Homeചർച്ചാവിഷയം

ദളിത് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം നേരിടുന്ന ദ്വിമാന പാര്‍ശ്വവത്കരണം

ളിത് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം ജാതിയുടെ വിഭജനത്തിലും ലിംഗഭേദത്തിന്‍റെ വ്യത്യസ്തമായ ആശയങ്ങളിലും സമൂഹത്തിലെ അവസാന കണ്ണികളാണ്. സമൂഹത്തിലെ അവരുടെ അദൃശ്യത അടിയന്തിര ശ്രദ്ധ വേണ്ടുന്ന ഒരു വിഷയമാണ്. ട്രാന്‍സ് വ്യക്തികളുടെ ജീവിതത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ അവ നിരന്തരമായ സോഷ്യല്‍ ഓഡിറ്റിംഗിനും, ജിഞ്ജാസ, തുറിച്ചു നോട്ടം, എന്നിവയ്ക്കും പാത്രമാവുന്നുവെന്നത് തര്‍ക്കമില്ലാത്തൊരു വിഷയമാണ്. പലപ്പോഴും എഴുത്തുകാര്‍ക്കും ഗവേഷകര്‍ക്കും ജിഞ്ജാസ ഉണര്‍ത്തുന്ന ഒരു വിഷയം മാത്രമായി അവര്‍ പരിണമിക്കുന്നു. നിരീക്ഷിക്കപ്പെടേണ്ട, കൗതുകകരമായ വസ്തതുതകള്‍ നിറഞ്ഞ ഒരു വൃഷ്ഠിപ്രദേശമായി മാത്രം അവരുടെ ജീവിതങ്ങള്‍ മാറുന്നു. അപരിചിതമായ വിലക്കുകളാല്‍ ചുറ്റപ്പെട്ട, അദൃശ്യരായി മൂടപ്പെട്ടവര്‍. ഞങ്ങള്‍ ഇവിടെയുണ്ട് എന്ന് എപ്പോഴും ഓര്‍മ്മിപ്പിക്കേണ്ടി വരുന്ന അവസഥ. പലപ്പോഴും പൊതുസമൂഹവും സാമൂഹിക പ്രവര്‍ത്തകരും എഴുത്തുകാരും കാണാതെ പോകുന്ന ഒരു വസ്തുത, വര്‍ഗ്ഗ-വര്‍ണ്ണ ബ്രഹ്മണിക്കല്‍ മേധാവിത്വങ്ങളെ അതിജീവിക്കാന്‍ അവര്‍ നടത്തുന്ന പോരാട്ടങ്ങളാണ്. ജാതിയുടെ വേലിക്കെട്ടുകളാല്‍ പൊതിഞ്ഞ ഇന്ത്യന്‍ സമൂഹത്തില്‍ നടപ്പും ഇരിപ്പും തുടങ്ങി എന്തും ചര്‍ച്ചയാകുമ്പോള്‍ എങ്ങിനെയാണ് ഈ പോരാട്ടങ്ങളെ ആധുനിക ഡിജിറ്റല്‍ ഇന്ത്യയില്‍ ദളിത് ട്രാന്‍സ് സമൂഹം അതിജീവിക്കുന്നത് എന്നതാണ് ചര്ച്ചയാവാത്ത പ്രധാന വിഷയം.

