Homeചർച്ചാവിഷയം

ദ്വന്ദ്വവത്കൃത പുരുഷധിപത്യ സമൂഹവും അരികുവത്കരണങ്ങളും

ന്ന് കാണുന്ന പരിഷ്കൃതമെന്നു കരുതപ്പെടുന്ന സമൂഹം ഒരു ദ്വന്ദ്വവൽകൃത പിതൃമേധാവിത്ത സമൂഹമായിട്ട് അധികം വർഷങ്ങൾ ആയിട്ടില്ല. മനുഷ്യർ വൈവിദ്ധ്യം നിറഞ്ഞവർ ആണെന്നും വൈവിദ്ധ്യങ്ങളെ ആഘോഷിക്കുക എന്നത് മനുഷ്യൻ ചെയ്തുപോന്നിരുന്ന ഒന്നാണെന്നും ചരിത്രം നമ്മെ ഓർമിപ്പിക്കുന്നു.പക്ഷെ യാഥാസ്ഥിതികമായ മത ബോധവും, അതിനനുസൃതമായി രൂപപ്പെട്ട ഭൂരിപക്ഷ സദാചാരങ്ങളും മനുഷ്യരിലെ വൈവിധ്യങ്ങളെ പുറംതള്ളി.
സമൂഹത്തെ പുരുഷനിലേക്കും സ്ത്രീയിലേക്കും ഒതുക്കി. അതിൽ തന്നെ സ്ത്രീകൾ രണ്ടാം തരം മനുഷ്യരും അധഃസ്ഥിതത്വം നേരിടുന്ന വിഭാഗവുമായി മാറ്റപെട്ടു. മതങ്ങളുടെ നിലനിൽപിന് അത് അത്യാവശ്യം തന്നെ ആയിരുന്നു. പ്രത്യുല്പാദനം സാധ്യമാകാത്ത എല്ലാ സ്വത്വങ്ങളും അവർക്ക് ഒരു വെല്ലുവിളി തന്നെയാണ്. കാരണം തലമുറകളിലൂടെയാണ് മതം എന്ന സ്ഥാപനം തന്നെ നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെ അതിനു വെളിയിൽ നിൽക്കുന്ന മനുഷ്യരെ എല്ലാം അവർ പാപികൾ ആക്കി.മതങ്ങളുടെ ചുവടുവെച്ചു നിയമങ്ങൾ ഉണ്ടാക്കപ്പെട്ട രാജ്യങ്ങളിൽ നിയമപരമായി അത്തരം മനുഷ്യർ കുറ്റക്കാരായി. വിക്ടോറിയൻ സദാചാര നിയമങ്ങൾ എല്ലാം അതിനു ഉദാഹരണം മാത്രം.
അങ്ങനെ ലോകത്ത് വൈവിദ്ധ്യം നിറഞ്ഞ മനുഷ്യർ എല്ലാം അവരുടെ വ്യത്യസ്തതയെ മറച്ചുപിടിച്ചു ജീവിക്കാൻ ബാധ്യസ്ഥരായി. ലോകത്തിലെ LGBTIQA+ വിഭാഗത്തിൽ ഉൾപ്പെടുന്ന വ്യക്തികൾ കൊടിയ അനീതികൾക്കും, അക്രമണങ്ങൾക്കും കൊലപാതകങ്ങൾക്കും നൂറ്റാണ്ടുകളായി ഇരകൾ ആക്കപ്പെടുന്നു. അത്രമാത്രം വെറുപ്പാണ് ഈ പിതൃമേധാവിത്വ, ദ്വന്ദ്വവൽകൃത, ഹെറ്ററോ നോർമേറ്റീവ് സമൂഹം നൂറ്റാണ്ടുകളായി ലോകത്തിലേക്ക് കുത്തിവച്ചുകൊണ്ടിരിക്കുന്നത്. അതിൽ തന്നെ പെൺ ഉടലിൽ പിറന്നവരുടെ ലിംഗത്വ ലൈംഗിക വൈവിധ്യങ്ങൾ കൂടുതൽ തീവ്രതയിൽ അടിച്ചമർത്തപ്പെടുന്നു. പെൺ ഉടലിൽ ജനിക്കുക എന്നത് തന്നെ ഈ ആണധികാര സമൂഹത്തിൽ ഒരു ബാധ്യതയാണ്. പെണ്ണിനെ എന്നും കൂട്ടിലടക്കുന്ന സമൂഹത്തിൽ പെണ്ണുടലിലെ ജെൻഡർ വൈവിധ്യങ്ങളും, ലൈംഗിക വൈവിധ്യങ്ങളും പെണ്ണുടലിൽ വീണ്ടും ഇരട്ടത്താഴിട്ടു പൂട്ടപ്പെടുന്നു.അതുകൊണ്ട് തന്നെ ഒരു പെൺ ശരീരത്തിൽ ഉണ്ടാകുന്ന ജെൻഡർ വൈവിധ്യങ്ങളും, ലൈംഗിക വൈവിധ്യങ്ങളും നിരന്തരം അദൃശ്യമാക്കപ്പെടുന്നു.

