മുഖവുര- ജനുവരി ലക്കം

Homeമുഖവുര

മുഖവുര- ജനുവരി ലക്കം

ഡോ.ഷീബ കെ.എം.

ന്യായമായ ആവശ്യങ്ങള്‍ക്കു വേണ്ടി ഏറെനാള്‍ നിലനില്‍പ്പ് സമരം ചെയ്യേണ്ടി വന്ന കര്‍ഷകരുടെ ആത്മത്യാഗത്തെയും രക്തസാക്ഷിത്വത്തെയും നിസ്സാരവല്‍ക്കരിച്ച് ‘അവര്‍ എനിക്ക് വേണ്ടിയാണോ മരിച്ചത്?’ എന്ന് പുച്ഛിക്കുന്ന രാഷ്ട്രത്തിന്‍റെ പ്രധാനമന്ത്രി. അദ്ദേഹത്തിന്‍റെ മനസ്സില്‍ ജനങ്ങള്‍ അബദ്ധധാരണകള്‍ തിരുകിക്കയറ്റിയെന്നും പതിയെ നേരെയായിക്കൊള്ളുമെന്നും ആഭ്യന്തരമന്ത്രി! നമ്മുടെ, ജനാധിപത്യത്തിന്‍റെ ദുരന്താവസ്ഥയായേ ഇതൊക്കെ കാണാന്‍ കഴിയുകയുള്ളൂ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ക്ഷേമരാഷ്ട്രം എന്ന സങ്കല്പനത്തേയും അതിന്‍റെ പ്രയോഗത്തേയും വെല്ലുവിളിക്കുന്ന തരത്തിലാണ് ഭരണം നടപ്പിലാക്കപ്പെടുന്നത്. അത് അനുദിനം വഷളായികൊണ്ടേയിരിക്കുന്നുണ്ട് താനും.

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ നടപടികള്‍ തീര്‍ത്തും അസ്വീകാര്യമാണ്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി സ്വന്തം ശേഷികളെ വികസിപ്പിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കപ്പെടുന്നത് എന്ന വാദം തികച്ചും അസ്ഥാനത്താണ്. പ്രഖ്യാപനവും പ്രവൃത്തിയും തമ്മിലുള്ള പ്രകടമായ വ്യത്യാസങ്ങള്‍ ‘ബേട്ടി ബഛാഒ’ നയങ്ങളില്‍ തന്നെ നാം കണ്ടതാണ്. ന്യൂനപക്ഷ സമുദായങ്ങളുടേയും ആദിവാസികളുടേയും നിലവിലുള്ള വിവാഹസമ്പ്രദായങ്ങളെ കുറ്റകരമാക്കാന്‍ പോന്നതാവും ഈ നിയമഭേദഗതി. പെണ്‍കുട്ടികളുടെ സ്വയം നിര്‍ണ്ണയാവകാശത്തില്‍ കൈകടത്താനും പങ്കാളിയെ സ്വയം തെരഞ്ഞെടുക്കുന്നതിനുമേല്‍ കൂച്ച് വിലങ്ങിടാനും ഇത് വഴിയൊരുക്കും എന്നതില്‍ സംശയമില്ല. പുതുതലമുറ ജാതി /മത പരിഗണനകള്‍ക്കപ്പുറത്ത് വിവാഹബന്ധങ്ങള്‍ സങ്കല്പിക്കാന്‍ തുടങ്ങുന്നത് തടയാനും ഇത് ഫലത്തില്‍ സൗകര്യം ചെയ്തുകൊടുക്കും. ആണ്‍കോയ്മയുടെ ആണത്ത നിര്‍മ്മിതികളില്‍ ജോലി നേടി കുടുംബം പുലര്‍ത്തുന്ന ഉത്തരവാദിത്വം പുരുഷന്‍റേതാണ്. അതിനാല്‍ പുരുഷന്‍മാരുടെ വിവാഹപ്രായം ഉയര്‍ന്നു തന്നെ നില്‍ക്കണമെന്ന ശാഠ്യവുമുണ്ട്. ഈ അവസ്ഥയില്‍ മാറ്റമുണ്ടാകും വിധം സ്ത്രീക്കും പുരുഷനും ഒരുപോലെയാവണം വിവാഹപ്രായം തീരുമാനിക്കപ്പെടേണ്ടത്. പ്രായപൂര്‍ത്തി കണക്കാക്കി വോട്ടവകാശം നല്‍കാന്‍ ഒരു പ്രായം വിവാഹം കഴിക്കാന്‍ അതിലും ഉയര്‍ന്ന മറ്റൊരു പ്രായം എന്ന ഇരട്ടത്താപ്പ് നയം തന്നെ പിന്‍വലിക്കേണ്ടതാണ്.
ഓടക്കുഴല്‍ പുരസ്കാരത്തിന് അര്‍ഹയായ സാറ ജോസഫിന് നിറഞ്ഞ അഭിനന്ദനങ്ങള്‍. തന്‍റെ എഴുത്തുകളിലൂടെ സാഹിത്യ ഭാവനകളെ ത്രസിപ്പിക്കുക മാത്രമല്ല ശക്തമായ രാഷ്ട്രീയ ഊര്‍ജ്ജം പ്രദാനം ചെയ്യുക കൂടിയായിരുന്നു ടീച്ചര്‍. ബഹിഷ്കൃത ജീവിതങ്ങളുടെ അക്ഷരാവിഷ്ക്കാരങ്ങളിലൂടെ സാഹിത്യലോക സീമകളെ വിപുലപ്പെടുത്തുന്നതില്‍ സാറ ടീച്ചര്‍ വഹിച്ച പങ്ക് നിസ്തുലമാണ്. വേറിട്ട എഴുത്തുകാരി എന്ന നിലയിലും കേരളത്തിലെ മുന്‍നിര സ്ത്രീവാദസംഘാടകയും ‘സംഘടിത’ യുടെ ആദ്യ പത്രാധിപ എന്ന നിലകളിലും സാറ ടീച്ചര്‍ ഏറെ പ്രിയപ്പെട്ടതും ബഹുമാന്യവുമായ വ്യക്തിത്വമാണ്. പുരസ്ക്കാര ലബ്ധിയില്‍ അഭിമാനവും ആശംസകളും രേഖപ്പെടുത്തുന്നു.

