Homeശാസ്ത്രം

അറിയുമോ എലിസബത്ത് ഫുള്‍ഹേമിനെ?

സതന്ത്രത്തില്‍ വിസ്മയപ്പെരുമഴയ്ക്ക് വഴിയൊരുക്കിയ ഉല്പ്രേരകങ്ങളെ സംബന്ധിച്ച ആശയങ്ങള്‍ 1794-ല്‍ ത്തന്നെ അവതരിപ്പിച്ചിട്ടും അതിന്‍റെ ക്രെഡിറ്റ് കിട്ടാതെ പോയ, ശാസ്ത്രചരിത്രത്തില്‍ ഇടം നേടാതെ പോയ വനിത. പറഞ്ഞുവരുന്നത് എലിസബത്ത് ഫുള്‍ഹേമിനെക്കുറിച്ചാണ്. എന്തിനധികം? എലിസബത്തിന്‍റെ ജീവിതത്തെക്കുറിച്ചുള്ള പൂര്‍ണ്ണമായ വിവരങ്ങള്‍ പോലും ലഭ്യമല്ല.അര്‍ഹിക്കുന്ന അംഗീകാരം പോലും കിട്ടാതെ, പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്താതെ അവഗണനയുടെയും വിവേചനത്തിന്‍റെയും ആഴങ്ങളില്‍ മറഞ്ഞുപോയ എത്രയോ വനിതകളുടെ കൂട്ടത്തിലാണ് എലിസബത്ത് ഫുള്‍ഹേമിന്‍റെയും സ്ഥാനം. ഉല്പ്രേരണത്തിന്‍റെ മാതാവ് എന്ന വിശേഷണത്തിനു തന്നെ അര്‍ഹതയുണ്ടായിട്ടും സ്ത്രീയായതിന്‍റെ പേരില്‍ അവരുടെ കണ്ടുപിടിത്തങ്ങള്‍ അംഗീകരിക്കാന്‍ അക്കാലത്തെ മിക്ക ശാസ്ത്രജ്ഞരും തയ്യാറായില്ല. എന്നാല്‍ ഇതേ ആശയങ്ങള്‍ അവതരിപ്പിച്ച പുരുഷ ഗവേഷകരുടെ പേരുകള്‍ ശാസ്ത്രചരിത്രത്തില്‍ ആലേഖനം ചെയ്യപ്പെടുകയും ചെയ്തു.

എലിസബത്ത് ഫുള്‍ഹേം ജനിച്ചത് സ്കോട്ട്ലന്‍റില്‍ ആണെന്നാണ് കരുതപ്പെടുന്നത്. തോമസ് ഫുള്‍ഹേം എന്ന ഡോക്ടറെയാണ് എലിസബത്ത് വിവാഹം കഴിച്ചത്. ശാസ്ത്രത്തില്‍ ഉന്നതബിരുദങ്ങളൊന്നും നേടാന്‍ കഴിഞ്ഞില്ലെങ്കിലും ശാസ്ത്രപരീക്ഷണങ്ങളില്‍ അതീവ തല്പരയായിരുന്നു എലിസബത്ത്. ഡോക്ടറാവുന്നതിനു മുമ്പ് എഡിന്‍ബര്‍ഗ് സര്‍വ്വകലാശാലയില്‍ ജോസഫ് ബ്ലാക്കിന്‍റെ രസതന്ത്ര ക്ലാസ്സുകള്‍ അറ്റന്‍റ് ചെയ്യുമായിരുന്നു തോമസ്. ലോഹങ്ങളെയും ലോഹ ലവണങ്ങളെയും കുറിച്ചുള്ള ഈ ക്ലാസ്സുകള്‍ എലിസബത്തിനെയും ഏറെ ആകര്‍ഷിച്ചിരുന്നു. അങ്ങനെ 1780-ല്‍ പുതിയൊരു ആശയം എലിസബത്തിന്‍റെ മനസ്സില്‍ മിന്നി. തുണികള്‍ ചായം മുക്കുന്നതില്‍ വിദഗ്ധയായിരുന്നു അവര്‍. ഇതില്‍ സ്വര്‍ണ്ണവെള്ളിയുമൊക്കെ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞാല്‍ എങ്ങനെയിരിക്കും? അങ്ങനെ വിവിധ ലോഹങ്ങള്‍ ഉപയോഗിച്ച് തുണികള്‍ ആകര്‍ഷകമാക്കാനുള്ള പരീക്ഷണങ്ങള്‍ വീട്ടില്‍ തുടങ്ങി. സില്‍ക്ക് തുണികള്‍ ലോഹ ലവണ ലായനികളില്‍ മുക്കിയ ശേഷം ഒരു നിരോക്സീകാരിയുപയോഗിച്ച് ലോഹങ്ങളെ തുണിയില്‍ അവക്ഷിപ്തപ്പെടുത്തിയെടുക്കാന്‍ ശ്രമിച്ചു. ഒരു വീട്ടമ്മയുടെ നേരമ്പോക്കായി മാത്രമേ ഭര്‍ത്താവും സുഹൃത്തുക്കളുമൊക്കെ അതിനെ കണ്ടുള്ളൂ. ഈ രസതന്ത്ര പരീക്ഷണങ്ങളിലൂടെ എലിസബത്ത് എന്തെങ്കിലും കണ്ടുപിടിത്തം നടത്തുമെന്ന് അവര്‍ സ്വപ്നത്തില്‍പ്പോലും കരുതിയിരുന്നില്ല.

