ശീലാബതി പോയിട്ട് മൂന്ന് വര്‍ഷം കഴിയുന്നു. അടക്കം ചെയ്ത മണ്ണില്‍ നട്ട ഞാവല്‍ മരം രണ്ടാള്‍ പൊക്കത്തില്‍ വളര്‍ന്നിട്ടുണ്ട്. ചുറ്റിലും കാടാണ്. മരിയ്ക്കും വരെ അവള്‍ കഴിഞ്ഞ വീട്ടില്‍ അമ്മ ഇപ്പോഴും ബാക്കി ഉണ്ട്. 86 വയസ്സായി. ഒരായുസ്സ് മുഴുവന്‍ മകള്‍ക്ക് വേണ്ടി ജീവിച്ച അമ്മ. കണ്ണ് കാണില്ല. തീരെ വയ്യാതായിരിക്കുന്നു. ശോഷിച്ചുണങ്ങി, മെലിഞൊട്ടിയ ഒരു രൂപം. ഉമ്മറപ്പടിയില്‍ ശീലാപതിയുടെ രണ്ട് ഫോട്ടോകള്‍ ഉണ്ട്. ഒന്നില്‍ മാലയിട്ടിരിക്കുന്നു. തൊണ്ടക്കുഴിയില്‍ നിന്ന് ഒരു വാക്ക് പോലും പുറത്തേക്ക് വരാത്ത നിസ്സഹായത തോന്നും ആ വീട്ടില്‍ പോകുമ്പോ. റോഡില്‍ നിന്ന് മാറി ഒരു കുന്നിന്‍ ചെരുവില്‍, സൂക്ഷിച്ചു നടന്നില്ലേല്‍ താഴെ വീഴുമെന്ന വിധം ഒരു വഴി. കാടിനുള്ളില്‍ ഒരു കുഞ്ഞു വീട്. ശീലാബതിയുടെ വീട് .
എന്താണ് അവളെ പറ്റി ആ അമ്മയോട് ചോദിക്കേണ്ടത്? അവര്‍ക്ക് വേദനിക്കുമോ? അവര്‍ സങ്കടപ്പെടുമോ? കരഞ്ഞു പോകുമോ? ഒരായിരം ചോദ്യങ്ങള്‍ മനസ്സിലൂടെ ഓടി. എവിടെ തുടങ്ങണം? എവിടെ അവസാനിപ്പിക്കണം? ഒരായിരം വട്ടം പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ചോദിച്ചു പറയിപ്പിക്കണോ? ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞില്ലേ, ഒരുപക്ഷേ പ്രായം തളര്‍ത്തിയ ആ ശരീരം പഴയതൊക്കെയും മറന്ന് കാണുമോ? ഹേയ്… ഇല്ല. ഒരായുസ്സു മുഴുവന്‍ മകള്‍ക്ക് വേണ്ടി മാറ്റി വച്ച അമ്മയാണ്. അവര്‍ ഒരിക്കലും അവളെ, അവരുടെ എല്ലാമായിരുന്ന മകള്‍ ശീലാബതിയെ അവര്‍ മറക്കില്ല. ജീവന്‍റെ അവസാന ശ്വാസത്തിലും അവര്‍ അവളെ ഓര്‍ക്കും. അത് കൊണ്ട് ചോദിക്കാം, മറന്നതല്ലേ ഓര്‍മ്മിപ്പിക്കാന്‍ പാടില്ലാത്തതായിട്ടുള്ളൂ. അവളെ മറന്നിട്ട് ഒരു ജീവിതം സാധ്യമല്ലാത്ത ഒരമ്മയോട് എന്തും ചോദിക്കാം. ഞാന്‍ സ്വയം പറഞ്ഞു.
എട്ട് വയസ്സായിരുന്നു അന്ന് ശീലാബതിക്ക്. 3 ആം ക്ലാസിലേക്ക് കയറ്റം കിട്ടി സ്കൂളിലേക്ക് പോയി തുടങ്ങിയ നാളുകളാണ്. പതിവ് പോലെ വീട്ടില്‍ നിന്നും സ്കൂളിലേക്ക് പോയതായിരുന്നു അന്നും. വഴിയില്‍ തല കറങ്ങി വീണു. ആരൊക്കെയോ എടുത്ത് കൊണ്ട് വന്ന് വീട്ടിലെ തറയില്‍ ഒരു പാ വിരിച്ചു കിടത്തി. പിന്നെ എഴുന്നേറ്റിട്ടില്ല. നീണ്ട 32 വര്‍ഷങ്ങള്‍ ഒരേ കിടത്തം. എല്ലുകള്‍ വളഞ്ഞു. കൈകാലുകള്‍ ശോഷിച്ചു. വളര്‍ച്ച മുരടിച്ചു.
