Homeശാസ്ത്രം

ബഹിരാകാശ സ്വപ്നങ്ങളിലേക്ക് പറന്ന ശിരിഷ

ര്‍ജിന്‍ ഗാലക്റ്റിക്കിന്‍റെ യൂണിറ്റി 22 ദൗത്യത്തിലൂടെ ശിരിഷ ബാന്‍ഡ്ല പറന്നുയര്‍ന്നത് ആകാശത്തിനു മപ്പുറമുള്ള തന്‍റെ സ്വപ്നങ്ങളിലേക്കായിരുന്നു. വിഎസ്എസ് യൂണിറ്റി എന്ന സ്പേസ് പ്ലെയിനില്‍ വര്‍ജിന്‍ ഗാലക്റ്റിക് മേ ധാവി റിച്ചാര്‍ഡ് ബാന്‍സണ്‍, ശിരിഷ എന്നിവര്‍ക്കൊപ്പം അഞ്ച് യാത്രികര്‍ കൂടിയുണ്ടായിരുന്നു. ബഹിരാകാശ യാത്രാ സ്വപ്നങ്ങള്‍ ഇനി അകലെയല്ല എന്ന് ശിരിഷ എന്ന മുപ്പത്തിനാലുകാരി ലോകത്തോടു പറയുന്നു. ആസ്ട്രോനോട്ട് നമ്പര്‍ 004 ആയി ബഹിരാകാശ വിസ്മയങ്ങളിലേക്ക് പറന്ന ശിരിഷ കല്പനാ ചൗളയ്ക്കും സുനിതാ വില്ല്യംസിനും ശേഷം ബഹിരാകാശ യാത്ര നടത്തുന്ന ഇന്ത്യന്‍ വംശജയായ മൂന്നാമത്തെ വനിത എന്ന റെക്കോര്‍ഡ് കൂടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. സ്ക്കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന സമയത്ത് നാസ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചതോടെ ആ പെണ്‍കുട്ടിയുടെ സ്വപ്നങ്ങളില്‍ അതിരുകളില്ലാത്ത ആകാശവും താരാഗണങ്ങളും നിറഞ്ഞു. ഒരു ആസ്ട്രോനോട്ട് ആവുക എന്നതാണ് തന്‍റെ ജീവിത ലക്ഷ്യമെന്ന് ഉറപ്പിക്കുകയും ചെയ്തു. പിന്നീട് വളര്‍ന്നപ്പോള്‍ ഈ സ്വപ്നസാക്ഷാല്‍ക്കാരത്തിനായി നാസയില്‍ അവസരം തേടിയെങ്കിലും ശിരിഷയുടെ ചെറിയ കാഴ്ചക്കുറവ് സ്വപ്നത്തിന് വിലങ്ങുതടിയായി. എങ്കി ലും ബഹിരാകാശം ശിരിഷയെ മാടിവിളിച്ചുകൊണ്ടേയിരുന്നു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ മുരളീധര്‍ ബാന്‍ഡ്ലയുടെയും അനുരാധാ ബാന്‍ഡ്ലയുടെയും മകളായാണ് ശിരിഷയുടെ ജനനം. നാലാമത്തെ വയസ്സില്‍ മാതാപിതാക്കള്‍ക്കൊപ്പം ആ പെണ്‍കുട്ടി യു.എസ്സിലെ ഹൂസ്റ്റണിലെത്തി. പര്‍ഡ്യൂ യൂണിവേഴ്സിറ്റിയില്‍ നിന്നും എയ്റോനോട്ടിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയ ശിരിഷ ജോര്‍ജ് ടൗണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടി. നാസയില്‍ അവസരം നിഷേധിക്കപ്പെട്ടെങ്കിലും ശിരിഷ പിന്മാറാന്‍ തയ്യാറായിരുന്നില്ല. കൊമേര്‍സ്യല്‍ സ്പേസ് ഫ് ലൈറ്റ് രംഗത്തെ അവസരങ്ങളെക്കുറിച്ച് പഠനകാലത്ത ശിരിഷ മനസ്സിലാക്കിയിരുന്നു. അങ്ങനെ കൊമേര്‍സ്യല്‍ സ്പേസ്ഫ്ലൈറ്റ് ഫേഡറേഷനില്‍ എയ്റോസ്പേസ് എഞ്ചിനീയറായി ജോലിയാരംഭിച്ച ശിരിഷ 2015-ല്‍ വര്‍ജിന്‍ ഗാലക്റ്റി ക്കില്‍ എത്തി.
2004-ല്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ആരംഭിച്ച സ്വകാര്യ ബഹിരാകാശ കമ്പനിയാണ് വര്‍ജിന്‍ ഗാലക്റ്റിക്. ബഹിരാകാശ യാത്ര സ്വപ്നം കാണുന്നവര്‍ക്ക് ആകാശത്തിന്‍റെ അനന്തത വിസ്മയങ്ങളിലേക്കുയര്‍ന്ന് താരാഗണങ്ങളുടെയും ഭൂമിയുടെയും മനോഹരദൃശ്യം കാണാനും ഏതാനും മിനുട്ടു നേരത്തേക്ക് ബഹിരാകാശത്തെ ഭാരമില്ലായ്മ അനുഭവിക്കാനും അവസരം ഒരുക്കുക എന്നതാണ് തന്‍റെ ലക്ഷ്യമെന്ന് ബ്രാന്‍സണ്‍ പ റയുന്നു. ബഹിരാകാശ ടൂറിസം യാഥാര്‍ഥ്യമാക്കുന്നതിന്‍റെ മുന്നോടിയായി നടത്തിയ ബഹിരാകാശപ്പറക്കലില്‍ വര്‍ജിന്‍ ഗാലക്റ്റിക്കില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ശിരിഷയും തെരഞ്ഞെടുക്കപ്പെട്ടു. ഈ യാത്രയില്‍ നാസയുടെ നിര്‍ദ്ദേശപ്രകാരം ശിരിഷ ഒരു പരീക്ഷണവും നടത്തി . അതിനായി ബഹിരാകാശയാത്രയില്‍ മൂന്നു ട്യൂബുകളില്‍ സസ്യങ്ങള്‍ കൂടെക്കൊണ്ടുപോയി. ഭൂമിയില്‍ നിന്നും ബഹിരാകാശത്തേക്ക് പ്രവേശിക്കുമ്പോള്‍ മൈക്രോ ഗ്രാവിറ്റി അവസ്ഥയില്‍ സസ്യങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കുക എന്നതായിരുന്നു പരീക്ഷണ ലക്ഷ്യം. അതിഭീമമായ ചെലവു കാരണം ഇപ്പോള്‍ ബഹിരാകാശ വിനോദ സഞ്ചാരം സാധാരണക്കാരെ സംബന്ധിച്ച് ഒരാകാശ പുഷ്പമാണെങ്കിലും അധികം വൈകാതെ ബഹിരാകാശം സാധാരണക്കാര്‍ക്കും പ്രാപ്യമാവുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് ശിരിഷ പറയുന്നു.

 

സീമ ശ്രീലയം
പ്രമുഖ ശാസ്ത്ര ലേഖിക,
നിരവധി ബഹുമതികള്‍ക്ക് ഉടമ

COMMENTS

COMMENT WITH EMAIL: 0