Homeചർച്ചാവിഷയം

“അതിരിലെ മരങ്ങൾ വളഞ്ഞേ വളരൂ….”

“അതിരിലെ മരങ്ങൾ
വളഞ്ഞേ വളരൂ……
അവയ്ക്ക് അപ്പുറത്തെ
ആകാശം തൊടണം
അപ്പുറത്തേക്ക് ഇലകൾ പൊഴിക്കണം
അവിടുത്തെ | വെയിൽപ്പൈമ്പാൽ കുടിക്കണം
അവിടേക്കു തണലാകണം” (ലോപ)

ഞാൻ അതിരിലെ മരമാണ്. നിഷേധിക്കപ്പെട്ട മണ്ണിൽ വേരുകളാഴ്ത്തി അനന്തമായ ആകാശത്തേക്ക് പടർന്ന് തണലാകുന്ന മരം. കുട്ടിക്കാലം മുതൽ നിങ്ങൾ വരച്ചിട്ട അതിരുകൾക്കുള്ളിൽ നിന്നാണ് വളർന്നത്.

ആരാണ് ഞങ്ങൾക്ക് ,സ്ത്രീകൾക്ക് അതിരുകൾ നിശ്ചയിച്ചത്?
ഞങ്ങളെ മാറ്റിനിർത്തിയ പൊതുവിടങ്ങൾ, നിർബന്ധിച്ചേൽപ്പിച്ച വീട്ടുജോലികൾ, ശരീരത്തെക്കുറിച്ചുള്ള പാപബോധങ്ങൾ, പ്രായപൂർത്തിയായാൽ ആൺകുട്ടികളിൽ നിന്നും, പുരുഷൻമാരിൽ നിന്നും അകന്നു നിൽക്കണമെന്ന ആജ്ഞകൾ, വിവാഹമാണ് പരമപ്രധാനമെന്ന ഉപദേശങ്ങൾ – ഇങ്ങനെ എത്രയെത്ര ആജ്ഞകൾ വിലക്കുകൾ, മർദ്ദനങ്ങൾ, തടവുകൾ. ഈ പരിമിതികൾക്കുള്ളിൽ നിന്നാർജജിക്കുന്ന സാമൂഹിക ബോധത്തിൽ നിന്നാണ് ഒരു രാഷ്ട്രീയ പ്രവർത്തകയാകാൻ എന്നെ പോലെയുള്ള ഒരുവൾ തീരുമാനിച്ചത്.

