വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് എന്ന മട്ടില്‍ ഓരോ ദിവസവും ജനജീവിതം കൂടുതല്‍ കൂടുതല്‍ ദുഃസ്സഹവും ആയിത്തീരുകയാണ്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലെ കുറ്റകരമായ അനാസ്ഥയെ മറച്ചുവെക്കാന്‍ പാടുപെടുന്ന കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷദ്വീപ് സ്ഥലസമൂഹത്തെ ലക്ഷ്യമിട്ട് ആക്രമണം തുടങ്ങിയിരിക്കുകയാണ്. തികഞ്ഞ അനീതിയും ഫെഡറല്‍ തത്വലംഘനവുമാണ് അവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. ഭൂരിപക്ഷമായി മുസ്ലീങ്ങള്‍ അധിവസിക്കുന്ന ഈ ദ്വീപിന്‍റെ ഭരണസംവിധാനത്തെ അക്രമോത്സുകതയോടെ ഉടച്ചുവാര്‍ക്കുന്നതില്‍ രണ്ടുണ്ട് കാര്യം. മുസ്ലീംവിരുദ്ധതയിലൂന്നി ഹിന്ദുത്വ വോട്ടുബാങ്കുകളെ തൃപ്തിപ്പെടുത്താം. ഒപ്പം മുതലാളിത്ത കടന്നുകയറ്റത്തിന് ആവോളം വഴിയൊരുക്കി അതില്‍ നിന്നുമുള്ള കൊള്ളലാഭത്തിന്‍റെ പങ്കുപറ്റുകയും ചെയ്യാം. അനീതിയുടെയും ധര്‍മ്മച്യുതിയുടേയും ഈ ആസന്നഘട്ടത്തില്‍ ചെറുത്തുനില്‍പ്പിനു തക്കതായ പ്രതിപക്ഷ സഖ്യങ്ങള്‍ ഉണ്ടാക്കാന്‍ പുരോഗമന രാഷ്ട്രീയപാര്‍ട്ടികള്‍ മുന്‍കൈ എടുക്കണമെന്ന് ശക്തമായി ആവശ്യപ്പെടേണ്ടതുണ്ട്. രാജ്യത്തിന്‍റെ ഓരോ സ്വസ്ഥജീവിത ഇടവും ഇല്ലാതായി തീരുന്നത് വരെ ഈ കരാള വാഴ്ച ഇനിയും നീട്ടിക്കൊണ്ടുപോയിക്കൂടാ !
ഹിന്ദുത്വശക്തികളെ തോല്‍പിച്ച് ഇടതുമുന്നണി അധികാരത്തിലേറിയതില്‍ സന്തോഷവും അതിലധികം ആശ്വാസവുമുണ്ടെങ്കിലും ശൈലജ ടീച്ചറെ പുറത്തു നിര്‍ത്തിയതില്‍ ഖേദവും അമര്‍ഷവും രേഖപ്പെടുത്തുന്നു. എത്ര തെളിയിച്ചാലും തെളിയിക്കപ്പെടാത്തതാണ് സ്ത്രീകളുടെ നേതൃശേഷികള്‍ എന്നത് ഒരു തുടര്‍ക്കഥയാവുന്നത് അപലപനീയമാണ്. ഈ സര്‍ക്കാറിന്‍റെ രണ്ടാം വരവിന് ഏറെ പിന്തുണച്ച ജനസമ്മതിയും ഏറ്റവും കൂടുതല്‍ ജനപിന്തുണയുടെ ഭൂരിപക്ഷവും അവര്‍ക്കുണ്ടായിട്ടും മന്ത്രിസ്ഥാനത്ത് നിന്ന് അവര്‍ മാറ്റിനിര്‍ത്തപ്പെട്ടു. അവര്‍ ഏറ്റവും അര്‍ഹിക്കുന്ന മുഖ്യമന്ത്രി പദവി നല്‍കി ചരിത്രം സൃഷ്ടിക്കാന്‍ കഴിയും എന്ന് കരുതിയിരിക്കുമ്പോഴാണ് ഇങ്ങനെ തീരുമാനമുണ്ടായത് എന്നത് കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിലെ പിന്തിരിപ്പന്‍ ഏടായി നിലനില്‍ക്കും. യുവതയ്ക്ക് അവസരം ലഭിക്കും എന്നും ഒരാളെ മാത്രം വീണ്ടും പരിഗണിക്കാന്‍ കഴിയില്ലെന്നും വ്യക്തികള്‍ പ്രതീകങ്ങള്‍ മാത്രമാണെന്നുമൊക്കെയുള്ള വാദങ്ങള്‍ വെറും ആണ്‍(പാര്‍ട്ടി) യുക്തികള്‍ മാത്രം !
