Homeചർച്ചാവിഷയം

“എങ്ങനെയെങ്കിലും” ഒരു ശരാശരി മലയാളി ഫിലിംമേക്കറുടെ മുദ്രാവാക്യം

ഉമ കുമരപുരം

ലയാളസിനിമ ഉണ്ടായ കാലം തൊട്ട്, ബൈ ഡെഫിനിഷന്‍, ക്രിയേറ്റീവ് മനസ്സുകളുടെ ഒരു സംഗമസ്ഥാനമാണ്. ക്രിയേറ്റീവ് മനസ്സുകളോടൊപ്പം -ഒരുപക്ഷേ ക്രിയേറ്റീവ് മനസ്സുകളെക്കാള്‍- കോര്‍പ്പറേറ്റ് ബുദ്ധിമാന്മാരും അവരുടെ തൊഴിലാളികളും കൂടെ ഉണ്ടാക്കിയെടുത്ത ഹോളിവുഡില്‍ നിന്നും വിഭിന്നമായി, ഒരു പറ്റം ക്രിയേറ്റീവ് ആയ മനുഷ്യര്‍, യൂറോപ്യന്‍ ആര്‍ട്സി-സയന്‍റിഫിക് സര്‍ക്കിളുകളില്‍ നിന്നും, ഹോളിവുഡ് ഫാക്ടറികളില്‍ നിന്നും വന്നുകൊണ്ടിരുന്ന ഓഡിയോ-വിഷ്വല്‍ അദ്ഭുതങ്ങള്‍ കണ്ടു സ്വന്തമായി അത്തരം അത്ഭുതങ്ങള്‍ തങ്ങള്‍ക്കും സൃഷ്ടിക്കണമെന്ന ആഗ്രഹത്തോടെ പരിശ്രമിക്കാന്‍ ഒത്തുകൂടിയതിന്‍റെ ഫലമായി പിറന്നതാണ് ഇന്ത്യന്‍ സിനിമ. അതിന്‍റെ ഒരു ഭാഗമായി ജനിച്ചതാണ് മലയാളസിനിമയും. ഇല്ലായ്മകളുടെ എല്ലാ ബാലാരിഷ്ടതകളില്‍നിന്നും, പൊങ്ങി വന്നതാണത്. തൊഴിലാളികളും മുതലാളികളുമൊന്നുമായിരുന്നില്ല അന്ന് സിനിമയില്‍ ഉണ്ടായിരുന്നത്. സിനിമ എന്ന സ്വപ്നം മാത്രം കണ്ടുനടക്കുന്ന, ഭ്രാന്തന്‍ എന്നു നാട്ടുക്കാര്‍ മുദ്ര കുത്തുന്ന തരം ക്രിയേറ്റീവ് ജീനിയസുകളും അവരുടെ ഒപ്പം കൂടിയ കുറച്ചു സുഹൃത്തുകളുമായിരുന്നു. അതില്‍ ചിലര്‍ കാശിറക്കി, ചിലര്‍ സംവിധാനിച്ചു, ചിലര്‍ അഭിനയിച്ചു, ചിലര്‍ക്കു സത്യന്‍മാഷ്ക്കു സീനില്‍ വലിക്കാന്‍ ബീഡികൊടുത്തു തൃപ്തിയടയേണ്ടി വന്നു.

ഇന്നും അതിന്‍റെ പിന്തുടര്‍ച്ചയിലാണ് സിനിമാലോകം നില്‍ക്കുന്നത്. നോക്കിപ്പഠിക്കുന്നത് പടിഞ്ഞാട്ടേക്കും വടക്കോട്ടും ഒക്കെ ആണെങ്കിലും മനോഗതി ഇപ്പോഴും നാലഞ്ചു പതിറ്റാണ്ട് മുന്‍പത്തെ തന്നെയാണ് എന്നതാണ് അവസ്ഥ. “എങ്ങനെയെങ്കിലും” എന്നതാണ് ഒരു ശരാശരി മലയാളി ഫിലിംമേക്കറുടെ മുദ്രാവാക്യം. (തല്‍കാലം നമുക്ക് മലയാളത്തെ കുറിച്ച് മാത്രം സംസാരിക്കാം). എങ്ങനെയെങ്കിലും തന്‍റെ സിനിമ എന്ന സ്വപ്നം സാക്ഷാത്കരിക്കണം എന്നാണ് അയാളുടെ/അവളുടെ ആഗ്രഹം.

