താഴ്ന്ന ജാതിക്കാരിയായ ഒരു സ്ത്രീക്കും നല്ലൊരു വയറ്റാട്ടിയാകാന്‍ കഴിയില്ല. അതൊരു കച്ചവടമായി മാറിയിരിക്കുന്നു. പ്രസവശുശ്രൂഷകയാകാന്‍ താഴ്ന്ന ജാതിക്കാരിയായ ഒരു സ്ത്രീ ആഗ്രഹിക്കുമ്പോഴേക്കും ആളുകള്‍ അവളുടെ സേവനം പ്രയോജനപ്പെടുത്തുന്നു. ഈ സ്ത്രീകള്‍ വളരെ വൃത്തികെട്ടവരാണ്. രോഗങ്ങളും രോഗാണുക്കളും നിറഞ്ഞ അഴുക്ക് വസ്ത്രങ്ങളുമായി അവര്‍ വരുന്നു. മുറിയില്‍ ശുദ്ധവായു പ്രവേശിക്കാന്‍ ‘ദായി’ (വയറ്റാട്ടി) അനുവദിക്കുന്നില്ല. മറ്റ് ജാതിക്കാര്‍ ഈ ജോലി ഏറ്റെടുക്കേണ്ടത് അനിവാര്യമാണ്…(1) ചന്ദ് 1928.
കൊളോണിയല്‍ ഇന്ത്യയിലെ പരമ്പരാഗത പ്രസവ സമ്പ്രദായങ്ങളില്‍ സൂതികര്‍മ്മിണികളായിരുന്നത് താഴ്ന്ന ജാതിക്കാരികളായ, പ്രത്യേകിച്ച് തൊട്ടുകൂടാത്തവര്‍ എന്ന് അകറ്റി നിര്‍ത്തപ്പെട്ടിരുന്ന സ്ത്രീകളായിരുന്നു. കൊളോണിയല്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകളിലും പ്രാദേശിക ഭാഷാ സാഹിത്യങ്ങളിലും അവര്‍ പലപ്പോഴും വൃത്തികെട്ടതും വിവരമില്ലാത്തതുമായ വയറ്റാട്ടികളായി ചിത്രീകരിക്കപ്പെട്ടു. ‘തൊട്ടു കൂടാത്ത’എന്ന ചോദ്യത്തോടുള്ള അതിന്‍റെ നവോത്ഥാന സ്വരത്താല്‍ ഉത്തരേന്ത്യയില്‍ പ്രചരിക്കുന്ന മുന്‍നിര ജേര്‍ണലുകളില്‍ ഒന്നായ ‘ചന്ദ്’ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും,മുകളില്‍ കൊടുത്തിട്ടുള്ള ഉദ്ധരണിയില്‍ താഴ്ന്ന ജാതിക്കാരികളായ വയറ്റാട്ടികളെ താഴ്ത്തിക്കെട്ടുകയും വൃത്തികെട്ടവരായി ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നതായി കാണാം. ദലിത് ആത്മകഥകളില്‍ ഭൂരിഭാഗവും ദലിതരുടെ പരമ്പരാഗത രൂപങ്ങള്‍ക്ക് എതിരായ വൈയക്തിക വൈഷമ്യങ്ങളെ ‘അശുദ്ധമായതും’ ‘വൃത്തികെട്ടതും’ ആയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതേ കാര്യം തന്നെയാണ് പ്രസവശുശ്രൂഷകരുടെ തൊഴിലിലും കാണാന്‍ സാധിക്കുന്നത്. പ്രസവസമയത്ത് വ്യക്തിശുചിത്വത്തെക്കുറിച്ചും ശുചീകരണ സംബന്ധമായ രീതികളെക്കുറിച്ചും അറിവില്ലാത്തതിന്‍റെ പേരിലാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഉത്തരേന്ത്യയിലെ പരമ്പരാഗത വയറ്റാട്ടിമാരുടെ പങ്കാളിത്തത്തെയാണ് ഈ പ്രബന്ധം കേന്ദ്രീകരിക്കുന്നത്.
കൊളോണിയല്‍ ഇന്ത്യയില്‍ പ്രസവവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളിലും ജനനസമയത്തും അവര്‍ പങ്കുകൊണ്ടു. അവര്‍ക്ക് ഔദ്യോഗികമായ പരിശീലനം സിദ്ധിച്ചിരുന്നില്ല. എന്നിരുന്നാലും, അവരെ പലപ്പോഴും വയറ്റാട്ടിമാര്‍ അല്ലെങ്കില്‍ പ്രസവ ശുശ്രൂഷകരായി നിയമിച്ചു. കൊളോണിയല്‍ കാലഘട്ടത്തിന് മുമ്പുള്ള ഇന്ത്യയില്‍ ജനനവുമായി ബന്ധപ്പെട്ട സമ്പ്രദായങ്ങള്‍ പലപ്പോഴും ആചാരപരമായി നിന്ദ്യവും അശുദ്ധവുമായി കാണപ്പെട്ടിരുന്നു. അവ പലപ്പോഴും പ്രസവത്തെ ചുറ്റിപ്പറ്റിയുള്ള വിവിധ അന്ധവിശ്വാസങ്ങളും രോഗശാന്തി രീതികളുമായിരുന്നു. അതുകൊണ്ട് തന്നെ, ദലിത് സ്ത്രീകളോട് വയറ്റാട്ടിമാരാകാന്‍ ആവശ്യപ്പെട്ടു (2). ഹിന്ദു സ്ത്രീ പ്രസവിക്കാന്‍ വേണ്ടി ഒറ്റക്ക് കിടക്കുന്ന സമയത്ത് ‘ചമയ്ന്‍’ എന്ന് വിളിക്കുന്ന സൂതികര്‍മ്മിണിയും പൊക്കിള്‍ക്കൊടി മുറിക്കാനും അത് വീടിന് പുറത്ത് അടക്കം ചെയ്യുന്നതിനും കൂടെ ഉണ്ടാകുമായിരുന്നു (3). എങ്ങനെയാണ് പ്രസവശുശ്രൂഷാ ജോലി തൊട്ടുകൂടായ്മ സമ്പ്രദായത്തില്‍ ആഴത്തില്‍ ഉള്‍ച്ചേര്‍ന്നതെന്ന് വിശകലനം ചെയ്യാന്‍ ഞാന്‍ ശ്രമിക്കാം. എന്തായാലും, കുറച്ച് ദലിത് ജാതികളില്‍ നിന്നും ദലിത് സ്ത്രീയെ തെരഞ്ഞെടുത്തത് അവര്‍ അശുദ്ധമായ ജോലിക്ക് യോഗ്യരായ ആളുകളാണെന്ന് കണക്കാക്കിയതുകൊണ്ടാണെന്ന് മനസ്സിലാക്കുന്നത് പ്രധാനമാണ്. അതുകൊണ്ട്, ഒരു പ്രധാന അവസരത്തില്‍ ഹിന്ദു വീടിന്‍റെ സ്വകാര്യ ഇടത്തിലേക്ക് പ്രവേശിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഗര്‍ഭിണിയായ സ്ത്രീയുടെ കുടുംബാംഗങ്ങളെപ്പോലും പ്രസവമുറിയില്‍ പ്രവേശിപ്പിക്കാതിരുന്നത് ശ്രദ്ധേയമാണ്. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ രചനകളിലൂടെ സൂതികര്‍മ്മിണികളായ ചമര്‍ ജാതിയിലെ സ്ത്രീകളുടെ ജീവിതമാണ് ഈ പ്രബന്ധം അവലോകനം ചെയ്യുന്നത്. കൊളോണിയലിസം ആധുനികതയുടെ പുതിയ ആശയങ്ങള്‍ കൊണ്ടുവരികയും ദലിതര്‍ക്ക് സ്വയം പര്യവേക്ഷണം ചെയ്യാനും ഉയരാനുമുള്ള വഴികള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നിരുന്നാലും, ദലിത് വയറ്റാട്ടികളുടെ കാര്യത്തില്‍, കൊളോണിയലിസം കൊണ്ടുവന്ന പാശ്ചാത്യ വൈദ്യശാസ്ത്രത്തിന്‍റെ അറിവ്, പ്രസവ രീതികളില്‍ നിന്ന് അവരെ ഒഴിച്ചു നിര്‍ത്തി.
ദലിത് സൂതികര്‍മ്മിണികളെക്കുറിച്ച് വളരെക്കുറച്ച് പുസ്തകങ്ങളില്‍ മാത്രമേ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളൂ. എങ്ങനെയാണ് ഉയര്‍ന്ന ജാതിയില്‍പ്പെട്ട നവോത്ഥാന നായകരുടേയും ദേശീയവാദികളുടേയും ഇടയില്‍ കൊളോണിയല്‍ ശബ്ദങ്ങള്‍ ഒരേ സ്വരമുള്ള പ്രതിധ്വനികള്‍ കണ്ടെത്തിയത് എന്നതിനെക്കുറിച്ചും എന്നാല്‍ അവരുടെ അപലപനങ്ങള്‍ക്കിടയിലും ദലിത് സൂതികര്‍മ്മിണികള്‍ സ്വന്തം അവകാശങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ട് സ്വയം ഒരു ഇടം നിര്‍മ്മിക്കാനും ആര്‍ക്കും തങ്ങളെ നിയന്ത്രിക്കാന്‍ പറ്റില്ലെന്ന് തെളിയിക്കാനും ശ്രമിച്ചത് എന്നതിനെക്കുറിച്ചും ചാരു ഗുപ്ത പറയുന്നുണ്ട് (4). ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഉത്തരേന്ത്യയില്‍ പ്രസിദ്ധീകരിച്ചിരുന്ന പ്രാദേശിക സാഹിത്യങ്ങള്‍ എങ്ങനെയാണ് ‘ചമര്‍ ദായി’ അല്ലെങ്കില്‍ സൂതികര്‍മ്മിണികളെ ചിത്രീകരിച്ചിരിക്കുന്നതെന്നു കൂടി ചാരു ഗുപ്ത കാണിച്ചു തരുന്നു.
ശുദ്ധി, മലിനീകരണം, പ്രസവം എന്നിവ പരിശീലിക്കുന്നവര്‍ :
ദലിത് ചാമറിന്‍റെ തെരഞ്ഞെടുപ്പ് അശുദ്ധി സങ്കല്പങ്ങളുമായും ജാതി ശ്രേണിയിലെ സൂതികര്‍മ്മിണിയുടെ സ്ഥാനനിലയുമായും ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. പ്രസവസമയത്ത് സ്ത്രീകള്‍ ആചാരപരമായി മലിനപ്പെട്ടവരും അശുദ്ധരുമായി കാണപ്പെട്ടു (5). അസ്പൃശ്യരായി കണക്കാക്കപ്പെട്ടവരും അശുദ്ധിയോട് ബന്ധപ്പെടുത്തി കണക്കാക്കിയിരുന്നവരും അല്ലെങ്കില്‍ താഴ്ന്ന തൊഴിലുമായി ബന്ധപ്പെട്ടവരുമായ ജാതി വിഭാഗങ്ങളാണ് പലപ്പോഴും വയറ്റാട്ടികളുടെ ജോലി ഏറ്റെടുത്തിരുന്നത്. ഈ ജോലിയുമായി പൊതുവെ ബന്ധപ്പെട്ടിരുന്ന ചമര്‍ ജാതിയില്‍ പോലും ഇതിന് ഒരു അപവാദം ഉണ്ടായിരുന്നതായി നമുക്ക് കാണാന്‍ സാധിക്കും. ഉദാഹരണത്തിന്; യുണൈറ്റഡ് പ്രാവെിന്‍സിലെ ചമര്‍ വിഭാഗക്കാരില്‍ ജാത്യ, ജൈശ്വര്‍ എന്നിങ്ങനെ ആധിപത്യം പുലര്‍ത്തുന്ന രണ്ട് വലിയ ഉപജാതികള്‍ ഉണ്ട്. (6).
