മുഖവുര – മാർച്ച് ലക്കം

Homeമുഖവുര

മുഖവുര – മാർച്ച് ലക്കം

നാം ഭയന്നിരുന്നത് ഒടുവിൽ സംഭവിച്ചിരിക്കുന്നു. ഫാഷിസം വംശഹത്യയിലേക്ക്  ചവിട്ടിക്കയറിയിരിക്കുന്നു. സാമാന്യപ്രതീക്ഷകളെയൊക്കെ തകർത്തുകൊണ്ട്  ഒരു മറയുമില്ലാത്ത നരഹത്യയാണ് ദില്ലിയിൽ അരങ്ങേറിയത്. നേതാക്കൾ കുറേ നാളായി പുറപ്പെടുവിച്ചുകൊണ്ടിരുന്ന വെടിയുതിർത്ത് കൊല്ലാനുള്ള ആഹ്വാനങ്ങൾ അണികൾ ഹിംസയിൽ  അഴിഞ്ഞാടി നടപ്പിലാക്കിയിരിക്കുന്നു. ബലിയാടുകളായതോ അവർ  ലക്ഷ്യമിട്ട നിരപരാധികളായ മുസ്ലിംങ്ങളും അവർക്കൊപ്പമുണ്ടായിരുന്ന ഹിന്ദുക്കളും. നാം ഏറെ പ്രതീക്ഷയർപ്പിച്ച ആം ആദ്മി പാർട്ടി വെറുമൊരു നിർഗുണപാർട്ടിയായി നോക്കി നിന്നു . മാധ്യമങ്ങളാകട്ടെ തീർത്തും നിരുത്തരവാദപരമായി നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള സംഘട്ടനമായി ഈ അരുംകൊലയെ ലഘൂകരിക്കാന്‍ ശ്രമിച്ചു. ഇനിയും നമുക്ക് സംശയമുണ്ടോ ഇത് മുസ്ലിം സ്വത്വത്തെ കേന്ദ്രീകരിച്ചുള്ള  തെരഞ്ഞുപിടിച്ചുള്ള വംശഹത്യ തന്നെയാണെന്ന്? ഇനിയെത്ര കൊലകൾ  വേണം അത് തെളിയിക്കാന്‍? ഗുജറാത്ത്‌ കലാപാനന്തരം കേരളം കാണിച്ച ജാഗ്രതയും ഐക്യപ്പെടലും സഹായവും ഈ സന്ദർഭത്തിൽ പ്രകടമാവാത്തത് ഈയവസരത്തിൽ നാം ഗൗരവമായി ചിന്തിക്കേണ്ടതാണ്.

ഏഷ്യാനെറ്റ്, മീഡിയ വൺ  തുടങ്ങിയ മാധ്യമ ചാനലുകൾക്കേർപ്പെടുത്തപ്പെട്ട വിലക്ക് രംഗം കൂടുതൽ കൂടുതൽ വഷളാവുന്നതിൻറ്റെ  തമോഗതിയാണ് സൂചിപ്പിക്കുന്നത്. മാധ്യമങ്ങൾ പൂർണമായി മുട്ടുമടക്കുന്നതോടെ ഏകാധിപത്യ തേർവാഴ്ച്ചകൾക്ക് ആക്കം കൂടുക തന്നെ ചെയ്യും. ജീവിക്കാന്‍ വയ്യാത്ത മണ്ണായി അനുദിനം നമ്മുടെ രാജ്യം മാറുമ്പോൾ ഏതേത് ദിശയിലാണ് കൂട്ട പ്രതിരോധങ്ങൾ തീർക്കേണ്ടത് ? ഏതേത് രാഷ്ട്രീയസമവാക്യങ്ങൾക്കാണ്
ഫാഷിസത്തിൻ്റെ  കോട്ടകൾ  തകർക്കാന്‍ കഴിയുക?

രൂപയുടെ വിനിമയനിരക്ക് ഇടിയുന്നു, ബാങ്കുകൾ തകരുന്നു, തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമാകുന്നു. കേരളം പോലെ പക്വഭരണം നടത്തുന്ന സംസ്ഥാനങ്ങൾക്ക്  പോലും പിടിച്ചുനിൽക്കാനാവാത്ത ഗതിയാണ്. എല്ലാം വിസ്മരിപ്പിക്കും വിധം ഭീതിയിൽ  മരവിപ്പിച്ചു നിർത്താന്‍ കൂട്ടക്കൊലകളും.ഈ അധോഗതിയുടെ ഭരണം അവസാനിക്കുക തന്നെ വേണം.

ജനങ്ങൾക്കുമേലുള്ള ഭരണകൂടഭീകരതയെ എതിർക്കുമ്പോൾ യു എ പി എ ചുമത്തപ്പെട്ട് ജയിലിലായ അലൻ്റെയും താഹയുടേയും ദുരവസ്ഥ കൂടി ചർച്ചാവിഷയം ആകേണ്ടതാണ്. ഇല്ലെങ്കിൽ അത് തികഞ്ഞ ഇരട്ടത്താപ്പാവും. അവർക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ മതിയായ തെളിവുകളുണ്ടെന്ന് പോലീസ് മേധാവി പറയുകയും എന്നാൽ നമുക്കത്
ബോധ്യമാവാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇതിൽ എന്തോ ചതി സംശയിക്കേണ്ടിയിരിക്കുന്നു. അജണ്ടകൾ  മറ്റെന്തോ ആവാനാണ് സാധ്യത എന്ന് ഊഹിച്ചു പോയാൽ തെറ്റാവുമോ?

അന്താരാഷ്ട്ര വനിതാദിനം ഓർമിപ്പിച്ചുകൊണ്ട് വീണ്ടും മാർച്ച് മാസം വരുന്നു. ഇത്തവണത്തെ  മുദ്രാവാക്യം ‘സമത്വത്തിനായി ഓരോരുത്തരും’ എന്നാണ്. സമത്വം കൂടുതൽ കൂടുതൽ
അസാധ്യമാക്കുന്ന തീവ്രമുതലാളിത്തത്തിൻ്റെയും ഹിന്ദുത്വ അധികാരത്തിൻ്റെയും ജാതീയതയുടേയും പരിതസ്ഥിതിയിൽ ഈ മുദ്രാവാക്യത്തിന് പ്രസക്തിയേറുന്നു. അതിനാൽ ഉച്ചത്തിലുച്ചത്തിലുയരട്ടെ ഈ ആഹ്വാനം അരികുവൽക്കരിക്കപ്പെട്ടു പോകുന്ന ഓരോരുത്തരുടേയും പൊതുപങ്കാളിത്തം സാധ്യമാകുന്ന ഒരു കാലത്തിനു വേണ്ടി പോരാട്ടം തുടരാന്‍ സുൽഫത്ത് അതിഥിപത്രാധിപയായി ‘തുല്യപ്രാതിനിധ്യം’ എന്ന വിഷയം ചർച്ച ചെയുന്ന ഈ ലക്കം സംഘടിത വിപ്ലവാഭിവാദ്യങ്ങളോടെ സമർപ്പിക്കുന്നു .

 

ഷീബ കെ. എം.

COMMENTS

COMMENT WITH EMAIL: 0