സമീപകാലത്ത് ഹഥ്റാസില്‍ നടന്ന ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത അധീശ, സവര്‍ണ്ണ യുവാക്കളും ആ കുടുംബത്തിന്‍റെ മരണാനന്തര ചടങ്ങുകള്‍ നടത്തുവാന്‍ വിസമ്മതിച്ച ബ്രാഹ്മണിക് ജാതി കേന്ദ്രീകൃത രാഷ്ട്രീയ സ്ഥാപനങ്ങളും ജാതിയുടെ സംസ്കാരത്തെ ചോദ്യം ചെയ്യുന്നതില്‍ വിമുഖത കാണിക്കുന്ന മുഖ്യധാരാ സ്ത്രീപക്ഷ പ്രസ്ഥാനങ്ങളും സൂചിപ്പിക്കുന്നത് സമകാലിക ഇന്ത്യയില്‍ ജാതിയും ലിംഗാവസ്ഥയും അക്രമോത്സുകതയും ചോദ്യം ചെയ്യപ്പെടാതെ തുടര്‍ന്നു പോകുന്നതിന്‍റെ തെളിവുകളാണ്. നവഉദാര നയങ്ങള്‍ക്കടിമപ്പെട്ട ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ ജാതി-പിതൃദായക വ്യവസ്ഥയുടെ പൈശാചിക കൃത്യങ്ങള്‍ക്ക് ഇരയാകുന്ന ദലിത് സ്ത്രീകളുടെ സാമൂഹിക മണ്ഡലത്തെ വിശകലനം ചെയ്യുകയാണ് ഈ ലേഖനത്തിലൂടെദ്ദേശിക്കുന്നത്.
ഹത്റാസില്‍ ലൈംഗികാതിക്രമത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് സംസ്ക്കരിക്കുന്നു
സവര്‍ണ്ണ യുവാക്കള്‍ സെപ്റ്റംബര്‍ പതിനാലാം തീയതി 2020ല്‍ ഉത്തര്‍ പ്രദേശത്തിലെ ഹത്രാസെന്ന ഗ്രാമപ്രദേശത്ത് 19 വയസ്സായ ദളിത് പെണ്‍കുട്ടിയെ ബലാല്‍സംഗത്തിന് ഇരയാകുന്നു. അവളുടെ ശരീരം ക്രൂരമായി പീഡിപ്പിക്കപ്പെടുകയും നട്ടെല്ല് പിളരുകയും നാവു മുറിക്കപ്പടുകയും ചെയ്തിരുന്നു. അവളുടെ കുടുംബാംഗങ്ങള്‍ അവളുടെ രക്ഷയ്ക്കായി ഹോസ്പിറ്റലുകള്‍ കയറി ഇറങ്ങേണ്ടി വന്നു. സെപ്റ്റംബര്‍ 27, 2020 ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വച്ച് മരണമടയുകയും ചെയ്തു. അവളുടെ കുടുംബാംഗങ്ങളെ അകറ്റിനിര്‍ത്തി ദഹിപ്പിക്കപ്പെട്ട ശവശരീരം പുരുഷാധിപത്യ സവര്‍ണ്ണ കേന്ദ്രീകൃതമായ ഭരണകൂട മര്‍ദ്ധനോപകരണത്തിന് ദളിത് സ്ത്രീശരീരം ഇരയാക്കപ്പെടുന്നതെങ്ങനെ എന്ന് കാണിച്ചുതരുന്നു. മഹാത്മാ ജോതിബാഫൂലെയുടെ വിദ്യാലയത്തില്‍ പഠിച്ച ദലിത് വിദ്യാര്‍ഥിനിയായ മുക്താസാള്‍വേയുടെ ‘മാംഗുകളുടെയും മഹറുകളുടെയും ദുഃഖം’ എന്ന ലേഖനത്തില്‍ വിവരിച്ച ക്രൂരമായ പേഷ്വ ഭരണക്രമത്തെ അനുസ്മരിപ്പിക്കുന്നതാണ് നേരത്തെ പറഞ്ഞ ഭരണകൂട മര്‍ദ്ദനോപകരണത്തിന്‍റെ പ്രാന്തവല്‍ക്കരിക്കപ്പെട്ടവരോടുള്ള സമീപനം എന്ന തിരിച്ചറിവ്. കാലങ്ങളായി ദലിത് സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളുടെ തുടര്‍ച്ചയെ കാണിക്കുന്നു.
മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത പെഷ് പേഷ്വഭരണക്രമത്തില്‍ ദലിതുകളും ദലിത് സ്ത്രീകളും പീഡിപ്പിക്കപ്പെട്ടത് എങ്ങനെയെന്ന് മുക്താസാല്‍വെ വിശദീകരിക്കുന്നുണ്ട്. ബ്രാഹ്മണര്‍ എങ്ങനെയാണ് ദളിതുകളുടെ ഭൂമി തങ്ങളുടേതാക്കിയതെന്നും വലിയ വീടുകള്‍ പണിതതെന്നും അതേസമയം മേല്‍ക്കൂരയില്ലാത്ത വീടുകളില്‍ ദലിത് സ്ത്രീകള്‍ എങ്ങനെയാണ് കുഞ്ഞുങ്ങളെ പ്രസവിച്ചിരുന്നതെന്നും മുക്താ സാല്‍വേ വിശദീകരിക്കുന്നുണ്ട്. ദലിതുകള്‍ക്ക് പേഷ്വ ഭരണക്രമത്തില്‍ ക്രൂരമായ ശിക്ഷാവിധികളാണ് നല്‍കിയിരുന്നതെന്നും അതുകൊണ്ട് തന്നെ ഹിന്ദുമതമെങ്ങനെയാണ് തങ്ങളെ പ്രതിനിധീകരിക്കുന്നതെന്നുള്ള ദാര്‍ശനികമായ ചോദ്യം മുക്താ സാല്‍വേ ഉന്നയിക്കുന്നുണ്ട്. ബ്രാഹ്മണരെങ്ങനെയാണ് ജ്ഞാനവും അധികാരം കൈയാളിയിരുന്നതെന്നും അതെങ്ങനെയാണ് ദലിത് ജീവിതത്തെ ബാധിച്ചിരുന്നതെങ്ങനെ എന്നും മുക്താസാല്‍വെ വിശദമാക്കുന്നു. മഹാത്മാ ജ്യോതിബാ ഫൂലെയുടെയും ഛത്രപതി ഷാഹു മഹാരാജിന്‍റെയും ബി.ആര്‍.അംബേദ്കറിന്‍റെയും വിപ്ലവകരമായ ഇടപെടലുകളാണ് ദലിത് സ്ത്രീകളുടെ സാമൂഹ്യ ചലനാത്മകതയെ പിന്നീട് നിര്‍ണയിച്ചത്. സമകാലിക ദലിത് സ്ത്രീ അവസ്ഥകളെ ജാതീയപരമായ അടിച്ചമര്‍ത്തലിന്‍റെയും അതിനെതിരെ ഉയര്‍ന്ന ദളിതുകളുടെയും ദലിത് സ്ത്രീകളുടെയും രാഷ്ട്രീയ ഉണര്‍വുകളുടെ പശ്ചാത്തലത്തിലാണ് വായിച്ചെടുക്കേണ്ടത്. ഉദാര ജനാധിപത്യതലത്തില്‍ ദലിതുകളെ ചൂഷണം ചെയ്യുകയും അതേ സമയം അവരുടെ കാതലായ രാഷ്ട്രീയപരമായും സാമ്പത്തികപരമായും സാമൂഹ്യപരമായും ഉള്ള പ്രശ്നങ്ങള്‍ മുഖ്യധാരാ രാഷ്ട്രീയധാരകള്‍ അവഗണിക്കുകയാണ് ചെയ്തത്. വിദ്യാഭ്യാസത്തിന്‍റെയും തൊഴിലവസരങ്ങളുടെയും കുടിവെള്ളത്തിന്‍റെയും പോലുള്ള നിരവധി മേഖലകള്‍ താഴയപ്പെട്ട ദളിതുകളുടെ ദൈനംദിന ജീവിതത്തെ തൊടാന്‍ മുഖ്യധാരാ പോപ്പുലിസത്തിന് കഴിഞ്ഞില്ല.
