ഗവേഷണ മാര്‍ഗ്ഗദര്‍ശിയെ തേടി നടന്ന കാലത്ത് ‘ചരിത്രമൊക്കെ മനസ്സിലാക്കി വേണം തീരുമാനമെടുക്കാന്‍’ എന്ന് പലരും മുന്നറിയിപ്പ് നല്‍കി. പഠിക്കാന്‍ പോകുന്ന വിഷയത്തിന്‍റെ ചരിത്രത്തെക്കുറിച്ചല്ല അവര്‍ പറഞ്ഞത്. മാര്‍ഗ്ഗദര്‍ശിയുടെ മുന്‍കാലത്തെക്കുറിച്ചാണ്. വിദ്യാര്‍ത്ഥിനികളോടുള്ള ഇടപെടലിനെപ്പറ്റിയാണ്. മുമ്പേ തന്നെ പല അനുഭവകഥകളും കേട്ടിട്ടുണ്ട്. അതിജീവിതകളില്‍ നിന്ന് നേരിട്ട് തന്നെ. ജീവിതത്തിലെ മറക്കാനാകാത്ത ഒരു സംഭവം എഴുതാന്‍ പറഞ്ഞപ്പോള്‍ ഒരു പെണ്‍കുട്ടി അധ്യാപകനില്‍ നിന്ന് തനിക്ക് നേരിട്ട ദുരനുഭവമാണ് വിവരിച്ചത്. രണ്ടോ മൂന്നോ വര്‍ഷം മുമ്പ് നടന്ന സംഭവം അവളിന്നും ഉള്‍ക്കിടിലത്തോടെ മാത്രം ഓര്‍ക്കുന്നു. അവസാനം ഭ്രാന്താണവള്‍ക്കെന്ന് പറഞ്ഞു പരത്തി കുറ്റവാളിയായ അധ്യാപകന്‍. അവളെഴുതിയ കുറിപ്പ് ഇന്നും ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്.
‘ഇന്‍റേണല്‍ മാര്‍ക്ക് പേടിച്ചിട്ടാ തുറന്നു പറയാതിരുന്നത്’ എന്ന് മറ്റൊരു പെണ്‍കുട്ടി പറഞ്ഞിട്ടുണ്ട്. എന്തും വരട്ടെയെന്ന് വിചാരിച്ച് തുറന്നു പറഞ്ഞപ്പോള്‍ അധ്യാപകരെല്ലാം ഒറ്റക്കെട്ടായി എന്ന് മറ്റൊരുവള്‍ പറഞ്ഞു. വിനോദയാത്ര പോകുമ്പോള്‍ അധ്യാപകന്‍ അടുത്ത് വന്നിരുന്നതും കെട്ടിപ്പിടിച്ചതും ഉമ്മ വെയ്ക്കാന്‍ ശ്രമിച്ചതും അവളുടെ മായക്കാഴ്ചയായി മാറ്റിക്കളഞ്ഞു അപ്പോഴേക്കും. മാഷിന്‍റെ ഭാവി, കുടുംബം അവരെ വിചാരിച്ചെങ്കിലും പരാതിയില്‍ നിന്ന് പിന്മാറണമെന്ന് പറഞ്ഞു വന്ന എത്രയോ പേര്‍…
ഫീല്‍ഡ്സ്റ്റഡിക്ക് ഒറ്റയ്ക്ക് പോകാം, ഒരുമിച്ച് മുറിയെടുത്ത് നില്ക്കാം എന്നു പറഞ്ഞ മാര്‍ഗ്ഗദര്‍ശിയെ കേള്‍ക്കാഞ്ഞതിന് പിന്നെ, അവള്‍ക്കായി കുറ്റം. എഴുതാന്‍ കഴിവില്ല, ഭാഷയറിയില്ല, ഒന്നും പോരാ.. പോരാ… പ്രബന്ധം പലവട്ടം മാറ്റിയെഴുതിപ്പിക്കുന്നു.
ആഗോളതലത്തില്‍ തന്നെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ലൈംഗിക അതിക്രമം വലിയ പ്രശ്നമാണെന്ന് പഠനങ്ങള്‍ പറയുന്നു.
