Homeചർച്ചാവിഷയം

ബഹുസ്വരതയോടൊപ്പം വളരേണ്ട ബാലസാഹിത്യം

ഷസിയ ഇ.എസ്.

രു കുഞ്ഞ് വളര്‍ന്ന് വരുമ്പോള്‍ വീട്,സ്കൂള്‍ എന്നിവ കഴിഞ്ഞാല്‍ അവരെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന ഒരു ഘടകമാണ് അവര്‍ കേള്‍ക്കുന്നതും കാണുന്നതും വായിക്കുന്നതുമായ കഥകളും ചിത്രങ്ങളും… ബാലപ്രസിദ്ധീകരണങ്ങള്‍, കാര്‍ട്ടൂണുകള്‍ തുടങ്ങി വീട്ടിലുള്ളവരോ അദ്ധ്യാപകരോ പറഞ്ഞ് കൊടുക്കുന്ന കഥകള്‍ എന്നിവയൊക്കെ ഇതില്‍പ്പെടും…വളരെ ചെറിയ കുട്ടികള്‍ കാര്‍ട്ടൂണ്‍ ചാനലുകള്‍ക്ക് അടിപ്പെട്ട് പോവുന്നതിനേപ്പറ്റി പല മാതാപിതാക്കളുമിന്ന് പരാതി പറയുന്നത് കേള്‍ക്കാറുണ്ട്. അതില്‍ നിന്ന് തന്നെ കുട്ടികളില്‍ ഇവ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി നമുക്ക് മനസിലാക്കാവുന്നതാണ്.
സമൂഹത്തിലേറ്റവും പ്രാധാന്യമര്‍ഹിക്കുന്നവര്‍ കുട്ടികളാണെന്ന കാര്യത്തില്‍ നമുക്ക് യാതൊരു സംശയവുമില്ല… നാളെയുടെ വാഗ്ദാനങ്ങളെന്നൊക്കെ പറയാറുണ്ടെങ്കിലും നമ്മളവരുടെ ബൗദ്ധികമായ വളര്‍ച്ചയെ സഹായിക്കുന്ന ഇത്തരം കാര്യങ്ങളില്‍ വ്യക്തമായ ശ്രദ്ധ ചെലുത്താറുണ്ടോ എന്നതിനേപ്പറ്റി വളരെ കാര്യമായ ആലോചനകള്‍ തന്നെ വേണ്ടതാണ്.
ഒരു കുട്ടിയുടെ ആദ്യ വായന തുടങ്ങുന്നത് ചിത്രങ്ങളിലൂടെയാണ്… അക്ഷരങ്ങളുറയ്ക്കുന്നതിന് മുന്നേ തന്നെ അവര്‍ കാണുന്ന ചിത്രങ്ങളിലൂടെ അവരുടേതായ കഥകള്‍ മെനയാനും മറ്റും ശ്രമിയ്ക്കാറുണ്ട്. ബാലസാഹിത്യത്തില്‍ ചിത്രങ്ങള്‍ക്കുള്ള പ്രാധാന്യം വളരെ പ്രധാനമാണ്. തുടക്കത്തില്‍ കണ്ണുകള്‍ക്ക് കൗതുകം നല്‍കുന്ന വര്‍ണ്ണശബളമായ ചിത്രങ്ങള്‍ മതിയെങ്കിലും പിന്നീട് കുട്ടി അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് വരുമ്പോള്‍ ഒപ്പം നല്‍കുന്ന ചിത്രങ്ങള്‍ കൂടി വളരെയധികം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. കഥയോടൊപ്പം