അന്താരാഷ്ട്ര തലത്തില്‍ കേരളത്തിലെ ഒരു പക്ഷെ ഏറ്റവും അധികം അറിയപ്പെടുന്ന ഇരട്ടക്കുട്ടികള്‍ എസ്തയും റാഹേലും ആവും. അരുന്ധതി റോയുടെ ‘ഗോഡ് ഓഫ് സ്മാള്‍ തിങ്സി’ലെ ഈ സുറിയാനി ക്രിസ്റ്റിയാനി കുട്ടികളിലൂടെയാണ് കേരളത്തിലെ ബാല്യത്തെ ഒട്ടനവധി പേര്‍ അറിഞ്ഞിട്ടുണ്ടാവുക. പക്ഷെ കേരളത്തില്‍ വളര്‍ന്നവര്‍ക്ക് സുപരിചിതമായ ചില ഇരട്ടക്കുട്ടികളെ ഓര്‍മപ്പെടുത്താനും, മറ്റുചിലരെ പരിച്ചയപ്പെടുത്താനുമാണ് ഈ കുറിപ്പ്. ഗവേഷണ മേഖല കാര്‍ട്ടൂണുകള്‍ ആയതിനാല്‍ അതില്‍ ഒതുക്കാനാവും ശ്രമിക്കുക!
ഫിലിപ്പ് അരിസ് 1974 ഇല്‍ എഴുതിയ Centuries of Childhood എന്ന പുസ്തകത്തില്‍ ബാല്യകാലം താരത്യമ്യേന നൂതന ആശയമാണെന്നാണ്. പതിനേഴാം നൂറ്റാണ്ടില്‍ നടന്ന ചില സംഭവവികാസങ്ങളാണ് ഇതിനു കാരണമെന്ന് അദ്ദേഹം പറയുന്നു: കുട്ടിക്കളുടെ മരണസംഖ്യയില്‍ വന്ന ഇടിവ്, യൂറോപ്യന്‍ വിദ്യാഭ്യാസത്തിലെ മാറ്റങ്ങള്‍, ‘കുടുംബം’ എന്ന സ്ഥാപനത്തിനു മറ്റു സാമൂഹ്യ ബന്ധങ്ങളില്‍ നിന്ന് വന്ന അകലം എന്നിവയൊക്കെ ഇതിന് കാരണങ്ങളാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ ക്രിസ്തീയ പള്ളികള്‍ നടത്തി വന്ന കണക്ക് വെയ്ക്കലാണ് ശൈശവം, ബാല്യം മുതലായ മനുഷ്യ ജീവിത ഘട്ടങ്ങളെ പൊതു സമൂഹത്തില്‍ പ്രധാന ഘട്ടങ്ങളായി തിരിച്ചറിയാന്‍ സഹായിക്കുന്നത്. ഈ വാദത്തിന് പല എതിര്‍പ്പുകളും പ്രത്യക്ഷത്തില്‍ വന്നിട്ടുണ്ടെങ്കിലും ബാലസാഹിത്യവും, ബാല്യം എന്ന രണ്ടു ആശങ്ങളും സമാന്തരമായി ഉരുത്തിരിഞ്ഞതാണെന്നു തന്നെ പറയാം. കഥാകൃത്തും, മാര്‍ക്കറ്റും, ഒരുപോലെ ബാല്യം എന്ന വിഭാഗത്തെ അംഗീകരിക്കുന്നു എന്നതിന് നമ്മുടെ പുസ്തക ശാലകളും, മാര്‍ക്കറ്റിങ് രീതികളും ഒന്ന് ശ്രദ്ധിച്ചു നോക്കിയാല്‍ മതി. പക്ഷെ അതില്‍ ഒക്കെ തന്നെ മനസിലാവുന്നത് ഡൊണാള്‍ഡ് ഡക്ക് കോമിക്കുകളുടെ പഠനത്തില്‍ പറയുന്ന പോലെ ബാലസാഹിത്യം ഒട്ടുമിക്കപോഴും ഒരു കുട്ടി എന്ത് ആണെന്നോ ആവണമെന്നോ ഒരു മുതിര്‍ന്നയാളുടെ കാഴ്ചപ്പാടിന് അനുസൃതമായിരിക്കും എന്നാണ്. നിഷ്കളങ്കതയും, നന്മയുമൊക്കെയാവും അതിന്‍റെ അടിസ്ഥനം! ഇന്ത്യന്‍ ബാലസാഹിത്യത്തെ വിശദമായി പഠിച്ച മനോരമ ജാ പറയുന്നത് മെച്ചപ്പെട്ട സാക്ഷരതയും, പുതിയ സ്കൂളുകളുടെ നിര്‍മാണവും, ടെക്സ്റ്റ് ബുക്കുകളുടെയുംഅനുബന്ധ വായനാ ഉപാധികളുടെ ആവശ്യകതയും പ്രസിദ്ധീകരണ വ്യവസായത്തെ സ്വാധീനിച്ചു. 1930 തുടങ്ങിയാണ് ചിത്രകഥാപുസ്തകങ്ങള്‍ ഇന്ത്യയില്‍ വന്നു തുടങ്ങിയത്. കുട്ടികള്‍ക്കുള്ള ആദ്യ മാസിക 1948 ഇല്‍ പുറത്തിറങ്ങിയ ബാലന്‍ ആണ്. എന്നാല്‍ കേരളത്തില്‍ ഏറ്റവും ജനപ്രിയ കോമിക്സ് കഥാത്രങ്ങള്‍ കേരളത്തിലെ ഒരു ബഹുഭൂരിപക്ഷം പേരും കണ്ടു, വായിച്ചു വളര്‍ന്ന ടോംസിന്‍റെ ബോബനും മോളിയും.
