‘സ്ത്രീകള്‍ക്ക് ആവശ്യത്തിനു സ്വാതന്ത്ര്യം കൊടുക്കുന്ന ഒരു സമൂഹമാണ് ഞങ്ങളുടേത്’ എന്ന് ഉറച്ചു വിശ്വസിക്കുന്ന മലയാളികള്‍ 2017 ഫെബ്രുവരി പതിനേഴാം തീയതി ഉറക്കമുണര്‍ന്നത്, അവിശ്വസനീയവും ഞെട്ടിക്കുന്നതുമായ വാര്‍ത്ത കേട്ടുകൊണ്ടാണ്. 2002 മുതല്‍ നമ്മളില്‍ ഒരാളായി നമ്മളോടൊപ്പം സാന്നിധ്യമായിരുന്ന തെന്നിന്ത്യയില്‍ തന്നെ അറിയപ്പെടുന്ന സിനിമാതാരത്തെ കൊച്ചി നഗരത്തില്‍ അര്‍ധരാത്രി അഞ്ചു പുരുഷന്മാര്‍ ചേര്‍ന്ന് ഓടുന്ന വാഹനത്തില്‍ ക്രൂരമായി പീഡിപ്പിക്കുകയും അത് ചിത്രീകരിക്കുകയും ചെയ്തു.
അന്നുവരെ മലയാളി സിനിമകളില്‍ മാത്രം കണ്ടു പരിചയിച്ച രംഗം ; എല്ലാ സുരക്ഷിതത്വവും ഇവിടെ ഉണ്ടെന്നു വിശ്വസിക്കുന്ന മലയാളിയുടെ സാംസ്കാരിക, പാരമ്പര്യചിന്തകള്‍ക്കും,സുരക്ഷിതത്വബോധത്തിനും മേല്‍ ഈ സംഭവം ഏല്‍പ്പിച്ച ആഘാതം ചെറുതല്ല.
അതിജീവിത നീതിക്കുവേണ്ടി പോരാടാന്‍ തീരുമാനിച്ചപ്പോള്‍, മായ ആഞ്ചലോയുടെ വാക്കുകള്‍ കടമെടുത്താല്‍, അവള്‍ എഴുന്നേറ്റു നിന്നത് അവള്‍ക്കു വേണ്ടി മാത്രമായിരുന്നില്ല , മറിച്ച് മലയാള സിനിമയിലെ സ്ത്രീ സമൂഹത്തിനു വേണ്ടിത്തന്നെയായിരുന്നു. അവളുടെ അതിജീവനത്തിന് ഡോമിനോ എഫക്ട് എന്നപോലെ മലയാള സിനിമയില്‍ ആകമാനം പ്രതിഷേധത്തിന്‍റെ അലകള്‍ ഉയര്‍ത്താന്‍ തക്ക ശക്തിയുണ്ടായിരുന്നു .
തഴയപ്പെടലുകള്‍ക്കും, പാര്‍ശ്വവല്‍ക്കരണത്തിനുമേതിരെ മലയാള സിനിമയുടെ 90 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി, ‘സെക്കന്‍ഡ് സെക്സ്’ എന്നറിയപ്പെട്ടിരുന്ന സ്ത്രീസമൂഹം അടിച്ചമര്‍ത്തലുകള്‍ക്കും പാര്‍ശ്വവല്‍ക്കരണത്തിനുമെതിരേ തൊഴിലിടങ്ങളിലെ സമത്വത്തിനുവേണ്ടി ആദ്യമായി ശബ്ദമുയര്‍ത്തി.
ആണ്‍ ചങ്ങാത്തങ്ങളെ ആഘോഷിക്കുകയും, ‘ക്യാറ്റ് ഫൈറ്റുകളെ’ സെന്‍സേഷണലൈസ് ചെയ്യുന്നതുമായ ഒരു സമൂഹത്തില്‍, നാടിന്‍റെ നാനാകോണുകളില്‍നിന്നും ഉയര്‍ന്ന വാട്ട്സാപ്പ് സന്ദേശങ്ങളിലൂടെ ഉയര്‍ന്ന കൊച്ചുകൊച്ചു പ്രതിഷേധ സ്വരങ്ങള്‍ ഒരുമിച്ചു ചേര്‍ന്നപ്പോള്‍ അന്നുവരെ ഉണ്ടായിരുന്ന പല പരമ്പരാഗത കുത്തകകളെയും ചോദ്യം ചെയ്യുന്ന ശക്തിയായി മലയാളസിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മ മാറി; WCC ( Wom-en in Cinema Collective). അവര്‍ ഒറ്റ സ്വരത്തില്‍ ആവശ്യപ്പെട്ടു, ‘ ഞങ്ങള്‍ക്കും വേണം സ്വാതന്ത്ര്യം, സമാധാനം, ആരോഗ്യപരമായ തൊഴിലിടങ്ങള്‍’.