കഥാപാത്രങ്ങളുടെ രൂപങ്ങളടക്കം വളരുന്ന കുട്ടിയുടെ മനസില്‍ പതിയും…മിക്ക കഥകളിലേയും നല്ലവരായ ആളുകള്‍ സുന്ദരന്‍മാരും സുന്ദരികളുമായിരിക്കും. അതിനായി ചിത്രീകരിക്കുന്നതോ വെളുത്ത മനോഹരമായ രൂപങ്ങളുള്ളവരെയായിരിയ്ക്കും… എന്നാല്‍ വില്ലന്‍മാരെ ചിത്രീകരിക്കുമ്പോള്‍ വിരൂപന്‍മാരെന്നും കറുത്തനിറമുള്ള ഭംഗിയില്ലാത്തവരെന്നുമൊക്കെ പറഞ്ഞായിരിക്കും വര്‍ണ്ണിച്ചിരിക്കുന്നതും ചിത്രീകരിച്ചിരിക്കുന്നതും. അത് കൂടാതെ തടിച്ചവരേയും മെലിഞ്ഞവരേയും പല്ലുപൊങ്ങിയവരേയും തുടങ്ങി അംഗവൈകല്യമുള്ളവരെ വരെ കളിയാക്കുന്ന രീതിയിലുള്ള ഇരട്ടപ്പേരുകള്‍ നല്‍കിയും മറ്റും കഥകളില്‍ തമാശരൂപേണ അവതരിപ്പിക്കുന്നത് ഒക്കെ തന്നെ എതിര്‍ക്കപ്പെടേണ്ട പ്രവണതയാണ്. രൂപം കൊണ്ടൊരാളും വെറുക്കപ്പെടേണ്ടതോ തമാശയാക്കേണ്ടതോ ആയ സംഗതിയല്ല. ഇത്തരം കാര്യങ്ങള്‍ വായിച്ച് വളരുന്ന കുട്ടിയുടെ മനസില്‍ ചെറുപ്പത്തില്‍ തന്നെ മനുഷ്യരെ രൂപത്തിന്‍റെ പേരില്‍ നല്ലതെന്നും ചീത്തയെന്നും അളക്കാനുള്ള ഒരു മോശം പ്രവണതയുടെ വിത്ത് പാകുകയാണ്.
ഇത് പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് കുടുംബം എന്ന സങ്കല്‍പം. ചെറിയ കുട്ടികള്‍ക്കുള്ള ചിത്ര പുസ്തകങ്ങളില്‍ കുടുംബം എന്ന തലക്കെട്ടില്‍ നല്‍കിയിട്ടുള്ള ചിത്രങ്ങളില്‍ അച്ഛന്‍, അമ്മ, മുത്തശ്ശന്‍, മുത്തശ്ശി, സഹോദരങ്ങള്‍ ഒക്കെ അടങ്ങുന്ന ഒരു ചിത്രമാണ് പൂര്‍ണ്ണമായ ഒരു കുടുംബമായി കാണിക്കാറുള്ളത്. സ്വാഭാവികമായും ഈ ചിത്രം കണ്ടു വളരുന്ന കുട്ടിയുടെ മനസില്‍ പൂര്‍ണ്ണമായ ഒരു കുടുംബത്തിന്‍റെ നിര്‍വ്വചനം എന്നാല്‍ ഇങ്ങനൊരു ചിത്രമായിരിയ്ക്കും. നമ്മുടെ സമൂഹത്തില്‍ സിങ്കിള്‍ പാരെന്‍റ്സ് മുതല്‍ അണുകുടുംബങ്ങളും, കൂട്ടുകുടുംബങ്ങളുമൊക്കെയുള്ള പലവിധ കുടുംബങ്ങളുണ്ട്. ഈ ചിത്രത്തില്‍ കാണുന്ന