പ്രവിശ്യകളുടെ വടക്കും പടിഞ്ഞാറും ഭാഗങ്ങളായ മീററ്റ്, ആഗ്ര, രോഹില്‍ഖണ്ഡ് ഡിവിഷനുകളിലും അതില്‍ത്തന്നെ, മീററ്റ്, ആഗ്ര, മൊറാദാബാദ്, ബദൗണ്‍ ജില്ലകളിലുമാണ് ജാത്യകള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. ജയ്ശ്വര്‍ വിഭാഗം പ്രധാനമായും അലഹബാദ്, ബനാറസ് എന്നിവിടങ്ങളിലാണ് ഉള്ളത്. ഗോരഖ്പൂര്‍, ഫൈസാബാദ് ഡിവിഷനുകളിലും അതില്‍, ജൗന്‍പൂര്‍, അസംഗഡ്, മിര്‍സാപൂര്‍, ഫൈസാബാദ് ജില്ലകളിലുമാണ് അവര്‍ ഏറ്റവും കൂടുതല്‍ ഉള്ളത് (7). ജാത്യകള്‍ അവരുടെ സ്ത്രീകളെ സൂതികര്‍മ്മിണികളാവാന്‍ അനുവദിച്ചില്ല. എന്തായാലും ജയ്ശ്വര്‍ സ്ത്രീകള്‍ വയറ്റാട്ടികളായി ജോലി ചെയ്യുന്നുണ്ട്. ചമര്‍ വിഭാഗത്തിലെ ഉപജാതിയായ അര്‍ഹര്‍ വിഭാഗം പ്രധാനമായും ഉള്ളത് ബുന്ദേല്‍ഖണ്ഡില്‍ ആണ്. കൂടാതെ ഝാന്‍സി, ഹമീര്‍പൂര്‍ പോലെയുള്ള ചില ജില്ലകളിലും. ചില സ്ഥലങ്ങളില്‍, പുരുഷന്മാര്‍ തുകല്‍ നിര്‍മാണത്തില്‍ ഏര്‍പ്പെടുകയോ ഭാര്യമാര്‍ പ്രസവശുശ്രൂഷാ ജോലികളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നില്ല (8). ബനാറസ് ഡിവിഷനിലും സമീപ ജില്ലയായ ഗോരഖ്പൂരിലും മാത്രമായുള്ള മറ്റൊരു ദലിത് വിഭാഗമാണ് ധുസിയ അല്ലെങ്കില്‍ ഝുസിയ. ഈ ജാതിയില്‍ നിന്നുള്ള സ്ത്രീകള്‍ പ്രസവശ്രുശ്രൂഷാ ജോലികള്‍ ചെയ്യുന്നുണ്ട് (9). ലഖ്നൗ, ഗോരഖ്പൂര്‍ ഡിവിഷനുകളിലും ലോവര്‍ ദോവാബിലും കാണപ്പെടുന്ന ദോസാധ് അഥവാ ദുസാധ് വിഭാഗം നെയ്ത്തുകാരും കുതിരക്കാരും വയലിലെ തൊഴിലാളികളുമായിരുന്നു. കൊളോണിയല്‍ നരവംശശാസ്ത്രജ്ഞന്‍ ജിയോ. ബ്രിഗ്സ്,
ദുസാധ് ഇപ്പോള്‍ തുകല്‍ പണി ചെയ്യുന്നില്ലെന്ന് പരാമര്‍ശിക്കുന്നു (10). അവര്‍ ചീഞ്ഞ മാംസം കഴിക്കുന്നതും പ്രസവ ശുശ്രൂഷാ ജോലി ചെയ്യുന്നതും ഉപേക്ഷിച്ചു. എപ്പോഴും പോലീസ് നിരീക്ഷണത്തിലായിരുന്നെങ്കിലും യൂറോപ്യന്‍ കുടുംബങ്ങളില്‍ വീട്ടുവേലക്കാരായി ജോലി ചെയ്തിരുന്ന ജാതി വിഭാഗങ്ങള്‍ക്കിടയില്‍ ആ പേര് പ്രത്യക്ഷപ്പെട്ടു. ജാതിയുമായി ബന്ധപ്പെട്ട പരമ്പരാഗത തൊഴിലുകള്‍ ഉപേക്ഷിച്ച് ഉയര്‍ന്ന നിലയില്‍ ജീവിക്കുന്ന ജാതി ഗ്രൂപ്പുകളില്‍ കാണാന്‍ കഴിയുന്ന വ്യക്തമായ വ്യത്യാസങ്ങളുണ്ട്. ഉദാഹരണത്തിന്, ധനുക് പോലുള്ള ജാതി വിഭാഗങ്ങള്‍ ചമര്‍ ആയി ചിലപ്പോഴൊക്കെ കണക്കിലെടുക്കാറുണ്ട്. ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭം വരെ ഈ വിഭാഗം ചീഞ്ഞ മാംസം കഴിക്കുകയും മറ്റ് ജാതികളില്‍ നിന്ന് എച്ചിലുകള്‍ സ്വീകരിക്കുകയും ചെയ്തിരുന്നുവെന്ന് പറയപ്പെടുന്നു. ധനുക് വിഭാഗത്തിലെ സ്ത്രീകള്‍ സൂതികര്‍മ്മിണികളായി പ്രവര്‍ത്തിച്ചു (11) . മറ്റൊരു ഉദാഹരണം ചമറില്‍ നിന്നുള്ള ഒരു ശാഖയായ മോച്ചി എന്ന ജാതിയില്‍ നിന്നുമാണ്. തുകല്‍ നിര്‍മ്മാണ ബിസിനസ്സ് കാരണം മോച്ചി ജാതിയില്‍ നിന്നുള്ള പലരും സാമൂഹിക ശ്രേണിയില്‍ ഉയര്‍ച്ച നേടുകയും പഴയ ചില ജീവിത ശൈലികള്‍ ഉപേക്ഷിക്കുകയും ചെയ്തു. തല്‍ഫലമായി, മോച്ചി വിഭാഗം ചീഞ്ഞ മാംസമോ പന്നിയിറച്ചിയോ കഴിച്ചില്ല, ഭാര്യമാര്‍ വയറ്റാട്ടികളായി സേവനം ചെയ്തില്ല. സമൂഹത്തില്‍ അവരുടെ സ്പര്‍ശനം അശുദ്ധമായി കണക്കാക്കപ്പെട്ടിരുന്നില്ല. മാത്രമല്ല തുകല്‍ നിര്‍മ്മാതാക്കള്‍ എന്ന നിലയില്‍ അവര്‍ ചമറിനെക്കാള്‍ സാമ്പത്തികമായി ഉയര്‍ന്ന പദവി നേടുകയും ചെയ്തു (12). എങ്ങനെയാണ് തൊട്ടുകൂടായ്മയുടെ ആചാരങ്ങള്‍ ശുചിത്വ ജോലികള്‍ പോലുള്ള പാരമ്പര്യ തൊഴിലുകളിലേക്കും, സൂതികര്‍മ്മിണികളുടെ കാര്യമെടുത്താല്‍ നമ്മുടെ താല്‍പ്പര്യത്തിനു വേണ്ടിയും വ്യാപിപ്പിച്ചത് എന്നാണ് ഒരു പ്രത്യേക ജാതിയുടെ തെരഞ്ഞെടുപ്പ് കാണിക്കുന്നത്. ‘അശുദ്ധമായ’ ജോലികള്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള തരം തിരിവ് ചമര്‍ ജാതിക്കുള്ളിലും നമുക്ക് കാണാം.
