Homeചർച്ചാവിഷയം

ബാല്യം കടക്കുന്ന ഡബ്ള്യുസിസി

ആശ ആച്ചി ജോസഫ്

രു പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചക്കിടയില്‍ താക്കോല്‍ വാക്കുകള്‍ക്കുള്ള പങ്ക് സൂക്ഷ്മമാണ്. ഡബ്ള്യുസിസിയുടെകാര്യത്തില്‍ വാക്കുകളിലൂടെയുള്ള വളര്‍ച്ച കൗതുകകരമാണ്.1975 അന്താരാഷ്ട്ര വനിതാവര്‍ഷമായി പ്രഖ്യാപിക്കുമ്പോള്‍ സ്ത്രീ ശാക്തീകരണം’ അഥവാ വിമന്‍ എംപവര്‍മെന്‍റ് എന്ന വാക്ക് അപരിചിതമായിരുന്നു. വിമെന്‍സ് ലിബറേഷന്‍’ / വനിതാ വിമോചനം അന്ന് സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ പരിചിതമായ ഒരു പദമായിരുന്നു. ആശയപരമായി ഭവിമോചനം’ ശാക്തീകരണ’ത്തെക്കാള്‍ വിപ്ലവകരമായ പദമല്ലേ എന്ന് പിന്നീട് സ്ത്രീ പ്രസ്ഥാനങ്ങള്‍ തന്നെ വാദിച്ചിരുന്ന സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്. സ്ത്രീവാദരാഷ്ട്രീയത്തിന്‍റെയും ജ്ഞാന മേഖലയുടെയും വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ഓരോ വാക്കുകളും അതാതിന്‍റെ സംവാദാന്തരീക്ഷങ്ങള്‍ സൃഷ്ടിക്കുകയും പുതിയ അറിവുകള്‍ രൂപപ്പെടുന്നതിന് കളമൊരുക്കുകയും ചെയ്തിട്ടുണ്ട്.
സ്ത്രീവാദത്തിന്‍റെ നാലാം തരംഗം ആഗോളമായി ചര്‍ച്ചചെയ്യപ്പെടുമ്പോള്‍, സ്വന്തം ശരീരത്തെയും ഇടത്തെയും സംരക്ഷിക്കാന്‍ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നടത്തുന്ന സ്ത്രീകളെ സഹിച്ചുകൂടാത്ത വലിയൊരു വിഭാഗം മലയാളി സമൂഹത്തിന്‍റെ പല തട്ടുകളിലും ഉണ്ട് എന്ന്  ‘ഫെമിനിച്ചി’ എന്ന അഭിസംബോധന ബോധ്യപ്പെടുത്തുന്നു. ഫെമിനിസം എന്ന വാക്കു ഉച്ചരിക്കുകയോ അറിയുകയോ ചെയ്തില്ലെങ്കില്‍ പോലും തുല്യത എന്ന ആശയത്തെ അഭിസംബോധന ചെയ്യാന്‍ വൈമുഖ്യമുള്ള ഒരു തൊഴില്‍ മേഖലയായി സാംസ്കാരിക വ്യവസായത്തിന്‍റെ ചുക്കാന്‍ പിടിക്കുന്ന സിനിമ മാറുന്നത് ഒട്ടും അഭിലഷണീയമല്ല. പുരോഗതിയെ സംബന്ധിച്ചുള്ള മൈതാന പ്രസംഗങ്ങളില്‍ സ്ത്രീകളുടെ പങ്കിനെ വാനോളം ഉയര്‍ത്തി പ്രതിഷ്ഠിക്കുകയും സ്ത്രീകള്‍ അവരുടെ ഭാവി സ്വയം നിര്‍ണ്ണയിക്കാന്‍ മുന്നിട്ടിറങ്ങുമ്പോള്‍ തലയ്ക്കു തീ പിടിച്ചതുപോലെ പെരുമാറുകയും ചെയ്യുന്നത് സമൂഹത്തിന്‍റെ രീതിയായി മാറിയിട്ടുണ്ട്.

