ സ്ത്രീകളും തുല്യ പങ്ക് വഹിക്കുന്നു. പൊതു സമൂഹത്തില്‍ ഭയാശങ്കകള്‍ ഇല്ലാതെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അവര്‍ സാമ്പത്തികമായി സ്വയംപര്യാപ്തരാണ്. കുടുംബകാര്യങ്ങളിലും തുല്യതയുണ്ട്. സമൂഹത്തില്‍ ഏതാനും പേര്‍ ജനപ്രതിനിധികളായി ജനാധിപത്യസംവിധാനത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്തെ നിയമസഭയിലും ജില്ലാ വികസന സമിതികളിലും സ്ത്രീ പങ്കാളിത്തം ശ്രദ്ധേയമാണ്. കൂടുതല്‍ പുരോഗമനപരമായ സാമൂഹിക മാറ്റം, സാമൂഹികാവബോധം എന്നിവയുടെ ചാലകശക്തിയായി വര്‍ത്തിക്കാന്‍ വനിതാ പൊതുപ്രവര്‍ത്തകര്‍ ശ്രദ്ധിക്കുന്നുണ്ട്. പ്രതിജ്ഞാബദ്ധമായി തന്നെ ഇടപെടുന്നുണ്ട് എന്നു കാണാം. സാര്‍വത്രിക വിദ്യാഭ്യാസം, ക്രിയാത്മകമായ സാമൂഹിക പുരോഗതി എന്നിവയിലൂടെ ഗാരോ സമൂഹത്തിലെ മാതൃദായക്രമം നേരിടുന്ന എല്ലാത്തരം കുറവുകളേയും പരിഹരിച്ച് ഒരു മാതൃകാ സമൂഹത്തെ കെട്ടിപ്പടുക്കാന്‍ കഴിയും.
സുമേ സംഗ്മാ
സാമൂഹ്യപ്രവര്‍ത്തക
മേഘാലയ
വിവര്‍ത്തനം :
അനു ഉഷ
വിവര്‍ത്തക, കവയത്രി
COMMENTS