2019ലെ അവസാന മാസത്തിലെത്തി നില്‍ക്കുമ്പോള്‍ ‘വര്‍ഗീയത’ വ്യാപിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ (വര്‍ഗീയത പ്രചരിപ്പിക്കുന്ന ‘വാര്‍ത്തകളും’) കേട്ട് ഞാന്‍ മടുത്തിരിക്കുന്നു എന്ന് പറയുമ്പോള്‍ എന്താണ് ഞാന്‍ ഉദ്ദേശിക്കുന്നതെന്ന് പല ഇന്ത്യക്കാര്‍ക്കും മനസ്സിലാകും. ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് വരാനിരിക്കുന്ന രാഷ്ട്രനിഷേധത്തെയും നാസി ജര്‍മ്മനിയെയും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളെയും സാമ്യപ്പെടുത്തിയുള്ള വ്യാപകമായ ചര്‍ച്ചകള്‍ പല തരത്തില്‍ ആശങ്കയുളവാക്കുന്നുണ്ട്. തങ്ങളുടെ സ്വന്തം ദേശക്കാരില്‍ ഒരു വിഭാഗത്തിന്‍റെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും വളരെ മോശമായ വിധിക്കു വിധേയരാവുകയും ചെയ്യപ്പെടുമ്പോള്‍ സ്വന്തം കാര്യം മാത്രം നോക്കി ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യക്കാര്‍ ഇത്രയും വെറുപ്പ് കാത്ത് സൂക്ഷിക്കുന്നുണ്ടെന്നഅവസ്ഥ സത്യത്തില്‍ പരിതാപകരമാണ്. ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് ആദ്യം നിയമപരിരക്ഷയും സാമൂഹിക സുരക്ഷയും നിഷേധിക്കുന്നു. ഈ സാഹചര്യം അവരെ ഡിറ്റന്‍ഷന്‍ ക്യാമ്പുകളിലേക്ക് പറഞ്ഞയക്കാന്‍ സൗകര്യം നല്‍കുന്നു.
പക്ഷെ, ആ സമയത്താണ് പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്. പൗരത്വ ഭേദഗതി ബില്‍ രാജ്യ സഭയില്‍ പാസ്സായ ദിവസം തന്നെ ആദ്യം ഡല്‍ഹിയിലെ കേന്ദ്ര സര്‍വകലാശാലയായ ജാമിയ മില്ലിയ്യ ഇസ്ലാമിയ സംസാരിച്ചു. മഴയും തണുപ്പും വകവെക്കാതെ വിദ്യാര്‍ത്ഥിനികള്‍ അവരുടെ ഹോസ്റ്റലില്‍ നിന്നും പുറത്തേക്കിറങ്ങി റാലി നടത്തി. അതില്‍ മൂന്നുപേരായ ആയിഷ റെന്ന, ലദീദ ഫര്‍സാന, ചന്ദ യാദവ്, എന്നിവര്‍ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന ചിത്രം ഈ സമരത്തിന്‍റെ ഐക്കണായി ഫ്രെയിം ചെയ്യപ്പെട്ടു. രാജ്യമെമ്പാടുമുള്ള വലിയൊരുകൂട്ടം പൗരന്മാരുടെയും വിദ്യാര്‍ത്ഥികളുടെയും ശ്രദ്ധ ആദ്യം പിടിച്ചുപറ്റിയത് ഈയൊരു പ്രതിരോധത്തിന്‍റെ ചിത്രമാണ്. ആയിഷയും ലദീദിയും പറഞ്ഞത് അവരുടെ ശബ്ദം എല്ലായിടത്തും എത്തണമെന്നാണ്. അങ്ങനെതന്നെ സംഭവിച്ചു.