പാശ്ചാത്യ രാജ്യങ്ങളില്‍ സ്ത്രീപുരുഷതുല്യതയുമായി ബന്ധമുള്ള ആശയങ്ങളും പദങ്ങളും രൂപപ്പെട്ടതിനും ഇന്ത്യന്‍ സാഹചര്യത്തിനും തമ്മില്‍ വളരെയേറെ അന്തരമുണ്ട്; ചരിത്രപരമായി സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ പരിതഃസ്ഥിതികള്‍ മനസ്സിലാക്കി വേണം പാശ്ചാത്യ ഫെമിനിസത്തെയും അവിടത്തെയും ഇവിടത്തെയും സ്ത്രീ പ്രസ്ഥാനങ്ങളെയും വിലയിരുത്താനെന്നും ഇതിനോടകം ധാരണയായിട്ടുണ്ട്. വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സിനിമാ മേഖലയിലെ സ്ത്രീ കൂട്ടായ്മയുടെ രൂപീകരണത്തോടെ തുല്യതയെ സംബന്ധിക്കുന്ന മലയാളി പൊതു സമൂഹത്തിന്‍റെ ഇരട്ടത്താപ്പുകള്‍ വ്യക്തമായിക്കൊണ്ടിരിക്കുന്നു.
രണ്ടായിരത്തിനു ശേഷം കേരളം കണ്ട പ്രധാനപ്പെട്ട സ്ത്രീ സമരങ്ങളെല്ലാം പ്രസക്തമാകുന്നതും പ്രത്യേക പഠനത്തിന് വിധേയമാകേണ്ടതും ഈ സാഹചര്യത്തിലാണ്. സ്ത്രീയുടെ ആളത്വത്തെ അവളുടെ ശരീരത്തിന്‍റെയും മനസ്സിന്‍റെയും അവയുടെ സ്വതന്ത്രമായ വ്യവഹാരങ്ങളുടെയും ഭാഗമായി അംഗീകരിക്കാന്‍ ഇന്നും കഴിയാതെ പോകുന്നതിന്‍റെ യഥാര്‍ത്ഥ കാരണം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ സ്ത്രീവിരുദ്ധ സമീപനമാണ്.

മിനിമം വേതനത്തിനുള്ള അവകാശം, ശരീരത്തിനും ജീവനും സ്വത്തിനും മേലുള്ള അവകാശം, അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം എന്നിങ്ങനെ ഇന്ത്യന്‍ ഭരണഘടന ഉറപ്പുതന്നിട്ടുള്ള അടിസ്ഥാന വിഷയങ്ങളിന്മേല്‍ കേരളത്തില്‍ സ്ത്രീകള്‍ ഇപ്പോഴും നിരന്തരം ശബ്ദമുയര്‍ത്തേണ്ടി വരുന്നുണ്ടെങ്കില്‍ പിന്നെ, ഇന്ത്യയുടെ മൊത്തം അവസ്ഥയെക്കുറിച്ച് എന്ത് പറയാന്‍? ഈ മുറവിളി ഇവിടത്തെ പുരുഷസമൂഹത്തോടു എന്താണ് അറിയിക്കുന്നത്? സെയില്‍സ് ഗേള്‍സിന്‍റെ, തേയിലത്തോട്ടം തൊഴിലാളികളുടെ, നഴ്സുമാരുടെ, കന്യാസ്ത്രീകളുടെ, ഒപ്പം ഡബ്ല്യൂസിസിയുടെ, പ്രതിരോധങ്ങളിലെ ഭാഷ സ്പഷ്ടമാണ്. ജന്‍ഡര്‍ പൊളിറ്റിക്സ് ഗൗരവത്തോടെ സമീപിക്കപ്പെടേണ്ടതാണ് എന്ന് ഇവ ഓരോന്നും ഊന്നിപ്പറയുന്നു.

