Homeചർച്ചാവിഷയം

ഭാഷയും സ്ത്രീയും: പ്രതിസന്ധികളും സാധ്യതകളും

സ്വയം നവീകരിക്കുക എന്ന വിശാലമായ ലക്ഷ്യത്തോടെ എഴുതുന്നതുകൊണ്ട് പാരമ്പര്യങ്ങളെ അതിലംഘിക്കാനുള്ള വ്യഗ്രത നിറഞ്ഞവയാണ് സ്ത്രീ രചനകള്‍ എല്ലായ്പ്പോഴും. ഇങ്ങനെയൊരു ലക്ഷ്യം ഉണ്ടായിരിക്കുമ്പോഴും ആണധികാര സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ഉപയോഗിക്കുവാനുള്ള ഭാഷ ലിംഗവല്‍ക്കരിക്കപ്പെടുന്നത് വളരെ സ്വാഭാവികമാണ്. പുരുഷന്മാരായ എഴുത്തുകാര്‍ ഒഴുക്കുള്ളതും ഉയര്‍ന്ന അളവില്‍ ആവിഷ്കരണസാധ്യതകളുള്ളതും പുരുഷാഭീഷ്ടങ്ങള്‍ക്കനുസൃതവുമായ ഭാഷ സ്വന്തമെന്നോണം ഉപയോഗിക്കുന്നതിനെക്കുറിച്ച് വെര്‍ജിനീയ വൂള്‍ഫ് പറയുന്നുണ്ട്. ഭാഷയുടെ ഉടമസ്ഥന്‍ പുരുഷനാണെന്നു സാരം. അവന്‍റെ ഭാഷ അയവുകളില്ലാത്തതും ആത്മബോധത്തിന്‍റെ സ്പര്‍ശമുള്ളതുമാണ്.സ്ത്രീയുടെ ഉപയോഗങ്ങള്‍ക്ക് ഒരു ഭാഷ തന്നെ ഉണ്ടാവണമെന്നില്ല. അവള്‍ തന്‍റെ ആവശ്യങ്ങള്‍ക്കായി ഭാഷ കടം പറ്റുന്നു. അതാകട്ടെ തീര്‍ത്തും അനുചിതവും അപൂര്‍ണവും .സ്ത്രീ ഭാഷയുടെ സവിശേഷതകളായി ടിലി ഓര്‍സണ്‍ ,അഭാവങ്ങളെയും നിഷേധങ്ങളെയും നിശബ്ദതയെയും ചിത്തഭ്രമത്തെയും ചൂണ്ടിക്കാണിക്കുന്നത് ഇതുകൊണ്ടാണ്.സ്ത്രീ രചനയില്‍ അഭാവം ,നിഷേധം ,നിഗൂഢത തുടങ്ങി Syntagmatic Elements  ഉം പുരുഷ രചനകളില്‍ പ്രഭാവം ,സ്വാധീനം ,സുതാര്യത ഇവ സൂചിപ്പിക്കുന്ന Paradigmatic Elements ഉം കൂടുതലുള്ളതായി ആന്‍ സെക്സ്റ്റന്‍ ഉദാഹരണങ്ങളോടെ സമര്‍ത്ഥിക്കുന്നുണ്ട്. (പ്രശാന്ത് കുമാര്‍ 2008 ) ലൈംഗികാധികാരത്തിന്‍റെ മുഖ്യ ഘടകം ഭാഷയായതുകൊണ്ടും സ്വന്തമായി ഭാഷയില്ലാത്തതുകൊണ്ടും  സ്ത്രീയുടെ എഴുത്ത്  അധികാരവ്യവസ്ഥകളെ മാറ്റിയെഴുതുകയല്ല , മറിച്ച് അവയെ പുതുക്കിയെഴുതല്‍ മാത്രമായിത്തീരുന്നു.

എഴുത്തുകാരികള്‍ അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധിയായി ഇക്കാര്യം എന്‍.കെ. രവീന്ദ്രനും പറയുന്നു. പദസംഹിത , ചിഹ്ന വ്യവസ്ഥ , അര്‍ത്ഥം , ശൈലി , പ്രയോഗം, വ്യാകരണനിയമങ്ങള്‍ ഒക്കെയും പുരുഷനു വേണ്ടിയുള്ളതാണ്. അവനെ കേന്ദ്രീകരിച്ചുള്ളതും അവന് സ്വയം പ്രകാശനത്തിനുള്ളതുമാണ്. പൗരുഷത്തെ മാതൃകയായെടുക്കുകയും സ്ത്രൈണതയെ അനുബന്ധമായി പരിഗണിക്കുന്നതുമാണ് നിലവിലുള്ള ഭാഷയെന്ന് അദ്ദേഹം സ്ഥാപിക്കുന്നു.

