മുഖവുര- ഡിസംബര്‍ ലക്കം

Homeമുഖവുര

മുഖവുര- ഡിസംബര്‍ ലക്കം

ഡോ.ഷീബ കെ.എം.

കേന്ദ്രസര്‍ക്കാരിന്‍റെ പ്രതിലോമകരമായ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ദീര്‍ഘനാള്‍ നീണ്ടുനിന്ന കര്‍ഷകരുടെ സമരം പിന്‍വലിച്ചിരിക്കുന്നു. നമ്മുടെ നിലനില്‍പ്പിന്നാധാരമായ ഭക്ഷണം ഉല്‍പാദിപ്പിക്കുന്നവരായിരുന്നിട്ടു കൂടിയും ഈ ഉജ്ജ്വല വിജയം നേടിയെടുക്കാന്‍ എഴുന്നൂറില്‍ പരം രക്തസാക്ഷികളുടെ ജീവന്‍റെ വിലയാണ് കര്‍ഷകര്‍ നല്‍കേണ്ടി വന്നത്. ഭരണകൂടനയങ്ങളുടെ ഭീകരവാഴ്ചയ്ക്കിടയിലും സമരവീര്യത്തിന്‍റെയും ശുഭപ്രതീക്ഷയുടെയും പാത വെട്ടിത്തെളിച്ച് ആണ്‍/പെണ്‍/പ്രായ ഭേദമില്ലാതെ തളരാത്ത സമരവീര്യത്തോടെ പൊരുതിയ പോരാളികള്‍ക്ക് വീരാഭിവാദ്യങ്ങള്‍!

തന്‍റെ കുഞ്ഞിനെ സ്വന്തം അച്ഛനുമമ്മയും മറ്റാര്‍ക്കോ ദത്ത് കൊടുത്തതില്‍ നിന്നും വിട്ടുകിട്ടാന്‍ അനുപമ എന്ന യുവതി നടത്തിയ സമരം ഒടുവില്‍ ഫലം കണ്ടെത്തിയിരിക്കുന്നു.ഈ സമരം മാതൃത്വത്തെക്കുറിച്ചുള്ള മാനകവ്യവഹാരങ്ങള്‍ക്കൊപ്പം അത്യന്തം സ്ത്രീവിരുദ്ധ സദാചാരനിലപാടുകളും പൊതുമണ്ഡലത്തിലേക്ക് പ്രസരിപ്പിച്ചു. കുഞ്ഞുങ്ങളെ പരിചരിക്കാന്‍ കുറവു വരുത്തുന്നു എന്നാരോപിച്ച് അമ്മമാരെ പ്രതിക്കൂട്ടിലാക്കാന്‍ മടിക്കാത്ത സമൂഹം സ്വന്തം കുഞ്ഞിന് മേലുള്ള ഒരു സ്ത്രീയുടെ അവകാശം സ്ഥാപിച്ചെടുക്കുന്നതിന് ഇത്രമേല്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു എന്നത് തികഞ്ഞ വിരോധാഭാസം തന്നെ. പ്രബുദ്ധ കേരളത്തില്‍ ഇനിയും പൊളിച്ചെഴുത്തുകള്‍ അനിവാര്യം!

അധ്യാപികമാരുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന വസ്ത്രധാരണ നിര്‍ബന്ധങ്ങളും സ്കൂള്‍ യൂണിഫോം രീതികളുടെ ലിംഗഭേദ വേര്‍തിരിവുകളും സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ നിന്നും ധനാത്മക ഇടപെടലുകള്‍ ഉണ്ടായതിനെ സ്വാഗതം ചെയ്യുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോടതി ഉത്തരവ് പ്രകാരം അധ്യാപികമാര്‍ക്ക് ഇഷ്ടവസ്ത്രം ധരിച്ച് ജോലി ചെയ്യാനുള്ള അനുവാദം ലഭിച്ചിരുന്നതാണ്. പ്രായോഗികമായി ഫലം കാണാതെ പോയ ഒരു വിധിന്യായം ആയിരുന്നു അത്. സ്വന്തം ശരീരത്തിനു മേലുള്ള കര്‍തൃത്വാവകാശം തന്നെയാന്ന് വസ്ത്രധാരണത്തിന്‍റെ കാര്യത്തിലുള്ള തെരഞ്ഞെടുപ്പും എന്ന് ഇനിയും കാണാതിരുന്നു കൂടാ. ഉന്നതവിദ്യാഭ്യാസ മന്ത്രിയടെ പ്രഖ്യാപനത്തില്‍ ഇഷ്ടമുള്ള എന്നാല്‍ മാന്യമായ വസ്ത്രം ധരിക്കാം എന്ന പരാമര്‍ശം മാന്യതയുടെ നിര്‍വചനങ്ങളെ തീര്‍ത്തും തള്ളിക്കളയാനാവാത്ത ഒരവസ്ഥ ഇനിയും തുടരുന്നുവെന്ന് സൂചിപ്പിക്കുന്നുണ്ടിപ്പോഴും.