1975 ല്‍ താന്‍ പങ്കെടുത്ത ചര്‍ച്ചകളെയും മുന്നേറ്റങ്ങളെയും കുറിച്ച് പ്രസിദ്ധ ഫെമിനിസ്റ്റ് ചിന്തക ലോറ മള്‍വി 2020 ഫെബ്രുവരിയില്‍ ഡബ്ള്യുസിസിയോട് സംസാരിക്കുകയുണ്ടായി. അതിലെ കൗതുകകരമായ ഒരു കാര്യം സ്വയം പര്യാപ്തരായ, ചിന്തിക്കാന്‍ കഴിവുള്ള സ്ത്രീകളുടെ അന്നത്തെ അവസ്ഥ ഇന്ന് ഇവിടെ കാണാന്‍ കഴിയുന്നു എന്ന ലോറയുടെ നിരീക്ഷണമാണ്. 1976 മുതല്‍ ലോകമൊട്ടാകെ ചര്‍ച്ച ചെയ്യപ്പെടുന്ന ആണ്‍ നോട്ടം എന്ന തന്‍റെ സിദ്ധാന്തത്തിനു മാറ്റങ്ങള്‍ വരുത്തിയത് അടിവരയിടുമ്പോള്‍ തന്നെ, ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്ന സാഹചര്യം ഒരു പക്ഷെ അന്ന് ബ്രിട്ടനില്‍ തങ്ങള്‍ അനുഭവിച്ചതില്‍ നിന്ന് വ്യത്യസ്തമല്ലായിരിക്കാം എന്നവര്‍ ഊഹിക്കുന്നു. തന്‍റെ സിദ്ധാന്തത്തില്‍ പുനഃപരിശോധിക്കപ്പെട്ട മേഖലകള്‍ വരെ എത്താന്‍ കേരളത്തിലെ പഠിതാക്കള്‍ക്ക് കഴിയാത്തതിന് പ്രധാന കാരണം ആണ്‍കാഴ്ചയെ സംബന്ധിക്കുന്ന സമൂഹത്തിന്‍റെ ചിന്തയില്ലായ്മയായിരിക്കാം എന്നും ലോറ അഭിപ്രായപ്പെടുന്നു.

മലയാള സിനിമയിലെ നടീനടന്മാരുടെ സംഘടന എ എം എം എയുടെ ജനറല്‍ സെക്രട്ടറി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമ ശ്രദ്ധ നേടിയത് അതിജീവിച്ച സഹപ്രവര്‍ത്തകയെ മരിച്ചുപോയവള്‍ എന്ന് വിളിച്ചുകൊണ്ടായിരുന്നു. മള്‍വി പരിതപിച്ചതുപോലെ, ഇനി എത്രവര്‍ഷങ്ങളെടുക്കും ഈ വ്യവസായ മേഖലയിലെ സ്ത്രീകളോട് തുല്യതയുടെ സാമാന്യ യുക്തിയോടെ പെരുമാറാന്‍ എന്നത് ഒരു ഫെമിനിസ്റ്റ് ചോദ്യം മാത്രമായി കാണുന്നിടത്താണ് ചലച്ചിത്ര വ്യവസായത്തിന്‍റെ അനാരോഗ്യം.

