Homeഉപ്പും മുളകും

ബാലികാ സംരക്ഷണത്തിന്‍റെ കേരളാ മോഡല്‍

ഗീത

 

കേരള സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ബാല സൗഹൃദ കേരളം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 16.01.2021 പൊന്നാനിയില്‍ വെച്ചു നടന്നതായറിയുന്നു.ബാലസൗഹൃദ കേരളം യാഥാര്‍ഥ്യമാക്കുക ,ബാലാവകാശ സാക്ഷരത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി വാര്‍ഡുതല ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണമാണ് പ്രധാന ലക്ഷ്യം. ആരോഗ്യമുള്ള സമൂഹത്തിന്‍റെ ലക്ഷണമാണ് കുട്ടികളുടെ തുല്യതയും സംരക്ഷണവും ഉറപ്പുവരുത്തല്‍ എന്ന മുന്നറിവില്‍ നിന്നാണ് ഈ പദ്ധതി ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നതെന്നു മനസിലാകുന്നു. വളരെ നല്ലതു തന്നെ. പക്ഷേ സമീപകാലത്തു പുറത്തു വന്ന പോക്സോ കേസുകളുടെ അവസ്ഥ ഉത്കണ്ഠ ഉളവാക്കുന്നതാണ് , ഉദാ: വാളയാര്‍ കേസില്‍ ദീര്‍ഘകാല സമരത്തിനു ശേഷം അന്വേഷണത്തിനെത്തുന്ന ഇആക ക്ക് ഏല്പിക്കപ്പെടുന്നത് മൂത്ത പെണ്‍കുട്ടിയുടെ കേസുമാത്രമാണ്! ചെറിയ പെണ്‍കുട്ടിയുടെ കൊലപാതകം ഭീകരമായിരുന്നു. അതിലേക്ക് അന്വേഷണമെത്തി, യഥാര്‍ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ ആര്‍ക്കൊക്കെയേ വലിയ നിര്‍ബന്ധമുള്ളതുപോലെ.പ്രതി ഭാഗം വക്കീലിനെ രംര ചെയര്‍മാന്‍ ആക്കിയ കേസുകൂടിയാണിത്. ഇനി കണ്ണൂരിലെ പാലത്തയി സംഭവമെടുത്താലോ? കുറ്റാരോപിതന്‍ അറസ്റ്റു ചെയ്യപ്പെടാന്‍ തന്നെ സമയം കുറേ എടുത്തു. തീര്‍ന്നില്ല അന്വേഷണ ഉദ്യോഗസ്ഥന്‍ പെണ്‍കുട്ടിക്കെതിരായി സംസാരിച്ച വോയ്സ് ക്ലിപ്പു പുറത്തു വന്നു.കാക്കനാട് സംഭവം ഇതേക്കാളൊക്കെ ഭീകരമാണ്. സര്‍ക്കാര്‍ സംരക്ഷണയില്‍ നിന്നാണ് കുഞ്ഞിനെ നോക്കി വളര്‍ത്താന്‍ കൊണ്ടു പോകുന്നത്. അങ്ങനെയൊരാളെപ്പറ്റി ഉത്തരവാദപ്പെട്ട സംവിധാനങ്ങള്‍ ഒന്നും തന്നെ പ്രാഥമികാന്വേഷണം പോലും നടത്തിയിട്ടില്ല. വിസ്തരിക്കുന്നില്ല, വലിയ നിര തന്നെയുണ്ട്.
മലപ്പുറം ജില്ലയിലും ഇത്തരം കേസുകള്‍ ധാരാളമുണ്ട് അടിയന്തിര ഇടപെടല്‍ ആവശ്യമുള്ളവയാണ് അവയില്‍പ്പലതും. ഒരുദാഹരണം വ്യക്തമാക്കാം. 2016 അഞ്ചാം മാസത്തില്‍ പാണ്ടിക്കാട് പോലീസ് സ്റ്റേഷനില്‍ പോക്സോ കേസിലെ ഗുരുതരവകുപ്പുകള്‍ ഉള്‍പ്പെടുത്തി (വകുപ്പ് 5, 6) ഒരു കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. പതിമൂന്നുകാരിയായ കുട്ടി സ്വന്തം വീട്ടില്‍ സുരക്ഷിതയല്ലെന്നു കണ്ടെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അവളെ നിര്‍ഭയ ഹോമിലാക്കി. എന്നാല്‍ 2016 ആറാം മാസത്തില്‍ ബന്ധപ്പെട്ട പ്രവര്‍ത്തകരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കുട്ടിയെ ബന്ധുവിനു തന്നെ വിട്ടു നല്കി. 2017 എട്ടാം മാസത്തില്‍ സമാന സാഹചര്യത്തില്‍ കുട്ടി വീണ്ടും നിര്‍ഭയാ ഹോമില്‍ പ്രവേശിപ്പിക്കപ്പെട്ടു. പോക്സോ വകുപ്പില്‍ 7, 8 പ്രകാരം വീണ്ടും കേസ് എടുത്തു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ബന്ധപ്പെട്ടവരുടെ റിപ്പോര്‍ട്ടിന്മേല്‍ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു ബന്ധുവിന് കുട്ടിയെ വിട്ടു നല്കി. 2020 പതിനൊന്നാം മാസത്തില്‍ മുമ്പത്തേക്കാളേറെ ദയനീയ സാഹചര്യത്തില്‍ സി.ഡബ്ളിയു.സി. മുഖാന്തരം കുട്ടിയെ വീണ്ടും ഹോമില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