രാഷ്ട്രീയ സംഘടനകളിൽ പ്രവർത്തിക്കുമ്പോൾ ഞാൻ പ്രതീക്ഷിച്ചത് എന്നെ ഒരു സ്വതന്ത്ര വ്യക്തിയായി കാണുമെന്നായിരുന്നു. പക്ഷേ അവിടെയും എന്റെ സാധ്യതയേക്കാൾ നിങ്ങൾ പ്രാധാന്യം നൽകിയത് എന്റെ പരിമിതികൾക്കാണ്. ‘കൊഞ്ചൻ ചാടിയാൽ ചട്ടിയോളം’ എന്നാണ് ഓരോ നിമിഷവും എന്നെ ഓർമിപ്പിച്ചു കൊണ്ടിരുന്നത് .ഓർമ്മ വെച്ച നാൾ മുതൽ ഞാൻ കാണുന്നത് വീടിനു മുന്നിൽ സങ്കടം നിറഞ്ഞ മുഖവുമായി നിൽക്കുന്ന മനുഷ്യരും അവർക്കൊപ്പം ഏതു സമയത്തും ഒപ്പം നിൽക്കാൻ നിറഞ്ഞ മനസുള്ള അച്ഛനെയുമാണ്. തൊഴിലാളികൾക്കും, പാവപ്പെട്ട മനുഷ്യർക്കും വേണ്ടി സ്വന്തം കുടുംബത്തെ പോലും മറന്ന് മരിക്കും വരെ അച്ഛൻ പ്രവർത്തിച്ചു. ഒരു രാഷ്ട്രീയ പ്രവർത്തകയാകണമെന്ന മോഹം എന്നിൽ നിറച്ചത് അച്ഛനാണ്. പതിനഞ്ചു വയസ്സു മുതൽ ഇടതുപക്ഷ സംഘടനകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ തുടങ്ങി. പെണ്ണിന് സമൂഹം വരച്ചിട്ട അതിരുകൾ ഭേദിക്കാതെ ഒരു രാഷ്ട്രീയക്കാരിയാകുക അത്ര എളുപ്പമല്ല എന്ന് തിരിച്ചറിഞ്ഞ കാലം. സംഘടനാ പ്രവർത്തനം കഴിഞ്ഞ് വൈകി വീട്ടിലെത്തിയാൽ, ഏതെങ്കിലും ആൺ സുഹൃത്തുക്കളുടെ കൂടെ കണ്ടാൽ വീട്ടിൽ, നാട്ടിൽ സംഘർഷങ്ങളായിരുന്നു. അച്ഛന് അതൊരിക്കലും അംഗീകരിക്കാൻ കഴിഞ്ഞില്ല. ഞാനും അച്ഛനുമായുള്ള സംഘർഷങ്ങൾക്കിടയിൽ അമ്മ പറയും “രാഷ്ട്രീയക്കാരനായ നിങ്ങളെ കണ്ടാണ് അവളും ആ വഴിക്കിറങ്ങിയത്. ഇനി പറഞ്ഞിട്ടെന്താ കാര്യം?”
“എന്നെപ്പോലെയല്ല അവൾ. പെൺകുട്ടിയാണ്, ശ്രദ്ധിച്ചില്ലെങ്കിൽ നാട്ടുകാർ അതുമിതും പറയും. നാണക്കേടാവും. കുടുംബത്തിന് മാനക്കേടുണ്ടാവാൻ ഞാൻ സമ്മതിക്കില്ല. പകൽ ഉള്ള പ്രവർത്തനം മതി……. പെൺകുട്ടിയാണെന്ന ഓർമ്മ വേണം. ”

പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഞാൻ പ്രവർത്തിക്കുന്ന വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐ യുടെ നേതാവ് എന്നോട് പറഞ്ഞത് ” സ്മിത ഞങ്ങളുടെ പാനലിൽ കോളേജ് യൂണിയൻ ഇലക്ഷനിൽ മത്സരിക്കണം. അച്ഛനോട് ഞങ്ങൾ സമ്മതം വാങ്ങിയിട്ടുണ്ട് ” . പക്ഷേ എനിക്കത് മനസിലായില്ല. “ഇലക്ഷന് മത്സരിക്കുന്നത് ഞാനല്ലേ.അത് എന്നോട് സംസാരിക്കുന്നതിനു മുമ്പ് അച്ഛനോട് സംസാരിക്കേണ്ടതിന്റെ കാര്യമെന്താ? നിങ്ങളൊക്കെ വീട്ടിൽ നിന്നനുവാദം വാങ്ങിയോ? ” ഞാൻ ചോദിച്ചു.
“ഞങ്ങൾക്കതിന്റെ ആവശ്യമില്ല. നീയൊരു പെൺകുട്ടിയായതുകൊണ്ടാണ് അച്ഛന്റെഅനുവാദം
വാങ്ങിയത്.” എനിക്കത് കടുത്ത അപമാനമായാണ് തോന്നിയത്.
ഞാനാ സീറ്റ് വാഗ്ദാനം നിരസിച്ചു.

