മുഖവുര-മാര്‍ച്ച്  ലക്കം

Homeമുഖവുര

മുഖവുര-മാര്‍ച്ച് ലക്കം

ഡോ.ഷീബ കെ.എം.

മാര്‍ച്ച് 8 ന് മറ്റൊരു വനിതാദിനം കൂടി വന്നെത്തുകയാണ്. 1908 ല്‍ ന്യൂയോര്‍ക്കിലെ വസ്ത്രവ്യവസായ മേഖലയില്‍ ജോലി ചെയ്തിരുന്ന സ്ത്രീകള്‍ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ക്കും കൂലിവര്‍ദ്ധനവിനും വേണ്ടി സമരം ചെയ്ത് തെരുവിലിറങ്ങിയതിന്‍റെ ഓര്‍മ്മപുതുക്കലാണീ ദിവസം. വര്‍ദ്ധിതമുതലാളിത്ത പിടിമുറുക്കങ്ങളില്‍ നാള്‍ക്കുനാള്‍ ഭീഷണമായിക്കൊണ്ടിരിക്കുന്ന നമ്മുടെ ജീവിതത്തിന് ഊര്‍ജ്ജ പ്രേരകങ്ങളാകട്ടെ ഈ ഓര്‍മ്മകള്‍!
കര്‍ഷകസമരം മാധ്യമദൃഷ്ടിയില്‍ നിന്ന് മാഞ്ഞു /ച്ചു കൊണ്ടിരിക്കുന്നു. പ്രതിപക്ഷ ശബ്ദങ്ങള്‍ ഒന്നൊന്നായി നിശ്ശബ്ദമാക്കപ്പെടുന്നു. ഈ അധികാരദുര്‍വാഴ്ചയുടെ സൂചകമായി ദിശ രവി എന്ന പരിസ്ഥിതിപ്രവര്‍ത്തകയായ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തത് തീര്‍ത്തും ലജ്ജാവഹവും അപലപനീയവുമാണ്. അതും ഗ്രെറ്റ തന്‍ബര്‍ഗിനെപ്പോലുള്ള ഉശിരുള്ള യുവപോരാളിക്ക് പ്രതിഷേധമറിയിക്കാന്‍ വഴിയൊരുക്കിയെന്ന ആരോപണത്തിന്‍റെ പേരില്‍. 21 വയസ്സുള്ള വിദ്യാര്‍ത്ഥികളുടെ പോലും പ്രതിഷേധത്തെ ഭയക്കുന്ന, ഹാസ്യകലാകാരന്‍മാരെ തുറങ്കിലടയ്ക്കുന്ന ഭരണകൂടനടപടികള്‍ ഇന്ത്യയെ ഒരു തകര്‍ന്ന ജനാധിപത്യമായി പ്രഖ്യാപിക്കാന്‍ പ്രേരിപ്പിക്കുന്നു. 1968 ല്‍ ലോകമെമ്പാടും ഭരണകൂട അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ഉയിര്‍ക്കൊണ്ട പ്രക്ഷോഭങ്ങളുടെ ആഹ്വാനങ്ങളാണ് ഈ കാലം ആവശ്യപ്പെടുന്ന മറുപടിയായി ഓര്‍മ്മയിലെത്തുന്നത്.
ഉന്നാവോയില്‍ ഹിംസാചരിത്രം ആവര്‍ത്തിച്ചിരിക്കുന്നു. പ്രായപൂര്‍ത്തിയെത്താത്ത മൂന്ന് ദലിത് പെണ്‍കുട്ടികളെ കുടിവെള്ളത്തില്‍ കീടനാശിനി കലര്‍ത്തി കൊല്ലാനുള്ള ശ്രമത്തിനൊടുവില്‍ അവരില്‍ രണ്ടു പേര്‍ മരണമടഞ്ഞു. ദലിത് ജീവിതങ്ങളും മരണങ്ങളും മാധ്യമ / പൊതുബോധ പരിഗണനയില്‍ നിന്നുപോലും പുറത്താണ് എന്നത് രോഷജനകമായ വസ്തുതയാണ്.