ശുദ്ധമായ കലയാണ് അവരില്‍ പലരെയും സംബന്ധിച്ച് സിനിമ. ചിലര്‍ക്കാവട്ടെ വാണിജ്യകലയും. എന്തായാലും കഥയെഴുതുന്നു, ഷൂട്ട് ചെയ്യുന്നു, കാണിക്കുന്നു, കാശ് വരുന്നു. സിമ്പിള്‍. പക്ഷേ ഇതെല്ലാം ഒരാളെക്കൊണ്ട് മാത്രം നടക്കില്ല എന്നിടത്താണ് പ്രധാനമായ പ്രശ്നം വരുന്നത്. ഒരു പറ്റം ആളുകള്‍ വേണമല്ലോ. ആള് കൂടിയാല്‍ സ്വാഭാവികമായും പല പല ഇഷ്യൂകള്‍ ഉണ്ടാവാം. പ്രതിഫലത്തിന്‍റെ പേരില്‍ പ്രശ്നം, ചൂഷണത്തിന്‍റെ പേരില്‍ പ്രശ്നം, കിട്ടുന്ന ഭക്ഷണത്തിന്‍റെ ക്വാളിറ്റിയുടെ പേരില്‍ വരെ പ്രശ്നം വരാം. ഏതൊക്കെ പ്രശ്നങ്ങളില്‍ ആരാണ് ഇടപെടേണ്ടത്, ആരാണ് തീര്‍പ്പ് കല്‍പ്പിക്കേണ്ടത്, എങ്ങനെയുള്ള തീര്‍പ്പാണ് വേണ്ടത്? സ്വാഭാവികമായും അതിന് ഒരു സ്ട്രക്ചര്‍ വേണം. ഈ അടുത്ത കാലം വരെ സിനിമാവ്യവസായം തുടര്‍ന്ന് പോന്ന സ്ട്രക്ചര്‍ ഇന്ത്യന്‍ മനസ്സിന് ഏറ്റവും എളുപ്പത്തില്‍ അനുകരിക്കാന്‍ പറ്റിയ ഒരെണ്ണമായിരുന്നു- ഫ്യൂഡല്‍, അഥവാ ജന്മിത്വ സ്ട്രക്ചര്‍. ഏറ്റവും മുകളില്‍ പ്രൊഡ്യൂസര്‍, ഡയറക്ടര്‍, അല്ലെങ്കില്‍/ഒപ്പം സ്റ്റാര്‍, തൊട്ട്താഴെ അവരുടെ ശിങ്കിടികള്‍, അതിനും താഴെ പണിയെടുക്കുന്ന അടിയാളന്മാര്‍. ഫ്യൂഡല്‍ വ്യവസ്ഥിതി പോലെത്തന്നെ അവിടേയും സ്ത്രീകള്‍ പവര്‍ പൊസിഷനില്‍ എന്ന ചോദ്യം ഉയരുന്നേ ഇല്ല.

താഴേക്കിടയില്‍ നിന്നും പ്രതിഫലത്തെയും ചൂഷണത്തെയും കുറിച്ചുള്ള ചോദ്യങ്ങള്‍ കൂടുതല്‍ ഉയരുകയും, ഏകദേശം ആ സമയങ്ങളില്‍ തന്നെ സ്ത്രീകള്‍ കൂടുതലായി ക്യാമറയ്ക്ക് പിന്നിലുള്ള ജോലികളിലേക്ക് കടന്നുവരാന്‍ തുടങ്ങുകയും ചെയ്തപ്പോഴാണ് സിനിമയ്ക്കകത്തെ ഫ്യൂഡല്‍ വ്യവസ്ഥിതിയ്ക്ക് ഇളക്കം തട്ടുകയും, ഇതിനെ ഒരു വ്യവസായമായി തന്നെ കണ്ട് സിനിമ കൂടുതല്‍ കോര്‍പ്പറേറ്റ് രീതിയിലേക്ക് മാറാന്‍ തുടങ്ങുകയും ചെയ്തത്.

