2021 ലെ തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ് മന്ത്രിസഭാ രൂപീകരണത്തിന്‍റെ കാലമായപ്പോള്‍ സോഷ്യല്‍ മീഡിയ നിറഞ്ഞുനിന്നത് മമതാ ബാനര്‍ജിയുടെ പുതിയ മന്ത്രിസഭയിലെ പുത്തന്‍ മുഖങ്ങളും അവരുടെ വിശേഷങ്ങളുമാണ്. 43 പേരുള്ള മന്ത്രിസഭയില്‍ ദളിതര്‍, ആദിവാസികള്‍, സ്ത്രീകള്‍, മുസ്ളീങ്ങള്‍ അങ്ങിനെ ന്യൂനപക്ഷ പ്രാതിനിധ്യം കൊണ്ട് സമ്പന്നമായ, പുതുമുഖങ്ങള്‍ നിറഞ്ഞ, എന്തുകൊണ്ടും മാതൃകയാക്കാവുന്ന ഒരു മന്ത്രിസഭ. പുരോഗമനം ഉദ്ഘോഷിക്കുന്നവര്‍ക്കുപോലും അവകാശപ്പെടാന്‍ കഴിയാത്ത ചരിത്രനേട്ടം.
ഇത്തരത്തില്‍ വിപ്ലവകരമായ ഒരു കാഴ്ചപ്പാട് മുന്നോട്ടുവച്ച നേതാവ്, ഒരു സ്ത്രീ എന്ന നിലയില്‍ കടന്നുവന്നത് അസാമാന്യമായ വഴികളിലൂടെയാണ്. പതിനഞ്ചാം വയസിലാണ് വെസ്റ്റ് ബംഗാള്‍ കോണ്‍ഗ്രസിന്‍റെ ഭാഗമായി അവര്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നത്. ആദ്യമായി മമത ബാനര്‍ജി ശ്രദ്ധയില്‍പ്പെടുന്നത് 1975 ല്‍, പ്രശസ്തനായ നേതാവ് ജയപ്രകാശ് നാരായണന്‍റെ കാറിന്‍റെ മുകളില്‍ കയറി നൃത്തം ചെയ്തപ്പോഴാണ് – അതൊരു പ്രതിഷേധമായിരുന്നു. പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാനപ്പെട്ട ചുമതലകളിലേക്ക് കടന്നുവരികയും പല സ്ഥാനങ്ങള്‍ കൈയ്യാളുകയും ചെയ്തു. കോണ്‍ഗ്രസിലായിരിക്കുമ്പോള്‍ത്തന്നെ, തലതൊട്ടപ്പന്‍മാരായ കമ്മ്യൂണിസ്റ്റ് നേതാക്കളെ തോല്‍പ്പിച്ച ചരിത്രം ഉള്ളവരാണ്. നരസിംഹറാവുവിന്‍റെ മന്ത്രിസഭയിലാണ് ഇവരാദ്യം കേന്ദ്രമന്ത്രിയാകുന്നത്, 1984 ല്‍. കാലാകാലങ്ങളായി ബംഗാളില്‍ വേരുപിടിച്ചിരുന്ന കമ്മ്യൂണിസ്റ്റ് സര്‍വാധിപത്യത്തെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് സഹായിക്കില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് അവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് (അടിസ്ഥാന വര്‍ഗത്തിന്‍റെ കോണ്‍ഗ്രസ് എന്ന് മലയാളത്തില്‍) അഥവാ ടി.എം.സി രൂപീകരിക്കാന്‍ നേതൃത്വം നല്‍കുന്നത്. പെട്ടെന്നുതന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന പ്രതിപക്ഷമായി മാറാനും ഇവര്‍ക്ക് കഴിഞ്ഞു.
ജയപ്രകാശ് നാരായണന്‍റെ കാറിന് മുകളില്‍ കയറി നൃത്തം ചെയ്യുന്നു
പിന്നീട് കുറച്ചുകാലം എന്‍.ഡി.എയുടെ ഭാഗമായി പ്രവര്‍ത്തിച്ചു. വീണ്ടും കേന്ദ്രമന്ത്രിയായി. ഈ കാലഘട്ടത്തിലെ തിരഞ്ഞെടുപ്പ് തോല്‍വികള്‍ അവരെ സ്വന്തം രാഷ്ട്രീയത്തെയും പ്രസ്ഥാനത്തെയും നവീകരിക്കാന്‍ സഹായിച്ചു. 2006 ലെ സിംഗൂരില്‍ സര്‍ക്കാര്‍ കര്‍ഷക ഭൂമി ഏറ്റെടുത്ത പ്രശ്നവും 2007ല്‍ നന്ദീഗ്രാമില്‍ നടന്ന വെടിവെപ്പുമെല്ലാം കമ്മ്യൂണിസ്റ്റ് സര്‍വാധിപത്യത്തിനെതിരെയുള്ള ഇവരുടെ കാഴ്ചപ്പാടിനെ ദൃഢപ്പെടുത്തി. കര്‍ഷകരുടെ ഭൂമി ബലമായി പിടിച്ചെടുത്ത് കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്ന ജനദ്രോഹ നടപടികള്‍ക്കെതിരായി അവര്‍ ശക്തമായി പ്രതികരിച്ചു, പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. പല തവണ അതിക്രമങ്ങള്‍ക്കും ബലപ്രയോഗങ്ങള്‍ക്കുമിരയായി.
