Homeചർച്ചാവിഷയം

ക്യാന്‍വാസ്/വാചകം എന്ന നിലയില്‍ പെണ്ണുടല്‍ എങ്ങനെയാണ് മലയാള സിനിമകളെ രൂപാന്തരപ്പെടുത്തുന്നത്?

‘പെണ്ണുടല്‍’ ഒരു ക്യാന്‍വാസോ എഴുത്തോ? മലയാളസിനിമകളുടെ തുടക്കത്തില്‍ തന്നെ ഉന്നയിക്കപ്പെട്ട ഈ ചോദ്യം, ചലച്ചിത്രത്തിലെ സ്ത്രീകളുടെ അവതരണങ്ങളുടെ പൊതു മാനദണ്ഡങ്ങള്‍ മനസ്സിലാക്കുകയും പഠിക്കുകയും ചെയ്യുന്നു. എല്ലാ മാനുഷിക അനുഭവങ്ങളിലുമെന്ന പോലെ ഒരു പെണ്ണുടല്‍ ജനനസമയത്ത് നിര്‍ണയിക്കപ്പെടുന്ന ചില പൊതുധാരണകളിലേക്ക് എത്തിപ്പെടാനുള്ള ശ്രമം തുടരുന്നതായി കാണാം, ഇത് ഒരു വിവേചനാത്മക ക്രമത്തെ സൂചിപ്പിക്കുന്നു. ഈ ലേഖനം ഒരു നൂറ്റാണ്ടിലെ മലയാള സിനിമകളില്‍ ചിത്രീകരിച്ചിരിക്കുന്ന സ്ത്രീ ശരീര-സിനിമാ ഇന്‍റര്‍ഫേസില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, മലയാള ചലച്ചിത്ര സംസ്കാരത്തിലെ സ്ത്രീകളുടെ സ്റ്റീരിയോടൈപ്പിംഗ്, സ്ത്രീ സൗഹൃദങ്ങള്‍, സോഫ്റ്റ് പോണ്‍ എന്നിവയെ അഭിസംബോധന ചെയ്യുന്നു. പെണ്ണുടല്‍ എന്നത് പുരുഷന്മാര്‍ക്കു വേണ്ടിയുള്ള ഒരു ഉപഭോഗവസ്തുവായിക്കണക്കാക്കപ്പെടണോ അതോ സ്വതന്ത്ര ഘടകമായി കണക്കാക്കപ്പെടണോ എന്ന വിഷയം സമകാലിക മലയാള സിനിമകളില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. പെണ്ണുടലുകള്‍ സുഖകരമല്ലാത്തതും അമ്പരപ്പിക്കുന്നതുമാണെന്ന സാമൂഹിക ധാരണകളിലൂന്നിയ ചലച്ചിത്രങ്ങള്‍ ഉടലുകളുടെ ജൈവികമായ ചാക്രികതയെയും അവ എങ്ങനെ അവതരിപ്പിക്കപ്പെടുന്നു എന്നതിലും അപഹാസ്യമായ മാതൃകകള്‍ സൃഷ്ടിച്ചു. ഒരു ക്യാന്‍വാസ്/ടെക്സ്റ്റ് എന്ന നിലയില്‍ സ്ത്രീ ശരീരം അര്‍ത്ഥമാക്കുന്നത് പ്രത്യക്ഷത്തില്‍ എണ്ണമറ്റ പ്രശ്നങ്ങളില്‍ അകപ്പെടുക എന്നതാണ്, അതില്‍ ആദ്യത്തേത് മേല്‍ സൂചിപ്പിച്ച വാദവുമായി ബന്ധപ്പെട്ടതാണ്. എന്തുകൊണ്ടാണ് സ്ത്രീകളുടെ ശരീരം ഈ നിലയിലേക്ക് തരംതാഴ്ത്തപ്പെട്ടത്? സ്ത്രീയെ പുരുഷന്‍റെ ചരക്കായി ചിത്രീകരിക്കുന്നതില്‍ സമൂഹത്തിന്‍റെ പങ്ക് എന്താണ്? അതില്‍ സിനിമകളുടെ പങ്ക് എന്താണ്? ലേഖനത്തിലെ പഠനത്തിന് അടിവരയിടുന്ന ഈ ചോദ്യങ്ങള്‍ ഒരു ചര്‍ച്ചയ്ക്ക് തുടക്കമിടുമെന്ന് പ്രതീക്ഷിക്കുന്നു. അത് ആത്യന്തികമല്ല, സംവാദങ്ങള്‍ക്കായി കൂടുതല്‍ വ്യക്തമായ മറ്റു കാഴ്ചപ്പാടുകള്‍ സൃഷ്ടിച്ചേക്കാം.