‘കുറ്റം ചെയ്തത് ഞാനല്ലെങ്കിലും, എന്നെ അവഹേളിക്കാനും, നിശ്ശബ്ദയാക്കാനും, ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ടുവന്നു. എനിക്കുവേണ്ടി സംസാരിക്കാന്‍, എന്‍റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍…
….നീതി പുലരാനും, തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടാനും, ഇത്തരമൊരു അനുഭവം മറ്റാര്‍ക്കും ഉണ്ടാവാതിരിക്കാനും, ഞാന്‍ ഈ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും.’
2017 മെയ് മാസം പതിനെട്ടാം തീയതി ഡബ്ല്യുസിസി പ്രതിനിധികള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കാണുകയും, മലയാള സിനിമാ രംഗത്തെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗപരമായ വിവേചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവതരിപ്പിച്ചു നിവേദനം നല്‍കി. സുരക്ഷിതത്വമില്ലായ്മ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ലിംഗ അസമത്വം, തുല്യപങ്കാളിത്തവും വേതനവും ഇല്ലായ്മ ഇവയായിരുന്നു നിവേദനത്തില്‍ പരാമര്‍ശിച്ച പരിഗണിക്കപ്പെടേണ്ട പ്രധാന വിഷയങ്ങള്‍.
ഇതേത്തുടര്‍ന്ന് 2017 ജൂലൈ ഒന്നിന് മലയാള സിനിമയിലെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി, ജസ്റ്റിസ് കെ ഹേമയുടെ നേതൃത്വത്തില്‍ ഒരു മൂന്നംഗ കമ്മിറ്റി രൂപീകരിച്ചു. നടി ശാരദയും, കെ പി വത്സലകുമാരിമായിരുന്നു കമ്മിറ്റിയിലെ മറ്റു രണ്ടുപേര്‍. 2017 ജൂലൈ മാസം ഒന്നാം തീയതി പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവു പ്രകാരം ഈ കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം മലയാള സിനിമാ രംഗത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങള്‍ നിരീക്ഷിക്കുകയും പഠിക്കുകയും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുക എന്നതായിരുന്നു.
ഈ കാലഘട്ടത്തില്‍ തന്നെ മലയാള സിനിമ ഒട്ടനവധി സംഭവവികാസങ്ങള്‍ക്ക് സാക്ഷിയായി. ഒരു വശത്ത് മീ ടൂ മൂവ്മെന്‍റിന്‍റെ ഭാഗമായി മലയാള സിനിമയിലെ ചില പ്രമുഖര്‍ക്കെതിരായി വനിതാചലച്ചിത്രപ്രവര്‍ത്തകര്‍ തുറന്നുപറച്ചിലുകള്‍ നടത്തിയപ്പോള്‍, മറുവശത്ത് മലയാളികളുടെ ‘ജനപ്രിയ നായകന്‍’ ദിലീപ് 2017 ജൂലൈ പത്തിന് നടിയെ ആക്രമിച്ച ഗൂഢാലോചനക്കേസില്‍ കുറ്റാരോപിതനായി അറസ്റ്റ് ചെയ്യപ്പെട്ടു.
