മാധ്യമങ്ങളും കൊറോണ കാലവും

Homeചർച്ചാവിഷയം

മാധ്യമങ്ങളും കൊറോണ കാലവും

ജിഷ സൂര്യ 

മാധ്യമപ്രവര്‍ത്തകര്‍ മഹാമാരിയുടെ കാലത്തു രേഖപെടുത്തുന്നതൊക്കെയും നാളത്തെ ചരിത്രമായി മാറേണ്ടതാണ്. എന്നാല്‍ കോവിഡ് 19 ന്‍റെ കാലത്ത് തങ്ങളുടെ ജോലി ചെയ്യാന്‍ അവര്‍ നേരിടേണ്ടി വരുന്നത് വൈറസിനെപ്പോലെ തന്നെ അദൃശ്യമായ പല വെല്ലുവിളികളുമാണ്.

സ്വന്തം സുരക്ഷ മറന്നു മാധ്യമപ്രവര്‍ത്തകര്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മെയ് 28നാണ് ആദ്യമായി സുപ്രീം കോടതി അതിഥി തൊഴിലാളികളുടെ കാല്‍നടയായുള്ള കൂട്ട പലായന വിഷയത്തില്‍ ഇടപെടുന്നത്. എന്നാല്‍ മാധ്യമങ്ങള്‍ കള്ളം പറയുന്നെന്നാണ് ഗവണ്‍മെന്‍റിന്‍റെ ഭാഗത്തു നിന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചത്. പുലിത്സര്‍ നേടിയ സൗത്ത് ആഫ്രിക്കന്‍ ഫോട്ടോ ജേര്‍ണലിസ്റ് ആയ കെവിന്‍ കാര്‍ട്ടറുടെ ‘കഴുകനും പെണ്‍കുട്ടി’യുമെന്ന ചിത്രത്തെ സംബന്ധിച്ച ഒരു തെറ്റായ വാട്ട്സെപ്പ് ഫോര്‍വേഡ് ഉദ്ധരിച്ചു മേത്ത കോടതിയോട് പറഞ്ഞത് മാധ്യമങ്ങള്‍ ദുരന്തങ്ങള്‍ കൊതിക്കുന്ന കഴുകന്മാര്‍ ആണെന്നാണ്.

ഈ ഒരു സംഭവത്തില്‍ തന്നെ മാധ്യമങ്ങള്‍ നേരിടുന്ന പല പ്രശ്നങ്ങള്‍ കാണാം. മഹാമാരിയുടെ കാലത്ത് മാധ്യമങ്ങള്‍ എന്ത് റിപ്പോര്‍ട്ട് ചെയ്യണം എന്ന് ഗവണ്മെന്‍റ് നിഷ്കര്‍ഷിക്കുന്നു എന്നതാണ് ഒന്ന്. ഉത്തരവാദിത്തപെട്ട സ്ഥാനത്തു ഇരിക്കുന്നവര്‍ പോലും മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നത് മറ്റൊരു പ്രശ്നം. അതിനു സാമൂഹിക മാധ്യമങ്ങളിലെ വ്യാജവാര്‍ത്തയെ കൂട്ടുപിടിക്കുന്നു എന്നുള്ളതാണ് ഏറെ ഗൗരവതരം.

ഭരണകൂടം തരുന്ന കണക്കുകള്‍ മാത്രം ഉപയോഗിക്കുക എന്നതാണ് കോവിഡ് കാലത്തു മാധ്യമങ്ങളോട് ആവശ്യപ്പെട്ട മറ്റൊരു കാര്യം. ദുരന്തസമയത്ത് കരുതല്‍ വേണ്ടതിനാല്‍ കേരളത്തില്‍ ഉള്‍പ്പടെ മാധ്യമങ്ങള്‍ ഭരണകൂടം തരുന്ന കണക്കുകള്‍ അവര്‍ പറയുന്ന സമയത്ത് മാത്രം ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രദ്ധ പുലര്‍ത്തി. എന്നാല്‍ മുന്നോട്ടു പോകും തോറും പ്രശ്നങ്ങള്‍ കൂടി വന്നു. കണക്കുകള്‍ പലതും അപൂര്‍ണ്ണമാണ്. ഇനി എന്തെങ്കിലും തിരിമറികള്‍ നടന്നെങ്കില്‍ അത് കണ്ടു പിടിക്കാനും ബുദ്ധിമുട്ടുകള്‍ ഏറെ.