ഡേറ്റിങ്ങ് സൈറ്റിലെ സാന്നിധ്യം സ്ത്രീയുടെ സദാചാരത്തിന്‍റെ അളവുകോല്‍ അല്ലെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് അലഹബാദ് ഹൈക്കോടതി. ലൈംഗിക ബലാല്‍ക്കാരകുറ്റത്തിന് പ്രതിചേര്‍ക്കപ്പെട്ട വ്യക്തിയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവേ പരസ്പര അനുവാദത്തിലധിഷ്ഠിതമായ ലൈംഗിക ബന്ധം നടന്നതായി സ്ഥാപിക്കാന്‍ പ്രതിഭാഗം അഭിഭാഷകന്‍ നടത്തിയ സ്ത്രീവിരുദ്ധ വാദത്തിന് മേലായിരുന്നു ഈ വിധി. പിന്തിരിപ്പന്‍ വാദങ്ങളിലൂടെ ആണ്‍കോയ്മയുടെ പുന:സ്ഥാപനം നടത്താനുള്ള ശ്രമങ്ങളെ ഇത്തരം ആശാവഹമായ വിധിന്യായങ്ങളിലൂടെ ചെറുത്ത് തോല്‍പ്പിക്കുക തന്നെ വേണം.

ഭര്‍ത്താവില്‍ നിന്നോ മാതാപിതാക്കളില്‍ നിന്നോ അകന്നു കഴിയുന്ന സ്ത്രീകളെ കുടുംബമെന്ന പരിഗണനയില്‍ ഉള്‍പ്പെടുത്തി അവര്‍ക്ക് റേഷന്‍ കാര്‍ഡും മറ്റും നല്‍കാനുള്ള തമിഴ്നാട് സര്‍ക്കാറിന്‍റെ തീരുമാനം അഭിനന്ദനം അര്‍ഹിക്കുന്നു. നിയമപരമായി ബന്ധം വേര്‍പ്പെടുത്താത്തതിനാല്‍ റേഷന്‍ കാര്‍ഡുകളില്‍ നിന്ന് സ്ത്രീകളുടെ പേരുകള്‍ നീക്കം ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ അവരുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയായിരുന്നു ഈ ശ്ലാഘനീയമായ നീക്കം.

സ്ത്രീകള്‍ക്ക് എഴുതാനും വായിക്കാനും പ്രസിദ്ധീകരിക്കാനുമായി ഒരു ഇടം എന്ന ലക്ഷ്യത്തില്‍ ‘സംഘടിത’ പ്രസിദ്ധീകരണം ആരംഭിച്ചിട്ട് പതിനൊന്ന് വര്‍ഷം തികയുകയാണ്. സ്ത്രീകള്‍ എന്ന കൂട്ടത്തില്‍ നിന്നും സ്ത്രീകളും പല ലിംഗലൈംഗിക സ്വത്വങ്ങളും എന്നുള്ള വിശാല അരികുവല്‍കൃത സഖ്യങ്ങളിലേക്കും ഐക്യപ്പെടലുകളിലേക്കും വളരാന്‍ ഈ കാലം കൊണ്ട് ‘സംഘടിത’ ശ്രമിച്ചു. ബഹുസ്വത്വസ്ഥാനങ്ങളിലെ ജീവിതങ്ങളെ അടയാളപ്പെടുത്തുകയും അറിവുല്‍പാദിപ്പിക്കുകയും ചെയ്യുക എന്നതു തന്നെയായിരുന്നു പ്രസിദ്ധീകരണ ലക്ഷ്യം. കീഴ്മേല്‍ ഘടനയുടെ അധികാരശ്രേണികളെ ഉപേക്ഷിച്ച് തിരശ്ചീന സംഘാടനത്തിലൂന്നിയ സ്ത്രീവാദ കൂട്ടായ്മയുടെ സാധ്യതയും സാന്നിദ്ധ്യവമാണത് മുന്നോട്ടു വെച്ചത്. കടുത്ത മൂലധന പ്രതിസന്ധിഘട്ടങ്ങളിലും ഈ കൂട്ടായ്മയിലുള്ളവരുടെ രാഷ്ട്രീയപ്രതിബദ്ധതയും അര്‍പ്പണമനോഭാവവും പ്രിയപ്പെട്ട വായനക്കാരുടെ നിരന്തര പ്രോത്സാഹനവും പിന്തുണയും മാത്രമാണ് ‘സംഘടിത’യുടെ പ്രസിദ്ധീകരണ പരിശ്രമങ്ങളെ നിലനിര്‍ത്തിയത്. ‘സംഘടിത’യുടെ പതിനൊന്നാം പിറന്നാളിന്‍റെ സന്തോഷം പങ്കിട്ടുകൊണ്ട് സ്ത്രീപ്രസാധനത്തെക്കുറിച്ചുള്ള ഡിസംബര്‍ ലക്കം സമര്‍പ്പിക്കട്ടെ.

COMMENTS

COMMENT WITH EMAIL: 0