പ്രസവ പ്രതിരോധ നടപടികള്‍- ശുചിത്വ നിലവാരവും വൃത്തിയും:
കൊളോണിയല്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക എഴുത്തുകളിലും റിപ്പോര്‍ട്ടുകളിലും പരിശീലനം ലഭിക്കാത്ത ചമര്‍ വയറ്റാട്ടിമാരെ പ്രസവത്തിന്‍റെ ശുചിത്വ സമ്പ്രദായങ്ങളെക്കുറിച്ച് അറിവില്ലാത്തവരായാണ് പലപ്പോഴും ചിത്രീകരിച്ചിട്ടുള്ളത്. കൊളോണിയല്‍ ഓഫീസര്‍മാരും ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞരും അവരുടെ രീതികള്‍ വൃത്തിഹീനവും വൃത്തികെട്ടതുമായി കണ്ടു.
ഉദാഹരണത്തിന്, ചമര്‍ സ്ത്രീകളുടെ വീട്ടിനുള്ളില്‍ മാത്രമൊതുങ്ങുന്ന ജീവിതവും ഗാര്‍ഹിക ചുമതലകളും കൊണ്ട് പ്ലേഗിനും മലേറിയക്കും കൂടുതലായി വിധേയരായിരുന്നുവെന്ന് ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞനായ ബ്രിഗ്സ് ചൂണ്ടിക്കാട്ടുന്നു. വൃത്തിഹീനവും വൃത്തിയില്ലാത്തതുമായ പ്രസവ ശുശ്രൂഷാ രീതികളാണ് സ്ത്രീകളുടെ മരണ നിരക്ക് കൂട്ടിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു (13). മരണത്തിന്‍റെ ഉത്തരവാദിത്തം പരിഗണിച്ചപ്പോള്‍ വലിയ ശിക്ഷകള്‍ ചുമത്തി. എല്ലാ വയറ്റാട്ടികള്‍ക്കും സ്ഥിരമായ ഇടപാടുകാര്‍ ഉണ്ടായിരുന്നു.അതിനാല്‍ അവര്‍ മറ്റൊരു ചമറിനു വേണ്ടി ജോലി ചെയ്താല്‍ അവളുടെ ഭര്‍ത്താവിന് അഞ്ച് രൂപ പിഴ ചുമത്തി (14). ഒരു വയറ്റാട്ടിയാവുന്നതു മുതല്‍, വിറകു പെറുക്കുക, ബസാറില്‍ നിന്ന് മണ്‍പാത്രം കൊണ്ടുവരിക, ചാണകം വിതരണം ചെയ്യുക, ധാന്യം പൊടിക്കുക എന്നിങ്ങനെ പലതരം നിസ്സാര സേവനങ്ങള്‍ ചെയ്യുന്നതടക്കം ചമറിന്‍റെ സ്ത്രീക്ക് അവളുടെ ഇടപാടുകാര്‍ നല്‍കിയ വ്യത്യസ്തമായ ചുമതലകള്‍ ഉണ്ടായിരുന്നു (15).
കൊളോണിയല്‍ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, ആറാം ദിവസത്തെ ജനന ചടങ്ങുകള്‍ ഒരു പരിധിവരെ ടെറ്റനസ്സിലേക്ക് നയിച്ചു. ഇത് പ്രത്യേകിച്ച് ശിശുക്കള്‍ക്കിടയില്‍ വ്യാപകമായിരുന്നു. പലപ്പോഴും അമ്മയെ താമസിപ്പിച്ചിരുന്ന സാഹചര്യങ്ങള്‍ ഏറ്റവും പ്രതികൂലമായിരുന്നു. മുറി അടച്ച് സൂക്ഷിച്ച് അവളും മുറിക്കുള്ളിലെ എല്ലാ വസ്തുക്കളും അശുദ്ധമായി കണക്കാക്കപ്പെട്ടു. മിക്കപ്പോഴും, വയറ്റാട്ടി ഈ സമ്പ്രദായങ്ങളുടെ പേരില്‍ വിമര്‍ശിക്കപ്പെട്ടു, ഇത് ഒടുവില്‍ മുറിയില്‍ ശുദ്ധവായുവിന്‍റെ അഭാവത്തിനും അണുബാധ ഉണ്ടാകുമെന്ന ഭയത്തിനും ഇടയാക്കി. മുറിയില്‍ നിരന്തരം കത്തിച്ചു വച്ച തീ പലപ്പോഴും അന്തരീക്ഷത്തെ കനത്ത ധൂപ പുകയാല്‍ നിറച്ചു. ചുമന്ന മുളകും പഴകിയ തുകലും തീയില്‍ എരിച്ച വസ്തുക്കളില്‍ ഉള്ളവയായിരുന്നു. അത്തരത്തിലുള്ള കാര്യങ്ങളുടെ യുക്തി ബ്രിഗ്സിന്‍റെ നിരീക്ഷണത്തില്‍, സൂതികര്‍മ്മത്തിന്‍റെ മുഴുവന്‍ സാങ്കേതികതയും ആചാരവും അന്ധവിശ്വാസവും വഴിയാണ് ബന്ധപ്പെട്ടിട്ടുള്ളത്, എന്ന് കാണാം (16).