‘ഐറ്റം’ എന്ന വാക്കു പെണ്ണുടലിനെ ഓപ്പണ്‍ തിയേറ്ററില്‍ ഒരു ഒബ്ജക്റ്റ് ആയി അവതരിപ്പിക്കുന്നതിലൂടെ റേപ്പിനെ ഗ്രാഫിക്കലായും വോയ്റിസ്റ്റിക് ആയുമുള്ള ഒരു സോഫ്റ്റ് പോണ്‍ ഉപഭോഗവസ്തുവത്കരിയ്ക്കുകയാണ്. 1999-ല്‍ മാധ്യമങ്ങള്‍ ഉപയോഗിച്ച ‘ഐറ്റം നമ്പര്‍’ എന്ന ആശയം വസ്ത്രധാരണത്തിന്‍റെ വിവിധ തലങ്ങളില്‍, സ്ത്രീ ശരീരഘടനയെയും സ്ത്രീ വ്യക്തിത്വത്തെയും ചില നിശ്ചിത വഴികളില്‍ പകര്‍ത്താനുള്ള അനന്തമായ സാധ്യതകള്‍ പ്രദാനം ചെയ്യുന്നു. ചലച്ചിത്ര പ്രവര്‍ത്തകര്‍ ഐറ്റം ഗേളിനോടുള്ള അവരുടെ സമീപനങ്ങളില്‍ ഈ ധാരണ ഉപയോഗിക്കുന്നു. കാബറേ നര്‍ത്തകി, ബാര്‍ നര്‍ത്തകി, നാടോടി നര്‍ത്തകി എന്നിങ്ങനെ ഓരോന്നിലും നാമകരണം തന്നെ വ്യത്യസ്തമാണ്. ഐറ്റം ഗാനത്തിലെ ‘സ്പേഷ്യല്‍ ബ്രേക്ക്’ മലയാള സിനിമയില്‍ ഒരിടവേളയായി മാറുന്നത് കാണാം. ഐറ്റം ഗേള്‍ തന്‍റെ ശരീരത്തെ, കാമനകള്‍ ഉദീപിപ്പിക്കുന്ന ഉടലാക്കി മാറ്റുന്ന പ്രക്രിയയിലൂടെ, സില്‍ക്ക് സ്മിതയെന്ന ധീരയായ നായിക സൃഷ്ടിക്കപ്പെട്ടു. സ്ഫടികം എന്ന ചിത്രത്തിലെ ‘ഏഴിമല പൂഞ്ചോല’ എന്ന ഗാനത്തില്‍ സില്‍ക്ക് സ്മിത തന്‍റെ ഉടലിനെ ഒരു വശീകരണ മാധ്യമമായി ഉപയോഗിച്ചിരിക്കുന്നു.

സ്ഫടികം പോലുള്ള സിനിമകളിലൂടെ പെണ്ണുടലുകളെ അവതരിപ്പിക്കുന്നതില്‍ മലയാള സിനിമ കാര്യമായ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് ഈ ചിത്രം (ഏഴിമല പൂഞ്ചോല സ്ഫടികം (1995))വ്യക്തമാക്കുന്നു.

 

