സിനിമയില്‍ സ്ത്രീ പ്രാതിനിധ്യം ഏറെ കുറവുള്ള സാങ്കേതിക വിഭാഗത്തില്‍ വളരെ കാലമായി തന്റെ സാന്നിധ്യം അറിയിച്ച ഒരു പെണ് ശബ്ദമുണ്ട് ഇവിടെ. മുംബൈയില്‍ താമസമാക്കിയ വിമ്മി മറിയം ജോര്‍ജ് എന്ന കോട്ടയംകാരി പതിനഞ്ചു വര്‍ഷക്കാലമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയി മലയാള സിനിമയില്‍ നിറസാന്നിദ്ധ്യമാണ്. നാല് സംസ്ഥാന അവാര്‍ഡുകള്‍ ഉള്‍പ്പെടെ നേടിയ വിമ്മി തന്റെ കരിയറിലെ അനുഭവങ്ങള്‍ പങ്കുവക്കുകയാണ്.
? ഡബ്ബിങ് മേഖലയിലേക്ക് കടന്നു വരാനുണ്ടായ സാഹചര്യം എന്തായിരുന്നു ?
ഗായിക ആയാണ് എന്റെ കരിയര്‍ തുടങ്ങുന്നത്. അങ്ങനെയാണ് ദുബായില്‍ ഒരു റേഡിയോ സ്റ്റേഷനില്‍ റേഡിയോ ജോക്കി ആയി അവസരം ലഭിക്കുന്നത്. ആ സമയത്ത് പരസ്യ ചിത്രങ്ങള്‍ക്ക് ശബ്ദം നല്‍കാറുണ്ട്. അങ്ങനെയാണ് 2006 ല്‍ കയ്യൊപ്പ് എന്ന സിനിമയില്‍ ഖുശ്ബുവിന് ശബ്ദം നല്കാന് അവസരം ലഭിക്കുന്നത്. ദൈവാനുഗ്രഹത്താല്‍ ആദ്യ ചിത്രത്തിന് തന്നെ സംസ്ഥാന അവാര്‍ഡും ലഭിച്ചു. അതെല്ലാം ദൈവത്തിന്റെ ‘കയ്യൊപ്പ് ‘ ആണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
? എന്തൊക്കെയാണ് ഈ മേഖലയിലെ വെല്ലുവിളികള്‍? പ്രത്യേകിച്ച് ഒരു സ്ത്രീ എന്ന നിലയില്‍.
എനിക്ക് ഭാഗ്യവശാല്‍ സ്ത്രീ എന്ന നിലയില്‍ ദുരനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ ഈ മേഖലയില്‍ പല രീതികളും കാരണം ബുദ്ധിമുട്ടുകള്‍ പലതും ഉണ്ടാവുമെങ്കിലും ഞാന്‍ അത് ഈ ജോലിയുടെ ഭാഗമായി കാണാനാണ് ആഗ്രഹിക്കുന്നത്. എനിക്കാരോടും പരാതിയോ പരിഭവമോ ഒന്നും ഇല്ല. എന്നാല്‍ ഇതേ മേഖലയിലെ പല സ്ത്രീ സുഹൃത്തുക്കള്‍ക്കും പല ദുരനുഭവങ്ങളും ഉണ്ടായതായി കേട്ടിട്ടുണ്ട്. ചിലപ്പോള്‍ ആദ്യ ചിത്രം തന്നെ നല്ല തുടക്കമായത് കൊണ്ടാവാം എനിക്ക് പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നത്.
? സിനിമയിലെ സാങ്കേതിക മേഖലയില്‍ സ്ത്രീകള്‍ പൊതുവെ കുറവാണല്ലോ. പഴയതില്‍ നിന്ന് ഇപ്പോള്‍ കാണുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്?