ഉദാഹരണത്തിന് കേരളത്തിലെ ഔദ്യോഗിക കോവിഡ് മരണങ്ങള്‍ സെപ്റ്റംബര്‍ 25 വരെ 634 ആയിരിക്കുമ്പോള്‍ ആരോഗ്യ മേഖലയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ തയ്യാറാക്കിയ കണക്ക് പ്രകാരം ഇത് ആയിരത്തിനും മുകളിലാണ്. കോവിഡ് ചികിത്സയില്‍ കഴിഞ്ഞ വ്യക്തിയാണെങ്കിലും മരണശേഷം ഒരു ടെസ്റ്റ് കൂടെ നടത്തി അതില്‍ നെഗറ്റീവ് ആണെങ്കില്‍ കോവിഡ് മൂലം മരിച്ചവരുടെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. മുന്‍പ് ഉണ്ടായിരുന്ന രോഗം മാത്രമാണ് മരണകാരണമായി പരിഗണിക്കുന്നത്. ഇത് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെങ്കിലും ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ ഔദ്യോഗിക കണക്കുകള്‍ തന്നെയാണ് മാധ്യമങ്ങള്‍ പിന്തുടരുന്നത്. അയല്‍ സംസ്ഥാനമായ തമിഴ് നാട് ആശുപത്രികളില്‍ എത്ര ബെഡുകള്‍ ഉണ്ടെന്നതുള്‍പ്പടെയുള്ള കണക്കു
കള്‍ പുറത്തു വിടുമ്പോള്‍ കേരളത്തില്‍ ഇത്തരം പല വിവരങ്ങളും ലഭ്യമല്ല.

കേന്ദ്ര ഗവണ്മെന്‍റ് നല്‍കുന്ന അപൂര്‍ണമായ കണക്കുകളില്‍ പ്രതിഷേധിച്ചു രുക്മിണി എസ്. എന്ന ഡാറ്റ ജേര്‍ണലിസ്റ്റ് 5 മിനിറ്റുള്ള പോഡ്കാസ്റ്റിലൂടെ ഏറെ പ്രസക്തമായ കാര്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഉത്തരം കിട്ടുന്നില്ലെങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളായി അവര്‍ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേ ഇരിക്കുകയാണ്. ചോദ്യങ്ങള്‍ ചോദിക്കുകയും ജനങ്ങളെ ചിന്തിപ്പിക്കുകയും ചെയ്യുക എന്ന മാധ്യമധര്‍മം ഏറെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് അവര്‍ നന്നായി ചെയ്യുന്നു.

മാധ്യമങ്ങള്‍, വിശേഷിച്ചും അച്ചടി മാധ്യമങ്ങള്‍, ഒരു വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരുന്ന കാലത്താണ് മഹാമാരിയുടെ വരവ്. നടുവൊടിയാറായ ഒട്ടകത്തിന് മേല്‍ വന്നു വീണ അവസാന വൈക്കോല്‍ കഷ്ണമായി കോവിഡ്. ഇന്‍റര്‍നെറ്റും അതിന്‍റെ ആഗോള ശൃംഖലയിലെ കണ്ണികളായ ഗൂഗിള്‍, ആപ്പിള്‍, ഫേസ്ബുക്ക്, ആമസോണ്‍, ട്വിറ്റര്‍ (GAFAT) എന്നിവ ചേര്‍ന്ന് സൃഷ്ടിച്ച പുതിയ ലോകം അതിന്‍റെ പുത്തന്‍ സാങ്കേതിക വിദ്യകൊണ്ടു മാത്രമല്ല പരസ്യങ്ങളെ തങ്ങളിലേക്ക് ആകര്‍ഷിച്ചും മാധ്യമങ്ങളെ ഒരു തകര്‍ച്ചയുടെ വക്കില്‍ എത്തിച്ച കാലത്താണ് ലോകം മുഴുവന്‍ കീഴ്മേല്‍ മരിച്ച കോവിഡ് 19 പുതിയ വെല്ലുവിളിയുമായി അവതരിക്കുന്നത്. മുന്‍ ഗാര്‍ഡിയന്‍ പത്രാധിപരായിരുന്ന അലന്‍ റസ്ബ്രിഡ്ജര്‍ ഏഅഎഅഠകളാണ് മാധ്യമങ്ങള്‍ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി എന്ന് വിശേഷിപ്പിച്ചത്. പരസ്യ വരുമാനത്തെ ആശ്രയിച്ച് നിലനില്‍പ്പ് സാധ്യമല്ലെന്ന് മനസ്സിലാക്കി മാധ്യമങ്ങള്‍ വരുമാനത്തിനായി മറ്റു വഴികള്‍ ആലോചിച്ചു വന്നകാലഘട്ടമായിരുന്നു ഇത്. വരിസംഖ്യ അടച്ച് അംഗങ്ങളാകുന്നവര്‍ക്കു പ്രത്യേക വാര്‍ത്ത പാക്കേജ് മുതല്‍ സ്പോണ്‍സേര്‍ഡ് പരിപാടികള്‍ വരെയുള്ള പരീക്ഷണങ്ങള്‍ നടക്കുന്നു. ഈ അടുത്തിടെ തുണിക്കടയുടെ ഉത്ഘാടനത്തിന് ഒരു ചാനല്‍ ഓഗ്മെന്‍റഡ് റിയാലിറ്റി വഴി കട സ്റ്റുഡിയോയില്‍ എത്തിക്കുന്നതായി അറിയിച്ചിരുന്നു.