തരത്തിലുള്ള കുടുംബത്തില്‍ പെടാത്ത കുട്ടികള്‍ക്ക് വളരെ ചെറിയ രീതിയിലെങ്കിലും അപകര്‍ഷത വളര്‍ത്തുന്ന ഒന്നായി തന്‍റെ കുടുംബം മാറാനുള്ള സാധ്യത വരെയുണ്ട്. അത് കൊണ്ട് കുട്ടികള്‍ക്കുള്ള പുസ്തകങ്ങളില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ സമൂഹത്തിന്‍റെ ബഹുസ്വരത കൂടി ഉള്‍ക്കൊള്ളിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികള്‍ക്കിടയിലും മുതിര്‍ന്നവര്‍ക്കിടയിലും വര്‍ഷങ്ങളായി വളരെയധികം പ്രചാരമുള്ള ചില ബാലപ്രസിദ്ധീകരണങ്ങളടക്കം ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ല എന്നത് വളരെ മോശമായ ഒരു വസ്തുതയാണ്.
അത് പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ് കഥകളിലെ കഥാപാത്രങ്ങള്‍ തമ്മിലുള്ള പരസ്പര ബഹുമാനത്തോടെയുള്ള പെരുമാറ്റങ്ങള്‍, ജെന്‍ഡര്‍ ഇക്വാലിറ്റി എന്നിവ. ഈയടുത്ത് ഒരു ബാലപ്രസിദ്ധീകരണത്തില്‍ കണ്ട ഒരു കഥയില്‍ അത്യാഗ്രഹിയായ ഭാര്യയെ അടിച്ച് ശരിയാക്കുന്ന ഒരു ഭര്‍ത്താവായിരുന്നു പ്രധാന കഥാപാത്രം. ഇതിലൂടെ ഗാര്‍ഹിക പീഢനം എന്ന മോശം കാര്യത്തിനെ വളരെ നാച്ചുറലായിട്ടാണവര്‍ അവതരിപ്പിച്ചിരിക്കുന്നത്. മാത്രമല്ല ഇത്തരം കഥകളിലൊക്കെ മിക്കവാറും കുടുംബത്തിന് വേണ്ടി പുറത്ത് പോയി ജോലി ചെയ്ത് തളര്‍ന്ന് വരുന്ന ത്യാഗിയായ പുരുഷ കഥാപാത്രങ്ങളും സ്ത്രീകഥാപാത്രങ്ങളെയാണെങ്കില്‍ അത്യാഗ്രഹികളും പരദൂഷണക്കാരികളുമൊക്കെ ആയിട്ടായിരിക്കും അവതരിപ്പിച്ചിട്ടുണ്ടാവുക. സ്ത്രീകളിങ്ങനെയും പുരുഷന്‍മാരിങ്ങനെയുമെന്ന ഒരു തെറ്റായ പൊതുബോധമാണ് ഇത് വായിക്കുന്ന കുട്ടികളുടെ മനസില്‍ കേറുന്നത്. ഇതിന് പകരം പരസ്പര ബഹുമാനത്തോടെ പങ്ക് വെച്ച് കഴിയുന്നവരുടെ കഥകളാണ് കുട്ടികള്‍ വായിക്കുന്നതെങ്കിലോ, അവരുടെ മനസില്‍ ഇത്തരമൊരു തെറ്റായ പ്രവണത ഉടലെടുക്കാനുള്ള സാധ്യത വളരെ കുറവാണ്…