കോപ്പിറൈറ്റ് കേസില്‍ വിധി വന്നപ്പോള്‍ രണ്ടു പത്രങ്ങളില്‍ വന്ന കാര്‍ട്ടൂണ്‍
ബാലസാഹിത്യത്തിലെ ഒരു പ്രധാന ശാഖയായ കോമിക്കുകള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ കുട്ടികള്‍ക്ക് വിലക്കായിരുന്നിരിക്കെ, ഇന്ത്യയില്‍ പക്ഷെ എല്ലാ മാസികയുടെയും ഒരു ഭാഗമായിരുന്നു. പൊതുവില്‍ ‘നല്ല വായനയ്ക്ക്’ ഉതകാത്ത മലയാള മനോരമ വീക്കിലിയില്‍ പോലും അവസാന പേജില്‍ വന്നിരുന്ന ബോബനും മോളിയും എല്ലാവര്ക്കും പ്രിയപ്പെട്ടത്തായിരുന്നു. ജെ. ശശികുമാര്‍ സംവിധാനം ചെയ്തു 1971 ഇല്‍ പുറത്തിറങ്ങിയ ‘ബോബനും മോളിയും’ എന്ന സിനമയുടെ ടൈറ്റില്‍ ഗാനം അവസാനിക്കുന്നത് പത്രക്കാരന്‍ വീശിയിടുന്ന മനോരമ വീക്കിലി ഓടിവന്നെടുത്തു അവസാന പേജ് എടുത്തു വായിക്കുന്ന സ്ത്രീയേയും കുട്ടികളെയുമാണ്. പതിന്നൊന്നു വയസ്സ് പ്രായമായ ഈ ഇരട്ട കുട്ടികള്‍ 1957 മുതല്‍ മലയാളികളുടെ പ്രിയപെട്ടവരാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടാന്‍ ഈ പ്രായമാണ് നല്ലതെന്നു ടോംസ് തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
പ്രത്യക്ഷത്തില്‍ ബോബനും മോളിയുടെയും പകര്‍പ്പെന്നു തോന്നിക്കുന്നതായിരുന്നു ജൂലൈ 1973 തുടങ്ങി ഡിസംബര്‍ 1981 വരെ മനോരാജ്യം വീക്കിലിയില്‍ കെ എസ് രാജന്‍ വരച്ചിരുന്ന ലാലുവും ലീലയും; മെയ് 1982 മുതല്‍ ഡിസംബര്‍ 1983 വരെ ചന്ദ്രിക വീക്കിലിയില്‍ മജീദ് നന്മണ്ട വരച്ചിരുന്നു സാമുവും സീമയും. ഈ രണ്ടു കാര്‍ട്ടൂണ്‍ പരമ്പരയിലെയും പല സീനുകളും ബോബനും മോളിയില്‍ നിന്നും പകര്‍ത്തിയത് പോലെ ആയിരുന്നു. ഇത് കൂടാതെ ബാലരമയില്‍ വന്നിരുന്ന ‘മായാവി’യിലും ഒരു ആണ്‍-പെണ്‍ കുട്ടികളുടെ കൂട്ടുകെട്ടായിരുന്നു കഥയെ മുന്നോട്ടു നയിച്ചത്. സ്വന്തമായി ടോംസ് പബ്ലിക്കേഷന്‍ തുടങ്ങിയ ടോംസിന്‍റെ മാസികയിലെ ആദ്യ പതിപ്പില്‍ ‘ മായാവി’യെ ഓര്മിപ്പിക്കുന്ന ‘ലിറ്റില്‍ ചാത്ത’നും ‘ലാലു ലാലി’ എന്നീ ചിത്രകഥകള്‍ ഉണ്ടായിരുന്നു എന്നത് രസകരമാണ്. ആര്‍ക്കാരുടെ എന്തിനേതിന്‍റെ പകര്‍പ്പവകാശം എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു.