പരസ്യത്തിനായി വിപണിയെ ആശ്രയിച്ചിരുന്നെങ്കിലും മാധ്യമങ്ങള്‍ക്കു തങ്ങളുടെ സ്വതന്ത്ര സ്വഭാവം നിലനിര്‍ത്തി പോകാന്‍ കുറച്ചൊക്കെ കഴിഞ്ഞിരുന്നു. പരസ്യം നല്കാന്‍ കഴിയുന്നവരുടെ എണ്ണം ചുരുങ്ങുമ്പോള്‍ ഇതില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും. കോവിഡ് പ്രതിസന്ധി കാലത്തു കേരള സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കു കൊടുത്തു തീര്‍ക്കാ
നുള്ള 54 കോടി നല്‍കാനുള്ള തീരുമാനം ഈ അടുത്തിടെ എടുത്തത് ഇതുമായി ചേര്‍ത്ത് വായിക്കാവുന്നതാണ്. മറ്റു വരുമാനമില്ലാതിരുന്ന സമയത്ത് ഈ തീരുമാനം മാധ്യമങ്ങളെ അനുനയിപ്പിക്കാന്‍ സര്‍ക്കാരിന് കിട്ടിയ ഏറ്റവും നല്ല അവസരമായി. കുറച്ചു കാലത്തേക്ക് എങ്കിലും മാധ്യമങ്ങള്‍ തങ്ങളുടെ വിമര്‍ശനരീതി മയപ്പെടു
ത്താന്‍ ഇത് കാരണമായി.

പരസ്യ വരുമാനം ഒന്നാകെ നിലച്ച മാധ്യമങ്ങള്‍ നിലനില്പിനായി ചെയ്യുന്നതൊക്കെയും ഒരു സ്വതന്ത്ര ജാനാധിപത്യ രാജ്യത്തില്‍ വലിയ മാറ്റങ്ങള്‍ക്കു ഇടവരുത്തും. അതിന്‍റെ പ്രത്യാഘാതങ്ങള്‍ ഇനി അറിയാന്‍ പോകുന്നതേ ഉള്ളൂ.

ഈയടുത്ത് റോയിട്ടേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് യുകെയില്‍ നടത്തിയ പഠനം പ്രകാരം കോവിഡ് സംബന്ധിച്ച വാര്‍ത്തകള്‍ക്കായി സമൂഹ മാധ്യമങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുകയാണ്. അതില്‍ തന്നെയും സാമൂഹിക മാധ്യമം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചപ്പോള്‍ വാര്‍ത്ത കാണുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ കാണുന്ന വാര്‍ത്തകള്‍ 10 % ആളുകള്‍ മാത്രമാണ് വിശ്വസിച്ചത്. എന്നാല്‍ മുഖ്യധാരാ മാധ്യമങ്ങളോട് 44 % ആളുകള്‍ക്ക് വിശ്വാസമായിരുന്നു. സമാന സാഹചര്യങ്ങളാണ് ഇന്ത്യയിലും കാണുന്നത്. കൊറോണ പത്രത്തിലൂടെ പകരുമെന്ന പ്രചരണം മൂലം പത്രവിതരണത്തില്‍ വന്‍ ഇടിവ് വന്നു. പലരും പത്രം വരുത്തുന്നത് നിര്‍ത്തിവച്ചു. ഇത് മറികടക്കാന്‍ പത്രങ്ങള്‍ നല്ല ശ്രമം വേണ്ടി വരും. കൂടുതല്‍ ആളു
ളും വാര്‍ത്തക്കായി സമൂഹ മാധ്യമത്തെയും ഇന്‍റര്‍നെറ്റിന്‍റെയും ആശ്രയിക്കുന്നത് കൊണ്ട് പ്രത്യേകിച്ചും.

