മുഖവുര- ജൂണ്‍ ലക്കം

Homeമുഖവുര

മുഖവുര- ജൂണ്‍ ലക്കം

ഡോ.ഷീബ കെ.എം.

മേരിക്കയില്‍ വര്‍ണ്ണവെറിയ്ക്കെതിരെ ‘ബ്ലാക്ക് ലൈവ്സ് മേറ്റര്‍’ മുദ്രാവാക്യങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ സാമൂഹ്യ ഉള്‍ക്കൊള്ളല്‍ സാധ്യതകളുയര്‍ത്തിക്കൊണ്ട് കിരീന്‍ ഴാന്‍ പിയേ കറുത്ത വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറിയായി സ്ഥാനമേറ്റു എന്ന വാര്‍ത്ത ആവേശജനകമാണ്. അഭിവാദ്യങ്ങള്‍!
ചരിത്രത്തിലാദ്യമായി കേരളത്തിലെ പത്രപ്രവര്‍ത്തക യൂണിയന്‍റെ ഭാരവാഹിത്വത്തിലേക്ക് ഒരു സ്ത്രീ കടന്നു വന്നിരിക്കുന്നു. വീക്ഷണം പത്രത്തിലെ വിനീത എം.വി.യാണ് കടുത്ത മത്സരത്തിനൊടുവില്‍ പ്രസിഡന്‍റ് സ്ഥാനത്തെത്തിയത്. പത്രപ്രവര്‍ത്തന രംഗത്തെ കടുത്ത സ്ത്രീ വിരുദ്ധതകള്‍ക്കെതിരെ നെറ്റ്വര്‍ക്ക് ഒഫ് വിമന്‍ ഇന്‍ മീഡിയ നടത്തിയ ഐതിഹാസിക പോരാട്ടങ്ങളെ അടിവരയിടുന്ന വിജയമായി ഇത് അടയാളപ്പെടും. വരും കാല സമരങ്ങള്‍ക്ക് വര്‍ദ്ധിച്ച ഊര്‍ജ്ജം പ്രദാനം ചെയ്യാനും മാധ്യമരംഗത്തെ സ്ത്രീപക്ഷമാക്കാനും ഈ വിജയം വഴിയൊരുക്കട്ടെ എന്ന് ആശംസിക്കുന്നു.

നിര്‍ണ്ണായകമായ ഒരു വിധിന്യായത്തിലൂടെ സുപ്രീം കോടതി ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നിയമ പരിരക്ഷ ഉറപ്പുവരുത്തിയിരിക്കുന്നു. ഒരു തൊഴില്‍ എന്ന നിലയില്‍ അവര്‍ ചെയ്യുന്ന പ്രവര്‍ത്തിയെ അംഗീകരിക്കുകയും തുല്യനീതിക്ക് അര്‍ഹരായി അവരെ കാണുകയും ചെയ്യുന്നതോടൊപ്പം വേശ്യാലയ റെയ്ഡ് നടത്തി പോലീസ് ഇവരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും കോടതി നിഷ്ക്കര്‍ഷിച്ചു. സ്വസമ്മതത്തോടെ ചെയ്യുന്ന ലൈംഗിക തൊഴില്‍ ക്രിമിനല്‍ കുറ്റമല്ല എന്നും വേശ്യാലയ നടത്തിപ്പു മാത്രമാണ് നിയമ വിരുദ്ധമെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ഉറപ്പു നല്‍കുന്ന സമത്വവും നീതിയും ലൈംഗിക തൊഴിലാളികള്‍ക്ക് കൂടി ലഭ്യമാക്കുന്നതാണ് ചരിത്രപ്രധാനമായ ഈ വിധി. ഇത്രയൊക്കെ നേടിയെങ്കിലും ശരീരത്തെയും ലൈംഗികതയെയും കച്ചവട വസ്തുവായി നിലനിര്‍ത്തുന്ന പുരുഷാധിപത്യ നിലപാടുകളെ ചോദ്യം ചെയ്യാനോ സ്വസമ്മതം എന്ന സങ്കല്പനത്തിന്‍റെ നൈതിക യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കാനോ നമ്മള്‍ക്കിനിയും സാധിച്ചിട്ടില്ല എന്നത് ഖേദകരമായി ബാക്കിനില്‍ക്കുന്നു.