ഉടനെ തന്നെ പോലീസിന്‍റെ അടിച്ചമര്‍ത്തല്‍ ഉണ്ടായി. ആദ്യം, വിദ്യാര്‍ഥികള്‍ വിളിച്ചുചേര്‍ത്ത പൗരത്വറാലിക്കു നേരെയായിരുന്നു. പിന്നീട്, ലൈബ്രറിയിലും പള്ളിയിലും പഠിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്ന വിദ്യാര്‍ത്ഥികളെ അതിക്രമിച്ചു കൊണ്ട് ജാമിയ കാമ്പസിനുള്ളില്‍ നടത്തിയ അക്രമം വിവരണാതീതമാണ്. അവിടുത്തെ കാഴ്ചകള്‍ ഞെട്ടിക്കുന്നതും ദയനീയവുമായിരുന്നു. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി
യില്‍ നിന്നും യു.പി യുടെ മറ്റു ഭാഗങ്ങളില്‍ നിന്നും അതിലും കൂടുതല്‍ മോശമായ കാര്യമാണ് നമ്മള്‍ കേട്ടത് (പിന്നീട്, ഇന്‍റര്‍നെറ്റ് പ്രവര്‍ത്തനരഹിതമായതിനു ശേഷമുള്ള ദൃശ്യം പുറത്തു വന്നപ്പോള്‍, പോലീസ് അവിടെ സ്വകാര്യ ഗുണ്ടാസംഘത്തെപ്പോലെ പെരുമാറിയത് എന്നാണു മനസ്സിലായത് (‘വീട്ടിനുള്ളില്‍ കയറി കടന്നാക്രമിക്കും’ എന്നത് വെറും ഭീഷണിയല്ലാതായി). മറ്റൊരു ദൃശ്യം അടുത്ത ദിവസം കണ്ടു. അത് പ്രതീക്ഷയുടേതായിരുന്നു. ജാമിയയിലെ നിയമ വിദ്യാര്‍ത്ഥിയായ അനുഗ്യ, നിലവിലെ ഗവണ്‍മെന്‍റിനു വേണ്ടി വോട്ടു ചെയ്ത എല്ലാ പൗരന്മാരെയും ടിവിയിലൂടെ അഭിസംബോധന ചെയ്തുകൊണ്ട് വേദനയോടെയും സഹാനുഭൂതിയോടെയും പറഞ്ഞു: ‘എന്‍റെ പരീക്ഷക്ക് വേണ്ടി ഇനി ഞാന്‍ എങ്ങനെ ഭരണഘടന പഠിക്കും? എന്‍റെ സഹപാഠികളോട് അനീതി ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ അവരുടെ കൂടെ നില്‍ക്കണം.
‘രണ്ടു ദിവസത്തിനിടയില്‍ നടന്ന രണ്ടു പ്രതീകാത്മക നിമിഷങ്ങളായിരുന്നു അത്.നേരത്തെ തന്നെ ചില കാര്യങ്ങള്‍ വ്യക്തമാകുന്നുണ്ട്.
മുസ്ലിങ്ങളടക്കമുള്ള ജാമിയയിലെ വിദ്യാര്‍ഥിനികളാണ് പ്രക്ഷോഭങ്ങളുടെ മുന്നണിയിലും പിന്നണിയിലും. മാധ്യമങ്ങളോട് സംസാരിക്കുന്നത്, മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നത്, പ്ലക്കാര്‍ഡുകള്‍ നിര്‍മ്മിക്കുന്നത്, സ്വയം പ്രാതിനിധ്യം വഹിച്ചു കൊണ്ട് ആഴമുള്ള തീരുമാനങ്ങളെടുത്ത് മുന്നോട്ടു വരുന്നത്, അവരുടെ ശബ്ദവും യൗവനാത്മക ആദര്‍ശവാദവുമാണ് ഒരു പാട് ദൂരം സഞ്ചരിച്ചത്.