സ്കൂളില്‍ ലിംഗഭേദമുക്തമായ യൂണിഫോമുകള്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ഏറെ സ്വാഗതാര്‍ഹമാണ്. വളരെ നിസ്സാരം എന്ന് തോന്നുന്നവ മുതല്‍ വളരെ പ്രകടവും ഗൗരവതരവും ആയിത്തോന്നുന്ന വ വരെയുള്ള നിരവധി ആചരണങ്ങളിലൂടെയാണ് ലിംഗഭേദത്തിന്‍റെ അസമത്വലോകങ്ങള്‍ ദൈനംദിനമായി പുനരുല്‍പ്പാദിപ്പിക്കപ്പെടുന്നത്. അവ ഓരോന്നായി പൊളിച്ചെഴുതിയേ തീരൂ. എന്നാല്‍ ഇതിനായി പലപ്പോഴും സ്വീകരിക്കപ്പെടുന്ന മാര്‍ഗ്ഗം ‘ആണ്‍വേഷങ്ങള്‍’ പെണ്‍കുട്ടികള്‍ക്ക് കൂടി അനുവദിക്കുക എന്നതാണ്. ‘പെണ്‍വേഷങ്ങള’ണിഞ്ഞാല്‍ തകര്‍ന്നു പോയേക്കാവുന്ന ആണത്തങ്ങളില്‍ നിന്ന് പരിവര്‍ത്തനമുണ്ടാവണമെങ്കില്‍ ഇത് മതിയാകുമെന്ന് തോന്നുന്നില്ല. കാലക്രമേണ ഈ പരിമിതിയും മറികടന്ന് ഏകലിംഗ (യൂനിസെക്സ്) സ്കൂള്‍വസ്ത്രം പ്രചാരത്തിലാക്കാനാകും എന്ന് പ്രത്യാശിക്കട്ടെ.

