ലോകത്തിലെ ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളാണ് ഡിസബിലിറ്റികളുള്ള സ്ത്രീകളും ബൈനറി ഇതര ജന്‍ഡര്‍ സ്വത്വങ്ങളുള്ള ഡിസേബിള്‍ഡ് വ്യക്തികളും. യുണൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്‍റ് പ്രോഗ്രാം (യുഎന്‍ഡിപി) അനുസരിച്ച് ഡിസബിലിറ്റികളുള്ള വ്യക്തികളില്‍ എണ്‍പത് ശതമാനം ജീവിക്കുന്നത് വികസ്വര രാജ്യങ്ങളിലാണ്. ഈ ലേഖനം ഉന്നതവിദ്യാഭ്യാസ രംഗത്ത് ഡിസേബിള്‍ഡ് സ്ത്രീകള്‍ക്കു നേരിടേണ്ടിവരുന്ന പ്രശ്നങ്ങളാണ് ചുരുക്കത്തില്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നത്. ബൈനറി ഇതര ജന്‍ഡറുകളില്‍പ്പെട്ട ഡിസേബിള്‍ഡ് വ്യക്തികളുടെ പ്രശ്നങ്ങള്‍ പ്രത്യേകം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
ഡിസബിലിറ്റികളുള്ള സ്ത്രീകള്‍ ജന്‍ഡറിന്‍റെയും ഡിസബിലിറ്റിയുടെയും അടിസ്ഥാനത്തില്‍ ഇരട്ട വിവേചനമാണ് അനുഭവിക്കുന്നത്. ഡിസബിലിറ്റികളുള്ള സ്ത്രീകളുടെ സാമൂഹിക നിലയില്‍ വ്യക്തിഗത സാഹചര്യങ്ങള്‍ക്കും അവര്‍ താമസിക്കുന്ന സമൂഹത്തിനും അനുസരിച്ച് വ്യത്യാസങ്ങളുണ്ടാകും. ഡിസബിലിറ്റികളുള്ള സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ഒരു പ്രധാന വെല്ലുവിളിയായി തുടരുന്നു. 2011ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ ഡിസേബിള്‍ഡ് ജനതയുടെ 44 ശതമാനം സ്ത്രീകളാണ്. ഇന്ത്യയില്‍ യാഥാസ്ഥിതിക പാരമ്പര്യങ്ങളും, ലിംഗ അസമത്വവും, മിഥ്യകളും, അവബോധമില്ലായ്മയും, സ്ത്രീകളെ പരാധീനതയുടെ കൊടുമുടികളിലേക്ക് തള്ളിവിടുകയും സാമൂഹികവും സാമ്പത്തികവും ആരോഗ്യവും രാഷ്ട്രീയവുമായ അവരുടെ അവസരങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യുന്നു. നിലവിലുള്ള ലിംഗപരമായ അസമത്വങ്ങള്‍ക്കൊപ്പം ഡിസബിലിറ്റികളുള്ള സ്ത്രീകള്‍ ഇരട്ട വിവേചനത്തിനു വിധേയരാക്കപ്പെടുന്നു.
വിദ്യാഭ്യാസ മേഖല ഉള്‍പ്പെടെ പല മേഖലകളില്‍ ഡിസേബിള്‍ഡ് വ്യക്തികള്‍ക്ക് ലഭിക്കേണ്ട സൗകര്യങ്ങളുടെ അഭാവമുണ്ട്. സംയോജിതവിദ്യാഭ്യാസത്തിന്‍റെ അഭാവം മൂന്ന് പ്രാഥമിക കാരണങ്ങളാല്‍ സംഭവിക്കുന്നുണ്ട്, വൈകല്യങ്ങള്‍ ഉള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ സ്കൂളുകള്‍ വിമുഖത കാണിക്കുന്നു. രണ്ടാമതായി, രാജ്യത്ത് നിലവിലുള്ള ഗ്രാമീണ-നഗര അസമത്വം. മൂന്നാമതായി, പ്രത്യേക ആവശ്യങ്ങള്‍ ഉള്ള വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിന് ശരിയായ പരിശീലനം നേടിയ ജീവനക്കാരുടെ അഭാവം. സ്കൂളിലേക്കുള്ള ദൂരം പല പെണ്‍കുട്ടികള്‍ക്കും ഒരു വിദ്യാഭ്യാസ തടസ്സം സൃഷ്ടിക്കുന്നുണ്ട്. സാംസ്കാരികമായി സ്ത്രീകളും പെണ്‍കുട്ടികളും ഒറ്റക്ക് സഞ്ചരിക്കുന്നതിനുള്ള വിലക്കും സുരക്ഷാപ്രശ്നങ്ങളും ഇതിനു കാരണങ്ങളാണ്. പെണ്‍കുട്ടികള്‍ക്ക്, അത്തരം തടസ്സങ്ങള്‍ തീവ്രമാകുന്നു.