സ്ത്രീയുടെ ആവിഷ്കരണങ്ങള്‍ക്കിണങ്ങാത്ത ഭാഷ ഉപയോഗിക്കുമ്പോള്‍ അതൊരു വൈകല്യമായി മാറുകയെന്ന പരിമിതി സ്ത്രീരചനകള്‍ നേരിടുന്ന പ്രശ്നമാണ്. ഡാലിസ്പെന്‍സറിന്‍റെ Man Made Language ڔ (1981  ല്‍ ഭാഷ പൂര്‍ണ്ണമായും മാസ്ക്യുലിന്‍ ആണെന്നും അതിനൊരു നിഷ്പക്ഷമാധ്യമമായി രൂപാന്തരപ്പെടാനാവില്ലെന്നും നിരീക്ഷിച്ചിട്ടുണ്ട്. ആണധികാര സമൂഹങ്ങളില്‍ ഭാഷാചിഹ്നങ്ങളും ഭാവനകളും ബിംബങ്ങളുമെല്ലാം പുരുഷകേന്ദ്രിതവും പുരുഷസൃഷ്ടവുമായിരിക്കും, സ്ത്രീകളുടെ അനുഭവങ്ങളെ ആവിഷ്കരിക്കാന്‍ അപര്യാപ്തങ്ങളും.

പുരുഷന്മാരുടെ അധികാരവും പദവിയും മഹനീയതയുമെല്ലാം ഭാഷാപ്രയോഗങ്ങളില്‍ڔ സംരക്ഷിക്കപ്പെടുന്നു. അതു കൊണ്ടാണ് ആലോചനാലേശമില്ലാതെ സമഗ്രവും സ്വതന്ത്രവുമായ ഭാഷാവിനിമയം പുരുഷന്മാര്‍ക്കു സാധ്യമാവുന്നത്. അവര്‍ക്ക് അപകീര്‍ത്തികരമായതൊന്നും ഭാഷയുടെ മുഖ്യധാരയാലില്ല. കണ്ഠാധരജിഹ്വതാലുക്കളെയെല്ലാം വിഷലിപ്തമാക്കുന്ന ഒരു ഭാഷയാണ് സ്ത്രീകള്‍ക്കുപയോഗിക്കേണ്ടി വരുന്നതെന്നു മോണിക് വിറ്റിങ് പറയുന്നു. സ്ത്രീകളെ കൊന്നുകളയുന്ന വാക്കുകളെക്കൊണ്ടും പുരുഷന്മാരെ വിജുഗീഷുക്കളാക്കുന്ന ചിഹ്നങ്ങളെക്കൊണ്ടും നിര്‍മ്മിക്കപ്പെട്ടതാണ് ആ ഭാഷയെന്നും വിറ്റിങ് പറയുന്നു. ‘ (എന്‍ കെ രവീന്ദ്രന്‍ 2010: 67)

സ്ത്രീകളുടേതു മാത്രമായ മാനസിക ശാരീരികാവസ്ഥകള്‍ ,വികാരങ്ങള്‍ , ചിന്തകള്‍ തുടങ്ങിയവയുടെ സമഗ്രവും സൂക്ഷ്മവുമായ വിനിമയത്തിനു പാകമായ ഭാഷയുടെ അഭാവം സ്ത്രീകള്‍ക്ക് പരിമിതിയാവുന്നു. ആത്മവിശ്വാസമോ ആധികാരികതയോ ഇല്ലാത്ത വിധത്തിലാണ് ഭാഷയുമായുള്ള അവളുടെ ഇടപെടലുകളെല്ലാം തന്നോട് സൗഹൃദമില്ലാത്ത , എപ്പോഴും വിധേയത്വം ആവശ്യപ്പെടുന്ന അതേ ഭാഷ തന്നെ ഉപയോഗിച്ച് ആശയവിനിമയവും സര്‍ഗ്ഗാത്മകാവിഷ്കാരവും നടത്തേണ്ടി വരുന്നു. മര്‍ദ്ദകന്‍റെ അതേ ഭാഷ ,പക്ഷേ സംസാരിക്കാന്‍ എനിക്കതേയുള്ളൂ മാധ്യമമെന്ന് ആഡ്രിയന്‍റിച്ച് പറയുന്നത് അതുകൊണ്ടാണ്.സ്ത്രീകളും പുരുഷന്മാരും അവരവരുടെ ജീവിതത്തെ പകര്‍ത്തുന്നത്, അനുഭവങ്ങളുടെ സ്വത്വരൂപകല്പനകളെ നിയന്ത്രിക്കുന്ന സാമൂഹികഘടകങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. പോസ്റ്റ് സ്ട്രക്ച്ചറലിസ്റ്റ് ഫ്രഞ്ച് ഫെമിനിസ്റ്റ് സമീപനങ്ങള്‍ ,എന്താണു സ്ത്രീ എന്നറിയാത്തതുകൊണ്ടുതന്നെ പുരുഷന് സ്ത്രീ അനുഭൂതികളെ ,അനുഭവങ്ങളെ യഥാര്‍ത്ഥമായി ആവിഷ്കരിക്കാനാവില്ലെന്നു സമര്‍ത്ഥിക്കുന്നു.