സര്‍ട്ടിഫിക്കറ്റ് കൃത്യ സമയത്ത് ലഭിക്കണമെന്ന് കരുതി, ഇന്‍റേണല്‍ മാര്‍ക്ക് കുറഞ്ഞ് പോകരുതെന്ന് കരുതി, പുറത്തറിയിച്ചാല്‍ പിന്നീട് ഉപദ്രവിക്കുമോ എന്ന് ഭയന്നുമൊക്കെയാണ് പല പെണ്‍കുട്ടികളും തങ്ങള്‍ക്ക് നേരേ നടന്ന ലൈംഗിക അതിക്രമത്തെപ്പറ്റി മറച്ചു വെയ്ക്കാന്‍ ശ്രമിക്കുന്നത്. അതവരെ വലിയ മാനസികാഘാതത്തില്‍ കൊണ്ടുചെന്നെത്തിക്കുന്നു. പിന്നീടുള്ള ജീവിതത്തെ സാരമായി ബാധിക്കുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല, പ്രശ്നം അധ്യാപികമാര്‍ക്കുമുണ്ട്. സഹപാഠികളില്‍ നിന്നുമുണ്ടാകുന്നുണ്ട്. ലൈംഗിക അതിക്രമം എന്നു കേള്‍ക്കുമ്പോള്‍ അതിനെ സ്വയം നിര്‍വ്വചിക്കുന്നവരാണ് പലരും. നോക്കിലോ, വാക്കിലോ, പ്രവൃത്തിയിലോ പീഡിപ്പിക്കപ്പെടാം എന്നറിയുന്നില്ല. കൃത്യമായ അവബോധം ഉണ്ടാവുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
പരാതിപ്പെട്ടാലും പരിഹരിക്കപ്പെടുന്നില്ല എന്നതാണ് ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്നം. അതിന് പല കാരണങ്ങളുണ്ട്. ലൈംഗിക അതിക്രമ സാധാരണവത്ക്കരണം, വിഷലിപ്തമായ അക്കാദമിക ആണ്‍കോയ്മ സംസ്കാരം, നിശബ്ദ സംസ്ക്കാരം, ആര്‍ജ്ജവമുള്ള നേതൃത്വത്തിന്‍റെ അഭാവം എന്നിവയെല്ലാം തുറന്നു പറച്ചിലിനെ തടയിടുന്നവയാണ്.
സഹസ്രാബ്ദ്ങ്ങളായി അടിമയായി ജീവിച്ചവള്‍ അത്ര എളുപ്പമൊന്നും നവീകരിക്കപ്പെടില്ല. തിരിച്ചും, കാലങ്ങളായി ആണ്‍കോയ്മയുടെ മിടുക്ക് കാണിച്ചവര്‍ എളുപ്പത്തില്‍ സംസ്ക്കരിക്കപ്പെടുന്നുമില്ല. ആത്മസംയമനം, സഹവര്‍ത്തിത്വം, പാരസ്പര്യം, കരുണ എന്നിങ്ങനെയുള്ള മൂല്യങ്ങള്‍ പഠിച്ചു വരുന്നേയുള്ളൂ. ആധുനിക മനുഷ്യന്‍ എന്നു പറയുമ്പോഴും സംസ്കാരത്തിലൂടെ ആര്‍ജ്ജിച്ചെടുത്ത ശീലങ്ങള്‍ ഒരു നിമിഷത്തില്‍ തകര്‍ന്നു പോകാവുന്ന അവസ്ഥയിലാണുള്ളത് എന്ന് ഓരോ അനുഭവവും പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് ചിലരെങ്കിലും ‘എന്നോടിങ്ങനെയല്ല അയാള്‍ നിന്നോടെന്തുകൊണ്ട് ‘ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത്. ലൈംഗിക അതിക്രമം ,പൊതുവെ തന്നേക്കാള്‍ ബലഹീനരോടാണ്. പുറത്ത് പറയില്ല എന്ന ധൈര്യത്തില്‍ നിന്ന്…
അഭ്യന്തര പരാതി പരിഹാര കമ്മറ്റികളൊക്കെയുണ്ടെങ്കിലും തുറന്ന് പരച്ചിലിന് ഇപ്പോഴും ധൈര്യമായിട്ടില്ല. ഒരു പരിധി വരെ പരാതികള്‍ ശരിയായ വിധത്തില്‍ പരിഹരിക്കപ്പെടുന്നുമില്ല. മാനസികവും സാമൂഹികവുമായി ഒറ്റപ്പെട്ടു പോകുന്നു അതിജീവിതകള്‍ അല്ലെങ്കില്‍ ഇരയാക്കപ്പെട്ടവര്‍. ആജീവനാന്തം ശിക്ഷിക്കപ്പെടുന്നത് ഇരകളാണ്.
പരാതി പരിഹാര ഇടത്ത് നടക്കുന്നത് പേരിനൊരു ശാസന മാത്രമാവും, അല്ലെങ്കില്‍ ക്ഷമാപണം. പുരുഷനായാല്‍ മതി – അധികാര കേന്ദ്രമായിക്കഴിഞ്ഞു അവര്‍. അധികാര ലോകം മുഴുവന്‍ പലവിധ ന്യായീകരണങ്ങളോടെ പുരുഷനെ അനുകൂലിക്കുന്നു. ഇര കൂടുതല്‍ സമ്മര്‍ദ്ദത്തിന് അകപ്പെടുന്നു.