1970-കളില്‍ മഹാരാഷ്ട്രയില്‍ ഉടലെടുത്ത ദളിത് പാന്തേഴ്സ് ദലിതുകള്‍ക്ക് മേല്‍ ജാതീയസമൂഹം നടത്തുന്ന അന്യാചാരങ്ങളെ ചോദ്യംചെയ്തു. അതേസമയം ഉയര്‍ന്നുവന്ന മുഖ്യധാരാ സ്ത്രീപ്രസ്ഥാനം, ബലാത്സംഗം, പോലീസ് കസ്റ്റഡിയില്‍ വെച്ച് ബലാത്സംഗം തുടങ്ങിയ പ്രധാന പ്രശ്നങ്ങളില്‍ ഇടപെട്ടിട്ടില്ലെങ്കിലും പക്ഷെ ജാതി ലിംഗാവസ്ഥകളാല്‍ നിര്‍ണ്ണയിക്കപ്പെട്ട ദലിത് സ്ത്രീകളുടെ ലൈംഗികചൂഷണത്തെക്കുറിച്ച് അന്വേഷിക്കുന്നതില്‍ പരാജയപ്പെട്ടു. ബ്രാഹ്മണിക് പിതൃദായക ലൈംഗിക സംസ്കാരത്തിന്‍റെ തുടര്‍ച്ച ചോദ്യം ചെയ്യപ്പെടാതിരിക്കുകയും ആണുണ്ടായത്. മഹാരാഷ്ട്രയിലെ സിരസ് ഗ്രാമത്തില്‍ (സിരസ്ഗാവ്) ഡിസംബര്‍ 22 തീയതി 1963ല്‍ നാല് ദലിത് സ്ത്രീകളെ സവര്‍ണര്‍ നഗ്നരാക്കി നടത്തുകയുണ്ടായി എന്നത് ജാതീയ പുരുഷാധിപത്യത്തിന്‍റെ പ്രാമാണികതയെ തെളിയിക്കുന്നതാണ്. ലക്ഷ്മിഭായി വിത്തല്‍ അമൃതസിരസത്ത് എന്ന ദളിത്സ്ത്രീക്കും അവരുടെ മരുമകളായ സോണാബായി, കൗദാബായി, സാക്റാബായി തുടങ്ങിയവര്‍ക്കാണ് ജാതീയതയുടെ ആക്രമാത്സുകതക്ക് ഇരയാകേണ്ടി വന്നത്. ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തില്‍ അതിന്‍റെ ബ്രാഹ്മണിക് സ്വഭാവം കൊണ്ട് ഇന്ത്യയുടെ സവിശേഷ ജാതീയ അവസ്ഥകള്‍ ഗൗരവമായ രീതിയില്‍ പഠിപ്പിക്കപ്പെട്ടിട്ടില്ലെന്ന് ദലിത് സ്ത്രീ രാഷ്ട്രീയപ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു. ജാതിയെ വെറും അധിനിവേശത്തിന്‍റെ സൃഷ്ടിയെന്നുള്ള അധീശ സാമൂഹ്യശാസ്ത്ര അക്കാദമിക് വ്യായാമങ്ങളുടെ പൊള്ളത്തരങ്ങളുമാണ് സ്വതന്ത്രഭാരതത്തിലെ ഇത്തരം ആധുനിക വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ജാതിയെ പ്രയോഗങ്ങള്‍ തള്ളിക്കളയുന്നത്.
ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍
ദലിത് സ്ത്രീകള്‍ ആത്മാഭിമാനത്തോടെ തങ്ങളുടെ അവകാശങ്ങളും മറ്റും ശക്തമായി ഉന്നയിക്കാന്‍ തുടങ്ങിയതോടുകൂടി ഉയര്‍ന്ന ജാതി പുരുഷന്മാരും സ്ത്രീകളും അവര്‍ക്ക് എതിരെ നടത്തുന്ന അതിക്രമങ്ങളും ഏറി തുടങ്ങിയെന്നതാണ് മഹാരാഷ്ട്രയിലെ ഖൈര്‍ലാഞ്ചി എന്ന ഗ്രാമത്തില്‍ 29 സെപ്റ്റംബറില്‍ നടന്ന ബയ്യാലാല്‍ബോട്ട്മോംഗെ കുടുംബത്തിന് നേരിടേണ്ടിവന്ന ജാതീയ ആക്രമണം തെളിയിക്കുന്നത്. ബയ്യാലാല്‍ ബോട്ട്മോംഗേയും അദ്ദേഹത്തിന്‍റെ ഭാര്യയായ സുരേഖയ്ക്കും പ്രിയങ്ക, റോഷന്‍, സുധീര്‍ എന്ന മക്കള്‍ക്കെതിരെയാണ് മൃഗീയമായ ആക്രമണമുണ്ടായത്. കൂട്ടബലാത്സംഗവും പൊതുയോഗത്തില്‍ വച്ച് അപമാനപ്പെടുത്തുകയും തുടര്‍ന്നുള്ള പീഡനങ്ങളും ഒ.ബി.സി പുരുഷ/ സ്ത്രീകളും ഒരേ പോലെ നടത്തുകയാണുണ്ടായത്. ലൈംഗിക അപവാദവും സദാചാര പോലീസിങ്ങും നടത്തി ആ ദളിത് കുടുംബത്തിനെ ആക്രമിച്ചതിനു പിന്നില്‍ മാറുന്ന ഗ്രാമീണ-മുതലാളിത്വ-ഭൂമി -ജാതി അധികാരവും ജാതീയതയുമാണ് പ്രവര്‍ത്തിച്ചിരുന്നത് .