പുല്ലുമേഞ്ഞൊരു ഒറ്റമുറി കുടിലാണ് അന്ന് എന്‍മഗജേയിലെ ശീലാബതിയുടെ വീട്. ചാണകം മെഴുകിയ നിലം. തറയില്‍ ഒരു കീറ പായില്‍ അവള്‍ ചുരുണ്ടു കൂടി കിടന്നു. പായയോട് ചേര്‍ന്ന് ഒരു കുഞ്ഞു കത്തി എന്നും വയ്ക്കുമായിരുന്നു എന്ന് ഞങ്ങളുടെ കൂടെ വന്ന കൃഷ്ണേട്ടന്‍ പറഞ്ഞു. എല്ലുകള്‍ വളഞ്ഞു പോയ വിരലുകള്‍ കൊണ്ട് അവള്‍ക്കത് എടുത്തു പൊക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. എങ്കിലും അരികില്‍ വയ്ക്കും. അതൊരു വിശ്വാസമാണ്, ഇരുമ്പരികില്‍ വച്ചാല്‍ പ്രേതം വരില്ല പോലും. പേടി തോന്നില്ല പോലും. അമ്മ ജോലിക്ക് പോകുന്ന ദിവസങ്ങളില്‍ ശീലാപതി കിടക്കുന്നതിന് സമീപം ഒരു കയറ് കെട്ടി വീട്ടിലെ കുഞ്ഞു പൂച്ചക്കുട്ടിയെ അതില്‍ കെട്ടിയിടുകയും ചെയ്യും. ചുറ്റിലും കാടാണ്, വല്ല ഇഴജന്തുക്കളും വന്ന് അവളെ ഉപദ്രവിക്കാന്‍ നോക്കിയാലോ. പൂച്ച ഉണ്ടെങ്കില്‍ അവ പേടിച്ചു തിരികെ പോകുമല്ലോ.
ഇന്ന് ഇത്തിരി കൂടി സൗകര്യമുള്ളൊരു ഒറ്റമുറി വീടുണ്ട്. വീടെന്ന് പറഞ്ഞാല്‍ കയറിക്കിടക്കാന്‍ ഒരിടം എന്ന രീതിക്ക് 3 സെന്‍റ് സ്ഥലത്ത് ഡിവൈഎഫ്ഐ കെട്ടിക്കൊടുത്ത ഒരു കോണ്‍ക്രീറ്റ് വീട്. സൗകര്യങ്ങള്‍ ഒന്നുമില്ല, മര്യാദയ്ക്ക് വെളിച്ചം പോലുമില്ല. ശീലാപതി പോയതോടെ അമ്മ വല്ലാതെ തളര്‍ന്നു പോയിട്ടുണ്ട്. തീരെ വയ്യാതാവുകയും കാഴ്ച്ച ശക്തി തീരെ ഇല്ലാതാവുകയും ചെയ്തിട്ടുണ്ട്. അവള്‍ മരിക്കുവോളം കിടന്ന കട്ടിലില്‍ അവരാണിപ്പോള്‍ കിടക്കുന്നത്. അമ്മ ദേവകിയുടെ അനിയത്തിയാണ് ഇപ്പൊ കൂടെ നിന്ന് പരിചരിക്കുന്നത്. മര്യാദയ്ക്ക് വെളിച്ചം പോലും ഇല്ലാത്ത ഒരു വീട്ടില്‍ രണ്ട് ജന്മങ്ങള്‍ ജീവിക്കുന്നു. മുന്നിലും പിന്നിലും മറ്റ് രണ്ട് വശങ്ങളിലും നിറയെ കാട്, അതിനുള്ളില്‍ തീരെ ചെറിയൊരു വീട്ടില്‍ അവര് രണ്ട് പേരും മാത്രം. ശീലാബതിയെ അടക്കിയ സ്ഥലവും കാട് കയറി തന്നെ കിടപ്പാണ്. സംസാരിക്കാന്‍ വാക്കുകള്‍ കിട്ടാത്ത നിശബ്ദത തോന്നും അവിടെ ചെല്ലുമ്പോള്‍. ആളനക്കം ഇല്ലാത്ത ഒരിടത്ത്, ചുറ്റും കാട് കയറി കിടക്കുന്നതിന് നടുവില്‍ ഒരു കുഞ്ഞു വീട്. വീട്ടിലേക്ക് ചെല്ലാന്‍ നല്ലവഴിയോ റോഡോ പോലുമില്ല. കുഞ്ഞനൊരു ഒറ്റമുറി വീട്ടില്‍ അവരും സഹോദരിയും മാത്രം. രണ്ടില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍, ഒന്ന് വയ്യാതായാല്‍ തൊട്ടടുത്ത ടൗണിലേക്ക് പോലും കിലോമീറ്ററുകളുടെ ദൂരമുണ്ട്. അവിടുന്ന് അത്ര തന്നെ ദൂരം ആശുപത്രികളിലേക്കും. നല്ല റോഡില്ല, ഉള്ള റോഡിലൂടെ ഓടാന്‍ വാഹനങ്ങള്‍ കിട്ടാനില്ല, എന്തിന് ഒന്ന് ഉറക്കെ നിലവിളിച്ചാല്‍ കേള്‍ക്കാന്‍ ദൂരത്തില്‍ അടുത്തെങ്ങും വീടുകള്‍ പോലുമില്ല.