കുട്ടികള്‍ക്കുള്ള കഥകളില്‍ കഥാപാത്രങ്ങളുടെ വിന്യാസം ശ്രദ്ധിച്ചാല്‍ ഭൂരിപക്ഷവും പണ്ട് മുതല്‍ക്കേ അതൊരു പുരുഷകേന്ദ്രീകൃതമായ രീതിയില്‍ ആയിരിക്കും. ഒരു രാജാവിന്‍റെ കഥയായാല്‍ അതില്‍ മന്ത്രിയോ സേനാധിപനോ ഭൃത്യന്‍മാരോ പ്രജകളോ ആയി വന്നു പോവുന്നവരൊക്കെ പുരുഷ കഥാപാത്രങ്ങളായിരിക്കും. രാജാവും രാജാവിന്‍റെ പ്രജാക്ഷേമവും, യുദ്ധങ്ങളും, രാജാവിന്‍റെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കാണാന്‍ വരുന്നവരില്‍ പോലും ഒരു സ്ത്രീകഥാപാത്രവും ഉണ്ടാവാറില്ല. അത് പോലെ രാജകുമാരിയെ രക്ഷിക്കാന്‍ വരുന്ന രാജകുമാരന്‍ ഉണ്ടായിരിക്കും, എന്നാല്‍ നേരെ തിരിച്ചൊരു കഥ വളരെ കുറവാണ്…ബീര്‍ബല്‍, തെന്നാലിരാമന്‍, ചാണക്യന്‍, അലാവുദ്ധീന്‍ തുടങ്ങി പുരുഷ കഥാപാത്രങ്ങള്‍ കേന്ദ്രബിന്ദുക്കളാവുന്ന അനേകം പ്രശസ്തമായ കഥകള്‍ ഉണ്ട്. ഇങ്ങനെ എടുത്ത് പറയാന്‍ ഒരു സ്ത്രീകഥാപാത്രം പോലുമില്ലെന്നതാണ് സത്യം. നാടോടിക്കഥകളും ജാതകകഥകളുമൊക്കെ എടുത്ത് നോക്കിയാല്‍ തന്നെ പുരുഷന്‍മാരുടെ കഥകളില്‍ അടുക്കളയില്‍ നില്‍ക്കുന്ന ഭാര്യാകഥാപാത്രങ്ങളായിട്ടാണ് കൂടുതലും സ്ത്രീകളുണ്ടാവാറ്. ചെറുപ്പം മുതല്‍ കേള്‍ക്കുന്ന കഥകളില്‍ പോലും പുരുഷകേന്ദ്രീകൃതമായ ഒരു ലോകം കണ്ട് വളരുന്ന കുട്ടിയെ ഏതൊക്കെ വിധത്തില്‍ അത് സ്വാധീനിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈയടുത്തൊരു ദിവസം ഒരു പതിനാലുകാരന്‍ വഴിയില്‍ നിന്ന് ലിഫ്റ്റ് കൊടുത്ത മുതിര്‍ന്ന സ്ത്രീയോട് മോശമായി സംസാരിച്ച വാര്‍ത്ത കേട്ടിരുന്നു. അത്തരമൊരു വികല മനസ് രൂപപ്പെടുന്നതില്‍ നിന്ന് കുട്ടികളെ മോചിപ്പിക്കണമെങ്കില്‍ തുടക്കത്തിലേ കുട്ടി കേട്ട് വളരുന്ന ഇത്തരം കഥാപാത്ര വിന്യാസങ്ങളടക്കം മാറ്റേണ്ടതാണ്. അത്തരമൊരു മാറ്റത്തിനായി ബാലസാഹിത്യമെഴുതുന്നവരും കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരും പ്രത്യേകം ശ്രദ്ധചെലുത്തേണ്ടതുണ്ട് ചില കഥകളില്‍ കാണാറുള്ള ഒന്നാണ് മണ്ടന്‍, പൊട്ടന്‍ തുടങ്ങിയ വാക്കുകള്‍ കൊണ്ട് അവഹേളിക്കാന്‍ മാത്രമായി മണ്ടത്തരം കാണിക്കുന്ന ചില കഥാപാത്രങ്ങള്‍. ഒപ്പമുള്ള ഒരാളോട് ബഹുമാനത്തോടെ പെരുമാറുക എന്ന ഒരു സന്ദേശം ഇത്തരം കഥകള്‍ ഒരിക്കലും കൈ മാറില്ല. കൂടാതെ വര്‍ഷങ്ങളായി വന്ന് കൊണ്ടിരിക്കുന്ന വളരെ പ്രശസ്തമായ കുട്ടികള്‍ക്ക് പ്രിയപ്പെട്ട കഥകളിലൊക്കെയുള്ള ഹീറോ കഥാപാത്രങ്ങള്‍ പുരുഷനായിരിക്കും അവരുടെ മനസില്‍ പുരുഷനാണ് സ്ത്രീയേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നതെന്ന ഒരു ചിന്ത അറിയാതെ തന്നെ വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ ഇത്തരം കഥാപാത്രസൃഷ്ടികളും വളരെ തെറ്റായ പങ്ക് വഹിക്കുന്നുണ്ട്.

