മുഖവുര – ഏപ്രിൽ ലക്കം

Homeമുഖവുര

മുഖവുര – ഏപ്രിൽ ലക്കം

ഷീബ കെ. എം.

കോവിഡ് മഹാമാരിക്ക് മുമ്പില്‍ സ്തംഭിച്ചു പോയ പലതിനോടുമൊപ്പം സംഘടിതയുടെ പ്രസിദ്ധീകരണവും നിലച്ചു പോയി. ഏപ്രില്‍ ലക്കം തയ്യാറായിവന്നെങ്കിലും മുൻപോട്ട് പോവാന്‍ കഴിഞ്ഞില്ല. പക്ഷേ പിന്‍വാങ്ങലുകളില്‍ നിന്ന് പൂര്‍വ്വസ്ഥിതി പ്രാപിച്ച് മുമ്പോട്ട് പോവാനുള്ള കഴിവാണ് ഏതൊരു രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെയും ശക്തിയെങ്കില്‍ അത്തരമൊരു ഊര്‍ജ്ജത്തിലേക്ക് ഉയരാന്‍ ശ്രമിക്കുകയാണ് സംഘടിത. വൈകിയാണെങ്കിലും ഈ പതിപ്പ് പുറത്തിറക്കുവാനാണ് ഇവിടെ ശ്രമം.

ഈ വര്‍ഷം ആരംഭിച്ചതു തന്നെ കഴിഞ്ഞ വര്‍ഷത്തെ സമരങ്ങളുടെ തുടര്‍ച്ചകളുമായാണ്. ദേശം, ദേശീയത,പൗരത്വം തുടങ്ങിയ സങ്കല്പനങ്ങള്‍ നിലനില്‍പ്പിനായി നടന്ന തീവ്രസമരങ്ങളുടെ പശ്ചാത്തലത്തില്‍ സൂക്ഷ്മവിശകലനങ്ങള്‍ക്ക് വിധേയമാവുകയുണ്ടായി. ആധുനികതയുടെ വരവോടെ യൂറോപ്പില്‍ ഉടല്‍കൊണ്ട ദേശരാഷ്ട്രങ്ങള്‍ സാമ്രാജ്യത്വ അധികാരവാഴ്ചകള്‍ക്കെതിരായ ബദലുകള്‍ ആയാണ് രൂപപ്പെട്ടത്. ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ രാഷ്ട്രീയഘടനയെന്ന നിലയില്‍ അത് വാഴ്ത്തപ്പെട്ടുവെങ്കിലും ഈ ദേശരാഷ്ട്രം വിഭാവനം ചെയ്യപ്പെട്ടത് അനേകം വിളക്കിച്ചേര്‍ക്കലുകളോടും ഒഴിച്ചു നിര്‍ത്തലുകളോടും കൂടിയാണ്. ദേശവും ദേശീയ ബോധ ബോധ്യങ്ങളും തോറ്റിയെടുത്ത് ഏക സ്വഭാവമുള്ളൊരു ‘ഭാവനാ സമൂഹം’ നിര്‍മ്മിച്ചെടുക്കുകയാണുണ്ടായത്. നാനാത്വത്തില്‍ ഏകത്വം എന്ന മുദ്രാവാക്യം ഫലത്തില്‍ വൈവിധ്യങ്ങള്‍ തമസ്‌ക്കരിക്കപ്പെടാനും ചില അധീശത്വസ്വഭാവമുള്ള സാംസ്‌ക്കാരിക മാനദണ്ഡങ്ങളെ മാത്രം ആശ്രയിക്കുന്ന ദേശീയ മാതൃകകള്‍ സൃഷ്ടിക്കപ്പെടാനും കാരണമായി. ഒരു ജനതയ്ക്ക് മുഴുവന്‍ സമാനമായി തിരിഞ്ഞു നോക്കി ആശ്രയിക്കാനാകുന്ന ഒരു ഭൂതകാലവും പാരമ്പര്യവും ദേശീയബോധനിര്‍മ്മിതിക്ക് അനിവാര്യമായ ചേരുവകളാണ്. അങ്ങനെ തമ്മില്‍ പങ്കുചേരുന്ന ഭൂതത്തിലും വര്‍ത്തമാനത്തിലും ഭാവിയെക്കുറിച്ചുള്ള ആലോചനകളിലുമാണ് ദേശരാഷ്ട്രത്തില്‍ ഒരു ജനത മുഴുവന്‍ ഉള്‍ക്കൊള്ളിച്ചു നിര്‍ത്തപ്പെട്ടത്.