പതിന്നാലു വര്‍ഷത്തോളം നീണ്ട സ്വതന്ത്ര ഗവേഷണത്തെയും നൂറിലധികം വരുന്ന ഓക്സീകരണ നിരോക്സീകരണ പരീക്ഷണങ്ങളെയും ആസ്പദമാക്കി 1794-ല്‍ എലിസബത്ത് ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. മിസിസ് ഫുള്‍ഹേം എന്ന പേരിലായിരുന്നു അത് പ്രസിദ്ധീകരിച്ചത്.അക്കാലത്തെ പ്രശസ്ത രസതന്ത്രജ്ഞനായ പ്രീസ്റ്റ്ലിയുടെ പ്രേരണയും ഇതിനു പിന്നില്‍ ഉണ്ടായിരുന്നു. ഇതില്‍ ഉല്പ്രേരണം സംബന്ധിച്ച ആശയങ്ങള്‍ വ്യക്തമായിത്തന്നെ പ്രതിപാദിച്ചിരുന്നു. ചില രാസവസ്തുക്കള്‍ക്ക് രാസപ്രവര്‍ത്തന വേഗത വര്‍ധിപ്പിക്കാനുള്ള കഴിവുണ്ടെന്ന് തന്‍റെ പരീക്ഷണങ്ങള്‍ക്കിടെ എലിസബത്ത് തിരിച്ചറിഞ്ഞിരുന്നു. ആമയുടെ വേഗം മാത്രമുള്ള രാസപ്രവര്‍ത്തനങ്ങളെ മിന്നല്‍ വേഗത്തിലേക്ക് എത്തിക്കാന്‍ കഴിവുള്ള ഉല്പ്രേരകങ്ങള്‍ സംബന്ധിച്ച ഗവേഷണങ്ങള്‍ ഇന്നും വിസ്മയങ്ങള്‍ വിരിയിച്ചുകൊണ്ടേയിരിക്കുകയാണ്. അക്കാലത്ത് വന്‍ പ്രചാരം നേടിയ , ജ്വലനവുമായി ബന്ധപ്പെട്ട ഫ്ലോജിസ്റ്റണ്‍ സിദ്ധാന്തം തെറ്റാണെന്നും എലിസബത്ത് തന്‍റെ പരീക്ഷണങ്ങളിലൂടെ കൃത്യമായി മനസ്സിലാക്കിയിരുന്നു. എലിസബത്ത് നടത്തിയ സില്‍വര്‍ നൈട്രേറ്റിന്‍റെ പ്രകാശനിരോക്സീകരണപ്രവര്‍ത്തനം ഫോട്ടോഗ്രാഫിക് പ്ലേറ്റുകളില്‍ പ്രയോജനപ്പെടുത്താന്‍ സാധിച്ചു. ശാസ്ത്രത്തില്‍ ഉന്നതവിദ്യാഭ്യാസ പശ്ചാത്തലമൊന്നുമില്ലാത്ത ഒരു വനിത വീട്ടില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ കൈയെത്തിപ്പിടിച്ച നേട്ടങ്ങള്‍ അക്കാലത്ത് കുറച്ചൊക്കെ ശ്രദ്ധിക്കപ്പെട്ടെങ്കിലും അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചതേയില്ല. ആദ്യമൊക്കെ എലിസബത്തിന്‍റെ ഗവേഷണങ്ങളെ പ്രോല്‍സാഹിപ്പിച്ച പ്രീസ്റ്റ്ലി പോലും പിന്നീട് അവരുടെ പല ഗവേഷണങ്ങളെയും പരിഹസിച്ചു. ഉല്പ്രേരണത്തിന്‍റെ പിതാവായി ചരിത്രത്തില്‍ ആലേഖനം ചെയ്യപ്പെട്ടതാവട്ടെ ബെര്‍സീലിയസ്സിന്‍റെ പേരും ! ഈ വര്‍ഷത്തെ രസതന്ത്ര നൊബേല്‍ സമ്മാനത്തിനര്‍ഹമായത് ഓര്‍ഗനോ ഉല്പ്രേരകങ്ങള്‍ സംബന്ധിച്ച ഗവേഷണങ്ങളായിരുന്നു. ആ സമയത്ത് പല മാധ്യമങ്ങളും മറവിയുടെ ആഴങ്ങളിലേക്ക് പോയ എലിസബത്ത് ഫുള്‍ഹേം എന്ന രസതന്ത്രജ്ഞയുടെ പേരു പരാമര്‍ശിച്ചിരുന്നു. എലിസബത്ത് ഫുള്‍ഹേമിനെപ്പോലെ അര്‍ഹതയുണ്ടായിട്ടും ശാസ്ത്രചരിത്രത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട വനിതകളെ നാം തീര്‍ച്ചയായും അറിയേണ്ടതുണ്ട്.

സീമ ശ്രീലയം
പ്രമുഖ ശാസ്ത്ര ലേഖിക,
നിരവധി ബഹുമതികള്‍ക്ക് ഉടമ

 

 

 

 

 

 

COMMENTS

COMMENT WITH EMAIL: 0