 


ചെറിയ കുട്ടികളെ അവരുടെ സാമൂഹ്യ ചുറ്റുപാടുകള്‍ മാനസികമായി വളരെയധികം സ്വാധീനിക്കാറുണ്ട്. അതില്‍പ്പെട്ടതാണ് അവര്‍ വായിക്കുന്ന കഥകളും. വായിച്ച് വളരുന്ന കുട്ടികളില്‍ അന്ധവിശ്വാസങ്ങളും പേടികളും വളര്‍ത്തുന്ന തരത്തിലുള്ള ഭൂതപ്രേത കഥകള്‍, യുദ്ധങ്ങളേയും മറ്റും സാധൂകരിക്കുന്ന പുരാണ രൂപത്തിലുള്ള പ്രതികാരകഥകള്‍ എന്നിവയൊക്കെ ഒഴിവാക്കപ്പെടേണ്ട സംഗതികളാണ്. പേടിയോ അന്ധവിശ്വാസങ്ങളോ പ്രതികാരചിന്തകളോ വളര്‍ത്തുന്നതിന് പകരം മാനുഷികമൂല്യങ്ങള്‍ വളര്‍ത്തുന്നതോ, അവരുടെ കണ്ണിലെ കുട്ടിക്കൗതുകങ്ങളോ, ശാസ്ത്രചിന്തകളോ ആണ് ബാലസാഹിത്യത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. നമ്മള്‍ കേട്ട് പഴകിയ നാടോടിക്കഥകളില്‍ പോലും കാലാനുസൃതമായ ചില മാറ്റങ്ങള്‍ വരുത്തേണ്ടതായി തോന്നിയിട്ടുണ്ട്. ശ്രീമതി ഇ.എന്‍.ഷീജ ടീച്ചര്‍ അത് ഭംഗിയായി ചെയ്തിട്ടുള്ള ഒരാളാണ്. ഷീജടീച്ചറുടെ കുഞ്ഞാപ്പിക്കഥകള്‍ കഥ കേട്ട് തുടങ്ങുന്ന വളരെ ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ പോലും വായിക്കുമ്പോള്‍ ഉള്ളിലൊരു സ്നേഹം നിറയുന്ന അനുഭവമാണ് ഉണ്ടാക്കാറ്. ഒപ്പം ശാസ്ത്രബോധവും. നീര്‍ക്കോലിയും കുഞ്ഞാപ്പിയും കഥാപാത്രങ്ങളായി ടീച്ചറൊരുക്കിയ ഒരു കഥയില്‍ അവര് തമ്മിലുള്ള വളരെ മനോഹരമായ ഒരു സംഭാഷണത്തിലൂടെയാണ് നീര്‍ക്കോലി കടിച്ചാല്‍ അത്താഴം മുടങ്ങുമെന്ന കാലങ്ങളായുള്ള ഒരു പറച്ചിലിന് യാതൊരടിസ്ഥാനവുമില്ലെന്ന കാര്യം കുട്ടികളിലെത്തിക്കുന്നത്. ടീച്ചറുടേതായി ഇങ്ങനെ അനേകം കഥകളുണ്ട്. എടുത്ത് പറയേണ്ട വളരെ പ്രധാനപ്പെട്ട ഒരു കഥ കൂടിയുണ്ട്. ഞാനെങ്ങനെയാ ഉണ്ടായതെന്ന് ചോദിക്കാത്ത ഒരു കുഞ്ഞ് പോലും ഉണ്ടാവാറില്ല. പല മുതിര്‍ന്നവരും ‘തവിട് കൊടുത്ത് വാങ്ങിയതാണെ’ന്ന മട്ടിലുള്ള കള്ളക്കഥകള്‍ കൊണ്ട് ഇത്തരം ചോദ്യത്തെ ഒഴിവാക്കി വിടുമ്പോള്‍ കുഞ്ഞ് അത് ശരിയാണെന്ന ഒരു തെറ്റായ ഒരു ധാരണയിലാണെത്തുന്നത്. അപൂര്‍വ്വം അമ്മമാര്‍ കുട്ടികളുടെ ഇത്തരം ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ വഴക്ക് പറഞ്ഞ് ഓടിച്ച് വിടാറുമുണ്ട്. കൃത്യമായ മറുപടി കിട്ടാത്ത ചോദ്യങ്ങള്‍ കുട്ടികളെ ആശയക്കുഴപ്പത്തിലേയ്ക്കും