ലോകം മുഴുവന്‍ ആഘോഷിക്കപ്പെടുന്ന മലയാള സിനിമയുടെ പ്രേക്ഷകര്‍ ഞെട്ടലോടെ ഈ സംഭവവികാസങ്ങള്‍ വീക്ഷിക്കുന്നതിനിടെ, അവരെ കൂടുതല്‍ ആശങ്കപെടുത്തിയത് ‘സൂപ്പര്‍ താരങ്ങളുടേയും’, താരസംഘടനയുടെയും നിശബ്ദതയാണ്. മലയാള സിനിമാപ്രേക്ഷകരുടെ മനസ്സില്‍, അമ്മ പെങ്ങന്മാരുടെ രക്ഷകരായും, അബലകളായ സ്ത്രീകളെ സംരക്ഷിക്കാന്‍ അഭ്രപാളികളില്‍ ‘ഉത്തമന്മരായും’ കാലാകാലങ്ങളില്‍ പ്രതിഷ്ഠിച്ചു വച്ചിരുന്ന വിഗ്രഹങ്ങള്‍ ആയിരുന്നു ഈ നിശബ്ദതകളിലൂടെ ‘വീണുടഞ്ഞത്’. ഇതിന് ആക്കം കൂട്ടിയതാകട്ടെ, ആക്രമണത്തിനിരയായ നടിക്ക് ഒരു തരത്തിലുള്ള പിന്തുണയും നല്‍കാതിരിക്കുകയും എന്നാല്‍ പ്രതിസ്ഥാനത്തുള്ള ദിലീപ് എന്ന നടനെതിരേ ഇതേ കേസിലെ അന്വേഷണം തുടരുന്നതിനിടെ തന്നെ 2017 ജൂണ്‍ 29 ന് മോഹന്‍ലാലെന്ന ‘താരരാജാവ്’ നേതൃത്വം നല്‍കുന്ന ‘അമ്മ’ എന്ന താരസംഘടന നടന് ഒപ്പം നില്‍ക്കുകയും അയാളെ സഹായിക്കുന്ന നിലപാടുകള്‍ എടുക്കുകയും ചെയ്തു എന്നതാണ്. ഈ നിലപാടാകട്ടെ മലയാളികളുടെ സാമാന്യ യുക്തിയെ ചോദ്യം ചെയ്യുന്നതായിരുന്നു. ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ മൗനവും യാദൃശ്ചികമായിരുന്നില്ല എന്ന് കരുതേണ്ടിയിരിക്കുന്നു.
തഴയപ്പെടലുകളും, അവസര നിഷേധവും പക്ഷേ സിനിമാ മേഖലയിലെ സ്ത്രീ കൂട്ടായ്മയ്ക്ക് പൊരുതാന്‍ കൂടുതല്‍ ഊര്‍ജ്ജം പകരുകയാണ് ചെയ്തത്. 2018 ജൂണ്‍ 27 ന് ‘അവള്‍ക്കൊപ്പം’ എന്ന് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ച് റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ അതിജീവതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമ്മയില്‍ നിന്നും രാജി വച്ചു.
ഹേമ കമ്മിറ്റി സിനിമയില്‍ സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങളെ മുപ്പതായി തിരിച്ച് ആ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ അറിയാന്‍ ശ്രമിച്ചപ്പോള്‍ തങ്ങള്‍ക്ക് അന്നുവരെ പുറത്തു പറയാനാവുമെന്ന് ഒരിക്കല്‍ പോലും ചിന്തിക്കാന്‍ കഴിയാതിരുന്ന പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ വിശ്വസനീയമായ ഇടമാണ് സൃഷ്ടിക്കപ്പെട്ടത്.
ഓരോതവണയും തങ്ങളില്‍ ആളിക്കത്തുന്ന പ്രതിഷേധങ്ങളെ തല്ലിക്കെടുത്താന്‍ ശ്രമങ്ങള്‍ നാനാഭാഗത്തുനിന്നും ഉണ്ടാകുമ്പോഴും, സര്‍ക്കാരിലുള്ള വിശ്വാസവും ഹേമ കമ്മിറ്റിയുടെ പഠനങ്ങളിലെ പുരോഗതിയും മാറ്റങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയും കൂടുതല്‍ ധൈര്യത്തോടെ മുന്നോട്ടുപോകാന്‍ വനിതാ സിനിമാ പ്രവര്‍ത്തകര്‍ക്ക് പ്രചോദനമായി.
2019 ഡിസംബര്‍ 31 ന്, 297 പേജുകളുള്ള റിപ്പോര്‍ട്ട് ഹേമ കമ്മിറ്റി സര്‍ക്കാരിനു സമര്‍പ്പിച്ചതായി മാധ്യമങ്ങളെ അറിയിച്ചു. മലയാളസിനിമയില്‍ ‘കാസ്റ്റിംഗ് കൗച്ച്’ നിലനില്‍ക്കുന്നുവെന്നത് ഒരു യാഥാര്‍ഥ്യമാണ്. ‘അഡ്ജസ്റ്റ്മെന്‍റ് ആന്‍ഡ് കോമ്പ്രമൈസ്’ എന്നീ വാക്കുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. അതിലുപരി സിനിമാ മേഖല ഒട്ടനവധി മനുഷ്യാവകാശങ്ങള്‍ ലംഘനങ്ങളുടെ ഇടംകൂടിയാണ്. ഇതിനോടൊപ്പം സിനിമാരംഗത്തെ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാരിന്‍റെ ഇടപെടല്‍ ആവശ്യമാണെന്നും നിയമനിര്‍മാണം വേണമെന്നും ജസ്റ്റിസ് ഹേമ ശുപാര്‍ശ ചെയ്തു. അടിയന്തരമായി ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്നും വനിതാ ജഡ്ജിയായിരിക്കണം അംഗമെന്നും കമ്മിറ്റി നിര്‍ദേശിച്ചു.
