ഫാഷിസത്തെ ജനാധിപത്യ വഴികളിലൂടെ തോല്‍പ്പിക്കാനുള്ള പരിശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടിയായി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തീവ്രമായ വലതുപക്ഷവല്‍ക്കരണത്തിന്‍റെ മറ്റൊരു അധ്യായമായി. ഏറെ കാലം ഇടതുപക്ഷ ഭരണം നിലനിന്ന ത്രിപുരയില്‍ പോലും ജനങ്ങള്‍ വലതുപക്ഷത്തേക്കാണ് ആപല്‍ക്കരമായി ചാഞ്ഞത് എന്നത് അപ്രതീക്ഷിതമല്ലെങ്കിലും നിരാശാജനകമായി. പേശീമിടുക്കിന്‍റെ രാഷ്ട്രീയ മരുപ്പച്ചകളില്‍ ജനങ്ങള്‍ സ്വന്തം ജീവിതപ്രശ്നങ്ങള്‍ക്കുള്ള ആശ്വാസങ്ങള്‍ കണ്ടെത്തുന്ന അവസ്ഥ എങ്ങനെ മാറും? ഈ ഇരുളിലും പ്രതീക്ഷയുടെ നേര്‍ത്ത രേഖകള്‍ തെളിച്ചത് കെന്‍സെ, സല്‍ഹെറ്റനു ക്രുസ് എന്നിവരുടെ തെരഞ്ഞെടുപ്പ് വിജയം നാഗാലാണ്ട് നിയമസഭയിലേക്കുള്ള ആദ്യ സ്ത്രീപ്രവേശം കുറിച്ചു എന്നുള്ളത് മാത്രമാണ്.
സ്വവര്‍ഗ്ഗവിവാഹങ്ങള്‍ ഇന്ത്യന്‍ പാരമ്പര്യത്തിനും വ്യവസ്ഥാപിത കുടുംബഘടനയ്ക്കും എതിരാണെന്നുള്ള നിലപാടുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അഫിഡവിറ്റ് സമര്‍പ്പിച്ചതിനെ അപലപിക്കുന്നു. ഈ ബന്ധങ്ങള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കി കല്പിക്കപ്പെട്ടിട്ടും തുടരുന്ന ഇത്തരം നടപടികള്‍ ഉള്‍ച്ചേര്‍ക്കല്‍ സാധ്യമല്ലാത്ത വിധമുള്ള ബഹിഷ്കൃത സമൂഹവിഭാഗങ്ങളെ നിലനിര്‍ത്താന്‍ മാത്രമേ സഹായിക്കൂ.
ആദിവാസികളുടെ മരണം / ആത്മഹത്യ / കൊലപാതകം ഒന്നും വാര്‍ത്തയാകാത്ത തരത്തിലുള്ള സാംസ്ക്കാരിക അധിനിവേശബോധ പരിസരങ്ങളിലാണ് നാം ജീവിക്കുന്നത് . കള്ളനെന്ന് മുദ്രകുത്തപ്പെട്ട അപമാനപീഡിതാവസ്ഥയില്‍ വിശ്വനാഥനെന്ന ആദിവാസി സ്വന്തം ജീവന്‍ ഉപേക്ഷിച്ചപ്പോള്‍ പൊതുസമൂഹത്തിന് ആത്മഹത്യ മാത്രമായിരുന്നു അത്. വ്യവസ്ഥയാല്‍ കൊലചെയ്യപ്പെടുന്ന അരികുവല്‍ക്കരിക്കപ്പെട്ടവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്ന ഹിംസാത്മകമായ സാമൂഹ്യാവസ്ഥയാണ് നിലനില്‍ക്കുന്നത്. പിറന്നു വീണ കുഞ്ഞിനെ പോലും കാണാന്‍ നില്‍ക്കാനാവാതെ പിന്‍വാങ്ങേണ്ടിവന്ന ഒരു അച്ഛന് എവിടെയാണ് നീതിയുടെ വാഗ്ദാനം?
രരര യുടെ ഓസ്ക്കാര്‍ ലബ്ധിയില്‍ ഉണ്ടായ ആഹ്ളാദം ‘എലിഫെന്‍റ് വിസ്പറര്‍സ്’ ന്‍റെ വിജയത്തില്‍ ഉണ്ടായോ എന്ന് സംശയം. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഗുനീത് മോംഗ , കാര്‍ത്തികി ഗോന്‍സാല്‍വസ് എന്നീ രണ്ട് സ്ത്രീകള്‍ക്ക് ലഭിച്ച ഉന്നത അംഗീകാരമായിരുന്നു അത്. ഏറ്റവും ഹൃദ്യമായി ഈ വിഷയം കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞതില്‍ സന്തോഷം , അഭിമാനം, അഭിനന്ദനങ്ങള്‍!
തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ മലയാളികളെ ഏറെ ചിരിപ്പിച്ച, സ്ത്രീകള്‍ അധികം കടന്നുചെല്ലാത്ത നര്‍മ്മപ്രകടന മേഖലയില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച സുബി സുരേഷ് നമ്മെ വിട്ടുപിരിഞ്ഞു. അനുശോചനങ്ങള്‍ രേഖപ്പെടുത്തട്ടെ.
വീണ്ടും ഒരു മാര്‍ച്ച് മാസം. പുരുഷാധിപത്യ വ്യവസ്ഥയ്ക്കെതിരെ സ്ത്രീകള്‍ രണ്ടു നൂറ്റാണ്ടായി അന്താരാഷ്ട്ര തലത്തില്‍ നടത്തിവരുന്ന പോരാട്ടങ്ങളെ സ്മരിക്കാന്‍ ഒരു ദിനം. സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള പാരസ്പര്യങ്ങളിലാണ് സ്ത്രീവാദപ്രവര്‍ത്തനം ഊന്നുന്നത്. ബിന്ദു മേനോന്‍ മണ്ണില്‍ അതിഥിപത്രാധിപയായി സ്ത്രീവാദചിന്ത എന്ന വിഷയം കൈകാര്യം ചെയ്യുന്ന മാര്‍ച്ച് മാസം സംഘടിത അന്താരാഷ്ട്ര വനിതാദിന ആശംസകളോടെ സമര്‍പ്പിക്കട്ടെ.

ഡോ.ഷീബ കെ.എം.
COMMENTS