സ്ത്രീക്കാണ് അവളുടെ ശരീരത്തെയും അനുഭവങ്ങളെയും സ്വതന്ത്രമായി പകര്‍ത്തുക, ശരീരവുമായി ബന്ധപ്പെട്ട വ്യത്യസ്തകളെ ആഘോഷിക്കാനും വെളിപ്പെടുത്താനുമുള്ള അവകാശം ഉപയോഗിക്കുക തുടങ്ങിയവയൊക്കെ സ്ത്രീകള്‍ക്കു നിഷേധിക്കപ്പെടുന്നു. പുരുഷന്‍റെ ആവിഷ്കാരങ്ങളില്‍ അവളൊരു അദൃശ്യത ആയി മാറാം. സ്ത്രീകള്‍ പുരുഷനെക്കുറിച്ചെഴുതുമ്പോഴും ഇതേ അപൂര്‍ണത സംഭവിക്കാവുന്നതാണ്. രണ്ടു സ്വത്വങ്ങളും ഇടകലരലുകള്‍ക്കോ സ്വതന്ത്രമായ വിനിമയങ്ങള്‍ക്കോ ഇടയില്ലാത്ത വിധം ആന്തരികമായ അധികാരശ്രേണികളില്‍ കൃത്യമായി നിബ ന്ധിക്കപ്പെടുന്നതാണതിന്‍റെ കാരണം.സ്ത്രീഭാഷ ( എലാമഹല ഘമിഴൗമഴല) എന്ന സങ്കല്പനത്തിനു പിന്നിലുള്ളതും ഭാഷയോടുള്ള സ്ത്രീയുടെ അന്യത്വവും അവിശ്വാസവുമാണ്. സ്വന്തം അനുഭവങ്ങളില്‍ നിന്നും വികാരങ്ങളില്‍ നിന്നും അകലം പാലിച്ച് , തികച്ചും തന്‍റേതല്ലാത്ത ഭാഷയില്‍ അവള്‍ സ്വയം പകര്‍ത്തേണ്ടി വരുന്നു.
സ്ത്രീക്കു സ്വന്തം ശരീരം ,ലൈംഗികത ഇവയെക്കുറിച്ചു പറയാന്‍ പുരുഷന്‍റെ വാക്കുകളാണുള്ളതെന്നു പറഞ്ഞു കഴിഞ്ഞു. ഭാഷയുടെ നിര്‍മ്മാതാവും അധികാരിയും എക്കാലത്തും പുരുഷനായിരുന്നു. സ്ത്രീകള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ,പറയാവുന്ന അനുഭവങ്ങള്‍ ഇവയ്ക്കെല്ലാം ആദികാലം മുതല്‍ക്കേ വിലക്കുകളുണ്ടായി. സ്ത്രീ വര്‍ഗ്ഗത്തിന്‍റെ ചരിത്രവും സാഹിത്യപാരമ്പര്യവും നിര്‍വ്വചിക്കപ്പെടുന്നത് അവരുടേതല്ലാത്ത ഭാഷയിലായിരുന്നു. പെണ്‍ഭാഷ / പെണ്ണെഴുത്ത് എന്ന സമീപനം തന്നെ ഭാഷയിലെ അസന്തുലിതമായ അധികാരഘടനകളെ നിഷേധിച്ചു കൊണ്ടുണ്ടായതാണ്.

മലയാളത്തിലെ ആദ്യകാലസാഹിത്യം പൂര്‍ണമായും പുരുഷന്‍റേതായിരുന്നു. സ്ത്രീ രചനകളുംڔ പുരുഷനിര്‍ണീതമായ മൂല്യവ്യവസ്ഥകളെ സംതൃപ്തമാക്കാന്‍ നിര്‍ബന്ധിതമായി. സ്ത്രീകള്‍ സാഹിത്യത്തിലേക്കു കടന്നുവരുന്നതിനെ പ്രോത്സാഹിപ്പിക്കാനോ കടന്നു വരാത്തതിനെക്കുറിച്ചു വേവലാതിപ്പെടാനോ ചരിത്രകാരന്മാരോ വിമര്‍ശകരോ ഉണ്ടായിരുന്നില്ല. അതിലെന്തെങ്കിലും അസ്വാഭാവികത പോലും അവര്‍ കണ്ടില്ല. സാഹിത്യത്തെ / കവിതയെ വനിതയായി സങ്കല്പിക്കുകയും എഴുത്ത്ڔ പുരുഷനാണെന്നുറപ്പിക്കുകയും ചെയ്യുന്ന നിരീക്ഷണങ്ങളാണല്ലോ കാവ്യശാസ്ത്ര ഗ്രന്ഥങ്ങളില്‍ സുലഭമായുണ്ടായിരുന്നത്. പുരുഷന്‍റെ/ എഴുത്തുകാരന്‍റെ ആസക്തികളെ തൃപ്തിപ്പെടുത്തുകയാണ് സ്ത്രീയുടെ / കവിതയുടെ ധര്‍മ്മം. ഇത്തരം പാരമ്പര്യ ധാരണകളെ ധിക്കരിച്ച് ,ആധിപത്യം പുലര്‍ത്തുന്ന വ്യവഹാരങ്ങളെ ,സാമൂഹിക മര്യാദകളെ മറികടക്കാനുള്ള ഊര്‍ജ്ജം സമ്പാദിക്കുക എളുപ്പമായിരുന്നില്ല. സ്വയം വെളിപ്പെടുത്താനുള്ള ഭാഷ കൂടി പുതിയതായി സൃഷ്ടിക്കേണ്ടി വരുന്നുവെന്നത് എഴുത്തുകാരി നേരിടുന്ന വലിയ വെല്ലുവിളിയുമാണ്.