ശീലാബതി ഉള്ളപ്പോഴും ഇത് തന്നെയോ ഇതില്‍ കൂടുതലോ കഷ്ടമായിരിക്കില്ലേ ആ നാടിന്‍റെ, ഈ വീടിന്‍റെ അവസ്ഥയെന്ന് ഞാന്‍ ഓര്‍ത്തു. കിടന്ന കിടപ്പില്‍ നിന്ന് സ്വന്തമായിട്ടൊന്ന് തിരിഞ്ഞോ മറിഞ്ഞോ പോലും കിടക്കാന്‍ കഴിയാതിരുന്ന മകളെ നീണ്ട 32 വര്‍ഷം ആ സാഹചര്യത്തില്‍ നിന്ന് കൊണ്ട് നോക്കി സംരക്ഷിച്ച അമ്മയാണെന്‍റെ മുന്നില്‍ ഇരിക്കുന്നതെന്നോര്‍ക്കുമ്പോള്‍ വല്ലാത്ത കുറ്റബോധവും നിരാശയും തോന്നി. മകള്‍ക്ക് ഭക്ഷണം വാരി കൊടുത്തും, കുളിപ്പിച്ചും, മലവും മൂത്രവും വൃത്തിയാക്കിയും ഒരായുസ്സ് തീര്‍ത്ത അമ്മ. ‘ഞാന്‍ ചാകുവോളം ഞാന്‍ നോക്കും, പിന്നെ ആര് നോക്കുമെന്ന്’ ചോദിച്ചാകുലപ്പെട്ട അമ്മ. അവരിന്ന് തനിച്ചാണ്. അവര്‍ക്ക് മുന്നേ അവള്‍ പോയിരിക്കുന്നു.
വീടിനോട് ചേര്‍ന്ന് തൊട്ട് മുന്നില്‍ ഒരു സുരങ്കയുണ്ട്. സുരങ്കയെന്നാല്‍ കുളം പോലെതോന്നുന്ന ഒരു വെള്ളക്കെട്ട്. കിണറുമല്ല, കുളവുമല്ല, രണ്ടിനും നടുവിലുള്ള എന്തോ ഒന്ന്. അതില്‍ നിന്ന് തന്നെ ആണ് ഇപ്പോഴും കുടിക്കാനുള്ള വെള്ളം പോലുമെടുക്കുന്നതെന്ന് ശീലാബതിയുടെ അമ്മയുടെ അനിയത്തി പറഞ്ഞു. അന്ന് പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ ഹെലികോപ്റ്ററില്‍ കൊണ്ട് വന്ന് കാശുമാവിന് തളിച്ച എന്‍ഡോസള്‍ഫാന്‍ ഈ വെള്ളത്തില്‍ കലര്‍ന്നിരിക്കില്ലേ, ഒരുപക്ഷേ ഈ വെള്ളം കുടിച്ചിട്ടാകില്ലേ 8 വയസ്സുകാരി ശീലാബതി രോഗി ആയി മാറിയത്? കിടന്ന് പോയത്? ജീവിതത്തിന്‍റെ നിറവും ഭംഗിയും അവര്‍ക്ക് നഷ്ടപ്പെട്ടത്? ആ വെള്ളം തന്നെ ആണെന്നോ ഇപ്പോഴും എപ്പോഴും ഈ കുടുംബം കുടിക്കുന്നത്…!
ശീലാപതിയെ കൂടാതെ മറ്റൊരു മകന്‍ കൂടി ഉണ്ടായിരുന്നു അമ്മയ്ക്ക്. ശീലാബതിയെ പ്രസവിച്ചു രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞപ്പോള്‍ മരിച്ചു പോയതാണ് കുട്ടികളുടെ അച്ഛന്‍. പിന്നീട് അമ്മയായിരുന്നു ആ കുടുംബത്തിന്‍റെ എല്ലാം. ശീലാപതി രോഗിയായതോടെ ഏട്ടന്‍ മാനസീകമായി കുടുംബവുമായി അകന്ന് പോയിരുന്നു. അദ്ദേഹത്തിന്‍റെ വിവാഹ ശേഷം പൂര്‍ണ്ണമായും മകന് അമ്മയുമായും പെങ്ങളുമായുമുള്ള ബന്ധം ഇല്ലാതായി. കാസര്‍ഗോഡിന്‍റെ സംസ്ക്കാരങ്ങള്‍ മറ്റ് ജില്ലകളില്‍ നിന്ന് വ്യത്യസ്തമാണ്. വീട്ടിലെ പുരുഷന്മാര്‍ വിവാഹം ചെയ്താല്‍ കല്യാണം കഴിച്ച പെണ്‍കുട്ടികളുടെ വീട്ടില്‍ അവര്‍ക്കൊപ്പമാണ് പിന്നീടുള്ള കാലം ജീവിക്കുക. ഇന്നിതിലൊക്കെ മാറ്റം വന്നിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലേക്ക് വരുമ്പോള്‍ ഈ സിസ്റ്റം മുസ്ലിം സമുദായത്തില്‍ ആണ് കണ്ട് വരുന്നത്. ശീലാബതിയുടെ ഏട്ടന്‍ വിവാഹം കഴിച്ചതോടെ ശീലാബതിയുമായും അമ്മയുമായുമുണ്ടായിരുന്ന നേരിയ അടുപ്പം പോലും ഇല്ലാതാവുകയും അയാള്‍ അയാളുടെ കുടുംബത്തോടൊപ്പം മറ്റെവിടെയോ ജീവിക്കുകയും ചെയ്തു. അമ്മയും മകളും മാത്രമുള്ള ഒരു ലോകത്തിലേക്ക് ശീലാപതിയും അമ്മയും ചുരുങ്ങി.