ദുര്‍ഗന്ധവും കിടക്കുന്ന മുറിയുമായി ബന്ധപ്പെട്ട മറ്റ് ദുരാചാരങ്ങളും രോഗത്തിന്‍റേയും നാശത്തിന്‍റേയും ഭൂതങ്ങളെ അടിച്ചമര്‍ത്താന്‍ രൂപകല്‍പ്പന ചെയ്തതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കു ന്നു. പനി പോലെയുള്ള പ്രതികൂലമായ അടയാളങ്ങള്‍, മാന്ത്രികവിദ്യയുടെ പ്രയോഗത്തിനും അസ്സഹനീയമായ ദുര്‍ഗന്ധം പുറപ്പെടുവിക്കുന്ന അത്തരം കാര്യങ്ങള്‍ കത്തിക്കാനുമുള്ള അവസരമായിരുന്നു.
ചമര്‍ വിഭാഗക്കാരുടെ പരമ്പരാഗത തൊഴിലെന്ന നിലയില്‍ പ്രസവ ശുശ്രൂഷക്ക് ചത്ത മൃഗങ്ങളുമായുള്ള ബന്ധം ശ്രദ്ധാര്‍ഹമാണ്. ‘ചമര്‍’ എന്ന പേര് അവരെ ചത്ത മൃഗങ്ങളുമായി ബന്ധപ്പെടുത്തുന്നു. പരമ്പരാഗതമായി ചമര്‍ വിഭാഗം ചത്ത മൃഗങ്ങളുടെ തോലുരിക്കുന്നവരായിരുന്നു. ചത്ത മൃഗങ്ങളുമായുള്ള ചമര്‍മാരുടെ ബന്ധം അതിശയോക്തി കലര്‍ത്തിയാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ചമര്‍ മൃഗങ്ങളെ തൊലിയുരിക്കുക മാത്രമല്ല, പിണം വിഭജിക്കുകയും സദ്യക്ക് ഒരുക്കുകയും ചെയ്യുമെന്ന് പറയപ്പെടുന്നു, കൂടാതെ, അവര്‍ താമസിക്കുന്ന സ്ഥലങ്ങളുടെ വൃത്തിഹീനമായ അവസ്ഥ സൂതികര്‍മ്മം പോലുള്ള അശുദ്ധമായ ജോലികളുമായി ബന്ധിപ്പിക്കപ്പെടുന്നു. ചില എഴുത്തുകള്‍ അവരുടെ വീടുകളെ എല്ലാത്തരം മ്ലേച്ഛമായ മണങ്ങളുമായി ബന്ധപ്പെടുത്തിയും അവരുടെ തൊഴിലിനെ അറപ്പിക്കുന്നതായും ചിത്രീകരിച്ചിട്ടുണ്ട്. ശുചിത്വ നിയമങ്ങള്‍ അവഗണിച്ചതിനും അവരുടെ വൃത്തികെട്ട ശീലങ്ങള്‍ക്കും വൃത്തിഹീനമായ വസ്ത്രങ്ങള്‍ക്കുമൊക്കെ ചമര്‍ വിഭാഗം വിമര്‍ശിക്കപ്പെട്ടു.
ബ്രിഗ്സിന്‍റെ അഭിപ്രായത്തില്‍, ചമ്രൗതി(Chamrauti) അശുദ്ധവും വെറുപ്പുളവാക്കുന്നതുമായ എല്ലാറ്റിന്‍റേയും പര്യായമായിരുന്നു (17). അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ചമാരി സമൂഹത്തിന്‍റെ അംഗീകൃത സൂതികര്‍മ്മിണിയായിരുന്നു (പ്രാദേശികമായ അഭിപ്രായ വ്യത്യാസങ്ങളോടെ) എന്നത് മറ്റൊരു മ്ലേച്ഛതയായിരുന്നു. ചമാരി എന്ന വാക്ക് ചിലപ്പോഴൊക്കെ വയറ്റാട്ടിയുടെ പര്യായമായി ഉപയോഗിച്ചിരുന്നതായി അദ്ദേഹം പറയുന്നു. അദ്ദേഹത്തെ സംബന്ധിച്ചെടത്തോളം അവരുടെ കര്‍ത്തവ്യം ദുഷിച്ചതായിരുന്നു. അതിനാല്‍ അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍, ഗ്രാമത്തിലെ ചമറിന്‍റെ വാസസ്ഥലം ഒഴിവാക്കേണ്ട സ്ഥലമായിരുന്നു, കൂടാതെ ഹിന്ദു സമൂഹത്തിന്‍റെ സാമൂഹികമോ മതപരമോ ആയ ഏതെങ്കിലും പദവികള്‍ ആസ്വദിക്കാന്‍ ചമര്‍ വിഭാഗക്കാര്‍ക്ക് തീണ്ടലുണ്ടായിരുന്നു.