25ലേറെ പോക്സോ കേസുകളാണ് ഇത്തവണ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്! ഇത് ഒരു ഒരു ഉദാഹരണം മാത്രമാണ്. ഇതു പോലെ ഒരു കുട്ടി മാത്രമായിരിക്കില്ല എന്നു തിരിച്ചറിയേണ്ടി വരുന്നു.ഇവിടെ ചില പ്രശ്നങ്ങള്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. ഏതു കുഞ്ഞും സ്വന്തംരക്ഷാകര്‍ത്താക്കളോടൊപ്പം പോകാനാണ് സാമാന്യമായി താല്പര്യപ്പെടുക. അവരുടെ വൈകാരികസുരക്ഷിതത്വത്തിനും മാനസികാരോഗ്യത്തിനും അതുതന്നെയാണ് നല്ലതും.എന്നാല്‍ അവരുടെ വീടും ചുറ്റുപാടും സുരക്ഷിതമല്ലാതെ വരുമ്പോഴാണല്ലോ അവര്‍ ഇത്തരം ഹോമുകളില്‍ എത്തിപ്പെടുക. പിന്നീട് ബന്ധുക്കളും കുട്ടിയും ആവശ്യപ്പെട്ടാലും കുട്ടിയെ ഏതെങ്കിലും ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കുമ്പോള്‍ പ്രാഥമികമായ അന്വേഷണമെങ്കിലും അധികാരികള്‍ നടത്തിയിരുന്നുവോ? പുനരധിവാസ സാധ്യതകളെപ്പറ്റി വിശദമായ അന്വേഷണം ആവശ്യമാണെന്നാണ് ഈ ഉദാഹരണം വ്യക്തമാക്കുന്നത്. അത്തരത്തിലുള്ള സെന്‍സിറ്റിവിറ്റി ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്ക് അത്യന്താപേക്ഷിതമാണ് എന്നുമാണ് ഈ ഉദാഹരണം വ്യക്തമാക്കുന്നത്.
കുട്ടികളുമായി ബന്ധപ്പെട്ട ഒരു സംഭവം പുറത്തു വരുമ്പോള്‍ അതുവരെ കഴിഞ്ഞ സംഭവങ്ങള്‍ .ഭേദപ്പെട്ടതായി മാറാം. എറണാകുളം പച്ചക്കളത്ത് ശിശുക്ഷേമ വകുപ്പിന്‍റെ ചുമതലയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി ന്യൂമോണിയ ബാധിച്ച് മരിച്ച ശേഷം നടത്തിയ പോസ്റ്റ്മേള്‍ട്ടം റിപ്പോര്‍ട്ടില്‍ അവള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി കാണുന്നു! ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. ചില ഉദാഹരണങ്ങള്‍ മാത്രമാണ്.
ഇവയൊക്കെയും വ്യക്തമാക്കുന്ന ചില കാര്യങ്ങളുണ്ട്.ബാലവകാശങ്ങള്‍ ഒന്നു തന്നെ ഇതു വരെ ഭരിച്ച ഒരു സര്‍ക്കാരിന്‍റെയും പ്രധാന പരിഗണന ആയിരുന്നില്ല – ഇത് ആചാരപരമായ ചില അനുഷ്ഠാനങ്ങള്‍ മാത്രമാണ്.
അതുപോലെത്തന്നെ അപകടകരമായ മറ്റൊരു പ്രവണതയാണ് കേസു തീരുന്നതിനു മുമ്പ് ബാലികാസദനം, യത്തീംഖാന എന്നീ ഷെല്‍റ്ററുകളിലേക്കു കുഞ്ഞിനെ മാറ്റുന്നത്. കുട്ടികളുടെ എണ്ണമാണു പ്രശ്നമെങ്കില്‍ മറ്റൊരു നിര്‍ഭയാ ഹോമിനെപ്പറ്റി ആലോചിക്കാവുന്നതല്ലേ ഉള്ളൂ? തിരുവനന്തപുരത്ത് മൂന്നു നിര്‍ഭയാ ഹോമുകള്‍ ഉണ്ട് എന്നതു സത്യമാണല്ലോ.
പതിനെട്ടു വയസ്സില്‍ താഴെയുള്ള പ്രായക്കാര്‍ക്ക് വോട്ടവകാശമില്ലല്ലോ. അതു കൊണ്ടായിരിക്കുമോ?’
ബാല സൗഹൃദ സമൂഹം കെട്ടിപ്പടുക്കാന്‍ ആത്മാര്‍ഥമായാണു ലക്ഷ്യമിടുന്നതെങ്കില്‍ ഇത്തരം കാര്യങ്ങളിലേക്ക് സര്‍ക്കാരിന്‍റെ ബന്ധപ്പെട്ട വകുപ്പിന്‍റെ അടിയന്തിര ശ്രദ്ധ പതിയേണ്ടതുണ്ട്. പ്രശ്നങ്ങളുടെ ഓരോ മേഖലയും അന്വേഷിക്കാനും പഠിക്കാനും സത്യസന്ധമായി വിലയിരുത്താനും പരിഹാരം നിര്‍ദേശിക്കാനും ശേഷിയുള്ള ഒരു വിദഗ്ധ സമിതി ഇക്കാര്യങ്ങള്‍ അന്വേഷിക്കണം. ആ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നടപടികള്‍ ഉണ്ടാവുകയും വേണം. അല്ലെങ്കില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ഒരു പ്രദേശമായി കേരളം ഭാവിയില്‍ അറിയപ്പെടും.

 

 

 

ഗീത

COMMENTS

COMMENT WITH EMAIL: 0