Homeചർച്ചാവിഷയം

ചലച്ചിത്രങ്ങളിലെ ബദലിടം

നാധിപത്യത്തിന്‍റെ പ്രത്യേകത അത് എല്ലാക്കാലത്തും പിടിച്ചു വാങ്ങേണ്ടുന്ന ഒന്നാണ് എന്നുള്ളതാണ്! പോരാട്ടങ്ങളുടെ പ്രതിഫലമാകുന്നു സ്വാതന്ത്ര്യം. സിനിമയിലെ സ്ത്രീയുടെ ഇടത്തെപ്പറ്റി ചിന്തിക്കുമ്പോഴും പോരാട്ട വഴികള്‍ ഓര്‍മ്മിക്കേണ്ടി വരികയാണ്.കാലങ്ങളായി ഉയര്‍ത്തിയ ഓരോ ശബ്ദവും, കാറ്റും വെളിച്ചവും കടക്കുന്ന ഇടത്തിനു വേണ്ടിയായിരുന്നു.ആദ്യ നായികയില്‍ തുടങ്ങുന്നു അത്. റോസി അശ്ലീല സിനിമയില്‍ അഭിനയിച്ചതുകൊണ്ടല്ല ജനം കല്ലെറിഞ്ഞോടിച്ചത്.സ്ത്രീയും ജാതിയും – പാര്‍ശ്വവല്ക്കരിക്കപ്പെട്ട രണ്ടിടങ്ങളായിരുന്നു റോസിയുടെ അസ്തിത്വം. സിനിമയില്‍ ദളിതയായ സ്ത്രീ അഭിനയിച്ചുവെന്ന ഒറ്റക്കാരണത്താലാണ് ജീവിതാന്ത്യംവരെ അസ്തിത്വം നഷ്ടപ്പെടുത്തി കഴിയേണ്ടിവന്നത്. അതിന്‍റെ ദൃശ്വത സഹിക്കവയ്യാത്തവര്‍ കയ്യൂക്കു കാട്ടി.

ജ്ഞാനംബികയുടെ ചിത്രീകരണം നടന്നത് 1939 ലാണ്. അതില്‍ നായികയായ സി.കെ രാജം ചിത്രീകരണത്തിനായി വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഒരു മടക്ക് പിച്ചാത്തി കയ്യില്‍ പിടിച്ചിരുന്നത്രെ! സിനിമയുപേക്ഷിച്ച് നാടകത്തില്‍ സജീവമായ രാജത്തിനെ ഒരിക്കല്‍ കൂത്താട്ടുകുളത്തു വച്ച് ഒരു പ്രമാണി കയ്യില്‍ കയറിപ്പിടിച്ചു. പിടിവലിയില്‍ കയ്യൊടിഞ്ഞ രാജം സ്വയം രക്ഷയ്ക്ക് കത്തി പിടിച്ചു നടക്കേണ്ടുന്ന അവസ്ഥ ഉണ്ടായ കലായിടമാണിത്. ഇന്നും കലയില്‍ പങ്കെടുക്കുന്ന സ്ത്രീയുടെ ശരീരം എങ്ങനെയൊക്കെ ആക്രമിക്കപ്പെടുന്നു എന്നതിന് ഞെട്ടിക്കുന്ന സാക്ഷ്യമാണ് നമ്മള്‍ ദിലീപ് പ്രതിയായ കേസില്‍ കണ്ടത്. അധികാരാണാധിപത്യങ്ങളുടെ രൂക്ഷമായ അധിനിവേശം എത്രമേല്‍ വിധ്വംസകമാണെന്നു അതിജീവിതയുടെ കേസ് തെളിയിക്കുന്നു.കേരളത്തിന്‍റെ സാംസ്കാരിക പരിസരത്തില്‍ സ്ത്രീയുടെ നിലപാടും അഭിപ്രായവും പങ്കുവക്കുന്ന സാമൂഹിക സാഹചര്യങ്ങള്‍ കുറെയെങ്കിലും സാധ്യമായതിന്‍റെ പശ്ചാത്തലത്തിലാണ് ഈ മിണ്ടാട്ടങ്ങള്‍ ഉണ്ടാവുന്നതുപോലും. അപ്പോഴും സ്വയം ഇന്‍ഡസ്ട്രിയായി നില്ക്കുന്നവരുടെ ആണ്‍ ഗാഥകളും അവരുടെ ഫാന്‍സ് അസോസിയേഷനും സിനിമക്ക കത്തും പുറത്തും നിര്‍ബാധം തുടരുന്ന സ്ത്രീവിരുദ്ധത ഒട്ടുമേ നേര്‍ത്തിട്ടില്ല.