നിലവിലുള്ള ഭാഷ പുരുഷാധികാരത്തിന്‍റെ ചിഹ്നങ്ങള്‍ പതിഞ്ഞ്, ലിംഗനീതിയുടെ എല്ലാ സാധ്യതകളെയും ഇല്ലാതാക്കിയ അധീശവ്യവഹാരം മാത്രമാണ്. ഭാഷയുടെ പരിമിതികളെക്കുറിച്ച് 1950 കളില്‍ കെ.സരസ്വതിയമ്മ എഴുതുന്നുണ്ട്. സ്പോര്‍ട്സ്മാന്‍ എന്നല്ലാതെ  സ്പോര്‍ട്സ് വുമണ്‍ എന്ന പ്രയോഗം ഭാഷയിലില്ലാത്തതിനു കാരണം, സ്ത്രീയുടെ കായിക വൈദഗ്ധ്യവും നര്‍മ്മബോധവും  മറ്റും എന്തിന് സ്ത്രീ തന്നെയും ഗാര്‍ഹികരംഗത്തിനപ്പുറം പോകുന്നത് അവജ്ഞാപൂര്‍വ്വം വീക്ഷിക്കുന്നതാണെന്ന് അവര്‍ കണ്ടെത്തുന്നു. സ്ത്രീയില്‍ നിന്ന് അളവില്ലാത്ത ത്യാഗവും സഹനശക്തിയും മാത്രംڔ പ്രതീക്ഷിക്കുന്ന സമൂഹം അവളിലെڔ സ്പോര്‍ട്സ്മാന്‍സ്പിരിറ്റ് സ്വാഗതാര്‍ഹമായി സ്വീകരിക്കുകയില്ല. ഏകപത്നീവ്രതം, ഭാര്യ തുടങ്ങിയ വാക്കുകളൊക്കെ സ്ത്രീയുടെ പരിമിതിയാവുന്നതിനെക്കുറിച്ച് സരസ്വതിയമ്മ രേഖപ്പെടുത്തുന്നുണ്ട്. ഭാഷയുടെ ഏകപക്ഷീയത ,സവിശേഷമായ ചില പ്രയോഗങ്ങള്‍ ഏക ലിംഗസൂചകമാവുന്നത് ,അതിലൂടെ ചില പ്രത്യേകാനുഭവങ്ങള്‍ ,അവസ്ഥകള്‍ അവര്‍ക്കു നിഷേധിക്കപ്പെടുന്നത് സരസ്വതിയമ്മ വസ്തുനിഷ്ഠമായി വെളിപ്പെടുത്തുന്നു. ഭാഷ സാംസ്കാരിക നിര്‍മ്മിതിയാണെന്നും അതു സ്ത്രീയുടെ വിധേയപദവിയെ സ്ഥാപിച്ചെടുക്കുന്നുവെന്നും വ്യക്തമാക്കുന്ന നിരീക്ഷണങ്ങള്‍ڔ1946ല്‍ തെക്കേക്കുന്നത്തു കല്യാണിയമ്മ അവതരിപ്പിച്ചതിനെപ്പറ്റി പി ഗീത എഴുതിയിട്ടുണ്ട്.ഭരിക്കപ്പെടുന്നവള്‍ എന്നര്‍ത്ഥമുള്ള ഭാര്യ എന്ന പദം അംഗീകരിക്കണമെങ്കില്‍ ഭാര്യന്‍ എന്നാവണം പുരുഷനെ വിളിക്കേണ്ടതെന്ന് കല്യാണിയമ്മ യുക്തിസഹമായി വാദിക്കുന്നു.

ഭാഷയിലെ അധികാരചിഹ്നങ്ങള്‍ സ്ത്രീയെ നിരന്തരം അന്യവല്‍ക്കരിക്കുമ്പോള്‍ അതിനോടുള്ള പ്രതിരോധം സ്വാഭാവികമായും അവരുടെڔ രചനകളില്‍ കടന്നുവരുന്നു. പുരുഷ വ്യവഹാരത്തിനകത്തു പ്രവര്‍ത്തിച്ചുകൊണ്ട് അതിനെ അപനിര്‍മ്മിക്കുന്ന ഭാഷ സൃഷ്ടിച്ചെടുക്കേണ്ടി വരുന്നതുകൊണ്ട് സ്ത്രീയുടെ എഴുത്ത് ഇരട്ടി അധ്വാനമുള്ള പ്രക്രിയയായിത്തീരുന്നുണ്ട്. മലയാളത്തില്‍ എല്ലാ എഴുത്തുകാരികളും ഏറിയും കുറഞ്ഞും ഇത്തരം അപനിര്‍മ്മിതികള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ബോധപൂര്‍വ്വമായും അല്ലാത്തതുമായ ഈ അഴിച്ചുപണിയലുകളാണ് സ്ത്രീയുടെ ഭാഷയെ ആയിരം നാവുകളുള്ള ഒന്നാക്കി പരിണമിപ്പിക്കുന്നത്.

