Homeചർച്ചാവിഷയം

അവൾ ഒരു രാജ്യം നിർമിക്കുകയാണെങ്കില്‍… 

കോവിഡ് കാലം നമ്മുടെ വര്‍ത്തമാന ജീവിതത്തില്‍ സൃഷ്ടിക്കുന്ന ആഘാതങ്ങളെപ്പറ്റി നമുക്കറിയാം. ദൈന്യംദിന ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ബഹുഭൂരിപക്ഷം നടത്തുന്ന അതിജീവന പ്രയത്നങ്ങള്‍ നമ്മള്‍ കാണുന്നുണ്ട്. എന്നാല്‍ കോവിഡിന്‍റെ ചുവടുപിടിച്ച്‌, ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളെ തളച്ചിട്ടും, ജനകീയ സമരങ്ങളെയും ശബ്ദങ്ങളെയും അടിച്ചമര്‍ത്താന്‍ ശ്രമിച്ചും, അപ്പം ചുടുന്നതുപ്പോലെ പാസാക്കിയെടുക്കുന്ന നിയമങ്ങള്‍ നമ്മുടെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതിക  മേഖലകളില്‍ ചെലുത്താന്‍ പോകുന്ന ആഘാതത്തിന്‍റെ ശരിയായ അനുമാനം നിലവില്‍ അസാധ്യമാന്നെനത്  വളരെ ഗുരുതരമേറിയ പ്രശ്നമാണ്.

വളരെയടുത്ത് വന്ന ദേശീയ വിദ്യഭ്യാസ നയം, തൊഴില്‍ നിയമങ്ങളിലെ ലഘൂകരണം,  ഇ.ഐ.എ കരട്, കാര്‍ഷിക മേഖലയെ ബാധിക്കുന്ന മൂന്ന് നിയമങ്ങള്‍ മുതലായവ മനുഷ്യന്‍റെ അടിസ്ഥാനപരമായ ആവശ്യങ്ങളായ വിദ്യാഭാസം, ഉപജീവനം, ഭക്ഷ്യ സുരക്ഷ തുടങ്ങി,  ആവാസവ്യവസ്ഥയെയും കാലാവസ്ഥയെയും  വരെ വിപരീതമായി ബാധിക്കുന്നതാണ്.  സാധാരണക്കാരന്‍റെ ജീവിതത്തെയും സ്വപ്നങ്ങളേയും സ്വശ്രയവത്കരിച്ചുക്കൊണ്ടുള്ള  ആത്മനിര്‍ഭർ  ഭാരതത്തിന്‍റെ നിര്‍മാണത്തില്‍ അസ്വസ്ഥയായിരിക്കെയാണ്  മറുപ്പക്കം ഫിലിം ഫെസ്റ്റിവലിന്‍റെ ഭാഗമായി മാഹീൻ മിർസയുടെ If She Built a Country (അവൾ ഒരു രാജ്യം നിർമിക്കുകയാണെങ്കില്‍) ഡോക്യുമെന്‍ററി കാണാന്‍ ഇടയായത്. ലോക്ഡൗണ്‍ കാലത്തു തുടങ്ങിയ ഓൺലൈൻ ഫിലിംസ്‌ക്രീനിങ്ങിന്‍റെ ഭാഗമായി എല്ലാ ആഴ്ചയും ഒരു ഡോക്യുമെന്‍ററിയുടെ ലിങ്ക് ഓൺലൈനിൽ ലഭ്യമാക്കുകയും അതിനെ കുറിച്ചുള്ള ചർച്ച എല്ലാ ഞായറാഴ്ച യും നടത്തി വരുന്നു ഫെസ്റ്റിവിൽ സംഘാടകനും ഡോക്യുമെന്‍ററി ഫിലിം മേക്കറുമായ മദുരൈക്കാരനായ അമുദൻ ആർ പി .   ആദിവാസി സ്ത്രീകളുടെ ‘REPRODUCTIVE HEALTH’ മായി ബന്ധപ്പെട്ടു ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയെന്നതിനോടൊപ്പം ആദിവാസി
മേഖലയില്‍ കുറച്ചു മാസങ്ങളുടെ പ്രവര്‍ത്തനപരിചയ
മുണ്ടെന്നതും, അതിനെല്ലാം ഉപരി, ഒരു സ്ത്രീയെന്ന നിലയിലും ഈ ഡോക്യുമെന്‍ററിയുടെ പേര്  എന്നെ സ്വാധീനിച്ചു. മേല്‍പ്പറഞ്ഞപ്പോലെ പ്രതീക്ഷയോടെയാണ് ഡോക്യുമെന്‍ററി കാണാന്‍ തുടങ്ങിയതും,  തുടര്‍ന്നുണ്ടായ സൂം ചര്‍ച്ചയില്‍ പങ്കെടുത്തതും. ഡോക്യുമെന്‍ററിയെ തുടര്‍ന്ന് ഉണ്ടായ ചര്‍ച്ചയും ആ പ്രതീക്ഷ നിലനിര്‍ത്തുന്നതായിരുന്നു.