തള്ളിവിടും. കുഞ്ഞാപ്പിയുടെ ഈ സംശയത്തിന് അമ്മ പറഞ്ഞ് കൊടുക്കുന്ന മറുപടി എന്ന രീതിയില്‍ ഒരു കുഞ്ഞു ജനിക്കുന്നതെങ്ങനെയെന്നും ശാസ്ത്രീയമായി തന്നെ എല്ലാവര്‍ക്കും മനസിലാവുന്ന രീതിയില്‍ ലളിതമായ ഭാഷയില്‍ പറഞ്ഞ് വെയ്ക്കുന്നതാണ് ആ കഥ. ആണ്‍ശരീരത്തില്‍ നിന്നുള്ള ബീജവും പെണ്‍ശരീരത്തില്‍ നിന്നുള്ള അണ്ഡവും ചേര്‍ന്നുണ്ടാവുന്ന പുതിയൊരു കോശമാണ് ഒരു കുഞ്ഞിന്‍റെ ആദ്യ രൂപമെന്നത് മുതല്‍ ഗര്‍ഭപാത്രത്തിനുള്ളില്‍ കിടക്കുന്ന കുഞ്ഞിന് വളരാനുള്ള ഭക്ഷണവും ഓക്സിജനും മറുപിള്ളയിലൂടെ പൊക്കിള്‍ക്കൊടി വഴി കിട്ടുന്നതിനേപ്പറ്റിയും കുഞ്ഞിന്‍റെ വളര്‍ച്ചയനുസരിച്ച് ഗര്‍ഭപാത്രം വലുതായി ഒന്‍പത് മാസം കൊണ്ട് കുഞ്ഞ് പൂര്‍ണ്ണവളര്‍ച്ചയെത്തി പുറത്ത് വരുന്നതുമടക്കം കുഞ്ഞുങ്ങള്‍ക്ക് കൊടുക്കേണ്ട ശാസ്ത്രീയമായ ലൈംഗിക പാഠങ്ങളുടെ തുടക്കമെന്ന രീതിയില്‍ തന്നെ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു രചനയാണത്. ഇപ്പോഴും ഹൈസ്കൂള്‍ ബയോളജി ക്ലാസില്‍ പ്രത്യുത്പാദനം എന്ന പാഠമെത്തുമ്പോള്‍ അത് പഠിപ്പിക്കാതെ വിടുന്ന ടീച്ചര്‍മാര്‍ ഉണ്ടെന്നതും കൂടി ആലോചിക്കുമ്പോള്‍ എല്‍.പി.തലത്തിലുള്ള ചെറിയ കുട്ടികള്‍ക്ക് പോലും എളുപ്പത്തില്‍ മനസിലാവുന്ന തരത്തിലവതരിപ്പിച്ചിരിക്കുന്ന ഈ രചനയുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നു. ‘കുഞ്ഞാപ്പികള്‍ ഉണ്ടാവുന്നത്’ എന്ന പേരില്‍ യുറീക്കയില്‍ ആ കഥ വന്നിട്ടുമുണ്ട്. സത്യത്തില്‍ എനിയ്ക്ക് തോന്നിയിട്ടുള്ളത് കുട്ടികളേക്കാള്‍ കുട്ടികളുടെ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാനറിയാതെ കുഴങ്ങുന്ന മുതിര്‍ന്നവരേക്കൂടി സഹായിക്കുന്ന ഒരു സൃഷ്ടിയാണത്. ഒരു കുഞ്ഞ് അമ്മയില്‍ നിന്നും കഥ കേള്‍ക്കുന്നത് പോലെ വായനക്കാരുടെ ഉള്ളിലേയ്ക്കെത്തിക്കാന്‍ കഴിയുമെന്നതാണ് ടീച്ചറുടെ എഴുത്ത് രീതിയുടെ പ്രത്യേകത. ഇങ്ങനേയും ശാസ്ത്രം പറയാമെന്നത് ടീച്ചറെത്ര ആസ്വാദ്യകരമായിട്ടാണ് കുട്ടികളും മുതിര്‍ന്നവരുമായ വായനക്കാരിലെത്തിക്കുന്നതെന്ന കാര്യവും പ്രത്യേകം എടുത്ത് പറയേണ്ടതാണ്. ഒപ്പം ബാലസാഹിത്യമെന്നാല്‍ കുട്ടികള്‍ക്ക് മാത്രമുള്ളതല്ലെന്നും.