സമൂഹത്തിൽ ട്രാൻസ്‌ജെൻഡർ എന്ന ജെൻഡർ അസ്തിത്വം കൂടുതൽ ശക്തി പ്രാപിക്കുമ്പോഴും അതിൽ ട്രാൻസ്‌പുരുഷന്മാരുടെ ദൃശ്യത എത്രമാത്രം ഉണ്ടായിട്ടുണ്ട് എന്ന് നമ്മൾ ചിന്തിക്കേണ്ടതുണ്ട്. ഇന്ത്യ പോലുള്ള രാജ്യത്ത് ട്രാൻസ്‌ജെൻഡർ സമൂഹത്തിലെ സാംസ്‌കാരിക സ്വത്വങ്ങളിൽ പോലും ചരിത്രത്തിൽ ട്രാൻസ്‍മാൻ വ്യക്തികൾക്ക് അംഗീകാരം ലഭിച്ചിരുന്നില്ല. ആൺ ശരീരങ്ങളിലെ പെണ്ണത്തം തന്നെ ആണ് അന്നും ഇന്നും ശ്രദ്ധ നേടുന്നത്.കാരണം വേറൊന്നുമല്ല അതിൽ കൗതുകവും, ലൈംഗിക ചിന്തകളും കൂട്ടിക്കുഴച്ചാണ് സദാചാര സമൂഹം കാണുന്നത്. പെണ്മ എന്നത് എന്തോ മോശമാണെന്ന പാട്രിയർക്കൽ വിഴുപ്പുണ്ടാക്കുന്ന ഒരു തോന്നൽ മാത്രമാണ് ഈ സമൂഹത്തിലെ ട്രാൻസ് സ്ത്രീകളുടെ ദൃശ്യത അല്ലാതെ മുഖ്യധാര സമൂഹം ട്രാൻസ് സ്ത്രീകളെ അംഗീകരിക്കുന്നതുകൊണ്ടല്ല എന്ന് സാരം.

ഒരു ട്രാൻസ്മാൻ വ്യക്തി പെൺ ഉടലിൽ ജനിക്കുകയും ജീവിതത്തിന്റെ വലിയൊരു കാലഘട്ടം പെണ്ണായി ജീവിക്കാൻ വിധിക്കപ്പെടുകയും ചെയ്യുന്നയാളാണ്. മാനസികമായി ഒരു പുരുഷനായിരിക്കുകയും, പെണ്ണായി ജീവിക്കാൻ നിർബന്ധിക്കപ്പെടുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ട് വളരെ വലുതാണ്. ആർത്തവം പോലുള്ള ജൈവിക പ്രക്രിയകൾ പലപ്പോഴും ഡിസ്‌ഫോറിയ സൃഷ്ടിക്കാറുണ്ട്.

ട്രാൻസ്മാൻ വ്യക്തികളുടെ ജെൻഡർ സ്വത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ ആൺ പ്രിവിലേജുകൾ അനുഭവിക്കാൻ വേണ്ടിയാണ് അവർ പുരുഷന്മാർ ആകാൻ ആഗ്രഹിക്കുന്നത് എന്ന് പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട്. അങ്ങനെ പറയുന്നവരോട് എനിക്ക് പറയാൻ ഉള്ളത് അങ്ങനൊരു തോന്നൽ ഏതെങ്കിലും സ്ത്രീക്ക് ഉണ്ട് എങ്കിൽ അത് അവരുടെ ഗതികേടാണ്. ഒരു സ്ത്രീയായി ജീവിക്കുന്നതിന്റെ ഗതികേട്. പക്ഷെ ഒരു ട്രാൻസ്മാൻ വ്യക്തി ആ ഗതികേടുകൊണ്ടാണ് ഒരു പുരുഷനാകാൻ ആഗ്രഹിക്കുന്നത് എന്നത് തെറ്റാണ്. ജെൻഡർ ഒരു തിരഞ്ഞെടുപ്പല്ല സ്വയം തിരിച്ചറിയൽ ആണ്.