ഞാന്‍ വന്ന സമയത്ത് ഈ മേഖലയില്‍ വളരെ കുറവാണ് സ്ത്രീകള്‍. അതില്‍ നിന്നും ഇപ്പോള്‍ വളരെ വ്യത്യാസമുണ്ട്. സ്ത്രീകള്‍ പലരും ഈ മേഖലയിലേക്ക് കടന്നുവരാനുള്ള ധൈര്യം കാണിക്കുന്നുണ്ട്. ഡബ്ബിങില്‍ മാത്രമല്ല സാങ്കേതിക വിഭാഗങ്ങളിലെ സ്ത്രീ സാന്നിദ്ധ്യത്തില്‍ വളരെയധികം വ്യത്യാസം കാണാന്‍ സാധിക്കും. അത് വളരെ നല്ല കാര്യം തന്നെയാണ്. എനിക്ക് ഒരുപാട് സന്തോഷമുണ്ട് പുതിയ കുട്ടികള്‍ വരുന്നത് കാണുമ്പോള്‍.
?ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ കൃത്യമായ അടയാളം ഈ മേഖലയിലെ എല്ലാവര്ക്കും ലഭിക്കുന്നുണ്ടോ?
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന പേരു പോലും സിനിമ കഴിഞ്ഞ് അവസാനം എവിടെയെങ്കിലും ചേര്‍ത്താലായി എന്ന അവസ്ഥ ആണ്. പക്ഷെ പിന്നീട് ആലോചിച്ചപ്പോള്‍ ഇതിന്റെ ഒക്കെ പുറകെ പോയിട്ട് കാര്യമില്ല എന്ന് മനസിലായി. പലപ്പോഴും ശമ്പളം നല്കാന് മടിക്കുന്നവര്‍ ഉണ്ട്. അവിടെയൊക്കെ നമ്മള് സ്ട്രോങ്ങ് ആയി നില്‍ക്കണം. അത്യാവശ്യം അറിയപ്പെടുന്ന ആളായത് കൊണ്ട് എന്റെ പേര് വെക്കാറുണ്ട്. എന്നാലും സിനിമ കഴിഞ്ഞ് അവസാനം വരെ എന്റെ പേര് കാണാന്‍ വേണ്ടി തീയേറ്ററില്‍ കാത്ത് നില്‍ക്കേണ്ട അവസ്ഥ വരാറുണ്ട് പലപ്പോഴും. പക്ഷെ അത് പോലും ലഭിക്കാത്ത ആളുകള്‍ ഉണ്ട്. ഈ മേഖലയിലെ എല്ലാവര്ക്കും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല.
?ജോലി സ്ഥലത്തേക്ക് താമസ സ്ഥലത്ത് നിന്നുള്ള യാത്രകള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്?
ഞാന്‍ ഈ മേഖലയിലേക്ക് വന്നതിനു ശേഷം കുറച്ചു മാസങ്ങളേ കേരളത്തില്‍ ഉണ്ടായിരുന്നുള്ളു. ഭര്‍ത്താവിന്റെ തൊഴില്‍ സംബന്ധമായി കുറച്ചു കാലങ്ങള്‍ ചെന്നൈയിലും ബാംഗ്ലൂരും ഒക്കെ ആയിരുന്നു. ഇപ്പോള്‍ മുംബൈയിലാണ് താമസം. അത് കൊണ്ട് പല അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. സിനിമ ഉള്ളപ്പോള്‍ ഒരു ദിവസത്തേക്ക് നാട്ടിലേക്ക് വരികയാണ് പതിവ്. ചില സിനിമകള്‍ക്ക് ചിലപ്പോള്‍ ഒന്നിലധികം ദിവസങ്ങള്‍ നില്‍ക്കേണ്ടി വരും. ഇപ്പോഴും ജോലി ചെയ്യാന്‍ നാട്ടില്‍ വന്ന്, അത് കഴിഞ്ഞ് തിരിച്ച് പോകുക എന്ന രീതിയിലാണ് എന്റെ തൊഴില്‍ പോകുന്നത്.
?ശബ്ദം നല്കുന്ന അഭിനേത്രികളുടെ സമീപനം എങ്ങനെയാണ്?