ഭാഷയുടെ പുരുഷസ്വഭാവത്തെപ്പറ്റി ആദ്യകാല എഴുത്തുകാരികള്‍ മുതല്‍ ബോധവതികളായിരുന്നുവെങ്കിലും കൃത്യമായ സ്ത്രീപക്ഷ അവബോധത്തോടെ ഭാഷാ അപനിര്‍മ്മിതികള്‍ക്കുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത് സാറാജോസഫിന്‍റെ കൃതികളിലാണെന്നു കാണാം. ‘കന്യകയുടെ പുല്ലിംഗം’ , ‘ഈ ഉടലെന്നെ ചൂഴുമ്പോള്‍’ തുടങ്ങിയ കഥകളില്‍ സ്ത്രീഭാഷയുടെ വ്യത്യസ്തമായ പ്രതിസന്ധികള്‍ ആവിഷ്കൃതമാവുന്നു.
ഉപയോഗിക്കപ്പെടുന്ന ഭാഷ ,സ്ത്രൈണതയുടെ സവിശേഷതകളവതരിപ്പിക്കാന്‍ പര്യാപ്തമല്ല. പുതിയ ഭാഷ അനിവാര്യമാണ്. പക്ഷേ അത്തരമൊന്ന് സൃഷ്ടിക്കാനുള്ള അധികാരവും അവള്‍ക്കില്ല.അഭാവങ്ങളുടെ ,അപൂര്‍ണതകളുടെ ,നിശബ്ദതകളുടെ ആഖ്യാനമാണു സ്ത്രീഭാഷയെന്നുള്ള പരമ്പരാഗത ധാരണകള്‍ നിലനില്‍ക്കുമ്പോള്‍ കഥകള്‍ പുരുഷനിര്‍മ്മിതമായ ഭാഷ ഉപയോഗിച്ചു കൊണ്ട് അതേ ഭാഷയെത്തന്നെ അപനിര്‍മ്മിക്കുന്നതാണ് സാറാജോസഫിന്‍റെ ഇക്കഥകളില്‍ കാണുന്നത്. അധികാരത്തിന്‍റെ ഭാഷ അവള്‍ വിപരീതധ്വനികളോടെ ഉപയോഗിക്കുകയും അങ്ങനെ അതിന്‍റെ ആധികാരികതയെ ചോര്‍ത്തിക്കളയുകയും ചെയ്യുന്നു.

സാറാ ജോസഫിന്‍റെ പില്‍ക്കാല രചനകളില്‍ സ്ത്രീഭാഷാ നിര്‍മ്മാണത്തിന്‍റെ കൗതുകകരമായ തുടര്‍ച്ചകള്‍ കാണാം. അപനിര്‍മ്മിതികള്‍പ്പുറം പുത്തനൊരു ഭാഷാസംസ്കാരം തന്നെ രൂപപ്പെടുത്തിയെടുക്കാനുള്ള ഉദ്യമമാണത്.
അടിസ്ഥാനവിഭാഗങ്ങള്‍ എങ്ങനെയുണ്ടാവുന്നു ,അവര്‍ അടിസ്ഥാന വിഭാഗങ്ങളായിത്തന്നെ തുടരുന്നതെന്തുകൊണ്ട് ,ഒരു സമൂഹത്തിന്‍റെ ഭാഷ, മൂല്യങ്ങള്‍ ,വിശ്വാസം, ആചാരങ്ങള്‍ അധികാരശ്രേണികള്‍ ,ബോധന രീതികള്‍ ഇവയെല്ലാം ചേര്‍ന്ന് രൂപപ്പെടുത്തുന്ന സംസ്കാരത്തിന്‍റെ സ്വഭാവം തുടങ്ങിയവയെക്കുറിച്ച് ആധികാരികവും വസ്തുനിഷ്ഠവുമായ രേഖകളുടെ പുസ്തകമാണ്ڔ’ആലാഹയുടെ പെണ്മക്കള്‍’. സ്ത്രീയും പ്രകൃതിയുമായുള്ള  സമാനതകള്‍ക്ക് ,ഇഴുകിച്ചേരലുകള്‍ക്ക് ഇതിലെ സ്ത്രീകളുടെ  ജീവിതത്തില്‍ ഒട്ടേറെ ദൃഷ്ടാന്തങ്ങളുണ്ട്. നാട്ടുമൊഴികളുടെ ,തനതാചാരങ്ങളുടെ ,പ്രാകൃതമെന്നു വിലയിരുത്തപ്പെടാവുന്ന വിശ്വാസങ്ങളുടെ ഉള്‍ക്കരുത്താണവരുടെ ജീവിതത്തെ നിര്‍ണയിക്കുന്നത്.