ഇന്നും കലാപ്രവര്‍ത്തനങ്ങള്‍ക്കായി കുടുംബത്തിന് പുറത്തിറങ്ങുന്ന സ്ത്രീ സംശയക്കണ്ണിലാണ്.കല്ലേറും തുപ്പും വാക്കിലെങ്കിലും പ്രതീക്ഷിക്കണം. അല്ലെങ്കില്‍ തന്നെ കുടുംബത്തിന്‍റെ തകര്‍ച്ചയും സ്ത്രീയുടെ സദാചാരലംഘനവുമാണ് ഏറ്റം വലിയ സാമൂഹിക പ്രശ്നമെന്ന് നമ്മുടെ സിനിമകള്‍ പറയുന്നത് നിര്‍ത്തിയിട്ടില്ല…1972 ല്‍ ‘നിര്‍മാല്യ’ത്തില്‍ വിഗ്രഹത്തിന്‍റെ മുഖത്ത് തുപ്പുന്ന വിപ്ലവം വരെ സംഭവിക്കുമ്പോഴും ‘ എന്‍റെ രണ്ടു മക്കളെ പെറ്റ നാരായണീ.’. എന്ന ഭാര്യയുടെ പെഴയ്ക്കല്‍ ആയിരുന്നു അയാളുടെ പ്രശ്നം. അതു വരെ അനുഭവിച്ച ദാരിദ്യവും, നിസഹായതയും അല്ല,ഭാര്യയുടെ ചാരിത്ര്യം സംരക്ഷിക്കാന്‍ പറ്റാത്തതായിരുന്നു അയാളുടെ ഏറ്റം വലിയ തോല്‍വിയായി കണ്‍മുന്നില്‍ അവതരിപ്പിക്കപ്പെട്ടത്. ഇന്നും സിനിമയില്‍ പ്രതിപക്ഷ സ്ഥാനത്തെത്തുന്നത് സ്ത്രീയുടെ പല വിധ ‘തെറ്റു’കളാണ്. അസ്തിത്വ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങള്‍, തിരഞ്ഞെടുപ്പുകള്‍, തിരസ്കാരങ്ങള്‍, എല്ലാം ചോദ്യം ചെയ്യപ്പെടുന്നു.

സ്ത്രീയുടെ ചോദനകളെ നിയന്ത്രിക്കുന്ന മൊറാലിറ്റി ഉപകരണമായി പലപ്പോഴും ബോധപൂര്‍വം തന്നെ സിനിമ പ്രവര്‍ത്തിക്കുന്നു. കുടുംബത്തിന് പുറത്തു പോകേണ്ടി വരുന്ന ഏത് സ്ത്രീയുീ കടുത്ത പ്രതിസന്ധി നേരിടണം എന്ന് സിനിമ ഉറപ്പിച്ചു പറയുന്നുണ്ട്. നാഗവല്ലിയുടെ നൃത്തത്തിന് കയ്യടിച്ചാലും, ഏതുന്മാദത്തില്‍ നിന്നും നാഗവല്ലിമാര്‍ ‘ഗംഗ മാത്രമല്ല, ഗംഗാ നകുലന്‍ എന്ന് പുനര്‍സ്ഥാനപ്പെടുന്നിടത്തേ ‘സിനിമ സമാധാനിക്കൂ.കുടുംബത്തില്‍ നിന്നു കാലു കവച്ചു വക്കുന്ന നായികയുടെ ബാധ ഒഴിപ്പിച്ചാലേ നായകന്‍ അടങ്ങു. ‘എനിക്കിനി നകുലേട്ടേന്‍റെ മാത്രമായി മാറണം” എന്നാണല്ലോ ബാധ മാറിയ ഗംഗ പറയുന്നത്. നായകന്‍റെ പേരും പദവിയും മാറി മാറി വരാം.കര്‍മ്മത്തിനു മാറ്റമൊന്നുമില്ല!ആണിന്‍റെ അരാജകത്വവും, ഭ്രാന്തും ,സാഹസികതയും വീരത്വമായി ആഘോഷിക്കപ്പെടുകയും പെണ്ണിന്‍റേത് ചികിത്സിക്കേണ്ട ഭ്രാന്തായി അവതരിപ്പിക്കപ്പെടുകയും ചെയുന്നു. ‘ഫെമിനിച്ചി’ എന്ന പദവി കൊടുത്ത് കൂക്കിവിളിക്കുന്നു.