രണ്ട് രീതിയിലുള്ള സമീപനവും ഉണ്ടാവാറുണ്ട്. മോശം സംഭവങ്ങളുമുണ്ട്, വളരെ നല്ല അനുഭവങ്ങളുമുണ്ട്. അപര്‍ണ ഗോപിനാഥ്, കനിഹ, പ്രിയാമണി, അങ്ങനെ ചിലര്‍ നല്ല രീതിയില്‍ നമുക്ക് വേണ്ട ബഹുമാനവും പരിഗണനയും നല്‍കാറുണ്ട്. പലരും അവരുടെ അടുത്ത ചിത്രങ്ങളില്‍ ഞാന്‍ തന്നെ ശബ്ദം നല്‍കണം എന്ന് അണിയറ പ്രവര്‍ത്തകരോട് പറയാറുമുണ്ട്.
?ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ക്ക് ഇപ്പോള്‍ മുന്പുള്ളതിനെ അപേക്ഷിച്ച് അംഗീകാരം ലഭിക്കുന്നുണ്ടെന്ന് തോന്നുന്നുണ്ടോ?
തീര്‍ച്ചയായും. ഇപ്പോള്‍ പഴയതിനേക്കാള്‍ നല്ല മാറ്റമുണ്ട്. ഞാന്‍ വന്ന സമയത്ത് എനിക്കൊന്നും അത്രക്ക് ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല. എന്നാല്‍ ഭാഗ്യേച്ചിയെ (ഭാഗ്യ ലക്ഷ്മി ) പോലുള്ളവര്‍ ഒക്കെ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് കുറച്ചെങ്കിലും അംഗീകാരം ഈ മേഖലക്ക് ലഭിക്കുന്നത്. സംസ്ഥാന അവാര്‍ഡുകളിലടക്കം ഞങ്ങള്‍ക്ക് സ്ഥാനം ലഭിക്കുന്നത് അവരുടെയൊക്കെയോ പരിശ്രമം കൊണ്ടാണ്. അങ്ങനെ നോക്കുമ്പോള്‍ ഞാനൊക്കെ ഒത്തിരി ഭാഗ്യവതിയാണ്. ഇപ്പോള്‍ വരുന്ന കുട്ടികള്‍ക്ക് കുറച്ച് കൂടി വിശാലമാണ് ഈ മേഖല.
?മെട്രോയുടെ ശബ്ദം ആയ അനുഭവം എന്തായിരുന്നു?
ഭാഗ്യവശാല്‍ ലഭിച്ച അവസരം ആണത്. വളരെയധികം സന്തോഷം തോന്നി, സാധാരണ ആളുകള്‍ക്കിടയില്‍ എന്റെ ശബ്ദം കടന്നു വന്നതില്‍. അവരുടെ നിത്യജീവിതത്തില്‍ എന്റെ ശബ്ദം എത്തിക്കുന്നതിന്റെ ആവേശത്തിലാണ് ആ റെക്കോര്‍ഡിങ് എല്ലാം ചെയ്തത്. പലരും എന്റെ ആ ശബ്ദം തിരിച്ചറിഞ്ഞ് എന്നോട് സംസാരിക്കാനൊക്കെ വരാറുണ്ട്. അതൊക്കെ ഒത്തിരി സന്തോഷം നല്കുന്ന കാര്യമാണ്.
? സിനിമാ മേഖലയില്‍ സ്വന്തമായി പി. ആര് ജോലികള്‍ ചെയ്യേണ്ട ആവശ്യകത ഉണ്ടെന്ന് തോന്നിയിട്ടുണ്ടോ? എന്തു കൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പോലും താങ്കള്‍ അത്തരത്തിലൊരു രീതിയില്‍ ഇടപെടാത്തത്?