ചാഴി വിലക്കാനും കുഞ്ഞുങ്ങളുടെ കരച്ചില്‍ നിര്‍ത്താനും നിഷ്കളങ്കവും നിഗൂഡവുമായ നമസ്കാരം ,ദൃഡനിശ്ചയംڔ ,നിരാശകളും ദുരന്തങ്ങളും മാത്രം അടിക്കടിയുണ്ടാവുമ്പോഴും പ്രത്യാശ.ഇതെല്ലാമാണവരുടെ സ്വത്വത്തെ രൂപപ്പെടുത്തുന്നത്. അതുകൊണ്ടു തന്നെ പെട്ടെന്നു വാടുന്നവരുമല്ല അവര്‍. ആലാഹയുടെ നമസ്കാരത്തിലെ നിഗൂഡമായ ഭാഷ സ്ത്രീകളുടെ പ്രതിരോധത്തിന്‍റെയും ശേഷികളുടെയും പ്രഖ്യാപനം കൂടിയാവുന്നുവെന്ന് നോവല്‍ വെളിപ്പെടുത്തുന്നു.

വര്‍ഷങ്ങള്‍ക്കു മുന്നേ സ്വയം പിടിച്ചെടുത്ത മണ്‍കട്ടകള്‍ കൊണ്ട് കുടിയേറ്റക്കാര്‍ڔ ഓരോരുത്തരായി കൂട്ടിച്ചേര്‍ത്തെടുത്തതാണ് കോക്കാഞ്ചറിയിലെ എട്ടു മുറി. അതിന്‍റെ ഉടമസ്ഥാവകാശവുമായി എമണ്ടന്‍ വാറുവെന്ന തൃശൂര്‍ക്കാരന്‍ വരുമ്പോള്‍ ഒത്തുതീര്‍പ്പുചര്‍ച്ചയ്ക്ക് ആണുങ്ങളെ മാത്രം വിളിപ്പിക്കുന്നു പള്ളി.ആണുങ്ങള്‍ സംസാരിക്കുന്നിടത്ത് പെണ്ണുങ്ങള്‍ ചെല്ലരുത്. അവര്‍ മുഖത്തു നോക്കി വര്‍ത്തമാനം പറയും. സ്വന്തം കിടപ്പാടം ,സ്വന്തംജീവിതം ചോര്‍ന്നുപോവുന്നത് വെറുതെ നോക്കി നില്‍ക്കാന്‍ പെണ്ണുങ്ങള്‍ക്കാവില്ല. അതു കെട്ടിപ്പടുത്തതും മുന്നോട്ടുകൊണ്ടുപോവുന്നതും പെണ്ണുങ്ങളാണ്. കള്ളുകുടിക്കാതിരുന്നാലും കുടിച്ചാലും തൊള്ള തുറക്കാത്ത ആണുങ്ങള്‍ക്കതില്‍ കാര്യമില്ല .ആണുങ്ങളുള്ള സഭയില്‍ പെണ്ണുങ്ങള്‍ മിണ്ടരുതെന്ന പത്രോസിന്‍റെ സുവിശേഷമാണ് പക്ഷേ അധീശവര്‍ഗ്ഗത്തിനു സൗകര്യപ്രദം. ആദ്യം അവര്‍ പെണ്ണുങ്ങളെ നിശ്ശബ്ദരാക്കുന്നു. അങ്ങനെ  പ്രതിരോധശ്രമങ്ങളുടെ കഴുത്തുഞെരിക്കുന്നു. പിന്നെ അവരുടെ ജീവിതം തന്നെ തുടച്ചു നീക്കുന്നു. കീഴാള വിഭാഗങ്ങളെ അവരുടെ അശുദ്ധികളില്‍ത്തന്നെ  നിലനിര്‍ത്തുന്നതാണ് അധീശവ്യവസ്ഥയുടെ നയതന്ത്രം.

പെണ്ണുങ്ങളും തീട്ടംകോര്യോളാണ് എന്ന് എട്ടു മുറിയിലെ പെണ്ണുങ്ങള്‍ സ്വന്തം ജീവിതത്തെ വിലയിരുത്തുന്നുണ്ട്. തീട്ടംകോരിയും രാപകല്‍ അധ്വാനിച്ചും മെനഞ്ഞുണ്ടാക്കുന്ന പെണ്‍ജീവിതങ്ങളുടെ നില നില്പിനാണ് ആനി ഇരുചെവിയും  പൊള്ളിക്കൊണ്ട് സകലരോഗങ്ങളെയും സര്‍വ്വ പിശാചുക്കളെയും എരിച്ചു കളയുന്ന ആ രഹസ്യമന്ത്രം ,ആലാഹയുടെ നമസ്കാരം സ്വീകരിക്കുന്നത്. അത് തിരസ്കൃതരുടെ അതിജീവനത്തിനുള്ളڔ മന്ത്രമാണ്. കീഴാളര്‍ക്കു വിലക്കപ്പെട്ട വിജ്ഞാനങ്ങളുടെ ബദല്‍. വിശേഷപ്പെട്ട സിദ്ധി ഭാഷയാണ്, ഇതുവരെ സദസ്സുകളില്‍ വിലക്കപ്പെട്ടതും ഉച്ചരിക്കപ്പെടാതിരുന്നതുമായ പെണ്‍വാക്കുകളാണ് സ്ത്രീയുടെ വിമോചനത്തിനു നിദാനമാകുന്നതെന്നു ആലാഹയുടെ പെണ്മക്കള്‍ പറയുന്നു. നിശ്ശബ്ദത പാലിക്കുക എന്ന വിലക്കോടെ കോക്കാഞ്ചറയുടെ തുറന്നു വിട്ട ഒച്ചകളെ നിരോധിക്കാനുള്ള അധീശത്വത്തിന്‍റെ ശ്രമങ്ങളും ഈ ഭീതി കൊണ്ടാണ്. അവര്‍ ഒച്ചകളെ ഭയപ്പെടുന്നു. ഭാഷയും വാക്കുകളും തിരിച്ചെടുക്കല്‍ മാത്രമല്ല പുതിയ ഭാഷയുടെ നിര്‍മ്മിതി കൂടി ‘ആലാഹയുടെ പെണ്മക്കളി’ലുണ്ടെന്നു പറഞ്ഞു കഴിഞ്ഞു.

