ഈ വര്‍ഷത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെടുകയും, സമ്മാനിക്കപ്പെടുകയും ചെയ്തു കഴിഞ്ഞിരിക്കുന്നു. സ്വാഭാവികമായും എന്നത്തേയും പോലെ ആഘോഷങ്ങള്‍ക്കും , ആരോപണങ്ങള്‍ക്കും, ചര്‍ച്ചകള്‍ക്കും, വിവാദങ്ങള്‍ക്കും അവാര്‍ഡുകള്‍ തിരികൊളുത്തുകയും ചെയ്തു. പക്ഷെ ഈ കോലാഹങ്ങളില്‍ പെടാതെ പോയ ഒരു അവാര്‍ഡിനെ കുറിച്ച് സംസാരിക്കാനാണ് വഴിത്താരകള്‍ ശ്രമിക്കുന്നത്.നല്ല ചലച്ചിത്ര ഗ്രന്ഥത്തിന് സ്പെഷല്‍ ജൂറി പരാമര്‍ശം നേടിയ ഡോ. ഷീബ എം. കുര്യന്‍റെ പുസ്തകമാണത്.
ഒരു പത്ത് വര്‍ഷം മുമ്പെങ്കിലും മികച്ച സംവിധായകന്‍, മികച്ച അഭിനേതാക്കള്‍ തുടങ്ങിയുള്ള അവാര്ഡുകള്ക്കൊപ്പം തന്നെ തിളക്കമുള്ള അവാര്ഡായിരുന്നു ,തികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള അവാര്‍ഡും. ക്യാംപസുകളില്‍ ഗൗരവമേറിയ ചലച്ചിത്ര പഠനങ്ങള്‍ രംഗപ്രവേശം ചെയ്ത കാലഘട്ടം കൂടി ആയിരുന്നു അത്.ലോകസിനിമയെ മലയാളിക്ക് പരിചയപ്പെടുത്തുന്നതിലും, അന്തര്‍ദേശിയ തലത്തില്‍ തന്നെ പടര്‍ന്നു പന്തലിക്കുന്ന ചലച്ചിത്ര പഠനപദ്ധതിയിലെ നൂതനധാരകളിലേക്കു മലയാള ചലച്ചിത്ര അന്വേഷണങ്ങളെ ചേര്‍ത്ത് നിര്‍ത്തുന്നതിലും ഈ പഠനങ്ങള്‍ നിസ്തുലമായ പങ്കു വഹിച്ചിട്ടുണ്ട്.സംസ്കാര പഠനങ്ങളുടെ അവിഭാജ്യ ഘടകമായി മാറിയ ചലച്ചിത്ര ചിന്തകള്‍ ഒരുപാടു ഉത്സാഹത്തോടെയാണ് സാധാരണ വായനക്കാരും അക്കാദമിക സമൂഹവും എതിരേറ്റത്.സിനിമയെ കുറിച്ചുള്ള ഏതൊരു പുതിയ എഴുത്തും ശ്രദ്ധ ക്ഷണിച്ചിരുന്നു.ചിന്തകളെ കൂടുതല്‍ ജാഗരൂകമാക്കിയിരുന്നു. അവ സംവാദങ്ങള്‍ക്ക് ഇടം ഒരുക്കിയിരുന്നു.കൂടുതല്‍ സൂക്ഷ്മമായ ചലച്ചിത്ര മനനങ്ങളിലേക്കു അവ നമ്മേ കൂട്ടി കൊണ്ട് പോയി.
