നൃത്തരൂപങ്ങളുടെ രാഷ്ട്രീയ പരിസരങ്ങള്‍

Homeഅതിഥിപത്രാധിപക്കുറിപ്പ്

നൃത്തരൂപങ്ങളുടെ രാഷ്ട്രീയ പരിസരങ്ങള്‍

ഡോ. റോസ് ലിജിയ വി. എം.

നൃത്തം പുരാതനവും സാര്‍വ്വത്രികവുമായിരിക്കുമ്പോള്‍ത്തന്നെ സാമൂഹികമായി നിര്‍മ്മിക്കപെട്ടവയുമാണ്.അവയ്ക്ക് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട് . നമ്മുടെ നാട്ടില്‍ ഇന്നു കാണുന്ന നൃത്തം നേര്‍രേഖീയമായ ഒരു ചരിത്രത്തിലൂടെ രൂപപ്പെട്ടുവന്നവയല്ല . അവയെ കാല ദേശ പരിഗണനകളില്‍ നിന്ന് നോക്കിയാല്‍ നൃത്തം, നര്‍ത്തകി/ നര്‍ത്തകന്‍ , നൃത്തയിടം, നൃത്തരൂപങ്ങള്‍ എന്നിവ വിവിധ മാറ്റിപ്പണിയലുകള്‍ക്കു വിധേയമായി വന്നതാണെന്നു മനസ്സിലാക്കാനാകും. നൃത്തത്തിന്‍റെ രൂപം, ഘടന, അവ കൈമാറുന്ന അര്‍ത്ഥം എന്നിങ്ങനെ നൃത്തസങ്കേതത്തിനകത്തും പുറത്തുമായി നിരവധി പഠനങ്ങള്‍ നിലവിലുണ്ട്. ഈ പഠനങ്ങള്‍ എല്ലാം തന്നെ നൃത്തത്തിന്‍റെ രൂപഭാവങ്ങള്‍, അര്‍ത്ഥമാനങ്ങള്‍, പ്രതിനിധാനങ്ങള്‍, സാമൂഹിക സാംസ്കാരിക ഉള്ളടക്കങ്ങള്‍, സാമ്പത്തിക ബന്ധങ്ങള്‍, ലിംഗ- ലൈംഗിക – വംശ- ഗോത്ര സ്വത്വമാനങ്ങള്‍, നൃത്ത പരിണാമങ്ങള്‍, വളര്‍ച്ചാഗതികള്‍ എന്നിവയെക്കുറിച്ചുള്ള അന്വേഷണമാണ്. നൃത്ത സങ്കേതത്തെ ഇതര വൈജ്ഞാനികശാഖകളുമായി ചേര്‍ത്തുവെച്ചുകൊണ്ടാണ് ഇത്തരം വിശകലനം സാധ്യമാകുന്നത്. ഇത്തരം സമീപനരീതികളും സിദ്ധാന്തങ്ങളും ലോകചരിത്രത്തില്‍ നൃത്തത്തെ അടയാളപ്പെടുത്താന്‍ സഹായിച്ചവയാണ്.
പാശ്ചാത്യചരിത്രത്തിന്‍റെ ചട്ടക്കൂടുകള്‍ ഭേദിച്ച് നൃത്തവും നൃത്തശരീരവും സ്വതന്ത്രമായപ്പോള്‍ പൗരസ്ത്യ നൃത്തരൂപങ്ങള്‍ പാരമ്പര്യത്തിന്‍റെയും പൗരാണികതയുടെയും ദൈവീക പരിവേഷങ്ങളുടെയും ഭാരങ്ങളില്‍നിന്നു ഇനിയും മുഴുവനും മോചിപ്പിക്കപ്പെട്ടിട്ടില്ല എന്നത് ചിന്തിക്കേണ്ട വസ്തുതയാണ് . ഒരു അധികാരകേന്ദ്രീകൃതമായ സമൂഹത്തിന്‍റെ താല്പര്യങ്ങള്‍ക്കനുസരിച്ചു നിര്‍മ്മിക്കപ്പെടുകയും മെരുക്കപ്പെടുകയും പുനര്‍നിര്‍വ്വചിക്കപ്പെടുകയും ചെയ്ത ഇന്ത്യന്‍ ക്ലാസ്സിക്കല്‍ നൃത്തരൂപങ്ങളില്‍ പലതും ആധുനികീകരണത്തിന്‍റെ പാതയില്‍ സഞ്ചരിച്ചവയാണെങ്കിലും അവ തുടര്‍ന്നുവന്ന പൊതുബോധം ജാതി /വര്‍ണ്ണം എന്നിവയുടെ ഇടപെടലുകലെ മറികടക്കാന്‍ പോന്നതായിരുന്നില്ല എന്ന് ചില സമകാലിക സംഭവങ്ങളില്‍ നിന്ന് വ്യക്തമാണ്.

