അതിജീവനത്തിന്‍റെ കനേഡിയന്‍ അനുഭവങ്ങള്‍ – കുഞ്ഞൂസ്

Homeചർച്ചാവിഷയം

അതിജീവനത്തിന്‍റെ കനേഡിയന്‍ അനുഭവങ്ങള്‍ – കുഞ്ഞൂസ്

കുഞ്ഞൂസ്

പ്രിയപ്പെട്ട എബി,

കുറെ നാളായി നിനക്കെഴുതണമെന്നു കരുതുന്നു. പിന്നെയും അതങ്ങനെ നീണ്ടുനീണ്ടു പോയതില്‍ ക്ഷമിക്കുമല്ലോ…

ലോകം മുഴുവന്‍ കൊറോണഭീതിയില്‍ കഴിയുന്ന ഈ നാളുകളില്‍ ഒന്നിനും കഴിഞ്ഞില്ലെന്നതാണ് വാസ്തവം. എല്ലായിടത്തെയും പോലെത്തന്നെ ഇവിടെയും ആദ്യം കൊറോണയെ ഗൗരവമായെടുത്തില്ല… ആ കാലത്തു കൊറോണയെ പ്രതിരോധിക്കാനുള്ള നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ വളരെ ആശ്വാസത്തോടെയാണ് നോക്കിക്കണ്ടത്. ലോകത്തിന്‍റെ അങ്ങേയറ്റത്തൊരു കുഞ്ഞു നാടുണ്ടെന്നും അവിടെ നൂറു ശതമാനം സാക്ഷരരായ ജനങ്ങളുണ്ടെന്നും ദൈവത്തിന്‍റെ സ്വന്തം നാടെന്നാണ് ആ സ്ഥലം അറിയപ്പെടുന്നതെന്നുമൊക്കെ എന്‍റെ ഓഫീസിലെ കൂട്ടുകാരെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട നാളുകളില്‍ നിന്നും കേരളമാണ് എന്‍റെ നാട് എന്നു പറയുന്നതിലേക്കു ഓടിച്ചാടി കേറിയ കോണിയായി മാറി കൊറോണ. കേരളക്കാരിയെന്ന്, മലയാളിയെന്ന് അഭിമാനപൂര്‍വ്വം തലയുയര്‍ത്തിപ്പിടിച്ചു.

ആ സമയത്ത്, ഇവിടെ അത്രയും കര്‍ശനമായ നിയന്ത്രണങ്ങളില്ലായിരുന്നത് സ്വാഭാവികമായും ഞങ്ങളെ ആശങ്കയിലാഴ്ത്തി. വൈകുന്നേരങ്ങളിലെ കേരള മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം കാണാന്‍ അതിരാവിലെ എണീറ്റു ടിവിയുടെ മുന്നിലെത്താന്‍ തുടങ്ങി. സര്‍ക്കാരിന്‍റെ കരുതലുകളില്‍ തുടിക്കുന്ന മനവും നനയുന്ന മിഴികളുമായി ഏഴാം കടലിനക്കരെ ഞങ്ങളും കാത്തിരിക്കാന്‍ തുടങ്ങി…  പ്രിയപ്പെട്ടവരെല്ലാം അവിടെ സുരക്ഷിതരാണല്ലോയെന്ന് സമാധാനിച്ചു.

അതിനിടയില്‍, ഇവിടെ ഞങ്ങളുടെയടുത്തു കൊറോണയെത്തിയത് ഒട്ടും പ്രതീക്ഷിക്കാതെയാണ്. പതിവുപോലെ കഴിഞ്ഞ ശീതകാലത്തും വര്‍ക്ക് ഫ്രം ഹോം എടുത്തിരുന്നതിനാല്‍, കൊറോണ വരുന്നതിനു മുമ്പേ വീട്ടിനുള്ളില്‍ കേറിയതാണ്. എന്നിട്ടും…