ലിംഗ പദവി രാഷ്ട്രീയത്തെ മുന്‍നിര്‍ത്തി കേരളത്തില്‍ നടന്നിട്ടുള്ള പ്രതിരോധങ്ങളില്‍ ലൈംഗിക തൊഴിലാളികളുടെ ഒന്നിച്ചുകൂടലിനു ശേഷം ശരീരം ഏറ്റവും പ്രധാന ചര്‍ച്ചാവിഷയമായി വരുന്നത് ഡബ്ള്യുസിസിയുടെ പൊതുസംവാദങ്ങളിലായിരിക്കാം. തൊഴില്‍ പരമായ കാരണങ്ങള്‍ ഉടലിന്‍റെ വസ്തുവല്‍ക്കരണം നിലനിര്‍ത്തുമ്പോള്‍ സ്ത്രീതൊഴിലാളികളുടെ അവകാശങ്ങള്‍ സിനിമ എന്ന സാംസ്കാരിക വ്യവസായ മണ്ഡലത്തില്‍ ഏതുരീതിയിലാണ് പരിഗണിക്കപ്പെടുന്നത് എന്നതിന് ഒരു തീരുമാനവും ഉണ്ടായിട്ടില്ല. 1998ല്‍ ഒരു വ്യവസായമായി പ്രഖ്യാപിക്കപ്പെട്ടതിനുശേഷവും ഈ മേഖലയിലെ തൊഴിലാളികളുടെ സന്ദേഹങ്ങള്‍ അഭിസംബോധന ചെയ്യുന്ന നിയമങ്ങളൊന്നും കേരളത്തില്‍ നിലവില്‍ വന്നിട്ടില്ല. ബ്രിട്ടീഷ് നിയമ ത്തിന്‍റെ ഭാഗമായിരുന്ന സിനിമാട്ടോഗ്രാഫ് ആക്ട് ഒഴിച്ച് വേറൊരു പ്രത്യേകനിയമവും ഈ മേഖലയില്‍ നിലവിലില്ല എന്നത് സ്വകാര്യ മൂലധനത്തിന്‍റെ ബലത്തില്‍ മാത്രം നിലനില്‍ക്കുന്ന ഇത്തരം വ്യവസായങ്ങളില്‍ പുതുമയല്ല. 2014ല്‍ പുറത്തുവന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് ഈ മേഖലയെ പൊതുവായി ഉള്‍ക്കൊള്ളുന്ന ഒരു മാര്‍ഗ്ഗരേഖ. ഒരു പ്രമുഖ നടി ആക്രമിക്കപ്പെട്ടതിനു ശേഷം മാത്രമാണ് 90 വര്‍ഷം പൂര്‍ത്തിയാക്കിയ ഈ തൊഴിലിടത്തെ നവീകരിക്കുന്നതിന്‍റെ അത്യാവശ്യം ബോധ്യപ്പെട്ട് സ്ത്രീകളുടെ ഇടയില്‍ നിന്നുതന്നെ ആഴത്തിലുള്ള ചിന്തയും, സംഘം ചേരലിനുള്ള ഒരു ഉദ്യമവും ഫലം കാണുന്നത്. 2017 മെയ് 18നു ഡബ്ല്യൂസിസി മുഖ്യമന്ത്രിയെ കണ്ടു നല്‍കിയ പരാതിയിലാണ് സ്ത്രീകളുടെ പങ്കാളിത്തമുള്ള തൊഴിലിടം എന്ന നിലയില്‍ സിനിമ എന്ന കള്‍ച്ചറല്‍ ഇന്‍ഡസ്ട്രിയെ പരിഷ്കരിക്കുന്നതിന്‍റെ അനിവാര്യത ബോധ്യപ്പെടുത്തുന്നതും ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ള കമ്മറ്റി സ്ത്രീകളുടെ അവസ്ഥ പഠിക്കാനായി രൂപീകരിക്കപ്പെടുന്നതും.

അടൂര്‍ കമ്മറ്റിയുള്‍പ്പെടെ ഓരോ ഗവണ്മെന്‍റുകളും നിയോഗിച്ചിട്ടുള്ള മറ്റെല്ലാ പ്രധാന കമ്മറ്റിറിപ്പോര്‍ട്ടുകളുടെയും അവസ്ഥ ഹേമ കമ്മറ്റിക്ക് ഉണ്ടാവരുതെന്നു ഡബ്ള്യുസിസി ആഗ്രഹിക്കുന്നു. ജസ്റ്റിസ് ഹേമ 2019 ഡിസംബറില്‍ കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകൊണ്ട് പറഞ്ഞ കാര്യങ്ങള്‍ ഈ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെ നിലനില്‍ക്കുന്ന എല്ലാവിധ ചൂഷണങ്ങളെക്കുറിച്ചും വളരെ കൃത്യമായ സൂചനകള്‍ നല്‍കി. ചരിത്രപരമായി ഇത്തരമൊരു രേഖ ഇന്ത്യയില്‍ ഒരിടത്തും ലഭ്യമല്ല എന്നിരിക്കെ ഈ റിപ്പോര്‍ട്ട് വെളിച്ചം കാണേണ്ടത് പരമപ്രധാനമാണ്.