പക്ഷേ എന്നിട്ടും, കൃത്യമായി നിര്‍വചിക്കാനാവാത്ത ഒരു ജോലിസ്ഥലമാണ് നമ്മുടെ സിനിമ. ഒരു പക്ഷേ, ഫിസിക്കല്‍ ലേബര്‍ എടുക്കുന്ന തൊഴിലാളികളെ സംബന്ധിച്ച് സിനിമയിലെ ജോലിസ്ഥലം നിര്‍വചിക്കല്‍ കുറച്ചു കൂടെ എളുപ്പമാണ് എന്നു കരുതാം. അവര്‍ എവിടെ ജോലി ചെയ്യുന്നോ അതു ജോലിസ്ഥലം. എപ്പോള്‍ ജോലി ചെയ്യുന്നോ അത് വര്‍ക്ക് അവേര്‍സ്. പക്ഷേ ആണോ? ഷൂട്ടിന് വരുന്ന ദിവസങ്ങളില്‍, ജോലി കഴിഞ്ഞു വിശ്രമിക്കുന്ന സമയത്തും സ്ഥലത്തും എന്തെങ്കിലും പ്രശ്നം നേരിട്ടാല്‍ അത് ഏത് രീതിയില്‍ പെടും? ഷൂട്ടിന് മുന്നേ ലൊക്കേഷന്‍ പോയിക്കാണുന്ന യാത്രദിവസവും, ടെസ്റ്റുകള്‍ നടത്തുന്ന ദിവസങ്ങളും എവിടെ പെടും?
ഇന്‍റലെക്ച്യുല്‍-ലേബര്‍ എടുക്കുന്ന ക്രിയേറ്റീവുകളെ സംബന്ധിച്ചാണെങ്കില്‍ കുറച്ചുകൂടെ കുഴഞ്ഞാണ് കാര്യങ്ങള്‍. ഒരു വിഷയം എഴുതിക്കൊടുക്കാന്‍ വേണ്ടി ചിന്തിക്കാനെടുക്കുന്ന സമയം മുഴുവന്‍ വര്‍ക്ക് അവറില്‍ പെടുമോ? ഡിസ്കഷനുകള്‍ നടക്കുന്ന സമയവും സ്ഥലവും, ജോലിസ്ഥലവും ജോലിസമയവുമാണോ? എപ്പോഴാണ് ചിന്ത വരുന്നത്, എപ്പോഴാണ് ഡിസ്കഷന്‍ നടക്കുന്നത്, ഏത് പാതിരാത്രിക്കാണ് കഥ ആവശ്യപ്പെടുന്ന ഷോട്ട് എടുക്കേണ്ടത് ഇതെല്ലാം ഏത് രീതിയിലാണ്  കൈകാര്യം ചെയ്യേണ്ടത് തുടങ്ങി കുഴക്കുന്ന ചോദ്യങ്ങള്‍ അനവധിയാണ്. ഇത് ഏറ്റവും അധികം ബാധിക്കുന്നതാകട്ടെ അസിസ്റ്റന്‍റ്, അപ്രേന്‍റീസ് തുടങ്ങിയ റോളുകളില്‍ ജോലിയ്ക്ക് കയറുന്ന മെന്‍റല്‍-തൊഴിലാളികളെയാണ്.

തമാശ എന്തെന്നാല്‍, തൊഴിലാളി എന്ന കോണ്‍സെപ്റ്റ് വളരെ അടുത്തയിടയ്ക്ക് മാത്രമാണ് സിനിമയില്‍ വന്നിട്ടുള്ളത്, ക്രിയേറ്റീവുകളായിരുന്നു ആദ്യന്തം ഈ ഫീല്‍ഡില്‍. എന്നിട്ട് പോലും ഇതില്‍ ഒരു സ്ട്രക്ചര്‍, അല്ലെങ്കില്‍ ഒരു നിര്‍വചനം എന്നത് ഉണ്ടാക്കിയെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ തൊഴിലാളി യൂണിയന്‍ ഉണ്ടാവേണ്ടി വന്നു. ഒരു പക്ഷേ ക്രിയേറ്റീവ് ജീനിയസുകള്‍ക്ക് അരാജകത്വത്തോടുള്ള ആരാധനയും, സ്ട്രക്ചറുകളോടുള്ള പുച്ഛവുമായിരിക്കാം ഇത് വരെ ഒരു വര്‍ക്ക്പ്ലേസ് നിര്‍വചനം സിനിമയില്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ നിന്നും അവരെ തടഞ്ഞത്.