അവളുടെ ഒട്ടനവധി ചുമതലകള്‍ക്കുള്ള കൂലിയില്‍, അവളുടെ ഭര്‍ത്താവിന് പലപ്പോഴും ജമീന്ദാര്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന പഴയ വസ്ത്രങ്ങളും പുതപ്പുകളും ഉണ്ടാകും. ഈ ഫീസും അലവന്‍സുകളും തുച്ഛമായിരുന്നു. യഥാര്‍ത്ഥ തുകകള്‍ വ്യത്യാസമുണ്ടായിരുന്നു. വേതന ലാഭത്തിന്‍റെ മൊത്തം സംവിധാനവും ഒരു പരിധിവരെ പരിഹരിക്കപ്പെടാത്ത അവസ്ഥയിലായിരുന്നു. വയറ്റാട്ടികളായി സേവനമനുഷ്ഠിച്ച ദലിത് സ്ത്രീകള്‍ക്ക് ഭക്ഷണവും സമ്മാനങ്ങളും ലഭിച്ചു. ജനിച്ച കുട്ടിയുടെ ലിംഗഭേദവും ആദ്യത്തെ കുട്ടിയാണോ എന്നതും വേതനത്തെ വ്യത്യാസപ്പെടുത്തി. ദലിതര്‍ക്ക് അവരുടെ ജോലിക്ക് പഴയതും പഴകിയതുമായ വസ്ത്രങ്ങള്‍ നല്‍കുന്ന പതിവിന് വിരുദ്ധമായി, സൂതികര്‍മ്മിണികള്‍ക്ക് അവരുടെ പതിവ് വേതനം പുതിയ സാരിയും നാല് അണയും ആയിരുന്നു എന്നത് രസകരമായിരുന്നു. ഈ നൂറ്റാണ്ടിന്‍റെ തുടക്കത്തോടെ ഈ ഫീസ് ഗണ്യമായി വര്‍ധിപ്പിച്ചതായി കൊളോണിയല്‍ നിരീക്ഷകന്‍ അഭിപ്രായപ്പെട്ടു. ഈ ജോലി മറ്റുള്ളവരും താഴ്ന്ന ജാതിക്കാരും ചെയ്തിരുന്ന പ്രദേശങ്ങളുണ്ടായിരുന്നു; കൂടാതെ, അതേ ഉപജാതിയില്‍, ചില പ്രദേശങ്ങളില്‍ സ്ത്രീകള്‍, അതേ ഉപജാതിയിലെ മറ്റുള്ളവര്‍ ഈ തൊഴില്‍ ചെയ്യാതിരിക്കെ തന്നെ ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നു. കൊളോണിയല്‍ റിപ്പോര്‍ട്ടുകള്‍ പലപ്പോഴും ദലിത് പ്രസവ ശുശ്രൂഷകരെ ആക്രമിക്കുകയും അവരുടെ തൊഴില്‍ കാലത്ത് ഏറ്റവും മോശമായ രീതികള്‍ പിന്തുടര്‍ന്നവരായി ചിത്രീകരിക്കുകയും ചെയ്തു (18). ശുചിത്വത്തിനു വേണ്ട സാഹചര്യങ്ങള്‍ അവഗണിച്ചതിനും അണുബാധ തടയാന്‍ ഒരു ശ്രമവും നടത്താത്തതിനും അവര്‍ വിമര്‍ശിക്കപ്പെട്ടു. മരണനിരക്കിന് അവരും ഉത്തരവാദികളായിരുന്നു.
ലഖ്നൗവില്‍ നിന്നുള്ള ഭാംഗി ജാതിയില്‍പ്പെട്ട ‘ലാല്‍ ബേഗി’ വിപുലമായ ജനന ആചാരങ്ങള്‍ പിന്തുടര്‍ന്നവരാണ് (19). ഗര്‍ഭകാലത്ത് ഗര്‍ഭസ്ഥയായ സ്ത്രീ, ദുരാത്മാക്കളെ ഭയപ്പെടുത്താന്‍ കഴുത്തില്‍ ഒരു നൂലും തലയില്‍ ഒരു നാണയവും കെട്ടിയിരുന്നു. അനായാസമായ പ്രസവം സാധ്യമാക്കാന്‍ ‘ലാല്‍’ സ്ത്രീ ഏഴ് നാളുകള്‍ ഭാഗ്യമായി കണക്കാക്കി. ഫലഭൂയിഷ്ഠതയുടെ ശകുനമായി അവളുടെ മടിയില്‍ മധുരപലഹാരങ്ങളും പുതിയ പച്ചക്കറികളും നിറച്ചു. വില്യം ക്രൂക്കിന്‍റെ അഭിപ്രായത്തില്‍ ഈ ആചാരം ‘ഗോദ്ഭാരി’ എന്നും അറിയപ്പെട്ടിരുന്നു. പടിഞ്ഞാറന്‍ ജില്ലകളില്‍, തന്‍റെ ഗര്‍ഭത്തിന്‍റെ അഞ്ചാമത്തെയോ ഏഴാമത്തെയോ മാസത്തില്‍ അമ്മയാകാന്‍ പോകുന്ന സ്ത്രീ സതി ദേവിയെ പ്രത്യേകമായി ആരാധിച്ചിരുന്നു. പ്രസവത്താല്‍ തളരുമ്പോള്‍, ഒരു ഫഖര്‍ ഊതിച്ച വെള്ളം അവള്‍ക്ക് കുടിക്കാന്‍ കൊടുക്കുന്നത് പതിവായിരുന്നു. പ്രസവം നടക്കുമ്പോള്‍, കൊളോണിയല്‍ ഉദ്യോഗസ്ഥര്‍ ചമറിന്‍ എന്ന് വിളിക്കുന്ന, വയറ്റാട്ടിയെ വിളിച്ചിരുന്നു. അവള്‍ പൊക്കിള്‍ക്കൊടി മുറിച്ച് പ്രസവമുറിയില്‍ കുഴിച്ചിടും എന്നിട്ട് അതിന്മേല്‍ തീ കൊളുത്തും. ഈ ആചാരത്തിന് ഉപയോഗിച്ച വാചകം ‘ഖേരി ജലൈ ജാതി ഹേ’ എന്നായിരുന്നു ‘ജനനാന്തരം കത്തിക്കപ്പെട്ടു’ (20). കിടപ്പുമുറിയില്‍ അമ്മയുടെ തലക്കല്‍ സൂതികര്‍മ്മിണി ഒരു ഇരുമ്പ് വസ്തു, സാധാരണയായി ഒരു പേനക്കത്തി വെക്കും. കൂടാതെ ഒരു ഇരുമ്പ് മോതിരം അമ്മക്ക് കൊടുക്കുകയും ആറ് ദിവസത്തിന് ശേഷം മടങ്ങിപ്പോകുമ്പോള്‍ തിരിച്ച് വാങ്ങുകയും ചെയ്യും (21). ‘നാറ്റ്’ വിഭാഗത്തില്‍, പ്രസവസമയത്ത് അമ്മയെ ഒറ്റക്കിരുത്തുകയും സൂതികര്‍മ്മിണി പരിചരിക്കുകയും ചെയ്യും. അഞ്ചാം ദിവസത്തിന് ശേഷം ‘ചാത്തി’ അഥവാ ആറാം ദിവസത്തെ ചടങ്ങ് ആഘോഷിക്കുകയും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഭക്ഷണം നല്‍കുകയും ചെയ്യും. വയറ്റാട്ടി, അമ്മയേയും കുഞ്ഞിനേയും കുളിപ്പിച്ച് അവരുടേയും വീട്ടിലെ മറ്റ് അംഗങ്ങളുടേയും വസ്ത്രങ്ങള്‍ ഒരു അലക്കുകാരന് നല്‍കുന്നു. നാറ്റ് വിഭാഗത്തിന്, പന്ത്രണ്ടാം ദിവസം (ബറാഹി) ആണ് പ്രസവത്തിന്‍റെ പെല അവസാനിക്കുന്നത്. അന്ന് അമ്മയേയും കുഞ്ഞിനേയും വീണ്ടും കുളിപ്പിക്കും. ഭാര്യയെ പുറത്ത് ഇറക്കിയതിനു ശേഷം ഇരുപത് ദിവസത്തേക്ക് ഭര്‍ത്താവിനോട് അകന്ന് നില്‍ക്കാന്‍ ആവശ്യപ്പെടുന്നു. ശേഷം ദലിത് സൂതികര്‍മ്മിണിയുടെ ചുമതല പ്രസവമുറിയില്‍ കുമ്മായം പൂശുക എന്നതാണ്. ഇത് മറ്റ് ഹിന്ദുക്കള്‍ക്കിടയില്‍ സാധാരണയായി ഭര്‍ത്താവിന്‍റെ സഹോദരി (നാനാദ്) ചെയ്തുപോന്നിരുന്ന ഒരു കടമയായിരുന്നു (22).