പണ്ടു മുതലേ ബാലസാഹിത്യത്തില്‍ കണ്ട് വരാറുള്ള മടുപ്പിക്കുന്ന ഒരു പ്രവണതയാണ് സന്‍മാര്‍ഗ്ഗകഥകളുടെ രൂപത്തിലുള്ള ഉപദേശങ്ങള്‍. മുതിര്‍ന്നവര്‍ക്ക് ഉപദേശങ്ങള്‍ എത്രമാത്രം അരോചകമാണെന്ന് നമുക്കറിയാവുന്ന കാര്യമാണ്. ഒരു പരിധി കഴിഞ്ഞാല്‍ ഉപദേശരൂപേണയുള്ള കഥകളും അരോചകമാണ്. മുതിര്‍ന്നവരുടെയുള്ളിലെ തന്നേക്കാള്‍ ചെറിയവരെന്ന് തോന്നുന്നവരെ ഉപദേശിച്ച് നന്നാക്കാമെന്ന ഒരു സുപ്പീരിയോറിറ്റി ചിന്തയാണിത്തരം കഥകളുടെ അടിസ്ഥാനമായി തോന്നിയിട്ടുള്ളത്. പ്രിയ.എ.എസിന്‍റെ കുട്ടിക്കഥകള്‍ ഇതിന് തികച്ചും അപവാദമായിട്ടുള്ള ഒന്നാണ്. പ്രിയ.എ.എസിന്‍റെ കഥകളിലേയ്ക്കെത്തുമ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്നത് കുഞ്ഞു കൗതുകങ്ങളാണ്. കുഞ്ഞുങ്ങളുടെ കാഴ്ചകളിലെ കൗതുകങ്ങള്‍ അവര്‍ കാണുന്ന അതേ കൗതുകത്തോടെ, പ്രാധാന്യത്തോടെ തന്നെ പകര്‍ത്തി വെച്ചിരിയ്ക്കുന്നു. വായിക്കുന്ന കുട്ടികള്‍ക്ക് അവരുടെ ലോകം തന്നെയായി ആസ്വദിക്കാന്‍ പറ്റുന്ന കഥകള്‍. ബാലസാഹിത്യത്തില്‍ കുട്ടികളുടെ മനസിനോടൊപ്പം സഞ്ചരിക്കാന്‍ കഴിയുക എന്നതും വളരെ പ്രധാനമാണ്. പ്രിയ.എ.എസ് ന്‍റെ കഥകളുടെ പ്രത്യേകതയും അത് തന്നെയാണ്. കുട്ടികളെ തുല്യ പ്രാധാന്യത്തോടെ ബഹുമാനത്തോടെ കാണുന്നവര്‍ക്ക് മാത്രം സാധിക്കുന്ന ഒന്ന്.
സകലവിജ്ഞാനത്തിന്‍റേയും കലവറയായ പ്രകൃതിയിലേയ്ക്ക് കൂട്ടിക്കൊണ്ട് പോവുന്ന പ്രൊഫസര്‍ എസ്.ശിവദാസ് സാറിന്‍റെ രചനകള്‍ അറിവിനോടൊപ്പം കുട്ടികളില്‍ മനുഷ്യരോളം പ്രാധാന്യം പ്രകൃതിയിലെ മറ്റെല്ലാ ജീവജാലങ്ങള്‍ക്കുമുണ്ടെന്നുള്ള ധര്‍മ്മബോധം കൂടി വളര്‍ത്തുന്നുണ്ട്.