ഛത്തീസ്ഗഡിലെ  റായ്ഗര്‍ഗ്  എന്ന പ്രദേശത്തെ ആദിവാസി സ്ത്രീകളുടെ ചെറുത്തുനില്‍പ്പിന്‍റെയും  പോരാട്ടങ്ങളുടെയും  കഥയാണ്‌ മഹീന്‍ മിർസ തന്‍റെ ഡോക്യുമെന്‍ററിയിലൂടെ  മുന്നോട്ടുവയ്ക്കുന്നത്.  വന്‍കിട മുതലാളിത്ത കബിനികള്‍ ഖനനത്തിനായി ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുകയും  പരിസ്ഥിതിയുമായുള്ള അവരുടെ ബന്ധത്തിനു ആഘാതമുണ്ടാകുക്കയും  ചെയ്തു കൊണ്ടിരിക്കുന്നു. ദൈന്യദിന ജീവിത്തിനും ഉപജീവനത്തിനും  പ്രകൃതിയെ  ആശ്രയിച്ചു കഴിഞ്ഞ അവരുടെ അവകാശങ്ങള്‍ ഭേദിക്കപ്പെടുകയും  അവരുടെ ജീവിതങ്ങള്‍ അരികുവത്കരിക്കപ്പെടുകയുമുണ്ടായി. തന്‍റെ തട്ടിയെടുക്കപ്പെട്ട  ഭൂമിക്കായി ജാനകി എന്ന ആദിവാസി സ്ത്രീയുടെ പതിനൊന്നു വര്‍ഷത്തെ പോരാട്ടങ്ങളുടെ ചരിത്രം പങ്കുവയ്ക്കുന്നതിനോടൊപ്പം  കാടിനേയും ഭൂമിയേയും തിരിച്ചുപിടിക്കാനായുള്ള ആദിവാസി സ്ത്രീകളുടെ  പരിശ്രമങ്ങളെയും ഭാവിയെക്കുറിച്ചുള്ള ആശങ്കകളെയും ഡോക്യുമെന്‍ററി മുന്നോട്ടുവയ്ക്കുന്നു.  അവരുടെ ജീവിതാവസ്ഥകളെ വസ്തുനിഷ്ഠമായ കൈയടക്കത്തോടെ അവതരിപ്പിക്കാന്‍ സംവിധായികയ്ക്ക്  സാധിച്ചിട്ടുണ്ട്.

ഏതൊരു രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെയും  പ്രധാനഘടകമാണ് പങ്കാളിത്തം.  ഇവിടെ ഡോക്യുമെന്‍ററിയുടെ നിര്‍മാണത്തെ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി കാണുമ്പോള്‍ തുടക്കം മുതല്‍ തന്നെ, ഉള്ളടക്കം, സ്ക്രിപ്റ്റ്, ക്യാമറ, ചിത്രീകരണം മുതാലായ പല ഘട്ടങ്ങളിലും കമ്മ്യൂണിറ്റിയില്‍ നിന്നുമുള്ളവരുടെ പങ്കാളിത്തം ഉണ്ടായിരുന്നു എന്നുള്ളത് വളരെ പ്രചോദനം നല്‍കുന്നുണ്ട്. ഡോക്യുമെന്‍ററി ചെയുന്ന ആളും അതിനു വിധേയമാക്കുന്നവരും തമ്മിലുള്ള അധികാര ബന്ധങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കാന്‍ ഇതു സഹായിക്കുമെന്ന് വിശ്വസിക്കുന്നു.  ഒരു ഫെമിനിസ്റ്റ് ഗവേഷകയെന്ന നിലയില്‍ ഇത്തരം ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും  ഞാന്‍ കരുതുന്നു.

അതുപോലെതന്നെ എന്നെ ആകര്‍ഷിച്ച മറ്റൊരു ഘടകം അതിലെ ശരീരങ്ങളുടെയും ശബ്ദങ്ങളുടെയും ഇടങ്ങളുടെയും ചിത്രീകരണമാണ്. പലപ്പോഴായി  ക്യാമറ  കാട്ടിലൂടെയും, ഖനികളിലൂടെയും , റോഡിലൂടെയും നടക്കുകയും ഇരിക്കുകയും പണിയെടുക്കുകയും ചെയ്യുന്നവരിലൂടെയും   സഞ്ചരിക്കുന്നു . അവരോടൊപ്പം  സംവിധായികയും. ‘ അവൾ ഒരു രാജ്യം നിർമിക്കുകയാണെങ്കില്‍’ എന്നതിനെ കൂടുതല്‍ സാധൂകരിക്കാന്‍ ഈ പ്രക്രിയ സഹായിച്ചതായി തോന്നുന്നു.