എനിക്ക് സാമൂഹ്യ മാധ്യമങ്ങളിലൊന്നും തന്നെ അക്കൗണ്ട് പോലും ഇല്ല. അതിനോട് താല്പര്യം തോന്നിയിട്ടില്ല. പക്ഷെ സ്വയം വളരാന്‍ ഇത്തരം പ്രചാരണങ്ങള്‍ നല്ലത് തന്നെയാണ്. അത് താല്പര്യമുള്ളവര് അത് ചെയ്യണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം.
?മേഖലയിലെ സ്ത്രീ സൗഹൃദങ്ങള്‍ ഒക്കെ എങ്ങനെയാണ്?
തീര്‍ച്ചയായും പല നല്ല ബന്ധം പുലര്‍ത്തുന്ന സഹപ്രവര്‍ത്തകരും ഉണ്ട്. പക്ഷെ എന്റെ യാത്രയും മറ്റും കാരണം പലരെയും കാണാനോ സംഘടനാ മീറ്റിങ്ങുകളില്‍ പങ്കെടുക്കാനോ പലപ്പോഴും സാധിക്കാറില്ല. അത് കൊണ്ട് തന്നെ അങ്ങനെയൊരു സുഹൃത്ത് വലയം സൂക്ഷിക്കുന്ന ആളല്ല ഞാന്‍.
?നിലവിലെ അവസാന ചിത്രം പാപ്പന്റെ വിശേഷങ്ങള്‍ എന്തൊക്കെയാണ്?
പാപ്പനില്‍ കനിഹക്ക് വേണ്ടിയാണ് ചെയ്തത്. കനിഹക്ക് ചെയ്യാന്‍ എനിക്ക് വളരെ ഇഷ്ടമാണ്. കനിഹക്കു തിരിച്ചും അങ്ങനെ തന്നെ. സിനിമയുടെ നിര്മ്മതാവടക്കം സിനിമ കണ്ടപ്പോള്‍ കനിഹയുടെ ശബ്ദം ഓര്മ വന്നില്ല, പകരം എന്റെ ശബ്ദം വളരെ ചേര്‍ന്നു പോയി എന്ന് പറഞ്ഞു. അതൊക്കെ എനിക്ക് കിട്ടാവുന്ന നല്ല അംഗീകാരങ്ങളാണ്.
?സിനിമയില്‍ പ്രവര്‍ത്തിക്കുന്നതില്‍ കുടുംബത്തിന്റെ ഒരു പങ്കാളിത്തം എന്താണ്?
സിനിമ ഒരു മാജിക്കല്‍ ലോകമാണ്. അവിടേക്ക് കടക്കാന്‍ അവസരം ലഭിക്കുന്നത് തന്നെ വലിയ ഭാഗ്യമാണ്. എന്റെ കുടുംബം അതില്‍ ഒത്തിരി സന്തോഷിക്കുന്നവരാണ്. ഭര്‍ത്താവും മകളുമെല്ലാം വളരെയധികം പ്രോത്സാഹനം നല്‍കുന്നുണ്ട്.
പുതിയതായി ഈ മേഖലയിലേക്ക് വരുന്നവരോട് എന്തെങ്കിലും പറയാനുണ്ടോ?
ചില സിനിമാ നടന്മാര് അവരുടെ മക്കളോട് പറയുന്ന പോലെ ഒരു പ്രൊഫഷന് ആദ്യം പഠിച്ചിട്ട് പിന്നീട് ഇതിലേക്ക് വരാനേ ഞാന്‍ പറയു. കാരണം സിനിമ ശാശ്വതമല്ല. സ്ഥിരമായി ഈ ജോലി ചെയ്യുന്നവരുണ്ട്. അത് നല്ല കാര്യം. പക്ഷെ ഭാഗ്യം ഇവിടെ ഒരു ഘടകമാണ്.
?ഡബ്ബിങ് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങള്‍?