രസകരമാണ് പറയട്ടെ, കേരളത്തെ പിടിച്ചു കുലുക്കിയ കോപിറൈറ്റ് കേസുകളില്‍ ഒരു സുപ്രധാന കേസാണ് മനോരമായും ടോംസും തമ്മില്‍ ബോബനും മോളിയുടെ പകര്‍പ്പവകാശനിനായി നടന്ന കേസാണ്. 1987-92 വരെ നീണ്ടു നിന്ന ഈ കേസില്‍ പലപ്പോഴും വന്നിരുന്ന വാദം ഇരട്ടക്കുട്ടികളുടെ അച്ഛന്‍ ആയി ടോംസിനു കുട്ടികളെ വിട്ടു കൊടുക്കണമെന്നാണ്. അപ്പോഴേക്കും കലാകൗമുദിയില്‍ തുടങ്ങിയ കാര്‍ട്ടൂണ്‍ പരമ്പരയ്ക്കും അതിന്‍റെ കര്‍ത്താവിനും ശക്തമായ പിന്തുണയുമായി കലാകാരന്മാരും, എഴുത്തുകാരും,സാമൂഹിക പ്രവര്‍ത്തകരും വന്നിരുന്നു. ഹൈ കോടതിയില്‍ ടോംസ് ജയിച്ച കേസ് പക്ഷെ സുപ്രീം കോടതിയില്‍ എത്തുമ്പോഴേക്കും മനോരമ ഒരു വല്യ ഔദാര്യമെന്നു തോന്നിക്കുമാറ് ടോംസിനു വിട്ടു കൊടുത്തു.
ടോംസിന്‍റെ ആത്മകഥയുടെ കവര്‍ ചിത്രം
ഇരട്ടക്കുട്ടികളുടെ മാറാത്ത ബാല്യം, പലപ്പോഴും ഈ കോമിക്കിന്‍റെ ചരിത്രത്തില്‍ ഒരു ചര്‍ച്ചാവിഷയമായിരുന്നു. കാലത്തിനനുസരിച്ചു രൂപത്തിലും, ഭാവത്തിലും, ഇടപെടലുകളിലുമൊക്കെ മാറ്റങ്ങള്‍ വരുത്തിയിരുന്നെങ്കിലും കാലാനുക്രമത്തില്‍ ഈ കാര്‍ട്ടുണുകള്‍ ലഭ്യമല്ലാത്തതിനാല്‍ അത് മനസിലാക്കാനും ബുദ്ധിമുട്ടാണ്. വായനക്കാരുടെ ഓര്‍മയിലും പലപ്പോഴും ഇവര്‍ ഇപ്പോഴും ഒരുപോലെ തന്നെ ആയിരുന്നു. തമാശ രൂപത്തില്‍ ടോംസ് തന്നെ പറയുന്ന പോലെ മോളിയെ കെട്ടിച്ചുവിടലും ഈ നിശ്ചലത്വം ഒരു കാരണമാകാം!
1957-ല്‍ പ്രസിദ്ധീകരിച്ചത്
ഇരട്ടകളില്‍ ഒരാള്‍ പെണ്‍കുട്ടി ആയിരിക്കെ കേരളത്തിലും സ്ത്രീധനം ഒരു പ്രശ്നം തന്നെയാണല്ലോ! അങ്ങനെ ഇരിക്കെ തന്നെ, പലപ്പോഴും ബോബന് ഒരു പടിക്കു മുന്നില്‍ തന്നെയാണ് മോളി. പ്രശ്ന പരിഹാരത്തിന് പ്രത്യേകിച്ചു: വീട്ടിലും, സ്കൂളിലും, പഞ്ചായത്തിക്കും ഒക്കെയും പലപ്പോഴും തകര്‍പ്പന്‍ ഐഡിയകള്‍ മുന്നോട്ടു വെയ്ക്കുന്നത് ‘പെണ്‍ബുദ്ധി പിന്‍ബുദ്ധി’ എന്ന് വിശ്വസിസിച്ചിരുന്ന ടോംസിന്‍റെ വരകളിളുടെ പക്ഷെ മോളി തന്നെ ആയിരുന്നു. പൊന്നമ്മ സുപ്രേണ്ടും, മിസ്സിസ് നായരും ഒക്കെ വായിച്ചു പരിചരിച്ച മലയാളികള്‍ക്കു കോമിക്കില്‍ സ്ത്രീകള്‍ ഹാസ്യകഥാപാത്രങ്ങള്‍ അല്ലാതിരിക്കാന്‍ സാധ്യത ഇല്ലാലോ.
അശ്വതി സേനന്‍
ഡല്‍ഹിയില്‍ ഗവേഷക
COMMENTS