ഡോക്യുമെന്‍ററി പ്രധാനമായും മുന്നോട്ടു വയ്ക്കുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ പലതുണ്ട്.  വളരെ പ്രധാനമായി വികസനം എന്താന്നെന്നുള്ളതാണ്? ആരാണ് വികസനം എന്നതിനെ നിര്‍വചിക്കുന്നത്? അല്ലെങ്കില്‍ ആരിലാണ് ആ അധികാരം നിക്ഷിപ്തമായിരിക്കുന്നത്? എന്നതും എന്തിന്‍റെ അടിസ്ഥാനത്തില്‍ നിര്‍വചിക്കപ്പെടുന്നു? എന്നുള്ളതും പ്രാധാന്യമര്‍ഹിക്കുന്നു. മനുഷ്യനും പ്രകൃതിയും ജീവജാലങ്ങളും തമ്മിലുള്ള ബന്ധത്തിന്‍റെ അതിരുകള്‍ നിര്‍മ്മിക്കപ്പെടുന്നതില്‍ ഇതിനു വളരെ പങ്കുണ്ട്.  മറ്റൊന്ന് വിഭവങ്ങളുടെ നിയന്ത്രണവും ഉപയോഗവുമാണ്. മേല്‍പ്പറഞ്ഞ രണ്ടു സന്ദര്‍ഭങ്ങളിലും ഭരണകൂടത്തിന്‍റെ പങ്ക് എത്രത്തോളമുണ്ട് എന്നത് നിര്‍ണ്ണായകമാകുന്നു.  PESA നിയമം പോലൊന്ന് നിലവില്‍ നിലനില്‍ക്കുബോളും ആദിവാസി ഭൂമിയുടെയും വിഭവങ്ങളുടെയും മേല്‍  ഗ്രാമസഭകളുടെ അധികാരം വേണ്ടവിധം ഉപയോഗിക്കപ്പെടാതെ ഏകാതിപത്യ- മുതലാളിത്ത ഭരണ വ്യവസ്ഥിതിയ്ക്ക്   മുന്നില്‍  അവ അന്യാധീനപ്പെട്ടുപോക്കുന്നത്  നമ്മുക്ക് എങ്ങനെ ചെറുക്കാനാകും. അതിജീവനത്തിനും നിലനില്‍പ്പിനും വേണ്ടിയുള്ള ഇത്തരം കൂട്ടായ്മകളെ,  സമരങ്ങളെ, മുന്നേറ്റങ്ങളെ  മേല്‍പ്പറഞ്ഞതിനോടുള്ള  പ്രതികരണമായി എങ്ങനെ എന്തുകൊണ്ട് കൂട്ടി വായിക്കണം എന്നതും അതിന്‍റെ അനിവാര്യതയും  പ്രാധാന്യമര്‍ഹിക്കുന്നതായി തോന്നുന്നു. അങ്ങനെ ആലോചിക്കുമ്പോള്‍  പുതിയ  ഏകാതിപത്യ- മുതലാളിത്ത ഭരണകൂടങ്ങളുടെ വിഭാവനകളിൽ നിന്ന് വളരെ വ്യത്യസ്ഥമായിരിക്കും ‘അവൾ ഒരു രാജ്യം നിർമിക്കുകയാണെങ്കില്‍’ സംഭവിക്കുന്നത്.

ഒരുപക്ഷേ…… സാമ്പത്തിക വളര്‍ച്ചയെ മുന്നില്‍ കാണുബോഴും, ഖനികളേക്കാള്‍ പ്രാധാന്യം വായുവിനും വെള്ളത്തിനും മണ്ണിനും ആവാസവ്യവസ്ഥയ്ക്കും നല്‍കികൊണ്ടുള്ള വികസനത്തിനു സാധിച്ചാല്‍ വരും തലമുറയുടെ മുഖം എങ്ങനെയിരിക്കുമല്ലേ…….

ഒരുപക്ഷേ…… ‘ ‘അവൾ ഒരു രാജ്യം നിർമിക്കുകയാണെങ്കില്‍’….

ഏകാതിപത്യ ഭരണകൂടങ്ങള്‍ക്കും മുതലാളിത്ത കമ്പനികള്‍ക്കും മുന്നില്‍ അടിയറവ് വയ്ക്കപ്പെടാത്ത ഒരു തലമുറയും പ്രകൃതിയും ഒന്നിച്ചു വളര്‍ന്നേനെ അല്ലെ???

എന്ന പ്രതീക്ഷയോടെ നിര്‍ത്തുന്നു.

 

(കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ വുമൺസ് സ്റ്റഡീസ് ഡിപ്പാർട്മെന്‍റിലെ പി എച്ച് ഡി  ഗവേഷണ വിദ്യാർത്ഥിയാണ്
ആശ ശങ്കര്‍) 

COMMENTS

COMMENT WITH EMAIL: 0