അടുത്ത കാലത്തായി ഈ മേഖലയില്‍ ഒരു മാന്ദ്യം സംഭവിച്ചിട്ടുണ്ടോ ? ഷീബയ്ക്കു കിട്ടിയ പ്രത്യേക പരാമര്‍ശത്തെക്കുറിച്ചോ അവാര്‍ഡ് കിട്ടിയ പുസ്തകത്തിനെ കുറിച്ചോ കേവലം വാര്‍ത്തക്കപ്പുറം ഒരു പരാമര്‍ശമോ,ചര്‍ച്ചയോ മുഖ്യധാരാ അച്ചടി മാധ്യമങ്ങളിലോ സമൂഹ മാധ്യമങ്ങളിലോ കണ്ടില്ല. ഇനി അഥവാ ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ അത് ഒരു കാര്യമായ ആലോചനക്ക് കാരണം ആയിട്ടില്ല. സിനിമ അവാര്‍ഡും, നടീ നടന്മാര്‍ക്കുള്ള അവാര്‍ഡും എല്ലാം വലിയ തര്‍ക്കങ്ങള്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ക്കും വഴി തെളിച്ചപ്പോള്‍ എന്തുകൊണ്ടാണ് ചലച്ചിത്ര ഗ്രന്ഥത്തിനുള്ള അംഗീകാരം അത്ര ശ്രദ്ധ ആകര്ഷിക്കാതിരുന്നത്? അതും സിനിമയും എഴുത്തും ഒരുപോലെ ഹരമായി കൊണ്ട് നടക്കുന്ന മലയാളികള്‍ക്കിടയില്‍? താരതമ്യേന സ്ത്രീകള്‍ക്ക് അധികം അവാര്‍ഡ് കിട്ടാത്ത ഒരു മണ്ഡലമാണിത്. അത് കൊണ്ട് തന്നെ ഷീബ കുര്യന്‍റെ അവാര്‍ഡിന് ജന്‍ഡര്‍ പ്രാധാന്യവുമുണ്ട്. പൊതുവെ ഇത്തരം നേട്ടങ്ങളില്‍ വളരെ ശുഷ്കാന്തി പ്രകടിപ്പിക്കുന്ന, ചലച്ചിത്ര സാക്ഷരത അവകാശപ്പെടുന്ന കേരള സമൂഹം എന്തുകൊണ്ടാണ് ഇവിടെ അടക്കം പാലിച്ചത്!
കേരള സര്‍വകലാശാലയിലെ മലയാള വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറായ ഡോക്ടര്‍ ഷീബ കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി സിനിമയെ അതര്‍ഹിക്കുന്ന ആഴത്തില്‍ വായിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ്. കേരളത്തില്‍, ചലച്ചിത്രസംവിധായികമാര്‍ ആകുന്നതിനു മുന്‍പ് സിനിമയെ സ്ത്രീപക്ഷ വീക്ഷണകോണിലൂടെ വായി ച്ചു കൊണ്ടാണ് സ്ത്രീകള്‍ രംഗത്തെത്തിയത്. നടിമാര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, നൃത്ത സംവിധായകര്‍ എന്നീ നിലകളില്‍ സ്ത്രീകള്‍ മലയാള സിനിമയില്‍ നിറസാന്നിധ്യമായിരുന്നു. എന്നാല്‍ അവരില്‍ പലരെയും നമ്മള്‍ ‘കണ്ടു’ തുടങ്ങിയത് സ്ത്രീ പ്രസ്ഥാനത്തിന്‍റെ ഇടപെടലിനെ തുടര്‍ന്നാണ്. മാത്രമല്ല ചലച്ചിത്രങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുക എന്നത് സ്ത്രീ പ്രസ്ഥാനത്തിന്‍റെ ആവശ്യകത കൂടി ആയിരുന്നു. ചലച്ചിത്രങ്ങളെ കുറിച്ചുള്ള ആദ്യകാല സ്ത്രീ രചനകള്‍ പലതും ആക്ടിവിസത്തിന്‍റെ ഒരു തുടര്‍ പ്രവര്‍ത്തനം ആയിരുന്നു.
പക്ഷെ 2021 ലെ അവാര്‍ഡിനര്‍ഹമായ ഫോക്കസ്:സിനിമാപഠനങ്ങള്‍ എന്ന ഷീബയുടെ പുസ്തകത്തിലെ ലേഖനങ്ങള്‍ ഒരു ഫെമിനിസ്റ്റ് പരിപ്രേക്ഷ്യത്തില്‍ നിന്നും കൊണ്ട് മാത്രം എഴുതപെട്ടവയല്ല. സ്ത്രീപക്ഷ സിദ്ധാന്ത ധാരകളെ ഉള്‍കൊള്ളുന്ന രണ്ടു ലേഖനങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റു ലേഖനങ്ങള്‍ വ്യത്യസ്ത ദിശകളില്‍ സഞ്ചരിക്കുന്നവയാണ്. പല ആനുകാലികങ്ങളിലും റിസര്‍ച് ജേര്ണലുകളിലും പല സമയങ്ങളിലായി അച്ചടിച്ച് വന്ന പത്തോളം ലേഖനങ്ങളുടെ സമാഹാരമായ ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ഗയ പുത്തകച്ചാലയാണ്.