ഇത്രയധികം മനുഷ്യര്‍ ഒത്തുകൂടി ജോലി ചെയ്യുന്നു എന്നത് കൊണ്ടും, ഇത്രയധികം സമയം, പണം, മറ്റ് റിസോഴ്സുകള്‍ എന്നിവ ചിലവാക്കപ്പെടുന്നു എന്നത് കൊണ്ടും സിനിമ മറ്റ് കലകളില്‍ നിന്നും വിഭിന്നമാണ്. അതിനെ ഒരു വര്‍ക്ക്പ്ലേസ് ആയിട്ട് തന്നെ കാണേണ്ടതാണ്; അതിന് ഒരു വര്‍ക്ക്പ്ലേസ് ഡെഫിനിഷന്‍ അത്യാവശ്യമാണ്. ശ്രദ്ധിച്ചാല്‍, വര്‍ക്ക്പ്ലേസ് ഡെഫിനിഷന്‍ വേണ്ടിവരുന്ന, എന്നാല്‍ ഇത് വരെ അത് നടപ്പിലാക്കാത്ത ആദ്യത്തെ വ്യവസായമാവാം സിനിമ- സ്വയം വ്യവസായമെന്ന് വിളിക്കുകയും എന്നാല്‍ അതിന്‍റെ നിയന്ത്രണങ്ങള്‍ പാലിക്കാതിരിക്കുയും ചെയ്യുന്ന ചുരുക്കം വാണിജ്യ കലകളിലൊന്നാണ് സിനിമ. അതിലേക്ക് ഒഴുക്കപ്പെടുന്നതും, അതില്‍ ചിലവാക്കപ്പെടുന്നതുമായ വിഭവങ്ങളുടെ അളവും ക്വാളിറ്റിയും പ്രകാരവും, അതില്‍ നിന്നുണ്ടാക്കിയെടുക്കപ്പെടുന്ന പ്രോഡക്റ്റിന്‍റെ സാമൂഹ്യ-സാംസ്കാരിക-ചരിത്രപരമായ ഇംപാക്ട് കൊണ്ടും, കല എന്നതിനെക്കാള്‍ കലാപരമായ വ്യവസായം എന്നതിനോടാണ് സിനിമ അടുത്ത് നില്‍ക്കുന്നത്. പുറംനാടുകളിലെ ഓഡിയോ-വിഷ്വല്‍ അത്ഭുതങ്ങള്‍ കണ്ടു അതുപോലെ ചെയ്യാന്‍ ശ്രമിച്ച ബാലാരിഷ്ടതകളുടെ നടുവിലുള്ള ജീനിയസുകളല്ല ഇപ്പോള്‍ ഇവിടെ ഉള്ളത്.

 

