Homeചർച്ചാവിഷയം

ദര്‍പ്പണ എന്ന അര്‍പ്പണം

ഡോ. ജാന്‍സി ജോസ്

ഇന്ത്യന്‍ ശാസത്രീയനൃത്തത്തിന് ലോകഖ്യാതി നേടിക്കൊടുത്ത ഒരമ്മയും, നിലപാടുള്ള നര്‍ത്തകി എന്നു വിശേഷിപ്പിക്കാവുന്ന മകളും ആടിത്തിമിര്‍ത്ത ഒരു വേദിയുണ്ട് – ദര്‍പ്പണ അക്കാദമി (Darpana Academy of Performing Arts) എന്നാണ് ആ സ്ഥാപനത്തിന്‍റെ പേര്. ഗുജറാത്തിലെ അഹമ്മദാബാദിലെ ഉസ്മാന്‍പുരയില്‍ സ്ഥിതി ചെയ്യുന്ന ആ സ്ഥാപനം, സബര്‍മതി നദിയുടെ കിന്നാരം ഏറ്റുവാങ്ങിക്കൊണ്ടാണ് തലയെടുപ്പോടെ നില്‍ക്കുന്നത്. അവിടെ അരങ്ങുവാണ് വിട പറഞ്ഞ അമ്മയേയും നൃത്തവും സാമൂഹ്യ പ്രവര്‍ത്തനവും ജീവശ്വാസമായി കൊണ്ടു നടക്കുന്ന ആ മകളേയും നമ്മളറിയും. പ്രശസ്ത നര്‍ത്തകിമാരായ മൃണാളിനി സാരാഭായിയും മകള്‍ മല്ലികാ സാരാഭായിയുമാണവര്‍.രണ്ടു തലമുറ മാത്രമല്ല മൂന്നാമത്തെ തലമുറ കൂടി ഈ നൃത്ത ഗേഹത്തില്‍ നര്‍ത്തനം ചെയ്യുന്നുണ്ട് എന്നറിയുമ്പോഴാണ് ദര്‍പ്പണയുടെ ആഴവും പരപ്പും നമുക്ക് മനസിലാക്കാനാവുക. രൂപകല്പനയില്‍ ഏറെ സവിശേഷതകളുള്ള ആ അക്കാദമി അമ്മ മൃണാളിനി സാരാഭായിയാണ് നിര്‍മ്മിച്ചതെങ്കില്‍, അതിനൊപ്പം മകള്‍ മല്ലികാ സാരാഭായി നിര്‍മ്മിച്ച നട്റാണി(Natrani) യും അതിനൊപ്പം ചേര്‍ന്ന് കലാലോകത്തെ ധന്യമാക്കുന്നുണ്ട്. നൃത്തത്തിനും നാടകത്തിനും മ്യൂസിക്കിനും ഒരു പോലെ പ്രാധാന്യം കൊടുക്കുന്ന തിയറ്റര്‍ ആണത്.ഓപ്പണ്‍ തിയറ്ററായ നടറാണിയുടെ പ്രത്യേകത സദാസമയവും അത് സബര്‍മതി തീരത്തെ ചുംബിച്ചു കൊണ്ടിരിക്കുന്നു എന്നതാണ്.


കലയും ശാസ്ത്രവും സമ്മേളിച്ച മണ്ണാണത്.ഇന്ത്യന്‍ ബഹിരാകാശപദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന വിക്രം സാരാഭായിയും ഭാര്യ മൃണാളിനി സാരാഭായിയും മകള്‍ മല്ലികാ സാരാഭായിയും മല്ലികയുടെ മക്കള്‍ രേവന്തും അനാഹിതയും ചേര്‍ന്നാല്‍ ദര്‍പ്പണ അക്കാദമിക്ക് അതിന്‍റെ മുഴുവന്‍ അഭിമാനത്തോടേയും തലപൊക്കി നില്‍ക്കാന്‍ കഴിയും. എല്ലാക്കാലത്തും ലോകത്തിന്‍റെ ശ്രദ്ധ പതിയാന്‍ ഇടയാക്കിയ വ്യക്തിത്വങ്ങളാണ് അവിടെയുള്ളത് എന്ന് ആര്‍ക്കാണറിയാത്തത്?