ആഘോഷ ഇടങ്ങള്‍ സ്ത്രീകള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് ഒരിക്കല്‍ കൂടി ഉറപ്പിക്കുന്നതായിരുന്നു ഇത്തവണത്തെ തൃശൂര്‍ പൂരം . കുടമാറ്റം കാണാനായി സ്ത്രീകള്‍ക്ക് പ്രത്യേകം വേദിയുണ്ടായിരുന്നു. മുന്‍പ് പുലികളിയെയും ഇപ്പോള്‍ തൃശൂര്‍ പൂരത്തെയും സ്ത്രീകള്‍ക്കു കൂടി പങ്കാളിത്തമുള്ള ഇടങ്ങളാക്കിത്തീര്‍ക്കുന്നതില്‍ വിംഗ്സ് കേരള നടത്തിവന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നു.

പ്ളാച്ചിമട സമരനേതാവ് കന്നിയമ്മ നമ്മെ വിട്ടു പോയി. പാരിസ്ഥിതിക ദുരന്തങ്ങള്‍ക്കെതിരെ പ്രതിഷേധം വര്‍ദ്ധിച്ചു വരുന്ന കാലത്ത് ഈ പോരാളിയുടെ നഷ്ടം നികത്താന്‍ ആവാത്തതാണ്. സമരവീര്യ സ്മരണയ്ക്ക് മുന്നില്‍ പ്രണാമം.
നടി ആക്രമിക്കപ്പെട്ട കേസ്സിന്‍റെ അട്ടിമറി സാധ്യത ഏറെ ആധിയുളവാക്കുന്നതാണ്. സര്‍ക്കാര്‍ കൂടെയുണ്ടെന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കിയെങ്കിലും നിയമപാലകരുടെ നടപടികള്‍ ഏതു വഴിക്ക് നീങ്ങും എന്ന് ആശങ്കപ്പെടുന്നു. ജൂണ്‍ ഒന്നിന് നാനാതുറകളില്‍ നിന്നുള്ളവര്‍ അതിജീവിതക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തൃശൂരില്‍ നടത്തുന്ന ഒത്തുകൂടലില്‍ സംഘടിതയും കൈകോര്‍ക്കുന്നു. നീതി പുലരാനായുള്ള മുദ്രാവാക്യങ്ങള്‍ ഉയരട്ടെ!