‘ദളിത്’ എന്ന പദം അടിച്ചമര്‍ത്തപ്പെട്ടവരെയും അരികുവത്കരിക്കപ്പെട്ടവരെയും പ്രതിനിധീകരിക്കുന്ന ഒരു പദം ആണ്. സാമൂഹികമായ അരികുവത്കരണത്തെ എതിര്‍ക്കാന്‍ ദളിത് സമുദായത്തില്‍ പെട്ടവര്‍ നടത്തുന്ന പോരാട്ടത്തിന്‍റെ പതിന്മടങ്ങു ട്രാന്‍സ്ജെന്‍ഡര്‍ ദളിത് സമൂഹം നടത്തേണ്ടി വരുന്നുണ്ട്. ദ്വിമാന പാര്‍ശ്വവത്കരണവും അസമത്വങ്ങളും 1980-1990 മുതലാണ് അമേരിക്കയില്‍ അഭിസംബോധന ചെയ്യപ്പെട്ടു തുടങ്ങിയത്. ഇന്‍റര്‍സെക്ഷനാലിറ്റി എന്ന പദം ഇത്തരം ബഹുവിധമായ അരികുവത്കരണത്തെ സൂചിപ്പിക്കുന്നതിനായി അമേരിക്കന്‍ സ്കോളര്‍ ആയ കിംബെര്‍ലി ക്രേന്‍ഷോ ഉപയോഗിച്ചു.ഇന്ത്യയിലെ ദളിത് ട്രാന്‍സ് മുന്നേറ്റങ്ങളെയും ഇത്തരത്തില്‍ ബഹുവിധമായ അസമത്വങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെയുള്ള ചെറുത്തുനില്‍പ്പിന്‍റെ ശ്രമങ്ങളായി കാണാന്‍ സാധിക്കും. ഘടനാപരമായ വിഭാജ്യതയെ അഭിസംബോധന ചെയ്യാന്‍ പല മാര്‍ഗ്ഗങ്ങളുമുണ്ട്: ആദ്യമായി സ്റ്റിഗ്മ, ആക്രമണങ്ങള്‍, സ്റ്റീരിയോടൈപ്പിംഗ്, മുന്‍വിധിയോടെയുള്ള പെരുമാറ്റങ്ങള്‍, പോരായ്മകള്‍, എന്നിവയ്ക്കു പരിഹാരം നിര്‍ദ്ദേശിക്കേണ്ടതുണ്ട്. സമൂഹത്തിലെ വെള്ളക്കോളര്‍ ജോലിയിലും ഉന്നതാധികാര ശ്രേണികളിലും അദൃശ്യരാക്കപ്പെടുന്നതിനോടൊപ്പം ജനപ്രാതിനിധ്യം എന്നത് അവര്‍ക്കു പേരില്‍ മാത്രമായി മാറുന്നു. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി സമാനതകളില്ലാത്ത പോരാട്ടമാണ് എക്കാലത്തും ദളിത് സമൂഹം നടത്തേണ്ടി വന്നിട്ടുള്ളത്. ഇവിടെയാണ് ഒരു ദളിത് ട്രാന്‍സ് വ്യക്തി രണ്ടു തരം അരികുവത്കരണത്തിലൂടെയുള്ള സ്വത്വ പ്രതിസന്ധി അനുഭവിക്കേണ്ടി വരുന്നത്. കാപട്യം നിറഞ്ഞ ബ്രഹ്മണിക്കല്‍ മേധാവിത്വങ്ങള്‍ തൊഴിലിടങ്ങളില്‍ വിലക്കുകള്‍ കല്പിക്കുമ്പോള്‍ യാചകരും ലൈംഗികത്തൊഴിലാളികളും മാത്രമായി ദളിത് ട്രാന്‍സ് സമൂഹം മാറുന്നു. സാമ്പത്തിക സ്രോതസ്സുകളില്‍ നിന്നും അടിസ്ഥാന മനുഷ്യാവകാശങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുമ്പോള്‍ അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശങ്ങള്‍ ലഭിക്കാന്‍ വേണ്ടി സ്വരമുയര്‍ത്തേണ്ടി വരുന്നു. ബ്രഹ്മണിക്കല്‍ സമൂഹം കല്പിക്കുന്ന ധാര്‍മ്മികത, പരിശുദ്ധി എന്നിവ ദളിതര്‍ സമൂഹത്തിന്‍റെ അടിയിലേക്ക് ചവിട്ടിയരക്കപ്പെടാന്‍ കാരണമാവുന്നു. രണ്ടു പതിറ്റാണ്ടിനിടെ ശ്രദ്ധയാകര്‍ഷിച്ച, ദലിതരടങ്ങുന്ന ട്രാന്‍സ് സമൂഹം നിലനില്പിനായി പല തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നു. അവര്‍ ഭരണഘടനയുടെ താളുകളില്‍ അതിജീവനത്തിന്‍റെ അദ്ധ്യായം രചിച്ചു കൊണ്ടിരിക്കുകയാണ്.
ഇന്ത്യന്‍ ജാതീയതയുടെ അടിസ്ഥാനം ശുദ്ധിയും മലിനീകരണവുമാണ്. കാലഘട്ടങ്ങളോളം ദളിത് എന്നത് ഒരു ‘ഒബ്ജക്റ്റ്’ മാത്രമായ സാംസ്കാരിക കളങ്കമായിരുന്നു. അതിനാല്‍ തന്നെ ഒരു ദളിത് ട്രാന്‍സ് വ്യക്തി നേരിടുന്ന പ്രശ്നങ്ങള്‍ പതിന്മടങ്ങാണ്. അവര്‍ അനുഭവിക്കേണ്ടി വരുന്ന ആക്രമണവും ചൂഷണങ്ങളും വിവരണാതീതമാണ്. ലൈംഗികസ്വത്വങ്ങള്‍ എപ്പോഴെങ്കിലും ജാതിയെ അടയാളപ്പെടുത്തിയിട്ടുണ്ടോ? ജാതീയത ഗ്രാമങ്ങളില്‍ മാത്രമല്ല നഗരങ്ങളിലും നിത്യജീവിതത്തിന്‍റെ ഭാഗമാണ്. ദളിത് ശരീരങ്ങള്‍ അപമാനിക്കപ്പെടുന്നതിലൂടെ സവര്‍ണാഭിലാഷത്തിന്‍റെ വസ്തുക്കളായി രൂപാന്തരപ്പെടുന്നു. ജാതിരാഹിത്യം പറയുന്ന പല ട്രാന്‍സ് പ്രസ്ഥാനങ്ങളിലും മുന്നോക്ക ജാതിക്കാര്‍ അധികാരശ്രേണിയിലാവുകയും ദളിതര്‍ പിന്തള്ളപ്പെടുകയും ചെയ്യുന്നുണ്ട്. ദളിത് ട്രാന്‍സ് ക്വിയര്‍ വ്യക്തികള്‍ അത്തരമിടങ്ങളില്‍ പിന്തള്ളപ്പെടുകയും സ്വരം നഷ്ടപ്പെട്ടവരായി മാറുകയും ചെയ്യുന്നു. സുപ്രീം കോടതി അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ കിരുബ മുനുസ്വാമി ദളിത് ക്വിയര്‍ ജനങ്ങള്‍ അനുഭവിക്കുന്ന ജാതീയമായ വിവേചനകളെ അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്: ‘നമ്മള്‍ ജീവിക്കുന്ന കാലഘട്ടത്തില്‍ ജാതീയത നിരോധിക്കല്‍ എന്ന് പറഞ്ഞാല്‍ അതിനെക്കുറിച്ചു സംസാരിക്കരുത് എന്നതാണ്. നമ്മള്‍ സ്ത്രീധന പീഡനത്തെക്കുറിച്ചു പറഞ്ഞാല്‍ സുപ്രീം കോടതി പറയും നിങ്ങള്‍ അതിനെ ദുരുപയോഗിക്കുകയാണെന്ന് .നമ്മള്‍ ജാതി അതിക്രമത്തെക്കുറിച്ചു പറയുമ്പോള്‍ നിങ്ങള്‍ നിയമത്തെ ദുരുപയോഗം ചെയ്യുന്നു എന്ന് പറയും. ഈ അവസരത്തില്‍ എല്‍.