കാല്‍പാദസ്പര്‍ശനം മാത്രമാണെങ്കില്‍ പോലും അത് അനുവാദമില്ലാതെയാവുമ്പോള്‍ പീഡനസ്വഭാവമുള്ളതു തന്നെ എന്ന് വിധിച്ചിരിക്കുകയാണ് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച്. രാത്രിയില്‍ വീട്ടില്‍ പ്രവേശിച്ച് തന്‍റെ പാദങ്ങള്‍ സ്പര്‍ശിച്ച പുരുഷനെതിരെ യുവതി നല്‍കിയ പരാതിയില്‍ പ്രതിക്ക് ലഭിച്ച ജയില്‍ശിക്ഷ ശരിവെയ്ക്കുകയായിരുന്നു കോടതി. ലൈംഗികപീഡന ഉദ്ദേശ്യത്തോടെ ഒരു സ്ത്രീയുടെ ഏതു ശരീരഭാഗത്തും നടത്തുന്ന സ്പര്‍ശനം കുറ്റകരമാണെന്ന് കോടതി നിരീക്ഷിച്ചു.

കാസര്‍കോട്ടെ എന്‍മകജെ തുടങ്ങിയ പഞ്ചായത്തുകളില്‍ എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി മനുഷ്യനാശിനിയെന്ന ഉഗ്രരൂപം പൂണ്ട യാഥാര്‍ത്ഥ്യങ്ങള്‍ പൊതുജനമധ്യം വെളിവാക്കപ്പെട്ടതാണ്. കീടനാശിനിയുടെ മാരകഫലങ്ങള്‍ കണ്ടുപിടിക്കപ്പെട്ടിട്ടും ബാധിക്കപ്പെട്ടവര്‍ അത് അനുഭവിച്ചു തുടങ്ങിയിട്ടും കാല്‍ നൂറ്റാണ്ടോളമായി. എന്നിട്ടും നീതിയും ആശ്വാസമേകാന്‍ പോന്ന ഏറ്റെടുക്കലും സര്‍ക്കാറുകളുടെ ഭാഗത്ത് നിന്നും ഇനിയും ഉണ്ടായിക്കാണുന്നില്ല. നഷ്ടങ്ങള്‍ക്ക് പരിഹാരമില്ലെന്നിരിക്കെ താല്‍ക്കാലികമായ നഷ്ടപരിഹാരത്തുകകള്‍ ലഭിക്കുന്നത് ഭരണമനസ്സാക്ഷിയുടെ ന്യായീകരണത്തിനല്ലാതെ മറ്റൊന്നിനും ഉതകുന്നതല്ല തന്നെ. ജീവിതാന്ത്യം വരെയുള്ള സംരക്ഷണവും ഏറ്റെടുക്കലുമാണ് ഇവിടെ അത്യാവശ്യം എന്നിരിക്കെ പ്രാഥമികമായ പുനരധിവാസം പോലും എത്രയോ അകലെയാണിപ്പോഴും . പീഡിതരായ മക്കള്‍ ജനിക്കുന്നതോടെ ഭാര്യമാരെ ഉപേക്ഷിച്ച് പുരുഷന്‍മാര്‍ രക്ഷപ്പെടുമ്പോള്‍ കുഞ്ഞുങ്ങളെ പരിപാലിക്കാന്‍ ആളില്ലാത്തതിനാല്‍ ജോലിക്ക് പോലും പോകാന്‍ കഴിയാതെ ഒറ്റക്ക് പൊരുതുന്ന അനേകം സ്ത്രീകള്‍ ഉണ്ടവിടെ. ജനവിരുദ്ധ കാര്‍ഷികനയങ്ങളുടെ കഠിന ഇരകള്‍ ആയിട്ടുകൂടിയും ശാരീരികവും മാനസികവുമായ നിരവധി വെല്ലുവിളികളെ അതിജീവിക്കാന്‍ സമരം ചെയ്യേണ്ടിവരുന്ന പോരാളികളെ അടയാളപ്പെടുത്തുകയാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ പ്രസിഡന്‍റ് കൂടിയായ മുനീസ അമ്പലത്തറ. പ്രതിരോധവും ഐക്യപ്പെടലും സാധ്യമാവുന്ന വായനയ്ക്കായി സമര്‍പ്പിക്കുന്നു.

COMMENTS

COMMENT WITH EMAIL: 0