സൂതികര്‍മ്മിണികള്‍ ഉയര്‍ന്ന ജാതിക്കാരായ ഹിന്ദുക്കളുടെ കുടുംബത്തില്‍ മാത്രമല്ല, മറ്റ് താഴ്ന്ന ജാതിക്കാരുടെ വീടുകളിലും ജോലി ചെയ്തു. പലപ്പോഴും പ്രസവ ആചാരങ്ങള്‍ സമാനമല്ലായിരുന്നു. ദ്രാവിഡ ഗോത്രമായി അംഗീകരിക്കപ്പെട്ടതും മിര്‍സാപൂര്‍ മേഖലയിലെ മലയോര പ്രദേശങ്ങളില്‍ കാണപ്പെടുന്നതുമായ അഗാരിയ ജാതിയില്‍ (23) സാധാരണ ഹിന്ദു ആചാരത്തിന് വിരുദ്ധമായി, ജനന ചടങ്ങില്‍ സ്ത്രീയുടെ സ്ഥാനം പ്രസവസമയത്ത് കിഴക്കോട്ട് അഭിമുഖമായാണ് എന്ന് നമുക്ക് കാണാം. അവളെ ഏകാന്തതയില്‍ പാര്‍പ്പിക്കുകയും കൂടെ ദലിതയായ വയറ്റാട്ടി മാത്രം ഉണ്ടായിരിക്കുകയും ചെയ്യും.അവള്‍ പൊക്കിള്‍ക്കൊടി മുറിച്ച് വീടിന്‍റെ പുറത്ത് ഇറയത്തിനു താഴെ കുഴിച്ചിടുന്നു. ആറാം ദിവസം അമ്മയുടേയും വീട്ടിലെ എല്ലാവരുടേയും വസ്ത്രങ്ങള്‍ അവരില്‍ ഒരാള്‍ അലക്കുന്നു. ആചാരപരമായ വിശുദ്ധിയുടെ വളരെ താഴെയുള്ള ഘട്ടത്തെ അടയാളപ്പെടുത്തുന്ന പ്രസവ പെല വളരെ ഉല്‍ക്കടമായതിനാല്‍ ഒരു ധോബിയെ അവര്‍ നിയമിച്ചില്ല. അന്നേ ദിവസം തന്നെ അമ്മയേയും കുഞ്ഞിനേയും കുളിപ്പിച്ച് വയറ്റാട്ടി അവളുടെ കൂലിയായ ഒരു ലോയിന്‍ മുണ്ട് (ധോത്തി) കൈപ്പറ്റുന്നു (24).
ഉത്തരേന്ത്യയിലെ സമ്പന്നമായ വ്യാപാര ജാതിയായ ബനിയരുടെ ഉപജാതിയായി കണക്കാക്കപ്പെടുന്ന അഗ്രവാല ജാതിയില്‍ പ്രസവത്തിനായി വിപുലമായ ആചാരങ്ങള്‍ അനുവര്‍ത്തിച്ചിരുന്നു (25). ഇവരില്‍ പ്രസവ സമയത്ത് ഭര്‍ത്താവ് തന്നെ പോയി ദലിത് സൂതികര്‍മ്മിണിയെ വിളിക്കുന്ന മര്യാദ അനുഷ്ഠിച്ചിരുന്നു. ഇത് ഒരു ആണ്‍ കുത്തിന്‍റെ ജനന കാര്യത്തില്‍ എല്ലായ്പ്പോഴും നിര്‍ബന്ധമായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയാണെങ്കില്‍ ഒന്നുകില്‍ അയാള്‍ക്ക് തന്നെ പോകാം അല്ലെങ്കില്‍ വയറ്റാട്ടിയെ കൊണ്ടുവരാന്‍ ഒരു വേലക്കാരനെ അയക്കാം. അവര്‍ വന്ന് പൊക്കിള്‍ക്കൊടി മുറിക്കും, അത് മറ്റ് പല ജാതികളിലും ഉള്ളതുപോലെ, പ്രസവമുറിയില്‍ കുഴിച്ചിടും. ഈ ജാതിയില്‍പ്പോലും ദുരാത്മാക്കളില്‍ നിന്ന് രക്ഷനേടാന്‍ അമ്മയുടെ അടുത്ത് തീ (പാസംഗി) കത്തിച്ചുകൊണ്ടിരിക്കും. ഭയങ്കരനായ രാക്ഷസനായ ജംഹുവയെ ഭയപ്പെടുത്താന്‍ തോക്കുകള്‍ പ്രയോഗിച്ചു. കുഞ്ഞ് ജനിച്ചതിന് ശേഷം അമ്മക്ക് ഒരു കഷണം കായവും വെള്ളവും നല്‍കുന്നു. അവള്‍ക്ക് കയ്പ്പും മണവും അനുഭവിക്കാന്‍ കഴിയില്ലെന്നാണ് കരുതി വരുന്നത്. സൂതികര്‍മ്മിണി അമ്മയോടൊപ്പം മൂന്ന് ദിവസം താമസിക്കുന്നു. ആ സമയത്ത് അമ്മക്ക് പഴങ്ങള്‍ മാത്രമാണ് നല്‍കുക.യാതൊരു വിധത്തിലും ധാന്യങ്ങള്‍ കഴിക്കാന്‍ അനുവദിക്കില്ല. മൂന്നാം ദിവസം അവളെ കുളിപ്പിച്ച് സൂതികര്‍മ്മിണികള്‍ പിരിഞ്ഞു പോകും. ഇതിനുശേഷം അവള്‍ക്ക് ധാന്യം നല്‍കുന്നു. ഇതിനുശേഷം ആചാരങ്ങളുടെ തുടര്‍ ഘട്ടങ്ങള്‍ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. ആറാം ദിവസം സ്ത്രീകള്‍ രാത്രി മുഴുവന്‍ ഉണര്‍ന്നിരുന്ന് വിളക്കുകള്‍ കത്തിച്ച് ‘ചാമര്‍ ഛാതിയ’ ആയി ആഘോഷിക്കുന്നു. എല്ലാ സ്ത്രീകളും ഈ വിളക്കുകളിലൊന്നില്‍ നിന്ന് ഭാഗ്യാടയാളമായി കരുതുന്ന വിളക്ക് കരി എടുത്ത് അവരുടെ കണ്ണുകളിലും അല്പം കുഞ്ഞിന്‍റെ കണ്ണുകളിലും