അത് സന്തോഷിക്കേണ്ട സമയമാവുന്നു. ഇന്ത്യയില്‍ മതേതരത്വ തകര്‍ന്നിട്ടില്ല, മതേതരത്വത്തിന് അകാലചരമം സംഭവിക്കുകയുമില്ല. അതിനു വേണ്ടി എഴുന്നേറ്റു നിന്ന് സംസാരിച്ചത് അങ്ങനെ ചെയ്യുമെന്ന് ആരും പ്രതീക്ഷിക്കാത്തവരായിരുന്നു: സര്‍വകലാശാല വിദ്യാര്‍ഥികള്‍, കുറച്ചെങ്കിലും അധികാരവും പദവിയുമുള്ള വിഭാഗം. ഒട്ടും സ്വാര്‍ത്ഥരല്ലാത്ത പുതിയ തലമുറ പഴയ തലമുറയിലെ പൗരാവകാശ, മനുഷ്യാവകാശ പ്രവര്‍ത്തകരെ ആശ്ചര്യപ്പെടുത്തി. അവര്‍ രാഷ്ട്രീയ അവബോധമുള്ളവരും ഉച്ചത്തില്‍ സംസാരിക്കുന്നവരുമാണെന്നു തെളിയിച്ചു. ചില ആദര്‍ശങ്ങളിലും ചില വിശ്വാസങ്ങളിലും ചില ശരികളിലും അവര്‍ ബദ്ധശ്രദ്ധരായിരുന്നു. അത് പടരുകയായിരുന്നു. അവര്‍ കേവല ആദര്‍ശങ്ങളായ ഭരണഘടനാ മൂല്യങ്ങളെയും ഐക്യദാര്‍ഢ്യത്തെയും ഒരിക്കല്‍ കൂടി താല്പര്യമുള്ള ആശയങ്ങളാക്കി പരിവര്‍ത്തിപ്പിച്ചു.
പിന്നീട് സമരത്തിനുള്ള മറ്റൊരു വഴി ഷഹീന്‍ബാഗ് കാണിച്ചു തന്നു. ഞാന്‍ ഇതെഴുതുമ്പോള്‍ ഇന്ത്യയുടെ പല ഭാഗത്തതായി നിരവധി ഇരുപ്പു സമരങ്ങള്‍ മുസ്ലിം സ്ത്രീകളുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. നേതാവ് ആരാണെന്നു തിരിച്ചറിയാനാവാത്ത വിധം സ്പഷ്ടമായ ആശയവും ദൃഢ നിശ്ചയവുമുള്ള ഒരുപാട് മുസ്ലിം സ്ത്രീ സാന്നിധ്യമുണ്ട്. അവരുടെ മനോദാര്‍ഢ്യവും നിര്‍ഭയത്വവും കേന്ദ്രമായി വര്‍ത്തിച്ചു കൊണ്ട്. അതിനു ചുറ്റുമുള്ള ഇടങ്ങള്‍ വിവേചനപരമായ നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്കും ഐക്യദാര്‍ഢ്യ പ്രകടനത്തിനും വേദിയൊരുക്കുന്നുണ്ട്. അവരുടെ നിശ്ചയദാര്‍ഢ്യം മുസ്ലീങ്ങളുടെ അവസ്ഥയോര്‍ത്ത് ഭയപ്പെട്ടിരിക്കുന്നവര്‍ക്കു ആശ്വാസം നല്‍കുന്നുണ്ട്. ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ചുള്ള ഭീതി ഉത്പാദനത്തില്‍ മനം മടുത്ത യുവ മുസ്ലിങ്ങള്‍ക്ക് പൗരത്വ പ്രക്ഷോഭം പ്രതിരോധത്തിന്‍റെ പുതിയ വഴികള്‍ തുറന്നു. വിദ്യാര്‍ത്ഥികള്‍, സര്‍വകലാശാലകള്‍, ജനാധിപത്യത്തിന്‍റെയും ഇന്ത്യയുടെയും ഭാവി തുടങ്ങിയ സാര്‍വലൗകിക മൂല്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു അവരുടെ മുദ്രാവാക്യം.
എല്ലാറ്റിലുമുപരി തങ്ങള്‍ക്ക് രക്ഷകരെ ആവശ്യമില്ലെന്നു ആ സ്ത്രീകള്‍ വ്യക്തമാക്കുന്നുണ്ട് (മാധ്യമങ്ങള്‍ ഏതായാലും ജനാധിപത്യത്തിന്‍റെ കാവലാളാകാതെ അധികാരികളുടെ വളര്‍ത്തു നായയെ പോലെയാണ് പെരുമാറുന്നത്). ഭരണഘടനയെ സംരക്ഷിക്കാന്‍ വേണ്ടി ഇറങ്ങിത്തിരിച്ച അവരാണ് രക്ഷകര്‍. ‘മുസ്ലിം സ്ത്രീകളെ മുത്തലാഖില്‍ നിന്നും വിമോചിപ്പിക്കണമെന്ന’ ഭരണകൂടത്തിന്‍റെ വാചകമടിയെ അവര്‍ ചോദ്യം ചെയ്യുന്നു. മുസ്ലിങ്ങളെ പുറത്താക്കുന്ന ഭൂരിപക്ഷ ദേശീയതയെ അവര്‍ മറികടക്കുന്നു. അവര്‍ അതി തീവ്രമായ ദേശസ്നേഹത്തോടെയും ഈ നാടിനോടുള്ള വിട്ടുപിരിയാനാവാത്ത കൂറും കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. അവര്‍ പറയുന്നു: ‘നമ്മുടെ മുന്‍ഗാമികള്‍ ഇവിടെയാണ് മറവു ചെയ്യപ്പെട്ടിട്ടുള്ളത്, നമ്മള്‍ അഞ്ചു നേരം ഈ മണ്ണില്‍ നിസ്ക രിക്കുന്നു.’
