ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അഞ്ജന ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പില്‍ അവര്‍ക്ക് വിധേയമാകേണ്ടി വന്ന കണ്‍വെര്‍ഷന്‍ തെറാപ്പി എന്ന പേരില്‍ നടക്കുന്ന കുറ്റകൃത്യത്തെ പറ്റി പറഞ്ഞിരുന്നു. ബലം പ്രയോഗിച്ച് അവരെ കേരളത്തിനകത്തും പുറത്തുമുള്ള ചികിത്സാ കേന്ദ്രങ്ങളില്‍ കൊണ്ട് പോയതായും, ഇഷ്ടത്തിന് എതിരായി ഇഞ്ചക്ഷനുകള്‍ നല്‍കുകയും തടവിലാക്കുകയും ചെയ്തതായി അതില്‍ പറയുന്നു. ലൈംഗികാഭിമുഖ്യം തുറന്നു പറഞ്ഞത് മൂലം രക്ഷിതാക്കള്‍ തന്നെയാണ് ഈ ദുരന്തത്തിലേക്ക് അവരെ തള്ളി വിട്ടത്. സംരക്ഷണവും സ്നേഹവും നല്‍കേണ്ട വീട്ടുകാരില്‍ നിന്ന് ഇത്തരം പ്രവൃത്തി പ്രതീക്ഷിച്ചിരുന്നില്ല എന്നും അഞ്ജന പറയുന്നു. സ്നേഹിക്കുന്നവരില്‍ നിന്നുണ്ടായ ഈ നീക്കങ്ങളും ചികിത്സാകേന്ദ്രങ്ങളില്‍ നിന്ന് നേരിട്ട അക്രമങ്ങളും വലിയ പ്രത്യാഘാതങ്ങളാണ് അഞ്ജനയിലുണ്ടാക്കിയത്. കടുത്ത നിരാശയുംവിഷാദവും ബാധിച്ചത് ഒടുവില്‍ അഞ്ജനയുടെ ആത്മഹത്യയിലാണ് അവസാനിച്ചത്. കേരളത്തില്‍ഇത് ഒരൊറ്റപ്പെട്ട സംഭവമല്ലെന്ന്, സമാനമായ അനുഭവങ്ങളുള്ളവരുടെ തുറന്നു പറച്ചിലുകള്‍ വെളിവാക്കുന്നു. ഇത്തരം അനുഭവങ്ങളെക്കുറിച്ച് ഇപ്പോള്‍ പലരും തുറന്നെഴുതുന്നുണ്ട്. ചികിത്സിച്ചു നേരെയാക്കാമെന്ന് മാതാപിതാക്കള്‍ക്ക് വാക്കു നല്‍കുന്ന സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. നിര്‍ബ്ബന്ധിച്ച് അവരെ അവിടെ എത്തിക്കുന്നു. മയങ്ങുന്ന മരുന്നുകള്‍ കൊടുത്തും ‘പോണ്‍” കാണിച്ച് കൊണ്ട് ഛര്‍ദ്ദിക്കാനുള്ള മരുന്ന് കൊടുത്തുമൊക്കെ അവരെ മാറ്റാന്‍ ശ്രമിക്കുന്നു. മടങ്ങിയെത്തുമ്പോഴേക്കും അവര്‍ ഭീതിയുള്ളവരായും, ഉണ്ടായിരുന്ന ആത്മവിശ്വാസം നഷ്ടപ്പെട്ടവരായും അപകര്‍ഷതയുള്ളവരായും മാറുകയാണ്.
എന്താണ് കണ്‍വെര്‍ഷന്‍ തെറാപ്പി?