ഈ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന രംഗം ശിഥിലമായ സ്ത്രീ ശരീരത്തെ പ്രാധാന്യമുള്ളതായി അവതരിപ്പിച്ചിരിക്കുന്നു. ആ ഗാനരംഗത്തില്‍ അവരുടെ ശരീര വര്‍ണ്ണനകള്‍ കൂടെ ചേര്‍ന്നിരിക്കുന്നു. നടി, നടന്‍റെ ശരീരം മസ്സാജ് ചെയ്യപ്പെടുമ്പോള്‍ അയാള്‍ പ്രകടിപ്പിക്കുന്ന അസഹിഷ്ണുതഭാവം യഥാര്‍ത്ഥത്തില്‍ ലൈംഗിക തൃഷ്ണകള്‍ സാധിച്ചെടുക്കാനുള്ള കാഴ്ചക്കാരുടെ വ്യഗ്രതയെയാണ് സൂചിപ്പിക്കുന്നത്. പുരുഷ കാണികളെ ആകര്‍ഷിക്കുന്നതിനായി വസ്ത്രങ്ങള്‍, സംഗീതം, നൃത്ത ചലനങ്ങള്‍ എന്നിവ ഉപയോഗിച്ച് പെണ്ണുടലിനെ ലൈംഗികമായി വസ്തുവത്കരിച്ചിരിക്കുന്നു. വാണിജ്യ വിജയത്തിനായി രസകരമായ നൃത്തം അവതരിപ്പിക്കുന്ന രീതിയില്‍ അല്‍പ വസ്ത്രധാരിണിയായ ഒരു പെണ്ണുടല്‍ ഈ രംഗത്തില്‍ ചിത്രീകരിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള പാട്ടുകള്‍ പെണ്ണുടലിനെ പരമാവധി മുതലെടുത്തുകൊണ്ടും ദുരുപയോഗം ചെയ്തുകൊണ്ടും കാണികളെ ആകര്‍ഷിക്കാനാണ് പ്രയോജനപ്പെടുത്തുന്നത്.
മധുരരാജയിലെയും മാറ്റിനിയിലെയും ചില രംഗങ്ങളില്‍ മുകളില്‍ പറഞ്ഞ വ്യക്തതയോടെയാണ് മമ്മൂട്ടിയ്ക്കൊപ്പം പോണോഗ്രാഫി താരം സണ്ണി ലിയോണി ഐറ്റം ഡാന്‍സ് അവതരിപ്പിച്ചത്. ഈ മെലഡികളില്‍, നൃത്തം അവതരിപ്പിക്കാന്‍ ആകര്‍ഷകമായ സ്ത്രീ ശരീരങ്ങളെ ഉപയോഗിക്കുന്നു. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങള്‍ വിച്ഛേദിക്കപ്പെട്ട യൂണിറ്റുകളാണ്, മുഴുവന്‍ ശരീരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, സ്ത്രീ ശരീരത്തിന്‍റെ ചില പ്രത്യേക ഭാഗങ്ങളെ ചുറ്റിപ്പറ്റിയാണ് ക്യാമറ ചലിക്കുന്നത്. ഉദാഹരണത്തിന്, ‘ചോളി കെ പീച്ചേ ക്യാ ഹേ’ എന്ന ഹിന്ദി വരികളിലും ഏറ്റവും പുതിയ, ‘ചിപ്ക ലേ സയ്യാന്‍ ഫെവിക്കോള്‍ സെ’ യിലും ഇത് കാണാം. സ്ത്രീകളെ വസ്തുക്കളായി പ്രതിനിധീകരിക്കുന്ന ഐറ്റം നമ്പറുകളുടെ ഏകീകരണത്തിനുള്ള ഒരു സൈറ്റായി പെണ്ണുടല്‍ രൂപാന്തരപ്പെടുന്നു. ഒരു സ്ത്രീയെ ഒരു കൂട്ടം പുരുഷന്മാര്‍ പീഡിപ്പിക്കുകയും വശീകരിക്കുകയും ചെയ്യുന്നതായി ചിത്രീകരിക്കുന്ന ഒരു പാട്ടും നൃത്തവും നിസ്സംശയമായും സര്‍ഗ്ഗാത്മകമാണെങ്കിലും, അത് വിരോധാഭാസമാണ്.

പൃഥ്വിരാജിന്‍റെ ആദ്യ ചിത്രമായ ലൂസിഫറിലും വാലുഷ ഡിസൂസ അഭിനയിച്ച അതേ ഐറ്റം ഗാനം ഇതിനു തെളിവാണ്.
കോറിയോഗ്രാഫിയില്‍ സ്തനങ്ങളുടെയും പെല്‍വിസിന്‍റെയും ലൈംഗിക കാമനകള്‍ ഉണര്‍ത്തുന്ന രീതിയില്‍ ബോധപൂര്‍വമായി ഉയര്‍ത്തിക്കാണിക്കുന്നു. സ്ത്രീയെ മൊത്തത്തില്‍ ചിത്രീകരിക്കുന്നതിനുപകരം, അവളുടെ നെഞ്ച്, മധ്യഭാഗം, കാലുകള്‍, കണ്ണുകള്‍, വായ എന്നിവയില്‍ വേഗത്തില്‍ ക്യാമറ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