ഒരു വര്‍ഷത്തിനിടെ അഞ്ച് ട്രാന്‍സ്ജെണ്ടര്‍ വ്യക്തികളാണ് കൊച്ചിയില്‍ മാത്രം സ്വന്തം ജീവന്‍ അവസാനിപ്പിച്ചത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സമൂഹത്തില്‍ നിന്നുള്ള ദുരനുഭവങ്ങളും അതുണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളും അനാരോഗ്യവുമൊക്കെയാണ് കാരണങ്ങള്‍. ട്രാന്‍സ്ജെണ്ടര്‍ നയം ഉണ്ടായി വര്‍ഷങ്ങളിത്രയായിട്ടും അതിന്‍റെ ഗുണഫലങ്ങളനുഭവിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല എന്നതിന്‍റെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ കാരണങ്ങള്‍ ആരായേണ്ടതാണ്. പരിഹാരങ്ങള്‍ വൈകിക്കൂടാ.
വിസ്മയ കേസ്സിന്‍റെ വിധിപ്രഖ്യാപനം ഉണ്ടായിരിക്കുന്നു. ഭര്‍ത്താവ് കിരണ്‍ കുറ്റവാളിയാണെന്ന് കണ്ടെത്തപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു. എന്നാല്‍ പ്രശ്നപരിഹാരം ആയെന്ന മട്ടില്‍ നമ്മള്‍ക്ക് ആശ്വസിക്കാന്‍ ഒരു വകയുമില്ലാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. കമ്പോള നിലവാരം നോക്കി ഉറപ്പിക്കുന്ന ദാമ്പത്യ വിനിമയങ്ങളില്‍ പെടാതിരിക്കാനുള്ള ജാഗ്രതയിലും ബോധ്യത്തിലും കുടുംബങ്ങള്‍ എത്താത്തിടത്തോളം കാലം ഇതൊരു തുടര്‍ക്കഥ തന്നെയാവും എന്ന് തീര്‍ച്ച . കല്യാണം എത്തും വരെ മാസ്മരികമായ മോഹവലയങ്ങളില്‍ നില്‍ക്കുകയും കല്യാണപ്പിറ്റേന്നു മുതല്‍ എങ്ങനെ ജീവിക്കണമെന്ന് അറിയാത്ത അങ്കലാപ്പിലും അന്ധാളിപ്പിലും പെട്ടുപോകുകയുമാണ് പെണ്‍കുട്ടികള്‍. കാലം പുരോഗമിച്ചിട്ടും പങ്കാളിത്തത്തിലല്ല കൊടുക്കല്‍ വാങ്ങലുകളിലാണ് വിവാഹം അടിസ്ഥാനപ്പെട്ടു കിടക്കുന്നതെന്ന യാഥാര്‍ത്ഥ്യം എത്ര പ്രതിലോമകരമാണ്!
എന്‍ഡോസള്‍ഫാന്‍ പീഡിതയായ 28 വയസ്സായ മകളെ അമ്മ കൊലപ്പെടുത്തി സ്വയം ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത ഹൃദയഭേദകമാണ്. ആശ്വാസമേതും ലഭിക്കാതെ വരുമ്പോള്‍ ഈ കടുംകൈ അല്ലാതെ അവരുടെ മുന്നില്‍ മറ്റൊരു പോംവഴിയുമുണ്ടായില്ല എന്നത് സര്‍ക്കാര്‍ നയങ്ങളുടെ പരാജയമായി തന്നെ വേണം കരുതാന്‍.
വീട്ടുകാരുടെ കഠിന എതിര്‍പ്പും ഭീഷണിയും നേരിട്ട് സ്വസ്ഥജീവിതത്തിന് നിയമ വഴികളന്വേഷിച്ചു ആദിലയും ഫാത്തിമയും. രണ്ട് സ്ത്രീകള്‍ക്ക് പ്രണയ ബന്ധത്തിലേര്‍പ്പെടാനും ഒന്നിച്ചു ജീവിക്കാനും അവകാശമുണ്ട് എന്ന ചരിത്രം സൃഷ്ടിച്ച ഹൈക്കോടതി വിധി ആദിലയുടെയും ഫാത്തിമയുടെയും ഒരുമിച്ചുള്ള ജീവിതയാത്രയുടെ മാത്രമല്ല ലിംഗ ലൈംഗിക സ്വത്വരാഷ്ട്രീയത്തിന്‍റെ തന്നെ സുവര്‍ണ മുഹൂര്‍ത്തമായി കണക്കാക്കാം. ആഹ്ളാദവും പ്രതീക്ഷയും നല്‍കിക്കൊണ്ടാണ് പ്രൈഡ് മാസം വന്നെത്തിയിരിക്കുന്നത്. നിറഞ്ഞ ആശംസകള്‍.

തത്ത്വജ്ഞാനം സ്ത്രീകളുടെ മേഖലയായി ഒരിക്കലും കണക്കാക്കപ്പെട്ടിരുന്നില്ല. ചരിത്രത്തില്‍ എസ്പേഷ്യയേയും ഹൈപേഷ്യയെയും പോലുള്ള അനേകം വിദുഷികളുണ്ടായിട്ടും വിസ്മൃതിയിലമര്‍ത്തപ്പെട്ടു പോയവര്‍. അവരെ വീണ്ടെടുക്കുകയാണ് മായ എസ്. അതിഥിപത്രാധിപയായ ‘തത്ത്വജ്ഞാനികള്‍’ എന്ന വിഷയം കൈകാര്യം ചെയ്യുന്ന ഈ ലക്കം സംഘടിത. വായനയ്ക്കായി സമര്‍പ്പിക്കുന്നു.

COMMENTS

COMMENT WITH EMAIL: 0