വലതുപക്ഷ പ്രവര്‍ത്തകരും മാധ്യമങ്ങളും സത്യത്തെ വളച്ചൊടിക്കുകയാണ് ഉണ്ടായത്. ഫ്യൂഡല്‍ അര്‍ത്ഥ ഫ്യൂഡല്‍ കാര്‍ഷിക അവസ്ഥകളും ജാതീയതയും പുരുഷാധിപത്യവും ജാതി-വര്‍ഗ്ഗധ്രുവീകരണങ്ങളുമാണ് ഖൈര്‍ലാന്‍ഞ്ചിയിലെ ജാതീയ ക്രൂരതയെ നിര്‍ണയിച്ചത്. ഇന്ത്യയിലുടനീളം ദലിത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ജാതിയ, ലിംഗ വ്യവസ്ഥകളുടെയും അതിന്‍റെ പുരുഷാധിപത്യ തലങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ദലിത് സ്ത്രീകളുടെ പ്രശ്നങ്ങള്‍ അധീശക്തി അക്കാദമിക് സമൂഹത്തിന്‍റെ ഉപരിപ്ലവമായ ചര്‍ച്ചകള്‍ക്ക് പാത്രമാവുകയും അവരുടെ സാമൂഹ്യ സാംസ്കാരിക മൂലധനത്തിലൂടെ ദലിത് സ്ത്രീകളെ മറികടക്കാന്‍ ഉപയോഗിക്കുകയും ചെയ്യുന്നു. പൊതുഇടങ്ങളില്‍ പുരോഗമനം പ്രകടിപ്പിക്കുന്ന സവര്‍ണ്ണ അക്കാദമിക്കുകള്‍ സ്വകാര്യയിടങ്ങളില്‍ തങ്ങളുടെ ജാതീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന് ദലിത് വിദ്യാര്‍ഥി- വിദ്യാര്‍ത്ഥികളുടെ എഴുത്തുകളിലൂടെയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെയും മനസ്സിലാക്കാവുന്നതാണ്. കൊളോണിയല്‍ ആധുനികവല്‍ക്കരണത്തിന്‍റെ ഭാഗമായുള്ള ജാതിക്കെതിരെ ഉണ്ടായ കീഴാള മുന്നേറ്റങ്ങളുടെ സത്യസന്ധത സമകാലിക പ്രബുദ്ധരായി നടിക്കുന്ന അക്കാദമിക്കുകള്‍ക്ക് അന്യമാണ്.