തുല്യതക്കുവേണ്ടിയുള്ള സംവാദങ്ങളിലും അവസര സമത്വത്തിനായുള്ള നിരന്തര പരിശ്രമങ്ങളിലും കഴിഞ്ഞ മൂന്നുവര്‍ഷമായി ഏര്‍പ്പെട്ടിരിക്കുന്ന സംഘടന -ആക്രമിക്കപ്പെട്ട സഹപ്രവര്‍ത്തകക്ക് നീതി, പോഷ് ആക്ടിന്‍റെ സിനിമാ മേഖലയിലെ നിര്‍വഹണം, ഹേമകമ്മറ്റി റിപ്പോര്‍ട്ടിന്മേലുള്ള ഗവണ്മെന്‍റിന്‍റെ തീരുമാനങ്ങള്‍ എന്നീ പ്രധാന വിഷയങ്ങളെ ഉറ്റുനോക്കുന്നു. ഒരുസംഘടന എന്ന നിലയില്‍ ആദ്യത്തെ കൂടിവരവ് മുതല്‍ മൂന്നു കാര്യങ്ങളെ മുന്‍നിര്‍ത്തിയാണ് ഡബ്ള്യൂ സീസിയുടെ പ്രവര്‍ത്തനം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്- സ്ത്രീ- സിനിമ -കൂട്ടായ്മ.

അനൗപചാരികമായി നിലവില്‍ വന്നതുമുതല്‍ ഈ കൂട്ടായ്മയുടെ ശ്രദ്ധ സംഘടനാ പ്രവര്‍ത്തനത്തെ കേന്ദ്രീകൃതമായ വാര്‍പ്പ് മാതൃകകളില്‍ നിന്നും പുറത്ത് കൊണ്ടുവരിക എന്നതായിരുന്നു.ചലച്ചിത്ര മേഖലയില്‍ ഇന്ന് നിലനില്‍ക്കുന്ന എല്ലാ സംഘടനകളും വ്യക്തികേന്ദ്രീകൃതമായ, ശ്രേണീ സ്വഭാവമുള്ള അധികാരമാണ് കൈകാര്യം ചെയ്യുന്നത്. കളക്ടീവ് മോഡ് ഓഫ് വര്‍ക്ക് അഥവാ കൂട്ടായനേതൃത്വം അടിസ്ഥാനമാക്കിയെന്ന ആശയം മറ്റെല്ലാത്തരം നേതൃത്വരീതികളെക്കാള്‍ സമയവും കേന്ദ്രീകൃതമല്ലാത്ത ഇടപെടലുകളും ആവശ്യപ്പെടുന്നു. എന്നാല്‍ ഇതുവരെ രൂപീകരിക്കപ്പെട്ടതില്‍ ഏറ്റവും ജനാധിപത്യപരവും സ്ത്രീവാദപരവുമായ സമീപനമാണ് കളക്ടീവുകള്‍ക്ക് ഉള്ളതെന്ന് ആഗോളമായി തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അങ്ങനെ ഉള്ളില്‍ നിന്നും പുറത്തു നിന്നുമുള്ള കാഴ്ച്ചയില്‍ ഇന്ത്യയിലെ സ്ത്രീ പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ വളരെ വ്യത്യസ്തമായ ഒരുഅധ്യായമാണ് ഡബ്ള്യൂ സി സി രചിക്കുന്നതെന്ന് നിസ്സംശയം പറയാം .

 

(തേവര എസ്.എച്ച്. കോളേജില്‍ സിനിമയും ടെലിവിഷനും പഠിപ്പിക്കുന്നു. നിരവധി ഡോക്യുമെന്‍ററികളുടെയും ഹൃസ്വചിത്രങ്ങളുടെയും സംവിധായിക. ഡബ്ല്യു.സി.സി സ്ഥാപകാംഗമാണ്)

COMMENTS

COMMENT WITH EMAIL: 0