ഇടയ്ക്കൊന്നു ഓഫീസില്‍ പോകേണ്ടി വന്നിരുന്നു. അവിടെ വന്ന പാര്‍സല്‍ എടുക്കാനായിരുന്നത്. രണ്ടാഴ്ചയ്ക്കു ശേഷം, ഓഫീസ് അസിസ്റ്റന്‍റിനു കൊറോണ സ്ഥിരീകരിച്ചതും ഓഫീസ് കെട്ടിടം പൂര്‍ണ്ണമായും അടച്ചിട്ടതും എന്നത്തേയും വാര്‍ത്തകള്‍ പങ്കുവെക്കുന്നതിനിടെ സഹപ്രവര്‍ത്തകന്‍ പറഞ്ഞു കേട്ടപ്പോഴും കൊറോണ തൊട്ടടുത്തുണ്ടെന്നു അറിഞ്ഞതേയില്ല എബീ… തൊട്ടടുത്ത ദിവസം, രാവിലെയെഴുന്നേറ്റത് ശക്തിയായ തലവേദനയും ശ്വാസംമുട്ടലോടെയുമായിരുന്നു. ദേഹമൊക്കെ തളര്‍ന്നു പോകുന്ന പോലെ… അതിനടുത്ത ദിവസം നല്ല പനിയും തുടങ്ങി. ജീവിതം ഒരു മുറിയിലൊതുങ്ങി…. ഈ രണ്ടു ദിവസത്തിലൊരിക്കല്‍ കുടുംബഡോക്ടര്‍ വീഡിയോകോളില്‍ വന്നു വിവരങ്ങള്‍ അന്വേഷിച്ചു കൊണ്ടിരുന്നു. ടാലിനോള്‍ കഴിക്കുക, ധാരാളം വെള്ളം കുടിക്കുക എന്നൊക്കെ അദ്ദേഹം ഉപദേശിച്ചു കൊണ്ടിരുന്നു. നാലാംനാള്‍ മുതല്‍ പനി കുറഞ്ഞു… വിശപ്പു കൂടി… ഭക്ഷണത്തോടു ആര്‍ത്തിയായി… എന്നാലോ ഒന്നിനും രുചിയില്ലാതായി, കഴിക്കാന്‍ പറ്റാതായി… വീണ്ടും ശരീരം തളര്‍ന്നു.. ഒരാഴ്ചയോളം ദ്രാവകരൂപത്തിലുള്ള ഭക്ഷണം മാത്രമായിരുന്നു. കൂടു
തലും ഓറഞ്ചു ജ്യൂസ് തന്നെ…. എബീ, എനിക്കിപ്പോള്‍ ഓറഞ്ചു ജ്യൂസ് കാണുമ്പോഴേ വെറുപ്പായി മാറിയിട്ടുണ്ട്…

ഇതെല്ലാം കഴിഞ്ഞാണ്, എനിക്കു കോവിഡ് ടെസ്റ്റ് ചെയ്തത്. മൂന്നു തവണ ടെസ്റ്റ് ചെയ്തു, ആന്‍റിബോഡി ഉണ്ടെന്നാണ് ആശുപത്രിയില്‍ നിന്നും അറിയിച്ചത്. അതിനാലാണ്, എനിക്കു വന്നതും കൊറോണയായിരുന്നു എന്നു സ്ഥിരീകരിച്ചത്.

ഈ ദിവസങ്ങളില്‍ ജോലി ചെയ്യാനാവാതെ ലീവെടുക്കേണ്ടി വന്നു. എബീ, നിനക്കറിയാമല്ലോ, ജോലി ചെയ്തില്ലെങ്കില്‍ ശമ്പളമില്ലാത്ത നാടാണിതെന്ന്… ! അതിനാല്‍, ഞാനും CERB (Canada Emergency Response Benefit) കിട്ടാന്‍ അപേക്ഷിച്ചു. അടുത്ത ദിവസം തന്നെ എന്‍റെ ബാങ്ക് അക്കൗണ്ടില്‍ രണ്ടായിരം ഡോളര്‍ വരികയും ചെയ്തു. കുടുംബ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം രണ്ടു മാസത്തെ മെഡിക്കല്‍ അവധി ഓഫീസില്‍ നിന്നു അനുവദിച്ചു കിട്ടി. ഈ രണ്ടു മാസവും CERB യില്‍ നിന്നും സഹായം കിട്ടിയതിനാല്‍ ടെന്‍ഷനില്ലാതെ കഴിഞ്ഞു. ഈ മഹാമാരിക്കാലത്ത് കാനഡ സര്‍ക്കാരും ജോലി നഷ്ടപ്പെട്ടവരെയും വിദ്യാര്‍ത്ഥികളെയും കുഞ്ഞുങ്ങളെയുമെല്ലാം ചേര്‍ത്തു പിടിച്ചത് വലിയൊരു ആശ്വാസം തന്നെയാണ്. സെപ്റ്റംബര്‍ വരെ അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ഇഋഞആ സഹായം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