തെറ്റായ ധാരണകളുടെ അടിസ്ഥാനത്തില്‍ വ്യത്യസ്തമായ ലൈംഗികാഭിമുഖ്യമോ ലൈംഗികസ്വത്വമോ ഉള്ള മനുഷ്യരെ അശാസ്ത്രീയവും ചിലപ്പോള്‍ ക്രൂരവുമായ മാര്‍ഗ്ഗങ്ങള്‍ വഴി അതില്‍ നിന്ന് മാറ്റാന്‍ ശ്രമിക്കുന്ന പ്രവൃത്തിയാണിത്.ڔ ശാരീരികവും മാനസികവുമായ പീഡകളാണ്, ചിലപ്പോള്‍ ആത്മീയതയുടെ പേരിലൊക്കെ അടിച്ചെല്പിക്കാറുള്ളത്. ഉദാഹരണത്തിന് ധ്യാനത്തിന് താല്‍പ്പര്യമില്ലാത്ത ഒരാളെ നിര്‍ബ്ബന്ധിച്ച് തടവിലാക്കി അത് ചെയ്യിപ്പിക്കാന്‍ ശ്രമിക്കുന്നത് പീഡനമാണ്. ഇത് ഫലപ്രദമാണെന്ന് തെളിയിച്ചിട്ടില്ലെന്നു മാത്രമല്ല, ജീവിതത്തിന് ഹാനികരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുമുണ്ട്. ഇലക്ട്രിക് ഷോക്ക് നല്‍കുക, സ്വവര്ഗഗാനുരാഗത്തിന്‍റെ ഉത്തേജനത്തോടൊപ്പംڔ ഛര്‍ദ്ദിക്കാനുള്ള മരുന്ന് നല്‍കുക, ഹോര്‍മോണ്‍ തെറാപ്പി, തലച്ചോറിന്‍റെ ചില ഭാഗങ്ങള്‍ നീക്കം ചെയ്യുക, മയങ്ങാനുള്ള മരുന്നുകള്‍ നല്‍കുക തുടങ്ങിയ പല മാര്‍ഗ്ഗങ്ങളും ഇതിനായി ഉപയോഗിക്കാറുണ്ട്. സ്വയം തിരിച്ചറിയുന്ന ലൈംഗികസ്വത്വത്തില്‍ നിന്നും ലൈംഗികാഭിമുഖ്യത്തില് നിന്നും മാറാന്‍ വേണ്ടി നടത്തുന്ന കൗണ്‍സിലിംഗും അവരുടെ ആരോഗ്യത്തെ മോശമായാണ് ബാധിക്കുന്നത്.
ചരിത്രത്തില്‍ڔ
കണ്‍വെര്‍ഷന്‍ തെറാപ്പിയുടെ ചരിത്രം പരിശോധിച്ചാല്‍ അത് പഴയ മത കാഴ്ചപ്പാടുകളുടെ ഒരു തുടര്‍ച്ചയാണെന്ന് കാണാന്‍ സാധിക്കും.ڔ സ്വവര്‍ഗ്ഗഅനുരാഗം പാപമായി കരുതിയിരുന്ന സംസ്കാരത്തില്‍ ഇത് മാറ്റാനുള്ള കടുത്ത ശിക്ഷകളാണ് നല്‍കിയിരുന്നത്. ആധുനികതയും ആധുനിക വൈദ്യശാസ്ത്രവും വന്നതോടെയാണ് ഇത് രോഗമായി കാണാന്‍ തുടങ്ങിയത്. കുറ്റം, പാപം എന്നതില്‍ നിന്ന് മോചിച്ചെങ്കിലും ‘പാടില്ലാത്തത്’ എന്ന സങ്കല്പത്തില്‍ നിന്ന് വിടാന്‍ പൊതു സമൂഹത്തിന് കഴിയാതെ വന്നത് കൊണ്ടാകണം വൈദ്യശാസ്ത്രത്തിന്‍റെ പ്രയോക്താക്കള്‍ അത് രോഗമായി കണ്ട് ചികിത്സിക്കാന്‍ തുടങ്ങിയത്. ശാസ്ത്രീയമായ തെളിവുകളേക്കാള്‍ സമൂഹത്തില്‍ നില നില്‍ക്കുന്ന