കാസര്‍ഗോഡ് അത്തരം നിരവധി കേസുകള്‍ ഉണ്ട്. രോഗബാധിതരായ ആളുകളുടെ മുഴുവന്‍ ഉത്തരവാദിത്വവും സ്ത്രീകളെ ഏല്‍പ്പിച്ചു നാട് വിടുന്ന പുരുഷന്മാര്‍. കുട്ടികള്‍ക്ക് രോഗമാണെന്നറിഞ്ഞ ഉടന്‍ ഭാര്യമാരെ ഉപേക്ഷിക്കുകയും, വേറെ വിവാഹം കഴിച്ചു ജീവിക്കുകയും ചെയ്യുന്ന പുരുഷന്മാര്‍. അങ്ങനെ എത്രയോ പുരുഷന്‍മാരെ നമുക്കവിടെ കാണാം. പെറ്റ വയറിന് പക്ഷെ സ്വന്തം മക്കളെ ഉപേക്ഷിക്കാന്‍ വയ്യല്ലോ എന്ന ആത്മഗതതോടെ അമ്മമാര്‍ കുട്ടികളുടെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുത്തു ജീവിതം ജീവിച്ചു തീര്‍ക്കും. രോഗികളായി ജനിക്കുന്ന കുട്ടികളുടെ ചികിത്സ, അവരുടെ സംരക്ഷണം, കുടുംബത്തിന്‍റെ ഉത്തരവാദിത്വം, ദൈനംദിന ചിലവ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടി കൂടിയുള്ള കഷ്ടപ്പാടാണ് പുരുഷന്മാര്‍ ഇല്ലാത്ത വീടുകളിലെ സ്ത്രീകളുടെ പിന്നീടുള്ള ജീവിതം.
മരണം വരെ സംസാരിക്കുന്നതിന് ശീലാബതിക്ക് യാതൊരു ബുദ്ദിമുട്ടും ഉണ്ടായിരുന്നില്ല. ശരീരത്തിന്‍റെ വളര്‍ച്ച മുരടിച്ചു പോകുന്നതും, എല്ലുകള്‍ വളഞ്ഞു പോകുന്നതുമായിരുന്നു ശീലാബതിയുടെ രോഗം. എന്താണ് പെട്ടെന്ന് ഇത്തരം ഒരു അവസ്ഥയിലേക്ക് അവള്‍ എത്താന്‍ കാരണമെന്ന് കണ്ടെത്തുന്നതിന് തന്നെ വര്‍ഷങ്ങള്‍ വേണ്ടി വന്നിരുന്നു എന്നാണ് അമ്മ പറയുന്നത്. അന്ന് എന്‍റോസള്‍ഫാന്‍ ആണ് ഇതിന് കാരണമെന്നോ ഇത്തരം നിരവധി കുട്ടികള്‍ വൈകല്യങ്ങളോടെ നാട്ടില്‍ ഉണ്ടെന്നോ ഒന്നും അറിയില്ലായിരുന്നു. ജഡാദാരിയുടെ ശാപം എന്നെ കരുതിയുള്ളൂ. ശീലാബതി വീണ് പോയിട്ടും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് കാരണം കണ്ടെത്തുന്നതും അത് നിരോധിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതുമെല്ലാം. എട്ടാം വയസ്സില്‍ കിടന്ന പോയ കുട്ടി പിന്നീട് 32 വര്‍ഷങ്ങള്‍ ഒരേ കിടപ്പ് തുടര്‍ന്ന് ഒടുക്കം മൂന്ന് വര്‍ഷം മുന്‍പ്, 40 ആം വയസ്സില്‍ ലോകത്തോട് യാത്ര പറഞ്ഞു. ചെറിയൊരു പനി ആയിരുന്നു തുടക്കം. അത് പിന്നീട് കൂടി കൂടി വന്നു. മരുന്നുകളോട് ഒന്നും ശരീരം പ്രതികരിച്ചില്ല. അവള് പോയി. വേദനകള്‍ ഇല്ലാത്ത വിശാലമായ ലോകത്തേക്ക്.
ശീലാബതിയുമൊത്തുള്ള ജീവിതം അത്രമേല്‍ എളുപ്പമായിരുന്നില്ല അമ്മ ദേവകിയ്ക്ക്. കിടന്ന് പോയ മകളെ അവസാനം വരെ എടുത്ത് കൊണ്ട് പോയാണ് പ്രാഥമിക കാര്യങ്ങള്‍ പോലും ചെയ്ത് വന്നിരുന്നത്. മറ്റ് വരുമാനം ഒന്നും തന്നെ ഇല്ലാതിരുന്ന കുടുംബമായത് കൊണ്ട് തന്നെ കൂലിപ്പണിക്ക് പോകുന്നത് മുടങ്ങിയാല്‍ അന്നം മുട്ടുന്ന അവസ്ഥ. രോഗിയായ മകള്‍ക്ക് ഭക്ഷണത്തിനും മരുന്നിനുമുള്ള വക ഉണ്ടാക്കുന്നതിന് അവര്‍ക്ക് പണിക്ക് പോയെ മതിയാകുമായിരുന്നുള്ളൂ. രാവിലെ പോകും മുന്‍പ് ശീലാപതിക്ക് ഭക്ഷണവും വെള്ളവും മറ്റും കൊടുക്കും, ജോലിക്കിടയില്‍ വീട്ടിലേക്ക് വന്നിട്ടാണ് ഉച്ചയ്ക്കുള്ള