വിവിധ ഘട്ടങ്ങളില്‍ എഴുതപ്പെട്ട ലേഖനങ്ങളായതു കൊണ്ട് തന്നെ പത്തു അധ്യായങ്ങളെ കോര്‍ത്തിണക്കുന്ന ഒരൊറ്റ ആശയമോ, വാദമുഖമോ നമുക്കിവിടെ കാണാനാവില്ല . എന്നാല്‍ ഓരോ അധ്യായവും ഗൗരവമായ സമീപനവും, ശ്രദ്ധേയങ്ങളായ ചില നിരീക്ഷണങ്ങളും, സരളമായ ആഖ്യാന ശൈലിയും കൊണ്ട് വായനക്കാരെ പ്രചോദിപ്പിക്കാം.. ലോക/ഇന്ത്യന്‍/മലയാള സിനിമകളില്‍ എഴുത്തുകാരിയെ ആകര്‍ഷിച്ചിട്ടുള്ള ചില സവിശേഷതലങ്ങളെയും കാഴ്ചാനുഭവങ്ങളെയും വായനക്കാരുമായി പങ്കു വെക്കുകയാണ് ഷീബ ചെയ്യുന്നത്. സിനിമ പഠനമേഖലയില്‍ തുടക്കക്കാര്‍ക്ക് മുതല്‍ ഏറെ ദൂരം സഞ്ചരിച്ചവര്‍ക്കു വരെ ഈ ലേഖനങ്ങളില്‍ നിന്ന് ഉള്‍ക്കൊ ള്ളാനും, ചിന്തിക്കാനുമുള്ള സാമഗ്രികളുണ്ട് എന്നതാണ് ഈ സമാഹാരത്തിന്‍റെ പ്രത്യേകതയായി എനിക്ക് തോന്നിയത്.
‘സിനിമയുടെ സഞ്ചാരങ്ങള്‍’ എന്ന ആദ്യ ലേഖനം പത്തൊന്‍പതാം നൂറ്റാണ്ടില്‍ പിറന്നു വീണ ചലച്ചിത്ര കലയുടെ ആഗോള പ്രയാണത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ്. സാധാരണ ഗതിയില്‍ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ കാണാത്ത തെന്നിന്ത്യന്‍ സിനിമാ ചരിത്രത്തിലേക്ക് ഈ ലേഖനം നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു എന്നത് സ്വാഗതാര്‍ഹമാണ്.തുടര്‍ന്നുള്ള സിനിമാ പഠനങ്ങള്‍ കൂടുതലും പ്രമേയത്തില്‍ ഊന്നി നില്കുന്നു എന്ന പ്രതീതി ഉളവാക്കുന്നുണ്ട്. സാങ്കേതിക വശങ്ങളിലേക്ക് എത്തിനോക്കുവാന്‍ ചില ശ്രമങ്ങള്‍ ഇവിടെ കാണുന്നുണ്ട് എങ്കിലും കേവലം ചില പരാമര്ശങ്ങള്ക്കപ്പുറം ഒരു വിശകലന രീതിശാസ്ത്രത്തെ വികസിപ്പിച്ചെടുക്കാന്‍ ആ അറിവുകള്‍ പര്യാപ്തമാണോ എന്ന സന്ദേഹം ബാക്കി നില്കുന്നു.ജനപ്രിയ സിനിമകളെ കുറിച്ചുള്ള ഷീബയുടെ നിരീക്ഷണങ്ങള്‍ കേരളത്തിലെ ചലച്ചിത്ര പഠിതാക്കള്‍ പലവുരു ആവര്‍ത്തിച്ചു കഴിഞ്ഞ ചില സമവാക്യങ്ങളില്‍ വീണ്ടും കുടുങ്ങി പോകുന്നുണ്ടോ എന്ന ആശങ്കയും ഉണ്ടാക്കുന്നു .കുടുംബം. പ്രത്യയശാസ്ത്രഘടന,ആഗോളവത്കരണത്തിന്‍റെ സാമ്പത്തിക-സാമൂഹ്യ ഉത്കണ്ഠകള്‍ എന്നിവക്കപ്പുറം സിനിമാ നിരൂപണങ്ങളും അപഗ്രഥനരീതികളും സഞ്ചരിക്കാന്‍ തുടങ്ങേണ്ടതല്ലേ ?പവിത്രം, ആറാം തമ്പുരാന്‍ തുടങ്ങിയ സിനിമകളുടെ വായനകള്‍ ചില ഉദാഹരണങ്ങള്‍ മാത്രം.
