മുഖവുര- ഫെബ്രുവരി ലക്കം

Homeമുഖവുര

മുഖവുര- ഫെബ്രുവരി ലക്കം

ഡോ.ഷീബ കെ.എം.

നാധിപത്യം എന്ന സങ്കല്പനത്തിലും പ്രയോഗത്തിലും അധികാരകേന്ദ്രീകരണത്തിന് യാതൊരു സ്ഥാനവുമില്ല തന്നെ. പ്രതിപക്ഷത്തിന്‍റെ ജാഗ്രതാപൂര്‍ണ്ണമായ വിമര്‍ശനത്തില്‍ ഭരണാധികാരികള്‍ ജനങ്ങളുടെ ഹിതത്തിനായി നയങ്ങള്‍ ആവിഷ്ക്കരിക്കുക എന്നതാണല്ലോ തത്വം. എന്നാല്‍ പ്രതിപക്ഷ ശബ്ദങ്ങളെ തീര്‍ത്തും നിശ്ശബ്ദമാക്കിക്കൊണ്ടുള്ള ജനാധിപത്യധ്വംസനങ്ങളാണ് നാം ഇന്ന് കാണുന്നത്. ഭരണകൂടത്തെയും അത് സാധൂകരിച്ച വര്‍ഗ്ഗീയ നരവേട്ടയെയും തുറന്നു കാണിക്കുന്ന ഡോക്യുമെന്‍ററി പ്രദര്‍ശനം തടയാന്‍ നടന്ന ശ്രമങ്ങള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. രാഷ്ട്രീയ നേതൃത്വത്തിന്‍റെ ഒത്താശയോടെ ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ ഉന്മൂലനാശം വിതയ്ക്കുന്നതായിരുന്നു ഗുജറാത്തില്‍ ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന അതിക്രമങ്ങള്‍. ഭയം സ്വാതന്ത്ര്യബോധത്തെ കാര്‍ന്നു തിന്നുന്ന രാഷ്ട്രീയ അന്തരീക്ഷത്തില്‍ ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പു തന്നെ ഇന്നും അത്യന്തം ഗുരുതരമായ അസ്ഥിരതകളിലൂടെയാണ് കടന്നു പോകുന്നത്. ഇതിനെതിരെ രാഷ്ട്രീയ പോരാട്ടം തുടരുക തന്നെ വേണം.

കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഒഫ് വിഷ്വല്‍ സയന്‍സ് & ആര്‍ട്സിന്‍റെ സാരഥ്യത്തില്‍ നിന്ന് ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ ഒഴിഞ്ഞതിനെ സ്വാഗതം ചെയ്യുന്നു. തന്‍റെ മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ചു എന്നതു മാത്രം ഒരു വ്യക്തിയെ ജനാധിപത്യബോധവും സാമൂഹ്യനീതിയും ഉള്‍ക്കൊള്ളുന്നവനാക്കുന്നില്ല എന്നത് ഖേദകരമായ യാഥാര്‍ത്ഥ്യമാണ്. പ്രബുദ്ധമെന്ന് സ്വയം അഹങ്കരിക്കുന്ന മലയാളിയുടെ ഉള്ളില്‍ മറഞ്ഞു കിടക്കുന്ന തിരുത്തപ്പെടേണ്ട ജാതിലിംഗപദവിബോധങ്ങളിലേക്കുള്ള ചൂണ്ടുപലകയാകട്ടെ ഈ സംഭവം.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ത്തവഅവധി പ്രഖ്യാപിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണമാണ് ഈ നീക്കത്തിന് ലഭിച്ചത്. സ്ത്രീകളുടെ ശാരീരികാവസ്ഥ ദുര്‍ബലതയ്ക്ക് കാരണമായി ചിത്രീകരിക്കപ്പെടുകയും അശുദ്ധിയാരോപിച്ച് മാറ്റിനിര്‍ത്തിയതുമായ ചരിത്രത്തിന്‍റെ പുനരാവിഷ്ക്കരണമായി ഈ നടപടിയെ കാണുന്നുണ്ട്. പിതൃ അധികാര സംരക്ഷണയുക്തിയായും ഇത് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ആര്‍ത്തവകാലത്ത് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നവര്‍ക്ക് ആവശ്യാനുസാരം അവധിയെടുക്കാന്‍ കഴിയുന്ന സംവിധാനമാണ് അഭികാമ്യം.

നാനാതരത്തിലുള്ള ശരീരവ്യവഹാരങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ശരീരഘടനാ മാനകങ്ങള്‍ ഡിസേബിള്‍ഡ് വ്യക്തികള്‍ക്കു മേല്‍ നിരന്തരം ഹിംസാത്മകമായി അധികാരപ്രയോഗങ്ങള്‍ നടത്തുന്നുണ്ട്. സ്വന്തം ശരീരത്തേക്കാള്‍ ഏബ്ലിസ്റ്റ് സമൂഹമാണ് വാസ്തവത്തില്‍ ഡിസേബിള്‍ഡ് വ്യക്തികള്‍ക്ക് പരിമിതികള്‍ സൃഷ്ടിക്കുന്നത്. ശരീര പരിപ്രേക്ഷ്യങ്ങള്‍ തിരുത്തപ്പെടേണ്ടതിന്‍റേയും ഉള്‍ക്കൊള്ളല്‍ നയങ്ങള്‍ ആവിഷ്ക്കരിക്കപ്പെടേണ്ടതിന്‍റേയും രാഷ്ട്രീയം മുന്നോട്ട് വെയ്ക്കുകയാണ് ശാരദാദേവി അതിഥിപത്രാധിപയായി ‘ഡിസബിളിറ്റി : രാഷ്ട്രീയവും പ്രതിനിധാനവും’ എന്ന ഫെബ്രുവരി ലക്കം സംഘടിത. നമ്മുടെ സാമൂഹ്യനീതിക്കായുള്ള ഇടപെടലുകളില്‍ വേണ്ടത്ര ശ്രദ്ധ പതിയാത്ത വിഷയമെന്ന നിലയില്‍ ഈ ലക്കം ശ്രദ്ധിക്കപ്പെടുമെന്ന വിശ്വാസത്തോടെ സമര്‍പ്പിക്കുന്നു.

ഡോ.ഷീബ കെ.എം.

COMMENTS

COMMENT WITH EMAIL: 0