അതുപോലെ കേന്ദ്ര സാഹിത്യഅക്കാദമി, കേരള സാഹിത്യഅക്കാദമി അവാര്‍ഡുകളടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ പ്രൊഫസര്‍ കെ.പാപ്പൂട്ടി മാഷിന്‍റെ ‘ഷാഹിനയുടെ സ്കൂള്‍’ എന്ന പുസ്തകം വായിക്കുമ്പോള്‍ പാഠപുസ്തകങ്ങളിലൂടെ മാത്രം കേട്ട് പരിചയമുള്ള ഐന്‍സ്റ്റീനും ഗലീലിയോയും ന്യൂട്ടണുമൊക്കെ ഷാഹിനയോടൊപ്പം നടന്ന് വായിക്കുന്നവരും നേരിട്ട് സംസാരിച്ച് പരിചയപ്പെടുന്ന ഒരു പ്രതീതിയാണ്.
ബാലസാഹിത്യത്തിന്‍റെ ഓരോ മേഖലയിലും നമുക്ക് മുന്നിലിനിയും പിന്തുടരാവുന്ന അനേകം മാതൃകകളിങ്ങനെ നിലനില്‍ക്കുമ്പോള്‍ വംശീയതയും അന്ധവിശ്വാസങ്ങളും പേടികളും സ്ത്രീവിരുദ്ധതയും ബോഡി ഷെയ്മിങ്ങും തുടങ്ങിയ മോശമായ പ്രവണതകള്‍ വളര്‍ത്തുന്ന കഥകളും ബാലപ്രസിദ്ധീകരണങ്ങളും പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് തന്നെ വേണം കരുതാന്‍. നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ ബാലസാഹിത്യത്തിനുള്ള പങ്ക് മറ്റെല്ലാ സാഹിത്യമേഖലകളേക്കാളും പ്രധാനമാണ്. നമ്മുടെ കുട്ടികള്‍ക്ക് സമൂഹത്തിന്‍റേയും ഭൂമിയുടേയും ബഹുസ്വരത അംഗീകരിച്ച് വളരാന്‍ സഹായിക്കുന്ന രീതിയിലേയ്ക്ക് ബാലസാഹിത്യത്തെ നിരന്തരം പുനര്‍നിര്‍മ്മാണം നടത്തിക്കൊണ്ടിരിക്കേണ്ടതുണ്ട്. നമ്മുടെ കുട്ടികള്‍ നല്ലത് വായിച്ച് വളരട്ടെ.

 

 

 

 

 

ഷസിയ ഇ.എസ്.
ചിത്രകാരിയാണ്, ബാലസാഹിത്യമാണ് എഴുത്ത് മേഖല

COMMENTS

COMMENT WITH EMAIL: 0