നൃത്തത്തിനു വേണ്ടി ജീവിതമുഴിഞ്ഞു വെച്ച നര്‍ത്തകിയായിരുന്നു മൃണാളിനി സാരാഭായ്. ഇന്ത്യന്‍ കലകളധികവും കടല്‍ കടന്ന് പോവാത്ത കാലത്തു തന്നെ തൊണ്ണൂറ്റൊന്ന് രാജ്യങ്ങളിലായി 2300 വേദികളില്‍ അവര്‍ നൃത്തം ചെയ്തിട്ടുണ്ട്. നര്‍ത്തകി മാത്രമായിരുന്നില്ല മൃണാളിനി സാരാഭായി. എഴുത്തുകാരി, സംവിധായക, സംഘാടക എന്നീ നിലകളിലെല്ലാം വിജയം കൈവരിച്ച അത്ഭുത പ്രതിഭ തന്നെയായിരുന്നു അവര്‍. അവരുടെ ഏറ്റവും വലിയ നേട്ടമായി ഞാന്‍ കാണുന്നത് ഇന്ത്യന്‍ കലാപാരമ്പര്യത്തിന്‍റെ മാത്രമല്ല സ്ത്രീത്വത്തിന്‍റെയും അഭിമാനമായ മകള്‍ മല്ലികയെ ലോകത്തിനു നല്‍കി എന്നതു തന്നെയാണ്.
ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് അനുവദിച്ചു കൊടുക്കണമെന്ന് ശക്തമായി വാദിക്കുകയും അതിനു വേണ്ടി കലഹിക്കുകയും ചെയ്ത വ്യക്തിയാണ് മല്ലികാ സാരാഭായ്. വാക്കും പ്രവൃത്തിയും തന്‍റെ നിലപാടു വ്യക്തമാക്കാനുള്ള ഉപാധികളായാണ് അവര്‍ കണ്ടിരുന്നത്. താന്‍ അരങ്ങിലെത്തുമ്പോഴെല്ലാം കാഴ്ചക്കാരുടെ മനസ്സിളക്കുക മാത്രമായിരുന്നില്ല അവരുടെ ലക്ഷ്യം; ബോധമണ്ഡലത്തെ മാറ്റി മറിക്കുക എന്നതുകൂടിയായിരുന്നു. ശരീരത്തിനു മേല്‍ സ്വന്തം അവകാശം സ്ഥാപിക്കാന്‍ പെണ്‍കുട്ടികളെ പഠിപ്പിക്കണമെന്ന് ശഠിക്കുകയായിരുന്നു അവര്‍. അന്നുവരെ പിന്‍തുടര്‍ന്നു പോന്ന പാരമ്പര്യ ചട്ടങ്ങളെ നിലനിര്‍ത്തിക്കൊണ്ടു തന്നെ സ്ത്രീകളോടുള്ള അനീതികളെ തുറന്നു കാണിക്കുന്ന കലാസൃഷ്ടികള്‍ അരങ്ങത്തെത്തിക്കാന്‍ മല്ലിക സാരാഭായിക്ക് കഴിഞ്ഞിട്ടുണ്ട്.നൃത്തത്തില്‍ മാത്രമല്ല നാടകം, സിനിമ, രാഷ്ട്രീയം സംവിധാനം എന്നിവയിലെല്ലാം തന്‍റെ ശക്തി തെളിയിച്ചിട്ടുണ്ട് അവര്‍.


വര്‍ഷം മുഴുവന്‍ ഉത്സവങ്ങളുടെ മേളനമാണ് അവിടെ നടക്കുന്നത്. നൃത്തോത്സവം, നാടകോത്സവം, സിനിമാ ഫെസ്റ്റ്,  മ്യൂസിക് ഫെസ്റ്റ് എന്നിവ ഇടതടവില്ലാതെ അരങ്ങേറുന്ന കലാതിരുമുറ്റമാണത്. ലോകം മുഴുവന്‍ ഖ്യാതി പരത്തിയ ആ തിരുമുറ്റം ഒരു കുടുംബത്തിന്‍റെ മുഴുവന്‍ ജീവിതവും അദ്ധ്വാനവും ഒരുമിച്ചുകൂട്ടി നിര്‍മ്മിച്ചെടുത്തതാണ്. ഇങ്ങനെയൊരു കലാങ്കണത്തക്കുറിച്ചോ, തലമുറകളുടെ പിന്‍തുടര്‍ച്ചയേക്കുറിച്ചോ നാം അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായേ കേള്‍ക്കാറുള്ളൂ. അമ്മയുടേയും മകളുടേയും ആ അര്‍പ്പണ ജീവിതം ഇന്ത്യന്‍ കലാലോകത്തിന്‍റെ തന്നെ ദര്‍പ്പണമായി നിലകൊള്ളുന്നു.

ഡോ. ജാന്‍സി ജോസ്
എഴുത്തുകാരി

COMMENTS

COMMENT WITH EMAIL: 0