സ്കൂള്‍ വിദ്യാഭാസം പൂര്‍ത്തിയാക്കുന്ന ഡിസേബിള്‍ഡ് പെണ്‍കുട്ടികളുടെ എണ്ണം വളരെ കുറവാണ്. അപ്പോള്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഡിസേബിള്‍ഡ് സ്ത്രീ പ്രാതിനിധ്യം എത്രത്തോളം ഉണ്ടാകും എന്ന് ഊഹിക്കാവുന്നതേയുള്ളു. കെട്ടിടങ്ങളുടെ അപ്രാപ്യത (കോണിപ്പടികള്‍, ഇടുങ്ങിയ ഇടനാഴികള്‍, അപ്രാപ്യമായ ഡെസ്കുകളും ഉപകരണങ്ങളും, അപ്രാപ്യമായ ടോയ്ലറ്റുകള്‍ ഉള്‍പ്പടെ) ചലനപരിമിതികളുള്ള പെണ്‍കുട്ടികള്‍ക്ക് പലപ്പോഴും പ്രധാന തടസ്സങ്ങളാണ്. മാസങ്ങള്‍ക്ക് മുമ്പ് എറണാകുളം മഹാരാജാസ് കോളേജിലെ ഒന്നാം വര്‍ഷ മലയാളം ബിരുദ വിദ്യാര്‍ത്ഥിനിയായ വീല്‍ചെയര്‍ ഉപയോഗിക്കുന്ന ശാദിയ എന്ന പെണ്‍കുട്ടിയെ ഒരു രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി പൊക്കിയെടുത്തു മുകള്‍നിലയില്‍ എത്തിക്കുന്നത് വാര്‍ത്തയായത്. ഓരോ വൈകല്യത്തിനും അനുസരിച്ച് ആവശ്യമുള്ള സംവിധാനങ്ങളിലും സൗകര്യങ്ങളിലും വ്യത്യാസങ്ങളുണ്ടാകും. ഡിസേബിള്‍ഡ് വിദ്യാര്‍ത്ഥികള്‍ക്ക്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ഒരു പ്രധാന തടസ്സമായി തുടരുന്നു. കെട്ടിടങ്ങളില്‍ സാര്‍വത്രിക രൂപകല്പനയുടെ വ്യവസ്ഥകള്‍ നടപ്പിലാക്കുകയും ഗതാഗത സൗകര്യങ്ങള്‍ നല്‍കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. പ്രത്യേക സംവിധാനങ്ങളോട് കൂടിയതും വൃത്തിയുള്ളതുമായ ടോയ്ലറ്റുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
നിയമനിര്‍മ്മാണം നടത്തുകയും കര്‍മ്മ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്യുക എന്നതിലുപരി സര്‍ക്കാര്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. പദ്ധതികള്‍ നടപ്പിലാക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കണം. സംയോജിത വിദ്യാഭ്യാസ പരിപാടി ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് വിവിധ ഭരണ യൂണിറ്റുകള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധാപൂര്‍വ്വമായ സഹകരണം ആവശ്യമാണ്. ഈ വിഷയത്തില്‍ ചര്‍ച്ച ചെയ്തു പരിഹാരങ്ങള്‍ തേടേണ്ടതായി പല പ്രശ്നങ്ങള്‍ ഇനിയുമുണ്ട്.
COMMENTS