അരിക്ഷാമത്തിന്‍റെ കാലത്ത് ആനിയും അമ്മാമയും രാത്രിڔ തങ്കമണിക്കേറ്റത്തിലേക്ക് കരിഞ്ചന്തയില്‍ നിന്ന് അരി വാങ്ങാന്‍ പോകുന്നുണ്ട്. പൊന്നിന്‍റെയും തങ്കത്തിന്‍റെയും പളപളപ്പുള്ള  സ്വപ്നസമാനമായ ഒരിടമായിരുന്നു ആ പേര് ആനിയുടെ മനസില്‍ വരച്ചിട്ടത്. യഥാര്‍ത്ഥത്തിലവള്‍ക്കതൊന്നും കാണാനാവുന്നില്ല. കുറ്റാക്കുറ്റിരുട്ട് മാത്രം. ആ യാത്ര എത്രയോ പ്രതീക്ഷ നിറഞ്ഞതായിരുന്നു. പക്ഷേ അവളെ ഏറ്റവും അപമാനിതയാക്കിക്കൊണ്ടാണതവസാനിക്കുന്നത്. ഭാഷയെ സംബന്ധിച്ച സന്ദിഗ്ദ്ധതകള്‍ ആനിയെ എന്നും സംഘര്‍ഷത്തിലാക്കുന്നു. ആനിയുടെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് മുതിര്‍ന്നവരുടെ ഭാഷയും പ്രയോഗങ്ങളും പലപ്പോഴും സൃഷ്ടിക്കുന്ന സംശയങ്ങളല്ല അത്. തങ്കമണിക്കേറ്റമെന്ന പേരു പോലെ കാവ്യാത്മകമായൊരു സര്‍ഗ്ഗപരത ആനിക്കും ഭാഷയ്ക്കുമിടയിലുണ്ട്. അത് പെണ്‍ഭാഷയുടെ ദാര്‍ശനികത തന്നെയാണ്.

സ്ത്രീകേന്ദ്രിതമായ പദാവലിയാണവിടെയുളളത്. സാമ്പ്രദായിക ഭാഷയെ അതിലംഘിക്കുന്നതിലെ പ്രതിഷേധവും ധിക്കാരവും സവിശേഷമാവുന്നു.ڔ വാക്യവിന്യാസക്രമങ്ങളെ തകര്‍ത്തും അര്‍ത്ഥമില്ലാത്ത പദങ്ങളുപയോഗിച്ചുമുള്ള ആലാഹയുടെ നമസ്കാരം ശക്തമായൊരു ബദലാണ്, അത്ഭുതകരമാം വിധം സര്‍ഗ്ഗാത്മകവും. ആണ്‍നിര്‍മ്മിതമായ അടയാളങ്ങളെയും വാക്കുകളെയും ധ്വംസിക്കുന്ന പ്രവണത ആനിയില്‍ڔ ശക്തമാവുന്നു. ഭാഷയിലൂടെ സ്ഥാപിതമായ അര്‍ത്ഥങ്ങളെ ഭാഷകൊണ്ടു തന്നെ നശിപ്പിക്കുക ബൈനറി ഓപ്പസിഷന്‍റെ ചിഹ്നങ്ങളെ മാറ്റിപ്പണിയുക. ഭാഷയിലൂടെ വ്യക്തമാവുന്ന സാമൂഹിക രാഷ്ട്രീയ സാംസ്കാരികതലങ്ങള്‍ പുനര്‍ചിന്തകള്‍ക്കു വിധേയമാവുന്നു. ആരെയും ബോധിപ്പിക്കാനല്ലാതെ സ്വന്തമായി ഉപയോഗിക്കാന്‍ വേണ്ടി സ്വയം വാക്കുകളുണ്ടാക്കുന്ന ധിക്കാരിയാണ് ആനി. കുഞ്ഞന്നം ടീച്ചറെക്കുറിച്ച് പറയാന്‍ അനി ചിച്ചി എന്നൊരു വാക്കുണ്ടാക്കുന്നു. മച്ചിക്കു പകരമാണത്. മൊല എന്ന ഉറക്കെ പറയാന്‍ വയ്യാത്ത വാക്കിനു പകരമാണ് ജമന്തി. അധീശത്വത്തിന്‍റെ അടയാളങ്ങളില്ലാത്ത പുതിയ ഭാഷ സൃഷ്ടിക്കാനുള്ള ശ്രമം. ലിംഗ കേന്ദ്രിതവ്യവസ്ഥڔ അശ്ലീലമാക്കിയ ഭാഷയില്‍ നിന്നകന്നു നില്‍ക്കലാണത്.