ഭക്ഷണം കൊടുക്കുന്നതും മൂത്രമൊഴിക്കുന്നതിനും മറ്റും കൊണ്ട് പോകുന്നതും. ഇടയില്‍ എപ്പോഴെങ്കിലും മൂത്രശങ്ക ഉണ്ടായാല്‍ ഒന്നുകില്‍ അമ്മ വരും വരെ പിടിച്ചു നില്‍ക്കുക, ഇല്ലെങ്കില്‍ കിടന്ന കിടപ്പില്‍ കാര്യം സാധിക്കുക. ഇത്തരം ദയനീയതയില്‍ എത്രയോ കുട്ടികള്‍. എത്രയോ കുടുംബം. അമ്മ പണിക്ക് പോകുമ്പോള്‍ ശീലാപതി കിടക്കുന്നതിനോട് ചേര്‍ന്ന് ഒരു കത്തി വയ്ക്കുമായിരുന്നു പോലും, ഇപ്പോള്‍ ചോതിക്കുമ്പോഴും അമ്മ അത് പറയും. ഒറ്റയ്ക്ക് ആകുമ്പോള്‍ കുട്ടിക്ക് പേടി തട്ടാതിരിക്കാന്‍ ആണെന്ന്. പായയോട് ചേര്‍ന്ന് പൂച്ച കുട്ടിയെ കെട്ടിയിടുന്നത് ഇഴജന്തുക്കള്‍ വന്ന് ഉപദ്രവിക്കാതിരിക്കാനായിരുന്നു പോലും. മനുഷ്യന്മാരെ ആണല്ലോ കൂടുതല്‍ പേടിക്കേണ്ടതെന്ന് ഞാനപ്പോള്‍ ഓര്‍ത്തു. അല്ലെങ്കില്‍ ശീലാപതിയുടെ ദുരതങ്ങള്‍ അത്രയും വായിച്ചിട്ടും എന്‍റോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ട സെല്ലിന്‍റെ ചെയര്‍മാന്‍ കൂടിയായിരുന്ന മുന്‍ ജില്ലാ കളക്ടര്‍ അദ്ദേഹത്തിന്‍റെ ഒരഭിമുഖത്തില്‍ അവളെ മംഗളം വാരികയിലെ കഥാപാത്രമെന്ന് കളിയാക്കില്ലായിരുന്നല്ലോ.
ശീലാബതി അടക്കമുള്ള കുട്ടികള്‍ കിടപ്പില്‍ ആയി പോകാനും, വൈകൃതങ്ങളോടെ ജനിക്കാനുമുള്ള കാരണം കണ്ടെത്തിയ ശേഷവും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് സര്‍ക്കാര്‍ സഹായമെന്ന നിലയില്‍ ഇവര്‍ക്ക് പെന്‍ഷന്‍ കിട്ടിത്തുടങ്ങിയത്. ഇത് മാസംതോറും കൃത്യമായി കിട്ടുന്ന രീതി ഒന്നും ആദ്യ കാലങ്ങളില്‍ ഉണ്ടായിരുന്നുമില്ല. അര്‍ഹതപ്പെട്ടത് നേടിയെടുക്കാന്‍ സമരം ചെയ്യാന്‍ പോവുക പോലും ഇവരില്‍ പലരെ കൊണ്ടും സാധ്യമായിരുന്നില്ല. വയ്യാത്ത കുട്ടികളെയും കൊണ്ട് ദൂര സ്ഥലങ്ങളിലേക്കൊക്കെ എങ്ങനെ പോകാന്‍ ആണ്. എങ്ങനെ എങ്കിലും പോയി എന്ന് തന്നെ ഇരിക്കട്ടെ റോഡ് സൈഡിലും, കളക്ട്രേറ്റിന് മുന്നിലും, സെക്രട്ടറിയേറ്റ് പടിക്കലും നടക്കുന്ന സമരങ്ങള്‍ക്കിടയില്‍ ഈ കുട്ടികളുടെ കാര്യങ്ങള്‍ എങ്ങനെ ശ്രദ്ദിക്കും? ഒരു ജലദോഷം പോലും താങ്ങാന്‍ ശേഷിയില്ലാത്ത കുട്ടികള്‍ ആണ് പലരും. അസുഖങ്ങള്‍ വരാതിരിക്കുക എന്നത് മാത്രമാണ് ഡോക്ടര്‍മാര് പോലും മുന്നോട്ട് വയ്ക്കുന്ന ഏക നിര്‍ദേശം. ആ കുട്ടികളെയും കൊണ്ട് എങ്ങനെ അവകാശ സമരങ്ങള്‍ നടത്തും. അല്ലെങ്കില്‍ പിന്നെ വിശ്വാസിച്ചേല്പിച്ചു പോകാനും, ഞങ്ങള്‍ നോക്കിക്കോളാം എന്ന് പറയാനും ആരെങ്കിലും വേണം… മിക്ക വീടുകളിലെയും അവസ്ഥ അങ്ങനെ അല്ല താനും. എന്നാല്‍, ഇവരെ ചൂഷണം ചെയ്യാനും സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരത്തില്‍ നിന്നും ചികിത്സാ ചിലവില്‍ നിന്നും പെന്‍ഷനില്‍ നിന്നു പോലും കയ്യിട്ട് വാരി കീശ നിറയ്ക്കാന്‍ നടക്കുന്ന ഒരുപാട് പേര്‍ ഉണ്ടെന്നുള്ളത് മറ്റൊരു വിഷയം.
അഴിക്കുള്ളിലെ അഞ്ജലി….