ലോകത്തെ മറ്റേതൊരു ഭാഷയിലെ സിനിമ ഇന്‍ഡസ്ട്രിയോടും കിടപിടിക്കുന്ന സൗകര്യങ്ങള്‍ ലഭ്യമാവുന്ന ഒരു വ്യവസായമാണ്. അത് കൊണ്ടു തന്നെ മറ്റേതൊരു വ്യവസായത്തിനും ഉള്ളത്പോലെയുള്ള റെഗുലേഷന്‍സും നിറ്വചനങ്ങളും ഇവിടെയും ആവശ്യമാണ്. പ്രത്യേകിച്ച് നിര്‍വചിക്കാന്‍ ബുദ്ധിമുട്ടായ ഇന്‍റലെക്ച്യുല്‍-ലേബര്‍ തൊഴിലാളികള്‍ പണിയെടുക്കുന്നിടത്ത്. ഇതില്‍ സ്ത്രീകള്‍/മറ്റ് ജന്‍ഡറുകള്‍ തുടങ്ങിയവര്‍ കൂടി കയറുമ്പോള്‍, മുതലാളി-തൊഴിലാളി സ്ട്രക്ചറിലേക്ക്, അധികാരയുദ്ധത്തിലേക്ക് ഇനിയും കുഴക്കുന്ന മറ്റ് വേരിയബിളുകള്‍ കൂടെ കൂട്ടിച്ചേര്‍ക്കപ്പെടുന്നു. ഫലം, കൂടുതല്‍ വ്യവസ്ഥിതികളും നിയമങ്ങളും വേണ്ട ഒരു തൊഴിലിടം! ഈ തൊഴിലിടത്തില്‍ പണിയെടുക്കുന്ന എല്ലാ തട്ടിലുള്ള തൊഴിലാളികള്‍ക്കും വര്‍ക്ക്പ്ലേസ് അനുസരിച്ച തൊഴില്‍നിയമങ്ങളും, തൊഴിലിടത്തിന് വേണ്ടി, അനുയോജ്യമായ രീതിയില്‍ ഡിസൈന്‍ ചെയ്യപ്പെടുന്ന നിര്‍വചനങ്ങളും റെഗുലേഷനുകളും ഉണ്ടാക്കിയെടുക്കാന്‍ ചില്ലറ പണിയല്ല വേണ്ടത്.
പക്ഷേ ഇതുവരെയുള്ള എളുപ്പപ്പണി വിട്ടു പോരാന്‍ വയ്യാത്തത് കൊണ്ടോ എന്തോ, ഇന്നും അതു നടന്നിട്ടില്ലാത്ത ഒരിടമാണ് നമ്മുടെ സിനിമ. കുറച്ചെങ്കിലും ആ രീതിയിലേക്കുള്ള കാല്‍വെപ്പായിരുന്നു സിനിമയ്ക്കകത്തെ തൊഴിലാളി യൂണിയന്‍ ഫോര്‍മേഷന്‍. പക്ഷേ, അതും ജന്‍ഡര്‍ എന്ന മതിലില്‍ തട്ടി നിന്നു.

തൊഴിലിടത്തിലെ, തൊഴിലാളികളിലെ ജന്‍ഡര്‍ വിഷയത്തെ ഒരു പരിധിയില്‍ കൂടുതല്‍ അഡ്രെസ്സ് ചെയ്യാന്‍ യൂണിയനുകളും ശ്രമിച്ചിട്ടില്ല. വഴിയരികിലെ ഒരു സാദാ റസ്റ്റോറന്‍റില്‍ ഉണ്ടാക്കിവെക്കുന്ന വേറെ വേറെ ആണ്‍-പെണ്‍ ശുചിമുറികളുടെ ഐഡിയ പോലും ആരുടെയും മനസ്സിലൂടെ പോയിട്ടുണ്ടാവില്ല എന്നു വേണം മനസ്സിലാക്കാന്‍. കേരളത്തിലെ, നീണ്ട ചരിത്രമുള്ള ഒരു പ്രമുഖ ചലച്ചിത്ര സ്റ്റുഡിയോയില്‍, വളരെ അടുത്ത് മാത്രമാണ് സ്ത്രീകള്‍ക്കായുള്ള ശുചിമുറി വന്നത് എന്നു കേട്ടാല്‍ അത്ഭുതം തോന്നാത്ത ഒരേ ഒരു കൂട്ടര്‍ സിനിമക്കാര്‍ മാത്രമാണ്. കാരണം അവര്‍ക്കത് പുതുമയുള്ള കാര്യമല്ല. എണ്ണത്തില്‍ കുറവുള്ള സ്ത്രീകള്‍ക്കായി എന്തിന് ലക്ഷങ്ങള്‍ മുടക്കി കാരവാന്‍ വരുത്തണം എന്ന് ഒരു പ്രൊഡ്യൂസര്‍ ചിന്തിച്ചാല്‍, മുതലാളിത്തത്തിന്‍റെ വീക്ഷണത്തില്‍ അതില്‍ ഒരു തെറ്റുമില്ല. അത് അങ്ങനെയല്ല, ഒരു ശരികേടാണു എന്ന് കാണിച്ചുകൊടുക്കാനുള്ള നിയമങ്ങളും റെഗുലേഷനുകളുമാകട്ടെ ഈ തൊഴിലിടത്തിന് ഒട്ടുമില്ല താനും.

