മുഖവുര- സെപ്തംബര്‍ ലക്കം

Homeമുഖവുര

മുഖവുര- സെപ്തംബര്‍ ലക്കം

ഡോ.ഷീബ കെ.എം.

സ്വാതന്ത്ര്യത്തിന്‍റെ അമൃതവര്‍ഷം ആഘോഷിക്കപ്പെടുമ്പോള്‍ ഈ രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന പാരതന്ത്ര്യങ്ങളുടെ കൂടി കണക്കെടുപ്പ് ആവശ്യമാണ്. 2020 ആഗസ്റ്റില്‍ ആരംഭിച്ച കര്‍ഷകസമരം ഇന്ത്യന്‍ ജനതയുടെ മുഴുവന്‍ നിലനില്പിന്‍റെ പ്രശ്നത്തെ പ്രതിനിധീകരിച്ചിട്ടും ഒരു വര്‍ഷമായും പരിഹാരമില്ലാതെ തുടരുകയാണ്.ഈ സമരത്തോടുള്ള ഭരണകൂടസമീപനങ്ങള്‍ സ്വാതന്ത്ര്യമെന്ന സങ്കല്പനത്തെ തന്നെ റദ്ദാക്കുകയാണ്. കര്‍ണ്ണാലില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ തലയടിച്ചു പൊളിക്കാന്‍ ആഹ്വാനം ചെയ്ത പോലീസ് ഉദ്യോഗസ്ഥന്‍റെ വാക്കുകള്‍ ഇതിന് ഉത്തമ ഉദാഹരണമാണ്. തിരുത്താന്‍ ശേഷിയുള്ള പ്രതിപക്ഷത്തിന്‍റെ അഭാവത്തില്‍ സ്വേച്ഛാധിപത്യത്തിന്‍റെ പിടിയില്‍ പൂര്‍ണ്ണമായും അമരുകയാണ് ഇന്ത്യന്‍ ജനത. അതിനിടയില്‍ സ്വാതന്ത്യസമരചരിത്രം തിരുത്തി പ്രതിനിനീധകരിച്ചും ജവഹര്‍ലാല്‍ നെഹ്രുവിനു പകരം വീര്‍ സവര്‍ക്കറെ പ്രതിഷ്ഠിച്ചും വ്യാജ ഭൂതകാലരൂപങ്ങള്‍ നിര്‍മ്മിച്ചെടുക്കുകയാണ് ഹിന്ദുത്വ അധികാരിവര്‍ഗ്ഗം . മുതലാളിത്തവ്യവസ്ഥയുടെ നടത്തിപ്പുകാരായി വിദ്യാഭ്യാസ രംഗത്തെ ആകമാനം ഉടച്ചുവാര്‍ക്കാനുള്ള ശ്രമങ്ങളും തകൃതിയായി നടക്കുന്നു. തീര്‍ത്തും അശുഭകരമായ അനേകം സംഭവവികാസങ്ങള്‍ .
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുമ്പോഴും നീതി നടപ്പിലാക്കേണ്ടുന്ന കോടതികളുടെ സ്ത്രീവിരുദ്ധതകള്‍ക്ക് അറുതിയുണ്ടാകുന്നില്ല. ഗുവാഹതി ഐ. ഐ. ടി. യിലെ 21 വയസ്സുള്ള വിദ്യാര്‍ത്ഥിനി ലൈംഗിക ബലാല്‍ക്കാരത്തിന് വിധേയമായ കേസ്സില്‍ കുറ്റാരോപിതനായ അതേ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥി ഉത്സവ് കദം ന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അവന്‍ മിടുക്കനായ വിദ്യാര്‍ത്ഥിയും നാടിന്‍റെ ഭാവിവാഗ്ദാനവുമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. നീതി നടപ്പാക്കാന്‍ ബാധ്യസ്ഥമായ സ്ഥാപനങ്ങള്‍ തന്നെ ഇപ്രകാരം കൊടുംവിവേചനത്തിന്‍റെയും അനീതിയുടെയും ഇടങ്ങളായി നിലകൊള്ളുന്നത് നമ്മുടെ പ്രതീക്ഷകളെ അപ്പാടെ തകര്‍ക്കുന്നുണ്ട്. ശക്തമായി അപലപിക്കുന്നു.