ജി.ബി.ടി. കമ്മ്യൂണിറ്റിയിലേക്ക് നോക്കുകയാണെങ്കില്‍, ലക്ഷ്മി തൃപാഠിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയുന്നുണ്ട് രാമക്ഷേത്ര നിര്‍മാണം എന്ന്. പക്ഷെ എസ്.സി/എസ്.ടി അട്രോസിറ്റീസ് ആക്ട് എന്ന് ഒരു ദളിത് ക്വിയറിന് പറയാന്‍ അവകാശം ഇല്ല. ദളിത് അല്ലാത്ത ട്രാന്‍സ് വ്യക്തിക്ക് ലഭിക്കുന്ന അവകാശങ്ങള്‍ പോലും ഒരു ദളിത് ട്രാന്‍സ് വ്യക്തിക്ക് ലഭിക്കുന്നില്ല. ഈ രീതിയിലുള്ള വിവേചനങ്ങളെ അറിയുകയും ചര്‍ച്ചയും ചോദ്യവും ചെയ്യപ്പെടേണ്ടതുണ്ട്.”
ഗ്രേസ് ഭാനു – തമിഴ്നാട്ടിലെ ആദ്യമായി എഞ്ചിനീയറിംഗ് സീറ്റ് കരസ്ഥമാക്കിയ ട്രാന്‍സ് വനിത. അവര്‍ ദളിത് ട്രാന്‍സ് വ്യക്തി എന്ന നിലയില്‍ സ്കൂളിലും ജോലിസ്ഥലത്തും ഉണ്ടായ മാറ്റി നിര്‍ത്തപ്പെടലുകളെക്കുറിച്ചു സംസാരിച്ചിട്ടുണ്ട്. സ്കൂളില്‍ അവര്‍ക്കെതിരെ വിവേചനം നടത്തിയവരെല്ലാം ഉയര്‍ന്ന ജാതിക്കാരായിരുന്നു. അവിടെ ധാരാളം ദളിത് കുട്ടികളുണ്ടായിരുന്നു. എന്നാല്‍ എല്ലാ ദളിതുകുട്ടികളും ഒരേ പോലുള്ള വിവേചനങ്ങളല്ല നേരിട്ടത്. എന്‍റെ ജെന്‍ഡര്‍ ഐഡന്‍റിറ്റിയോടൊപ്പം എന്‍റെ ദളിത് സ്വത്വം കൂടെ ചേര്‍ന്നപ്പോള്‍ ഞാന്‍ കടുത്ത വിവേചനകള്‍ നേരിട്ടു. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തില്‍ ജാതിയില്ല എന്നാണ് പറയുന്നത്, എന്നാല്‍ സാമൂഹ്യ പുരോഗതി നേടിയ ജാതിയിലുള്ള ഒരാളോട് നിങ്ങള്‍ ജാതി വിവേചനം നേരിട്ടിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ അയാള്‍ ഇല്ല എന്നല്ലേ പറയൂ. കാരണം വിവേചനത്തിന്‍റെ അര്‍ത്ഥം അവര്‍ക്കറിയില്ല, അനുഭവിച്ചിട്ടില്ല. ട്രാന്‍സ് വ്യക്തികള്‍ക്കിടയില്‍ ജാതിയില്ല എന്ന് പറയുന്നത് ചോറില്‍ മത്തങ്ങ ഇട്ടു അതിനെ നശിപ്പിക്കുന്നതുപോലെയാണ്. ആത്യന്തികമായി ജാതി വികാരങ്ങള്‍ എല്ലാവരിലും നില നില്‍ക്കുന്നു.