ആശയങ്ങള്‍ക്ക് ശാസ്ത്രം കൈകാര്യം ചെയ്യുന്നവര്‍ പ്രാധാന്യം നല്‍കുന്നത് കൊണ്ടാണ് ഇത് സംഭവിച്ചിട്ടുള്ളത്. പല കാര്യങ്ങളിലും ഇത് കാണാന്‍ കഴിയും. അധികാരവ്യവസ്ഥയുമായി ബന്ധപ്പെട്ടു കൊണ്ട് കൂടിയാണ് ഇങ്ങനെ സംഭവിക്കുന്നത്. അധികാരകേന്ദ്രങ്ങളുടെ ഒരു ഉപകരണം എന്ന പോലെ ശാസ്ത്രവിഷയം പ്രയോഗിക്കുന്നവര്‍ പെരുമാറുന്നത് കാണാം. ശാസ്ത്രത്തിന്‍റെ രീതിയില്‍ തെളിവ് പ്രധാനമാണെങ്കിലും, അതിലേക്ക് അന്വേഷണങ്ങള്‍ കൊണ്ട് പോകാതിരിക്കുകയോ, അത് കാണാതിരിക്കുകയോ മൂടി വക്കുകയോ ഒക്കെയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. എന്നാല്‍, ക്വിയര്‍ ആളുകള്‍ തന്നെ അടിച്ചമര്‍ത്തലിനെ പ്രതിരോധിക്കാനും തെളിവുകള്‍ കൊണ്ട് വരാനും തുടങ്ങിയതോടെ മാറ്റങ്ങള്‍ കണ്ട് തുടങ്ങി. മെഡിക്കല്‍ കമ്മ്യൂണിറ്റി തന്നെ ഇതൊക്കെ പരിശോധിക്കാനും മാറ്റങ്ങള്‍ കൊണ്ട് വരാനും ആരംഭിച്ചു.ڔ ക്വിയര്‍ മനുഷ്യര്‍ ശക്തമായി പ്രതികരിച്ച അമേരിക്കയിലെ സ്റ്റോണ്‍വാള്‍ സംഭവത്തിനു ശേഷമാണ് മാറ്റങ്ങള്‍ പ്രകടമായി തുടങ്ങിയത്. എന്നാല്‍, ഇന്ത്യയിലും കേരളത്തിലും ഇനിയും മാറ്റങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു
സൈക്കോളജിയിലും സൈക്യാട്രിയിലും തുടക്കം മുതല്‍, സ്വവര്‍ഗ്ഗഅനുരാഗംڔ രോഗമാണെന്നും ചികിത്സിച്ചു മാറ്റാമെന്നും, പറ്റില്ലെന്നും ഉള്ള രണ്ട് അഭിപ്രായങ്ങളും നില നിന്നിരുന്നു.ڔ എന്നാല്‍, എല്ലാവരിലും ഇത് സാധ്യമല്ലെന്ന് ഫ്രോയ്ഡും മറ്റും പറഞ്ഞുڔ.ڔഇതൊരു രോഗമായല്ല, ലൈംഗികതയിലെ ഒരു സ്റ്റേജ് ആയാണ് ഫ്രോയ്ഡ് കണ്ടത്.ڔസ്വവര്‍ഗ്ഗഅനുരാഗം മാറ്റാന്‍ കഴിയില്ലെന്നും എന്നാല്‍ അതിനോടൊപ്പം ആണ്‍ പെണ്‍ താല്‍പ്പര്യംڔ കൂടി ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ്ڔ ഫ്രോയ്ഡ് വിചാരിച്ചത്. അതിനു ശേഷം പലരും പല തെറാപ്പികളും പരീക്ഷിച്ചെങ്കിലും ഒന്നും വിജയിച്ചിട്ടില്ല. അതില്‍ നിന്ന് പുറത്ത് വന്ന പലരും അത് പീഡനാനുഭവമായാണ് വിവരിച്ചിട്ടുള്ളത്.
