മുഖവുര-  മെയ് ലക്കം

Homeമുഖവുര

മുഖവുര- മെയ് ലക്കം

ഡോ.ഷീബ കെ.എം.

രാജ്യത്തിന്‍റെ തലസ്ഥാനനഗരിയില്‍ മനുഷ്യര്‍ ജീവവായു കിട്ടാതെ പിടഞ്ഞുവീണ് മരിക്കുന്ന നടുക്കുന്ന കാഴ്ചകള്‍! അഭയമേതുമുണ്ടാവില്ലെന്ന ആശ്രയശൂന്യതയില്‍ സ്വന്തം ജീവരക്ഷയ്ക്ക് ഓക്സിജന്‍ സിലിണ്ടര്‍ അടക്കം സ്വയം കണ്ടെത്തേണ്ടുന്ന ഗതികേടില്‍ ജനങ്ങള്‍ .ആസന്നമരണങ്ങളുടെ പേക്കിനാവുകളില്‍ മന:സ്ഥൈര്യം നഷ്ടപ്പെട്ട് ജനം വലയുമ്പോള്‍ ഒന്നുമറിഞ്ഞിട്ടില്ലാത്ത മട്ടില്‍ അവശ്യവാക്സിന്‍റെ ലാഭവിഹിതത്തില്‍ കണ്ണും നട്ട് ഫാഷിസ്റ്റ് ഭീകരഭരണകൂടം. അപസര്‍പ്പക കഥകളെ വെല്ലുന്ന അതിഭീകരമായ ജീവിതസന്ദര്‍ഭം! ജനങ്ങളോടുള്ള പ്രതിബദ്ധതയും ജനജീവിതസുരക്ഷയുമാണ് ജനാധിപത്യത്തിന്‍റെ ആണിക്കല്ലുകളെങ്കില്‍ ആ സംവിധാനത്തിന്‍റെ പരിപൂര്‍ണ്ണ തകര്‍ച്ചയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ‘മോദി രാജിവെയ്ക്കൂ’ എന്നത് ഒരു രാഷ്ട്രീയ മുദ്രാവാക്യത്തിനപ്പുറം ജീവന്‍മരണ പോരാട്ടമുറവിളിയായിരിക്കുന്നു.
ഈ ദുരന്തവേളയില്‍ ആഹ്ളാദവും ആശ്വാസവുമായി എത്തിയത് കേരളജനത ഹിന്ദുത്വശക്തികളെ അധികാരത്തിലെത്തിക്കാതിരിക്കാനുള്ള വിധിയെഴുതിയിരിക്കുന്നു എന്ന വസ്തുതയാണ്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂര്‍ണ്ണസന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. പ്രതിനിധാനം പരിമിതമാണെങ്കിലും പതിനൊന്ന് വീറുള്ള വനിതാപ്രതിനിധികള്‍ നിയമസഭയില്‍ എത്തിയതില്‍ അളവറ്റ സന്തോഷവും രേഖപ്പെടുത്തുന്നു.. ജനാധിപത്യത്തിന്‍റെയും ലിംഗ ജാതി നീതിയുടെയും മാതൃകയാവാന്‍ പുതിയ സര്‍ക്കാറിന് കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.
പ്രശസ്ത അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയ്ടേസിന്‍റെ ആദ്യ വനിത മുഖ്യപത്രാധിപയായി അലെസ്സാണ്ട്ര ഗല്ലോനിയും ഇന്ത്യയിലെ വാണിജ്യവ്യവസായ സംഘടനയായ നാസ്സ്കോം ന്‍റെ ആദ്യ വനിത ചെയര്‍പേഴ്സനായി രേഖ മേനോനും സ്ഥാനമേറ്റു എന്നത് കഴിഞ്ഞ മാസം സന്തോഷത്തിന് വക നല്‍കിയ രണ്ട് വാര്‍ത്തകളാണ്. ഉയര്‍ന്ന പദവികള്‍ സ്ത്രീകള്‍ക്ക് കൂടിയുള്ളതാണെന്ന് സ്ഥാപിച്ചെടുക്കാന്‍ ദീര്‍ഘകാലത്തെ പോരാട്ടങ്ങള്‍ തന്നെ വേണ്ടിവന്നുവല്ലോ.
രാത്രികാല ജോലികള്‍ സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടരുതെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് ഏറെ സ്വാഗതാര്‍ഹമാണ്. കേരള മിനറല്‍സ് എന്‍ഡ് മെറ്റല്‍സ് ലിമിറ്റിഡ് ല്‍ ഫയര്‍ എന്‍ഡ് സേഫ്റ്റി ഓഫീസര്‍ തസ്തികയിലേക്ക് സ്ത്രീകള്‍ അപേക്ഷിക്കേണ്ടതില്ലെന്ന് വ്യവസ്ഥ ചെയ്തത് ലിംഗവിവേചനപരമാണെന്നതായിരുന്നു കോടതിയുടെ ഉത്തരവ് .സംരക്ഷണത്തിന്‍റെ പേരില്‍ സ്ത്രീകള്‍ തൊഴിലെടുക്കുന്നതില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കരുതെന്ന കോടതിയുടെ നിരീക്ഷണം പ്രസക്തമാണ്.
കുടുംബം എന്ന സങ്കല്പനം കാലങ്ങളിലൂടെ പരിണാമം സംഭവിച്ച ഒരു കൂട്ടുജീവനമാതൃകയാണ്. പ്രാകൃത മനുഷ്യര്‍ മൃഗങ്ങളെപ്പോലെ ഇണചേര്‍ന്ന കാലത്തില്‍ നിന്നും മാതൃഅവകാശ സമൂഹങ്ങളും പിന്നീട് പിതൃഅധീശ കുടുംബങ്ങളും ഉരുത്തിരിഞ്ഞു വന്നത് ചരിത്രത്തില്‍ ദൃശ്യമാണ്. ആധുനികകാലത്ത് കൂട്ടുകുടുംബങ്ങള്‍ അടര്‍ന്ന് അണുകുടുംബം മാതൃകയാവുകയും അതില്‍ സ്ത്രീ അകംലോക ജീവിയായി പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യപ്പെട്ടു. കാലങ്ങള്‍ കഴിഞ്ഞിട്ടും പുരോഗമനവും ജനാധിപത്യവും ഏറെ പറഞ്ഞിട്ടും പ്രയോഗിച്ചിട്ടും ഇന്നും കുടുംബം എന്നത് പുരുഷാധിപത്യത്തിന്‍റെ ഉത്തമപ്രയോഗ ഇടമായിത്തന്നെ തുടരുന്നു. കുടുംബം എന്ന വിഷയം വിമര്‍ശനാത്മകമായി ചര്‍ച്ച ചെയ്യുകയാണ് ഉമ്മു ഹബീബ അതിഥിപത്രാധിപയായ ഈ ലക്കം സംഘടിത .
കൊറോണയുടെ ഈ കെട്ട കാലത്ത് നമുക്ക് ചുറ്റുമുള്ളവര്‍ , നാം സ്നേഹിച്ചവര്‍ പലരും വ്യാധിയോട് തോറ്റ് പിന്‍വാങ്ങുമ്പോള്‍ അതിജീവനത്തിനായി നമുക്ക് ഒററക്കെട്ടാകാം എന്ന ദൃഡനിശ്ചയവുമായി ഈ ലക്കം സമര്‍പ്പിക്കട്ടെ.

COMMENTS

COMMENT WITH EMAIL: 0