വീണ്ടും കോണ്‍ഗ്രസുമായി രമ്യതയിലായ ഇവര്‍ 2009 ല്‍ യു.പി.എ മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയായി. ഇക്കാലഘട്ടത്തിലാണ് ടി.എം.സി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് സ്വതന്ത്രമായ ഒരു സ്വത്വം കൈവരുന്നത് എന്ന് പറയാം. 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്താണ് കവിയും ചിത്രകാരിയുമായ മമത ‘മാ, മാട്ടി, മാനുഷ്’ (അമ്മ, മാതൃഭൂമി, മനുഷ്യര്‍) എന്ന മുദ്രാവാക്യം മുന്നോട്ടുവയ്ക്കുന്നത്. ബംഗാളിലെ സ്ഥിരമായ കടുകട്ടി മുദ്രാവാക്യങ്ങള്‍ക്കു പകരം എല്ലാ സാധാരണക്കാര്‍ക്കും എളുപ്പം കൈയ്യെത്തിപ്പിടിക്കാവുന്ന ഒരു മുദ്രാവാക്യമായിരുന്നു അത്. പല കലാസംഘങ്ങളും അതേറ്റു പിടിച്ചു. അതേ പേരില്‍ നാടകങ്ങളും കവിതകളുമുണ്ടായി. നാല്‍ക്കവലകളില്‍ വലിയ ചര്‍ച്ചയായി. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ടി.എം.സി ഇതേ മുദ്രാവാക്യമുപയോഗിച്ചു. 2011 ല്‍ ആദ്യമായി ബംഗാളില്‍ ലോകത്തിലെ തന്നെ ഏറ്റവുമധികം തവണ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് ഭരണം അവസാനിച്ചു. തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ ആദ്യത്തെ തീരുമാനം സിംഗൂരിലെ കര്‍ഷകര്‍ക്ക് പിടിച്ചെടുത്ത ഭൂമിയുടെ ഒരു ഭാഗം തിരിച്ചുകൊടുക്കുക എന്നതായിരുന്നു.
പ്രധാനമായി ദീദി വിമര്‍ശിക്കപ്പെടുന്നത് അവരുടെ ഏകാധിപത്യ സ്വഭാവമുള്ള തീരുമാനങ്ങളെയും മര്യാദയില്ലെന്ന് പറയപ്പെടുന്ന പ്രാദേശികമായ ഭാഷയെയും ചൊല്ലിയാണ്. ‘നരേന്ദ്ര മോദിയെ ഒരു കയറില്‍ക്കെട്ടി ഈ തെരിവിലൂടെ നടത്തും’ എന്നവര്‍ 2009 ല്‍ പറഞ്ഞത് ഇന്നും ഓര്‍മ്മിക്കപ്പെടുന്നു. എന്നാല്‍ പുരുഷകേന്ദ്രീകൃതമായ രാഷ്ട്രീയ മേഖലയില്‍ സ്വന്തം ശബ്ദത്തെ മുഖരിതമാക്കാനാണ് ഇവര്‍ ഈ ഭാഷ ഉപയോഗിക്കുന്നതെന്ന് പറയുന്നവരുണ്ട്. നിരന്തരം രാഷ്ട്രീയ രംഗത്തെ പുരുഷാധിപത്യത്തോട് പൊരുതുന്നവള്‍ക്ക് ഒരു വായാടിയുടെ ചിത്രം നല്‍കാന്‍ എളുപ്പമാണ്.
2009 ലും 2011 ലും ബംഗാള്‍ മുഖ്യമന്ത്രിയായ ദീദി സ്ത്രീകളെയും കുട്ടികളെയും മുന്നില്‍ക്കണ്ട് ഉണ്ടാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് സ്ത്രീകളെ കൂട്ടം കൂട്ടമായി 2021 ല്‍ ബൂത്തുകളിലേക്ക് നയിച്ചത്. ഈ പൊരുതിനേടിയ വിജയമാണ് മമതയെ ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട നേതാവാക്കി മാറ്റുന്നത്. രാഷ്ട്രീയത്തിലെ ന്യൂനപക്ഷ പ്രാതിനിധ്യത്തിന്‍റെ കാര്യത്തില്‍ പുത്തന്‍ തീരുമാനങ്ങളെടുക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നതും ഈ കടന്നുവന്ന വഴികള്‍ തന്നെയാവണം… ഒരു അഭിമുഖത്തില്‍ ദീദി പറയുന്നു ‘ഞാനിന്നു വരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചിട്ടില്ല. ഔദ്യോഗിക വസതിയില്‍ താമസിക്കാറില്ല, ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിക്കാറുമില്ല… എനിക്ക് എന്‍റെ പുസ്തകങ്ങളുടെ റോയല്‍റ്റിയും ചിത്രങ്ങള്‍ വിറ്റതിന്‍റെ പ്രതിഫലവുമൊക്കെയുണ്ട് ജീവിക്കാന്‍. ഒരു ചായ പോലും കാശു കൊടുക്കാതെ വാങ്ങിക്കുടിക്കാറില്ല. ഞാന്‍ ഈ പദവി വച്ച് സമ്പാദിക്കാനല്ല തിരഞ്ഞെടുക്കപ്പെട്ടത്…’
ഗാര്‍ഗി ഹരിതകം
പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റ്,
എഴുത്തുകാരി
COMMENTS