കേരളരാഷ്ട്രീയത്തില്‍ സ്ത്രീശക്തിയുടെ ഉജ്ജ്വലമാതൃക സൃഷ്ടിച്ച സഖാവ് ഗൗരിയമ്മ ഓര്‍മ്മയായി. പൊതുരാഷ്ട്രീയ മേഖലയില്‍ സ്ത്രീവാദരാഷ്ട്രീയം അല്പം പോലും വേരോടാത്ത കാലത്ത് ഒറ്റയാളായി പൊരുതി, പ്രതിപക്ഷത്തെ പലപ്പോഴും നിഷ്പ്രഭമാക്കി, സഹസഖാക്കളില്‍ നിന്നു പോലും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്ന്, ഒരുപാട് പോലീസ് പീഡനങ്ങള്‍ വരെ ഏറ്റുവാങ്ങിയ സമാനതകളില്ലാത്ത ജീവിതമായിരുന്നു അവരുടേത്. അഭിവാദ്യങ്ങളര്‍പ്പിച്ച് ഏറ്റെടുക്കല്‍ നടത്തുന്നവര്‍ ചരിത്രത്തില്‍ അവര്‍ അടയാളപെടുത്തിയ വീര്യവും രാഷ്ട്രീയ മാതൃകയും കൂടി നെഞ്ചോട് ചേര്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ധീരപ്രണാമം!
മികച്ച സാമൂഹ്യശാസ്തജ്ഞയും ചരിത്രപഠനങ്ങളില്‍ നൂതനപാതകള്‍ വെട്ടിത്തുറക്കുകയും ചെയ്ത ഡോ.കെ.ശാരദാമണി നമ്മെ വിട്ടുപിരിഞ്ഞു. സൂക്ഷ്മമായ അക്കാദമിക ഗവേഷണനിരീക്ഷണ പാടവവും കണിശമായ സാമൂഹ്യനിലപാടുകളും അവരെ വേറിട്ട വ്യക്തിത്വമാക്കി മാറ്റി. സംഘടിത മാസികയുടെ ഉപദേശകസമിതിയംഗം കൂടിയായിരുന്നു അവര്‍. 2020 ഒക്ടോബര്‍ രണ്ടിന് മാസികയുടെ ഓണ്‍ലൈന്‍ പതിപ്പ് ഉദ്ഘാടനത്തിന് തൊണ്ണൂറ്റിയൊന്ന് വയസ്സിലും പ്രചോദനോര്‍ജ്ജത്തോടെ സംസാരിച്ചത് ഈ അവസരത്തില്‍ സ്നേഹത്തോടെയും നന്ദിയോടെയും ഓര്‍ക്കുന്നു. വഴികാട്ടിയായിരുന്ന അവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
ഗൗരവമായ രാഷ്ട്രീയവിമര്‍ശനദൗത്യം ഏറ്റെടുത്തിരുന്ന തെഹല്‍ക്ക പത്രത്തിന്‍റെ പത്രാധിപനായിരുന്ന തരുണ്‍ തേജ്പാല്‍ നെ ലൈംഗിക പീഡനകേസില്‍ കോടതി വെറുതെ വിട്ടിരിക്കുന്നു. ഇത്തരം നിയമ വ്യവഹാരങ്ങളില്‍ ഏറ്റവും ദുര്‍ബലമായ ന്യായവാദങ്ങള്‍ നിരത്തുന്നതില്‍ കോടതികള്‍ക്കുള്ള ‘മിടുക്ക് ‘ അപാരം തന്നെ. ബലമായി പിടിച്ചു ഉമ്മ വെച്ചപ്പോള്‍ ആരോഗ്യവതിയും യോഗ ട്രെയിനറും കൂടിയായ സ്ത്രീ എന്തുകൊണ്ട് തള്ളിമാറ്റിയില്ല എന്നൊക്കെയാണ് ചോദ്യങ്ങള്‍ ! സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ കെട്ടഴിഞ്ഞ വ്യവഹാര ഇടമായി നീതിപീഠങ്ങള്‍ തുടരുന്നത് സ്ത്രീകളുടെ ജനാധിപത്യ അവകാശങ്ങള്‍ക്കു നേരെയുള്ള നിരന്തര വെല്ലുവിളിയാണ്. നിയമ പോരാട്ടത്തിനൊടുവില്‍ രേഖീയമായി കൈവരുന്ന നീതിലബ്ധി ഐസ്ക്രീം പാര്‍ലര്‍ കേസില്‍ എന്ന പോലെ ഇവിടെയും പ്രതീക്ഷിക്കാന്‍ വയ്യാതായിരിക്കുന്നു. എങ്കിലും പൊതുസമൂഹം കുറ്റവാളിയായിത്തന്നെ അയാളെ കണക്കാക്കുമെന്നുറപ്പ് തോന്നുന്നു. സ്വാതന്ത്ര്യം നേടി ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഭരണഘടന വാഗ്ദാനം ചെയ്യുന്ന പ്രാഥമിക നിയമസുരക്ഷ പോലും സ്ത്രീകള്‍ക്ക് ഉറപ്പാക്കാന്‍ കഴിയുന്നില്ലെന്നത് ഗൗരവമായി കാണേണ്ട വിഷയമാണ്.
പൊതു /സ്വകാര്യ ഇടങ്ങള്‍ ആണ്‍ / പെണ്‍ വേര്‍തിരിവില്‍ വീതിച്ചു നിര്‍ത്തപ്പെട്ട ആധുനിക കാലത്ത് ഈ ദ്വന്ദ്വസങ്കല്പങ്ങളെ മറികടക്കാന്‍ സ്ത്രീകള്‍ പൊരുതാന്‍ തുടങ്ങിയിട്ട് രണ്ട് നൂറ്റാണ്ടിലധികം കഴിഞ്ഞു. ഒളിമ്പ് ഡി ഗൗജസ് തന്‍റെ ‘ഡിക്ലറേഷന്‍ ഒഫ് ദ് റൈറ്റ്സ് ഒഫ് വുമണ്‍ എന്‍ട് ഒഫ് ദ് ഫീമെയ്ല്‍ സിറ്റിസണ്‍'(1791) ല്‍ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും അവര്‍ക്ക് ഭരണത്തില്‍ ഉണ്ടാവേണ്ട പങ്കാളിത്തത്തെക്കുറിച്ചും സംസാരിച്ചിരുന്നു. അവിടുന്നിങ്ങോട്ട് നടന്ന നിരന്തര പോരാട്ടങ്ങള്‍ക്കൊടുവില്‍ ഇപ്പോഴും ആശാവഹവും തൃപ്തികരവുമായ നേട്ടം കൈവരിച്ചതായി നമുക്ക് അവകാശപ്പെടാനാവില്ല. എന്താണ് രാഷ്ട്രീയ നേതൃത്വം? അതിന്‍റെ മാനദണ്ഡങ്ങള്‍ എങ്ങനെയാണ് തീര്‍ച്ചയാക്കപ്പെടുന്നത്? ആരൊക്കെ , ഏതൊക്കെ പ്രത്യയശാസ്ത്രങ്ങളാണ് പ്രേരകങ്ങള്‍? എന്തൊക്കെയാണ് നിര്‍ണ്ണായകമായ അജണ്ടകള്‍? രാഷ്ട്രീയ നേതൃത്വം എന്ന വിഷയത്തെ വിമര്‍ശനാത്മകമായി വിലയിരുത്തുകയും നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിത്വങ്ങളെ അടയാളപ്പെടുത്തുകയുമാണ് ഈ ലക്കത്തില്‍ . ഗൗരവവായനയ്ക്കായി സമര്‍പ്പിക്കുന്നു.
COMMENTS