ഹേമ കമ്മിറ്റി തങ്ങളുടെ നിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളുമടങ്ങുന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച് രണ്ടുവര്‍ഷത്തിന് ശേഷവും കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനുള്ള നടപടികളൊന്നും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാവാത്തത് വനിതാ സിനിമാ പ്രവര്‍ത്തകരില്‍ ആശങ്കയുണ്ടാക്കുന്നു. തുടര്‍ന്ന് റിപ്പോര്‍ട്ടിന്‍റെ തല്‍സ്ഥിതി അറിയാന്‍ മുഖ്യമന്ത്രിയെ ബന്ധപ്പെടുകയും, തങ്ങളുടെ ആശങ്കകള്‍ തുടര്‍ന്നും മാധ്യമങ്ങളിലൂടെ അവര്‍ പ്രകടിപ്പിച്ചുകൊണ്ടേയിരുന്നു. ഇതോടൊപ്പം തന്നെ ജനപ്രതിനിധികളായ എം. കെ. മുനീര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഷാനിമോള്‍ ഉസ്മാന്‍, ഒട്ടനവധി മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ റിപ്പോര്‍ട്ടിന്‍റെ നിര്‍ദ്ദേശങ്ങള്‍ പൊതുസമൂഹം അറിയണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ അതീവ രഹസ്യസ്വഭാവമുള്ള, ‘എക്സ്ട്രാ കോണ്‍ഫഡെന്‍ഷ്യലിറ്റി’ ഉള്ള പല വസ്തുതകളും പ്രതിപാദിച്ചിരിക്കുന്നതിനാല്‍ അത് പുറത്തുവിടാനാവില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇത് പല പ്രമുഖരെയും സംരക്ഷിക്കാനുള്ള ഗൂഢതന്ത്രമാണെന്ന ആരോപണം റിപ്പോര്‍ട്ടിന്‍റെ സുതാര്യതയെ തെന്ന ചോദ്യം ചെയ്യുന്നുണ്ട്.
പക്ഷെ, ജസ്റ്റിസ് കെ.ഹേമ സര്‍ക്കാരിന്‍റെ ഇടപെടലുകളില്‍ പ്രതീക്ഷ അര്‍പ്പിക്കുകയും, തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പ്രവര്‍ത്തികമാകുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. മുന്‍ സാംസ്കാരിക മന്ത്രി എ. കെ. ബാലന്‍ ഇതിനെ സാധൂകരിക്കുന്ന തരത്തിലാണ് പ്രതികരിച്ചത്. ഹേമ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി നിയമ നിര്‍മാണ കരട് തന്‍റെ മന്ത്രിസഭയുടെ കാലഘട്ടത്തില്‍ തന്നെ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും, എന്നാല്‍ കോവിഡ് സാഹചര്യങ്ങളും അതിനെ തുടര്‍ന്ന് സിനിമാ വ്യവസായത്തിനേറ്റ തകര്‍ച്ചയുമാണ് ഇത് നടപ്പിലാക്കാന്‍ വൈകാനിടയാക്കിയതെന്നും അദ്ദേഹം. റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാനും, നടപ്പിലാക്കാനും അതിനുവേണ്ട പദ്ധതികള്‍ വിഭാവനം ചെയ്യാനും, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍റെ നേത്രത്വത്തിലുള്ള മൂന്നംഗ പാനലിനെ നിയോഗിച്ചിട്ടുണ്ടെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് നിയമനിര്‍മാണ കരട് തയാറാക്കിയിട്ടുണ്ടെങ്കില്‍ എന്തിനാണ് പുതിയ മന്ത്രിസഭ വീണ്ടും പുതിയ പാനലിനെ റിപ്പോര്‍ട്ട് പുനരവലോകനം ചെയ്യാന്‍ ഏര്‍പ്പെടുത്തിയതെന്ന ചോദ്യം ഗൗരവമായി കാണേണ്ടതാണ്.
സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ ക്കുറിച്ചുള്ള ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുനരവലോകനം ചെയ്യാനുള്ള പാനല്‍ പുരുഷന്‍ നേതൃത്വം നല്‍കുമ്പോള്‍ അത് എത്രത്തോളം ജന്‍ഡര്‍ സെന്സിറ്റീവും, ജന്‍ഡര്‍ സെന്‍സിബിളും ആയിരിക്കുമെന്നതും ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി അവശേഷിക്കുന്നു.