ഇടതുപക്ഷ യുവജന സംഘടനയിൽ അംഗമായിരുന്ന കാലം. വൈകിട്ട് തുടങ്ങിയ മീറ്റിംഗ് രാത്രിയിലേക്ക് നീളുന്നു. അംഗങ്ങളിൽ ഞാനൊരാൾ മാത്രം പെൺകുട്ടി. കൂടെയിരിക്കുന്നവർ കൂടെക്കൂടെ അസ്വസ്ഥരായി എന്നെ നോക്കുന്നു. സ്മിത വേണമെങ്കിൽ ഇരുട്ടു കനക്കും മുമ്പേ പോയ്ക്കോളൂ.” ”
“ഇല്ല. എനിക്കു പ്രശ്നമില്ല .എനിക്കും ചർച്ചയിൽ പങ്കെടുക്കണം. തീരുമാനങ്ങളറിയണം”
“അതൊന്നും സാരമില്ലെന്നേ.ഇരുട്ടിയാൽ വീട്ടിൽ പ്രശ്നമാകും. ഞങ്ങൾ ബൈക്കിൽ കൊണ്ടാക്കേണ്ടി വരും. നീയൊരു പെൺകുട്ടിയല്ലേ”. പിന്നീട് ഒട്ടുമിക്ക മീറ്റിംഗുകളിലും, സമരയിടങ്ങളിലും “നീയൊരു പെൺകുട്ടിയല്ലേ, നീയൊരു വീട്ടമ്മയല്ലേ, അമ്മയല്ലേ വേഗം വീട്ടിലേക്കു പോയ്ക്കോളൂ” എന്ന് നിരന്തരം നിങ്ങളെന്നെ വീട്ടിലേക്ക് എത്തിക്കാൻ തിടുക്കം കൂട്ടികൊണ്ടേയിരുന്നു. എന്റെ വ്യക്തിത്വത്തെ അംഗീകരിക്കുന്ന,രാഷ്ട്രീയവും, ജീവിതവുമെല്ലാം തുറന്നു സംസാരിക്കാൻ പറ്റുന്ന, ജനാധിപത്യബോധത്തോടെ വിമർശിക്കുന്ന, ജൻഡർ ബയസ്സില്ലാതെ പെരുമാറുന്ന നല്ല സുഹൃത്തുക്കളെയായിരുന്നു ഞാൻ നിങ്ങളിൽ നിന്ന് പ്രതീക്ഷിച്ചത് എന്ന് നിങ്ങളെപ്പോഴെങ്കിലും തിരിച്ചറിഞ്ഞിരുന്നുവോ?എനിക്ക് വേണ്ടത് സംരക്ഷണമല്ല അംഗീകാരമാണ്.

ഒരു മുഴുവൻ സമയ രാഷ്ട്രീയക്കാരനെ, കൂടെ പ്രവർത്തിച്ചയാളെ വിവാഹം കഴിച്ചു. രാഷ്ട്രീയ പാർട്ടികളിൽ ഞങ്ങളൊരുമിച്ചു പ്രവർത്തിക്കുമ്പോഴും ,ഭാരവാഹികളായപ്പോഴും എന്റെ കൂടെയുള്ളവർ എന്നെ പരിചയപ്പെടുത്തുന്നത് പലപ്പോഴും “ഇത് സ്മിത, കെ.പി പ്രകാശന്റെ ഭാര്യ “. എന്നാവും. സംഘടനയിലുള്ള എന്റെ പദവി ആദ്യം പറയാത്തതിന് ഞാനവരോട് കലഹിക്കാറുണ്ട്. ഇതെന്റെ മാത്രം പ്രശ്നമല്ല. പലപ്പോഴും ഭാര്യയും, ഭർത്താവും ഒരുമിച്ച് പൊതുപ്രവർത്തനത്തിനിറങ്ങിയാലും ഭാര്യയുടെ വ്യക്തിത്വത്തെ ഭർത്താവിന്റെ നിഴലിൽ നിർത്തിയേ അംഗീകരിക്കുകയുള്ളൂ.
സംരക്ഷണത്തിനും,സുരക്ഷിതത്വത്തിനും മുൻഗണന നൽകുമ്പോൾ സ്ത്രീയുടെ വ്യക്തിത്വത്തെ അംഗീകരിക്കാൻ അവളെ തുല്യയായി പരിഗണിക്കാൻ അപ്പോഴും സമൂഹം പഠിച്ചിട്ടേയില്ല.
അധികാരസ്ഥാനങ്ങളിലോ, പ്രവർത്തിക്കുന്ന സംഘടനകളുടെ നേതൃത്വനിരയിലെത്താനും അവൾക്ക് ഗോഡ്ഫാദർമാർ വേണം. അല്ലാതെ എത്തുന്ന ഒരുവൾ നിരവധിയായ യുദ്ധങ്ങൾ ,പരീക്ഷണങ്ങൾ നേരിടേണ്ടിവരും. അവളുടെ സൗഹൃദങ്ങൾ സംശയിക്കപ്പെടാം. അവളുടെ ചാരിത്രത്തെ സംശയിക്കപ്പെടാം. സ്വന്തം വ്യക്തിത്വം നില നിർത്തി ഉറക്കെ അഭിപ്രായം പറയുന്നവൾ തന്റേടിയും, അഹങ്കാരിയുമാവും. ഒരിക്കലും അവളുടെ പത്തിയുയരാതിരിക്കാൻ എല്ലാവരും ജാഗരൂഗരായിരിക്കും. ഒരു സ്വതന്ത്ര വ്യക്തിയായി പരിഗണിക്കപ്പെടുക വളരെ ചുരുക്കമായിരിക്കും. പ്രസംഗ വേദികളിൽ ഏറ്റവും അവസാനവും, ബാനർ പിടിക്കാൻ ഏറ്റവും മുന്നിലുമായി സ്ഥാനം നിശ്ചയിക്കപ്പെട്ടിട്ടുണ്ടാവും.