മെഡിക്കല്‍ സ്ഥാപനങ്ങളിലൂടെ
അന്താരാഷ്ട്രതലത്തിലും ദേശീയമായും മിക്കڔമെഡിക്കല്‍ സ്ഥാപനങ്ങളും രോഗങ്ങളുടെ ലിസ്റ്റില്‍ നിന്ന് ലൈംഗിക വ്യത്യസ്തതകള്‍ മാറ്റിയിട്ടുണ്ട്. അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന്‍ അവരുടെ ഡയഗ്നോസ്റ്റിക് ആന്‍റ് സ്റ്റാറ്റിസ്റ്റിക്കല്‍ മാന്വലില് 1973 ല്‍ തന്നെ ലൈംഗികവ്യത്യസ്തതകള്‍ രോഗമല്ലാതെ മാറ്റിയിരുന്നു. രോഗമെന്ന ധാരണയില്‍ അത് ചികിത്സിച്ചു മാറ്റാന്‍ ശ്രമിക്കരുതെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോകാരോഗ്യസംഘടനയുടെ ഇന്‍റര്‍ നാഷണല്‍ ക്ളാസ്സിഫിക്കേഷന്‍ ഓഫ് ഡിസ്ഓര്‍ഡറുകള്‍ 1992 ല്‍ സ്വവര്‍ഗ്ഗഅനുരാഗം രോഗങ്ങളുടെ ലിസ്റ്റില്‍ നിന്ന് മാറ്റിയിയിട്ടുണ്ട്. അവരുമായി ബന്ധപ്പെട്ട പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ലൈംഗികാഭിമുഖ്യം മാറ്റാന്‍ ചികിത്സിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി. യൂറോപ്യന്‍ യൂണിയന്‍ ഇത് തെറ്റാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പല വ്യത്യസ്തതകളേയും നേരത്തെ പെര്‍വെര്‍ഷന്‍ എന്ന രീതിയില്‍ പറഞ്ഞിരുന്നു. അതൊക്കെ വ്യത്യസ്തമായ അവസ്ഥകള്‍ മാത്രമാണെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. റോയല്‍ ആസ്ട്രേലിയന്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സിന്‍റെ പ്രസിഡന്‍റായ കാതറീന്‍ എലാന്‍ഡ് പറഞ്ഞത് ,കണ്‍വെര്‍ഷന്‍ തെറാപ്പി അധാര്‍മ്മികവും, ഉപദ്രവമുണ്ടാക്കുന്നതും, തെളിവില്ലാത്തതുമാണെന്നാണ്. ഇന്ത്യയില്‍ സൈക്യാട്രിക് സൊസൈറ്റിയും അതിന്‍റെ കേരള ഘടകവും സ്വവര്‍ഗ്ഗാനുരാഗത്തെ ചികിത്സിച്ചു മാറ്റുന്നതിനെതിരെ നിലപാട് എടുത്തിട്ടുണ്ട്. എന്നാല്‍ അതോടൊപ്പം ഈ കാര്യങ്ങള്‍ പൊതു സമൂഹത്തിലേക്കെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടത്തേണ്ടതുണ്ട്. കണ്‍വെര്‍ഷന്‍ വ്യാജചികിത്സ ചെയ്യുന്നവരെയും അതിലേക്കെത്തിക്കുന്ന മാതാപിതാക്കളേയും ഇതിലെ തെറ്റു ബോദ്ധ്യപ്പെടുത്തണം. കാഴ്ചപ്പാടില്‍ ഇനിയും പല മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നതിനാല്‍ നിരന്തരമായി ഇത് ചര്‍ച്ചڔ ചെയ്യേണ്ടതുണ്ട്. ഇത് സാധ്യമാകുന്നത് വ്യത്യസ്ത ലൈംഗിക താല്‍പ്പര്യങ്ങളുള്ള മനുഷ്യരുമായുള്ള കണ്‍സള്‍ട്ടേഷന്‍ നടത്തി കൊണ്ടാണ്. പാരാഫീലിക് ഡിസോര്‍ഡര്‍ എന്ന പേരില്‍ ഇപ്പോള്‍ ടെക്സറ്റ് ബുക്കുകളില്‍ കൊടുത്തിരിക്കുന്ന പലതും റിവ്യൂ ചെയ്യേണ്ടതാണ്.
ചില ഫോറന്‍സിക് ടെക്സ്റ്റ് ബുക്കുകളില്‍ ഇപ്പോഴും വളരെ അശാസ്ത്രീയവും, തെറ്റായതും മനുഷ്യത്വവിരുദ്ധവുമായ തരത്തിലാണ് ലൈംഗികാഭിമുഖ്യങ്ങളെ പറ്റി കൊടുത്തിരിക്കുന്നത്. ഉദാഹരണത്തിന് ഒരു ബുക്കില്‍ ഇവര്‍ നിംഫോമാനിയാക്കുകള്‍ ആണെന്ന് പറഞ്ഞിരിക്കുന്നു. അമിതമായ ലൈംഗികതാത്പര്യമുള്ളവരാണ് ഇവര്‍ എന്ന് പറയാനാണ് ഇതിലൂടെ ഉദ്ദേശിച്ചിട്ടുള്ളതെന്ന് തോന്നുന്നു. ഇവര്‍ അസൂയക്കാരാണെന്നൊക്കെയുള്ള യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രസ്താവങ്ങളുമുണ്ട്. സമൂഹത്തില്‍ നില നില്‍ക്കുന്ന ക്വിയര്‍ ഫോബിയ ഡോക്ടര്‍മാരേയും ബാധിച്ചിട്ടുള്ളത് കൊണ്ടാണ് ഇങ്ങനെ ഒക്കെ എഴുതുന്നത്. ഡോക്ടര്‍മാര്‍ തന്നെ ഇങ്ങനെ ഒക്കെ എഴുതുന്നത് വ്യാജ ചികിത്സകര്‍ക്ക് ന്യായീകരണം നല്‍കുന്നു. ഡോക്ടര്‍മാരും ബുക്കുകള്‍ എഴുതുന്നവരും ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം എടുക്കേണ്ടതുണ്ട്.