അടിച്ചമര്‍ത്തലുകളുടെയും പീഡിതാവസ്ഥകളുടെയും ഇരുളില്‍ നീതിയുടെ പ്രകാശപ്രത്യാശയാണ് വിതുര സ്ത്രീപീഡനകേസ്സില്‍ അടുത്തിടെ പുറത്തുവന്ന കോടതിവിധി. കുറ്റം ചുമത്തപ്പെട്ട പ്രതികളില്‍ പലരും രക്ഷപ്പെട്ടെങ്കിലും ഒരാളെങ്കിലും ശിക്ഷിക്കപ്പെട്ടു എന്നത് ആശ്വാസകരമാണ്. ഇരയാക്കപ്പെട്ടവളുടെ ആയുസ്സിന്‍റെ നീണ്ട ഇരുപത്തഞ്ച് വര്‍ഷങ്ങളാണ് നീതിയും കാത്ത് കടന്നുപോയത് !
ആശ്വാസകരവും പ്രത്യാശാനിര്‍ഭരവുമായ മറ്റൊരു കോടതിവിധി കൂടി വന്നു. പ്രമുഖ മാധ്യമപ്രവര്‍ത്തകനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന എം.ജെ. അക്ബര്‍ തനിക്കെതിരെ ‘മീ റ്റൂ’ ലൈംഗികപീഡനാരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തക പ്രിയ രമണിക്കെതിരെ നല്‍കിയ മാനനഷ്ട കേസ്സ് തള്ളിക്കൊണ്ട് ദില്ലി ഹൈക്കോടതി പുറപ്പെടുവിച്ച സുപ്രധാന വിധിയാണിത്. എത്ര കാലതാമസം കഴിഞ്ഞും ഇരയാക്കപ്പെട്ട ഒരുവള്‍ക്ക് പരാതി നല്‍കാമെന്നും ഇത്തരം പീഡനങ്ങളാണ് തൊഴില്‍മേഖലയില്‍ സ്ത്രീകളുടെ സാന്നിദ്ധ്യം ഇരുപത്തഞ്ച് ശതമാനം മാത്രമായി ചുരുങ്ങുന്നതിന്‍റെ പ്രധാന കാരണങ്ങളിലൊന്നെന്നും ഈയവസരത്തില്‍ ന്യായാധിപന്‍ നിരീക്ഷിച്ചത് നിര്‍ണ്ണായകമാണ്.
ആഹ്ളാദകരമായ രണ്ട് വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നമ്മെ തേടി വന്നു. ഇതില്‍ ആദ്യത്തേത് നാസയുടെ ചൊവ്വാ പര്യവേക്ഷണ വാഹനമായ പേസിവ്യേറണ്‍സ് ചൊവ്വ സ്പര്‍ശിച്ചതായി പ്രഖ്യാപിച്ചത് ബഹിരാകാശ ശാസ്ത്രജ്ഞസംഘത്തില്‍ സജീവസാന്നിധ്യമായ സ്വാതി മോഹന്‍ ആയിരുന്നു എന്നതാണ്. മറ്റൊന്ന് സാറ അല്‍ അമീറിയുടെ നേതൃത്വത്തില്‍ യു.എ.ഇ. യുടെ ബഹിരാകാശ മിഷന്‍ ചൊവ്വ പര്യവേക്ഷണപദ്ധതി ആരംഭിച്ചു എന്നതാണ്. കാലങ്ങളായി ശാസ്ത്രലോകത്തു നിന്ന് സ്ത്രീകളെ മാറ്റിനിര്‍ത്തുകയും അവരുടെ സംഭാവനകളെ തമസ്ക്കരിക്കുകയും ചെയ്ത ചരിത്രത്തിന്‍റെ തിരുത്തിക്കുറിക്കലായി ഇവയെ കാണാം.