പെൺ ശരീരങ്ങളിൽ ഉണ്ടാകുന്ന നോൺ ബൈനറി അസ്തിത്വങ്ങളും ഇതേ ബുദ്ധിമുട്ട് തന്നെ നേരിടേണ്ടി വരാറുണ്ട്. ഒരു സ്ത്രീ എങ്ങനെ ആണ് ജീവിക്കേണ്ടത് എന്ന് കൃത്യമായി ചട്ടമുണ്ടാക്കപ്പെട്ട സമൂഹത്തിൽ അതിന് വെളിയിൽ ജീവിക്കുന്ന ദ്വന്ദ്വാതീത അസ്തിത്വങ്ങൾ കടുത്ത അദൃശ്യതയും, വിവേചനങ്ങളും നേരിടുന്നുണ്ട്.സ്വന്തം കുടുംബം തന്നെ ആണ് പ്രശ്നങ്ങളുടെ തുടക്കം. പ്രായപൂർത്തിയായ വ്യക്തികളെ വ്യക്തികളായി കാണാനും അവരുടെ അഭിപ്രായത്തിനും സ്വാതന്ത്ര്യത്തിനും വില കല്പിക്കാത്തതുമായ കുടുംബ ബന്ധങ്ങൾ സത്യത്തിൽ ടോക്സിക് ബന്ധങ്ങൾ ആണ്.പലപ്പോഴും സ്നേഹം എന്ന് പറഞ്ഞു സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രവണതയാണ് കുടുംബങ്ങളിൽ ഉള്ളത്.
സത്യത്തിൽ അവരിൽ ഉള്ളത് സ്നേഹം അല്ല ദുരഭിമാനമാണ് . ഏറ്റവും സ്വാർത്ഥമായ അഭിമാന പ്രശ്നം. തന്റെ മകൻ അല്ലെങ്കിൽ മകൾ ഒരു ട്രാൻസ്‌ജെൻഡർ അല്ലെങ്കിൽ ഗേ,ലെസ്ബിയൻ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ആളാണെന്ന് അറിയുമ്പോൾ അവ ഈ സമൂഹത്തിന്റെ സാധാരണവത്കൃതമായ നിർമിതികളെ ചോദ്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന പരിഹാസങ്ങളെയും, ചോദ്യങ്ങളെയും ഭയന്നുള്ള ദുരഭിമാനം. പല ക്വിയർ മനുഷ്യർക്കും തുറന്നു പറച്ചിൽ നടത്താൻ സാധിക്കാത്തതും കുടുംബം എന്നൊരു ഘടകം തന്നെയാണ്.
തുടർന്നു വിദ്യഭ്യാസം, തൊഴിൽ  തുടങ്ങി എല്ലാ മേഖലകളിലും ട്രാൻസ്‍മാൻ വ്യക്തികൾ കൃത്യമായി ചൂഷണങ്ങളും അരികുജീവിതവും നയിക്കേണ്ടി വരുന്നു. ഇഷ്ടമല്ലാത്ത പേര്, ഇഷ്ടമല്ലാത്ത വസ്ത്രം, ഇഷ്ടമല്ലാത്ത ജീവിത രീതികൾ എല്ലാം സ്ത്രീ ശരീരത്തിൽ ജനിച്ചതുകൊണ്ട് മാത്രം  കൂടുതലായി അനുസരിക്കേണ്ടിവരുന്നു. ആൺകുട്ടികൾക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം ഭൂരിപക്ഷം പെൺകുട്ടികൾക്കും ലഭിക്കുന്നില്ല എന്നത് യാഥാർത്ഥ്യമാണ്.
സ്വന്തം ശരീരവും മനസും തമ്മിൽ നിരന്തര കലഹം ഉണ്ടാകുമ്പോൾ ശരീരത്തെ പരിവർത്തനപ്പെടുത്തുക എന്നത് ഒരു ശ്രമകരമായ ഉദ്യമം തന്നെയാണ്. തുടർച്ചയായുള്ള സർജറികൾ, ഹോർമോൺ ചികിത്സകൾ എല്ലാം വലിയ സാമ്പത്തിക ബാധ്യത കൂടി സൃഷ്ടിക്കുന്നു. എത്ര ട്രാൻസ്‌ പുരുഷന്മാർക്ക് അതിനുള്ള പ്രിവിലേജ് ഉണ്ട് എന്നത് പരിശോധിക്കേണ്ട വിഷയം തന്നെയാണ്.
പ്രതിസന്ധി ഘട്ടങ്ങളിൽ വീട് വിട്ട് ഓടിപ്പോകാൻ പോലും സ്ത്രീ ശരീരം ഒരു ബാധ്യതയാണ്. സ്ത്രീ ശരീരം ഉണ്ടാകുന്ന സുരക്ഷയില്ലായ്മ ഒരു വലിയ ചോദ്യം തന്നെയാണ്. വീടുവിട്ട് ഓടി തെരുവിൽ എത്തുന്ന 15/16 വയസുള്ള ഒരു കുട്ടിയെ സംബന്ധിച്ച് ലൈംഗികമായും, ശാരീരികമായും എല്ലാം അതിക്രമിക്കപ്പെടാനുള്ളസാധ്യത വളരെ കൂടുതൽ ആണ്. അതുകൊണ്ട് തന്നെ സുരക്ഷിതമായ ഇടങ്ങൾ ഉണ്ടാകേണ്ടത് വളരെ അത്യാവശ്യം ആണ്. സർക്കാർ സംവിധാനങ്ങൾ നിലനിൽക്കുന്നതിനോടൊപ്പം സന്നദ്ധ സംഘടനകളും ക്വിയർ സംഘടനകളും കൂടുതൽ ഇടങ്ങൾ ഉണ്ടാക്കേണ്ടിയിരിക്കുന്നു. അത്തരം ഇടങ്ങളെപ്പറ്റി വ്യാപകമായി പരസ്യം നൽകേണ്ടതും, പൊതുജനങ്ങളിൽ ബോധം ഉണ്ടാക്കേണ്ടതും അത്യാവശ്യം ആണ്.തൊഴിൽ ഇടങ്ങളിൽ കൂടുതൽ ഇൻക്ലൂസീവ് പോളിസികൾ ഉണ്ടാകേണ്ടതും കൂടുതൽ ട്രാൻസ്‍മാൻ നോൺ ബൈനറി വ്യക്തികൾ തൊഴിലാളികൾ ആക്കപ്പെടേണ്ടതും അത്യാവശ്യമാണ്.
രാജ്യത്തെ നയരൂപീകരണങ്ങളിൽ, നിയമ സഭകളിൽ, ഉദ്യോഗവൃന്ദങ്ങളിൽ ട്രാൻസ്മാൻ, നോൺ ബൈനറി പ്രതിനിധ്യം ഉണ്ടാകണം. അതിനു സംവരണം പോലുള്ള ഭരണഘടന സംവിധാനങ്ങൾ നടപ്പാക്കണം.