കുറഞ്ഞ ശമ്പളത്തിന്‍റെയും, കൂടിയ ജോലിഭാരത്തിന്‍റെയും, ചുറ്റുമുള്ളവരുടെ കയ്യില്‍ നിന്നും ശല്യപ്പെടുത്തലിന്‍റെയും തരംതാഴ്ത്തലിന്‍റെയും, മറ്റൊരു കണ്ണിലൂടെയുള്ള നോട്ടങ്ങളുടെയും ഒപ്പം യൂറിനറി ഇന്‍ഫെക്ഷനും അങ്ങനത്തെ ഒരു പത്തു-പതിനാല് ആരോഗ്യപ്രശ്നങ്ങളും കൂടെയാണ് ഫ്രീ ആയി കിട്ടുന്നത് ഒരു ആവറേജ് സ്ത്രീതൊഴിലാളിക്ക്. നീണ്ട കാലയളവില്‍ ഇതെല്ലാം ഉണ്ടാക്കുന്ന മാനസികപ്രശ്നങ്ങള്‍ വേറെ. സിനിമയില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ കാരണം സ്റ്റോക്ക് മാര്‍ക്കറ്റ് വാല്യൂ കൂടിയ ഫാര്‍മ കമ്പനികളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെ ചിലപ്പോള്‍ കണ്ടേക്കാം. എന്നിട്ടും ഇതൊക്കെ സഹിച്ച്, സ്വപ്നങ്ങളുടെ പിന്നാലെ പോവാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ക്കും മറ്റുള്ളവര്ക്കും, മുന്നോട്ട് പോവണമെങ്കില്‍ അത്യാവശ്യമായ ഒരു സ്റ്റെപ്പ് ആണ് ഈ തൊഴിലിടത്തെ നിര്‍വചിക്കുക എന്നത്. സ്ത്രീകള്‍ക്ക് മാത്രമല്ല ഇവിടെ ജോലി ചെയ്യുന്ന, അവകാശബോധമുള്ള ഒരു ശരാശരി മനുഷ്യന് അത്യാവശ്യമായതാണ് തൊഴില്‍സമയങ്ങളെ, വേതനത്തിനെ, കോണ്‍ട്രാക്റ്റിനെ, ഈ വര്‍ക്ക്പ്ലേസിലെ എന്തിനേയും കൃത്യമായ നിയമങ്ങളുടെയും റെഗുലേഷനുകളുടെയും ഉള്ളില്‍ കൊണ്ടുവരുക എന്നത്. എന്നാല്‍ മാത്രമേ മറ്റേതൊരു ജോലിയും പോലെ ആത്മാഭിമാനത്തോടെ ജോലി ചെയ്തു ജീവിക്കാനുള്ള ഒരു വ്യവസ്ഥ ഇതില്‍ ഉണ്ടാകുകയുള്ളൂ.
കഥകള്‍ വേറെ, കഥകള്‍ പറയുന്ന തൊഴില്‍ വേറെ.

 

(ഫെഫ്കയുടെ കീഴിലെ സിനിമാറ്റോഗ്രഫേഴ്സ് യൂണിയന്‍ ഓഫ് മലയാളം സിനിമയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ ആണ്, കൂടാതെ ഇന്ത്യന്‍ വിമെണ്‍ സിനിമാറ്റോഗ്രഫേഴ്സ് കളക്റ്റിവ്, വിമെണ്‍ ഇന്‍ സിനിമ കളക്റ്റിവ് എന്നിവയുടെയും ആക്ടിവ് മെമ്പര്‍ ആണ്.)

 

COMMENTS

COMMENT WITH EMAIL: 0