അതും രണ്ട് രീതിയിലും ഉണ്ടായിട്ടുണ്ട്. മോശം അനുഭവങ്ങള്‍ പറഞ്ഞ് ആ ആളുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നല്ല അനുഭവങ്ങളും ഒരുപാടുണ്ട്. ഒത്തിരി പേരുടെ സഹകരണം ഉണ്ടായിട്ടുണ്ട്. മകള്‍ ഉണ്ടായ സമയത്ത് അവളെയും കൊണ്ട് പോയി ചെയ്ത സിനിമകളുണ്ട്. അതെല്ലാം ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അത്ഭുതമാണ്, ഞാന്‍ എങ്ങനെ അതൊക്കെ ചെയ്തു എന്നോര്‍ത്ത്. എന്റെ സിനിമാ ജീവിതം തന്നെ ഒരു ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. ലൗഡ് സ്പീക്കര്‍ എന്ന സിനിമയില്‍ ലൈവ് ആയി ഡബ് ചെയ്തിട്ടുണ്ട് ഞാന്‍. അങ്ങനെ സിനിമയില്‍ വേറെ ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റും ചെയ്ത് കേട്ടിട്ടില്ല. അതൊന്നും മീഡിയകള്‍ പറഞ്ഞ് കേട്ടില്ല. എന്നാലും അത്തരം അനുഭവങ്ങള്‍ എനിക്ക് ഓര്‍ക്കുമ്പോള്‍ സന്തോഷം നല്‍കുന്നുണ്ട്.
? പതിനഞ്ചു വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ നേരിട്ട വെല്ലുവിളികള്‍ ഏറെയുണ്ടാവും. എങ്കിലും എടുത്തു പറയാന്‍ തോന്നുന്നത് എന്താണ്?
ഇപ്പോള്‍ ഇങ്ങനെയൊരു ചോദ്യം ചോദിക്കുമ്പോളാണ് അത്തരത്തില്‍ ഏറ്റവും വലിയ വെല്ലുവിളി എന്താണെന്ന് ഞാന്‍ ആലോചിക്കുന്നത്. എനിക്ക് തോന്നുന്നു, ഇത് ഞാന്‍ ചെയ്തിട്ടുള്ള സിനിമയാണ്, അല്ലെങ്കില്‍ എന്റെ ശബ്ദം ആ സിനിമയിലുണ്ട് എന്ന് ഞാന്‍ തന്നെ മറ്റുള്ളവരോട് പറയേണ്ട അവസ്ഥയാണ് എന്റെ ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നത്. ആ ഒരു അവസ്ഥ മറികടന്ന് വന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. ഇപ്പോള്‍ നൂറ്റിഅമ്പത്തിയേഴ് സിനിമ ഞാന്‍ ചെയ്തു. ഏറ്റവും അവസാനം പാപ്പനില്‍ എത്തി നില്ക്കുന്നു അത്. ഇപ്പോള്‍ പലരും, കനിഹ ഉള്‍പ്പെടെയുള്ള അഭിനേത്രിമാരെ ഓര്‍ക്കുന്നത് എന്റെ ശബ്ദത്തിലാണ് എന്ന് പറയുമ്പോള്‍ സന്തോഷമുണ്ട്.
സിനിമ പോലെ പുരുഷാധിപത്യം ഉള്ള ഒരു മേഖലയില്‍ സ്ത്രീ പ്രാതിനിധ്യം ഊട്ടിയുറപ്പിക്കുന്നതും ഒരു തരത്തില്‍ ഒരു രാഷ്ട്രീയം ആണ്. അങ്ങനെ നോക്കുമ്പോള്‍ വിമ്മി മറിയം എന്ന കലാകാരി ഒരു മാറ്റത്തിന്റെ തുടക്കം തന്നെയായിരുന്നു. തന്റെ സ്വത സിദ്ധമായ ചിരിയില്‍ അതെല്ലാം ഭാഗ്യമായി വിമ്മി പറയുമെങ്കിലും ആത്മവിശ്വാസത്തിന്റേയും കഠിനാധ്വാനത്തിന്റേയും ഫലം വിജയമാണെന്ന് വിമ്മി ഒരിക്കല്‍ കൂടി നമ്മെ ഓര്‍മിപ്പിക്കുകയാണ്.
COMMENTS