കുട്ടിപാപ്പന്‍റെ പ്രസംഗം അവളെ ത്രസിപ്പിക്കും. ഒരേ താളത്തില്‍ ,ഈണത്തില്‍ പഴയ പഴയ വാക്കുകളുപയോഗിച്ച് പറഞ്ഞതു തന്നെ പറയുന്ന പള്ളീലച്ചന്‍റെ പ്രസംഗത്തിന്‍റെڔ എതിര്‍ നിലയാണ് പിടയ്ക്കുന്ന വാക്കുകള്‍ കൊണ്ടുള്ള കുട്ടിപാപ്പന്‍റെ പ്രസംഗം.കുട്ടിപാപ്പന്‍ വിളിച്ചു വരുത്തുന്ന പുത്തന്‍വാക്കുകള്‍. വാക്കുകളെ വിളിച്ചു വരുത്തി അര്‍ത്ഥം പഠിപ്പിക്കുന്ന ഭാഷാകേളി ആനിക്കുമുണ്ട്. കട്ടിയുള്ള വാക്കുകളെക്കൊണ്ട് അവരുടെ അര്‍ത്ഥം സ്വയം പറയിപ്പിക്കുന്നു. അനുസരണയുള്ള കുട്ടികളായി വാക്കുകള്‍ അവള്‍ക്കു മുമ്പിലിരിക്കും. ക്ലാസില്‍ നിന്നവള്‍ പുറത്തിറക്കി വിട്ട വാക്കുകളും ശ്രദ്ധിക്കേണ്ടതാണ്. ഇത്യാദി ,അംശം, അധുനാ ,പൈദാഹം എന്ന നാലു വാക്കുകളും പഴക്കമേറിയവയും ജീവന്‍റെ തുടുപ്പില്ലാത്തവയുമാണ് .സ്ഥാപിതാര്‍ത്ഥങ്ങളുടെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്കു വളരുന്നതാണ് ആനിയുടെ ഭാഷ. അവളുടെ ജീവിതസ്ഥലികളിലും ആ ഭാഷയുടെ സാന്നിധ്യമുണ്ട്. കുട്ടിപാപ്പന്‍റെ മൂളലുകളനുകരിച്ച് ആനി ചിലപ്പോള്‍ മൂളലുകളിലൂടെ സംസാരിക്കും. ശാന്തിസേനയില്‍ പ്രമാണിമാര്‍ പറയുന്നത് അതേപടി ഏറ്റുപറയാന്‍ അവള്‍ തയ്യാറാവുന്നില്ല .പലതും മനസിലാവാത്തതുകൊണ്ടും അറിയാത്ത ആളെ മുണ്ടാ എന്നു വിളിക്കാന്‍ തയ്യാറല്ലാത്തതുകൊണ്ടും അവളുടെ അപ്പന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനായതുകൊണ്ടും മറ്റും. എല്ലാ കുട്ടികളും ഉറക്കെ തണ്ടാ മുണ്ടാ മുണ്ടശ്ശേരി എന്നു രസിച്ചുവിളിച്ചു പറയുമ്പോഴാണ് ആനിയുടെ ഈ നിഷേധാത്മകനിലപാട്. അച്ചടി വാക്കുകളിഷ്ടമില്ലാത്ത,ڔ അവ പറയാന്‍ ശ്വാസം പിടിച്ചു നില്‍ക്കണമെന്ന തോന്നലുള്ള ആനി. അവള്‍ ചിറകുകളുള്ള വര്‍ണ്ണപ്പകിട്ടുള്ളڔ വാക്കുകള്‍ സ്വപ്നം കാണുന്നു ,സ്വയമുണ്ടാക്കുന്നു. അനായാസം ഉപയോഗിക്കാവുന്നവ, എവിടെയും ഉറക്കെപ്പറയാവുന്നവ.ڔ ലീലാപരതയും ചലനാത്മകതയും അതിന്‍റെ നൈസര്‍ഗ്ഗിക ഗുണങ്ങളാണ്. ജീവിതം പോലെ ലളിതമായ വാക്കുകള്‍ .ഈ ഭാഷ ഒരേ സമയംڔ ധ്വംസനവും പുനസൃഷ്ടിയുമാണ്.

പ്രധാന സഹായ ഗ്രന്ഥങ്ങള്‍
സ്ത്രീരചനയുടെ സൗന്ദര്യശാസ്ത്രം -എന്‍.പ്രശാന്ത് കുമാര്‍
എഴുത്തമ്മമാര്‍ – പി.ഗീത
മൗനത്തിന്‍റെ നാനാര്‍ത്ഥങ്ങള്‍ – രവീന്ദ്രന്‍ എന്‍. കെ.
Virginia Woolf – Room of One’s own

 

 

 

 

 

ജിസ ജോസ്

വകുപ്പധ്യക്ഷ, മലയാള വിഭാഗം ബ്രണ്ണന്‍ കോളേജ്