എന്‍മഗജേയിലെ ശീലാപതിയുടെ വീട്ടില്‍ നിന്നും ഒരുപാട് ദൂരത്തിലാണ് അഞ്ജലിയുടെ വീട്. അമ്മയും മകളും ഏറെ പ്രായം ചെന്ന അമ്മൂമ്മയും മാത്രമുള്ള ഇതേ പോലുള്ളൊരു ഒറ്റമുറി വീടാണ് അതും. മകള്‍ക്ക് വേണ്ടി അവളുടെ റൂമില്‍ ഇരുമ്പ് വാതില്‍ പണിത അമ്മയെ ഒരുപക്ഷേ ചിലരെങ്കിലും ഓര്‍മ്മിക്കുന്നുണ്ടാകും. 19 വയസ്സേ ഉള്ളൂ അഞ്ജലിക്ക്. 2002 ല്‍ ആയിരുന്നു ജനനം. രണ്ടാം വയസ്സില്‍ മറ്റ് കുട്ടികളെ പോലെ അല്ല അഞ്ജലി എന്നും അവള്‍ക്ക് ശാരീരികമായും മാനസീകമായും പ്രശ്നങ്ങള്‍ ഉണ്ട് എന്നും മനസ്സിലാക്കിയപ്പോള്‍ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു പോയതാണ് അച്ഛന്‍. പിന്നീട് ഇന്നോളം അമ്മയാണ് നോക്കുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതോടെ വിവാഹം ചെയ്ത് പോയ വീട്ടില്‍ നിന്നും വയ്യാത്ത കുഞ്ഞിനെയും കൊണ്ട് വാടകയ്ക്ക് പോകേണ്ടി വന്നു അമ്മയ്ക്ക്. സ്ഥിരമായ ഒരു ജോലി ഇല്ല, ഉള്ള ജോലിക്ക് കുഞ്ഞിനെ ഒറ്റയ്ക്കാക്കി പോകാന്‍ സാധിക്കില്ല, വരുമാനമില്ല, മരുന്ന് ഭക്ഷണം വസ്ത്രം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വകയില്ല തുടങ്ങി ജീവിതം മുന്നോട്ട് പോകാന്‍ യാതൊരു വഴിയുമില്ല എന്ന് വന്നപ്പോഴാണ് അനിയന്‍റെ വീട്ടിലേക്ക് ഈ വയ്യാത്ത മകളെയും കൊണ്ട് ആ അമ്മ കയറിവരുന്നത്. അന്ന് മുതല്‍ ആ വീട്ടിലാണ് താമസം. സ്വന്തമായിട്ടൊരു വീട് ഇന്നുമില്ല. സര്‍ക്കാര്‍ കൊടുത്ത നഷ്ട്ടപരിഹാര തുക ഒക്കെ എന്നോ അവളുടെ തന്നെ ചികിത്സയ്ക്ക് വേണ്ടി ചിലവാക്കി കഴിഞ്ഞിരിക്കുന്നു.
മറ്റ് കേസുകളില്‍ നിന്ന് ഇത്തിരി വ്യത്യസ്തമായ അവസ്ഥയാണ് അഞ്ജലിയുടേത്. ശാരീരികമായ വലിയ വൈകല്യങ്ങള്‍ ഒന്നും അഞ്ജലിക്ക് ഇപ്പോള്‍ ഇല്ല. എന്നാല്‍ മാനസികമായ പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ അക്രമവാസന കാണിക്കുന്ന കുട്ടിയാണ് അഞ്ജലി. കയ്യില്‍ കിട്ടുന്നത് വലിച്ചെറിയുക, സ്വന്തം ശരീരം കടിച്ചു മുറിവേല്‍പ്പിക്കുക, അമ്മയെയും പ്രായമായ അമ്മൂമ്മയെയും ഉപദ്രവിക്കുക തുടങ്ങിയവ എല്ലാം അഞ്ജലി ചെയ്യും. മരുന്ന് കഴിക്കുന്നത് കൊണ്ടും, ശരീരം അനങ്ങാതിരിക്കുന്നത് കൊണ്ടും ശരീരത്തിന് പ്രായത്തില്‍ കവിഞ്ഞ ഭാരകൂടുതലും ഉണ്ട്. അമ്മയ്ക്ക് ഒറ്റയ്ക്ക് നിയന്ത്രിക്കാനോ അവളുടെ മുന്നില്‍ പിടിച്ചു നില്ക്കാനോ കഴിയാതെ വന്നപ്പോഴാണ് വാതിലിന് പകരം ഇരുമ്പഴികള്‍ എന്ന ആശയത്തിലേക്ക് ആ അമ്മ എത്തുന്നത്. എന്‍റെ കാലം കഴിഞ്ഞാല്‍ ഇവളെ ആര് സംരക്ഷിക്കും എന്ന ചോദ്യം തന്നെ ആണ് ഈ അമ്മയ്ക്കും ചോദിക്കാനുള്ളത്.