എല്ലാ പീഡനങ്ങള്‍ക്കും ലക്ഷ്യം വെക്കലുകള്‍ക്കുമുപരി, പരാതികളില്ലാതെ കാലങ്ങളായി പ്രയാസങ്ങള്‍ അനുഭവിക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന മാതൃകാ പൗരരായാണ് അവര്‍ മുസ്ലിങ്ങളെ സ്ഥാനപ്പെടുത്തുന്നത്. തൊഴിലാളി പ്രസ്ഥാനങ്ങള്‍, കര്‍ഷക സംഘടനകള്‍, ദലിത് സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങി പൗരത്വത്തില്‍ പ്രശ്നമനുഭവിക്കുന്ന എല്ലാ വിഭാഗങ്ങളെയും അവര്‍ പ്രതിനിധീകരിക്കുകയും, അവര്‍ക്ക് പ്രചോദനമാവുകയും, അവരോട് ഐക്യദാര്‍ഢ്യപ്പെടുകയും ചെയ്യുന്നുണ്ട്. പ്രധാനമായും അവര്‍ മുസ്ലിം പുരുഷന്മാരെയും പ്രതിനിധീകരിക്കുന്നു. അതിലൂടെ മുസ്ലിം പുരുഷന്മാരും (ഇസ്ലാമും) മുസ്ലിം സ്ത്രീകളെ അടിച്ചമര്‍ത്തുന്നുവെന്ന കാല്പനിക കഥ ഭേദിക്കുന്നു. പാവപ്പെട്ടവന്‍/പ്രതാപി, നല്ല/ചീത്ത മുസ്ലിം എന്നീ വ്യത്യാസങ്ങളില്ലാതെ ദൈനംദിന ജീവിതത്തില്‍ പല മുന്‍വിധികള്‍ക്കും ലക്ഷ്യം വെച്ചുള്ള അതിക്രമങ്ങള്‍ക്കും മുസ്ലിങ്ങള്‍ ഇരയാകുന്നുണ്ട് എന്ന വസ്തുത അവരുടെ വിവരണങ്ങളില്‍ വ്യക്തമാകുന്നുണ്ട്.
വികസനവുമായി ബന്ധപ്പെട്ട പരിസ്ഥിതി വിമര്‍ശനത്തെ മുഖ്യധാരയില്‍ കൊണ്ടു വരുന്നതിനു നര്‍മദാ ബച്ചാവോ ആന്ദോളന്‍ വിജയിച്ചത് പോലെ തന്നെ പൊതുസമൂഹത്തില്‍ സ്വന്തമായി ഒരിടം ഉണ്ടാക്കിയെടുത്ത ഷഹീന്‍ബാഗിലെ മുസ്ലിം സ്ത്രീകള്‍ ഈ സമരത്തില്‍ നേരത്തെ തന്നെ വിജയിച്ചു കഴിഞ്ഞു. യുവ ജനങ്ങള്‍, പ്രത്യേകിച്ചും മുസ്ലിം സ്ത്രീകള്‍ മതേതരത്തിന്‍റെ ആഴമേറിയ അര്‍ത്ഥമെന്താണെന്നു വ്യക്തമാക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന നിമിഷത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അവരെ സൂക്ഷ്മമായി കേള്‍ക്കുകയും അവരുടെ അസ്വസ്ഥതകള്‍ ഉള്‍ക്കൊള്ളുകയും അവരുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വിനയത്തോടെ സ്വീകരിക്കുകയും ചെയ്യണം.