ചരിത്രമെടുത്തു നോക്കിയാല്‍ ആ ജാതിവിഭജനത്തിന്‍റെ ആഴം നിങ്ങള്‍ക്ക് മനസ്സിലാക്കാം. ട്രാന്‍സ് കമ്മ്യൂണിറ്റിയിലെ മുതിര്‍ന്നവരെല്ലാം ഉയര്‍ന്ന ജാതിയിലുള്ളവരാണ്. ദളിതര്‍ ഭിക്ഷാടനം നടത്തിയോ ലൈംഗിക പ്രവര്‍ത്തിയിലൂടെയോ കമ്മ്യൂണിറ്റിക്ക് വേണ്ടി ധനസമ്പാദനം നടത്തുന്നു. തീര്‍ച്ചയായും അവരെല്ലാം ഒറ്റപ്പെട്ട ജാതികളില്‍ നിന്നുള്ളവരാണ്. അതിനാല്‍ ട്രാന്‍സ് സമൂഹത്തില്‍ ജാതിയില്ല എന്ന പ്രസ്താവന തികച്ചും തെറ്റാണ്. സമൂഹത്തില്‍ പൊതുവെയുള്ള ജാതിമത വൈരുദ്ധ്യങ്ങള്‍ ഇവിടെയും നിലനില്‍ക്കുന്നു.
ട്രാന്‍സ് സംബന്ധമായ വിഷയങ്ങളോടൊപ്പം ജാതി സംബന്ധമായ വിഷയങ്ങളെ എങ്ങനെ അഭിസംബോധന ചെയ്യും എന്നതിനെക്കുറിച്ചു ഗ്രേസ് ഭാനു പറഞ്ഞതിങ്ങനെയാണ്: ട്രാന്‍സ് വ്യക്തികള്‍ക്ക് റിസെര്‍വഷന്‍ നല്‍കുമ്പോള്‍ ജാതിയില്‍ ഉയര്‍ന്നവര്‍ക്കാണ് പലപ്പോഴും പ്രയോജനം ലഭിക്കുന്നത്. പിന്നോക്ക ജാതിക്കാരായ ട്രാന്‍സ് സമൂഹത്തിനു പലപ്പോഴും റിസര്‍വേഷന്‍ ഉപയോഗപ്പെടുത്താന്‍ പോലും സാധിക്കുന്നില്ല. നിലവിലിരിക്കുന്ന ട്രാന്‍സ് റിസെര്‍വഷനില്‍ എസ്.സി/എസ്.ടി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ എന്നിങ്ങനെ ഒരു ഉപവിഭാഗം കൂടെ ഞങ്ങള്‍ ആവശ്യപ്പെടുന്നു. പക്ഷെ സ്വന്തം സമുദായക്കാരില്‍ നിന്ന് തന്നെ എതിര്‍പ്പുകളുണ്ട്. ഉയര്‍ന്ന ജാതിയില്‍ പെട്ട ട്രാന്‍സ് വ്യക്തികളില്‍ ഹിന്ദു വിശ്വാസ സംഹിതകളാണ്. ജാതീയത ഒരു പ്രശ്നമല്ലെന്നും മതം മാത്രമാണ് പ്രശ്നമെന്നും ട്രാന്‍സ് വ്യക്തികളെല്ലാം ഒരേ ജാതിയാണെന്നും ചര്‍ച്ച ചെയ്യാനാണ് അവര്‍ ഇഷ്ടപ്പെടുന്നത്.
ജാതീയത ഇന്ത്യന്‍ സമൂഹത്തില്‍ വേരൂന്നിയതു പോലെ ട്രാന്‍സ് വ്യക്തികള്‍ക്കിടയിലും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. എതിര്‍പ്പുകളെ അവഗണിച്ചും പൊരുതിയും സ്വന്തം സ്വത്വത്തിനു വേണ്ടി ധീരമായി നിലകൊള്ളുന്ന ട്രാന്‍സ് വ്യക്തികളെ ജാതി പിന്നോട്ട് വലിക്കുന്നുണ്ട്. ദ്വിമാന പാര്‍ശ്വവത്കരണത്തിനു വിധേയമാകുന്ന ദളിത് ട്രാന്‍സ് കമ്മ്യൂണിറ്റിയുടെ പ്രശ്നങ്ങള്‍ സമൂഹം വേണ്ട രീതിയില്‍ പരിഗണിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ കാലാകാലങ്ങളായി അദൃശ്യരാക്കപ്പെടുന്ന ചരിത്രം മാറ്റമില്ലാതെ തുടര്‍ന്നേക്കാം.

 

സജ്ന പന്തിമൂല
അധ്യാപിക
RGMR HSS നൂല്‍പുഴ, വയനാട്

 

 

COMMENTS

COMMENT WITH EMAIL: 0