ആദ്യകാലത്തു കൂടുതല്‍ വ്യാപനമുണ്ടായത് ദീര്‍ഘകാലപരിചരണ കേന്ദ്രങ്ങളിലായിരുന്നു. അന്തേവാസികളുടെ കൂടിയ പ്രായവും ഏര്‍പ്പെട്ടിട്ടുള്ള കരാറുമൊക്കെ ചികിത്സ നല്‍കാന്‍ തടസ്സമായി. എങ്കിലും വളരെപ്പെട്ടെന്നു തന്നെ സര്‍ക്കാര്‍ തീരുമാനമെടുക്കുകയും വ്യാപനം കുറയ്ക്കാന്‍ അതു സഹായിക്കുകയും ചെയ്തു.

എന്നാലും എബീ, ഞാന്‍ സന്നദ്ധപ്രവര്‍ത്തനത്തിനു പോയിരുന്ന കേന്ദ്രത്തിലെ പതിനേഴു പേരാണ് കൊറോണയെ കൂട്ടു പിടിച്ചു പോയിക്കളഞ്ഞത്. എന്‍റെ ചിരിക്കുടുക്ക മാഗിയും പുസ്തകങ്ങളും വായനയും ഇഷ്ടപ്പെടുന്ന ക്രിസും കേക്കിന്‍റെ പുതിയ പുതിയ രുചിക്കൂട്ടുകള്‍ കണ്ടെത്തുന്ന ഷാരണും ഇല്ലാത്ത ആ കേന്ദ്രത്തിലേക്കു പോകാന്‍ തോന്നുന്നില്ല എബീ… ഒഴിഞ്ഞു കിടക്കുന്ന മുറികള്‍…. നിശബ്ദമായ വരാന്തകള്‍… ആളില്ലാത്ത ഊണുമുറികള്‍… വിരസമായ സായാഹ്നങ്ങള്‍… ഒരു ദിവസത്തെ സന്ദര്‍ശനം കൊണ്ടു തന്നെ ചിതറിപ്പോയല്ലോ… ബാക്കിയായവരുടെ കണ്ണിലെ നിസ്സഹായതയും നിസ്സംഗതയുമേറ്റു പിടഞ്ഞു പോയല്ലോ…

ഇപ്പോള്‍ ഭീതിയൊക്കെ കുറഞ്ഞു തുടങ്ങി. ആളുകള്‍ പാര്‍ക്കുകളിലും വനപാതയിലും കൂട്ടംകൂടിയും ബാര്‍ബിക്യൂ ചെയ്തും മറ്റും വേനലിനെ ആഘോഷിക്കുന്നുണ്ട്. വെയില്‍ കിട്ടുന്ന രണ്ടോ മൂന്നോ മാസങ്ങളല്ലേയുള്ളൂ. അല്ലാത്ത സമയത്തെല്ലാം വീടുകള്‍ക്കുള്ളില്‍ അടച്ചിരിക്കുന്നവരല്ലേ… ഈ വര്‍ഷം കൊറോണയും വീട്ടില്‍ പൂട്ടിയിടാനെത്തി, വേനലിന്‍റെ പകുതിയും അപഹരിച്ചു. ജൂണ്‍ അവസാനയാഴ്ച മുതലാണ് ലോക്ക് ഡൗണിനു കുറെയൊക്കെ അയവു കിട്ടിയത്. ഇവിടെ രോഗികള്‍ കുറഞ്ഞുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്.

ഞങ്ങളും ഒന്നുരണ്ടു കൂട്ടുകാരുടെ വീട്ടിലൊക്കെ പോയി. എല്ലാവരും തന്നെ കൊറോണഭീതിയിലും അതിന്‍റെ പിരിമുറുക്കത്തിലുമായിരുന്നു. മാനസികസംഘര്‍ഷങ്ങള്‍ തന്നെ പലരെയും ക്ഷീണിതരാക്കി. കുഞ്ഞുങ്ങളില്‍ പോലും നിരാശയും ഭീതിയും നിറഞ്ഞിരുന്ന പോലെ… എല്ലാവരെയും നേരില്‍ കണ്ടതിന്‍റെ ഒരാശ്വാസം… പതിയെ പതിയെ ഒരു പ്രത്യാശ ഉണര്‍ന്നു വരുന്നുണ്ട് ചുറ്റിലും… എങ്കിലും ജാഗ്രതയുമുണ്ട്.