ട്രാൻസ്‌ജെൻർ എന്ന വിഭാഗത്തിൽ തന്നെ ട്രാൻസ് പുരുഷൻ ട്രാൻസ് സ്ത്രീ എന്നതിനപ്പുറം ഉള്ള സ്വത്വങ്ങൾക്ക് അംഗീകാരം ഉണ്ടാകണം. പൗരവകാശങ്ങൾ ലഭിക്കണം. ഇത്തരത്തിൽ എല്ലാ മേഖലകളിലും ദ്വന്ദ്വകേന്ദ്രീകൃത, പുരുഷാധിപത്യ ആശയങ്ങളെ നമ്മൾ ചെറുക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് ഫെമിനിസ്റ്റ് ചലനങ്ങളും ക്വിയർ ചലനങ്ങളും ലോകത്ത് ശക്തിപ്രാപിക്കുന്നത്. പലരും അതിൽ അസ്വസ്ഥരാണ്. സമൂഹത്തിലെ അസ്വസ്ഥതകളാണ് മാറ്റങ്ങളുടെ കാരണം. അത് തുടരുക തന്നെ വേണം. നവീകരണം മുഖ്യധാര സമൂഹത്തിലും ക്വിയർ സമൂഹത്തിലും നിരന്തരം ഉണ്ടാകണം. ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാ അധിനിവേശങ്ങൾക്കും ബദൽ ക്വിയർ രാഷ്ട്രീയം മാത്രമാണ്.

Yes we are Queer,We are Here

 

 

 

 

 

അര്‍ജ്ജുന്‍ ഗീത
ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ്
അമിഗോസ് ട്രാന്‍സ്മെന്‍ കളക്ടീവ് കോര്‍ഡിനേറ്റര്‍

COMMENTS

COMMENT WITH EMAIL: 0