കോവിഡ്: സ്ത്രീബോധവും പ്രതിബോധവും

Homeഉപ്പും മുളകും

കോവിഡ്: സ്ത്രീബോധവും പ്രതിബോധവും

ഡോ. പി. ഗീത

ഴിഞ്ഞ ആറുമാസക്കാലമായി എത്ര പുതിയ വാക്കുകളിലേക്കാണ് മനുഷ്യര്‍ ഉണര്‍ത്തപ്പെട്ടത്. അവയില്‍പ്പലതും മുമ്പുണ്ടായിരുന്ന വാക്കുകളാണ്. പക്ഷേ അവയൊന്നിച്ച് നമ്മുടെ നിത്യജീവിതത്തിലേക്കു കടന്നു വരികയും അവയൊന്നാകെ നമ്മള്‍ തന്നെയായിത്തീരുകയും ചെയ്തുവെന്നതാണ് വിശേഷം ക്വാറന്‍റൈന്‍, ലോക് ഡൗണ്‍, കണ്‍ടൈന്‍റ്മെന്‍റ് സോണ്‍, കോവിഡ് കിറ്റ്, സൂം മീറ്റിങ്, ഗൂഗ്ള്‍ മീറ്റ്… ആവര്‍ത്തിക്കട്ടെ, മുമ്പുണ്ടായിരുന്ന ഈ വാക്കുകള്‍ നമ്മുടെ ദൈനംദിന ജീവിതം അഥവാ നമ്മള്‍ തന്നെയായി മാറുകയായിരുന്നു.

അനുഭവവേദ്യമായ പ്രത്യക്ഷ മാറ്റം തൊഴിലിടങ്ങളിലും പൊതുവിടങ്ങളിലും ആളൊഴിയുകയും വീടുകളില്‍ ആളുകള്‍ സജീവമാവുകയും ചെയ്തു എന്നതാണ്. അതെ വീടുകള്‍. വീടുകള്‍ എന്നാല്‍ എന്താണ് ഇപ്പോഴുമെന്ന അറിവിലേക്കാണ് നമ്മള്‍ മലയാളികള്‍ എടുത്തെറിയപ്പെട്ടത്. തൊഴിലിടത്തിലും പൊതു വിടത്തിലും ഒരു നൂറ്റാണ്ടോളം പൊരുതിനിന്ന മലയാളി സ്ത്രീ വീണ്ടുമിതാ പുതിയ “ഇന്ദുലേഖ”യായി മാറുന്നു. അവള്‍ ആര്‍ക്കു മുമ്പിലും അവതരിപ്പിക്കാവുന്ന മാന്യയായ ഒരു മഹിളയാണ്. സംശയിക്കണ്ട ഒരു പ്രസന്‍റബിള്‍ ലേഡി. പക്ഷേ വീടകങ്ങള്‍ മിക്കതിലും അവളുടെ റോളുകള്‍ കാര്യേഷു മന്ത്രിയും കരണേഷു ദാസിയുമാണ്. വലിയ ഇടവേളക്കുശേഷം വീണു കിട്ടിയ “ഒഴിവു” ദിവസങ്ങളെ ആദ്യഘട്ടത്തില്‍ സന്തോഷത്തോടെയാണവള്‍ വരവേറ്റത്. വീട് അടുക്കിയും പെറുക്കിയും പാചക വൈദഗ്ധ്യങ്ങള്‍ പുറത്തെടുത്തും അവള്‍ കുടുംബാംഗങ്ങളെ അദ്ഭുതപ്പെടുത്തി. അവളുടെ ഫേസ്ബുക് ടൈം ലേനില്‍ പാചകക്കുറിപ്പുകള്‍ നിരന്നു. കാര്യം വിമോചനമൊക്കെ പറയുമെങ്കിലും “എക്സ്പോഷര്‍ ” ഒക്കെ ഉണ്ടെങ്കിലും ഇവള്‍ ആളു കൊള്ളാമെന്ന് പുരുഷൂസ് ലൈക്കടിച്ചു നിറച്ചു. അങ്ങനെ അവള്‍ക്കു വീണ്ടും അരങ്ങത്തു നിന്ന് വീട് / അടുക്കള ഭരിക്കുന്ന മഹാറാണി പട്ടം തിരിച്ചു കിട്ടി.