രണ്ടു നൂറ്റാണ്ടായി സ്ത്രീവാദസിദ്ധാന്തങ്ങള്‍ സ്ത്രീകളനുഭവിക്കുന്ന പീഡനങ്ങളെയും ചൂഷണങ്ങളെയും വിശകലനം ചെയ്യുകയും അവയെ ചെറുക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുകയും ചെയ്തു പോന്നിട്ടുണ്ട്. ശാരീരിക ഹിംസകളാണ് ഏറെയും ശ്രദ്ധിക്കെപെട്ടത് എന്നത് ഈയവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. എന്നാല്‍ പ്രകടമല്ലാത്തതും നിശ്ശബ്ദവുമായ വൈകാരിക അദ്ധ്വാനവും വൈകാരിക ഹിംസയും പലപ്പോഴും അവഗണിക്കപ്പെട്ടിരുന്നു. പുരുഷാധിപത്യത്തിന്‍റെ മൂല്യ വ്യവസ്ഥയെ സഹിച്ചും, ന്യായീകരിച്ചും , പിന്‍താങ്ങിയും അതില്‍ ആനന്ദം നടിച്ചുമൊക്കെ ആണ്‍കോയ്മാവ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന സുപ്രധാന വൈകാരിക അദ്ധ്വാനമാണിതെന്ന് ഈ അവസ്ഥയെ സിദ്ധാന്തവല്‍ക്കരിച്ച ആര്‍ളി ഹോത്ഷ് ചൈല്‍ഡ് അഭിപ്രായപ്പെടുന്നുണ്ട്. ‘സ്ത്രൈണ ഒതുക്കങ്ങളില്‍’ പെരുമാറാനും തൊഴില്‍ മേഖലയില്‍ പോലും ലിംഗപദവിയുടെ വാര്‍പ്പുമാതൃകകള്‍ക്കനുസൃതമായി വൈകാരികമായി പെരുമാറാനുമുള്ള നിര്‍ബന്ധങ്ങള്‍ ഇതില്‍ പെടുന്നു. മറ്റൊരു തലം വൈകാരിക ഹിംസയുടേതാണ്. പരിഹസിച്ചും , ശകാരിച്ചും , പേടിപ്പിച്ചും , ഭീഷണിപ്പെടുത്തിയും , ബ്ലാക്ക്മെയില്‍ ചെയ്തും , ആത്മവിശ്വാസം തകര്‍ത്തും, കുറ്റപ്പെടുത്തിയും സ്ത്രീകളെ ആണധികാരവ്യവസ്ഥയില്‍ കീഴ്പ്പെടുത്തുന്ന ഹിംസയാണിത്. സാമാന്യജീവിതത്തില്‍ വ്യക്തികള്‍ തമ്മിലുള്ള ഇടപെടലുകളുടെ സാധാരണത്വം കല്പിച്ച് തള്ളിക്കളയുന്ന ഈ പ്രവൃത്തികള്‍ കുറ്റകരമായ അതിക്രമപ്രവൃത്തികള്‍ തന്നെ എന്ന് അംഗീകരിക്കപ്പെടേണ്ടതുണ്ട്. കെ.എ.ബീന അതിഥിപത്രാധിപയായി വൈകാരികഹിംസ ചര്‍ച്ച ചെയ്യുന്ന ഈ ലക്കം നമ്മുടെ അതിജീവനത്തിനായി തിരിച്ചറിവിന്‍റെ പാത തുറക്കുമെന്ന പ്രതീക്ഷയില്‍ സമര്‍പ്പിക്കുന്നു. എല്ലാവര്‍ക്കും അന്താരാഷ്ട്ര വനിതാദിന ആശംസകള്‍!

 

COMMENTS

COMMENT WITH EMAIL: 0