വ്യവസ്ഥാപിത കാഴ്ചപ്പാടുകളോട് കലഹിക്കാതെ ഒരു സ്ത്രീക്ക് വ്യക്തിത്വമുള്ള ഒരു സാമൂഹിക / രാഷ്ട്രീയ പ്രവർത്തകയാകാൻ കഴിയില്ല. സാമൂഹിക പ്രവർത്തനം ഒരു വ്യക്തിയുടെ മുഴുവൻ സമയവും ഊർജ്ജവും, ത്യാഗവും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ കുട്ടിക്കാലം മുതൽ അരുതുകളും, അതിരുകളും നിറഞ്ഞ ഒരു ലോകത്ത് വളരുന്ന പെണ്ണിന് എങ്ങനെ അത്തരമൊരു വ്യക്തിത്വത്തിലേക്കുയരാൻ കഴിയും? അത്തരം പരിമിതികളെയൊക്കെ ഭേദിച്ച് ഒരു സത്രീ മുന്നോട്ടു വന്നാൽ അവളെ എങ്ങനെയാവും സ്വീകരിക്കുക? നിങ്ങളുടെ മുന്നിൽ മിടുക്കുതെളിയിക്കാൻ അവളെന്തൊക്കെ ത്യാഗങ്ങൾ ചെയ്യേണ്ടിയിരിക്കുന്നു. നിങ്ങളുടെ സദാചാര കണ്ണുകൾ എന്നും അവൾക്കു പിന്നിൽ ഉണ്ടാവില്ലേ? മാത്രമല്ല രാഷ്ട്രീയത്തിലെ സ്ത്രീ എങ്ങനെ ഏതു കോലത്തിൽ നടക്കണം, സംസാരിക്കണം, ഏതുതരം വസ്ത്രം ധരിക്കണം, എന്നിങ്ങനെ എല്ലാക്കാര്യത്തിലും സ്റ്റീരിയോടൈപ്പ് മാതൃകകൾ സമൂഹം സൃഷ്ടിച്ചിട്ടുണ്ട്. അത് കൃത്യമായും ഒരു സവർണ്ണ മാതൃകയാണ്. തല മൊട്ടയടിച്ച, ചുരിദാറോ, ജീൻസും ടോപ്പുമോ അണിഞ്ഞ ഒരു രാഷ്ട്രീയക്കാരിയായ സ്ത്രീയെ നമുക്കു സങ്കൽപ്പിക്കാൻ കഴിയില്ല. അങ്ങനെ നടന്നതു കൊണ്ട് മാത്രം എൻ്റെ രാഷ്ട്രീയ ഭാവി ഞാൻ തുലച്ചു കളഞ്ഞതായി ഉപദേശിച്ച ആളുകളുണ്ട്. പാർട്ടി മീറ്റിംഗുകളിൽ നിന്ന് മാറ്റി നിർത്തപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളിലെ സ്ത്രീ സംഘടനകളാവട്ടെ ഈ പുരുഷാധിപത്യ സമൂഹത്തിൽ ഒരു പോറൽ പോലും ഏൽപ്പിക്കാൻ കഴിയാത്ത വിധം അരികു വൽക്കരിക്കപ്പെട്ടിട്ടുണ്ട്. അവർക്ക് മാതൃപാർട്ടിയിലെ സ്ത്രീവിരുദ്ധതയെ ചോദ്യം ചെയ്യാനോ, അതിൽ നിന്ന് വ്യത്യസ്തമായ ഒരു സംഘടനാ സംവിധാനം രൂപപ്പെടുത്താനോ സാധിക്കില്ല. ഞാനിപ്പോൾ പ്രവർത്തിക്കുന്ന ,താരതമ്യേന പുതിയ പാർട്ടിയായ റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടിയിൽ പോലും അത്തരത്തിലുള്ള മാറ്റങ്ങൾക്കു വേണ്ടിയുള്ള ശ്രമങ്ങൾ പല ഘട്ടത്തിലും പരാജയപ്പെട്ടു പോയ അനുഭവങ്ങളുണ്ട്. പഴയ പാർട്ടിയുടെ സ്ത്രീവിരുദ്ധ സംഘടനാ ശീലങ്ങളെ പൊളിച്ചു ഒരു മാറ്റിപ്പണിയൽ അത്ര എളുപ്പമല്ല എന്ന് തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു.