സ്കൂളില്‍ പോകാനുള്ള പ്രായമായി തുടങ്ങിയത് മുതല്‍ സ്പെഷ്യല്‍ സ്കൂളികളില്‍ അഞ്ജലിയെ കൊണ്ട് പോയി പഠിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഒക്കെയും അവര്‍ നടത്തിയിരുന്നു. എന്നാല്‍ ഒരിടത്തും സ്ഥിരമായി അവള്‍ക്ക് നില്‍ക്കാന്‍ സാധിച്ചില്ല. മറ്റ് കുട്ടികളെ ഉപദ്രവിക്കുന്നത് മുതല്‍ സ്വയം മുറിവേല്പിക്കുക വരെ ചെയുന്ന ഒരു കുട്ടിയെ ഒരുപാട് നാളുകള്‍ സംരക്ഷിക്കാന്‍ എല്ലാവരും ഒരേ പോലെ ഭയന്നു. ഇപ്പോള്‍ അവളുടെ ലോകം ഇരുമ്പഴികളുള്ള ആ മുറിയും അമ്മയുമാണ്. അവള്‍ ആകെ പറയുന്ന വാക്ക് അമ്മ എന്നാണ്. എന്ത് കാര്യവും പറയാന്‍ അവള്‍ക്ക് ആ ഒരൊറ്റ വാക്കെ അറിയുള്ളൂ. ഏത് വികാരവും അവള്‍ പ്രകടിപ്പിക്കുന്നതും ആ വാക്കിലൂടെ തന്നെയാണ്. ഞങ്ങളെത്തുമ്പോള്‍ മകള്‍ക്ക് പാട്ട് കേള്‍ക്കാന്‍ ഇഷ്ടമാണെന്ന് മനസ്സിലാക്കി അതൊരുക്കി കൊടുക്കാന്‍ ഉള്ള പണിയില്‍ ആയിരുന്നു അമ്മ. ഒരു ജന്മം മുഴുവന്‍ മകള്‍ക്ക് വേണ്ടി മാറ്റി വച്ച മറ്റൊരു സ്ത്രീ കൂടി എന്‍റെ മുന്നില്‍ നില്‍ക്കുന്നു. ഒരുപാട് സംസാരിക്കുന്നു. സങ്കടങ്ങള്‍ പറയുന്നു. ഇടയ്ക്ക് കരയുകയും, മറ്റ് ചിലപ്പോള്‍ അവളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എണ്ണി എണ്ണി പറഞ്ഞു സന്തോഷിക്കുകയും ചെയ്യുന്നു. അപ്പോഴും സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്തുനിന്നും നിരവധി വാഗ്ദാനങ്ങള്‍ കിട്ടിയിട്ടും ഇത് വരെ ഒന്നും പ്രവര്‍ത്തിയില്‍ വരാത്ത സങ്കടവും ആ അമ്മ പങ്കുവയ്ക്കുന്നുണ്ട്.
പൂട്ടിയിട്ട അഴിക്കുള്ളില്‍ കഴിയുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ പെണ്‍കുട്ടിയെ കുറിച്ചറിഞ്ഞിട്ട് അവളെ കാണാന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ ഉള്‍പ്പെടെയുള്ള ആളുകള്‍ ചെങ്കള ഉജ്ജംകോട്ടുള്ള ഒറ്റമുറി വീട്ടിലെത്തിയിട്ട് മാസങ്ങള്‍ കഴിഞ്ഞ ശേഷമാണ് ഞങ്ങള്‍ അവിടെ ചെല്ലുന്നത്. കമ്മീഷന്‍ അധ്യക്ഷ പി സതീദേവിയും അംഗം ഷാഹിദാ കമാലുമാണ് അഞ്ജലിയെ കാണാനെത്തിയതും അമ്മ രാജേശ്വരിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതും. അപ്പോഴും എനിക്ക് ശേഷം ആര് കുഞ്ഞിനെ സംരക്ഷിക്കും എന്നതായിരുന്നു ആ അമ്മയുടെ പ്രധാന പ്രശ്നവും ആവശ്യവും. ഞങ്ങള്‍ ഉണ്ടാകും കൂടെ, ഞങ്ങള്‍ ഏറ്റെടുക്കും എന്നായിരുന്നു മറുപടി, എന്നാല്‍ മറ്റ് വാഗ്ദാനങ്ങള്‍ എല്ലാം മറന്ന് പോയ ഒരു കൂട്ടരുടെ ഈ വാക്കിനെ മാത്രം എങ്ങനെ ആണ് വിശ്വാസത്തില്‍ എടുക്കുന്നത് എന്നതാണ് അമ്മയ്ക്ക് മുന്നിലെ ഏറ്റവും വലിയ പ്രതിസന്ധി.
ബംഗളുരുവില്‍ ആയുര്‍വേദ സിദ്ധ ചികിത്സ നടത്തി വരുന്ന അഞ്ജലിയില്‍ ഇപ്പോള്‍ നേരിയ മാറ്റം കണ്ട് തുടങ്ങിയിട്ടുണ്ട് എന്നാണ് അമ്മ പറയുന്നത്. നേരത്തെ ഉണ്ടായിരുന്ന പല പ്രവണതകളും അക്രമ വാസനകളും കുറയുന്നതായും അത്യാവശ്യ കാര്യങ്ങള്‍ ഒക്കെ, ഭക്ഷണം കഴിക്കുക, മൂത്രമൊഴിക്കാനും മറ്റും പോവുക തുടങ്ങിയവ സ്വയം ചെയ്യുന്നതായും അമ്മ പറയുന്നു. ഈ പശ്ചാത്തലത്തില്‍ ഈ കുടുംബത്തിനെ പ്രത്യേകമായി പരിഗണിച്ചു കൊണ്ട് അടിയന്തിര ഇടപെടല്‍ നടത്താന്‍ ജില്ലാ കളക്ടര്‍ക്ക് കമ്മീഷന്‍ അധ്യക്ഷ നിര്‍ദേശം നല്‍കിയിരുന്നു. ജില്ലാ കളക്ടര്‍, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട്, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍, മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവരുടെ യോഗം വിളിച്ചുചേര്‍ത്ത് നടപടി സ്വീകരിച്ചു തുടങ്ങിയതായി അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നടപടികള്‍ ഒന്നും പിന്നീട് മുന്നോട്ട് പോയില്ലെന്നാണ് അമ്മ പറയുന്നത്. ഒരു മാസം മാത്രം ഇരുപത്തി അയ്യായിരം രൂപയോളം ചിലവ് വരുന്ന ചികിത്സയ്ക്ക് സഹായിക്കാം എന്നായിരുന്നു കമ്മീഷന്‍റെ വാഗ്ദാനം. എന്നാല്‍, അതേ ചികിത്സയ്ക്കുള്ള ചിലവ് കണ്ടെത്താന്‍ ബുദ്ദിമുട്ടുന്ന അവസ്ഥയിലാണിപ്പോള്‍ ഈ അമ്മ.