ഇതിനിടയില്‍ മാധ്യമ പ്രവര്‍ത്തകര്‍ നേരിട്ട ഏറ്റവും വലിയ പ്രശ്നം അവരുടെ നിലനില്‍പ്പ് തന്നെയായിരുന്നു. അടിയന്തവസ്ഥ കാലത്ത് ഉണ്ടായ പോലെ സ്വതന്ത്രമായ ജോലി നിര്‍വഹിക്കാന്‍ ഉള്ള പ്രതിസന്ധിയായിരുന്നില്ല അത്. ശമ്പളം വെട്ടിക്കുറച്ചും മുന്നറിയിപ്പോ നഷ്ടപരിഹാരങ്ങളോ ഇല്ലാതെ പിരിച്ചു വിട്ടും ഏറ്റവും അനീതി നേരി
ടുന്ന സമയമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് കാലം. നാട്ടില്‍ നടന്ന സമാനമായ പിരിച്ചു വിടല്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ പലരും തങ്ങള്‍ക്കു നേരിട്ട അനീതി ചോദ്യം ചെയ്യാതെ തൊഴില്‍ വിട്ടിറങ്ങി. മാധ്യമ യൂണിയനുകളും ചില പ്രസ്താവനകളില്‍ പ്രതിഷേധം ഒതുക്കി. ചോദ്യം ചെയ്യാന്‍ തയ്യാറായ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവശേഷിച്ച ആനുകൂല്യങ്ങള്‍ നിഷേധിച്ചെന്നു മാത്രമല്ല കോവിടിന്‍റെ പേരില്‍ നിയമനടപടി പോലും മരവിച്ച അവസ്ഥയിലാണ്. ജാതിലിംഗ അസമത്വങ്ങളുടെ പേരില്‍ കുപ്രസിദ്ധമായ ന്യൂസ്റൂമുകള്‍ കൂടുതല്‍ ഇരുണ്ടതാക്കാനേ ഇതിനു കഴിഞ്ഞുള്ളു, അത് റിപ്പോര്‍ട്ട് ചെയ്യാതെ പോകുന്ന അനീതികള്‍ക്കിടയില്‍ മറഞ്ഞു പോയി.

സാമൂഹ്യ മാധ്യമങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമ്പോള്‍ തന്നെ, മുഖ്യധാരാ മാധ്യമങ്ങളില്‍ അത് കൊണ്ട് വന്ന സ്വാധീനം അവഗണിക്കാനാവുന്നതല്ല. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളായ ദളിത് ആദിവാസി ജനതയും ലൈംഗിക ന്യൂനപക്ഷങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങളുടെ അനുഭവങ്ങള്‍ പറഞ്ഞു ആര്‍ക്കും അവഗണിക്കാനാവാത്ത ശബ്ദമായി വന്നത് ഈയടുത്തു വന്ന വലിയ മാറ്റങ്ങളിലൊന്ന്. എന്നാല്‍ കോവിഡാനന്തര കാലത്ത് അരികുവത്ക്കരിക്കപ്പെട്ടവര്‍ കൂടുതല്‍ ദുരിതത്തിലേക്ക് വീഴുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു.

കോവിഡ് കാലത്ത് പൊതുവില്‍ പറഞ്ഞത് പോലെ മാധ്യമങ്ങളും ഒരേ കൊടുങ്കാറ്റില്‍ പെട്ടിരിക്കുകയാണ്. ചെറുവള്ളങ്ങള്‍ ഒന്നാകെ തകരാന്‍ പോകുന്നു, കുറച്ചു പേരെ പുറത്തേക്കു എറിഞ്ഞു ഭാരം കുറക്കാന്‍ നോക്കുകയാണ് വലിയ കപ്പലുകള്‍. കാറ്റും കോളും അടങ്ങിയാല്‍ ഏതൊക്കെ തകര്‍ന്നു, അവശേഷിച്ചു, പുതിയ തീരം തേടി നീന്തിയവര്‍ കരപറ്റിയോ, നിലയില്ലാകയത്തില്‍ മുങ്ങിയോ എന്നൊക്കെ അറിയാം.

 

 

ജിഷ സൂര്യ
ഒരു സ്വതന്ത്ര മാധ്യമപ്രവർത്തകയാണ്

 

COMMENTS

COMMENT WITH EMAIL: 0