നിലവിലെ രാഷ്ട്രീയ രംഗം പുരുഷനനുയോജ്യമായി രൂപകൽപന ചെയ്തതാണ്. പുരുഷാധിപത്യ വ്യവസ്ഥയുടെ എല്ലാ പോരായ്മകളെയും ഏറ്റവും നന്നായി പ്രതിഫലിപ്പിക്കുന്ന ഇടം കൂടിയാണത്. അവിടെ തന്റെ വ്യക്തിത്വം തെളിയിക്കാനും, ആ മേഖലയിലെ സ്ത്രീവിരുദ്ധതയെ എതിർക്കാനുമുള്ള ഊർജ്ജവും കൂടി സ്ത്രീ ആർജ്ജിക്കേണ്ടി വരുന്നുണ്ട്. ആൺ, പെൺ, ട്രാൻസ്ജെൻഡർ വ്യത്യാസങ്ങളില്ലാത്ത, എല്ലാത്തരം ജെൻഡർ ,സെക്ഷ്വൽ വ്യക്തിത്വങ്ങളെയും അംഗീകരിക്കുന്ന ഇടമായി പൊതുരംഗം മാറേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയത്തെക്കുറിച്ചുള്ള അത്തരമൊരു സ്വപ്നത്തിലേക്കാണ് ഞാൻ നിങ്ങളെ ക്ഷണിക്കുന്നത്. നിങ്ങളുടെ ആണധികാരത്തിന്റെ മുഷ്കുകളില്ലാത്ത, വിയോജിപ്പുകളെ കൊലക്കത്തിക്കിരയാക്കാത്ത, കാരുണ്യവും സ്നേഹവും, കരുതലും നിറഞ്ഞ നിസ്വാർത്ഥമായ രാഷ്ട്രീയ പ്രവർത്തനമെന്ന സ്വപ്നത്തിലേക്ക്.

 

 

 

 

സ്മിത നെരവത്ത്

അസി.പ്രൊഫസർ ഓഫ് ഇംഗ്ലീഷ്
വിദൂര വിദ്യാഭ്യാസ വിഭാഗം
കാലിക്കറ്റ് യൂണിവേഴ്സിറ്റി

COMMENTS

COMMENT WITH EMAIL: 0