സര്‍ക്കാര്‍ അനുവദിച്ച മൂന്ന് സെന്‍റ് ഭൂമിയില്‍ ലൈഫ് മിഷനില്‍ വീട് അനുവദിച്ചതായി പി.സതീദേവി അന്ന് തന്നെ അഞ്ജലിയുടെ അമ്മ രാജേശ്വരിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ കാര്യത്തിലും മുന്നോട്ടുള്ള നടപടികള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് അമ്മ പറയുന്നത്. ഇപ്പോഴും ബന്ധു വീട്ടില്‍ തന്നെ കഴിയേണ്ട ഗതികേടിലാണ് കുടുംബം. മൂന്ന് സെന്‍റ് ഭൂമിയില്‍ പണിത ഇപ്പോള്‍ താമസിക്കുന്ന ഒറ്റ മുറി വീടിന് മുന്നില്‍ വലിയ താഴ്ചയിലുള്ള കുഴികളാണ്. ഡോക്ടറുടെ നിര്‍ദേശ പ്രകാരം മിക്കവാറും ദിവസങ്ങളില്‍ വൈകുന്നേരം അമ്മയും മകളും ഇത്തിരി ദൂരം നടക്കുമായിരുന്നു. കൊച്ചു കുട്ടിയെ പോലെ അവള്‍ ആ നടത്തം ആസ്വദിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ വീടിന് മുന്നിലെ ഇത്തിരി മുറ്റത്തിന് ശേഷമുള്ള താഴ്ചയിലേക്ക് വീണതോടെ ഇപ്പോള്‍ നടക്കാന്‍ പോകുന്നതും അമ്മയ്ക്കും മകള്‍ക്കും പേടിയാണ്. കൊച്ചു കുട്ടികളെ പോലെ പെരുമാറുന്ന ഒരു പത്തൊന്‍പതുകാരിയെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല എന്നതാണ് പേടിയുടെ പ്രധാന കാരണം. അടച്ചുറപ്പുള്ളൊരു കുഞ്ഞു വീടും, മകളുടെ മുന്നോട്ടുള്ള ചികിത്സ ചിലവില്‍ ഒരു സഹായവുമാണ് ഈ അമ്മയ്ക്ക് ഇപ്പോള്‍ വേണ്ടത്. നാളെ തനിക്കെന്തെങ്കിലും സംഭവിച്ചു പോയാല്‍ മകളെ ഏറ്റെടുക്കാന്‍ ഞങ്ങള്‍ ഉണ്ടാകും എന്ന തെറ്റാത്ത വാക്കും.
സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ വാഗ്ദാനങ്ങള്‍ ആയി മാത്രം നിലനില്‍ക്കുമ്പോള്‍ ജീവിക്കാന്‍ നിവര്‍ത്തിയില്ലാത്ത ഇത്തരം ഒരുപാട് ഇരകളുണ്ട് കാസര്‍കോട് മാത്രം. കുട്ടികളെ ഉണ്ടാക്കുക എന്നതിനപ്പുറം ഉണ്ടാകുന്ന കുട്ടികളുടെ വൈകല്യങ്ങളോ, കുറവുകളോ അംഗീകരിക്കാന്‍ കഴിയാത്ത ചില പുരുഷന്മാരുടെ ഇടം കൂടിയാണ് കാസര്‍ഗോഡ്. ജീവിതത്തിന്‍റെ ഏറ്റവും നല്ല സമയങ്ങളില്‍ ഒക്കെയും തനിച്ചായി പോവുകയും താങ്ങാന്‍ കഴിയുന്നതിലും എത്രയോ വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരികയും ചെയ്യുന്ന സ്ത്രീകളുടെ കൂടി ഇടമാണ് കാസര്‍ഗോഡ്. 2000 ല്‍ നിരോധിച്ച എന്‍റോസള്‍ഫാന്‍റെ പാര്‍ശ്വഫലങ്ങള്‍ ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും ഏറ്റുവാങ്ങി കൊണ്ട് ജനിക്കുന്ന ഒരു തെറ്റും ചെയ്യാത്ത കുട്ടികളുടെ നാട് കൂടിയാണ് കാസര്‍ഗോഡ്. വേദനകളുടെ രോഗത്തിന്‍റെ നിസ്സഹായതയുടെ ചൂഷണത്തിന്‍റെ മുഖമുള്ള ഒരു നാട് കാസര്‍ഗോഡ്.
COMMENTS