രാഷ്ട്രീയപാര്‍ട്ടികളുടെ ഔദ്യോഗികപ്രവര്‍ത്തനങ്ങള്‍ ഏറിയും കുറഞ്ഞും പുരുഷാധിപത്യമൂല്യങ്ങളെ പിന്‍പറ്റുന്നതായി തന്നെ തുടരുന്നു. അതിനാല്‍ തന്നെ പാര്‍ട്ടികള്‍ക്കകത്തെ രാഷ്ട്രീയ നടത്തിപ്പുകളെ സ്ത്രീപക്ഷമാക്കുക എന്നത് ദുഷ്ക്കരമാവുകയും ചെയുന്നു. എം.എസ്. എഫ്. ന്‍റെ പുരുഷനേതാക്കള്‍ സ്ത്രീവിരുദ്ധമായി പെരുമാറി എന്ന് ആരോപിച്ച് ‘ഹരിത ‘ എന്ന വനിതാവിഭാഗം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാണുന്നു. ഈ പ്രതിഷേധത്തിന് വഴി തുറന്ന ഫാത്തിമ തഹലിയ, മുഫീദ തസ്നിയ തുടങ്ങിയവര്‍ക്ക് അഭിവാദ്യങ്ങള്‍. കടുത്ത നടപടികള്‍ തങ്ങള്‍ക്കെതിരെ ഉണ്ടാവുമെന്ന് ഉറപ്പുള്ളപ്പോഴും ഈ പ്രശ്നം തുറന്നു കാട്ടാന്‍ കാണിച്ച അനന്യമായ ധൈര്യത്തിന് പൂര്‍ണ്ണപിന്തുണ. മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ക്കകത്തും ഇതൊരു മാതൃകയാവട്ടെ എന്ന് ആഗ്രഹിക്കുന്നു.
ഏഷ്യയുടെ നോബല്‍ സമ്മാനം എന്നറിയപ്പെടുന്ന രമണ്‍ മാഗ്സസെ പുരസ്കാരം ഇത്തവണ ലഭിച്ചവരില്‍ ഒരാള്‍ ബംഗ്ലാദേശ് വാക്സിന്‍ ശാസ്ത്രജ്ഞ ഡോ. ഫിര്‍ദൗസി ഖദ്രിയാണ്. എല്ലാ പ്രായക്കാര്‍ക്കും വായിലൂടെ നല്‍കാവുന്ന, ചെലവ്കുറഞ്ഞ കോളറ വാക്സിനും ടൈഫോയ്ഡ് കണ്‍ജുഗേറ്റ് വാക്സിനും ഫിര്‍ദൗസി വികസിപ്പിച്ചെടുത്തു. വികസ്വരരാജ്യങ്ങളിലെ സാധാരണക്കാരെ ബാധിക്കുന്ന ടൈഫോയ്ഡ്, വയറിളക്ക രോഗങ്ങള്‍ തുടങ്ങിയ പകര്‍ച്ചവ്യാധികളാണ് ഡോ. ഫിര്‍ദൗസി ഖദ്രിയുടെ പ്രധാന പ്രവര്‍ത്തനമേഖല. അഭിനന്ദനങ്ങള്‍!
താവഴിക്രമം സ്ത്രീപക്ഷമായ സാമൂഹ്യക്രമീകരണമെന്ന മട്ടിലാണ് പൊതവെ കണക്കാക്കപ്പെടുന്നത്. അതിനുശേഷം പുരുഷാധിപത്യ വ്യവസ്ഥ കടന്നുവന്നതിനെ ‘മാതൃ അവകാശങ്ങളുടെ ചരിത്രപതനം’ എന്നാണ് ഫ്രഡറിക് എംഗല്‍സ് തന്‍റെ ‘കുടുംബം സ്വകാര്യസ്വത്ത് ഭരണകൂടം എന്നിവയുടെ ഉത്ഭവം’ എന്ന ഗ്രന്ഥത്തില്‍ കുറിക്കുന്നത്. കേരളത്തില്‍ നായന്‍മാര്‍ക്കിടയിലുണ്ടായിരുന്ന മാതൃദായക്രമമാണ് നമുക്കിടയില്‍ ഏറിയപങ്കും ചര്‍ച്ചചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ പല ജാതികളിലും ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇത് വ്യത്യസ്ത രീതികളില്‍ നിലനിന്നിരുന്നു എന്ന് നമുക്കിന്ന് അറിയാന്‍ കഴിയുന്നുണ്ട്. ഈ വ്യവസ്ഥ സ്ത്രീയവസ്ഥകളെ എങ്ങനെയായിരിക്കും നിര്‍ണ്ണയിച്ചിരുന്നത്? ആണധികാര സമ്പ്രദായങ്ങള്‍ക്കുള്ള ബദലുകളായി ഇതിന് വര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നോ? ഹമീദ സി.കെ. അതിഥിപത്രാധിപയായി ഈ വിഷയം വിമര്‍ശനാത്മകമായി കൈകാര്യം ചെയ്യുന്ന സെപ്തംബര്‍ ലക്കം സംഘടിത സമര്‍പ്പിക്കുന്നു.

 

 

 

 

COMMENTS

COMMENT WITH EMAIL: 0