പാശ്ചാത്യ വസ്ത്രങ്ങള്‍ക്ക് പകരമായി, നായികയുടെ ‘ശുദ്ധി’യെ പ്രതീകപ്പെടുത്താന്‍ യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചിരുന്നതിനെ ശൃംഗാരവല്‍ക്കരിക്കുന്ന പരമ്പരാഗത ഇന്ത്യന്‍ വസ്ത്രധാരണത്തിന്‍റെ ലൈംഗികവല്‍ക്കരിക്കപ്പെട്ട വ്യാഖ്യാനങ്ങളാണ് ഐറ്റം സോംഗ് വസ്ത്രങ്ങള്‍. ഈ നൃത്ത നമ്പരുകള്‍ അവയുടെ താളം ഉപയോഗിച്ച് ഒരു പാര്‍ട്ടിയുടെ മൂഡ് ഉയര്‍ത്താന്‍ മാത്രമുള്ളതല്ല എന്നതാണ് പ്രശ്നം. ഈ ‘ഐറ്റം ഡാന്‍സ് നമ്പറുകള്‍’ സ്ത്രീത്വത്തെ തരംതാഴ്ത്തുന്ന ഒരു പ്ലാറ്റ്ഫോമായി കാണാം. പ്രധാന കഥാപാത്രത്തെ (ഒരു സൂപ്പര്‍സ്റ്റാര്‍) പോലും ഒരു വസ്തുവായി ചിത്രീകരിച്ച്, അല്പവസ്ത്രങ്ങളും കനത്ത മെയ്ക് അപ്പും ധരിച്ച്, സാധ്യമായ ഏറ്റവും നിന്ദ്യമായ രീതിയില്‍ സ്ത്രീവിരുദ്ധ ഗാനങ്ങള്‍ക്ക് നൃത്തം ചെയ്യുന്നു. തല്‍ഫലമായി, വിനോദത്തിന്‍റെയും വസ്തുനിഷ്ഠതയുടെയും സമര്‍ത്ഥമായ മിശ്രണമായ ‘ഐറ്റം ഡാന്‍സ്’ മലയാളം മസാല മൂവി പാക്കേജിലെ ഒഴിവാക്കാനാവാത്ത ഒരു ഘടകമായി മാറിയെന്ന് നമുക്ക് അവകാശപ്പെടാം.


പുരുഷാധിപത്യ സംസ്കാരം പുരുഷനെ “മാനദണ്ഡമായും” സ്ത്രീയെ ‘അപരയായും’കാണുന്നതിനാല്‍, അവള്‍ എല്ലായ്പ്പോഴും ഒരു പുരുഷന്‍റെ കണ്ണിലൂടെയാണ് വീക്ഷിക്കപ്പെടുന്നത്. സ്റ്റീരിയോടൈപ്പുകള്‍ തകര്‍ക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നിട്ടും, സ്ത്രീകള്‍ പലപ്പോഴും ഇത്തരം ശരീര പ്രദര്‍ശനത്തിന് നിര്‍ബന്ധിതരാവുന്നു. ഇത്തരം രംഗങ്ങളില്‍ പെണ്‍കുട്ടി ഒരു പ്രലോഭകയുടെ വേഷം സ്വീകരിക്കുന്നതാണ് നാം കാണുന്നത്. അവള്‍ പുരുഷനോട് താന്‍ അവന്‍റെ പരിധിക്കപ്പുറത്താണെന്നും എന്നാല്‍ അയാള്‍ക്ക് അവളെ വേണമെങ്കില്‍ അവന്‍ സമ്പന്നനായിരിക്കണമെന്നും പ്രകോപനപരമായി പറയുന്നത് കാണാം “ഷീലാ കി ജവാനി” ഗാനം ഒരു സ്ത്രീയുടെ വീക്ഷണത്തെ കുറിച്ചുള്ളതാണെങ്കിലും, അത് അവളെ നെഗറ്റീവ് വെളിച്ചത്തില്‍ ചിത്രീകരിക്കുന്നു; അവള്‍ ഒരു “വാമ്പ്”ആണ്, അവളെ ആകര്‍ഷിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം അവള്‍ക്ക് ഭൗതിക വസ്തുക്കള്‍ നല്‍കുക എന്നതാണ്. സിനിമാ ബിസിനസില്‍ സ്ഥാപിതമായ ലിംഗപരമായ പുരുഷാധിപത്യവും അതുപോലെ തന്നെ പഴക്കമുള്ള സ്ത്രീവിരുദ്ധ പരിതസ്ഥിതിയും അത്തരം പാട്ടുകളില്‍ അഭിനയിക്കാന്‍ തിരഞ്ഞെടുക്കുമ്പോള്‍ സ്ത്രീകള്‍ ശാക്തീകരിക്കപ്പെടുന്നു എന്ന ആശയത്തിന്‍റെ ധ്രുവങ്ങളാണ്. സ്ത്രീ സ്വയം തീരുമാനമെടുക്കുകയാണോ അതോ ആധിപത്യം പുലര്‍ത്തുന്ന വികലമായ സാമൂഹിക ഘടനയാണോ അവള്‍ക്ക് വേണ്ടി ഇത് എടുക്കുന്നത്? സ്ത്രീകളെ പൊതുവെ ലൈംഗിക വസ്തുക്കളായോ കാഴ്ച വസ്തുക്കളായോ കാണുന്ന ഒരു വ്യവസായത്തില്‍ ശാക്തീകരണത്തിനും അടിസ്ഥാനപരമായ പക്ഷപാതത്തിനും ഇടയിലുള്ള രേഖയെ മറികടക്കാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാകുന്നു.

ഡോ. അനുപമ എ. പി.
അധ്യാപിക
ഇംഗ്ലീഷ് വിഭാഗം
VIT-AP യൂണിവേഴ്സിറ്റി

COMMENTS

COMMENT WITH EMAIL: 0