തേക്കുന്നു (26). മധ്യ ദോവാബ് മേഖലയില്‍ കാണപ്പെടുന്ന വേട്ടക്കാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന അഹേരിയ ജാതിയില്‍ (27) നിലവിലുള്ള ഹൈന്ദവ ആചാരത്തിന് വിരുദ്ധമായി,കിടക്കയില്‍ കാലുകള്‍ ഗംഗയിലേക്ക് തിരിച്ച് വച്ചാണ് സ്ത്രീകള്‍ പ്രസവിക്കുന്നത്. വയറ്റാട്ടി സാധാരണയായി ഒരു തൂപ്പുകാരിയായിരിക്കും. പ്രസവശേഷം അവളുടെ സ്ഥാനം നഴ്സിന്‍റേതാണ്. ശേഷം ആ സ്ഥാനം ഒരു ബാര്‍ബര്‍ സ്ത്രീയുടേതാകും.
ഉപസംഹാരം
കൊളോണിയല്‍ ചരിത്ര രേഖകള്‍ ചാമര്‍ ദായിസ്/ വെപ്പാട്ടിമാരുടെ പങ്കാളിത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതായി തോന്നിയേക്കാം. എന്നിരുന്നാലും, പലപ്പോഴും ഈ റിപ്പോര്‍ട്ടുകളും നിരീക്ഷണങ്ങളും അവരുടെ ജോലിയെ പെരുപ്പിച്ചു കാണിക്കുകയും അത്തരത്തില്‍ ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട് എന്ന് പറയാന്‍ സാധിക്കും. മറ്റൊന്ന് പ്രധാന പങ്ക് വഹിച്ചിട്ടും പ്രസവത്തിനു ശേഷം പരിഗണന നല്‍കുന്നില്ല എന്നതാണ്. പ്രസവശേഷം അഴുക്ക് വൃത്തിയാക്കി കഴിഞ്ഞാല്‍ വയറ്റാട്ടിയുടെ പങ്ക് എങ്ങനെ അവസാനിക്കുന്നു എന്ന് പല ആചാരങ്ങളും വ്യക്തമായി പറയുന്നുണ്ട്. ദലിത് പ്രസവ ശുശ്രൂഷക, പ്രതികൂലമായ അവസ്ഥയിലായിരുന്നിട്ടും കുട്ടിയുടെ ലിംഗം അനുസരിച്ച് പ്രതിഫലം വില പേശി വാങ്ങുന്ന ഒരു സ്വീകര്‍ത്താവ് ആയിരുന്നില്ല.
അതേ പ്രദേശങ്ങളില്‍ നിന്നുള്ള ദലിത് ആത്മകഥകളില്‍ കുടുംബത്തിലെ വയറ്റാട്ടികളായ സ്ത്രീകളുടെ ജോലിയെക്കുറിച്ച് പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്. പാശ്ചാത്യ വൈദ്യശാസ്ത്രത്തിലും ആധുനികതയിലും ഈ സ്ത്രീകള്‍ക്ക് പ്രൊഫഷണല്‍ പരിശീലനം നല്‍കാനുള്ള ഒരു ശ്രമമുണ്ടായി എന്നതാണ് ഒരു കാരണം. രണ്ടാമതായി, മിഷനറിമാരുടെ നിരവധി സംരംഭങ്ങളില്‍ ദലിതര്‍ക്ക് പരിശീലനം നല്‍കുകയും പലപ്പോഴും ആശുപത്രികളില്‍ ജോലി നല്‍കുകയും ചെയ്തു.
Citations:
1. Bhavanidayal Sanyasi, ‘Stri aur Seva’ Women and Service, Chand, October 1928, p.650.
2. Geo. W. Briggs, The Chamars, 1920, p.24.
3. Crooke. Volume
4. Charu Gupta, The Gender of Caste: Representing Dalits in Print, 2017, Permanent Black, Ranikhet.
5. Gupta, The Gender of Caste, p.44.
6. Briggs, p.22.
7. Ibid.
8. Briggs, p.35.
9. Briggs, p.26
10. Briggs , p.26.
11. Briggs, 38.
12. Briggs, 34.
13. Briggs ,p.44.
14. Crooke’s Tribes and Castes of the North-Western Provinces and Oudh, Vol, II, p. 175
15. Briggs, p. 53.
16. Briggs, p.p. 54-55.
17. Briggs, p.234.
18. Briggs, p.p. 54-55.
19. Crooke Volume 1; p.p. 284, The tribes and Castes of of the North Western Provinces and Oudh Volume 1
20. Ibid. Volume 1, 285.
21. Crooke volume 1, p.p. 285.
22. Crooke Volume 4, p. 66,
23. Ibid., Crooke Volume 1, p.2
24. Caste and Tribes Volume 1, p.6
25. Crooke Volume 1, p. 22.
26. Crooke volume1, p.p. 20.
27. Crooke Volume 1, p.33.
COMMENTS