ലൈംഗികാതിക്രമം തടയുന്നതിന്, നിയമം അനുശാസിക്കുന്ന രീതിയില്‍ പോകാന്‍ സാധിക്കണം. സ്ഥാപനങ്ങള്‍ക്കുള്ളിലെ നവീകരണം ഫലപ്രദമാക്കണം. നിയമങ്ങള്‍ ധാരാളമുണ്ടെങ്കിലും വ്യവസ്ഥാപിത ലോകം അത്ര എളുപ്പമൊന്നും സ്ത്രീ സൗഹൃദാന്തരീക്ഷത്തെ പുല്‍കുകയില്ല. സ്ഥാപനങ്ങളാണെങ്കില്‍ ലൈംഗികാതിക്രമം തടയുന്നതിനോ പരിഹരിക്കുന്നതിനോ ശ്രമിക്കുന്നതിനു പകരം ഈ വിഷയത്തെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്ന് പറഞ്ഞ് നിസ്സാരവത്ക്കരിക്കുകയാണ് ചെയ്യുന്നത്.
നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപന ങ്ങളില്‍ പ്രത്യേകിച്ച് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ എഴുപതു ശതമാനവും പെണ്‍കുട്ടികളാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ അവരെ ഭരിക്കുന്നത് മുപ്പത് ശതമാനത്തിനുള്ളിലുള്ളവര്‍. ന്യൂനപക്ഷമെന്ന് പറയുമ്പോഴും ശക്തി ആണ്‍പക്ഷത്തിനു തന്നെയാകുന്നു. അധികാരസ്ഥാനങ്ങള്‍ ചോദിച്ചു വാങ്ങാന്‍ ഇന്നും നമ്മുടെ പെണ്‍കുട്ടികള്‍ക്കായിട്ടില്ല എന്നത് തന്നെ അതിക്രമത്തെയും അവര്‍ സഹിച്ചു കൊള്ളും എന്നൊരു സന്ദേശം കൊടുക്കുന്നുണ്ട്. രസമെന്താണെന്നു വെച്ചാല്‍, മിക്ക സ്ഥാപനങ്ങളിലെയും പ്രധാന ബോര്‍ഡുകളില്‍ സ്ത്രീ പ്രാതിനിധ്യം കുറവാണെന്നതാണ്.
ഓരോ സ്ഥാപനവും ധീരമായ നിലപാടെടുക്കേണ്ടതുണ്ട്. ലൈംഗിക പീഡനം തടയുന്നതിനും പ്രതിരോധിക്കുന്നതിനും നിലവിലെ സംവിധാനങ്ങള്‍ പരിഷ്ക്കരിക്കേണ്ടതുമുണ്ട്. എല്ലാ വ്യക്തികളെയും തുല്യതയോടെ കാണാനും ബഹുമാനിക്കാനുമുള്ള തരത്തിലേക്ക് നമ്മുടെ ക്യാമ്പസുകള്‍ മാറേണ്ടതുണ്ട്. നിയമ സംവിധാനങ്ങള്‍ ഉറപ്പുതരുന്ന നീതി നേടിയെടുക്കേണ്ടതുണ്ട്. അതിനായി ഇച്ഛാശക്തി കാണിക്കേണ്ടതുണ്ട്.
ചലച്ചിത്ര-സാംസ്ക്കാരിക – സാഹിത്യ ലോകത്താണ് ഇപ്പോള്‍ ‘മീറ്റൂ’ ശക്തിയാര്‍ജ്ജിച്ചിരിക്കുന്നത്. ക്യാമ്പസുകളിലേക്ക് വരാന്‍ അധിക സമയമെടുക്കില്ല. എവിടെയാണോ മറച്ചു വെച്ചത്, അത് തീര്‍ച്ചയായും പുറത്തുചാടും. കാലം ചില കാവ്യനീതികള്‍ ഒരുക്കി വെച്ചിട്ടുണ്ട്. അതുകൊണ്ട്, ആണഹന്തയുടെ മനഃശാസ്ത്രവുമായി നടക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ജാഗ്രത!
ക്യാമ്പസുകള്‍ കൂടുതല്‍ ജന്‍റര്‍ സൗഹൃദപരമാക്കേണ്ടതുണ്ട്. ആണ്‍കോയ്മ സംസ്ക്കാരത്തെ ഉടച്ചുവാര്‍ക്കേണ്ടതുണ്ട്. അതുവഴി സമത്വമുള്ള, സംസ്കാരമുള്ള ഒരു ക്യാമ്പസായി ഉയര്‍ത്താവുന്നതാണ് ഏത് സ്ഥാപനത്തെയും. നമ്മുടെ ക്യാമ്പസുകള്‍ കൂടുതല്‍ സ്ത്രീ സൗഹൃദമാക്കട്ടെ!
COMMENTS