ഒരു രാഷ്ട്രത്തില്‍ എല്ലാവര്‍ക്കും ഒരുപോലെ കൈയാളാന്‍ സാധിക്കുന്ന ജനാധിപത്യ അവകാശങ്ങളുടെ വാഗ്ദാനങ്ങള്‍ ജീവിതത്തില്‍ അനുഭവപ്പെടുന്നിടത്താണ് പൗരത്വം എന്ന സങ്കല്പനത്തിന് പ്രസക്തിയുണ്ടാവുന്നത്. എന്നാല്‍ ഈ പൗരത്വാനുഭവം അത്യന്തം ദുര്‍ബലമായ ഒരു യാഥാര്‍ത്ഥ്യമായി ജനങ്ങള്‍ക്ക് അനുഭവപ്പെടുമ്പോള്‍ നിലനില്പിനായുള്ള സമരങ്ങളില്‍ അവര്‍ക്ക് അണിനിരക്കേണ്ടതായി വരുന്നു. തങ്ങള്‍ ജീവിച്ച, ജീവിക്കുന്ന മണ്ണില്‍ തുടർന്നും സ്വസ്ഥമായ പൊറുതിയുണ്ടാവാന്‍ പൊരുതേണ്ടി വരുന്ന അവസ്ഥ. അരികുവല്‍ക്കരിക്കപ്പെടുക എാന്നാല്‍ പൗരത്വാവകാശം നിഷേധിക്കപ്പെടുക എന്നതു തന്നെയാണ്. ദലിത്, ആദിവാസി, സ്ത്രീ, സ്ത്രീപുരുഷമാനകരതിക്കു പുറത്തുള്ള ലിംഗ ലൈംഗികസ്വത്വങ്ങള്‍, മുസ്ലീംങ്ങള്‍, വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍, കാശ്മീരികള്‍ – ഇങ്ങനെ പൗരത്വത്തെ ഏറ്റവും പിന്നോക്കാവസ്ഥയില്‍ അനുഭവിക്കുന്നവര്‍ പൗരത്വം എന്ന സങ്കല്പനത്തെ തന്നെ ചോദ്യമുനയില്‍ നിര്‍ത്തുന്നു. ഈ രാജ്യത്ത് എല്ലാ പൗരരും ഒരുപോലെയോ ? വര്‍ഗ്ഗ, വര്‍ണ്ണ ,മത, ജാതി, ലിംഗസ്വമത്വ, പ്രദേശ വ്യത്യാസങ്ങള്‍ പൗരത്വത്തില്‍ അധികാരത്തിന്റെ ശ്രേണികളുണ്ടാക്കുന്നതെങ്ങനെ? ഭരണകൂട താല്‍പര്യങ്ങള്‍, നയങ്ങള്‍ എങ്ങനെ ഈ അവസ്ഥകളെ രൂക്ഷമാക്കുന്നു? കഴിഞ്ഞ കുറേ മാസങ്ങളായി പൗരത്വ രജിസ്റ്റര്‍ ഉണ്ടാക്കിയും പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയും ജനങ്ങളെ, പ്രത്യേകിച്ചും മുസ്ലീംങ്ങളെ, തെരുവിലിറക്കിയിരിക്കയാണ് കേന്ദ്ര സര്‍ക്കാര്‍. തുടർന്നു ഉയർന്നുവന്ന പ്രതിരോധങ്ങള്‍ സ്ത്രീകളുടേയും കുട്ടികളുടേയും നേതൃത്തിലുള്ള ഉജ്ജ്വലമായ സമരമാതൃകകളാണ് തുറന്നു വെച്ചത്. അവ പൗരത്വ സങ്കല്പനങ്ങളെ മാത്രമല്ല, നിലനില്‍ക്കുന്ന ദേശീയതാരൂപങ്ങളെയും രാഷ്ട്രമാതൃകകളെയും സമരങ്ങളുടെ ലിംഗേഭേദ വ്യാഖ്യാനങ്ങളെയും തിരുത്തിക്കുറിക്കുതായിത്തീർന്നിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ‘പൗരത്വം’ എന്ന വിഷയം സൂക്ഷ്മവിശകലനത്തിന് വിധേയമാക്കുന്ന ഉമ്മുല്‍ ഫായിസ അതിഥി പത്രാധിപയായ ഏപ്രില്‍ മാസം സംഘടിത വായനയ്ക്കായി സമര്‍പ്പിക്കുന്നു .

ഷീബ കെ. എം.

COMMENTS

COMMENT WITH EMAIL: 0