ജനപ്രിയ സിനിമ ലാല്‍സലാമില്‍ വ്യവസായ മന്ത്രി ടി കെ ആഭ്യന്തര മന്ത്രിയായ ഭാര്യയുമായി വഴക്കിടുമ്പോള്‍ പറയുന്ന വാചകം “കുടുംബ ജീവിതത്തിലെ പ്രോട്ടോക്കോളില്‍ ഭര്‍ത്താവിനാടീ സീനിയോരിറ്റി .നീ ഏത് കോപ്പിലെ മന്ത്രിയായായാലും.. ചവിട്ടി പുറത്താക്കും കുടുംബത്തിന്ന് ‘ എന്നാണ്… കമ്യൂണിസ്റ്റ് മന്ത്രിയുടെ നാവില്‍ തിരുകുന്ന വാചകമാണ്!രാഷ്ടീയ/പുരോഗമന പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമകളിലും സ്ത്രീകഥാപാത്ര ചിത്രീകരണത്തിന്‍റെ കാര്യം വരുമ്പോള്‍ കുടുംബ ചിത്രങ്ങളുടെ ഫോര്‍മൂലയിലേക്ക് താനെയെത്തും.സാറായ്ക്കു സിനിമയെടുക്കാന്‍ തടസം കുടുംബം തന്നെ! സിനിമാ സെറ്റിലെ പ്രാരാബ്ധങ്ങളല്ല, കുഞ്ഞുകുട്ടി പരാധീനങ്ങളാണ് സംവിധായികയുടെ തടസമായി അവതരിപ്പിക്കുന്നത്. ‘ഹോം’ സ്വീറ്റ് ഹോം ആവുന്നതും കുട്ടിയമ്മമാര്‍ ഏന്തി വലിച്ചു നടന്നിട്ട് തന്നെ!’ പുരുഷന്മാര്‍ യാതൊരു മാറ്റവുമില്ലാതെ അതേപടി തുടരുന്ന, തനിക്കു പറ്റിയ സ്വര്‍ണ്ണ വളയിട്ട് പാത്രം കഴുകുന്ന കൈകളെ പകരം കണ്ടെത്തുന്ന, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണുകളില്‍ നിന്ന് ഇറങ്ങിപ്പോന്ന് ബദലിടം സൃഷ്ടിക്കേണ്ടുന്ന അധിക ബാധ്യത കൂടി സര്‍ഗാത്മകതയുള്ള സ്ത്രീയ്ക്കുണ്ട്.

ആണധികാര ഇടങ്ങളില്‍ നിന്നു മാത്രമല്ല, ആണവകാശ ഇടങ്ങളില്‍ നിന്നും സ്ത്രീയെ സ്വതന്ത്രമാക്കുന്ന വെല്ലുവിളി ചെറുതല്ല. പ്രിയപ്പെട്ട പെണ്ണിനെ നേടാന്‍ സിനിമയില്‍ നായകന്‍റെ പ്രധാന ഉത്തരവാദിത്തം തല്ലും മല്ലുമായ അഭ്യാസം തമ്പുരാന്‍ സിനിമകളില്‍ തീര്‍ന്നെന്ന് കരുതരുത്. ന്യൂ ജന്‍ ‘തീവണ്ടി’കളിലും വിഷയമാവര്‍ത്തിക്കും.
സിനിമ, സാമ്പ്രദായിക-ആണ്‍ – യാഥാസ്ഥിതികത്വത്തെ നോവിക്കാതെ ആനന്ദിപ്പിക്കുമ്പോള്‍ തന്നെയാണ് സൂപ്പര്‍ ഹിറ്റാകുന്നത് എന്നാണ് കാല സാക്ഷ്യം ! സ്ത്രീകേന്ദ്രീകൃത സിനിമയെന്ന വ്യാജേന പുരുഷ കാണിയെ തൃപ്തിപ്പെടുത്തുന്ന ചിന്തകള്‍ മാത്രം ഉത്പാദിക്കുന്ന സിനിമകളായി തടി തപ്പും..ഇനി വലിയ അബദ്ധം പറഞ്ഞില്ലെങ്കിലും, ഉപകാരമോ ഉപദ്രവമോ ഇല്ലായെന്ന മട്ടില്‍ നായക നടന്മാരുടെ ഇഷ്ടാനുഷ്ടങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്തുന്ന നായികമാര്‍ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്നുമുണ്ട്. ലേഡി സൂപ്പര്‍ സ്റ്റാറിനു പോലും അതില്‍ നിന്ന് മോചിതയാവാന്‍ അവസരമില്ല!

അവരുടെ സ്ക്രീന്‍ ആയുസ് നൈമിഷികവും ആവര്‍ത്തന വിരസവുമാക്കി നായകന്‍മാര്‍ നിത്യേന യൗവനമായിരിക്കുന്ന, നായികമാരെ അപ്രത്യക്ഷരാകുന്ന പ്രതിഭാസം മലയാള സിനിമയില്‍ തുടരുന്നുണ്ട്.ജനപ്രിയ സിനിമയുടെ പ്രമേയ പരിസരങ്ങളില്‍ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നു കാണാീ. സൂപ്പര്‍ സ്റ്റാര്‍ സിനിമകള്‍ നായകന്‍റെ സിനിമയാവുകയും വിജയിക്കുന്ന പെണ്‍ സിനിമകള്‍ ടീമിന്‍റെ സിനിമയാകുകയും ചെയ്യുന്ന വിലയിരുത്തല്‍ സൂത്രവുമുണ്ട്!

