Homeചർച്ചാവിഷയം

ബാലികാകാലം

ജ്യോതി അമ്പാട്ട്

പുറം കാഴ്ചയില്‍, വളപ്പൊട്ടുകളും വര്‍ണ്ണക്കുപ്പായങ്ങളും കളി ചിരികളും നിറഞ്ഞ ഒരു പളുങ്കുപാത്രമെങ്കിലും, ഒരു പെണ്മയ്ക്കുള്ളിലിരിക്കുന്ന കൊച്ചു പെണ്‍കുട്ടി മനസ്സിലൂടെ പിറകോട്ട് ഒരു സമയായനം നടത്തിയാല്‍ , നിഷേധിക്കപ്പെട്ട ആകാശങ്ങളും കടലാഴങ്ങളും വിദഗ്ദ്ധമായി മറച്ചുവയ്ക്കപ്പെട്ട മഴവില്ലഴകുകളും കുയില്‍പ്പാട്ടുകളും മയിലാട്ടങ്ങളും, ചിറകരിഞ്ഞുകളഞ്ഞ മധുരം പുരണ്ട കഠാരകളും സ്വപ്നങ്ങളെരിഞ്ഞ ചിതയുമെല്ലാം കാണാം ആ പെണ്‍കുട്ടിക്കാലത്ത്….


വര്‍ഷങ്ങള്‍ക്കപ്പുറം ഏതോ ഒരു വീടിന്‍റെ ആവശ്യങ്ങള്‍ പരിഭവമോ പരാതിയോ കൂടാതെ നടത്താന്‍ വേണ്ടി മാത്രം പരിശീലനം നല്‍കപ്പെടുന്നതിനിടയില്‍ സ്വത്വത്തിനോ ബുദ്ധിവൈഭവങ്ങള്‍ക്കോ വ്യക്തിഗത താല്പര്യങ്ങള്‍ക്കോ തരിമ്പും പ്രാധാന്യം കൊടുക്കാതെ. ഒരു പരാതിക്കിട കൊടുത്ത് തിരിച്ചു വന്ന് സ്വന്തം വീട്ടുകാര്‍ക്ക് തലവേദനയാവാതിരിക്കാന്‍ വളര്‍ത്തപ്പെടുന്ന കാലം…


സമൂഹത്തിലെ ജാതീയതരം തിരിവുകള്‍, അങ്ങിങ്ങായെരിയുന്ന കനലുകള്‍ ചേര്‍ന്നുണ്ടായ അഗ്നിനാളങ്ങളാല്‍ പതിയെ എരിഞ്ഞു തുടങ്ങുമ്പോഴും നേരിയൊരു വ്യത്യാസത്തില്‍ പ്രകൃതിയുടെ മാത്രം തെരഞ്ഞെടുപ്പായ പെണ്‍കുട്ടിത്തം, സ്വന്തം ആണ്‍കൂടപ്പിറപ്പിനു കിട്ടുന്ന പ്രിവിലേജുകളില്‍, വീടകങ്ങളില്‍ മറഞ്ഞു നിന്ന് അമ്പരന്നു സങ്കടപ്പെടാറുണ്ട്.


കുസൃതിയ്ക്കും വാത്സല്യത്തിനും, മായക്കാഴ്ചയെന്ന് പിന്നീടു മാത്രം തിരിച്ചറിവുണ്ടായ സ്നേഹച്ചായ്വുകള്‍ക്കും മീതേ സ്നേഹത്തില്‍പ്പൊതിഞ്ഞോ ശാസനാ രൂപത്തിലോ ചില അരുതായ്മകളും തരംതാഴ്ത്തലുകളും പൊരുളറിയിക്കാതെ മുന്നില്‍ വന്നു പല്ലിളിയ്ക്കാറുണ്ട്.
ഇതേ വീടകങ്ങളില്‍ നിന്നു തന്നെയാണിതിനു മാറ്റമുണ്ടാവേണ്ടത്.
സ്വാനുഭവങ്ങള്‍ വരും തലമുറകളിലേക്കും പകരുന്ന സാഡിസം അവസാനിപ്പിക്കാന്‍ കെട്ടുറപ്പുള്ള കുടുംബബന്ധങ്ങള്‍ കുട്ടികള്‍ക്ക് മാതൃകയാവട്ടെ.

 

 

 

 

 

ജ്യോതി അമ്പാട്ട്
അദ്ധ്യാപിക, ചിത്രകാരി

COMMENTS

COMMENT WITH EMAIL: 0