2022 ജനുവരി 10 ന് അതിജീവിത അഞ്ചുവര്‍ഷത്തെ മൗനത്തിന് വിരാമമിട്ടുകൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ എഴുതി, ‘കുറ്റം ചെയ്തത് ഞാനല്ലെങ്കിലും, എന്നെ അവഹേളിക്കാനും, നിശ്ശബ്ദയാക്കാനും, ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ടുവന്നു. എനിക്കുവേണ്ടി സംസാരിക്കാന്‍, എന്‍റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍…
….നീതി പുലരാനും, തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടാനും, ഇത്തരമൊരു അനുഭവം മറ്റാര്‍ക്കും ഉണ്ടാവാതിരിക്കാനും, ഞാന്‍ ഈ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും.’
അവള്‍ക്കൊപ്പം നീതിക്കുവേണ്ടി മലയാളസിനിമയിലെ സ്ത്രീ സമൂഹം ഉറച്ചുനില്‍ക്കുമ്പോള്‍ നാം നോക്കിക്കാണേണ്ടത്, അഞ്ചുവര്‍ഷമായി കേരള സമൂഹത്തിലുണ്ടായ, ചര്‍ച്ചകളും സംവാദങ്ങളും അതിനെത്തുടര്‍ന്നുണ്ടായ ശാക്തീകരണങ്ങളും, ചെറിയ ചെറിയ തിരിച്ചറിവുകളുമാണ്. ആക്രമിക്കപ്പെടേണ്ട, അടിച്ചമര്‍ത്തപ്പെടേണ്ട ഇരകളല്ല തങ്ങളെന്നും, അതിജീവനത്തിന്‍റെ കരുത്തില്‍ തകര്‍ക്കാനാവാത്ത ശക്തിയാണ് തങ്ങളെന്നും സ്ത്രീകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. തന്‍റെ ‘അടിച്ചുതളിക്കാരിയും, അടുക്കളക്കാരിയുമായ അമ്മുവോ’, ‘വെള്ളമടിച്ച് കോണ്‍തിരിഞ്ഞു പാതിരാത്രിക്ക് വീട്ടില്‍ വന്നു കയറുമ്പോള്‍ ചെരുപ്പൂരി, കാലുമടക്കി ചുമ്മാ തൊഴിക്കാനുള്ള’, ‘വെറും പെണ്ണോ’ അല്ല സ്ത്രീയെന്ന ചിന്ത പുരുഷന്മാരിലും ഒരു പരിധിവരെ എത്തിയിട്ടുണ്ട്.
മലയാള സിനിമയിലെ സ്തീകള്‍ക്കൊപ്പം ലോകം മുഴുവന്‍ നടിക്കു നീതി കിട്ടാന്‍ കാത്തിരിക്കുമ്പോള്‍ ഈ സമരത്തെ ചരിത്രത്തിലെ സ്ത്രീവിപ്ലവങ്ങളുടെ പട്ടികയില്‍ ചിപ്കൊ മൂവിമെന്‍റിനോടും(Chipko movement 1970), ഗുലാബി ഗംഗിനോടുമൊക്കെ (Gulabi Gang 2004) നമുക്ക് ചേര്‍ത്തുവയ്ക്കാനാവും. ഇന്ത്യയില്‍ ഫെമിനിസം നാലാം തരംഗത്തിലെത്തി നില്‍ക്കുമ്പോള്‍, മലയാള സിനിമയിലെ വനിതാകൂട്ടായ്മ, സാമൂഹിക മാധ്യമങ്ങളിലൂടെ ഡിജിറ്റല്‍ ടൂളുകളുടെ സാധ്യതകള്‍ നന്നായി ഉപയോഗിച്ച് കേരളത്തില്‍ ഡിജിറ്റല്‍ ഫെമിനിസ്റ്റ് മുന്നേറ്റത്തിന് തുടക്കം കുറിച്ചുവെന്നതും പ്രശംസനീയം.
ആണ്‍പെണ്‍ എന്ന ബൈനറികള്‍ക്കപ്പുറം, മാനവികതയെന്നത് ജാതിമതവര്‍ഗവര്‍ണലിംഗ രാഷ്ട്രീയ വിവേചനങ്ങള്‍ക്ക് അപ്പുറമുള്ള സ്വാതന്ത്ര്യവും, സമത്വവും നിറഞ്ഞ സമൂഹമാണെന്ന ബോധത്തിന് ഈ പോരാട്ടങ്ങള്‍ വഴിതുറക്കുമെന്ന പ്രത്യാശയല്ലേ മുന്നോട്ടുപോകാനുള്ള നമ്മുടെ ഊര്‍ജം?
COMMENTS