ഞങ്ങളുടെ ഫ്ളാറ്റ് സമുച്ചയത്തില്‍ ഇപ്പോഴും സന്ദര്‍ശകരെ കയറ്റാന്‍ അനുമതിയില്ല. എന്നാല്‍, ലിഫ്റ്റില്‍ ഒരു വീട്ടിലെയാണെങ്കില്‍ മാത്രം രണ്ടുപേരില്‍ കൂടുതല്‍ കേറാമെന്നും അല്ലെങ്കില്‍ രണ്ടുപേര്‍ എന്നും അയവു വരുത്തിയിട്ടുണ്ട്. പുറത്തു നിന്നും കേറി വരുമ്പോള്‍ കൈകള്‍ അണുവിമുക്തമാക്കണമെന്നും അതിനായി സ്ഥാപിച്ചിട്ടുള്ള സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും ഇപ്പോഴും നിര്‍ബന്ധമുണ്ട്. ഇത്തരം നിര്‍ബന്ധങ്ങളൊക്കെ തങ്ങളുടെ സുരക്ഷയ്ക്കാണെന്ന തിരിച്ചറിവോടെ താമസക്കാര്‍ പാലിക്കുന്നുമുണ്ട്.

മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാസ്ക്ക് നിര്‍ബന്ധം എന്നതും തുടരുന്നു. ഓരോ ഷെല്‍ഫുകള്‍ക്കിടയിലും നടക്കാനുള്ള ദിശ അടയാളപ്പെടുത്തിയത് നോക്കി ഉപയോഗിച്ചിരുന്നവര്‍ ഇപ്പോഴിപ്പോഴായി ദിശ നോക്കാന്‍ അലംഭാവം കാണിക്കുന്നുണ്ട്. ചിലപ്പോഴൊക്ക ഞാനും ചുറ്റിവരാന്‍ മടി പിടിച്ച്, തെറ്റായ ദിശയിലൂടെ ഷെല്‍ഫുകളുടെ ഇടനാഴിയില്‍ കേറാറുണ്ട്. ദേഷ്യം വരണ്ട എബീ, അപ്പോള്‍ത്തന്നെ കുറ്റബോധം കൊണ്ട് തിരിച്ചിറങ്ങിപ്പോരും. പിന്നെ താഴെ വരച്ചിരിക്കുന്ന ദിശ നോക്കിനോക്കിത്തന്നെ പോകും. ലോക്ക് ഡൗണിന്‍റെ ആദ്യകാലത്തു പെട്ടെന്നു ക്ഷാമം നേരിട്ട പലതും ഇപ്പോള്‍ ആവശ്യത്തിനു കിട്ടുന്നുണ്ട്.

ഇപ്പോള്‍ കൊറോണയോടൊപ്പം ജാഗ്രതയോടെ ജീവിക്കാന്‍ എല്ലാവരും ശ്രമിക്കുന്നുണ്ട്. ഈയൊരവസ്ഥയില്‍ എപ്പോഴൊക്കെയോ…

‘അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി’

എബീ, നിന്‍റെ പരിഭവങ്ങള്‍ മാറിക്കാണുമെന്നു വിശ്വസിക്കുന്നു. സമയംപോലെ എഴുതുമല്ലോ…
നിറഞ്ഞ സ്നേഹത്തോടെ,
കുഞ്ഞൂസ്

 

കുഞ്ഞൂസ്

എറണാകുളം മരട് സ്വദേശിനി, ടൊറന്റോയിൽ സ്ഥിരതാമസം.
‘നീർമിഴിപ്പൂക്കൾ’ ചെറുകഥാസമാഹാരം, ‘രുചിക്കൂട്ട്’ പാചക പുസ്തകം, കവിതകളുടെയും കഥകളുടെയും ഓർമ്മക്കുറിപ്പുകളുടെയും ആന്തോളജികൾ.

COMMENTS

COMMENT WITH EMAIL: 0