തളപ്പറ്റാല്‍ മുരട്ടില് എന്നു ചൊല്ലുമ്പോലെ ഒരു പതോ വീഴ്ച . മോശമെന്നല്ല, എല്ലാര്‍ക്കുമെന്നുമല്ല പല സ്ത്രീകളുടെയും ചുമലുകളില്‍ ഗൃഹിണീ പദത്തിന്‍റെ നുകങ്ങള്‍ വീണ്ടും അമര്‍ന്നു തുടങ്ങിയ കാലം കൂടിയാണിത്. വീടിനകത്തെ പദവികളും പ്രവൃത്തി വിഭജനവും മാറ്റമില്ലാതെ തുടരുന്നതാണെന്ന ഉറപ്പ് പുരുഷാധികാരത്തിനു നല്കുന്നതില്‍ വിജയിച്ച കാലം കൂടിയാണിത്. സ്ത്രീകള്‍ക്കായി തുറന്നു കിട്ടിയ ഇത്തിരി ആകാശത്തിലേക്കുള്ള വാതിലുകള്‍ അതിവിദഗ്ധമായി കൊട്ടിയടയ്ക്കപ്പെട്ടു. ഗംഭീരമായ മെരുക്കല്‍ കേന്ദ്രമായി കോവിഡ് കാല കുടുംബാന്തരീക്ഷം മാറി. കാരണം പുറത്തു രോഗമാണ്‍ അകമാണ് അകം മാത്രമാണു സുരക്ഷ !!

ഇതിങ്ങനെയൊക്കെയായിരിക്കുമ്പോഴാണ് ആറന്മുളയില്‍ നിന്ന് വരുന്ന 108 ആംബുലന്‍സിന് റോഡിലെ വാഹനങ്ങള്‍ വഴി മാറിക്കൊടുക്കുന്നത്. തോപ്പില്‍ ഭാസിയുടെ “അശ്വമേധ”ത്തിലാണ് “രോഗം ഒരു കുറ്റമാണോ ” എന്ന ചോദ്യം സമൂഹത്തിനു മുമ്പാകെ വെക്കുന്നത്. അന്നത് പകരുന്ന കുഷ്ഠമായിരുന്നു. ഇന്നിപ്പോള്‍ ലോകമാകെ പടരുന്ന കൊറോണാ വൈറസിന്‍റെ കാലത്ത് “രോഗം പെണ്ണിന്‍റെ കുറ്റമാണോ ” എന്ന ചോദ്യം മലയാളത്തില്‍ ഉയരുന്നു. പറയപ്പെടാത്ത മറുപടികളാണ് അതിനുത്തരം എന്നത് കോവിഡുമായി ബന്ധപ്പെട്ട് പെണ്ണിന്‍റെ ബോധവും പ്രതിബോധവുമായി മാറുന്നു. അതെ , 108 ആംബുലന്‍സ് ഒരു സ്വകാര്യ ഇടമോ പൊതു ഇടമോ? കൊറോണാ വൈറസ് ആക്രമിച്ച ഒരു സ്ത്രീ ശരീരം പൊതു ഉത്തരവാദിത്വമോ അതോ ഒരു കുറ്റവാളിയുടെ അക്രമാസക്തി തീര്‍ക്കാനുള്ള സ്വകാര്യവസ്തുവോ??!!

 

ഡോ. പി. ഗീത

കേരള സർക്കാരിൻ്റെ വിവിധ കോളജുകളിൽ
അധ്യാപികയായിരുന്നു.

 

 

COMMENTS

COMMENT WITH EMAIL: 0