നൃത്തം രൂപപ്പെട്ടുവന്ന വിവിധ വഴികളിലൂടെയാണ് സംഘടിതയുടെ ഈ ലക്കം സഞ്ചരിക്കുന്നത്. പ്രധാനമായി പാശ്ചാത്യ പൗരസ്ത്യ ദേശത്തെ നര്‍ത്തകി സ്വത്വം,ജാതി -ലിംഗ- ലൈംഗിക മാനങ്ങള്‍, നൃത്ത ചരിത്രത്തിലെ പാശ്ചാത്യ അധിനിവേശം , നൃത്തശരീരത്തിനകത്തെ അധികാരപ്രയോഗങ്ങള്‍, നൃത്തത്തിനകത്തു വിപ്ലവം സൃഷ്ടിച്ച പെണ്ണിടങ്ങള്‍, സിനിമയ്ക്കകത്തെ നൃത്താവിഷ്ക്കാരം,ബാര്‍ നൃത്തം(ക്യാബറെ ), എന്നിങ്ങനെ നൃത്തത്തിന്‍റെ വിവിധ മേഖലകളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. സമൂഹത്തിന്‍റെ പൊതു പിതൃബോധങ്ങളിലെ നര്‍ത്തകിയുടെ കര്‍തൃത്വ സംഘര്‍ഷങ്ങള്‍, പാശ്ചാത്യ ഭാവനയിലെ ക്ഷേത്ര നര്‍ത്തകി / ദേവദാസി സ്വത്വസങ്കല്‍പങ്ങളും സാംസ്കാരിക പ്രയോഗങ്ങളും കലയുടെ സാംസ്കാരിക ബോധങ്ങള്‍, സ്ത്രീയില്‍ നിന്ന് നര്‍ത്തകിയിലേക്കുള്ള പരിണാമങ്ങള്‍, ഈ രണ്ട് കര്‍തൃത്വ നിര്‍മ്മിതികളിലെ സംഘര്‍ഷങ്ങള്‍, ആത്മബോധങ്ങളിലെ, ചരിത്ര സങ്കല്‍പനങ്ങളിലെ, എഴുത്തിലെ അതുല്‍പാദിപ്പിക്കുന്ന സാമൂഹിക ആവിഷ്കാരങ്ങളുടെയും പ്രതിസന്ധികളുടെയും സാമൂഹിക രാഷ്ട്രീയ മാനങ്ങളും പല തരം വ്യക്തി ബോധങ്ങളുമാണ് ഈ ലക്കത്തിലൂടെ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ കാഴ്ചപ്പാടില്‍ നിന്ന് നൃത്തത്തെ നോക്കിക്കാണുന്ന ഒരു പറ്റം പെണ്‍കൂട്ടായ്മയുടെ ആവിഷ്കാരത്തെ സമാഹരിച്ചിരിക്കയാണിവിടെ .

കേരളത്തിനകത്ത് നൃത്തപാരമ്പര്യത്തിലൂന്നിയ ചിന്തകളില്‍നിന്ന് വേറിട്ട അഭിപ്രായങ്ങള്‍ക്കും തുറന്നെഴുത്തുകള്‍ക്കും ഇടപെടലുകള്‍ക്കുമുള്ള സാമൂഹ്യ സാഹചര്യങ്ങള്‍ പരിമിതമായിരിക്കുമ്പോള്‍ സംഘടിതയുടെ ഈ ലക്കം നര്‍ത്തകരുടെയും പ്രേക്ഷകരുടെയും കാഴ്ചശീലങ്ങളെ ചോദ്യം ചെയ്യുന്നവയും ചിന്തിപ്പിക്കുന്നവയുമായിരിക്കുമെെന്നത് ശ്രദ്ധേയമാണ്. കൂടാതെ പാരമ്പര്യ നൃത്തരൂപങ്ങള്‍ മുതല്‍ സമകാലിക നൃത്താവിഷ്കാരങ്ങള്‍ വരെ ചര്‍ച്ചചെയ്യപ്പെടുന്ന ഈ ലക്കം കേരളത്തിന്‍റെ നൃത്തചരിത്രത്തില്‍ത്തന്നെ പ്രധാനമായ ഒരിടം പിടിക്കുമെന്നതില്‍ സംശയമില്ല .

നര്‍ത്തകിയും സംസ്കൃത സര്‍വകലാശാലയില്‍ ഭരതനാട്യം വിഭാഗത്തിലെ അദ്ധ്യാപികയുമാണ്. സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ലൈഫ് കീ സൊസൈറ്റി ഫോര്‍
സോഷ്യല്‍ എംപവര്‍മെന്‍റിന്‍റെ സെക്രട്ടറിയും പ്രവര്‍ത്തകയുമാണ്.

 

COMMENTS

COMMENT WITH EMAIL: 0