റീ അഫര്‍മേഷന്‍ തെറാപ്പി
പലപ്പോഴും ക്വിയര്‍ വ്യക്തികള്‍ക്ക് അസ്വസ്ഥതകളുണ്ടാകുന്നത് സമൂഹത്തിന്‍റെയും കുടുംബത്തിന്‍റെയും ഇടപെടലുകള്‍ മൂലമാണ്. ആ സമയത്ത് അവരവര്‍ സ്വയം കരുതുന്ന പോലെയുള്ള ലിംഗത്വവുംڔ ലൈംഗികാഭിമുഖ്യവും ഉറപ്പിച്ചെടുക്കാനുള്ള തെറാപ്പിയാണിത്.ڔഇത് ഒരു വ്യക്തി ചികിത്സകരുടെ അടുത്തെത്തുമ്പോള്‍, അവരുടെ ആവശ്യപ്രകാരം ചെയ്യേണ്ടതാണ്.ڔ ഓരോ ഘട്ടത്തിലും വ്യക്തികളുടെ സമ്മതവും അറിവും ഉണ്ടായിരിക്കണം.ڔലേസര്‍ തെറാപ്പി,ഹോര്‍മോണ്‍ തെറാപ്പി, സര്‍ജ്ജറി ഒക്കെ ഇതിനായി ചെയ്യുന്നുണ്ട്.ڔ ഇതിനായി, അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട ഗൈഡ്ലൈനുകളും പ്രോട്ടോക്കോളും പിന്തുടരാവുന്നതാണ്.ڔ ക്വിയര്‍ മനുഷ്യരുടെ താല്പര്യത്തിനനുസൃതമായി നല്‍കുന്ന റീ അഫര്‍മേഷന്‍ തെറാപ്പി അവരുടെ ആത്മവിശ്വാസവും ആരോഗ്യവും മെച്ചപ്പെടുത്തുന്നതായി പഠനങ്ങളുണ്ട്.
നിയമ നീതി വ്യവസ്ഥകള്‍
ലോകത്തില്‍ എല്ലായിടത്തും മനുഷ്യാവകാശത്തെ അടിസ്ഥാനപ്പെടുത്തിയ നിയമങ്ങള്‍ ഉണ്ടായി കൊണ്ടിരിക്കുകയാണ്. പല രാജ്യങ്ങളിലും കണ്‍വെര്‍ഷന്‍ തെറാപ്പി വഞ്ചനയും കുറ്റവുമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ടുള്ള വിധികള്‍ വന്നിട്ടുണ്ട്. അമേരിക്കയിലെ പല സ്റ്റേറ്റുകളിലും കണ്‍വെര്‍ഷന്‍ തെറാപ്പിക്കെതിരെയുള്ള വിധികള്‍ തൊണ്ണൂറുകള്‍ മുതല്‍ ഉണ്ടായി കൊണ്ടിരിക്കുന്നു. നീതിബോധം ഉണ്ടാകുന്നതിനനുസരിച്ച് നിയമങ്ങള്‍ മാറ്റുകയോ ഉണ്ടാക്കുകയോ വേണ്ടി വരും.ڔ ഇത്തരം വ്യാജ ചികിത്സകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ പാകത്തിലുള്ള നിയമങ്ങള്‍ ഇവിടെയും കൊണ്ട് വരേണ്ടതുണ്ട്.