നിയമ സ്ഥാപനങ്ങളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും മാധ്യമങ്ങളിലും ഉള്ള ഉന്നത ഹിന്ദുക്കളുടെ അധീശത്വം അത്തരം മേഖലകളിലേക്കുള്ള ദലിത് സ്ത്രീകളുടെ വരവിനെ തടയുന്നു. അത്യധികം പ്രാന്തവല്‍ക്കരിക്കപ്പെട്ട ദളിതരുടെയും ദലിത് സ്ത്രീകളുടെയും സാന്നിധ്യം ആധുനിക പുരോഗമന ഇന്ത്യന്‍ സാംസ്കാരിക രാഷ്ട്രീയ സാമ്പത്തിക സ്ഥാപനങ്ങളുടെ പൊള്ളത്തരം തുറന്നു കാണിക്കുന്നു. ഹഥ്റാസിലെ പെണ്‍കുട്ടിക്ക് പൊതുസമൂഹം നിര്‍ഭയകേസിന് അവര്‍ നല്‍കിയ പ്രാധാന്യം നല്‍കിയില്ലെന്നു ദലിത് സ്ത്രീപക്ഷവാദികളുടെ വിമര്‍ശനം തിരിച്ചറിയേണ്ടത് മേല്‍പ്പറഞ്ഞ രാഷ്ട്രീയത്തോട് ചേര്‍ത്ത് വെച്ച് കൊണ്ടാണ്. ജസ്റ്റിസ് വര്‍മ്മ കമ്മിറ്റി റിപ്പോര്‍ട്ട് ബലാത്സംഗത്തിന്‍റെയും ലൈംഗിക അതിക്രമങ്ങളെയും ദുരഭിമാനക്കൊലകളെയും കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. ദലിത് സ്ത്രീകളുടെ ജാതിപദവി കാരണം അവര്‍ നേരിടേണ്ടി വന്ന ഘടനാപരമായ ആക്രമോസുകതയെയും കുറിച്ച് നിരീക്ഷിക്കുന്നുണ്ട്. നിര്‍ഭയകേസിന്‍റെ പശ്ചാത്തലത്തില്‍ നല്‍കിയ ശിക്ഷ കുറ്റവാളികളില്‍ ഭീതി സൃഷ്ടിക്കുമെന്നും അതുകൊണ്ടുതന്നെ ഇത്തരം ക്രൂരകൃത്യങ്ങളില്‍ നിന്ന് അവര്‍ പിന്‍വാങ്ങുമെന്ന നിയമപരമായും പൊതുസമൂഹത്തിന്‍റെതായ വായനകള്‍ ദലിത് സ്ത്രീകള്‍ക്കെതിരെ നടന്ന ആക്രമണങ്ങള്‍ക്ക് പരിഹാരമാവില്ലെന്നത് നിരന്തരം ആവര്‍ത്തിക്കുന്ന ജാതീയ പുരുഷാധിപത്യ ഭീകരത വ്യക്തമാക്കുന്നു. സ്ഥാപനങ്ങളും ആധുനിക നിയമങ്ങളും തുടര്‍ന്നുണ്ടായ സാമൂഹ്യ മാറ്റങ്ങളും ഒരേകാലത്ത് നിലനില്‍ക്കുന്നു. അത്തരമൊരു അപരിചിതമായ നൈരന്തര്യത്തിന്‍റെ വൈരുദ്ധ്യമാണ് ദലിത് സ്ത്രീകളുടെ സാമൂഹ്യ നീതിക്ക് വിലങ്ങുതടിയാകുന്നത് എന്ന സമകാലിക ദലിത് സ്ത്രീ അവസ്ഥകള്‍ വെളിവാക്കുന്നു.
സഹായക ഗ്രന്ഥങ്ങള്‍:
Ara, Ismat (28th October, 2020) “Hathras Gang-rape and Murder Case : A Timeline”, The Wire
Philipose, Pamela (10th October, 2020), “Backstory : The Hathras Gangrape and four media challenge“, The Wire.
Rao, Anupama (2003) “Understanding Sirasgaon: Note Towards conceptualising the role of law, caste and gender in a case of “atrocity”, In, Anupama Rao (edited) “Gender & Caste” pp. 276-310.
Teltumbde, Anand (2008) “Khairlaji : A Strange and Bitter Crop“, Haryana Publishers.
Salve, Mukta (1855) The Plight of Mahar and and Mang (Original in Marathi, ) The Satyashodhk
https://thesatyashodhak.com/2020/04/18/dnyanoday-essay-mukta-salve/ accessed on 20th December, 2020.
സ്മിത എം.പാട്ടീല്‍
ഇന്ദിരാഗാന്ധി ഓപ്പണ്‍ സര്‍വകലാശാല സ്കൂള്‍ ഓഫ്
ജെന്‍റര്‍ & ഡെവലപ്മെന്‍റ് സ്റ്റടീസ് അധ്യാപിക
വിവര്‍ത്തനം:
ഹമീദ സീ. കെ.കോഴിക്കോട് സര്‍വകലാശാല, സ്ത്രീ പഠന വിഭാഗം അധ്യാപിക
COMMENTS