വളരെ ആത്മാര്‍ത്ഥമായി, അര്‍പ്പണബോധത്തോടെയാണ് ഷീബ തന്‍റെ ഉത്തരവാദിത്തം നിറവേറ്റുന്നത്.എങ്കിലും ചില വിടവുകള്‍ സൂചിപ്പിക്കാതെ വയ്യ.പുസ്തകത്തിനു മുന്നോടിയായി “സംസ്കാരപഠനത്തിലൂന്നിയുള്ള ഗവേഷണാത്മകമായ സിനിമാപഠനങ്ങളാണ്” തന്‍റേത് എന്ന് പറയുമ്പോള്‍, മലയാളത്തില്‍ തന്നെ ഇതിനകം വന്നു കഴിഞ്ഞ ഗഹനങ്ങളായ ചലച്ചിത്ര പഠനങ്ങള്‍,ആസ്വാദനങ്ങള്‍,വിമര്‍ശനങ്ങള്‍ എന്തുകൊണ്ടാണ് സഹായക ഗ്രന്ഥങ്ങളുടെ പട്ടികയില്‍ ഇല്ലാതെ പോയത് എന്ന് എന്നെ മാത്രമല്ല അത്ഭുതപ്പെടുത്തുക. വിശേഷിച്ചും സ്ത്രീപക്ഷ വായനകളെ കുറിച്ചുള്ള ലേഖനങ്ങളായാലും ജനപ്രിയ ചലച്ചിത്രഅവലോകനങ്ങളായാലും മലയാള സിനിമയെ കുറിച്ച് ഇംഗ്ലീഷിലും മലയാളത്തിലും വന്നിട്ടുള്ള പുസ്തകങ്ങളോ പഠനങ്ങളോ കുറിപ്പുകളോ ശ്രദ്ധയില്‍ പെട്ടില്ല.പാശ്ചാത്യ സൈദ്ധാന്തികര്‍ക്കുള്ള മുന്‍തൂക്കം സംസ്കാര പഠനങ്ങളില്‍ പ്രത്യേകിച്ചും വേണ്ടത്ര ഫലപ്രദം ആവില്ലല്ലോ. കഴിഞ്ഞ രണ്ടു ദശകങ്ങളിലായി കേരളത്തിലെ ചലച്ചിത്ര പഠനശാഖ ഈ മേഖലയില്‍ സമ്പന്നമായ ഒരു ജ്ഞാനമണ്ഡലത്തെ ഉണ്ടാക്കി എടുത്തിട്ടുണ്ട്.യൂറോപ്യന്‍ സൈദ്ധാന്തിക ചട്ടക്കൂടിനുള്ളിലേക്കു പാശ്ചാത്യേതര സിനിമാ സംസ്കാരങ്ങളെ തിരുകി കയറ്റുന്നതിനു പകരം ,സവിശേഷമായ സാംസ്കാരിക ഭൂമികകുളില്‍ നിന്ന് കൊണ്ട് ഇവിടത്തെ ചലച്ചിത്ര ഭാവുകത്വത്തെ മനസ്സിലാക്കുവാന്‍ സര്‍ഗ്ഗാത്മകമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ആ സംവാദങ്ങളുടെ തുടര്‍ച്ചകളാണ് നമുക്കിനി വേണ്ടത്.അവയെ മറികടന്നു കൊണ്ടുള്ള നോട്ടങ്ങളും,ഉള്‍ക്കാഴ്ചകളും ആവശ്യമാണ് . വരുംകാലങ്ങളില്‍ ഷീബയുടെ ഗവേഷണ ത്വര അത്തരമൊരു സംവാദോന്മുഖത വെളിപ്പെടുത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം.
COMMENTS