ഇങ്ങനെയിരിക്കെ, നിലവില്‍ സ്വാതന്ത്ര്യം എന്നു പറയുന്നത് ഒരു ബദലുണ്ടാക്കലാണ്. അഭിനേത്രി അവളുടെ പ്രതിഫലം പറഞ്ഞുവാങ്ങുന്നത് ‘ അന്യായ ‘മായി കരുതുന്നതിന് ബദലുണ്ടാവണം. എന്നാല്‍ ഒപ്പം തന്നെ, ഒരാള്‍ മാത്രം കൂടുതല്‍ പൈസ വാങ്ങുന്നതുമല്ല ജനാധിപത്യം എന്നുകൂടി തിരിച്ചറിയേണ്ടതുണ്ട്.സിനിമയെ, സമൂഹബദ്ധ കലയായി വിലയിരുത്തുമ്പോള്‍ സിനിമയിലെ സ്ത്രീയുടെ ഇടം ഏറെ പ്രസക്തമാണ് എന്ന് മനസിലാക്കി, തൊഴിലെടുക്കുന്നവര്‍ക്കും തിരയിലെത്തുന്നവര്‍ക്കും അവരുടെ ഇടങ്ങള്‍ ജനാധിപത്യപരമാകാന്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് പോംവഴി. അത് തിരിച്ചറിഞ്ഞവര്‍ ക്യാമറ എടുത്തിറങ്ങുകയേ ഇനി മാര്‍ഗമുള്ളൂ. ആശയം മാത്രം പോര, അത് കലയില്‍ പ്രാവര്‍ത്തികമാക്കിയേ പറ്റൂ.ഈ ഉത്തരവാദിത്തമേറ്റെടുത്ത് സ്ത്രീകളും അവര്‍ക്കൊപ്പം പങ്കുനില്ക്കുന്നവരും സിനിമയെ പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കും കാലമാണിത് എന്നത് ശുഭസൂചനയാണ്. 2019 ലാണ് പി കെ റോസിയുടെ പേരില്‍ ഒരു ഫിലിം സൊസൈറ്റി കേരളത്തില്‍ നിലവില്‍ വന്നത് എന്നോര്‍ക്കുക. പെണ്ണിന്‍റെ തൊഴിലിടത്തില്‍ തിരുത്തലുകള്‍ ആവശ്യപ്പെട്ട് ഒരു സ്ത്രീകൂട്ടായ്മ ഉണ്ടാവാന്‍, കാലമെത്ര വേണ്ടി വന്നു എന്നോര്‍ക്കുക. ഇവയെല്ലാം ഒരര്‍ഥത്തില്‍ ഇടങ്ങള്‍ക്കുള്ള സ്വാതന്ത്ര്യ സമരങ്ങള്‍ തന്നെയാണ്.

അതിനേറ്റം വലിയ പിന്തുണ കൊടുക്കേണ്ടത് പ്രേക്ഷകരാണ്. വ്യവസ്ഥയോടു കലഹിക്കുന്ന സ്ത്രീയെ കുറ്റവാളി / സഹതാപ സ്ഥാനത്തു നിന്ന് മാറ്റി സര്‍ഗാത്മകമായി അവതരിപ്പിക്കുന്ന സിനിമകള്‍ക്ക് കാണികളുണ്ടാവുന്നു എന്നത് ആരോഗ്യപരമായ കലാസ്വാദനത്തിന്‍റെ ലക്ഷണമാണ്.സ്ഥൂലമായ പരാമര്‍ശങ്ങള്‍ക്കപ്പുറത്ത് സ്ത്രീയുടെ സൂക്ഷ്മജീവിത രാഷ്ട്രീയത്തെകുറിച്ച് സിനിമ ചിന്തിക്കേണ്ടതിന്‍റെ ആവശ്യകതയുണ്ട് .ഏതാറാട്ടിലും ദൃശ്യ/ ആശയ സാക്ഷരതയുള്ള കാണിക്ക് മലയാളസിനിമയില്‍ പുരാഗമനപരമായ തിരുത്ത് നല്കാനാവും.

ഡോ. അനു പാപ്പച്ചന്‍
അധ്യാപിക എഴുത്തുകാരി

COMMENTS

COMMENT WITH EMAIL: 0