ഒരുപാട് മുസ്ലിംസ്ത്രീകള്‍ അണിനിരന്ന തുല്യ പൗരത്വത്തിനു വേണ്ടിയുള്ള സമരത്തിലാണ് നാം ഭാഗമായിട്ടുള്ളത്. ഇങ്ങനെയൊക്കെയാണ് സംഭവിക്കുക എന്ന് ആരും മുന്‍കൂട്ടി പ്രവചിച്ചിരുന്നില്ല. ഡല്‍ഹിയിലെ നിര്‍ഭയ കേസുമായി ബന്ധപ്പെട്ടു യാദൃശ്ചികമായി ഉയര്‍ന്നു വന്ന ലൈംഗിക അതക്രമങ്ങള്‍ക്ക് എതിരായ പ്രക്ഷോഭം പെട്ടെന്ന് തന്നെ ആണ്‍കോയ്മയാട് രാജിയായിരുന്നു. സമത്വത്തിനു വേണ്ടിയുള്ള സമ്മര്‍ദ്ദം, സത്യസന്ധമായ രീതിയില്‍ മതേതരത്വം നടപ്പിലാക്കാനുള്ള ആഗ്രഹം, അന്തര്‍ലീനമായ ഇസ്ലാമോഫോബിയയും വര്‍ഗീയതയെയും നേരിടാനുള്ള ആവശ്യകത തുടങ്ങിയവ എല്ലാം ഈ പ്രക്ഷോഭങ്ങളുടെ ഭാഗമാണ്.
ഈ സാഹചര്യത്തില്‍ പ്രക്ഷോഭങ്ങളില്‍ മുസ്ലിങ്ങള്‍ അവരുടെ സ്വത്വം പ്രകടിപ്പിക്കുന്നത് കണ്ടു ഭയപ്പെടുന്നവര്‍ തുല്യ പൗരډാരെന്ന നിലയില്‍ മുസ്ലിങ്ങളുടെ രാഷ്ട്രീയ നിലപാട് ഉയര്‍ത്തുന്നതിനുള്ള ചരിത്രാവസരം നിഷേധിക്കുകയാണ് ചെയ്യുന്നത്. അവര്‍ക്കുമേല്‍ അനീതി നടത്തപ്പെട്ടിട്ടുണ്ടെന്നു പരാതിപ്പെടാനുള്ള ശബ്ദമാണത്. ഇപ്പോഴും മുസ്ലിങ്ങള്‍ ‘വിവേകപൂര്‍വ്വം’ നിശ്ശബ്ദരായി സഹിഷ്ണുതയുടെയും ഒത്തൊരുമയുടെയും ചട്ടക്കൂടില്‍ നിന്നുകൊണ്ട്, വിഭാഗീയത ഉണ്ടാക്കുന്നതിനെ ഭയന്ന്കൊണ്ട്, ശരിയെ കുറിച്ച് മാത്രം സംസാരിക്കുന്ന വിധേയത്വമുള്ള വിശ്വാസിയായി ചുരുങ്ങണമെന്ന നിലപാടാണ് നമ്മള്‍ സ്വീകരിക്കുന്നതെങ്കില്‍ അത് വലിയൊരു ദുരന്തമാണ്.
മാര്‍ക്സ് പറഞ്ഞത് അതാത് കാലത്തെ ഭരിക്കുന്ന ആശയം ഭരണവര്‍ഗത്തിന്‍റെ ആശയങ്ങളാണ്. എന്നാല്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അതാത് കാലത്തെ ആശയങ്ങള്‍ സ്വായത്തമാക്കാം എന്നാണു ഈ പ്രക്ഷോഭം തെളിയിച്ചിരിക്കുന്നത്. അതെങ്ങനെ ഫലപ്രദമാക്കാം എന്നതാണ് മുസ്ലിം സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളി.
കടപ്പാട്: ഔട്ട്ലുക്ക് മാസിക (17 ഫെബ്രുവരി 2020)
ഗസാല ജമില്‍
അസിസ്റ്റന്‍റ് പ്രൊഫസര്‍
സെന്‍റര്‍ ഫോര്‍ ലോ ആന്‍റ് ഗവേണന്‍സ്, ജവഹര്‍ലാല്‍
നെഹ്റു സര്‍വ്വകലാശാല
COMMENTS