മാറുന്ന, മാറേണ്ട വ്യവസ്ഥകള്‍
ഇപ്പോള്‍ മനുഷ്യാവകാശത്തിന്‍റെ പരിസരത്ത് നിന്നും ആ ഭാഷയിലുമാണ് നമ്മള്‍ ഈ വിഷയം കാണുന്നത്. നിയമ വ്യവസ്ഥക്കുംڔ ആരോഗ്യവ്യവസ്ഥക്കും ഇതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാനുണ്ട്. സ്വവര്‍ഗ്ഗാനുരാഗവും ലൈംഗികവ്യത്യസ്തതകളും രോഗമല്ലെന്നത് ആരോഗ്യമേഖല സംശയത്തിനിട കൊടുക്കാത്ത വിധം പ്രഖ്യാപിച്ചു കഴിഞ്ഞു എന്നിട്ടും പഴയ കീഴ്വഴക്കങ്ങളും പക്ഷപാതപരമായ താല്‍പ്പര്യങ്ങളും വച്ച് ചില സ്ഥാപനങ്ങള്‍ ഇത് തുടരുകയാണ്. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത ചികിത്സ വ്യാജമായതും തെറ്റിദ്ധരിപ്പിക്കുന്നതുമായതിനാല്‍ അത് ശിക്ഷാര്‍ഹമായ കുറ്റമാക്കുന്ന തരത്തില്‍ നിയമമുണ്ടാക്കുകയും നടപ്പാക്കുകയും വേണം. കോടതികള്‍ ഈ വിഷയം പഠിക്കുകയും നല്ല മാറ്റങ്ങള്‍ ഉണ്ടായി കൊണ്ടിരിക്കുകയും ചെയ്യുന്നു എന്നത് ആശാവഹമാണ്. ഏതാനും ദിവസങ്ങള്‍ക്കും മുന്‍പ് മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് വന്ന ജഡ്ജ്മെന്‍റ് നല്ല ഉദാഹരണമാണ്. ഈ വിധി പ്രഖ്യാപിച്ച ജസ്റ്റിസ് ആനന്ദ് വെങ്കടേഷ് താന്‍ ഈ വിഷയത്തില്‍ അജ്ഞനായിരുന്നു എന്നും, എന്നാല്‍ അദ്ദേഹം വിദഗ്ധരുമായി സംസാരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കിയ ശേഷം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ജീവിക്കാനുള്ള അവകാശത്തിനനുകൂലമായി വിധി പ്രഖ്യാപിക്കുകയുമായിരുന്നു എന്ന് പറയുന്നുണ്ട്. ‘വിവേചനം ശരി വക്കുന്നതിന് അജ്ഞത ഒരു ന്യായീകരണമല്ലെന്ന അദ്ദേഹത്തിന്‍റെ പ്രസ്താവന എക്കാലവും എല്ലാവര്ക്കും ഓര്‍ത്തു വെക്കാവുന്ന ഒന്നാണ്. ലൈംഗിക വ്യത്യസ്തതകളെ പറ്റി അജ്ഞനായിരുന്ന ജഡ്ജ്, വിധി പ്രസ്താവത്തിനു മുന്‍പ് അത് പഠിക്കാന്‍ തയാറായി എന്നതാണ് വലിയ കാര്യം. ആണ്‍ പെണ്‍ ബന്ധത്തില്‍ ഏര്‍പ്പെടുന്ന മറ്റുള്ളവരെ പോലെ തന്നെ സ്വാഭാവികവും മനുഷ്യത്വപരവുമാണ് സ്വവര്ഗഗാനുരാഗവുമെന്ന നിഗമനത്തിലേക്ക് അദ്ദേഹം എത്തി ചേര്‍ന്നു. നിയമരംഗത്തും ആരോഗ്യരംഗത്തുമുള്ളവര്‍ ഇതേ പോലെ സ്വയം പഠനത്തിന് വിധേയരാകേണ്ടതാണ്. അങ്ങനെ ആയാല്‍ മാത്രമേ, കണ്‍വെര്‍ഷന്‍ തെറാപ്പി എന്ന പേരില്‍ നടക്കുന്ന ക്രിമിനല്‍ കൃത്യം നമുക്ക് അവസാനിപ്പിക്കാന്‍ കഴിയൂ.
ഡോ: ജയശ്രീ ഏ.കെ.
പ്രൊഫ: കമ്മ്യൂണിറ്റി മെഡിസിന്‍
ഗവ: മെഡിക്കല്‍ കോളേജ്
കണ്ണൂര്‍
COMMENTS